Monday, 2 March 2015

[www.keralites.net] ജീവിതമേ, നീ കളിക്കേ ണ്ട; ഇത് ഉമയാണ്‌

 

ജീവിതമേ, നീ കളിക്കേണ്ട; ഇത് ഉമയാണ്‌
കെ. വിശ്വനാഥ്, ചിത്രങ്ങള്‍: എസ്.എല്‍.ആനന്ദ്

 

പതിനെട്ടാം വയസ്സില്‍ നിത്യരോഗിയായ മധ്യവയസ്‌കന്റെ നാലാമത്തെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ബുദ്ധിജീവികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും അവരുടെ വസ്ത്രങ്ങള്‍ അലക്കാനും മദ്യം വിളമ്പാനും വിധിക്കപ്പെട്ട യുവതി, ഭര്‍ത്താവിന്റെ ഭര്‍ത്സനം താങ്ങാനാവാതെ തളര്‍ന്നു വീണ തന്റെ പ്രിയപ്പെട്ട അച്ഛന്റെ വിയോഗത്തില്‍ നീറി ജീവിതം നയിച്ച സ്ത്രീ, ഭര്‍ത്താവിനെ പരിചരിച്ചു കഴിഞ്ഞ എട്ടു വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചപ്പോള്‍ ആതുര സേവനത്തിനായി ജിവതം ഉഴിഞ്ഞുവെച്ചു. തികച്ചും അപരിചിതനായ യുവാവിന് സ്വന്തം വൃക്ക ദാനം ചെയ്തു. ദരിദ്രരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുന്നതിനും വൃക്ക മാറ്റി വെക്കുന്നതിനും മുന്നിട്ടിറങ്ങി. കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിക്കൊടുത്തു. ഇപ്പോള്‍ അഗളിയിലെ ആദിവാസി ഊരുകളില്‍ ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും അവര്‍ക്ക്് പോഷകാഹാരമെത്തിക്കുന്നതിനുമുള്ള കഠിന പ്രയത്‌നത്തില്‍ മുഴുകിയിരിക്കുന്നു. അത്യപൂര്‍വ്വവും കര്‍മോജ്വലവുമായ സ്ത്രീ ജിവിതം.-ഉമാ പ്രേമന്‍ എന്ന സാമൂഹിക പ്രവര്‍ത്തകയുടെ ജീവിതത്തെ ഒറ്റ വാചകത്തില്‍ അങ്ങനെ നിര്‍വചിക്കാം

പാലക്കാട്ടുകാരായ ബാലകൃഷ്ണന്റേയും തങ്കമണിയുടേയും മകളാണ് ഉമ. ജനിച്ചതും വളര്‍ന്നതും കോയമ്പത്തൂരില്‍. അറുപതുകളുടെ തുടക്കത്തില്‍ ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ എം. ബി. ബി. എസ്സിനു പഠിക്കാന്‍ പോയ ബാലകൃഷ്ണന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മടങ്ങേണ്ടി വന്നു. മരുമക്കത്തായം നിലനിന്നിരുന്ന പാലക്കാട്ടെ നായര്‍ തറവാട്ടിലെ മൂത്ത സന്തതിയായിരുന്ന ബാലകൃഷ്ണനെ അമ്മാവന്‍ തിരിച്ചു വിളിച്ചു. തറവാട്ടു വക നെല്‍കൃഷി നോക്കി നടത്താന്‍ അമ്മാവന് മരുമകന്റെ സേവനം അനിവാര്യമായിരുന്നു. അങ്ങനെ ബാലകൃഷ്ണന്‍ വൈദ്യപഠനം ഉപേക്ഷിച്ച് വയലില്‍ പോത്തുകളെ പൂട്ടാനിറങ്ങി.

ആറേഴ് വര്‍ഷങ്ങള്‍ക്കു ശേഷം അമ്മാവന്‍ മരിച്ചു, തറവാട് ഭാഗം വെച്ചു. ബാലകൃഷ്ണന്‍ ജോലി തേടി കോയമ്പത്തൂരിലേക്ക് പോന്നു. അവിടെ ബാലകൃഷ്ണനൊപ്പം മെഡിസിന് പഠിച്ചിരുന്ന പുണ്യവനം ഉണ്ടായിരുന്നു. ഡോക്ടര്‍ പുണ്യവനത്തിന്റെ കമ്പോണ്ടറായി ബാലകൃഷ്ണനും കൂടി. വൈദ്യശാസ്ത്രം അന്ന് ഇന്നത്തെ പോലെ വ്യവസായമായി മാറിയിരുന്നില്ല. രോഗികള്‍ ചികിത്സ തേടി അലോപ്പതി ഡോക്ടര്‍മാരെ ചെന്നുകാണുന്ന പതിവുമുണ്ടായിരുന്നില്ല. അതുകൊണ്ട് പുണ്യവനവും ബാലകൃഷ്ണനും കൂടി സൈക്കിളില്‍ രോഗികളെ തേടിയിറങ്ങും. വൈകീട്ടു വരെ അധ്വാനിച്ചാല്‍ ബാലകൃഷ്ണന് കിട്ടുക ഒന്നോ രണ്ടോ രൂപയാവും. ആ പണം കൊണ്ട് നിത്യച്ചിലവ് കഴിയാതെ വന്നപ്പോള്‍ ബാലകൃഷ്ണന്‍ കോയമ്പത്തൂരിലെ തുണിമില്ലില്‍ ജോലിക്ക് ചേര്‍ന്നു. വൈകാതെ ഭാര്യ തങ്കമണിക്ക് ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റിന്റെ ജോലിയും കിട്ടി.

 

 
തുണി മില്ലിലെ ജോലിക്കിടയിലും ബാലകൃഷ്ണന്‍ ചികിത്സ ഉപേക്ഷച്ചില്ല. മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷം പഠിച്ചതിന്റെ ബലത്തില്‍ മില്ലിലെ ദരിദ്രരരായ തൊഴിലാളികളുടേയും കുടുംബാംഗങ്ങളുടേയും രോഗ ശുശ്രൂഷ അദ്ദേഹം ഏറ്റെടുത്തു. പ്രതിഫലം പറ്റാതെയുള്ള സൗജന്യ സേവനമായിരുന്നു അത്്. തൊഴിലാളികളുടെ കുടുംബത്തില്‍ പ്രമേഹ രോഗികള്‍ കൂടുതലായിരുന്നു. ശരിയായ ചികിത്സ കിട്ടാതെ ശരീരത്തില്‍ വലിയ മുറിവുകളും വ്രണങ്ങളും വന്ന് പഴുത്തൊലിക്കുന്ന അവസ്ഥയിലുള്ള പ്രായമായവരെ പുറത്തുവിടാതെ മുറിക്കകത്തടച്ചിടും. അവരുടെ ചികിത്സയും ബാലകൃഷ്ണന്‍ ഏറ്റെടുത്തു. വീടുകളില്‍ പോവുമ്പോള്‍ ഒന്നാം ക്ലാസുകാരിയായ മകള്‍ ഉമയേയും അദ്ദേഹം ഒപ്പം കൂട്ടും. അടച്ചിട്ട മുറിക്കകത്തേയ്ക്ക് കടക്കുമ്പോളേ കടുത്ത ദുര്‍ഗന്ധമായിരിക്കും. കമ്പോണ്ടര്‍ മുറിയില്‍ കയറിയാല്‍ ഉടന്‍ ജനലുകള്‍ തുറന്നിടും. പഴുത്തൊലിക്കുന്ന മുറിവുകള്‍ അച്ഛന്‍ വൃത്തിയാക്കുന്നതും മരുന്നു വെച്ചുകെട്ടുന്നതും ഉമ കണ്ടിരിക്കും. പതുക്കെ ഉമയും അച്ഛനെ സഹായിക്കാന്‍ തുടങ്ങി.
 

ഒന്‍പതുകാരി ഗൃഹനാഥ

ബാലകൃഷ്ണന്റെ ഈ ജീവിതരീതിയുമായി തങ്കമണിക്ക് യോജിച്ചു പോവാന്‍ കഴിഞ്ഞില്ല. അവര്‍ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചു. അതോടെ ഗാര്‍ഹിക ചുമതലകള്‍ ഉമയുടെ തലയിലായി. ഒന്‍പതുകാരിയായ ഉമ മൂന്നു വയസ്സുകാരനായ അനിയന്റെ അമ്മയായി മാറി. തന്നെയും അനിയനേയും അനാഥരാക്കി പോയ അമ്മയോട് ഉമയ്ക്ക് അന്ന് കടുത്ത വെറുപ്പായിരുന്നു. എന്നെങ്കിലും അമ്മയെ കണ്ടുമുട്ടിയാല്‍ ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ ഉമ നോട്ടുബുക്കില്‍ എഴുതിവെച്ചിരുന്നു. സ്വന്തം കുഞ്ഞുങ്ങളോടു നീതിപുലര്‍ത്താതെ സുഖം തേടിപ്പോവാന്‍ എങ്ങനെ തോന്നി? ദൈവം നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുവോ ? - ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍.

പുതിയ ഭര്‍ത്താവിനൊപ്പം ദുബായിലും ജര്‍മനിയിലും ജോലി തേടിപ്പോയ അമ്മ ഒരു ദിവസം തിരിച്ചെത്തി. അമ്മയെ കണ്ടപ്പോള്‍ പെട്ടെന്ന് അവളുടെ ദേഷ്യമെല്ലാം അലിഞ്ഞുപോയി. അമ്മയ്‌ക്കൊപ്പം ജീവിക്കണമെന്ന് അവള്‍ക്കു തോന്നി. അതറിഞ്ഞപ്പോള്‍ അച്ഛന് ദു:ഖവും വേദനയും തോന്നിയിരിക്കണം. എങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ ബാലകൃഷ്ണന്‍ അനുവദിച്ചു.

 

 
പിന്നീട് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ഉമയുടെ പഠനം. പതിനെട്ട് വയസ്സ് തികഞ്ഞപ്പോള്‍ ഉമ തീരുമാനിച്ചു, അച്ഛന്‍ കാണിച്ചു തന്ന വഴിയാണ് എനിക്കു ചേരുക. ആതുരസേവനം ജീവിതവ്രതമായി സ്വീകരിക്കാന്‍ ആ പെണ്‍കുട്ടി തീരുമാനിച്ചു. അവള്‍ കൊല്‍ക്കത്തയിലേയ്ക്ക് ട്രെയിന്‍ കയറി. അശരണരുടെ അമ്മയായ മദര്‍ തെരേസയെ കണ്ട് അവരുടെ കീഴില്‍ അവിടെത്തന്നെ ആതുരസേവനത്തില്‍ മുഴുകുകയായിരുന്നു ഉമയുടെ ലക്ഷ്യം.

കുറച്ചു ദിവസം അവിടെക്കഴിഞ്ഞു. ദരിദ്രരും അവശരുമായ മനുഷ്യര്‍ കേരളത്തിലുമുണ്ടെന്നും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നും മദര്‍ ഉപദേശിച്ചു. തൃശൂരിലെ ബിഷപ്പ് ജോസഫ് കുണ്ടുകുളത്തിന് കൊടുക്കാന്‍ മദര്‍ കത്തും കൊടുത്തു. കത്തുമായി ഉമ ബിഷപ്പിനെ കണ്ടു. ഒരു വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. രോഗികളുടേയും വൃദ്ധരുടെയും പരിചരണമായിരുന്നു ബിഷപ്പ് ഉമയെ ഏല്‍പ്പിച്ച ദൗത്യം. മാറാരോഗികളെ കുളിപ്പിക്കുക, അവരുടെ വിസര്‍ജ്യം നീക്കം ചെയ്യുക, ഇങ്ങനെ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ സംബന്ധിച്ച് കഠിനമെന്ന് തോന്നുന്ന ജോലികള്‍ ഉമ സന്തോഷത്തോടെ ഏറ്റെടുത്തു.
 

ദാമ്പത്യത്തിന്റെ ദുരിതകാണ്ഡം

ആ സമയത്ത് തങ്കമണി വീണ്ടും ഉമയെ തേടിയെത്തി. ബിഷപ്പ് തന്റെ മകളെ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. പിന്തുണക്കാന്‍ ചില ഹൈന്ദവ സംഘടാനാ പ്രവര്‍ത്തകരും തങ്കമണിയോടൊപ്പം കൂടി. അവര്‍ ബഹളം വെച്ചെങ്കിലും ഉമ അവര്‍ക്കൊപ്പം പോയില്ല. പിന്നീട് അമ്മ അസുഖമായി കിടപ്പിലാണെന്ന് പറഞ്ഞ് ആള്‍ വന്നപ്പോള്‍ ഉമയ്ക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല. അതൊരു വലിയ ചതിയായിരുന്നു. ഉമയുടെ ജീവിതം ആകെ മാറ്റിമറിച്ച കൊടുംചതി.

 

 
വിദേശത്തു നിന്നു തിരിച്ചുവന്ന ശേഷം തങ്കമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആ സമയത്ത് അവരെ സഹായിച്ചത് തൈക്കാട് പ്രേമന്‍ എന്ന കാഥികനായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ പ്രേമനോട് തങ്കമണിയ്ക്ക് വലിയ കടപ്പാടുണ്ടായിരുന്നു. പ്രത്യുപകാരമായി ഉമയെ പ്രേമന് വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു അവരുടെ പദ്ധതി. മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന പ്രേമന്‍ സമ്പന്നനായിരുന്നു. നേരത്തെ തന്നെ മൂന്നു വിവാഹം കഴിച്ചിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമായിരുന്നു. പക്ഷെ ഉമയോട് പറഞ്ഞിരുന്നത് നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നുവെന്നും അവര്‍ രോഗിയാണെന്നുമായിരുന്നു. പ്രേമനെ വിവാഹം കഴിക്കാന്‍ ഉമ വിസമ്മതിച്ചെങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു മുന്നില്‍ അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
 

എട്ടു വര്‍ഷം നീണ്ട തന്റ ദാമ്പത്യം ഉമയുടെ വാക്കുകളിലൂടെ...

വിവാഹശേഷം പ്രേമനുമൊത്ത് ഞാന്‍ മുംബൈയിലേക്കു പോയി. അവിടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. വളരെ ക്രൂരമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നിരന്തരം കുത്തുവാക്കുകളിലൂടെ വേദനിപ്പിക്കും. വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പ് എനിക്ക് മനസ്സിലായി, കടുത്ത ക്ഷയരോഗിയാണ് ഭര്‍ത്താവ്. ക്ഷയരോഗികളെ എങ്ങിനെയാണ് ശുശ്രൂഷിക്കേണ്ടതെന്നും അവരില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് രോഗം പകരാതെ എങ്ങനെ സൂക്ഷിക്കണമെന്നും അച്ഛനില്‍ നിന്ന് ഞാന്‍ പഠിച്ചിരുന്നു. മുറിയില്‍ ഞാന്‍ പാത്രത്തില്‍ മണ്ണു നിറച്ചു വെയ്ക്കും.അതിലേക്കേ തുപ്പാവൂ എന്നു പറയും. അതദ്ദേഹം അനുസരിക്കില്ല. അതേച്ചൊല്ലി കലഹമുണ്ടാവും. ആക്ഷേപം സഹിക്കാനാവാതെ വരുമ്പോള്‍ ഞാന്‍ കുളിമുറിക്കകത്ത് കയറി വാതിലടച്ച് കരയും.

അതിനിടെ ഞാന്‍ ഭര്‍ത്താവിനേയും കൂട്ടി അച്ഛനെ കാണാന്‍ പോയി. അമ്മയ്‌ക്കൊപ്പം പോന്നശേഷം അച്ഛനുമായി അധികം ബന്ധമുണ്ടായിരുന്നില്ല. കുറ്റബോധം കാരണം അച്ഛനില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മൊട്ടത്തലയും ഊശാന്‍ താടിയും കഴുത്തില്‍ നിറയെ തടിച്ച ഞരമ്പുകളുമുള്ള അദ്ദേഹത്തെ കണ്ടപ്പോള്‍ അച്ഛന്‍ കരയാന്‍ തുടങ്ങി. 'നിനക്ക് എന്നോളം പ്രായമുണ്ടല്ലോ, എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ തോന്നി?' എന്നായിരുന്നു അച്ഛന്റെ ചോദ്യം. അതുകേട്ടതോടെ അദ്ദേഹം ക്ഷുഭിതനായി. അച്ഛനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. അച്ഛന്‍ തളര്‍ന്നു വീണു. അതിനു ശേഷം അച്ഛന്‍ കിടക്കയില്‍ നിന്നു എഴുന്നേറ്റിട്ടില്ല.
 

മദ്യപാന മഹോത്സവങ്ങള്‍

ഭര്‍ത്താവിന് വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരും ചിത്രകാരന്മാരും എഴുത്തുകാരും ഉള്‍പ്പെട്ട വലിയ സംഘം. അവരില്‍ പലരും മുംബൈയില്‍ വരും. ദിവസങ്ങളോളം താമസിച്ചെന്നും വരും. പിന്നെ മദ്യപാനത്തിന്റെ മഹോത്സവമായിരിക്കും. അവര്‍ക്ക് ഭക്ഷണം വേണം, മദ്യവും. സാത്വികനായ അച്ഛനൊപ്പം കുട്ടിക്കാലം കഴിച്ച എനിക്ക് ഇതെല്ലാം പുതിയ അനുഭവമായിരുന്നു. പുതിയ ലോകവുമായി പൊരുത്തപ്പെടാന്‍ വല്ലാതെ ബുദ്ധിമുട്ടി. ആത്മഹത്യ ചെയ്യാതിരുന്നത് അത് തെറ്റാണെന്ന ഉറച്ച ബോധ്യമുള്ളതു കൊണ്ടു മാത്രമായിരുന്നു.

മുംബൈയിലും ഗുരുവായൂരിലെ അദ്ദേഹത്തിന്റെ വീട്ടിലുമായി കഴിച്ചു കൂട്ടിയ നാളുകള്‍ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹം എന്നെയോ ഞാന്‍ തിരിച്ചോ സ്‌നേഹിച്ചിരുന്നുവോ എന്നു ചോദിച്ചാല്‍ എനിക്കു മറുപടി പറയാനാവില്ല. അയാളെ എനിക്ക് ഭയമായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും അനുസരിക്കാതെ വന്നാല്‍ അലറിവിളിക്കും. 'നിന്റെ തന്തയുടെ വകയല്ലല്ലോ' എന്ന് ചോദിക്കും. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ആദ്യ ഭാര്യമാരിലുള്ള രണ്ട് പെണ്‍ മക്കളും, പിന്നെ എന്റെ മകനും- അതായിരുന്നു ഞങ്ങളുടെ കുടുംബം. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം എല്ലാവരും ഒരുമിച്ചായിരുന്നു ഗുരുവായൂരിലെ വീട്ടില്‍ താമസം. മുമ്പ് വിവാഹം കഴിച്ച മൂന്നു പേരുമായുള്ള ബന്ധം അദ്ദേഹം വേര്‍പെടുത്തിയിരുന്നില്ല. ആദ്യ ഭാര്യയുമായുള്ള ബന്ധം മൂന്നു മാസമേ നീണ്ടു നിന്നുള്ളൂ. രണ്ടാമത്തെ ഭാര്യ രോഗിയായിരുന്നു. അവര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മൂന്നാമത്തെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

കടുത്ത രോഗം കാരണം ഭര്‍ത്താവിന് അധികം മദ്യപിക്കാനാവില്ല. ആ വിഷമം അദ്ദേഹം തീര്‍ത്തിരുന്നത് കൂട്ടുകാര്‍ മദ്യപിക്കുന്നത് കണ്ടാണ്. കൂട്ടുകാര്‍ കൂട്ടത്തോടെ വന്നുകയറും. അവര്‍ക്കോരോരുത്തര്‍ക്കും വേണ്ട മദ്യം ഞാന്‍ നേരത്തെ വാങ്ങിവെക്കണം. അങ്ങനെ വിവിധ മദ്യങ്ങളുടെ ബ്രാന്റുകളും അളവുകളുമെല്ലാം എനിക്ക് ഹൃദിസ്ഥമായി. ചിലര്‍ക്കു തണുത്തത്, മറ്റുള്ളവര്‍ക്ക് തണുക്കാത്തത്. അങ്ങിനെ എല്ലാവര്‍ക്കും ഒഴിച്ചു കൊടുക്കണം. ഭക്ഷണം വേണം. രാത്രി വൈകുംവരെ മദ്യാപാനം തുടരും. ചിലര്‍ ലക്കുകെട്ട് ഛര്‍ദ്ദിക്കും, മുറിക്കകത്ത് തുപ്പിവെക്കും. നിന്നനില്‍പ്പില്‍ മൂത്രമൊഴിക്കുന്നവര്‍ വരെയുണ്ട്. അവരുടെ ഭാരിച്ച ശരീരം താങ്ങിനിര്‍ത്തി മൂത്രം നാറുന്ന ജീന്‍സ് അഴിച്ചു മാറ്റിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്. രാവിലെയായാല്‍ ഒരാള്‍ക്ക് പുട്ട് വേണം, മറ്റൊരാള്‍ക്ക് പത്തിരി, വേറൊരാള്‍ക്ക് അപ്പം. എന്തെങ്കിലും ഇല്ലെന്ന് വന്നാല്‍ ഭര്‍ത്താവ് അലറി വിളിക്കും, ' നിന്റെ തന്തയുടെ വകയല്ലല്ലോ?'
 

എട്ടു വര്‍ഷം നീണ്ട പീഡനപര്‍വം

എന്റെ അച്ഛന്‍ മദ്യപിക്കില്ലായിരുന്നു. മദ്യപരായ ആളുകളുമായി ഇടപഴകേണ്ടിയും വന്നിട്ടില്ലായിരുന്നു. അങ്ങനെയുള്ള പെണ്‍കുട്ടിയായിരുന്നു ഞാന്‍. ഈ വീട്ടിലെ അനാര്‍ക്കിസം സത്യത്തില്‍ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. വലിയ സങ്കടം വരുമ്പോള്‍ കുളിമുറിയുടെ ചുവരുകളോടായിരുന്നു ഞാന്‍ പങ്കുവെച്ചത്. ഗുരുവായൂരപ്പനെ വിളിച്ച് പ്രാര്‍ത്ഥിക്കും. മരിക്കാനും കഴിയില്ല. എന്റെ മകന്‍ അനാഥനാവുമെന്ന ഭയം. ബുദ്ധിജീവി സംഘത്തിന്റെ പാനോത്സവം പലപ്പോഴും ദിവസങ്ങളോളം നീളും. പോവുമ്പോള്‍ പലരും 'സോറി ' എന്ന വാക്കുകൊണ്ട് എന്നോട് അനുകമ്പ പ്രകടിപ്പിക്കും.

രോഗിയായ പ്രേമന് സ്വന്തമായി ഒന്നും ചെയ്യാനാവില്ല. കുളിപ്പിക്കണം, ഷേവ് ചെയ്തു കൊടുക്കണം, മരുന്നെടുത്തു കൊടുക്കണം. ഇടയ്ക്കിടെ ആശുപത്രിയില്‍ കൊണ്ടു പോകണം. എന്നാലും നല്ലൊരു വാക്ക് പറയില്ല. എവിടെയെങ്കിലും അല്‍പ്പം പിഴച്ചാല്‍ അലറി വിളിക്കും. കൂട്ടുകാരില്‍ പലരും എന്നോട് പറയും 'പ്രേമന് നീയില്ലാതെ ജീവിക്കാനാവില്ല. നിന്നെ വിട്ടുപിരിയാനാവില്ല. ഞങ്ങളോട് ഇടക്കിടെ അതു പറയാറുണ്ട്.' ഇങ്ങനെ സ്‌നേഹമുണ്ടായിട്ട് എനിക്കെന്ത് കാര്യം? അനുകമ്പയോടെയോ, സ്‌നേഹത്തോടെയോ എന്നോട് ഒരിക്കലും പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസം അധികമുള്ളതു കൊണ്ടാവണം, ഞാന്‍ ആര്‍ക്കെങ്കിലും ഒപ്പം ഓടിപ്പോവുമോയെന്ന സംശയമായിരുന്നു. വിലകൂടിയ സാരി വാങ്ങികൊണ്ടു വരും. ആശുപത്രിയില്‍ പോവുമ്പോഴോ മറ്റോ ഞാനതുടുത്താല്‍ അപ്പോള്‍ അലറും, ' ആശുപത്രിയിലെ ഡോക്ടറെ വളച്ചെടുക്കാനാണല്ലേ അണിഞ്ഞൊരുങ്ങി പോവുന്നത് ? 'എന്നാവും ചോദ്യം. വീട്ടില്‍ വരുന്ന കൂട്ടുകാരില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ അല്‍പ്പം അഴുക്കായാല്‍ ഉടന്‍ തന്റെ പുതിയ മുണ്ട് എടുത്തു അവരെ ഉടുപ്പിക്കും. അവരെല്ലാം വൃത്തിയായി നടക്കണമെന്ന് നിര്‍ബന്ധമായിരുന്നു. എന്റെ കാര്യത്തില്‍ നേരെ തിരിച്ചും. പലപ്പോഴും ഞാനാശിച്ചു പോയിട്ടുണ്ട്, അവരോട് കാണിക്കുന്ന സ്‌നേഹത്തിന്റെ നൂറിലൊന്ന് അനുകമ്പ എന്നോട് കാണിച്ചെങ്കില്‍ എന്ന്.

ഇങ്ങനെയൊക്കെയായിട്ടും ഞാനദ്ദേഹത്തെ പരിചരിച്ചു, വേണ്ടെതെല്ലാം ചെയ്തുകൊടുത്തു. എന്തുകൊണ്ട് ഞാന്‍ അങ്ങിനെ ചെയ്‌തെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. എനിക്കങ്ങിനെയേ പറ്റുമായിരുന്നുള്ളൂ. അതിനിടയില്‍ ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് അദ്ദേഹത്തിന്റെ മൂത്തമകളുടെ വിവാഹവും നടത്തി. രോഗം മൂര്‍ഛിച്ചപ്പോള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ ഒരു മാസത്തോളം കിടന്നു. അവിടുത്തെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെ വെച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു. പക്ഷെ ആ ശസ്ത്രക്രിയക്ക് ശേഷം കാര്യങ്ങള്‍ വഷളായി. പ്രേമനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ശ്രീചിത്ര ആശുപത്രിയില്‍ ആഴ്ചകളോളം കഴിഞ്ഞു. പരിചരിക്കാനും മരുന്നു കൊടുക്കാനും എല്ലാം ഞാന്‍ ഒറ്റക്കായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ മൃതശരീരവുമായാണ് ഗുരുവായൂരില്‍ തിരിച്ചെത്തിയത്. എട്ടു വര്‍ഷം നീണ്ടു നിന്നു ആ ദാമ്പത്യം.
 

രോഗികള്‍ക്കു വേണ്ടി ഒരു ജന്‍മം

പ്രേമന്റെ സ്വത്തുകളില്‍ വലിയൊരു പങ്ക് എന്റെ പേരിലാണ് എഴുതിവെച്ചിരുന്നത്. ആ പണം എന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കില്ലെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. രോഗങ്ങള്‍ കാരണം ദു:ഖവും വേദനയുമനുഭവിക്കുന്നവര്‍ക്കായി അത് മാറ്റിവെക്കാന്‍ തീരുമാനിച്ചു. ശവ സംസ്‌കാര ചടങ്ങ് കഴിഞ്ഞ ശേഷം ഞാന്‍ ഒരു യാത്ര പുറപ്പെട്ടു. ഓരോ തരം രോഗങ്ങളെയും അവക്കുള്ള ചികില്‍സകളേയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു യാത്ര. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്... രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പോയി. ഏതൊക്കെ ആശുപത്രികളില്‍ ഓരോ രോഗത്തിനും ചികിത്സ കിട്ടും? ഏതൊക്കെ ഡോക്ടര്‍മാരെ കാണണം? ഇങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. കഴിയുന്നത്ര ഡോക്ടര്‍മാരെ കണ്ടു. മിക്കവരും എന്റെ ഉദ്ദേശമറിഞ്ഞപ്പോള്‍ സാഹായിക്കാന്‍ തയ്യാറായി. അവരില്‍ നിന്ന് രോഗങ്ങളെ കുറിച്ച് പഠിച്ചു. രോഗങ്ങളെ കുറിച്ച് കിട്ടുന്ന പുസ്തകങ്ങള്‍ വായിച്ചു.

യാത്ര പുറപ്പെടുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി, ഓപ്പറേറ്ററേയും നിയമിച്ചു. ഓരോയിടത്തു നിന്നു കിട്ടുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ഓപ്പറേറ്ററെ വിളിച്ചു പറയും അവരത് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യും. മൂന്നു മാസം നീണ്ടു ആ യാത്ര. തിരിച്ചെത്തി അധികം കഴിയും മുമ്പ് കിട്ടിയ വിലയ്ക്ക് ഗുരുവായൂരിലെ വീട് വിറ്റു. തൃശൂരില്‍ വീട് വാടകക്കെടുത്തു. 1997 ആഗസ്ത് 24-ന് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങി. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ എവിടെ കിട്ടും, ഏത് ഡോക്ടര്‍മാരെ കാണിക്കണം- തുടങ്ങിയ വിവരങ്ങള്‍ നല്‍കുകയായിരുന്നു ലക്ഷ്യം.
 

തുടക്കത്തില്‍ വന്ന പലര്‍ക്കും സ്ഥാപനത്തിന്റെ ഉദ്ദേശം മനസ്സിലായിരുന്നില്ല. പലരും അവിടെ വന്നത് എം. ബി. ബി. എസ്സിന് സീറ്റ് തേടിയും മറ്റുമാണ്്. ആ സമയത്താണ് മാതൃഭൂമി ലേഖകന്‍ പി. കെ. ജയചന്ദ്രന്‍ എന്നെ തേടി വന്നത്. ശാന്തിയെ കുറിച്ച് അടുത്ത ദിവസം മാതൃഭൂമിയുടെ ഒന്നാം പേജില്‍ വാര്‍ത്ത വന്നു. അടുത്ത ദിവസം തൊട്ട് അങ്ങോട്ടേയ്ക്ക് രോഗികളുടേയും ബന്ധുക്കളുടേയും ഒഴുക്കായിരുന്നു. കാസര്‍കോടും കന്യാകുമാരിയിലും നിന്നൊക്കെ രോഗികളുമായി ആളുകളെത്തി. ഒരു ദിവസം തന്നെ അഞ്ഞൂറോളം പേര്‍. എല്‍. കെ. ജി.യില്‍ ചേര്‍ത്തിരുന്ന മകനെ ക്ലാസില്‍ നിന്ന് വിളിച്ചു കൊണ്ടു വന്ന് വരുന്നവര്‍ വരെ. ടോക്കണ്‍ കൊടുക്കാന്‍ മുറിയുടെ പുറത്ത് ആളെ നിര്‍ത്തി. ഓരോരുത്തരുടേയും രോഗവിവരങ്ങള്‍ കേള്‍ക്കും. ഏത് ആശുപത്രിയില്‍ ഏത് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞു കൊടുക്കും. അര്‍ദ്ധരാത്രിക്ക് ശേഷം കത്തുകള്‍ വായിക്കും. ആ കത്തുകളില്‍ ആശുപത്രിയുടെ പേരും മറ്റു വിവരങ്ങളും എഴുതിയിടും. ഇങ്ങനെയായിരുന്നു പതിവ്.

പിന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ആളുകള്‍ വളണ്ടിയര്‍മാരായി വരാന്‍ തുടങ്ങി. റിട്ട. ഐ.പി. എസ.് ഉദ്യോഗസ്ഥര്‍ വരെ സഹായിക്കാനെത്തി. വീട്ടിനകത്ത് നിറയെ ആളുകള്‍. ആരൊക്കെ രോഗികള്‍, ആരൊക്കെ വളണ്ടിയര്‍മാര്‍ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥ. ആ വീട്ടില്‍ നാലു മുറികളുണ്ടായിരുന്നു. അതിലൊക്കെ കുറേ പേര്‍ താമസിക്കുന്നു. ആളുകളുടെ തിരക്കു കൂടിയപ്പോള്‍ ആ വീടിനു മുന്നില്‍ ഹോട്ടല്‍ വന്നു, കടകള്‍ തുറന്നു. ഇതെല്ലാമറിഞ്ഞ് ചെന്നൈയില്‍ താമസിക്കുകയായിരുന്ന വീട്ടുടമസ്ഥന്‍ വന്നു. എത്രയും പെട്ടെന്ന് വീടൊഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴേക്കും ബാങ്ക് മാനേജര്‍ വിളിച്ചു. സ്ഥാപനത്തിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം തീരാറായിരിക്കുന്നു. സൗജന്യ സേവനമാണ് നടത്തുന്നത്. ആരോടും ഒരു രൂപ പോലും ഫീസ് വാങ്ങുന്നില്ല. സഹായിക്കാനും മറ്റുമായി വന്നു താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തന്നെ വലിയ തുക വേണം. വരുന്നവര്‍ക്കിരിക്കാന്‍ വാടകക്കെടുത്ത കസേരകള്‍ക്കും മുകളില്‍ കെട്ടിയ പായക്കുമുള്ള വാടക തന്നെ വലിയ തുക വന്നു. കസേരയും പായയും വാങ്ങുവാന്‍ ചെലവാകുന്നതിന്റെ ഏഴിരട്ടിയായി വാടക കാശ്. ഈയവസ്ഥയില്‍ പോയാല്‍ ശാന്തി മെഡിക്കല്‍ സെന്ററിന് വലിയ ആയുസ്സുണ്ടാവില്ലെന്ന് ബോധ്യമായി.
 

അവയവ ദാനം

വാടക കെട്ടിടം ഒഴിയാന്‍ തീരുമാനമിച്ചു. ഗുരുവായൂര്‍ ആനക്കോട്ടയ്ക്ക് പിറകില്‍ വീട് വിലയ്ക്കു വാങ്ങി. താഴെ നിലയില്‍ ഓഫീസും മുകളില്‍ വീടും. രോഗികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം രോഗികളെ വിവിധ ആശുപത്രികളില്‍ ചികില്‍സയ്ക്ക് കൊണ്ടു പോവുന്നതിനും ശാന്തി മെഡിക്കല്‍ സെന്റര്‍ മുന്‍കൈ എടുത്തു തുടങ്ങി. അങ്ങനെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ രോഗികളുമായി പോയ സമയത്താണ് അവിടെ ചികില്‍സയിലായിരുന്ന കോട്ടപ്പടിക്കാരന്‍ സലീലിനെ കാണുന്നത്. 24-വയസ്സ് മാത്രമുണ്ടായിരുന്ന അനാഥനായ ആ ചെറുപ്പക്കാരന്‍ വൃക്കരോഗിയായിരുന്നു. ആരെങ്കിലും വൃക്ക നല്‍കിയാലേ അയാള്‍ക്ക് തുടര്‍ന്ന് ജീവിക്കാനാവൂ. 'അനാഥനായ എനിക്കാര് വൃക്ക തരാന്‍?' സലീല്‍ ചോദിച്ചു. എനിക്കയാളെ അങ്ങനെ മരണത്തിന് വിട്ടു കൊടുക്കാന്‍ തോന്നിയില്ല. ഞാന്‍ പറഞ്ഞു, ' നിങ്ങള്‍ക്ക് ഞാന്‍ വൃക്ക തരാം.' 1999 ജൂലായ് 28-ന് വിജയകരമായി ശസ്ത്രക്രിയ നടന്നു. അന്നു മുതല്‍ ശാന്തിയുടെ പ്രവര്‍ത്തനങ്ങളില്‍ സലീലും പങ്കാളിയാണ്. ഒരു വൃക്കയേ എനിക്ക് നല്‍കേണ്ടി വന്നുള്ളൂ. പകരം നല്ലൊരു സുഹൃത്തിനെ എനിക്കു കിട്ടി.

വൃക്കരോഗികളുടെ എണ്ണം നാട്ടില്‍ പെരുകി വന്നതോടെ ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഡയാലിസിസ് ഇടത്തരം കുടുംബങ്ങളില്‍ വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത്. നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായി ഞങ്ങള്‍ രംഗത്തിറങ്ങിയത് അങ്ങിനെയാണ്.

 

 
വയനാട്, പെരുമ്പടപ്പ്, കൂത്താട്ടുകുളം, പാലക്കാട് തുടങ്ങി 11 കേന്ദ്രങ്ങളില്‍ ശാന്തിക്ക് ഇപ്പോള്‍ ഡയാലിസിസ് സെന്ററുകള്‍ ഉണ്ട്. തീര്‍ത്തും ദരിദ്രരായവര്‍ക്ക് സൗജന്യമായി തന്നെ ഡയാലിസിസ് ചെയ്തു കൊടുക്കുന്നു. മറ്റുള്ളവരില്‍ നിന്ന് ചെറിയ പ്രതിഫലം ഈടാക്കുന്നു. രോഗികള്‍ പലരും ദീര്‍ഘദൂരം യാത്ര ചെയ്താണ് ഡയാലിസിസിന് എത്തുന്നത്. അതിനും ഉമ പരിഹാരം കണ്ടെത്തി. ശാന്തിയുടെ കീഴില്‍ സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. വൃക്ക രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും നേരത്തെ രോഗം കണ്ടെത്താനുള്ള പരിശോധനകള്‍ക്കും ശാന്തി മുന്‍കൈ എടുക്കുന്നു. ഇതിനു പുറമെ എഴുന്നൂറിലധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഉമയുടെ മുന്‍കൈയ്യില്‍ നടത്തി. വൃക്കദാനം ചെയ്യുന്നതിനുള്ള സന്ദേശവുമായി ഉമയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് സലില്‍ തന്നെയാണ്. വൃക്ക രോഗികള്‍ക്ക് മാത്രമല്ല ശാന്തിയുടെ പരിചരണം. ഹൃദയ ശസ്ത്രക്രിയകള്‍ക്കും അവര്‍ മുന്‍കൈ എടുക്കുന്നു. ഇരുപതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.

ഇന്ന്, ആദിവാസി ഊരുകളിലാണ് ഉമയുടെ സപര്യ. ഭുതത്താന്‍കെട്ടിലേയും അഗളിയിലേയും ആദിവാസി ഊരുകളില്‍ കക്കുസുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഉമ അവിടെയെത്തിയത്. അവിടെ ചെന്നപ്പോഴാണ് കക്കുസുകള്‍ ഇല്ലാത്തത് മാത്രമല്ല ആദിവാസികളുടെ പ്രശ്‌നമെന്ന് ഉമ മനസ്സിലാക്കുന്നത്. അഗളിയില്‍ ക്യാമ്പ് ചെയ്ത് അവിടുത്തെ ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉമ. അവര്‍ക്ക് ഭക്ഷണമെത്തിക്കാനും മദ്യപാനത്തിനും വെറ്റില മുറുക്കിനുമതെിരെ ബോധവത്ക്കരിക്കാനും ഉമ ശ്രമിക്കുന്നു.

ഇതിനെല്ലാം പണം കണ്ടെത്തുകയെന്നതും കഠിന ദൗത്യമാണ്. അതിനും ഉമ തന്നെ മുന്നിട്ടിറങ്ങുന്നു. വിദേശ രാജ്യങ്ങളില്‍ ചെന്ന് അവിടെയുള്ള ഇന്ത്യക്കാരില്‍ നിന്ന് ഉമ പണം കണ്ടെത്തുന്നു. ചോദിക്കാതെ തന്നെ വന്ന് പണവും പിന്തുണയും നല്‍കുന്നവരുമുണ്ട്. സാധാരണക്കാരനായ കൂലിത്തൊഴിലാളി മുതല്‍ പേരുവെളിപ്പെടുത്തരുതെന്ന് ഒറ്റ നിബന്ധന മാത്രം മുന്നോട്ടുവെച്ച, മലയാള സിനിമയിലെ വലിയൊരു നടന്‍ വരെ പിന്നണിയിലുണ്ട്.

അതെ, വിധിയേയും കാലത്തേയും ഉമ തോല്‍പ്പിച്ചിട്ടുണ്ട്. അത് തനിക്കു വേണ്ടിയല്ല. ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങള്‍ക്കു വേണ്ടിയാണ്. ഈ തിരിച്ചറിവ് തന്നെയാണ് ഉമയുടെ കരുത്ത്...

--
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment