മനുഷ്യന്റെ സ്വപ്നങ്ങളും നിര്‍മിതികളുമെല്ലാം ഒരുനിമിഷംകൊണ്ട് തച്ചുതകര്‍ത്ത് ധൂളിയായി മാറ്റുന്ന ഈ പ്രതിഭാസത്തിന്റെ കാരണമെന്താണ്? എന്താണ് ഭൂമിയെ വിറളിപ്പിടിപ്പിക്കുന്നത്? ഭൂമിയുടെ ചരിത്രം ഭൂകമ്പങ്ങളുടെയും ചരിത്രമാണ്. ഓരോ ദിവസവും ചെറുതും വലുതുമായി എണ്ണായിരത്തിലധികം ഭൂമികുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടേണ്ട. ഇവയില്‍ പലതും നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഭൗമോപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്. ഭൂകമ്പത്തെക്കുറിച്ചുള്ള പഠനത്തിന് siesmology എന്നാണ് വിളിക്കുന്നത്. 1903ല്‍ സ്ഥാപിതമായ വേള്‍ഡ് സീസ്മോളജിക്കല്‍ സൊസൈറ്റിയാണ് ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി ഉപയോഗിക്കുന്ന മാനകത്തെ റിച്ചര്‍ സ്കെയില്‍ എന്നാണ് വിളിക്കുന്നത്. ഈ മാനകത്തില്‍ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങള്‍ അപകടകാരികളല്ല. ഏതെങ്കിലും ഒരു പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കുന്ന ഭൂമികുലുക്കത്തിന് മേജര്‍ഷോക്ക് എന്നും, മേജര്‍ഷോക്കിനു മുമ്പായി ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവായ അധികേന്ദ്രത്തിനു ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കമ്പനങ്ങളെ ഫോര്‍ഷോക്ക് എന്നുമാണ് പറയുന്നത്. പ്രധാന ആഘാതത്തിനുശേഷം ഉണ്ടാകുന്ന ചെറുഭൂകമ്പ പരമ്പരയെ ആഫ്റ്റര്‍ ഷോക്ക് എന്നാണ് വിളിക്കുന്നത്. ഇത്തരം പിന്നാഘാതങ്ങള്‍ ചിലപ്പോള്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്.
കാരണങ്ങള്‍
ഭൗമാന്തര്‍ഭാഗത്തു നടക്കുന്ന രണ്ടുതരം പ്രതിഭാസങ്ങളാണ് പ്രധാനമായും ഭൂകമ്പങ്ങള്‍ക്കു കാരണമാകുന്നത്. വിവര്‍ത്തന പ്രവര്‍ത്തനങ്ങളും അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുമാണ് ഈ രണ്ടു കാരണങ്ങള്‍. ഇവ കൂടാതെ വലിയ അണക്കെട്ടുകള്‍ ഉണ്ടാക്കുന്ന കടുത്ത സമ്മര്‍ദം ഭൂവല്‍ക്കത്തിലെ ഭ്രംശരേഖകള്‍ക്ക് താങ്ങാന്‍കഴിയാതെ വരുമ്പോഴും ഭൂകമ്പം ഉണ്ടാകാറുണ്ട്. പ്രേരിത ചലനങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ന്യൂക്ലിയര്‍ ബോംബ് സ്ഫോടനവും, ഖനികളുടെ പ്രവര്‍ത്തനങ്ങളും ഭൂവല്‍ക്ക ചലനത്തിന് കാരണമാകുന്നുണ്ടെങ്കിലും അവയെ സാധാരണയായി ഭൂകമ്പമെന്നു വിളിക്കാറില്ല.
വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ (Tectonic Activities)
കോടിക്കണക്കിന് വര്‍ഷം മുമ്പ് ഭൂമി കത്തിജ്വലിച്ചുകൊണ്ടിരുന്ന ഒരു ഗോളമായിരുന്നു. ക്രമേണ തണുക്കാന്‍ ആരംഭിച്ചു. ഭൂവല്‍ക്കം ആദ്യം തണുക്കുകയും അന്തര്‍ഭാഗങ്ങളിലേക്ക് പതുക്കെ തണുക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൂവല്‍ക്കത്തിന്റെ പലഭഭാഗങ്ങളിലും ആഴമേറിയ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം പൊട്ടലുകളെ ഭ്രംശരേഖകള്‍ എന്നാണു വിളിക്കുന്നത്. ഭൂവല്‍ക്കത്തിനു കീഴെ ഇന്നും തണുത്തുറയാത്ത ശിലാദ്രവങ്ങളുണ്ട്. മാഗ്മ എന്നറിയപ്പെടുന്ന ഈ ശിലാദ്രവത്തിനു മുകളിലൂടെ ഭ്രംശരേഖകള്‍ക്ക് ഇരുപുറവുമുള്ള ഖണ്ഡങ്ങള്‍ അഥവാ ഫലകങ്ങള്‍ ലംബമായും തിരശ്ചീനമായും തെന്നിനീങ്ങുകയാണ്. ഇത്തരം ചലനത്തിന്റെ ഭാഗമായി ഫലകങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാറുണ്ട്. ഫലകങ്ങളുടെ ഞെരിഞ്ഞമര്‍ത്തലില്‍ ഉണ്ടാകുന്ന ഇലാസ്തികബലം ഊര്‍ജമായി പുറത്തുവരുന്നതാണ് വിവര്‍ത്തന ഭൂമികുലുക്കത്തിനു കാരണം. ഭ്രംശരേഖകളില്‍ ഊര്‍ജം ശേഖരിക്കപ്പെടുന്നതിനുസരിച്ചാണ് ഇവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്.
അഗ്നിപര്‍വതപ്രവര്‍ത്തനങ്ങള്‍ (Volcanic Activities)
തിളച്ചുമറിയുന്ന മാഗ്മയിലേക്ക് ഭൂഗര്‍ഭജലം ഊറിയിറങ്ങാനിടയായാല്‍ അത് രാസപ്രവര്‍ത്തനത്തിനും വിസ്ഫോടനത്തിനും കാരണമാകുന്നു. അപ്പോഴുണ്ടാകുന്ന ചെറിയ വിടവുകളിലേക്ക് ശിലാദ്രവം ചലിക്കുമ്പോള്‍ ചുറ്റുമുള്ള ഫലകങ്ങള്‍ വികാസ സങ്കോചങ്ങള്‍ക്ക് പാത്രമാകുന്നു. കൂടാതെ ഫലകങ്ങള്‍ കടുത്ത മര്‍ദത്തിനിടയാവുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഊര്‍ജം ഫലകങ്ങളില്‍നിന്ന് മോചിക്കപ്പെടുമ്പോഴും ഭൂകമ്പം ഉണ്ടാകാറുണ്ട്. ഇത്തരം ഭൂകമ്പങ്ങള്‍ക്ക് ഭ്രംശരേഖകളുടെ സാന്നിധ്യം ആവശ്യമില്ല. വിവര്‍ത്തന ഭൂകമ്പങ്ങളെ അപേക്ഷിച്ച് ശക്തികുറഞ്ഞവയാകും അഗ്നിപര്‍വതജന്യ ഭൂകമ്പങ്ങള്‍.
പ്രേരിത ചലനങ്ങള്‍ (Induced Seismicity)
അണക്കെട്ടുകള്‍പോലെയുള്ള വലിയ ജലസംഭരണികള്‍ ഭൂഗര്‍ഭമര്‍ദത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ കാരണമാണ് പ്രേരിത ചലനങ്ങളുണ്ടാകുന്നത്. ആ പ്രദേശം ക്രമേണ ഒരു സന്തുലിതാവസ്ഥ പ്രാപിക്കുന്നതോടെ പ്രേരിതചലനങ്ങള്‍ ശക്തികുറഞ്ഞ് ഇല്ലാതാവുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഇടുക്കി, മംഗലം ഡാമുകള്‍ പ്രേരിതചലനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഭൂകമ്പതരംഗങ്ങള്‍ (seismic waves)
ഭൂകമ്പത്തിന്റെ ഊര്‍ജം തരംഗരൂപത്തിലാണ് സഞ്ചരിക്കുന്നത്. ഇത്തരം തരംഗങ്ങള്‍ പുറപ്പെടുന്ന ബിന്ദുവിനെ ഭൂകമ്പ നാഭി എന്നും, ആ ബിന്ദുവിന് ഏറ്റവുമടുത്ത് ഭൗമോപരിതലത്തിലുള്ള ബിന്ദുവിനെ അധികേന്ദ്രം എന്നുമാണ് വിളിക്കുന്നത്. ഭൂകമ്പതരംഗങ്ങള്‍ ഭൂകമ്പനാളിയില്‍നിന്നും നാനാഭഭാഗത്തേക്കും പ്രവഹിക്കും. മൂന്നൂതരം തരംഗങ്ങളാണ് ഭൂകമ്പനാളിയില്‍നിന്നു പുറപ്പെടുന്നത്. പ്രാഥമിക തരംഗങ്ങള്‍ അനുദൈര്‍ഘ്യ തരംഗങ്ങളാണ്. തരംഗദിശയ്ക്ക് സമാന്തരമായി മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന അനുദൈര്‍ഘ്യ തരംഗങ്ങള്‍ക്ക് ഖര-ദ്രവ ഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയും.
സെക്കന്‍ഡില്‍ എട്ടുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം തരംഗങ്ങള്‍ ഭൗമോപരിതലത്തില്‍ എത്തുമ്പോള്‍ അവയുടെ ഊര്‍ജത്തിന്റെ ചെറിയൊരു ഭാഗം അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കാറുണ്ട്. തല്‍ഫലമായി ഉണ്ടാകുന്ന ശബ്ദം ആവൃത്തി കുറവുകാരണം (5 Hertz) മനുഷ്യര്‍ക്ക് കേള്‍ക്കാന്‍കഴിയില്ലെങ്കിലും മറ്റു പല ജന്തുക്കളും ശ്രവിക്കുകയും രക്ഷാനടപടികള്‍ എടുക്കുകയും ചെയ്യാറുണ്ട്. മനുഷ്യന്റെ ശ്രാവ്യപരിധി 20 Hertzനും 20,000 Hertzനും ഇടയില്‍ ആവൃത്തിയുള്ള ശബ്ദതരംഗങ്ങളാണ്.
ഉത്ഭവസ്ഥാനത്തുനിന്നു തുടങ്ങുന്ന ഊര്‍ജപ്രവാഹം തിരമാലകള്‍പോലെയാണ് സഞ്ചരിക്കുന്നത്. ഭൗമോപരിതലത്തിലെത്തുമ്പോള്‍ അത് രൗദ്രഭാവം പ്രാപിക്കും. ദ്വിതീയ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗങ്ങളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് ദ്രവങ്ങളിലൂടെ സഞ്ചരിക്കാന്‍കഴിയില്ല. സെക്കന്‍ഡില്‍ അഞ്ചു കിലോമീറ്റര്‍ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഉപരിതലതരംഗങ്ങളാണ് ഭൗമോപരിതലത്തെ ചലിപ്പിക്കുന്നത്. ഇവ സെക്കന്‍ഡില്‍ 3.2 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്.
ഭൂകമ്പമാപിനി
ഭൂകമ്പങ്ങളുടെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തെയാണ് ഭൂകമ്പമാപിനി എന്നുവിളിക്കുന്നത്. സമയസൂചകങ്ങളില്ലാതെ ഭൂകമ്പം മാത്രം രേഖപ്പെടുത്തുന്നവയാണ് സീസ്മോസ്കോപ്പുകള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ഭൂകമ്പതരംഗങ്ങളെയെല്ലാം സമയാധിഷ്ഠിതമായി രേഖപ്പെടുത്തുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്. B C 132ല്‍ ചൈനക്കാരനായ ചാംഗ് ഹെംഗ് നിര്‍മിച്ച ഉപകരണത്തെയാണ് ആദ്യ ഭൂകമ്പമാപിനിയായി കണക്കാക്കുന്നത്. ആ ഉപകരണത്തില്‍ ആറു ദിശകളില്‍ വായില്‍ ഓരോ ഗോളങ്ങളുമായിരിക്കുന്ന ആറു വ്യാളികളെ ഉറപ്പിച്ചിരുന്നു. ഏതെങ്കിലും സ്ഥലത്ത് ഭൂകമ്പമുണ്ടായാല്‍ ആ ദിശയിലുള്ള വ്യാളിയുടെ വായില്‍നിന്ന് ഗോളം താഴെവീഴും. ഇതൊരു സീസ്മോസ്കോപ്പ് ആണെന്നു പറയാം.
ഉറപ്പിക്കപ്പെട്ട ഒരു അടിത്തറ, ചലനരഹിതമായ പിണ്ഡം, ഒരു ശേഖരണ മാധ്യമം എന്നിവ ചേര്‍ന്നതാണ് ആധുനിക ഭൂകമ്പമാപിനികള്‍. ചലനരഹിത പിണ്ഡത്തില്‍ ഒരു പെന്‍സിലോ, ലേസര്‍ സ്രോതസ്സോ ഘടിപ്പിച്ചിരിക്കും. തരംഗങ്ങള്‍ക്കൊപ്പം ശേഖരണമാധ്യമം (പേപ്പര്‍, ഫോട്ടോഗ്രഫിക് ടേപ്പ്) ചലിക്കുമ്പോള്‍ പിണ്ഡം ചലിക്കില്ല. തല്‍ഫലമായി ഭൂകമ്പത്തിന്റെ ആവൃത്തി ശേഖരണമാധ്യമത്തില്‍ ശേഖരിക്കപ്പെടും. സമായാധിഷ്ഠിതമായി നാട ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ ചലനം ഒരു ഗ്രാഫായാകും രേഖപ്പെടുത്തുക.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ് ആധുനിക ഭൂകമ്പമാപിനികളുടെ രംഗപ്രവേശനമുണ്ടായത്. 1880ല്‍ ഇറ്റലിക്കാരനായ റോസിയും സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഫോറലും ചേര്‍ന്ന് ഒരു മാനകം കണ്ടെത്തി. ഇതിനുണ്ടായ ന്യൂനതകളൊക്കെയും പരിഹരിച്ച് 1902ല്‍ ഇറ്റാലിയന്‍ ഭൗമശാസ്ത്രജ്ഞനായ മെര്‍ക്കാലി ഒരു മാനകം രൂപീകരിക്കുകയും അതിന് മെര്‍ക്കാലി സ്കെയില്‍ എന്നു നാമകരണം ചെയ്യുകയും ചെയ്തു. കുറേക്കൂടി ആധികാരികമായ മാനകമാണ് 1935ല്‍ അമേരിക്കക്കാരനായ ചാള്‍സ് എഫ് റിച്ചര്‍ കണ്ടുപിടിച്ച റിച്ചര്‍ സ്കെയില്‍. ഒരു ഭൂകമ്പം സൃഷ്ടിക്കുന്ന ഊര്‍ജമാണ് ഈ മാനകത്തില്‍ അളക്കപ്പെടുന്നത്. ഒന്നുമുതല്‍ ഒമ്പതുവരെ അളവുകളാണ് റിച്ചര്‍ സ്കെയിലിലുള്ളത്.
ഭൂകമ്പബാധിത പ്രദേശങ്ങള്‍:
ഫലകചലന സിദ്ധാന്തം അനുസരിച്ച് വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ഉണ്ടാകാന്‍ ഇടയുള്ള, ഘടനാപരമായി അസ്ഥിരമായ പ്രദേശങ്ങള്‍ ഭൂഫലകങ്ങളിലെ ഭ്രംശരേഖകള്‍ക്കു മുകളിലാകും കാണപ്പെടുക. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അസ്ഥിരനാടകളായാണ് ഭൗമശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
1. അഗ്നിവലയം- ശാന്തസമുദ്രത്തിന്റെ വക്കിലായി വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരവും ഏഷ്യയുടെ കിഴക്കന്‍ തീരവും, തെക്കുകിഴക്കന്‍ ശാന്തസമുദ്ര ദ്വീപുകളും, ന്യൂസിലന്‍ഡും ചേര്‍ന്ന കുതിരലാടത്തിന്റെ ആകൃതിയിലുള്ള നാട.
2. ആല്‍പൈന്‍ നാട- ദക്ഷിണ ശാന്തസമുദ്ര ദ്വീപുകളില്‍നിന്ന് ഇന്തോനേഷ്യയിലൂടെ, മധ്യേഷ്യന്‍ പര്‍വതങ്ങളിലൂടെയും, ഗ്രീസിലെ കാക്കസസിലൂടെയും, ഇറ്റലി, സ്പെയ്ന്‍ എന്നീ രാജ്യങ്ങളിലൂടെയും പോകുന്ന നാട.
3. അറ്റ്ലാന്റിക് നാട- അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ തെക്കു വടക്കായി കിടക്കുന്ന സംവൃത നാട. ഇത്ര പ്രധാനമല്ലാത്ത ഒട്ടേറെ നാടകളുമുണ്ട്.
ഇന്ത്യയില്‍ ഹിമാലയത്തിലൂടെയും ഗുജറാത്തിലെ കച്ചിലൂടെയും കടന്നുപോകുന്ന ഭ്രംശനാട ഉദാഹരണമാണ്. അപകടങ്ങള്‍ ഭൂകമ്പമല്ല, ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷിയില്ലാത്ത കെട്ടിടങ്ങളും, വാര്‍പ്പുകളുമാണ് അപകടം വരുത്തിവയ്ക്കുന്നത്. വൈദ്യുതകമ്പികളും മറ്റും പൊട്ടിവീണുണ്ടാകുന്ന അപകടങ്ങളും തീപിടിത്തവും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നുണ്ട്.
പ്രധാന ഭൂകമ്പത്തിനുശേഷം ഉണ്ടാകാറുള്ള പിന്നാഘാതങ്ങള്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളെയും മറ്റും പൂര്‍ണമായി തകര്‍ക്കുന്നത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്.
മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, അണക്കെട്ടുകളുടെ തകര്‍ച്ച, നദികളുടെ ഗതിമാറ്റം എന്നിവയെല്ലാം ഭൂകമ്പത്തെത്തുടര്‍ന്ന് സംഭവിക്കാനിടയുള്ള അപകടങ്ങളാണ്.
സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം സൃഷ്ടിക്കുന്ന രാക്ഷസതിരമാലകളാണ് സുനാമി. കോണ്‍ക്രീറ്റ്പോലെ പൊട്ടിപ്പോകുന്ന വസ്തുക്കള്‍ ഒഴിവാക്കി സ്റ്റീല്‍പോലെ ഇലാസ്തികത കൂടുതലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള കെട്ടിടനിര്‍മാണം ഒരു പരിധിവരെ അപകടതീവ്രത കുറയ്ക്കും. ജപ്പാനില്‍ ഇത്തരം നിര്‍മാണരീതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
No comments:
Post a Comment