"ഓയെന്‍വി' എന്നതില്‍ ഒരു വിളിയും വിളികേള്ക്കലുമുണ്ടെന്ന് ഒരിക്കല്‍ അഴീക്കോടുമാഷ് പറഞ്ഞു. "ഓ' എന്നത് ഒരു വിളിയായും "വി' എന്നത് ഒരു വിളികേള്ക്കലായുമാണ് അഴീക്കോട് മാഷിനു തോന്നിയത്. "ഓ' എന്നതു കേരളത്തിന്റെ വിളിയായും "വി' എന്നത് കവിയുടെ വിളികേള്ക്കലായും വേണമെങ്കില്‍ നമുക്ക് കരുതാം. അങ്ങനെ കരുതിയാല്‍ ഒ എന്‍ വി എന്നതിന്റെ നേരര്ത്ഥമായി.
കാലത്തിന്റെയും ദേശത്തിന്റെയും വിളിക്ക് പ്രതിസ്പന്ദമായി വന്ന വിളികേള്‍ക്കല്‍തന്നെയാണ് ഓയെന്‍വിക്കവിത. ഓര്‍ത്തുനോക്കൂ, ഒരു നിമിഷം. ഓയെന്‍വിക്കവിതയില്ലായിരുന്നെങ്കില്‍ എത്രയേറെ ദരിദ്രമാവുമായിരുന്നു നമ്മുടെ ഭാഷയും സംസ്കൃതിയും ഭാവുകത്വവും.
ശിലയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുകയാണ് ശില്‍പ്പം എന്നൊരു സങ്കല്‍പ്പമുണ്ട്. അതായത്, ശില്‍പ്പി ശില്‍പ്പത്തെ ഉണ്ടാക്കുകയല്ല, മറിച്ച് ശിലയിലെ അനാവശ്യഭാഗങ്ങളാകെ തട്ടിയുടച്ചു തട്ടിയുടച്ചു ചെന്ന് ഒളിഞ്ഞിരിക്കുന്ന ശില്‍പ്പത്തെ കണ്ടെത്തുകയാണത്രേ. നല്ല സങ്കല്‍പ്പമാണിത്. ഇതേപോലെ കവിയുടെ നാമധേയത്തിലും കവിതയുടെ സ്വഭാവം ഒളിഞ്ഞിരിക്കുമോ? ആ വഴിക്കു ചിന്തിക്കാന്‍ സുഖമുണ്ട്.
ഒ എന്‍ വി!- തന്ത്രീലയസമന്വിതമായ പദം! ഇത്രമേല്‍ ഭാവാത്മകമായ, സംഗീതാത്മകമായ, സൗന്ദര്യാത്മകമായ ഒരു പേര് മലയാളത്തില്‍ മറ്റൊരു കവിക്കുണ്ടെന്നു തോന്നുന്നില്ല; ഉണ്ടായിട്ടുണ്ടെന്നും തോന്നുന്നില്ല. പേരു കവിത്വത്തെ നിര്‍വചിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. പേരിലുള്ള അതേ ശ്രുതിസുഭഗതയും ഭാവാത്മകതയും ആ കവിതയിലും നിറഞ്ഞുതുളുമ്പി നില്‍ക്കുന്നില്ലേ? ഒഴുക്കുമാഴവുമുണ്ട്. ശ്രുതിയും ലയവുമുണ്ട്. ഭാവഗഹനതയും ധ്വനിസാന്ദ്രതയുമുണ്ട്. സുതാര്യതയും സ്വച്ഛന്ദതയു മുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഓയെന്‍വി എന്ന പദം, ആ ത്ര്യക്ഷരി ആ കവിതയ്ക്കുള്ള ഉചിത ശീര്‍ഷകമാവുന്നുണ്ട്; ആ കാവ്യലോകത്തേക്കുള്ള ഉള്‍ത്തെളിച്ചം തരുന്ന മനസ്സിന്റെ കണ്ണാടിയാവുന്നുമുണ്ട്.
"പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെമധുരിമയെങ്ങനെ വന്നൂ?'
എന്ന് ഓയെന്‍വിയോടു തന്നെ തിരിച്ചുചോദിക്കാന്‍ തോന്നും. നാദസൗഭഗത്തിന്റെ മധുരനിലാത്തെളി ഓളം തല്ലുകയല്ലേ ആ കവിതകളില്‍. ആ ഈണവൈവിധ്യം, ആ താളവൈവിധ്യം, ആ ചൊല്‍വഴക്ക വൈവിധ്യം! ഒ എന്‍ വിയുടെ കാവ്യപ്രപഞ്ചം മുന്‍നിര്‍ത്തി മലയാളഭാഷയെക്കുറിച്ച് അഭിമാനിക്കാന്‍ തോന്നുകില്ലേ ആര്‍ക്കും?"പരമ പ്രകാശത്തിന്നൊരു ബിന്ദുവാരോ നിന്‍നിറുകയിലിറ്റിക്കയാലോ' എന്നും തിരിച്ചുചോദിക്കാന്‍ തോന്നും. ജീവദായകമായ ഏതോ പരമപ്രകാശത്തിന്റെ സുസിതാംബരത്വംഭാവഗാംഭീര്യമായി തിരതല്ലി നില്‍ക്കുകയല്ലേ ആ കവിതകളില്‍! ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച, ദര്‍ശനപരമായ ഭാവോദാരത, അവ്യാഖ്യേയമായ അനുഭൂതിപരത എന്നിവയൊക്കെ പൊലിമയാര്‍ന്നു തിളങ്ങിനില്‍ക്കുകയല്ലേ ആ കാവ്യലോകത്തില്‍? അതു മുന്‍നിര്‍ത്തി വിശ്വകവിതയിലെ നമ്മുടെ ഇടം എന്ന് ആഹ്ലാദിക്കാന്‍ തോന്നുകില്ലേ ആര്‍ക്കും?" മുനകൂര്‍ത്ത ചിന്തകള്‍ തന്‍ വജ്ര സൂചിക-ളിരുള്‍ കീറിപ്പായുകയാലോ'
എന്നും ചോദിക്കാന്‍ തോന്നും. സ്ഥിതവ്യവസ്ഥയുടെ അധികാരഘടനയ്ക്കു നേര്‍ക്ക് പുത്തന്‍ സമഭാവന നീട്ടിയ നീതിപ്രമാണങ്ങളുടെ കനല്‍ച്ചീളുകളായി ആ കാവ്യചിന്തകള്‍ ചിതറിത്തെറിച്ച കാലം ഓര്‍മയില്ലേ? ആ കാലത്തിന്റെ പൊന്നരിവാളമ്പിളിച്ചേലോര്‍ത്ത് ഗൃഹാതുരത്വത്താല്‍ കോള്‍മയിര്‍ക്കൊണ്ടുപോവില്ലേ ആരും?"കനിവാര്‍ന്ന നിന്‍ സ്വപ്നം കണ്ണീരാലീറനാംകവിളുകളൊപ്പുകയാലോ' എന്നു കൂടി ചോദിക്കേണ്ടതുണ്ട്. ലോകത്തിന്റെ ഏതു ദിക്കിലുയരുന്ന ഏതു നിലവിളിക്കുനേര്‍ക്കും കരുതലോടെ നീങ്ങുന്ന മാനുഷികസത്തയുടെ സ്നേഹാര്‍ദ്രഭാവം തുളുമ്പിനില്‍ക്കുകയല്ലേ ആ കവിതകളില്‍? അതു മുന്‍നിര്‍ത്തി നമ്മുടെ കാവ്യകാലത്തിന്റെ രുദിതാനുസാരിത്വ മുഖം എന്ന് ആശ്വസിച്ചുപോവില്ലേ ആരും?"
'മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്നസുസ്നേഹമൂര്‍ത്തിയാം സൂര്യാ!'
എന്ന് ഒ എന്‍ വി എഴുതിയിട്ടുണ്ട്. ഈ കാവ്യശകലത്തിലെ സൂര്യന്‍തന്നെയല്ലേ ആ കവിതയിലും മനസ്സിലുമുള്ളത്. അതല്ലെങ്കില്‍ എരിയുന്ന പട്ടിണിയില്‍ തളര്‍ന്നുവീഴുന്ന ഒരു പെണ്‍കുഞ്ഞിന്റെ മുന്നില്‍നിന്നുകൊണ്ട്"എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു ഞാനിക്കുഞ്ഞിന്‍മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍' എന്ന കാരുണ്യമായി ആ കവിത തുളുമ്പുമായിരുന്നില്ലല്ലൊ. ഇത് കവിതയിലെ കാര്യം.
ജീവിതത്തിലും ഇതേ കരുണതന്നെയാണ് എന്നും ഒ എന്‍ വിയെ നയിച്ചത്. അറുപതുകളുടെ മധ്യം. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് സ്വഭാവസര്‍ട്ടിഫിക്കറ്റുപോലും നല്‍കാതെ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ പിരിച്ചുവിടുന്നു. ഒരു ജോലിക്കായി അലഞ്ഞ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നു. വഴിയില്‍വച്ച് ഒ എന്‍ വിയെ കാണുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഒ എന്‍ വി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു. കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ഒ എന്‍ വിയുടെ ഒരു കത്ത് കിട്ടുന്നു. കൊല്ലം ശ്രീനാരായണ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്റെ വേക്കന്‍സി ഉണ്ടെന്നും അപേക്ഷിക്കണമെന്നുമായിരുന്നു കത്തില്‍. വിഷ്ണുനാരായണന്‍ നമ്പൂതിരി അപേക്ഷിച്ചു. ജോലി കിട്ടുകയും ചെയ്തു. ആ സംഭവത്തെക്കുറിച്ച് വിഷ്ണുനാരായണന്‍ നമ്പൂതിരി പിന്നീടൊരിക്കല്‍ പറഞ്ഞു: "ആ ജോലികിട്ടലിനു പിന്നില്‍ ഒ എന്‍ വിയുടെ വാക്കുണ്ട് എന്നെനിക്കറിയാം'- ഇതാണ് ഒ എന്‍ വിയുടെ മനസ്സിന്റെ കരുതല്‍.
വരാന്‍ പോകുന്ന പുലരിയുടെ തേരുരുളൊച്ചയുടെ ശ്രുതിയ്ക്കൊത്ത് പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഏകാന്തമായ മനസ്സിന്റെ നിഴലും നിലാവും പകര്‍ത്തിനല്‍കി. ദര്‍ശനത്തെളിമയുടെ നിഭൃതപരാഗരേണുക്കള്‍ തൊട്ടെടുത്തു പകര്‍ന്നുനല്‍കി. ജീവിതത്തിന്റെ സങ്കീര്‍ണസമസ്യകള്‍ പൂരിപ്പിക്കാന്‍ നിസ്വമാനസങ്ങള്‍ക്കു വാക്കും പൊരുളും നല്‍കി. കാലത്തിന്റെയും ജീവിതത്തിന്റെയും തപനസഹനങ്ങള്‍ക്കു ശാന്തി സാന്ത്വനത്തിന്റെ അമൃതൗഷധലേപം നല്‍കി. മണ്ണിന്, മനുഷ്യന്, ഭൂമിക്ക് എന്നുവേണ്ട, ഈ മഹാസൗരയൂഥത്തിനുതന്നെ ഇമവെട്ടാത്ത കാവല്‍ക്കരുതല്‍ നല്‍കി. ഒരു കവി ഒരു പുരുഷായുസ്സുകൊണ്ട് ഇതിനപ്പുറം എന്തു ചെയ്യണം? യൗവ്വനത്തിലേക്കു കടക്കുംമുമ്പുതന്നെ ഒരു പുരുഷായുസ്സിന്റെ ജോലി പൂര്‍ത്തിയാക്കിയ വ്യക്തി എന്നു മഹാമനീഷിയായ മുണ്ടശ്ശേരി മാഷാല്‍ വിശേഷിപ്പിക്കപ്പെട്ട ഈ കവി "സഹസ്രപൂര്‍ണിമ'യുടെ സൗവര്‍ണദീപ്തിയില്‍ തിളങ്ങി പുതിയ കാലത്തിന്റെ പ്രകാശകിരണങ്ങളെ സ്വന്തം കാവ്യവ്യക്തിത്വത്തിന്റെ സഹസ്രമുഖകാചത്തിലൂടെ കടത്തി ശതസഹസ്രം മഴവില്ലഴകുകള്‍ വിടര്‍ത്തിത്തന്നുകൊണ്ടേയിരിക്കുന്നു. നവനവോന്മേഷശാലിനിയായ പ്രതിഭയുടെ നിറമാരിവില്‍ വിസ്മയങ്ങള്‍! ശതാഭിഷേക നിറവില്‍ നില്‍ക്കുന്ന ഈ കാവ്യവിസ്മയത്തിനു മുമ്പില്‍നിന്ന് കൈരളി നന്ദിയോടെ മറ്റെന്തു പറയാന്‍ ""ശതസംവത്സരം ദീര്‍ഘമായു:'' എന്ന ആയുസ്സൂക്താശംസയല്ലാതെ!
അതിരുകളില്ലാത്ത ഭാവനയുടെ മഹാകാശം നിറച്ച് ഗാനങ്ങളെപ്പോലും കവിതയുടെ വിശുദ്ധിയിലേക്കുയര്‍ത്തി ഈ കവി. തുമ്പക്കുടത്തിന്‍ തുഞ്ചത്ത് ഊഞ്ഞാലിട്ട് അതിലിരുത്തി നമ്മുടെ മനസ്സിനെ ആകാശപ്പൊന്നാലിലകള്‍ തൊടാന്‍ പാകത്തില്‍ ഉയര്‍ത്തി ആ ഗാനങ്ങള്‍.
പാണ്ഡിത്യഗര്‍വോടെ നമ്മുടെ സാഹിത്യബോധത്തോടു സംവദിക്കാന്‍ ശ്രമിച്ച ഗാനകലയെ നമ്മുടെ മനസ്സിനോടുള്ള ഏകാന്ത നിമന്ത്രണത്തിന്റെ ഭാവകലയാക്കി മാറ്റിയത് ഈ കവിയാണ്.
ഗൃഹാതുരത്വത്തിന്റെ ഒരു മാന്തോപ്പൊരുക്കിവച്ചിട്ട് അവിടേക്കു നമ്മെ ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുപോവാന്‍ മലര്‍മഞ്ചലുമായി മധുരിക്കുന്ന ഓര്‍മകളെ അയക്കുന്നത് ഈ കവിയാണ്.
സിനിമയെവിട്ട് നമ്മുടെ മനസ്സിനൊപ്പം പോരുന്ന സിനിമാഗാനങ്ങള്‍. നാടകങ്ങളെ കാലങ്ങള്‍ക്കുശേഷവും നമ്മുടെ മനസ്സിന്റെ വേദിയില്‍ അരങ്ങേറ്റുന്ന തരത്തിലുള്ള നാടകഗാനങ്ങള്‍. പല തലമുറ മലയാളക്കരയില്‍ പ്രണയിച്ചത് ഒ എന്‍ വി പാട്ടുകള്‍ കൊണ്ടാണ്. വിപ്ലവമുന്നേറ്റങ്ങള്‍ നടത്തിയത് ആ വിപ്ലവഗാനങ്ങള്‍ കൊണ്ടാണ്. പ്രാര്‍ത്ഥിച്ചത് കീര്‍ത്തനസമാനമായ ആ ഗീതങ്ങള്‍കൊണ്ടുമാണ്. സന്തോഷ സങ്കടങ്ങളില്‍ മനസ്സിനു കൂട്ടുപോരുന്നത് ആ ഈരടികളാണ്.
മലയാള മനസ്സിന് എങ്ങനെ വീട്ടാനാവും ആ കടം? നീണ്ടകാലം ഈ കേരളത്തെയാകെ ഒരു വിദ്യാലയവും അവിടത്തെ വിവിധങ്ങളായ സാംസ്കാരിക സദസ്സുകളെ ക്ലാസ് മുറികളുമാക്കി നിസര്‍ഗസുന്ദരമായ വചോമാധുരിയാല്‍ അനുഗൃഹീതനായ ഈ പ്രഭാഷകന്‍. അവിടങ്ങളില്‍ ചിറകടിച്ചുയര്‍ന്ന ആശയങ്ങളുടെ തിളക്കവും മുഴക്കവും ഈ നാടിനെ എത്രയധികം പ്രബുദ്ധമാക്കി. കേരളത്തിന്റെ സാംസ്കാരികത എങ്ങനെ വീട്ടും ആ കടം? സര്‍വീസ് ഘട്ടത്തില്‍പോലും പത്തുമുതല്‍ നാലുവരെയെന്നോ, ക്ലാസിന്റെ നാലു ചുവരുകള്‍ക്കുള്ളിലെന്നോ പരിമിതപ്പെടാത്ത ആ അധ്യാപനം കേരളത്തിലേക്കാകെ പടര്‍ന്നതു തികച്ചും സ്വാഭാവികം. ആ വാക്കുകള്‍ ക്ലാസ് ചുവരുകള്‍ക്കുള്ളില്‍ കൊഴിഞ്ഞുവീഴാതെ കേള്‍വിക്കാരുടെ ജീവിതത്തിലുടനീളം കൂട്ടുപോന്നു എന്നതാണ് സത്യം.
കമ്യൂണിസ്റ്റായതിന്റെ പേരില്‍ കോളേജ് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട് ഒ എന്‍ വിക്ക്. എന്നാല്‍, ഒരു വൈതരണിക്കുമുമ്പിലും കുടഞ്ഞുകളയാനുള്ള ഒന്നായിരുന്നില്ല അദ്ദേഹത്തിന് തന്റെ വിശ്വാസപ്രമാണങ്ങള്‍. വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍ ഒ എന്‍ വി ശരിയെന്നു കണ്ടെത്തിയതുതന്നെയായിരുന്നു ശരിയെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലര്‍ക്കും തിരിച്ചറിയാന്‍ അവരുടെ റിട്ടയര്‍മെന്റിന്റെ ഘട്ടമാകേണ്ടിവന്നു എന്ന് കെ പി അപ്പന്‍സാര്‍ പറഞ്ഞത് എത്രയോ ശരി!അറിയാതിരുന്ന നേരുകള്‍ അറിയിച്ചുതന്നും കാണാതിരുന്ന കാഴ്ചകള്‍ കാട്ടിത്തന്നും കേള്‍ക്കാതിരുന്ന നാദങ്ങള്‍ കേള്‍പ്പിച്ചുതന്നും അനുഭവിക്കാതിരുന്ന ചൂടും തണുപ്പും അനുഭവിപ്പിച്ചുതന്നും അനുവാചകന്റെ മനസ്സിന് അനുയാത്രയാവുന്നു ഈ കവിയുടെ ധന്യജീവിതം. ആ കാവ്യചൈതന്യം നേരിട്ട് അനുഭവിക്കാനായി എന്നതു നമ്മുടെ ധന്യത. ഇവിടെ, ഒ എന്‍ വിയെക്കുറിച്ച് സുഗതകുമാരി എഴുതിയ കവിതയുടെ നാലുവരി ഓര്‍മിക്കാതിരിക്കാനാവുന്നില്ല.
"നിറഞ്ഞ മിഴി തുടച്ചെഴുന്നേല്‍ക്കുന്നേന്‍;
മനംനിറഞ്ഞു കരംകൂപ്പിയര്‍ത്ഥിപ്പേന്‍,
ഭഗവാനേ,കാലത്തിന്നുടയോനേ, ഞങ്ങള്‍ തന്‍
കവിയേറെ-ക്കാലമീ ഞങ്ങള്‍ക്കായി പാടുവാന്‍ കല്‍പിച്ചാലും!'
സുഗതകുമാരി ഇങ്ങനെ ചൊല്ലുമ്പോള്‍, ആരും ഈ ആശംസ മനസ്സുകൊണ്ട് നൂറുരു ആവര്‍ത്തിച്ചുപോകും.അനവദ്യസുന്ദരങ്ങളായ ഭാവകാവ്യങ്ങളിലൂടെ, ഭാവാത്മകങ്ങളായ കാവ്യാഖ്യായികകളിലൂടെ മലയാണ്‍മയുടെ മനസ്സിന്റെ അതിരുകളെ വിശ്വമഹാപ്രകൃതിയുടെ ചക്രവാളങ്ങളോളം വികസിപ്പിച്ചെടുത്ത മലയാളത്തിന്റെ ഈ മഹാകവി ഏഴുപതിറ്റാണ്ടായി നമ്മുടെ ഭാഷയെ, മനസ്സിനെ, സംസ്കൃതിയെ നവീകരിച്ചു ശക്തിപ്പെടുത്തിപ്പോരുന്നു. എന്നും ധ്യാനാത്മകമായ കാവ്യാര്‍പ്പണത്തിന്റേതായിരുന്നു നിസ്തന്ദ്രമായ ആ കാവ്യസപര്യ. ഇന്ന് നമുടെ മനസ്സിനെ സ്നേഹാര്‍ദ്രമാക്കിക്കൊണ്ട് ഈ കാലത്തിന്റെ സംസ്കൃതി കൊളുത്തിനീട്ടിയ ചൈതന്യദീപ്തിയായി അതു തെളിഞ്ഞുനില്‍ക്കുന്നു; സര്‍വകാലങ്ങളെയും തിളക്കാന്‍പോന്ന വെളിച്ചക്കരുത്തോടെ.മനുഷ്യരാശിയുടെ മഹാദുഃഖങ്ങളെ, പ്രകൃതിയുടെ ദുര്‍വിധിവിലാസങ്ങളെ, ഭൂമിയുടെ മഹാസങ്കടങ്ങളെ ഒക്കെ സ്വന്തം നെഞ്ചിന്റെ ഉലയിലൂതിക്കാച്ചി കവിതയുടെ നറുമുത്തുകളാക്കി ഈ കവി നമുക്ക് തന്നു. അതുകൊണ്ടുതന്നെ "മണ്ണിന്റെ ആത്മാവില്‍നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാന്‍' എന്ന് അരനൂറ്റാണ്ടിലേറെക്കാലംമുമ്പ് മലയാളിയോടു പറയുകയും പില്‍ക്കാലത്ത് ഒരു പൊന്മുത്തിന്റെ സ്ഥാനത്ത് കവിതയുടെ മഹാരത്നശൈലം തന്നെ കൈരളിക്കായി സമര്‍പ്പിക്കുകയും ചെയ്ത മഹാകവിയോട് കേരളം പറഞ്ഞുപോകും.
""എത്ര ലോകം തപസ്സുചെയ്താലാ-
ണെത്തിടുന്നതൊരിക്കലീ ശബ്ദം.
ഉത്തമകവേ,നന്നായറിവൂ
ഹൃത്തിലായതിന്‍ ദിവ്യമഹത്വം''.
No comments:
Post a Comment