ആഗോളതലത്തില്‍ ഒറ്റ ഗവണ്‍മെന്‍റ്. അതിരുകള്‍ അപ്രസക്തമായ ലോകം. അത്തരമൊരു സങ്കല്‍പം നടപ്പാക്കുന്നതിന് ഏറെ പ്രചാരണം നടത്തിയ വിഖ്യാത ചിന്തകനാണ് ബര്‍ട്രന്‍ഡ് റസ്സല്‍. ഒരുകാലത്തും നടപ്പില്ലാത്ത മനോഹരമായ സ്വപ്നം നാളെയെങ്ങാന്‍ നേരായി പുലരാന്‍ ഒരു അവസരമുണ്ടെങ്കില്‍, അതിന്‍െറ തലപ്പത്തേക്കുവരാന്‍ കൊള്ളാവുന്നവരായി ലോകത്ത് അധികം നേതാക്കളൊന്നുമില്ല. 'നരേന്ദ്ര ദാമോദര്‍ദാസ് മോദി-ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ്' എന്നു പേരെഴുതിയ ബോര്‍ഡിനു പിന്നിലെ കസേരയില്‍ ആ പേരെഴുതിയ കോട്ടിട്ട് ഉപവിഷ്ടനായി ബറാക്, വ്ളാദിമിര്‍, ലി കെക്വിയാങ് എന്നിത്യാദി രാഷ്ട്രത്തലവന്മാര്‍ക്ക് താടിയുഴിഞ്ഞ് മോദി ക്ളാസെടുക്കുന്ന കാലം വരില്ളെന്ന് ആരുകണ്ടു!
ചായക്കടയില്‍ തുടങ്ങി, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി, ഇപ്പോള്‍ വിദേശരാജ്യങ്ങളിലെമ്പാടും വന്‍കിട നേതാക്കള്‍ക്കൊപ്പം മൊബൈലില്‍ സെല്‍ഫിയെടുത്തുകളിക്കുകയും ഊഞ്ഞാലാട്ടം, ചായകുടി തുടങ്ങിയവയുടെ അകമ്പടിയോടെ ഉല്ലാസവേള പങ്കിടുകയും ചെയ്യുമ്പോള്‍, അത്തരത്തിലൊരു മോഹം തോന്നിപ്പോയില്ളെങ്കിലാണ് ചിന്താവൈകല്യം. നയതന്ത്രരീതികള്‍തന്നെ പൊളിച്ചെഴുതി മോദി കസറുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരുകാര്യം വ്യക്തമാകും-ബറാക്കും ലീയുമൊക്കെ ആ പെരുമാറ്റരീതികണ്ട് അന്തംവിട്ട കൗതുകത്തോടെയാണ് നോക്കിനില്‍ക്കുന്നത്. പ്രധാനമന്ത്രിയായി ഒരുവര്‍ഷം തികയുന്നതിന്‍െറ ആഘോഷത്തിലേക്ക് കടക്കുമ്പോള്‍, ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റാകാന്‍ ഇന്ത്യ വിട്ടുകഴിഞ്ഞ നരേന്ദ്ര മോദിയെയാണ് വോട്ടര്‍മാര്‍ കാണുന്നത്.
ചൈനയില്‍ മോദി സെല്‍ഫിയെടുത്തുകളിക്കുന്ന പടത്തോടു ചേര്‍ന്നുകിടക്കുന്ന ഒരു പത്രവാര്‍ത്തയിലാണ് ശരാശരി ഇന്ത്യക്കാരന്‍െറ കണ്ണ് യഥാര്‍ഥത്തില്‍ ശനിയാഴ്ച ഉടക്കിനിന്നത്. രണ്ടാഴ്ചകൊണ്ട് പെട്രോളിന് എഴും ഡീസലിന് അഞ്ചും രൂപ കൂടി. ഇന്ത്യയെക്കാള്‍ 'ദാരിദ്ര്യം പിടിച്ച' പാകിസ്താനിലും ശ്രീലങ്കയിലും ഇതില്‍ കുറഞ്ഞ വിലക്ക് ഇന്ധനം കിട്ടും. വരാനിരിക്കുന്ന നല്ല ദിനങ്ങളെക്കുറിച്ച് ഒരു കൊല്ലംമുമ്പ് വിമാനത്തില്‍ പറന്നുനടന്ന് മോഹിപ്പിച്ചുകൊണ്ടിരുന്നയാള്‍ അതൊന്നും ശ്രദ്ധിക്കാതെ പിന്നെയും പറന്നുകളിക്കുകയാണ്. വിളനാശം നേരിടുന്ന കര്‍ഷകനും വിലക്കയറ്റം ഞെരുക്കുന്ന സാധാരണക്കാരനുമൊക്കെ നിരാശയോടെ മിഴിച്ചുനില്‍ക്കുമ്പോള്‍, അദാനിയെയും അംബാനിയെയുമൊക്കെ കയറ്റിയ പ്രധാനമന്ത്രിയുടെ വിമാനം പുതിയ സെല്‍ഫിയെടുക്കാന്‍ അടുത്ത രാജ്യത്തേക്ക് പറക്കുകയാണ്.
നിര്‍ദിഷ്ട ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ് രാജ്യത്തിനകത്തും പുറത്തും കാടിളക്കുന്നതല്ലാതെ, ഒന്നും സംഭവിക്കുന്നില്ല. ചൈനയില്‍നിന്ന് പറന്നുപൊങ്ങുന്നത് ഇന്ത്യക്കുവേണ്ടി എന്തെങ്കിലും കൊത്തിയെടുത്തുകൊണ്ടല്ല. പക്ഷേ, അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കിവെക്കുന്നുവെന്നുമാത്രം. വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള അടുപ്പത്തിന്‍െറ ആഴവുംപരപ്പും സ്വന്തം പാടവവും പെരുമാറ്റവുംകൊണ്ട് വര്‍ധിപ്പിക്കാന്‍ മോദിക്കു കഴിഞ്ഞതായി ഒരു വര്‍ഷത്തെ ചരിത്രം പറയുന്നില്ല. പരസ്പരബന്ധത്തിലെ അടിസ്ഥാനപ്രശ്നങ്ങളോ സങ്കീര്‍ണതയുടെ കുരുക്കോ അഴിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പൊങ്ങച്ചം പറച്ചിലും പൊങ്ങച്ച ഫോട്ടോകളും 'നിക്ഷേപ' ധാരണാപത്രങ്ങളുടെ ഞെളിവും മാത്രമാണ് നീക്കിബാക്കി. അതിനുവേണ്ടി പറക്കുന്നതുകൊണ്ടാണ് മോദിക്ക് ഇന്ത്യയിലേക്കൊരു വിസ കൊടുക്കണമെന്ന് പാര്‍ലമെന്‍റില്‍ ആഗ്രഹമുയര്‍ന്നത്.
63,000 കോടി ഇന്ത്യയിലേക്ക് ചൈനയില്‍നിന്ന് വരാന്‍പോകുന്നുവെന്ന പ്രതീതിയാണ് മോദി ചൈനയില്‍ വിട്ട് അടുത്തരാജ്യം പിടിക്കുമ്പോള്‍ മാധ്യമങ്ങള്‍വഴി പൊതുജനങ്ങള്‍ക്ക് കിട്ടുന്നത്. നിക്ഷേപവാഗ്ദാനമെല്ലാം യഥാര്‍ഥ നിക്ഷേപമല്ല. ചൈനക്ക് നേട്ടത്തിനല്ലാതെ, മോദിയെക്കണ്ട് ചൈനീസ് അധികൃതര്‍ കോടികള്‍ വാരിയെറിയാന്‍ തീരുമാനിച്ചിട്ടുമില്ല. ഇന്ത്യയോടു ചൈനക്കുള്ള ബന്ധത്തെ, ചൈനക്ക് മോദിയോടുള്ള സവിശേഷ സ്നേഹമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അതേസമയം, പരസ്പരം യുദ്ധംചെയ്തിട്ടുള്ള, അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്ന ചൈനയുമായി ഇന്ത്യക്കുള്ള ബന്ധം അങ്ങേയറ്റം സങ്കീര്‍ണമാണെന്ന യാഥാര്‍ഥ്യംതന്നെയാണ് നീക്കിബാക്കി. അക്കാര്യങ്ങളില്‍ പുരോഗതിയൊന്നുമില്ല. വിഷമകരമായ സൗഹൃദത്തിലെ ചില കുട്ടിക്കാല്‍വെപ്പുകളാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. മാസങ്ങള്‍ക്കുമുമ്പ് മോദിയും ലി കെക്വിയാങ്ങുമൊത്ത് അഹ്മദാബാദില്‍ ഊഞ്ഞാലാടിയതിനിടയിലാണ് അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നുകയറിയതെന്ന് കൂട്ടിച്ചേര്‍ക്കാം.
നാട്ടില്‍ തിരിച്ചത്തെുമ്പോള്‍ സെല്‍ഫിയിലെ പ്രതിച്ഛായയിലേക്ക് മോദിതന്നെയാണ് സൂക്ഷിച്ചുനോക്കേണ്ടത്. അത്രമേല്‍ വെറുത്ത ഭരണമായിരുന്നതുകൊണ്ട് മന്‍മോഹനോ മോദിയോ എന്നുചോദിച്ചാല്‍ ഇന്നും ഒരുപക്ഷേ, മോദിക്ക് അനുകൂലമായി വോട്ടുകിട്ടിയേക്കും. അതിനപ്പുറം, സര്‍ക്കാറിനെതിരായ വികാരം നുരഞ്ഞുപൊന്തുകയാണ്. ആം ആദ്മിയും മധ്യവര്‍ഗവും മാത്രമല്ല, വ്യവസായിയും യഥാര്‍ഥത്തില്‍ തൃപ്തരല്ല. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ വീര്യത്തില്‍, കേവലഭൂരിപക്ഷത്തിന്‍െറ അഹങ്കാരമുള്ള മോദിസര്‍ക്കാര്‍ ഇടറിനില്‍ക്കുന്നതാണ് കാഴ്ച. വ്യവസായികള്‍ക്ക് വേണ്ടത് സാധിച്ചുകൊടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ആധാര്‍ മുതല്‍ ബഹു ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലെ പ്രത്യക്ഷ വിദേശനിക്ഷേപം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ യു-ടേണ്‍ നടത്തിയതിനാല്‍, വഞ്ചിക്കപ്പെട്ട മനസ്സോടെ നില്‍ക്കുകയാണ് പൊതുജനങ്ങള്‍. ഇത്രവേഗം ഇത്തരമൊരു ഭരണവിരുദ്ധവികാരം മോദിസര്‍ക്കാറിനെതിരെ ഉയര്‍ന്നുവരുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍പോലും ചിന്തിച്ചിരിക്കില്ല.
തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുത്ത കൃത്രിമ പ്രതിച്ഛായ ഒരുവര്‍ഷംകൊണ്ട് തകര്‍ന്നുപോയതും ജനം നിരാശയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടതും മോദി-അമിത് ഷാ-ജെയ്റ്റ്ലി ത്രിമൂര്‍ത്തികള്‍ തിരിച്ചറിഞ്ഞിട്ടില്ളെന്നുവേണം കരുതാന്‍. എന്നാല്‍, ബി.ജെ.പിക്കുള്ളിലും ആര്‍.എസ്.എസിനുള്ളിലും മോദിസര്‍ക്കാറിന്‍െറ വീഴ്ചകളെക്കുറിച്ച ബോധ്യം വളര്‍ന്നു വരുന്നുണ്ടെന്നുമാത്രം. സഖ്യകക്ഷികളും അമര്‍ഷത്തിലാണ്. കര്‍ഷകവിരുദ്ധ-കോര്‍പറേറ്റ് മുഖം സമ്പാദിച്ചുകഴിഞ്ഞ മോദിസര്‍ക്കാറിനെ സംഘ്പരിവാര്‍ സംഘടനകളായ ബി.എം.എസും സ്വദേശി ജാഗരണ്‍ മഞ്ചുമൊക്കെ തുറന്നെതിര്‍ക്കുകയാണ്. പുറംവ്യവസായികളെ ആകര്‍ഷിക്കാനും കച്ചവടമുറപ്പിക്കാനും നടത്തുന്ന 'മേക് ഇന്‍ ഇന്ത്യ' തീവ്രശ്രമങ്ങള്‍ക്കിടയില്‍, ഈ വിദേശനിക്ഷേപംകൊണ്ട് രാജ്യത്തിനുണ്ടായ നേട്ടം വിശദീകരിക്കണമെന്നാണ് ബി.എം.എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇന്ത്യയിലത്തെിയ നിക്ഷേപം എത്രയെന്ന കണക്കില്ലാത്തതിനു പുറമെ, കൊണ്ടുവരുന്ന മൂലധനത്തിന്‍െറ എട്ടിരട്ടിലാഭം വിദേശ സ്ഥാപനങ്ങള്‍ കടത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും സംഘ്പരിവാര്‍ തൊഴിലാളിസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാംവട്ടവും ഇറക്കാന്‍പോകുന്ന ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്‍െറ കാര്യത്തില്‍ സംഘ്പരിവാര്‍ കര്‍ഷകസംഘടനയും ഉടക്കിനില്‍ക്കുന്നു.
മോദി യഥാര്‍ഥത്തില്‍ സെല്‍ഫിയെടുക്കുകയല്ല, സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് കൊടുത്ത പ്രതീക്ഷകളാണ് ഇന്ന് മോദിക്കു മുന്നില്‍ ഏറ്റവുംവലിയ വെല്ലുവിളി. കോര്‍പറേറ്റ് പ്രീണന-കര്‍ഷകവിരുദ്ധ ദുഷ്പേരുകള്‍ മാത്രമല്ല, സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടയില്‍ സമ്പാദിച്ചത്. ജനങ്ങള്‍ക്കിടയിലെ നിരാശ ഒരുവശത്ത്.
സംഘ്പരിവാര്‍ അസഹിഷ്ണുതമൂലമുള്ള വിഭാഗീയചിന്തകള്‍ ഏല്‍പിക്കുന്ന മാരക പരിക്ക് മറുവശത്ത്. ത്രിമൂര്‍ത്തി ഭരണത്തിനിടയില്‍, പോക്ക് പന്തിയല്ളെന്നുപോലും തുറന്നുപറയാന്‍ കഴിയാത്ത പാര്‍ട്ടി-ഭരണസാഹചര്യം പുറമെ. എന്‍.ജി.ഒകളുടെ കുതികാല്‍ ഞരമ്പ് മുറിക്കുന്നു. അക്കാദമിക ഞരമ്പുകളില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്നു. ഘര്‍ വാപസി ചിന്താഗതിക്കാര്‍ രാജ്ഭവനുകളടക്കം നിര്‍ണായക സ്ഥാനങ്ങളില്‍ കുടിയിരിക്കുന്നു. ഇതിനെല്ലാമിടയില്‍ തങ്ങളുടെ പ്രഭാവലയത്തിന് പുറത്തുള്ള ആരെയും ഉള്‍ക്കൊള്ളാന്‍ ഭരണകൂടം നിയന്ത്രിക്കുന്നവര്‍ ഇന്ന് തയാറല്ല. ജനബന്ധമില്ലാത്ത സംവിധാനത്തിന് ജനാധിപത്യത്തില്‍ ഇടം ചുരുങ്ങിക്കൊണ്ടേയിരിക്കുമെന്നതാണ് യാഥാര്‍ഥ്യം.
ഒന്നാം വാര്‍ഷികത്തിലേക്ക് മോദി കണ്ടെടുത്തിരിക്കുന്ന മുദ്രാവാക്യങ്ങള്‍ രണ്ടാണ്: വര്‍ഷ് ഏക്, കാം അനേക് എന്നത് ഒന്ന്. മോദിസര്‍ക്കാര്‍ കാം ലഗാതാര്‍ എന്നതാണ് രണ്ടാമത്തേത്. അതില്‍നിന്ന് സാധാരണക്കാര്‍ക്ക് കണ്ടെടുക്കാവുന്നത് മൂന്നാമതൊരു മുദ്രാവാക്യമാണ്. ലഗാതാര്‍ സെല്‍ഫി; കാം അനേക്-നിരന്തരം സെല്‍ഫി അടിക്കുന്നുണ്ടെങ്കിലും പണി ബാക്കിയായിത്തന്നെ കിടക്കുന്നുവെന്ന് മലയാളം.
No comments:
Post a Comment