1975 ജൂണ്‍ 25 നാണ് ചരിത്രപ്രധാനമായ ആ വിധി ജസ്റ്റിസ് കൃഷ്ണയ്യരില്നിന്നുണ്ടായത്. വിധി ഇതായിരുന്നു: ഇന്ദിര ഗാന്ധിയുടെ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് നിരുപാധിക സ്റ്റേ ഇല്ല!
അലഹബാദ് ഹൈക്കോടതിവിധികൊണ്ടുണ്ടായ ആപത്ത് നിരുപാധിക സ്റ്റേകൊണ്ട് മറികടക്കാമെന്ന അവസാനത്തെ പ്രതീക്ഷയുടെ കച്ചിത്തുരുമ്പാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിയോടെ ഇന്ദിര ഗാന്ധിയുടെ കൈയില്‍നിന്ന് തെറിച്ചുപോയത്. സ്റ്റേയുണ്ട്. പക്ഷേ, ഒരുപാട് ഉപാധികളോടെയുള്ള സ്റ്റേ. ഫലത്തില്‍ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകാത്ത പ്രധാനമന്ത്രിയായി സാങ്കേതികമായി വേണമെങ്കില്‍ തുടരാം എന്ന അവസ്ഥ. ഇന്ദിരാഗാന്ധി ലോക്സഭാംഗമല്ല എന്നു ഫലത്തില്‍ വ്യക്തമാക്കുന്ന വിധി. ലോക്സഭാംഗം എന്ന നിലയ്ക്കുള്ള ശമ്പളം വാങ്ങാന്‍ പാടില്ല. സഭയില്‍ വോട്ടെടുപ്പ് നടന്നാല്‍ അതില്‍ പങ്കെടുക്കാന്‍ പാടില്ല. അങ്ങനെ പല ഉപാധികള്‍. ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് വിശ്വാസയോഗ്യമായി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തുന്ന ഏതൊരാള്‍ക്കും ജനാധിപത്യത്തിന്റെ സന്നിദ്ധഘട്ടത്തില്‍ മന്ത്രിസഭ രൂപീകരിക്കാമെന്നും ആറുമാസത്തിനുള്ളില്‍ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മതി എന്നുമുണ്ടല്ലൊ. ആ "ഏതൊരാള്‍ക്കും' ഇടയിലുള്ള ഒരാള്‍ മാത്രമായി ഇന്ദിരാഗാന്ധി മാറുന്ന അവസ്ഥ.
ജസ്റ്റിസ് കൃഷ്ണയ്യരുടെ മുമ്പാകെയാണ് തന്റെ നിരുപാധിക സ്റ്റേ അപേക്ഷ എന്നതുകൊണ്ടുതന്നെ ഇന്ദിര ഗാന്ധി ഈ അവസ്ഥയുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു. നിയമത്തിന്റെ സാങ്കേതികത്വത്തെയും ധാര്‍മികതയെയും വിട്ട് അധികാരത്തിന്റെ പ്രീതിക്കായി എന്തെങ്കിലും ചെയ്യുന്നയാളല്ല കൃഷ്ണയ്യര്‍. പ്രധാനമന്ത്രിസ്ഥാനത്തുള്ള ഇന്ദിര ഗാന്ധിക്ക് സന്തോഷമാകട്ടെ എന്ന മനോഭാവത്തോടെയുള്ള ഒരു വിധിതീര്‍പ്പ് അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെ വന്നാല്‍ ഫലത്തില്‍ അലഹബാദ് ഹൈക്കോടതിവിധി സ്ഥിരീകരിക്കപ്പെടുകയാവും ഉണ്ടാവുക. അഴിമതി, കൃത്രിമം, ഭരണയന്ത്ര ദുരുപയോഗം തുടങ്ങിയവ മുന്‍നിര്‍ത്തി ലോക്സഭാംഗത്വം റദ്ദാക്കിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ലോക്സഭയിലേ ഇല്ലെങ്കില്‍ (രാജ്യസഭയിലുമില്ല) പ്രധാനമന്ത്രിയായി എങ്ങനെ തുടരും? പ്രധാനമന്ത്രിസ്ഥാനം കൈവിട്ടുപോകുമെന്ന അവസ്ഥ.
സ്വാധീനിക്കാനാകുന്നയാളല്ല കൃഷ്ണയ്യര്‍ എന്നറിയാമെങ്കിലും ഇന്ദിര ഗാന്ധി അത്തരമൊരു അവസ്ഥയില്‍ വെറുതെയിരുന്നില്ല. കഴിയുന്നവിധത്തിലൊക്കെ ശ്രമിച്ചു. അതിലൊന്നായിരുന്നു ഇന്ദിര ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും നിയമമന്ത്രിയുമായിരുന്ന H R ഗോഖലെ, ജഡ്ജിയായ V R കൃഷ്ണയ്യരുടെ വസതിയിലേക്ക് 1975 ജൂണ്‍ 20ന് പുലര്‍ച്ചയ്ക്ക് നടത്തിയ "ഫോണ്‍ കോള്‍'.
അടിയന്തരമായി ഉടന്‍ നേരിട്ട് കാണണമെന്നതായിരുന്നു മന്ത്രിയുടെ ആവശ്യം. കാര്യമെന്താണെന്നായി കൃഷ്ണയ്യര്‍. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയിരിക്കുകയാണെന്നും അത് നിരുപാധികമായിത്തന്നെ സ്റ്റേചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാണ് കാണാന്‍ ശ്രമിക്കുന്നത് എന്നുമായി നിയമമന്ത്രി. നിങ്ങള്‍ക്ക് വക്കീലില്ലേ എന്നായി കൃഷ്ണയ്യര്‍. ഉണ്ട് എന്ന് മന്ത്രി മറുപടി പറഞ്ഞപ്പോള്‍, വക്കീല്‍ മുഖേന രജിസ്ട്രാര്‍മുമ്പാകെ അപ്പീല്‍ നല്‍കല്‍ മാത്രമാണ് അതിലുള്ള നടപടിയെന്നും തന്നെ കാണേണ്ടതില്ലെന്നും കൃഷ്ണയ്യര്‍ ഉപദേശിച്ചു. അലഹബാദ് ഹൈക്കോടതിവിധി സ്ഥിരീകരിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന "ആപത്തു'കളെക്കുറിച്ച് നിയമമന്ത്രി വിശദീകരിച്ചുതുടങ്ങവെ ജഡ്ജി എന്ന നിലയ്ക്ക് തന്നെ കാണാന്‍ അവസരം നല്‍കില്ലെന്ന് കൃത്യമായി പറഞ്ഞ് കൃഷ്ണയ്യര്‍ ഫോണ്‍ താഴെവച്ചു.
ജൂണ്‍ 24ന് അപ്പീല്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ ഇന്ദിര ഗാന്ധിക്കുവേണ്ടി നാനിപല്‍ഖിവാലയും രാജ്നാരായണനുവേണ്ടി ശാന്തിഭൂഷണുമാണ് കൃഷ്ണയ്യരുടെ മുമ്പാകെ ഹാജരായത്. രാജ്നാരായണന്റെ പെറ്റീഷനുമേലായിരുന്നല്ലോ അലഹബാദ് ഹൈക്കോടതിവിധി. ഇരുവരും പ്രഗത്ഭരായ അഭിഭാഷകര്‍.
വിധി പ്രതികൂലമായാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പരോക്ഷമായി കൃഷ്ണയ്യര്‍ക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ സുപ്രീംകോടതിയില്‍. സുരക്ഷാഭടന്മാരുടെ പ്രത്യേക കാവല്‍ ജഡ്ജിക്ക്. അങ്ങനെ പലതും അന്തരീക്ഷത്തിന്റെ പിരിമുറുക്കം വര്‍ധിപ്പിച്ചു. ജീവനുതന്നെ ഭീഷണിയുണ്ടെന്ന നിലയ്ക്ക് കോടതി ഉച്ചഭക്ഷണത്തിന് പിരിയുകയാണെങ്കില്‍ രക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് എന്നുപോലും പൊലീസ് അധികൃതര്‍ കൃഷ്ണയ്യരെ അറിയിച്ചു. പ്രത്യേക അന്തരീക്ഷം കെട്ടിപ്പൊക്കി സമ്മര്‍ദ്ദം ചെലുത്തുന്ന തന്ത്രം!
കേസിന്റെ ഒരറ്റത്ത് ഇന്ദിര ഗാന്ധി ആയിപ്പോയി എന്നതുകൊണ്ടുമാത്രം കേസിന് പ്രത്യേകതയുണ്ടാകുന്നില്ല എന്ന മനോഭാവമായിരുന്നു കൃഷ്ണയ്യര്‍ക്ക്.
ശാന്തിഭൂഷണും പല്‍ഖിവാലയും മൂന്നുമണിക്കൂര്‍വീതം വാദിച്ചു. മറുപടി പറയാന്‍ പല്‍ഖിവാലയ്ക്ക് ഒരു മണിക്കൂര്‍കൂടി കൃഷ്ണയ്യര്‍ അനുവദിച്ചു. ഉച്ചഭക്ഷണത്തിന്റെ ഇടവേളപോലുമില്ലാതെ വാദങ്ങള്‍ കത്തിക്കയറി. പിറ്റേന്ന്, ജൂണ്‍ 25ന് ഉച്ചയ്ക്ക് വിധിപറയുമെന്ന കൃഷ്ണയ്യരുടെ അറിയിപ്പോടെ അന്ന് കോടതി പിരിഞ്ഞു.നിരുപാധികമായ സ്റ്റേ വേണമെന്ന പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആവശ്യം തള്ളുന്നതായിരുന്നു പിറ്റേന്നത്തെ വിധി. ഇന്ദിര ഗാന്ധി അസ്വസ്ഥയായി. ആറുമാസംവരെ പ്രധാനമന്ത്രിയായി തുടരുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍ ലോക്സഭാംഗം എന്ന നിലയ്ക്ക് പ്രധാനമന്ത്രിക്ക് പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു കൃഷ്ണയ്യരുടെ വിധി. ഇരുസഭകളിലൊന്നിലും അംഗമല്ലാതെ എങ്ങനെ പ്രധാനമന്ത്രിയായി തുടരും?
ഇന്ദിര ഗാന്ധിയുടെ അസ്വസ്ഥത ക്രോധമായി മാറി. ആ ക്രോധത്തിന്റെ ഉല്‍പ്പന്നമായിരുന്നു അന്ന് അര്‍ധരാത്രിക്കു തൊട്ടുമുമ്പായി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ.
എല്ലാ പൗരാവകാശങ്ങളും റദ്ദായി. ജനാധിപത്യസ്വാതന്ത്ര്യം അവസാനിച്ചു.
പൗരന് ജീവിച്ചിരിക്കാനുള്ള അവകാശംപോലും അടിയന്തിരാവസ്ഥയില്‍ ഇല്ല എന്ന് സ്റ്റേറ്റ് അറ്റോര്‍ണി നിരണ്‍ഡേ സുപ്രീംകോടതിയില്‍ ഗവണ്‍മെന്റിനുവേണ്ടി വാദിച്ചു.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു.
അനവധിപേര്‍ കൊല്ലപ്പെട്ടു.
നിരവധി പ്രമുഖ രാഷ്ട്രീയനേതാക്കള്‍ ജയിലറയ്ക്കുള്ളിലും രഹസ്യ അറകളിലും നിഷ്ഠുരമായി ഭേദ്യംചെയ്യപ്പെട്ടു.
ദേശീയനേതാക്കളൊക്കെ ജയിലിലായി.
ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, എ കെ ജി, ഇ എം എസ്, വാജ്പോയി, എല്‍ കെ അദ്വാനി തുടങ്ങിയവരൊക്കെ അന്ന് രാത്രിതന്നെ അറസ്റ്റിലായി.
കുല്‍ദീപ് നയ്യാര്‍ മുതല്‍ കെ ആര്‍ രംഗരാജന്‍ വരെയുള്ള പത്രാധിപന്മാര്‍ ജയിലിലായി.
പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പായി.
മിസയും ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍സുംപോലുള്ള കരിനിയമങ്ങളുടെ രാജ്യഭാരമായി.
ജനാധിപത്യത്തെ ഒന്നാംനമ്പര്‍ സഫ്ദര്‍ജംഗ് റോഡിനെ ചൂഴ്ന്ന സഞ്ജയ്ഗാന്ധി- R K ധവാന്‍- V C ശുക്ല- ബന്‍സിലാല്‍- സിദ്ധാര്‍ഥശങ്കര്‍ റേ -- കോക്കസ് പകരംവച്ചു.
ജഡ്ജിമാര്‍ പന്താടപ്പെട്ടു.
ഇന്ത്യയില്‍ ഒരു കറുത്തകാലം പിറന്നു.
ഇങ്ങനെ നോക്കിയാല്‍, നിര്‍ഭയമായ മനസ്സോടെ ജസ്റ്റിസ് കൃഷ്ണയ്യര്‍ നടത്തിയ ഒരു വിധി സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രാഷ്ട്രചരിത്രത്തെ വഴിതിരിച്ചുവിടുന്നവിധത്തില്‍ നിര്‍ണായകമായി എന്നുകാണാം.
അലഹബാദ് ഹൈക്കോടതിവിധിക്ക് നിരുപാധിക സ്റ്റേ അനുവദിക്കുകയായിരുന്നു കൃഷ്ണയ്യര്‍ എങ്കിലോ? നിയമമന്ത്രി എച്ച് ആര്‍ ഗോഖലയെ കാണാന്‍ അവസരം നല്‍കുകയായിരുന്നു കൃഷ്ണയ്യര്‍ എങ്കിലോ? വ്യക്തിപരമായ ഔദ്യോഗികമായ ഒരുപാട് സൗഭാഗ്യത്തിലേക്കുള്ള വാതിലുകള്‍ കൃഷ്ണയ്യര്‍ക്കുമുമ്പില്‍ തുറന്നുകിട്ടുമായിരുന്നു.
എന്നാല്‍, നീതിന്യായത്തിന്റെ ശീര്‍ഷം എന്നേക്കുമായി ഇന്ത്യയില്‍ തകര്‍ന്നടിയുകയുംചെയ്യുമായിരുന്നു. എന്തിനുംമീതെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വിലകല്‍പ്പിച്ച കൃഷ്ണയ്യര്‍ക്ക് മറ്റൊരുതരത്തില്‍ പെരുമാറാനാകുമായിരുന്നില്ല.
No comments:
Post a Comment