Wednesday, 28 January 2015

[www.keralites.net] ആണവബാധ്യതാ വ ിഷയം : ഇന്ത്യ യുടെ പരമാധികാ രവും ജനങ്ങളുട െ താല്‍പ്പര്യ വും സംരക്ഷിക് കാനുള്ള പോരാട ്ടം തുടരുക...

 


 
ഒന്നാമതായി, 10,000 MW വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന റിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങും.

 
രണ്ടാമതായി, ആണവ അപകടമുണ്ടാക്കുന്ന പക്ഷം റിയാക്ടര്‍ദാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് ആവശ്യമായ ആണവബാധ്യതാ നിയമം കൊണ്ടുവരും.

 
ആത്മാര്‍ഥതയില്ലാതെ നല്‍കിയ ഈ വാഗ്ദാനങ്ങളാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ കാതല്‍. വിദേശദാതാക്കളെ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിക്കുന്ന ആണവബാധ്യതാനിയമം 2010 ആഗസ്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി.

 
ഈ ഘട്ടമാകുമ്പോഴേക്കും ഭോപാല്‍ വിഷവാതകദുരന്ത കേസില്‍ സുപ്രീംകോടതി വിധി വന്നിരുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനി നല്‍കിയ ചില്ലിക്കാശ് നഷ്ടപരിഹാരത്തില്‍ ഒതുങ്ങി ദുരന്തബാധിതര്‍ക്ക് ലഭിച്ച ആശ്വാസം. ആയിരങ്ങളുടെ മരണത്തിനും അതിലുമേറെ പേരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കിയ അമേരിക്കന്‍കമ്പനി ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറിയതില്‍ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്ന സമയമായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ വിദേശകമ്പനികളെ ദുരന്തബാധ്യതയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയുമായിരുന്നില്ല.

 
അമേരിക്കയും UPA സര്‍ക്കാരും ആഗ്രഹിച്ചത് അപകടങ്ങളുടെ ഉത്തരവാദിത്തം ആണവനിലയ നടത്തിപ്പുകാര്‍ അഥവാ ആണവോര്‍ജ കോര്‍പറേഷന്‍മാത്രം വഹിച്ചാല്‍ മതിയെന്നായിരുന്നു.

 
എന്നാല്‍, സിവില്‍ ആണവകരാര്‍ പരിശോധിച്ച പാര്‍ലമെന്ററി സ്ഥിരംസമിതി, ബില്ലില്‍ രണ്ട് അനുഛേദങ്ങള്‍ കൂട്ടിചേര്‍ക്കാന്‍ ശുപാര്‍ശചെയ്തു. വിതരണംചെയ്ത ഉപകരണങ്ങളുടെ സാങ്കേതികത്തകരാറ് കാരണമാണ് അപകടമുണ്ടാകുന്നതെങ്കില്‍ ആ ബാധ്യത വിതരണക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഈ അനുഛേദങ്ങള്‍ നിഷ്കര്‍ഷിക്കുന്നത്.

 
ഈ ബില്‍ നിയമാകുമ്പോള്‍ പ്രസ്തുത അനുഛേദങ്ങളില്‍ വെള്ളംചേര്‍ത്ത് ഇവ നടപ്പാക്കാതിരിക്കാനുള്ള ശ്രമം അണിയറയില്‍ നടന്നു. എന്നാല്‍, പാര്‍ലമെന്ററി സമിതിയിലെ CPIM അംഗത്തിന്റെ ശ്രദ്ധകൊണ്ടുമാത്രമാണ് 17(ബി) വകുപ്പില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം പുറത്തായത്. പാര്‍ടി നേതൃത്വവുമായി ചര്‍ച്ചചെയ്ത് ഈ വിഷയം ശക്തമായി ഉയര്‍ത്താന്‍ CPIM അംഗത്തിന് കഴിഞ്ഞു.

 
സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പുറത്തായതോടെ ഗത്യന്തരമില്ലാതെയാണ് മുന്‍ അനുഛേദം നിയമത്തിന്റെ ഭാഗമാക്കണമെന്ന് BJP ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാനിയമത്തില്‍ എന്തൊക്കെ കുറവുകളുണ്ടെങ്കിലും വിദേശദാതാക്കളുടെ ബാധ്യത അതില്‍ നിര്‍വചിക്കപ്പെട്ടിരുന്നു.

 
2010 നവംബറില്‍ ഒബാമ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഈ നിയമം പാസാക്കിയിരുന്നു. അതിനുശേഷം, ഈ നിയമത്തില്‍ മാറ്റംവരുത്താന്‍ അമേരിക്ക നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ബാധ്യത സംബന്ധിച്ച അനുഛേദങ്ങള്‍ നിലനില്‍ക്കുന്ന പക്ഷം ഇന്ത്യയുമായി വാണിജ്യകരാറുകളില്‍ ഏര്‍പ്പെടാന്‍ അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിങ്ഹൗസും വിസമ്മതിച്ചു. ഈ നിയമം ഇന്‍ഷുറന്‍സ് ചെലവ് വര്‍ധിപ്പിക്കുമെന്നും അത് വാണിജ്യപരമായി നഷ്ടം വരുത്തിവയ്ക്കുമെന്നും അവര്‍ വാദിച്ചു. ഈ വകുപ്പില്‍ വെള്ളംചേര്‍ത്തുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ UPA സര്‍ക്കാര്‍ നാലുവര്‍ഷത്തോളം ശ്രമിച്ചു. എന്നാല്‍, അതൊന്നും അമേരിക്കയെ തൃപ്തിപ്പെടുത്തിയില്ല.

 
BJP സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അമേരിക്കയുമായി തന്ത്രപ്രധാനബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ അത്യുല്‍സാഹം കാട്ടുകയായിരുന്നു നരേന്ദ്രമോഡി. ആണവബാധ്യതാനിയമത്തെ ദുര്‍ബലമാക്കാന്‍ പുതിയനീക്കങ്ങള്‍ ഇതോടെ ആരംഭിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു കരാറിലെത്തിയെന്ന പ്രഖ്യാപനം കാണിക്കുന്നത് അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് BJP സര്‍ക്കാര്‍ വഴങ്ങിയെന്നാണ്.

 
ഇന്ത്യക്ക് വില്‍ക്കുന്ന അമേരിക്കന്‍ റിയാക്ടറുകള്‍ക്ക് അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗ്യാരന്റി നില്‍ക്കുന്നതിനുപകരം, 750 കോടി രൂപയുടെ ഒരു നിധിയുണ്ടാക്കി ഇന്ത്യന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഗ്യാരന്റി നില്‍ക്കുന്നത്. മറ്റൊരു 750 കോടി രൂപയുടെ ഗ്യാരന്റി ഇന്ത്യ ഗവണ്‍മെന്റും നില്‍ക്കും. ഇതുവഴി ആണവബാധ്യതാനിയമത്തില്‍ പറയുന്ന നഷ്ടപരിഹാര പരിധിയായ 1500 കോടിരൂപ സമാഹരിക്കും. അമേരിക്കന്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരം ഇന്ത്യയിലെ ജനങ്ങള്‍ നല്‍കണമെന്നര്‍ഥം. അമേരിക്കയുടെ വാണിജ്യലാഭമെന്ന ആവശ്യത്തിനുമുമ്പില്‍ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോഡിസര്‍ക്കാര്‍.

 
വിദേശകമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് ഇന്ത്യയിലെ ദുരന്തബാധിതര്‍ക്ക് കോടതിയെ സമീപിക്കാമെന്ന ആണവബാധ്യതാനിയമത്തിലെ വകുപ്പിന് അറ്റോര്‍ണി ജനറല്‍വഴി വിശദീകരണം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നിയമപരമായി ഒരടിസ്ഥാനവുമില്ലാത്ത, സംശയാസ്പദമായ നീക്കമാണിത്.

 
അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്കുവഴങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പാതയിലൂടെതന്നെയാണ് മോഡി സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്ന് വ്യക്തം.

 
ഉപാധികളോടെ വിലകൂടിയ ഈ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യേണ്ട ഒരാവശ്യവും ഇന്ത്യക്കില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇറക്കുമതി റിയാക്ടറില്‍നിന്ന് ചുരുങ്ങിയ വിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകില്ല.
ഇനി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ത്തന്നെ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത റിയാക്ടറുകള്‍ ഉപയോഗിച്ചാല്‍ മതി.
ഈ സമ്മര്‍ദിത ഘനജല റിയാക്ടറുകള്‍ക്ക് വിലക്കുറവുണ്ടെന്നു മാത്രമല്ല മെച്ചപ്പെട്ട സുരക്ഷാനിലവാരവും ഉണ്ട്.

 
എന്നാല്‍, ഈ പാതയല്ല ഇന്ത്യന്‍ ഭരണാധികാരികള്‍ തെരഞ്ഞെടുക്കുന്നത്. അമേരിക്കയുമായുള്ള ആണവകരാറാണ് അവര്‍ക്ക് പഥ്യം. തന്ത്രപ്രധാന ബന്ധംമാത്രമല്ല, അമേരിക്കന്‍ വിധേയത്വവും അതിന് വിലയായി നല്‍കണമെന്നുമാത്രം. ആണവബാധ്യതാ വിഷയം പെട്ടെന്ന് തീരുമെന്നു കരുതുന്നത് മൗഢ്യമാകും. ഇന്ത്യയുടെ പരമാധികാരവും ജനങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും.

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment