Wednesday, 14 January 2015

[www.keralites.net] Economics of Oil Price

 

എണ്ണവിലയുടെ ധനശാസ്ത്രം

 
by പ്രഭാവര്‍മ

 
ഏതൊരു ഉല്‍പ്പന്നത്തിന്റെയും വിലയെ നിര്‍ണയിക്കുന്നത് സാമ്പത്തികമെന്നതുപോലെ രാഷ്ട്രീയഘടകങ്ങള്‍ കൂടിയാണ്. ലോക രാഷ്ട്രീയത്തിന്റെതന്നെ ഗതിവിഗതികളെ സ്വാധീനിക്കുന്ന ഉല്‍പ്പന്നമെന്ന നിലയ്ക്ക് എണ്ണയുടെ കാര്യത്തില്‍ ഇത് ഇങ്ങനെയായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അസംസ്കൃത എണ്ണയുടെ വില ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിയിട്ടുള്ളത്. 2008 ജൂലൈയില്‍ ഒരു ബാരലിന് 145.75 ഡോളറായിരുന്നിടത്തുനിന്ന് ഇപ്പോള്‍ ഏതാണ്ട് 45 ഡോളറിലേക്ക് താണു. ഇനിയും താഴാം; നാല്‍പ്പതിലേക്കെത്താം. തീര്‍ച്ചയായും ഈ വിലത്തകര്‍ച്ചയ്ക്കു പിന്നില്‍ ആവശ്യവും ലഭ്യതയും സംബന്ധിച്ച അടിസ്ഥാന സാമ്പത്തികതത്വമുണ്ട്. എന്നാല്‍, ആ തത്വത്തിന്റെ ഈ സവിശേഷഘട്ടത്തിലെ പ്രയോഗത്തിനു പിന്നില്‍ രാഷ്ട്രീയവുമുണ്ട്. 
 
രാഷ്ട്രീയകാരണങ്ങള്‍

ഒന്ന്: അമേരിക്ക ഇപ്പോള്‍ ഷെയ്ല്‍ എന്നൊരു ഇന്ധനം കണ്ടെത്തിയിരിക്കുന്നു. കടലിനടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍നിന്ന് സവിശേഷ സാങ്കേതികജ്ഞാനമുപയോഗിച്ച് പുറത്തെടുക്കുന്ന വാതകത്തെ വിവിധ ഇന്ധനരൂപങ്ങളാക്കി മാറ്റുകയാണവര്‍. പെട്രോളിനെയും ഡീസലിനെയും പകരംവയ്ക്കാനുപയോഗിക്കാവുന്ന ഈ ഇന്ധനം ദിവസേന അഞ്ചുലക്ഷം ബാരല്‍ എന്ന തോതില്‍ കമ്പോളത്തില്‍ വരുന്നു. ലോക കമ്പോളത്തില്‍ എണ്ണവില കുറഞ്ഞാല്‍ മാത്രമേ ഷെയ്ല്‍ ഗ്യാസിന്റെ വ്യാപ്തിക്ക് തടയിടാനാകൂ. ഷെയ്ല്‍ ഗ്യാസിന് വലിയതോതിലുള്ള ഉല്‍പ്പാദനച്ചെലവുണ്ട്. എണ്ണവില 40 ഡോളറായി താഴ്ന്നിരുന്നാല്‍ നൂറുഡോളറിന്റെ ഉല്‍പ്പാദനച്ചെലവ് ആവശ്യപ്പെടുന്ന ഷെയ്ല്‍ ഗ്യാസിന് പിന്നെ എവിടെ സ്ഥാനം? ഷെയ്ല്‍ ഗ്യാസ് ഡ്രില്ലിങ് കമ്പനികള്‍ ലാഭകരമല്ലാത്ത നിലയിലാകും. അവ പൂട്ടും. എണ്ണയ്ക്ക് ഷെയ്ല്‍ ഗ്യാസ് പകരമാകരുത് എന്ന ചിന്ത ഈ വിലക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

 
രണ്ട്: എണ്ണഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയില്‍ "സ്വിങ് പ്രൊഡ്യൂസര്‍'  എന്ന റോളാണ് സൗദി അറേബ്യ ഇതുവരെ വഹിച്ചിരുന്നത്. നിശ്ചിത കാലയളവില്‍ എണ്ണഉല്‍പ്പാദക രാജ്യങ്ങള്‍ കൂട്ടായി നിശ്ചിത അളവ് എണ്ണയേ ഖനം ചെയ്തെടുക്കാവൂ എന്നൊരു ധാരണയുണ്ട്. എന്നാല്‍, പല കാരണങ്ങളാല്‍ ചില രാജ്യങ്ങള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട ക്വോട്ടയില്‍ കൂടുതല്‍ എണ്ണ എടുക്കും. ആ രാജ്യം എത്ര കൂടുതലായി ഉല്‍പ്പാദിപ്പിച്ചോ, ആത്ര കുറവ് എണ്ണയേ സൗദിഅറേബ്യ ഉല്‍പ്പാദിപ്പിക്കൂ. ഇതാണ് സ്വിങ് പ്രൊഡ്യൂസറുടെ റോള്‍. ഓപക് രാജ്യങ്ങള്‍ക്ക് പുറത്തുള്ളവ അധികമായി ഉല്‍പ്പാദിപ്പിച്ചാല്‍പ്പോലും സൗദി ഇതുചെയ്യുമായിരുന്നു. എന്നാല്‍, അടുത്തിടെ ഈ സ്വിങ് പ്രൊഡ്യൂസര്‍ റോള്‍ സൗദി അറേബ്യ ഉപേക്ഷിച്ചു. ഏതെങ്കിലും രാജ്യം പരിധിവിട്ട് പെരുമാറുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം തങ്ങള്‍ എന്തിനു സഹിക്കണമെന്ന ചിന്തയിലായി സൗദി. ഇതോടെ എല്ലാ പരിധിയും കടന്നുള്ള എണ്ണ ഉല്‍പ്പാദനമായി. എണ്ണകൊണ്ട് ലോക കമ്പോളം നിറഞ്ഞു.

 
മൂന്ന്: സിറിയയിലും ഈജിപ്തിലും എന്നുവേണ്ട പല രാജ്യങ്ങളിലും പുതുതായി രൂപംകൊണ്ട ഐഎസ് എന്ന ഭീകരസംഘടന മുന്നേറ്റത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ എണ്ണക്കിണറുകള്‍ നിയന്ത്രണത്തിലാക്കി. ഇവര്‍ വളരെ തുച്ഛമായ തുകയ്ക്ക് എണ്ണഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് അനൗദ്യോഗികമായി എണ്ണ കൈമാറി പണമുണ്ടാക്കുന്നു. ആ പണമുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഇവരുടെ സമാന്തര എണ്ണവ്യാപാരം ഇല്ലാതാകാന്‍ ഔദ്യോഗിക കമ്പോളത്തില്‍ എണ്ണവില കുറയണം.

 
നാല്: റഷ്യന്‍ സര്‍ക്കാരിന്റെ മൊത്തം വരവിന്റെ 50 ശതമാനം എണ്ണയില്‍നിന്നാണ്. വെനസ്വേലയുടെ വരവിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെതന്നെ. എണ്ണയെ ആശ്രയിച്ച് നില്‍ക്കുന്ന ഈ രണ്ട് രാജ്യങ്ങളെയും സാമ്പത്തികമായി തകര്‍ക്കണമെങ്കില്‍ എണ്ണവില അന്താരാഷ്ട്രതലത്തില്‍ കാര്യമായി ഇടിയണം. ചില മാസങ്ങള്‍ക്കുമുമ്പ് എണ്ണവില കുറച്ച് ഇടിഞ്ഞപ്പോള്‍ത്തന്നെ റൂബിളിന്റെ മൂല്യം കുത്തനെ താഴോട്ടുപോയി. വെനസ്വേലയിലും സമാനമായ സ്ഥിതിയുണ്ടായി. റഷ്യയെയും വെനസ്വേലയെയും വരുതിയിലാക്കാന്‍ പറ്റുമോ എന്ന ചിന്തയുമിതിന് പിന്നിലുണ്ട്.  റഷ്യന്‍- വെനസ്വേലന്‍ സമ്പദ്ഘടനകള്‍ ക്ഷീണിക്കുക എന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെകൂടി താല്‍പ്പര്യമാണ്. അതേസമയം, അമേരിക്കന്‍ ഷെയ്ല്‍ വാതകത്തിന് കമ്പോളം കിട്ടാതെവരിക എന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധവുമാണ്.

 
അങ്ങനെ നോക്കിയാല്‍ പെട്ടെന്ന് നിര്‍വചിക്കാനാകാത്ത സങ്കീര്‍ണങ്ങളായ ഒരുപാട് കാര്യങ്ങള്‍ ഈ എണ്ണ വിലത്തകര്‍ച്ചയില്‍ കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ ലോകത്ത് ഏത് ശക്തി ഇടപെട്ട് ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല.

 

 
ആവശ്യ- ലഭ്യതാ സിദ്ധാന്തം Demand-Supply Theory

ഷെയ്ല്‍ ഗ്യാസിന്റെ വരവ്, അമേരിക്കയുടെ അഞ്ചുലക്ഷം ബാരലിന്റെ അധിക പ്രതിദിനഉല്‍പ്പാദനത്തിനൊപ്പം ലിബിയയുടെ രണ്ടുലക്ഷം ബാരലിന്റെ അധികഉല്‍പ്പാദനം, സൗദി അറേബ്യയുടെ സ്വിങ് പ്രൊഡ്യൂസര്‍ റോള്‍ ഉപേക്ഷിക്കല്‍, ഭീകരസംഘടനകള്‍ കൈയടക്കിയ എണ്ണഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്നുള്ള അനിയന്ത്രിത എണ്ണപ്രവാഹം എന്നിവയൊക്കെ ചേര്‍ന്ന് ഒരുവശത്ത് എണ്ണയുടെ ലഭ്യത വല്ലാതെ കൂട്ടി. അതേസമയം, മറുവശത്താകട്ടെ, സാമ്പത്തികമാന്ദ്യത്തില്‍നിന്ന് പൂര്‍ണമായി കരകയറിയിട്ടില്ലാത്ത പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ജപ്പാനും മറ്റും നിര്‍മാണമടക്കമുള്ള മേഖലകളിലെ അതിവ്യയം നിയന്ത്രിച്ചതുകൊണ്ട് എണ്ണയുടെ "ഡിമാന്‍ഡ്' വല്ലാതെ കുറഞ്ഞു. ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ ഏറ്റെടുക്കാനാളില്ലാതെ കെട്ടിക്കിടക്കുന്ന നിലയായി.

 
ഇത് മറ്റൊരു സാമ്പത്തികപ്രതിസന്ധിക്ക് വഴിവയ്ക്കുമോ? അതും സംഭവിച്ചുകൂടായ്കയില്ല. എണ്ണവില 150 ഡോളറിലേക്കും മറ്റും ഉയര്‍ന്നിരുന്ന ഘട്ടത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഉയര്‍ന്ന വായ്പ വച്ചുനീട്ടിയ സിറ്റി ബാങ്കും ഗോള്‍ഡ്മാന്‍ സാച്ചസും പോലുള്ള സാമ്പത്തികസ്ഥാപനങ്ങളുണ്ട്. എണ്ണവില കുത്തനെ ഇടിഞ്ഞ ഈ പ്രതിഭാസം തുടര്‍ന്നാല്‍ വായ്പാപണം അടച്ചുതീര്‍ക്കുന്നതിനേക്കാള്‍ ലാഭകരം, തങ്ങളുടെ പണയവസ്തു- എണ്ണക്കിണര്‍- ബാങ്കുകാര്‍ പിടിച്ചെടുക്കുന്നതാകും എന്ന് വായ്പയെടുത്തവര്‍ ചിന്തിക്കും. സാമ്പത്തികമാന്ദ്യകാലത്തെ സബ്പ്രൈം ക്രെഡിറ്റിന്റെ മറ്റൊരു രൂപം! എണ്ണവില ബാരലിന് 20 ഡോളറിനും താഴേക്കുവന്നാലേ തങ്ങള്‍ ഇടപെടൂ എന്നാണ് ഒപെക് പറയുന്നത്. അങ്ങനെവന്നാല്‍ പിന്നെ ഇടപെടലിന്റെ ആവശ്യമുണ്ടാവില്ല എന്നതു മറ്റൊരു കാര്യം. കഴിഞ്ഞ നവംബറിലാണ് ഒപെക് ഒടുവില്‍ യോഗം ചേര്‍ന്നത്. അതിനുശേഷം 35 ശതമാനം ഇടിവാണ് ഇതുവരെയായി ഉണ്ടായിട്ടുള്ളത്.

 
ഇന്ത്യയില്‍ സംഭവിക്കുന്നത്

ആവശ്യമായതിന്റെ 80% ത്തോളം എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യം എന്ന നിലയ്ക്ക് എണ്ണവിലത്തകര്‍ച്ചമൂലം നമ്മുടെ ഓയില്‍ ബില്ലില്‍ വലിയ കുറവുവരും എന്നത് ആഹ്ലാദകരമാണ്. 160 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയുടെ വാര്‍ഷിക എണ്ണഇറക്കുമതി ബില്‍. ഇത് ഏതാണ്ട് മൂന്നിലൊന്നായി കുറയും. 50 ബില്യണ്‍ ഡോളറിലെത്തിനില്‍ക്കും.

 
പക്ഷേ, മറ്റൊന്നുണ്ട്. എണ്ണവിലത്തകര്‍ച്ച ഈ നിലയ്ക്ക് കുറേക്കാലം തുടര്‍ന്നാല്‍ പരോക്ഷ പ്രത്യാഘാതങ്ങള്‍ ഇന്ത്യക്ക് അനുഭവിക്കേണ്ടിവരും. പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാര്‍ക്ക്. ഡോളറിനെതിരെ അവിടങ്ങളിലെ കറന്‍സി ക്ഷീണിക്കും. അതുകൊണ്ടുതന്നെ നഷ്ടം. എണ്ണവില താഴ്ന്നുനിന്നാല്‍ നിര്‍മാണവികസന മേഖലകളിലെ നിക്ഷേപം കുറയും. അപ്പോള്‍ തൊഴില്‍നഷ്ടം, ശമ്പളക്കുറവ് തുടങ്ങിയവയായി പ്രശ്നങ്ങള്‍ തുടങ്ങും.

 
മധ്യധരണ്യാഴി പ്രദേശങ്ങളിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെയും അത് വലിയതോതില്‍ മന്ദീഭവിപ്പിക്കും. ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ വലിയ ഇടിവാകും അത് ഉണ്ടാക്കുക.

 
ചങ്ങാത്ത മുതലാളിത്ത ത്തിന്റെ വഴിക്ക് ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഭരണരാഷ്ട്രീയത്തെയും തിരിച്ചും സഹായിക്കുന്ന നിലയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് എണ്ണവിലക്കുറവുമൂലം അപ്രതീക്ഷിതമായുണ്ടായ ഈ കൊള്ളലാഭത്തില്‍ നിന്ന് ചെറിയ ഇളവെങ്കിലും ഉപഭോക്തൃസമൂഹത്തിന് ലഭിക്കും എന്നു പ്രതീക്ഷിക്കാനില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോളിന്റെയും നരേന്ദ്രമോഡി സര്‍ക്കാര്‍ ഡീസലിന്റെയും വിലനിര്‍ണയാധികാരം സര്‍ക്കാരില്‍നിന്നെടുത്ത് കമ്പനികള്‍ക്ക് കൊടുത്തു. ലോക കമ്പോളത്തിലെ വിലയുടെ പേരുപറഞ്ഞ് അവര്‍ ഇടയ്ക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടിക്കൊണ്ടേയിരുന്നു; ഇവയൊക്കെ ഏതാണ്ട് സാധാരണക്കാരന് അപ്രാപ്യമാക്കും വിധത്തില്‍.

 
എന്നാല്‍, എണ്ണവില നൂറ്റമ്പതിനടുത്തുനിന്ന് നാല്‍പ്പത്തഞ്ചിലേക്കെത്തിയ ഈ വേളയിലും ആനുപാതികമെന്നതുപോകട്ടെ, നാമമാത്രംപോലുമായ ഒരു വിലക്കുറവും ഉപയോക്താവിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അന്താരാഷ്ട്ര കമ്പോളത്തിലെ എണ്ണവില 115ല്‍നിന്ന് 72 ആയി ഇടിഞ്ഞ ജൂണ്‍- ജൂലൈ ഘട്ടത്തില്‍ വലിയ വിലക്കുറവ് ഇവിടെയുമുണ്ടാവുമെന്നു കരുതി.

 
ഒരു ബാരല്‍ എണ്ണയുടെ വിലയില്‍ ഒരു ഡോളര്‍ കുറയുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതി- കയറ്റുമതി വിടവില്‍ നൂറുകോടി ഡോളറിന്റെ കുറവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എണ്ണവിലയില്‍ നൂറുഡോളറിന്റെയോളം വിലക്കുറവ് അന്താരാഷ്ട്ര കമ്പോളത്തിലുണ്ടാവുക എന്നുവന്നാല്‍ എത്ര വമ്പന്‍ ലാഭമാണ് ഉണ്ടാവുക.

 
എന്നാല്‍, അതിതുച്ഛമായ ആശ്വാസത്തിനപ്പുറം പ്രതീക്ഷിക്കാനില്ല. ആ പ്രതീക്ഷപോലും സഫലമാവുമെന്ന് ഉറപ്പുമില്ല. വില 72 ഡോളറായ ഘട്ടത്തില്‍ത്തന്നെ സബ്സിഡി ചെലവിലുണ്ടായ കുറവിലൂടെ 63,427 കോടിയുടെ ലാഭം കേന്ദ്രസര്‍ക്കാരിനുണ്ടായി. ഇന്ന് നാല്‍പ്പത്തഞ്ചിലേക്ക് വീണ്ടും കുറഞ്ഞപ്പോള്‍ ലാഭമെത്രയെന്ന് സര്‍ക്കാര്‍തന്നെ വ്യക്തമാക്കട്ടെ; ഇതിന്റെ ഒരു ഭാഗമെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസംപകരാന്‍ ഉപയോഗിക്കേണ്ടതല്ലേ എന്നും. നേരിട്ടുള്ള വിലതാഴ്ത്തല്‍ അനുവദിച്ചില്ല എന്നുമാത്രമല്ല, പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കൂട്ടി ജനങ്ങളെ കൂടുതല്‍ പിഴിയുകകൂടി ചെയ്തു സര്‍ക്കാര്‍.

 
പെട്രോളിനും ഡീസലിനുമൊക്കെ ഇന്ത്യയിലുള്ളതിന്റെ അടുത്തെവിടെയുംപോലും വിലയില്ല ശ്രീലങ്കയിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ. കാരണം അവിടെയൊന്നും ഇത്ര കനത്ത നികുതിയില്ല. അന്താരാഷ്ട്ര കമ്പോളത്തിലെ വിലയെത്രയോ, ഏതാണ്ട് അത്രതന്നെ തുക നികുതികളിലൂടെ ചുമത്തി വില ഇരട്ടിയാക്കുന്ന രീതിയാണ് ഇന്ത്യയില്‍.

 
ഇന്ത്യന്‍ പശ്ചാത്തലം അവിടെ നില്‍ക്കട്ടെ. ലോകമാകെ ഉല്‍ക്കണ്ഠയോടെയാണ് എണ്ണവിലത്തകര്‍ച്ചയെ കാണുന്നത്. 2015ല്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിങ്ങളിലൊക്കെ മൂലധനച്ചെലവില്‍ വന്‍ വെട്ടിക്കുറവ് വരുത്തുന്നിടത്തേക്ക് ഈ അവസ്ഥ കാര്യങ്ങളെ കൊണ്ടെത്തിക്കുമെന്ന് പരക്കെ ആശങ്കയുണരുന്നുണ്ട്. ബ്രാന്റ് ഇനം അസംസ്കൃത എണ്ണ 115 ഡോളറില്‍നിന്ന് അമ്പത്തിരണ്ടിലേക്ക് കുത്തനെ വീണ പശ്ചാത്തലത്തിലാണിത്. ആശങ്ക പുത്തന്‍ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് തന്നെയെന്നതു വ്യക്തം.

www.keralites.net


__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment