അതികായകന്റെ പതനം അതാണ് ശ്രീലങ്കയില്‍ സംഭവിച്ചത്. പത്തുവര്‍ഷമായി ശ്രീലങ്കയില്‍ എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കിയ മഹിന്ദ രജപക്സെക്ക് ഏഴാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. നാല്‍പ്പത്തഞ്ചോളം ചെറുതും വലുതുമായ പ്രതിപക്ഷ പാര്‍ടികളുടെ പൊതുസ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വിജയിച്ചു.
രജപക്സെ "ജൂദാസെ'ന്നും സര്‍ക്കാര്‍ പത്രം സണ്‍ഡെ ഒബ്സര്‍വര്‍ "ചതിയനെ'ന്നും വിശേഷിപ്പിച്ച സിരിസേനയാണ് വെള്ളിയാഴ്ച ദ്വീപ് രാഷ്ട്രത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
റഷ്യയിലെ മാര്‍ക്സിം ഗോര്‍ക്കി ലിറ്റററി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം നേടി കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് പിന്നീട് സിംഹള രാഷ്ട്രീയത്തിന്റെ വക്താവായ സിരിസേനയുടെ വിജയം ശ്രീലങ്കന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഉറപ്പിച്ച് പറയാം. കൂടുതല്‍ വിപുലമായ ജനാധിപത്യഭരണക്രമത്തിലേക്കുള്ള ചുവടുവയ്പായും ഈ വിജയത്തെ കാണാം.
അമിതാധികാരപ്രവണതയുള്ള ഇന്ത്യയിലെ നരേന്ദ്രമോഡി അടക്കമുള്ള നേതാക്കള്‍ക്ക് താക്കീതും മുന്നറിയിപ്പുമാണ് അയല്‍രാജ്യമായ ശ്രീലങ്കയിലെ തെരഞ്ഞെടുപ്പുഫലം.
2005 ലാണ് ശ്രീലങ്ക ഫ്രീഡം പാര്‍ടി നേതാവ് രജപക്സെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. 2009ല്‍ തമിഴ് ഈഴം പുലികളെ (എല്‍ടിടിഇ) രക്തരൂഷിതമായ സൈനികനീക്കത്തിലൂടെ തോല്‍പ്പിച്ചതോടെയാണ് ശക്തനായ നേതാവ് എന്ന പരിവേഷം രജപക്സെക്ക് ചാര്‍ത്തിക്കിട്ടിയത്. ആറുവര്‍ഷത്തിലൊരിക്കലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും വേലുപ്പിള്ള പ്രഭാകരനെ വധിച്ച് LTTE യെ ഒതുക്കിയ രാഷ്ട്രീയസാഹചര്യം അനുകൂലമാക്കി ആറുവര്‍ഷംകൂടി അധികാരം ഉറപ്പിക്കുന്നതിനായി 2010ല്‍ ഒരു വര്‍ഷംമുമ്പ് തെരഞ്ഞെടുപ്പ് നടത്തുകയും രജപക്സെ വിജയിക്കുകയും ചെയ്തു.
LTTE യെ ഒതുക്കാന്‍ സൈന്യത്തിന് നേതൃത്വംനല്‍കിയ ഫൊന്‍സകെയാണ് അന്ന് എതിരിട്ടതെങ്കിലും രജപക്സെ തന്നെ വിജയം നേടി. ഈ വിജയത്തോടെയാണ് അധികാരം രജപക്സെയുടെ തലയ്ക്കുപിടിച്ചത്. ഫൊന്‍സകെയെ ജയിലിലടച്ചു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ വിധിയെഴുതിയതിന് ചീഫ് ജസ്റ്റിസ് ശിരാനി ബണ്ഡാരനായകയെ ഇംപീച്ച് ചെയ്തു. സ്വതന്ത്രമാധ്യമങ്ങളുടെ വായ മൂടിക്കെട്ടി.
ഭരണത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹം സ്വന്തക്കാരെ തിരുകിക്കയറ്റി. രാജ്യത്തിന്റെ ജിഡിപിയുടെ 45 ശതമാനവും കൈകാര്യംചെയ്യുന്നത് രജപക്സെയും ബന്ധുക്കളും കൈയടക്കിയ വകുപ്പുകളായിരുന്നു. പ്രതിരോധ-നഗരവികസനമന്ത്രി സഹോദരനായ ഗൊതബായ ആണെങ്കില്‍ സാമ്പത്തികവകുപ്പുമന്ത്രി മറ്റൊരു സഹോദരന്‍ ബാസില്‍ രജപക്സെയാണ്. ചമല്‍ ജയന്ത എന്ന മൂത്ത സഹോദരനാണ് സ്പീക്കര്‍. മകന്‍ നമല്‍ പാര്‍ലമെന്റംഗമാണ്. രജപക്സെയുടെ നാല്‍പ്പതോളം ബന്ധുക്കള്‍ അധികാരകേന്ദ്രങ്ങളിലുണ്ട്.
സ്വജനപക്ഷപാതവും കോടികളുടെ അഴിമതിയും രജപക്സെയെ ജനങ്ങളില്‍നിന്ന് അകറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എല്‍ടിടിഇയുടെ പരാജയത്തോടെ രാജ്യത്ത് സമാധാനം കൈവരികയും ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതസൗകര്യം ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍, സ്വന്തക്കാരുടെ വികസനത്തില്‍മാത്രം രജപക്സെ ശ്രദ്ധിച്ചപ്പോള്‍ ജനങ്ങളുടെ വികസനസ്വപ്നങ്ങളുടെ ചിറകാണ് അരിയപ്പെട്ടത്. സിംഹള വോട്ടില്‍ത്തന്നെ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ഇത് കാരണമായി.
മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ ഉള്‍പ്പെടെ ശ്രീലങ്ക ഫ്രീഡം പാര്‍ടിയുടെ നിശ്ശബ്ദരായ നേതാക്കള്‍ ഇക്കുറി പരസ്യമായി രജപക്സെക്കെതിരെ തിരിഞ്ഞു. ശ്രീലങ്കന്‍ ജനസംഖ്യയില്‍ 70% വും സിംഹളരാണ്. സങ്കുചിത സിംഹള ദേശീയവാദത്തിന്റെ കൊടി ഉയര്‍ത്തുന്ന ജതിക ഹേല ഉറുമായ (നാഷണല്‍ ഹെറിറ്റേജ് പാര്‍ടി) മുതല്‍ ജന വിമുക്തി പെരുമുന (ജെവിപി) വരെയുള്ള കക്ഷികളാണ് ഇക്കുറി സിരിസേനയ്ക്ക് മുന്നില്‍ അണിനിരന്നത്. ഇത് സിംഹളവോട്ടില്‍ കാര്യമായ വിള്ളല്‍ സൃഷ്ടിക്കുന്നതിന് കാരണമായി. 1978ലാണ് ശ്രീലങ്കയില്‍ ഇന്ന് കാണുന്ന രീതിയിലുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഒരു വ്യക്തിക്ക് രണ്ടുതവണ മാത്രമേ പ്രസിഡന്റാകാന്‍ ഭരണഘടന അനുവദിക്കുന്നുള്ളൂ. 12 വര്‍ഷം അധികാരത്തില്‍ തുടരാമെന്നര്‍ഥം. ജയവര്‍ധനെ, പ്രേമദാസ, ചന്ദ്രിക കുമരതുംഗ, രജപക്സെ എന്നിവരെല്ലാം രണ്ടുതവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍, അധികാരമോഹിയായ രജപക്സെ പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയില്‍ (പതിനെട്ടാമത്) ഭേദഗതി വരുത്തി മൂന്നാംതവണയും മത്സരിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ ഭരണഘടനാഭേദഗതി. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് വിധിയിലൂടെ കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു.
അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം ഈ ഭരണഘടനാഭേദഗഗതി റദ്ദുചെയ്യുമെന്ന് വാഗ്ദാനം നല്‍കിയാണ് സിരിസേന അധികാരമേറിയിട്ടുള്ളത്. മാത്രമല്ല, രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് നയിക്കുമെന്നും സിരിസേന വാഗ്ദാനം ചെയ്തു. മുഖ്യപ്രതിപക്ഷ പാര്‍ടിയായ യുണൈറ്റഡ് നാഷണലിസ്റ്റ് പാര്‍ടിയുടെ നേതാവ് റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുമെന്നും സിരിസേന വാഗ്ദാനം ചെയ്തിരുന്നു. എല്‍ടിടിഇയെ തകര്‍ത്തശേഷം ശ്രീങ്കയിലെ തമിഴ് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനുള്ള സുവര്‍ണാവസരമാണ് രജപക്സെക്ക് കൈവന്നിരുന്നത്. എന്നാല്‍, ഈ അവസരം ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, സിംഹള-തമിഴ് വൈര്യത്തിന് മൂര്‍ച്ചകൂട്ടുന്ന നടപടികളാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. ജാഫ്നയും വാന്നിയും ഉള്‍പ്പെട്ട വടക്കന്‍ ശ്രീലങ്കയിലെ എഴുപതുലക്ഷം വരുന്ന തമിഴ് വംശജരുടെ പുനരധിവാസത്തിന് ആത്മാര്‍ഥമായ ഒരു ശ്രമവും രജപക്സെ സര്‍ക്കാരില്‍നിന്നുണ്ടായില്ല.
വടക്കന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ജസ്റ്റിസ് സി വി വിഘ്നേശ്വരന്‍ പറയുന്ന വാക്കുകള്‍ രജപക്സെയുടെ തമിഴ്വിരുദ്ധ നിലപാടുകള്‍ക്കുള്ള സാക്ഷ്യപത്രമാണ്. ശ്രീലങ്കന്‍ ജനസംഖ്യയില്‍ മൂന്നിലൊന്നും തമിഴരാണ്. തോട്ടം തൊഴിലാളികളായി ദശാബ്ദങ്ങള്‍ക്കുമുമ്പ് കുടിയേറിയവരാണ് ഇവര്‍. രജപക്സെയുടെ ഭരണകാലത്ത് ഭയത്തിന്റെ നിഴലിലാണ് ഇവര്‍ ജീവിച്ചത്. വടക്കന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയും മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിഘ്നേശ്വരന്റെ ടെലിഫോണും ഇ മെയിലുകളും മറ്റും പ്രതിരോധമന്ത്രാലയത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരധികാരവും വിഘ്നേശ്വരന് നല്‍കാന്‍ രജപക്സെ സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്ര സര്‍ക്കാരും ബ്യൂറോക്രസിയുമാണ് യഥാര്‍ഥത്തില്‍ ഭരണം നടത്തിയത്. സ്വന്തം സെക്രട്ടറിയെ തെരഞ്ഞെടുക്കാനോ ആശുപത്രികളില്‍ ഒരു കക്കൂസ് നിര്‍മിച്ച് നല്‍കാന്‍ പോലുമോ തനിക്ക് അധികാരമുണ്ടായിരുന്നില്ലെന്ന് വിഘ്നേശ്വരന്‍ പരാതിപ്പെട്ടു. സ്വന്തം സംസ്ഥാനത്ത് സഞ്ചരിക്കാന്‍ പോലും വിഘ്നേശ്വരന് പ്രതിരോധമന്ത്രാലയത്തിന്റെ അനുവാദം വേണമായിരുന്നു. സൈന്യം സ്കൂളും ക്ഷേത്രവും ഇടിച്ച് നിരത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന വിഘ്നേശ്വരനെ പട്ടാളം തടഞ്ഞത് വലിയ വിവാദമായിരുന്നു.
"രജപക്സെ സര്‍ക്കാരിനെതിരെയുള്ള വോട്ട് എന്നാല്‍ അത് ജനാധിപത്യത്തിനുള്ള വോട്ടാണെന്ന്' വിഘ്നേശ്വരന്‍ പറഞ്ഞത് അര്‍ഥവത്താകുന്നതും ഈ സാഹചര്യത്തിലാണ്. തമിഴ് വംശജരുടെ ഏറ്റവും വലിയ സംഘടനയായ തമിഴ് നാഷണല്‍ അലയന്‍സിന്റെ പിന്തുണ സിരിസേനയ്ക്ക് ലഭിച്ചത് വടക്കന്‍ മേഖലകളില്‍ വളരെ മുന്നിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചു. പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് സിരിസേന എതിരാണെന്ന് അറിഞ്ഞുതന്നെയാണ് രജപക്സെക്കെതിരെ അവര്‍ വോട്ട് ചെയ്തത്. മുസ്ലിങ്ങളും ഇക്കുറി രജപക്സെക്കെതിരെ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പാണ് രജപക്സെയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ടി നയിക്കുന്ന സഖ്യത്തിലെ അംഗമായിരുന്ന ശ്രീലങ്ക മുസ്ലിം കോണ്‍ഗ്രസ് രജപക്സെയെ വിട്ട് പ്രതിപക്ഷത്തിനൊപ്പം അണിചേര്‍ന്നത്. എസ്എല്‍എഫ്പിയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് മുസ്ലിം കോണ്‍ഗ്രസ് ഉപേക്ഷിച്ചത്. പള്ളി നശിപ്പിച്ചും അവര്‍ക്കെതിരെ കൊളംബോയ്ക്ക് തെക്ക് അളുതഗാമയിലും ബെറുവാലയിലും മറ്റും നടന്ന ആക്രമണവുമാണ് മുസ്ലിങ്ങളെ രജപക്സെയില്‍നിന്ന് അകറ്റിയത്. തീവ്ര ബുദ്ധിസ്റ്റ് സേനയായ ബോദു ബാല സേന മുസ്ലിങ്ങള്‍ക്കെതിരെ കിരാതമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് രജപക്സെ സ്വീകരിച്ചത്. ഭരണത്തില്‍ ക്രിസ്ത്യാനികളും അസന്തുഷ്ടരായിരുന്നു. സ്വതന്ത്രമായി മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഏറ്റവും നിഹനിക്കപ്പെട്ട കാലമാണ് കടന്നുപോയത്. ക്രിസ്ത്യാനികളുടെയും തമിഴരുടെയും മുസ്ലിങ്ങളുടെയും വലിയവിഭാഗം സിംഹളരുടെയും ബുദ്ധമതക്കാരുടെയും പിന്തുണ നഷ്ടമായതാണ് രജപക്സെയുടെ പതനത്തിന് കാരണം. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ "സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക'യില്‍ പറയുന്നതുപോലെ "വെളുത്തകുപ്പായത്തിനും വെള്ളക്കൈയുള്ള ചിരിക്കുംപിന്നില്‍ ഫാസിസത്തിന്റെ പല്ലുംനഖവുമുള്ള' വ്യക്തിയാണ് ജനാധിപത്യത്തിന്റെ കരുത്തില്‍ നിലംപൊത്തിയത്.
No comments:
Post a Comment