ന്യു ഹൊറായ്സണ്‍ പ്ലൂട്ടൊക്കരികെ
by സംഗീത ചേനംപുല്ലി താന്‍കൂടി ഭാഗമായ ബൃഹദ്പ്രപഞ്ചത്തെ നിര്‍വചിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെ ചരിത്രത്തിലേക്ക് പുതിയൊരു ഏടുകൂടി എഴുതിച്ചേര്‍ത്ത ദിവസമാണ് 2015 ജൂലൈ 14. ഏറെക്കാലം ഒമ്പതാം ഗ്രഹപദവിയിലിരിക്കുകയും 2006ല്‍ കുള്ളന്‍ഗ്രഹമായി പുനര്‍നിര്‍വചിക്കുകയും ചെയ്ത പ്ലൂട്ടോയുടെ സമീപത്തുകൂടി ന്യു ഹൊറൈസണ്‍ കടന്നുപോയപ്പോള്‍ സൗരയൂഥ പര്യവേക്ഷണത്തില്‍ ഒരു നാഴികക്കല്ലുകൂടി. 14ന് ഇന്ത്യന്‍സമയം വൈകിട്ട് 5.19ന് ന്യു ഹൊറൈസണ്‍ പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തിയപ്പോള്‍ ഒമ്പതുവര്‍ഷം മുമ്പ്് ആരംഭിച്ച ഈ യാത്രയും റെക്കോഡുകളിലേക്ക്.ഏറ്റവും വേഗമേറിയ ബഹിരാകാശ യാത്ര,
കൈപ്പര്‍ ബെല്‍ട്ടിലേക്കുള്ള ആദ്യയാത്ര,ആദ്യ ഇരട്ടഗ്രഹ പര്യവേക്ഷണദൗത്യം തുടങ്ങിയവ ഇതില്‍ ചിലതുമാത്രം.
ഒമ്പതുവര്‍ഷം മുമ്പ് നിശ്ചയിച്ച പാതയില്‍ കാര്യമായ മാറ്റംവരുത്താതെ ചലിക്കുന്ന വസ്തുവിനെ ലക്ഷ്യമാക്കി നടത്തുന്ന യാത്ര എന്നതും ന്യു ഹൊറൈസണ്‍ ദൗത്യത്തിന്റെ മാറ്റുകൂട്ടുന്നു. 2006 ജനുവരി 19ന് ഒമ്പതാം ഗ്രഹത്തെ ലക്ഷ്യമാക്കി ആരംഭിച്ച ദൗത്യം ലക്ഷ്യത്തിലേക്ക് എത്തിയപ്പോള്‍ പ്ലൂട്ടോ കുള്ളന്‍ഗ്രഹമായി മാറിയിരിക്കുന്നു എന്നതും ഈ യാത്രയുടെ മാത്രം കൗതുകം.പ്ലൂട്ടോ എന്ന അജ്ഞാതന്‍
1930ല്‍ ക്ലൈഡ് ടോംബോ ആണ് പ്ലൂട്ടോയെ കണ്ടെത്തുന്നത്.പക്ഷേ അതിനും ഏറെ മുമ്പ്, 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ത്തന്നെ പ്ലൂട്ടോയുടെ സാന്നിധ്യം പ്രവചിക്കപ്പെട്ടിരുന്നു.
യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ കാണപ്പെട്ട അസാധാരണ ഗതിഭ്രംശങ്ങളാണ് ഒമ്പതാം ഗ്രഹത്തിന്റെ സാധ്യത പ്രവചിക്കാന്‍ കാരണമായത്.തുടര്‍ന്ന് പെഴ്സിവല്‍ ലോവല്‍ എന്ന ധനികനായ ജ്യോതിശാസ്ത്രജ്ഞന്‍ 1909ല്‍ പ്ലാനെറ്റ് എക്സ് എന്നു പേരിട്ട് പ്ലൂട്ടോയെ കണ്ടെത്താനുള്ള പദ്ധതി ആരംഭിച്ചു. അദ്ദേഹം സ്ഥാപിച്ച ലോവല്‍ ഒബ്സര്‍വേറ്ററിയിലെ പഠനങ്ങളാണ് 1930-ല്‍ ടോംബോയിലൂടെ വിജയംകണ്ടത്.
വെനീഷ്യ ബര്‍ണി എന്ന പതിനൊന്നുകാരിയാണ് പാതാളദേവനായി വിശേഷിപ്പിക്കപ്പെട്ട പ്ലൂട്ടോയുടെ പേരു നിര്‍ദേശിച്ചത്. മനുഷ്യനെ സംബന്ധിച്ച് ഇന്നും അജ്ഞാതമായ കൈപ്പര്‍ ബെല്‍റ്റ് എന്ന ഇരുണ്ടമേഖലയില്‍ സ്ഥിതിചെയ്യുന്ന ഗോളത്തിന് തികച്ചും അനുയോജ്യമായ പേരുതന്നെ.സൂര്യനില്‍നിന്ന് 30നും 50നും ഇടയ്ക്ക് സൗരദൂരം (അസ്ട്രോണമിക്കല്‍ യൂണിറ്റ് ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരം) അഥവാ 4.474 ബില്യണ്‍ കിലോമീറ്റര്‍ അകലത്തിലാണ് പ്ലൂട്ടോയുടെ സ്ഥാനം. ഭൂമിയില്‍നിന്ന് ഏറെ അകലെയായതിനാലും വലുപ്പം തീരെ കുറവായതുകൊണ്ടും പ്രകാശതീവ്രത കുറഞ്ഞതുകൊണ്ടും ഭൂമിയില്‍നിന്ന് പ്ലൂട്ടോയെ വിശദമായി നിരീക്ഷിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ വലുപ്പം, ഭാരം, ഘടന എന്നിവയെക്കുറിച്ചൊക്കെ അവ്യക്തമായ ധാരണകളേ ഇന്നുള്ളൂ.
ഭൂമിയുടെ 450-ല്‍ ഒരംശം ഭാരമേ പ്ലൂട്ടോയ്ക്കുള്ളൂ. അതിനാല്‍ ഗുരുത്വാകര്‍ഷണം തീരെ കുറവാണ്. പലായനപ്രവേഗം സെക്കന്‍ഡില്‍ 1.2 കിലോമീറ്റര്‍ മാത്രമാണ് (11.2 കിലോമീറ്റര്‍/സെക്കന്‍ഡ് ആണ് ഭൂമിയുടെ പലായന പ്രവേഗം). വ്യാപ്തമാകട്ടെ ചന്ദ്രന്റെ പകുതിയോളവും.യഥാര്‍ഥവ്യാപ്തം നിരീക്ഷണങ്ങളുടെ പരിമിതികള്‍മൂലം ഇന്നും അജ്ഞാതമാണ്. സൂര്യനില്‍നിന്ന് അകലെയായതിനാല്‍ പ്ലൂട്ടോ തണുത്തുറഞ്ഞ ഗ്രഹമാണ്. ശരാശരി ഉപരിതലോഷ്മാവ് -200 ഡിഗ്രിക്കും താഴെയാണ്. ഉപരിതലത്തിന്റെ 98 ശതമാനവും തണുത്തുറഞ്ഞ് ഖരാവസ്ഥയിലുള്ള നൈട്രജനാണ്. മീഥേന്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയവയും കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളും ഇതേ വാതകങ്ങളും അവയുടെ ഖരരൂപങ്ങളും തന്നെ.
248 ഭൗമവര്‍ഷമാണ് പ്ലൂട്ടോയുടെ പരിക്രമണകാലം. സാധാരണ ഗ്രഹങ്ങളില്‍നിന്നു വ്യത്യസ്തമായി 17 ഡിഗ്രി ചരിഞ്ഞതും അതിദീര്‍ഘ വൃത്താകൃതിയിലുള്ളതുമാണ് പ്ലൂട്ടോയുടെ പരിക്രമണപഥം. 248 വര്‍ഷത്തിനിടെ 20 വര്‍ഷം നെപ്ട്യൂണിനെക്കാള്‍ സൂര്യനോടടുത്താകും പ്ലൂട്ടോയുടെ സ്ഥാനം. 1979 ഫെബ്രുവരി ഏഴുമുതല്‍ 1999 ഫെബ്രുവരി 11 വരെ ഇത്തരത്തില്‍ പ്ലൂട്ടോ സൂര്യനോട് കൂടുതല്‍ അടുത്തായിരുന്നു. 6.39 ഭൗമദിവസങ്ങള്‍കൊണ്ട് പ്ലൂട്ടോ ഒരുവട്ടം സ്വയം ഭ്രമണം പൂര്‍ത്തിയാക്കും. ന്യു ഹൊറൈസണ്‍ ദൗത്യം ആരംഭിക്കുമ്പോള്‍ കെയ്റണ്‍, നിക്സ്, ഹൈഡ്ര എന്നീ ഉപഗോളങ്ങളാണ് പ്ലൂട്ടോയ്ക്ക് ഉണ്ടായിരുന്നത്. 2011, 2012 വര്‍ഷങ്ങളില്‍ യഥാക്രമം കെര്‍ബറോസും സ്റ്റൈക്സും കണ്ടെത്തപ്പെട്ടതോടെ ഉപഗോളങ്ങളുടെ എണ്ണം അഞ്ചായി. പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗോളമായ കെയ്റണിന് അതിന്റെ പകുതിയിലേറെ വലുപ്പമുണ്ട്. പരസ്പരം ഭ്രമണംചെയ്യുന്ന ഗ്രഹജോഡിയാണ് യഥാര്‍ഥത്തില്‍ ഇവ.സൗരയൂഥത്തിലെ ഇത്തരത്തിലുള്ള ഏക ഗ്രഹജോഡിയും ഇവതന്നെ. രണ്ടു ഗോളങ്ങളും പരസ്പരം ഗുരുത്വാകര്‍ഷബലം ചെലുത്തുന്നു. 6.39 ദിവസംകൊണ്ട് ഇവ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു. ഭൂമിയില്‍നിന്ന് ചന്ദ്രന്റെ ഒരുവശം മാത്രം ദൃശ്യമാകുന്നപോലെ കെയ്റണിന്റെ ഒരുവശം മാത്രം പ്ലൂട്ടോയെ അഭിമുഖീകരിച്ചാണ് ഭ്രമണംചെയ്യുന്നത്. ഐസ്, അമോണിയ എന്നിവയാണ് ഇതിന്റെ ഉപരിതലത്തിലുള്ളതെന്ന് കരുതപ്പെടുന്നു.
എന്തുകൊണ്ട് പ്ലൂട്ടോ?കൈപ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന മറ്റു വസ്തുക്കളെ കണ്ടെത്തിത്തുടങ്ങിയതോടെ പ്ലൂട്ടോയുടെ ഒമ്പതാം ഗ്രഹപദവി ചോദ്യംചെയ്യപ്പെട്ടുതുടങ്ങി. 2005ല്‍ എറിസ് എന്ന പ്ലൂട്ടോയെക്കാള്‍ വലുപ്പമുണ്ടെന്നു കരുതുന്ന ഗോളംകൂടി കണ്ടെത്തിയതോടെ ഗ്രഹം എന്ന ആശയം കൃത്യമായി നിര്‍വചിക്കേണ്ടിവന്നു. അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്റെ നിര്‍വചനപ്രകാരം സൂര്യനെ വലംവയ്ക്കുന്നതും, സ്വന്തം ഗുരുത്വാകര്‍ഷണംകൊണ്ട് ഗോളാകൃതിയില്‍ നിലനില്‍ക്കാന്‍കഴിയുന്നതും, തന്റെ പരിക്രമണപഥത്തിലെ ഏറ്റവും വലിയ വസ്തുവാകുന്നതുമായ ഗോളങ്ങളാണ് ഗ്രഹങ്ങള്‍. ആദ്യത്തെ രണ്ട് നിബന്ധനകളും അനുസരിക്കുന്ന പ്ലൂട്ടോയെപ്പോലുള്ള വസ്തുക്കള്‍ക്ക് കുള്ളന്‍ഗ്രഹങ്ങള്‍ എന്നും പേരു നല്‍കപ്പെട്ടു.
സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കുള്ളന്‍ഗ്രഹങ്ങളുംവാല്‍നക്ഷത്രങ്ങളും എല്ലാമടങ്ങിയ സൗരയൂഥത്തെ പൊതുവില്‍ മൂന്നുമേഖലകളായി തിരിക്കാം.
ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ ഉള്‍പ്പെടുന്ന ഭൗമസമാന ഗ്രഹങ്ങള്‍ ആണ് ആദ്യമേഖലയിലുള്ളത്. താരതമ്യേന സാന്ദ്രതകൂടിയ ഇവയ്ക്ക് ഉപഗ്രഹങ്ങള്‍ കുറവാണ്.വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ വാതകഭീമന്മാര്‍ ആണ് രണ്ടാമത്തെ മേഖലയിലുള്ളത്. ഹൈഡ്രജന്‍, ഹീലിയം വാതകങ്ങള്‍കൊണ്ടാണ് ഈ ഗ്രഹങ്ങള്‍നിര്‍മിക്കപ്പെട്ടിരിക്കുന്നത്. വലുപ്പമേറിയ വളരെയധികം ഉപഗ്രഹങ്ങള്‍, വലയങ്ങള്‍ എന്നിവ ഈ ഗ്രഹങ്ങളുടെ പ്രത്യേകതയാണ്. ഈ രണ്ട് മേഖലകളെയും വേര്‍തിരിച്ച് ആസ്റ്ററോയ്ഡ് ബെല്‍റ്റ് സ്ഥിതിചെയ്യുന്നു.
നെപ്ട്യൂണിന് അപ്പുറമുള്ള സൗരയൂഥഭാഗം ട്രാന്‍സ്നെപ്ട്യൂണിയന്‍ മേഖല എന്നറിയപ്പെടുന്നു. പ്ലൂട്ടോ ഉള്‍പ്പെടുന്ന കൈപ്പര്‍ ബെല്‍റ്റ് ഇതിന്റെ ഭാഗമാണ്. മീഥേന്‍, അമോണിയ, ജലം എന്നിവയുടെ ഐസ്കൊണ്ടാണ് ഈ മേഖലയിലെ വസ്തുക്കളായ ഹിമക്കുള്ളന്മാര്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. സൗരയൂഥം രൂപപ്പെടാന്‍ ഉപയോഗിച്ച അസംസ്കൃതവസ്തുക്കളും അവശിഷ്ടങ്ങളുമാണ് തണുത്തുറഞ്ഞ ഈ മേഖലയിലുള്ളതെന്ന് കരുതപ്പെടുന്നു. ഒട്ടേറെ വാല്‍നക്ഷത്രങ്ങളുടെ പ്രഭവസ്ഥാനവും ഇതുതന്നെ. ഈമേഖലയിലെ പര്യവേക്ഷണത്തിന് സൗരയൂഥ രൂപീകരണത്തിന്റെ രഹസ്യങ്ങളിലേക്ക് വെളിച്ചംവീശാന്‍ കഴിയുമെന്ന് അതുകൊണ്ടുതന്നെ പ്രതീക്ഷിക്കുന്നു. കൂടാതെ പ്രപഞ്ച ഉല്‍പ്പത്തിസമയത്തെ വസ്തുക്കളെക്കുറിച്ചും അവ എങ്ങനെ ഇന്നത്തെ അവസ്ഥയിലേക്കു മാറി എന്നതിനെക്കുറിച്ചും ഈ മേഖലയിലെ തന്മാത്രകളെ നിരീക്ഷിക്കുകവഴി കണ്ടെത്താനാകുമെന്നും പ്രതീക്ഷിക്കുന്നു.ട്രാന്‍സ്നെപ്ട്യൂണിയന്‍ വസ്തുക്കളില്‍ ഏറ്റവും വലുതായതുകൊണ്ട് പഠനം പ്ലൂട്ടോയില്‍നിന്ന് ആരംഭിക്കുന്നത് സ്വാഭാവികം മാത്രം. ഉല്‍ക്കകളെയും വാല്‍നക്ഷത്രങ്ങളെയുംകുറിച്ച് കൂടുതല്‍അറിവുകള്‍ നേടാനും ഈ ദൗത്യം സഹായകമായേക്കാം. സൗരയൂഥത്തില്‍ കണ്ടെത്തിയ ആദ്യ ഗ്രഹജോഡിയെക്കുറിച്ചുള്ള പഠനം ഇത്തരം കൂടുതല്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുംകുറിച്ചുള്ള തുടരന്വേഷണങ്ങള്‍ക്ക് സഹായകമാകും.
ഇരുണ്ട ചക്രവാള രഹസ്യംതേടി2006 ജനുവരി 19ന് ഫ്ളോറിഡയിലെ കേപ്പ് കെനവറലില്‍നിന്ന് ന്യു ഹൊറൈസണ്‍സ് വിക്ഷേപിച്ചു. നാസയ്ക്കു പുറമെ സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈഡ് ഫിസിക്സ് വിഭാഗം എന്നിവയും ദൗത്യത്തില്‍ പങ്കാളികളാകുന്നു. പ്ലൂട്ടോയുടെയും കെയ്റണിന്റെയും ഉപരിതല സവിശേഷതകള്‍ മനസ്സിലാക്കുക, അവയുടെ ഘടനയെക്കുറിച്ച് പഠിക്കുക, പ്ലൂട്ടോയുടെ അന്തരീക്ഷത്തെക്കുറിച്ചും അതിന്റെ ശോഷണനിരക്കിനെക്കുറിച്ചും പഠിക്കുക, കെയ്റണിന് അന്തരീക്ഷം ഉണ്ടോ എന്ന് പരിശോധിക്കുക, ഇരട്ടഗ്രഹങ്ങളുടെ ഉപരിതല ഊഷ്മാവ് അളക്കുക, വലയങ്ങളോ മറ്റ് ഉപഗോളങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയവയൊക്കെ ന്യു ഹൊറൈസണിന്റെ മുഖ്യലക്ഷ്യങ്ങളാണ്. കൂടാതെ കേയ്പ്പര്‍ ബെല്‍റ്റിലെ ഒന്നോ അതിലധികമോ ഹിമക്കുള്ളന്മാരെ നിരീക്ഷിക്കാനും ഈ മടക്കമില്ലാ ദൗത്യം ലക്ഷ്യമിടുന്നു.
റേഡിയോ ആക്ടീവ് ഇന്ധനത്തിന്റെ ശോഷണംമൂലം ഉണ്ടാകുന്ന താപമാണ് ഊര്‍ജം നല്‍കുന്നത്. ഗതിമാറ്റങ്ങള്‍ക്കായി ഹൈഡ്രസീന്‍ അധിഷ്ഠിത പ്രോപ്പല്ലന്റ് ഉപയോഗിച്ചിരിക്കുന്നു. ദൗത്യത്തില്‍ ഏറെഭാഗവും ഇന്ധനം ലാഭിക്കാനായി പേടകത്തിലെ ഉപകരണങ്ങള്‍ നിദ്രയിലായിരുന്നു. ഇന്നുവരെയുള്ളതില്‍ ഏറ്റവും കൂടിയ വിക്ഷേപണ വേഗമുള്ള ബഹിരാകാശദൗത്യമാണ് ന്യു ഹൊറൈസണ്‍സ്. മണിക്കൂറില്‍ 60,000 കിലോമീറ്ററിനടുത്താണ് വേഗം. യാത്രയ്ക്കിടെ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം പ്രയോജനപ്പെടുത്തി മണിക്കൂറില്‍ 9000 മൈല്‍ വേഗം കൂട്ടുകയും ചെയ്തു. 2007 ഫെബ്രുവരി 28നാണ് വ്യാഴത്തിനടുത്തുകൂടി കടന്നുപോയത്. വ്യാഴത്തെക്കുറിച്ച് ഒട്ടേറെ പുതിയ വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞു. വ്യാഴത്തിന്റെ ധ്രുവത്തില്‍ രൂപപ്പെട്ട ഇടിമിന്നല്‍, അമോണിയ മേഘങ്ങളുടെ രൂപീകരണം എന്നിവ ഇതില്‍ ചിലതാണ്. ചൊവ്വ, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയുടെ ഭ്രമണപഥങ്ങളിലൂടെയും ന്യു ഹൊറൈസണ്‍സും കടന്നുപോയിരുന്നു. 14ന് വൈകിട്ട് 5.19ന് ന്യു ഹൊറൈസണ്‍ പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തും. 12,500 കിലോമീറ്ററാകും ഈ സമയത്ത് പ്ലൂട്ടോയില്‍നിന്നുള്ള അകലം. കെയ്റണില്‍നിന്നുള്ള അകലമാകട്ടെ 28,800 കിലോമീറ്ററും. എങ്കിലും പ്ലൂട്ടോയില്‍നിന്നു ശേഖരിച്ച വിവരങ്ങളുമായി റേഡിയോതരംഗങ്ങള്‍ ഭൂമിയിലെത്താന്‍ നാലര മണിക്കൂര്‍കൂടി കാത്തിരിക്കേണ്ടിവരും. ജൂലൈ 14നുശേഷവും മാസങ്ങളോളം ഇതു തുടരും. ലഭിച്ച വസ്തുതകള്‍ വിശകലനം ചെയ്തശേഷം ദൗത്യത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് ഒന്നോ രണ്ടോ ഹിമക്കുള്ളന്മാര്‍ ഏതൊക്കെയെന്നു തീരുമാനിക്കും.
അതിനുശേഷം സൗരയൂഥത്തിനു പുറത്തുള്ള നക്ഷത്രാന്തര മാധ്യമത്തില്‍ മാരിനര്‍, വോയേജര്‍ ദൗത്യങ്ങളെപ്പോലെ ന്യു ഹൊറൈസണ്‍സും വിലയംപ്രാപിക്കും.വിവരങ്ങള്‍ ശേഖരിക്കാനായി ഏഴ് ശാസ്ത്രീയോപകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം സ്പെക്ട്രോമീറ്ററുകളും രണ്ടെണ്ണം പ്ലാസ്മ അധിഷ്ഠിത ഉപകരണങ്ങളും ഒരെണ്ണം റേഡിയോ മീറ്ററും അവസാനത്തേത് വിദ്യാര്‍ഥികളാല്‍ നിര്‍മിക്കപ്പെട്ട SDC എന്ന ഡസ്റ്റ് കൗണ്ടറുമാണ്.
റാല്‍ഫ് (ralph),ആലിസ് (alice),
ലോറി അഥവാ ലോങ് റേഞ്ച് റെക്കനൈസന്‍സ് ഇമേജര്‍ (Long Range Reconnaissance Imager- LORRI),സ്വാപ്പ് (Solar Wind Around Pluto - SWAP),
പെപ്സി (Pluto Energetic Particle Spetcromtere Investigation - PEPSSI),സ്റ്റ്യുഡന്റ് ഡസ്റ്റ്കൗണ്ടര്‍ (Student Dust Counter- SDC), എന്നിവയാണ് ഏഴ് ഉപകരണങ്ങള്‍.
ന്യൂ ഹൊറൈസണ്‍സ് പഠിക്കുന്നത് എന്തൊക്കെ?പേടകത്തിന്റെ പ്രധാന കണ്ണാണ് റാല്‍ഫാ. ഉയര്‍ന്ന റസല്യൂഷനില്‍ ചിത്രങ്ങളെടു ക്കാന്‍ കഴിയുന്ന ബ്ലാക്ക് ആന്‍ഡ്് വൈറ്റ്, കളര്‍ ഇമേജറുകള്‍ ചേര്‍ന്ന മള്‍ട്ടി സ്പെക്ട്രല്‍ വിസിബിള്‍ ഇമേജിങ് (MVIC) ക്യാമറയാണ് റാല്‍ഫിന്റെ പ്രധാന ഭാഗം. കൂടാതെ ലൈസ എന്ന ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്ററും ഉള്‍പ്പെടുത്തിയിരി ക്കുന്നു. ഉയര്‍ന്ന സംവേദന ശേഷിയുള്ള ടെലസ്കോപ്പ് ആണ് കാഴ്ചകള്‍ പിടിച്ചെടു ത്ത് റാല്‍ഫിലെ എട്ട് ഉപകരണ ങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് മനുഷ്യ നേത്രങ്ങളെക്കാള്‍ 10 മടങ്ങ് കൃത്യമായി വസ്തുക്ക ളെ വേര്‍തിരിച്ചു കാണാന്‍ സഹായിക്കുന്നു. ഈ ഉപകരണങ്ങള്‍ക്കെല്ലാംകൂടി പ്രവര്‍ത്തിക്കാന്‍ വളരെ കുറഞ്ഞ ഊര്‍ജമേ ആവശ്യമുള്ളൂ, ഒരു ബള്‍ബ് കത്താന്‍ വേണ്ടതിന്റെ പകുതിയോളം മാത്രം. പ്ലൂട്ടോയുടെ ഉപരിതലഘടന കൃത്യമായി മനസ്സിലാക്കാന്‍ റാല്‍ഫ് എടുക്കുന്ന സ്റ്റീരിയോചിത്രങ്ങള്‍ സഹായിക്കും.
അള്‍ട്രവയലറ്റ് കണ്ണുമായി ആലീസ്
കൂടിയ സംവേദനക്ഷമതയുള്ള ഒരു അള്‍ട്രാ വയലറ്റ് ഇമേജിങ് സ്പെക്ട്രോ ഫോട്ടോ മീറ്ററാണ് ആലീസ്. വൈദ്യുതകാന്തിക തരംഗങ്ങളെ വിവിധ ഘടകങ്ങളായി വേര്‍തിരിക്കുകയാണ് സ്പെക്ട്രോമീറ്ററുകള്‍ സാധാരണ ചെയ്യുക. എന്നാല്‍ ഇമേജിങ് സ്പെക്ട്രോഫോട്ടോമീറ്റര്‍ ആയതിനാല്‍ നിരീക്ഷിക്കുന്ന വസ്തുവിന്റെ ചിത്രം ഓരോ തരംഗദൈര്‍ഘ്യത്തിലും രേഖപ്പെടുത്താനും ആലീസിനു കഴിയും. പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ വിവിധ ഘടകങ്ങള്‍ ഏതൊക്കെയെന്നും അവ ഓരോന്നിന്റെയും ആപേക്ഷിക അനുപാതവും കണ്ടെത്താന്‍ ആലീസ് സഹായിക്കും. ഇങ്ങനെ അന്തരീക്ഷത്തിന്റെ ഘടന കൃത്യമായി മനസ്സിലാക്കാന്‍കഴിയും. പ്ലൂട്ടോയുടെ അന്തരീക്ഷത്തില്‍ അയണോസ്ഫിയറിന്റെ സാന്നിധ്യം ഉണ്ടോ എന്നും കെയ്റണിന് അന്തരീക്ഷം ഉണ്ടോ എന്നും പരിശോധിക്കുക ഇതിന്റെ ദൗത്യമാണ്.
ലോറി എന്ന ഇമേജര്‍ പ്ലൂട്ടോയുടെ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ ഉയര്‍ന്ന മാഗ്നിഫിക്കേഷനില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. അതിന്റെ സൂക്ഷ്മവിശകലന ശേഷിയാണ് ലോറിയെ പേടകത്തിന്റെ പരുന്തിന്‍കണ്ണാക്കുന്നത്. ഇപ്പോള്‍തന്നെ പ്ലൂട്ടോയുടെ വളരെയേറെ ചിത്രങ്ങള്‍ ലോറി അയച്ചുകഴിഞ്ഞു. ഹബിള്‍ ടെലസ്കോപ്പ് എടുത്തതിനെക്കാള്‍ കൂടുതല്‍ കൃത്യവും വ്യക്തവുമായ ചിത്രങ്ങള്‍ ലോറിയില്‍നിന്ന് പ്രതീക്ഷിക്കുന്നു. പ്ലൂട്ടോയിലെ ഗര്‍ത്തരങ്ങളുടെ സാന്നിധ്യം, അവയുടെ ആഴവും വലുപ്പവും, നീര്‍ച്ചാലുകളുടെ സാന്നിധ്യം എന്നിവയൊക്കെ പഠിക്കും.
സൗരവാതങ്ങളെത്തേടി സ്വാപ്പ്
സൂര്യനില്‍നിന്നുള്ള അയോണുകളുടെ ധാരയാണ് സൗരവാതങ്ങള്‍. സൗരവാതങ്ങളും പ്ലൂട്ടോയുടെ അന്തരീക്ഷവുമായുള്ള പ്രതിപ്രവര്‍ത്തനം പഠിക്കുകയാണ് സ്വാപ്പിന്റെ മുഖ്യലക്ഷ്യം.അന്തരീക്ഷരഹസ്യങ്ങളറിയാന്‍ പെപ്സി
സ്വാപ്പുമായി സഹകരിച്ച് അന്തരീക്ഷരഹസ്യങ്ങള്‍ തേടുന്ന കണികാ സ്പെക്ട്രോമീറ്ററാണ് പെപ്സി. സൗരവാതവും അന്തരീക്ഷകണങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനംതന്നെയാണ് പെപ്സിയുടെയും പഠനവിഷയം. നൂതന സാങ്കേതികവിദ്യയുമായി റെക്സ്
100 ഗ്രാം മാത്രം ഭാരമുള്ള റെക്സ് ഒരു റേഡിയോമീറ്ററാണ്. പ്ലൂട്ടോയെ മറികടന്നുകഴിയുമ്പോള്‍ ന്യു ഹൊറൈസണിന്റെ ഡിഷ് ആന്റിന പിറകിലേക്ക് ഭൂമിക്കഭിമുഖമായി തിരിയും. നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വര്‍ക്ക് ആന്റിനകള്‍ അയക്കുന്ന സിഗ്നലുകളെ റെക്സ് സ്വീകരിക്കും. പ്ലൂട്ടോയുടെ അന്തരീക്ഷ തന്മാത്രകളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവയുടെ ഭാരത്തിനും താപനിലയ്ക്കും അനുസരിച്ച് റേഡിയോതരംഗങ്ങളുടെ പാതയില്‍ വ്യത്യാസംവരും. ഈ വ്യതിയാനത്തില്‍നിന്ന് അന്തരീക്ഷഘടകങ്ങളെക്കുറിച്ച് പഠിക്കാനാവും. കെയ്റണിന് അന്തരീക്ഷമുണ്ടോ എന്നും ഇത്തരത്തില്‍ കണ്ടെത്താം.
വിദ്യാര്‍ഥികളാല്‍ നിര്‍മിക്കപ്പെട്ട ആദ്യ ബഹിരാകാശ ഉപകരണം എന്നത് സ്റ്റുഡന്റ് ഡസ്റ്റ് കൗണ്ടറിനെ വ്യത്യസ്തമാക്കുന്നു. കൊളറാഡോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഈ ഉപകരണത്തിന് പ്ലൂട്ടോയ്ക്ക് പേരു നല്‍കിയ പതിനൊന്നുകാരിയുടെ ഓര്‍മയ്ക്ക് വെനീഷ്യ ബേണി സ്റ്റുഡന്റ്് ഡസ്റ്റ് കൗണ്ടര്‍ എന്നു പേരു നല്‍കിയിരിക്കുന്നു. ആകാശഗോളങ്ങളുടെ കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന പൊടിപടലങ്ങളെക്കുറിച്ച് വിശദമായി പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സ്വീകരണിയില്‍ വന്നിടിക്കുന്ന കണികകളുടെ പിണ്ഡവും വേഗവും കണക്കാക്കി കെയ്പ്പര്‍ ബെല്‍റ്റ് മേഖലയിലെ ചലനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍കഴിയും. 18 സൗരദൂരത്തിനപ്പുറം യാത്രചെയ്യുന്ന ആദ്യ ഡസ്റ്റ് കൗണ്ടറാണ് SDC
(കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ രസതന്ത്രവിഭാഗം അസിസ്റ്റന്റ പ്രൊഫസറാണ് ലേഖിക)
www.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment