425 കോടി രൂപയുടെ ഭൂമിതട്ടിപ്പാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ കടകംപള്ളിയിലും കളമശേരിയിലുമായി നടന്നത്. ഭൂമിയുടെ ഉടമസ്ഥര്‍ അറിയാതെ തണ്ടപ്പേരില്‍ മാറ്റംവരുത്തി ഭൂമി കൈയടക്കാനായിരുന്നു നീക്കം.
ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗംചെയ്ത് വില്ലേജ് ഓഫീസര്‍ മുതല്‍ ഉന്നത റവന്യൂ ഓഫീസര്‍മാര്‍ വരെയുള്ളവരെ ഭീഷണിപ്പെടുത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയുംചെയ്തു. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഭൂമി നഷ്ടമായവര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് അന്വേഷണവും ഇഴഞ്ഞുനീങ്ങിയപ്പോഴാണ് CBI അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് CBI യുടെ FIR ല്‍ പറഞ്ഞിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് സലിംരാജിന്റെ അറസ്റ്റ്.
ഭൂമിയുടെ ഉടമകളെ പല തവണ നേരില്‍ക്കണ്ട് ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് സലിംരാജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിരുന്നപ്പോഴാണ് ഈ അധികാരദുര്‍വിനിയോഗം സലിംരാജ് നടത്തിയത്. സലിംരാജിന്റെ ഭാര്യ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.
തന്റെ ഭൂമിക്കുമേല്‍ വ്യാജരേഖകള്‍ ചമച്ച് അവകാശവാദമുന്നയിച്ച സലിംരാജിന്റെ സഹോദരിയുടെ ഭര്‍ത്താവ് അബ്ദുള്‍ മജീദിനെതിരെ ഇടപ്പള്ളി സ്വദേശി എ കെ നാസര്‍ പരാതി നല്‍കിയിരുന്നു. ഭൂമിയില്‍ അവകാശമില്ലെന്ന് ലാന്‍ഡ് റവന്യൂ കമീഷണറില്‍ നിന്ന് 2012 സെപ്തംബറില്‍ നോട്ടീസ് കിട്ടിയപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം നാസറിന് മനസ്സിലായത്.
സലിംരാജിന്റെ സ്വാധീനംമൂലം റവന്യൂ ഉദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ചാണ് ഭൂമിയുടെ അവകാശം തട്ടിയെടുത്തതെന്ന് നാസര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. കടകംപള്ളിയില്‍ 18 സര്‍വേ നമ്പരുകളിലായി 400 കോടി രൂപ വിലമതിക്കുന്ന 46.5 ഏക്കര്‍ ഭൂമി വ്യാജ തണ്ടപ്പേര്‍ ചമച്ച് തട്ടിയെടുത്തുവെന്നാണ് കേസ്.
വ്യാജ രേഖകളുണ്ടാക്കിയെന്നും ഇരട്ട പട്ടയമുണ്ടാക്കിയെന്നും റവന്യൂ ഇന്റലിജന്‍സ് ഇതുസംബന്ധിച്ച് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അത് മുക്കി.
CBI അന്വേഷണം ഏറ്റെടുത്തപ്പോള്‍ സഹായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ നല്‍കാതെ അന്വേഷണത്തെ തളര്‍ത്താന്‍ നോക്കി. കേസില്‍ നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ കഴിയുമായിരുന്ന ഡെപ്യൂട്ടി കലക്ടര്‍ എം പ്രസന്നകുമാറിന്റെ ദുരൂഹമരണം അന്വേഷണത്തെ ദുര്‍ബലമാക്കാന്‍ തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭൂമിതട്ടിപ്പ് കേസുകള്‍ മുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ CBI യുടെ മുന്നില്‍ പൊളിഞ്ഞു.
No comments:
Post a Comment