Sunday, 19 October 2014

[www.keralites.net] മനസ്സ് തുറന്ന് ശ്ര ീവിദ്യ പറഞ്ഞ കാര്യങ്ങ ള്‍

 

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യ ഓര്‍മയായിട്ട് ഒക്‌ടോബര്‍ 19ന് 8 വര്‍ഷം. പ്രശസ്ത സംഗീതവിദുഷിയായിരുന്ന എം.എല്‍. വസന്തകുമാരിയുടെ മകള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ശ്രീവിദ്യയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചു. നൃത്തത്തിലും സംഗീതത്തിലും സാധാരണമല്ലാത്ത കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ചെണ്ട, സപ്തസ്വരങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി ചാനലില്‍ അവതരിപ്പിച്ച 'ക്വസ്റ്റ്യന്‍ ടൈം' എന്ന സംഭാഷണപരമ്പരയില്‍ ശ്രീവിദ്യയുമായി നടത്തിയ അഭിമുഖത്തിന്റെ ലിഖിതരൂപം.
 

ജോണ്‍ ബ്രിട്ടാസ്: എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ ഒരു കാര്യം താങ്കളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വമാണ്. നല്ല സംഗീതജ്ഞ, നല്ല നര്‍ത്തകി, നല്ല അഭിനേത്രി... ഈ മൂന്നു രംഗങ്ങളിലും ശോഭിക്കാന്‍ കഴിഞ്ഞതില്‍ - തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ശ്രീവിദ്യ: നര്‍ത്തകിയെന്നു പറയുന്നത് - അഞ്ചു വയസ്സുമുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഞാന്‍ അതിന് സമ്മതിച്ചതെന്തിനെന്നുവെച്ചാല്‍ എനിക്ക് ഒരു അഭിനേത്രിയാവാനുള്ള മോഹമായിരുന്നു. ഷൂട്ടിങ് കാണാന്‍ പോകുമ്പോള്‍ മറ്റുള്ളവരുടെ അഭിനയംകണ്ട് അന്തംവിട്ടുനിന്ന് രസിച്ചിട്ടുണ്ട്.

വെള്ളിത്തിര ഒരു ദൗര്‍ബല്യമായിരുന്നു അല്ലേ?

അതേ, ഞാന്‍ ഭയങ്കര ഒബ്‌സെസ്ഡ് ആയിരുന്നു. സിനിമ കാണുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ അപ്പൂപ്പന്‍ പൂര്‍ണമായും എതിരായിരുന്നു. എന്റെ ചെറിയ ചെറിയ കഴിവുകള്‍ കണ്ടുപിടിച്ചത് അപ്പൂപ്പനായിരുന്നു. മൂന്നുവയസ്സുള്ളപ്പോള്‍ രാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. രാവിലെ അപ്പൂപ്പന്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ എന്നെയും വിളിച്ചുകൊണ്ടുപോകും. പോകുംവഴി എല്ലാം പറഞ്ഞുതരും.

എം.എല്‍. വസന്തകുമാരിയെന്ന ഒരു വലിയ ഗായികയുടെ മകളാണെന്നുള്ള ചിന്ത എപ്പോഴും മനസ്സിലുണ്ടാവാറുണ്ടായിരുന്നോ?

അതെ. തീര്‍ച്ചയായും. അവരെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് അമ്മയായി പ്രത്യേകിച്ച് കണ്ടിട്ടില്ല.

അമ്മയെന്നതിനേക്കാള്‍ കൂടുതലായി അവരെ ഒരു ഗായികയെന്ന നിലയിലായിരിക്കും കണ്ടിരിക്കുകയല്ലേ?

തീര്‍ച്ചയായും. അവര്‍ ഒരു ഉഗ്രന്‍ കലാകാരിയായിരുന്നു. അവര്‍ക്കു പകരമായി ഇന്നുവരെ ആരും വന്നിട്ടില്ലെന്നുള്ളതാണ് സത്യം. ഒരു സംഗീതാസ്വാദകയെന്ന നിലയ്ക്ക് സ്‌നേഹത്തോടുകൂടിയ ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ ഒരു മഹാവ്യക്തി എന്റെ അമ്മയാണ് എന്ന ചിന്ത. എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാന്‍പോലും എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് കൊച്ചുന്നാളിലായാലും എന്റെ അമ്മ എന്റെകൂടെ നിന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു.

അമ്മയെ ഒരുപാട് വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടല്ലേ?

അതെ, ഒരുപാട് മിസ്സ് ചെയ്തു. വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു അമ്മയുടെ ചേച്ചി. അവരുടെ ആറു കുട്ടികളും ഞങ്ങളും പിന്നെ ഡോക്ടര്‍ രാധാകൃഷ്ണന്‍ റോഡിലുള്ള പല പ്രധാന വ്യക്തികളുടെ കുട്ടികളും ഒരുമിച്ചായിരുന്നു. ജെമിനി സ്റ്റുഡിയോയിലെ എസ്.എസ്. ശ്രീനിവാസന്റേത് അവസാനത്തെ വീടായിരുന്നു. അവിടെനിന്ന് ഒരു വാന്‍ വരും. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഞങ്ങള്‍ എല്ലാ കുട്ടികളും ആയമാരും കൂടി തിങ്ങിഞെരുങ്ങിക്കയറി ബീച്ചിലേക്ക് ഒറ്റപ്പോക്കാണ്. മിക്കവാറും തിരിച്ചുവരുമ്പോള്‍ കളിച്ച് ഉരുണ്ട് കഴുത്തിലെ ചെയിന്‍ കാണത്തില്ല, കാതിലെ കമ്മല്‍ കാണത്തില്ല - അങ്ങനെയായിരുന്നു. കൂടാതെ പത്മിനിച്ചേച്ചിയേയും മറ്റും കണ്ടാണ് വളര്‍ന്നത്. അവര്‍ വളരെ സാധാരണക്കാരിയായ ഒരു വ്യക്തി ആയിരുന്നു. അവരെയൊക്കെ കണ്ടതുകൊണ്ട് നമുക്ക് സ്വന്തം ആസ്തിയിലുള്ള വ്യത്യാസം തുടക്കത്തിലേ ഇല്ലാതെ പോയി. അവരുടെ കൂടെ ഒരു മേക്കപ്പ്മാന്‍ പോകുമെന്നല്ലാതെ കൂടുതല്‍ ആള്‍ക്കാരൊന്നും ഉണ്ടാവാറില്ല. അവര്‍ വളരെ ലളിതമായാണ് നടന്നിരുന്നത്. സുകുമാരിച്ചേച്ചിയെല്ലാം ഇപ്പോഴും ഒറ്റയ്ക്കല്ലേ പോകുന്നത്. ഇവരെല്ലാം കൂടെ വേഷം മാറും. ആണിനെപ്പോലെ ഡ്രസ്സ്‌ചെയ്യും, രാഗിണിച്ചേച്ചി. സാഹസികരാണ് എല്ലാവരും. സാവിത്രിയമ്മയെ വിളിക്കും. സുലോചനച്ചേച്ചിയെ വിളിക്കും. അന്നത്തെ നായിക അഞ്ജലിയമ്മയെ വിളിക്കും. ചിലപ്പോള്‍ അവരും കൂടെച്ചേരും. എല്ലാവരും ഓരോ വേഷങ്ങള്‍ ചെയ്യും. എല്ലാവരും ഓരോ വണ്ടിയില്‍ കയറിവരും. രാഗിണിച്ചേച്ചി മാത്രമേ സൈക്കിള്‍ റിക്ഷയില്‍ വരാറുള്ളൂ. പുള്ളിക്കാരത്തി ആണിന്റെ വേഷത്തില്‍ - നല്ല ഉയരമുണ്ടല്ലോ. പൈജാമയും ജുബ്ബയും ഇട്ട്-മുണ്ടാസ്. എല്ലാം കെട്ടിയങ്ങനെ ഒരു തളപ്പ് ഇട്ട് കെട്ടി അതിന്റെ മോളില്‍ കയറി ഇരുന്ന് പിള്ളേരുമായി സൈക്കിള്‍ റിക്ഷയില്‍ വിസിലടിച്ച് പാട്ടൊക്കെപ്പാടി മദ്രാസിലെ ചേരിഭാഷയെല്ലാം സംസാരിച്ച് ബീച്ചിലേക്ക് പോകും. അടുത്താണ് ബീച്ച്. അവിടെ അലകളുടെ അടുത്ത് ട്വിന്‍ലൈറ്റുകള്‍ ഇട്ടുവെച്ചിരിക്കും. അവിടെക്കൊണ്ടുപോയി തുണിയെല്ലാം വിരിച്ച് വീട്ടില്‍നിന്നും കൊണ്ടുപോയ ശാപ്പാടെല്ലാം നിരത്തി - പൗര്‍ണമിയുടെ അന്ന് - അവിടത്തെയൊരു രീതി അങ്ങനെയാണ് - പല ഫാമിലിയും ഉണ്ടാവും. അപ്പോള്‍ ഞങ്ങള്‍ ആരാണെന്ന് ആള്‍ക്കാര്‍ അറിയാന്‍ പാടില്ല. അല്ലെങ്കില്‍ ആള്‍ക്കാര്‍ ചുറ്റും കൂടില്ലേ? അങ്ങനെ കളിയും ചിരിയുമായി ഭയങ്കര ബഹളമാണ്. അങ്ങനെ കളിച്ച് ചിരിച്ച് തിരിച്ചുവരും.

രാഗിണി-പത്മിനിമാരെ അനുകരിക്കാറുണ്ടായിരുന്നോ?

ഇല്ല. ഒരു നര്‍ത്തകിയെന്ന നിലയ്ക്ക് ഞാന്‍ ദണ്ഡപാണിപ്പിള്ളയെന്ന ഒരു മാസ്റ്ററുടെ അടുത്താണ് ചേര്‍ന്നിരുന്നത്. പുള്ളിക്കാരന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു - ഡാന്‍സ് പഠിക്കുന്നവര്‍ക്ക് പാട്ടും അറിഞ്ഞിരിക്കണം എന്നായിരുന്നു. അതുകൊണ്ട് എന്നെ നല്ലൊരു മാസ്റ്ററുടെ അടുത്ത് ചേര്‍ത്തു. കാരണം അമ്മയ്ക്ക് സമയമില്ല. അങ്ങനെ പാട്ടുപഠിച്ചു. ആ പാട്ടു പഠിക്കുമ്പോള്‍ അതിന്റെ തുടര്‍ച്ചയായിട്ട് ത്യാഗരാജകീര്‍ത്തനം. പാടുമ്പോള്‍ തെലുങ്കിലാണ് പാടുന്നത്. അപ്പോള്‍ അതിന്റെ അര്‍ഥം, സംസ്‌കൃതം ആണെങ്കില്‍ അതിന്റെ അര്‍ഥം- കുറേശ്ശെ കുറേശ്ശെ എല്ലാഭാഷയിലും. ഇപ്പോള്‍ സ്വാതിതിരുനാള്‍ കീര്‍ത്തനം പാടുകയാണെങ്കില്‍ മലയാളത്തിന്റെ ഉച്ചാരണം, സ്ഫുടത. ഇതെല്ലാം ഗുരുമുഖത്തുനിന്ന് ഗ്രഹിക്കാനായി. ഇങ്ങനെയാണ് ഞാന്‍ വളരുന്നത്. ഇതുകൂടാതെ എന്റെ വീട്ടില്‍നിന്ന് എനിക്ക് വലിയൊരു അന്തരീക്ഷം ഉണ്ടായിരുന്നു. ഞങ്ങളുടെ വീട്ടില്‍ വരുന്ന അതിഥികളാണ് ഇങ്ങനെയൊരവസ്ഥയ്ക്ക് കാരണം. പഴയ ഗുലാം അലി സാഹിബ്, അന്നത്തെ മാണിക്യവര്‍മ്മ എന്നുപേരായ മറാഠി ഗായകന്‍ പാലുസ്‌കര്‍ ഇവരൊക്കെ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്. ഗുലാം അലി സാഹിബ് എന്റെ അപ്പൂപ്പന്റയൊരു സുഹൃത്തായിരുന്നു. എന്റെ അപ്പൂപ്പന്‍ എന്നുവെച്ചാല്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന ഒരു ബ്രാഹ്മണനാണ്. പക്ഷേ ഇദ്ദേഹം വരുമ്പോള്‍മാത്രം, അവിടെ ബീച്ച് സൈഡില്‍നിന്നുള്ള ഒരു മുസല്‍മാനെ വരുത്തി, കാര്‍ഷെഡില്‍നിന്ന് കാറെല്ലാം വെളിയില്‍ നിര്‍ത്തി ഒരു താല്‍ക്കാലിക അടുക്കള ഉണ്ടാക്കി ബിരിയാണി, മട്ടണ്‍ ഫ്രൈ ഒക്കെയുണ്ടാക്കി ഒരേ നിരയില്‍ ഇലയിട്ടിരുത്തുമായിരുന്നു. പിന്നെ ഏതുനേരവും മ്യൂസിക് അല്ലേ. അവരിങ്ങനെ പാട്ട് പാടിക്കൊണ്ടേയിരിക്കും. രാവിലെ ഒരു മസാലപാല്‍ കഴിച്ചുകഴിഞ്ഞാല്‍ പാട്ടിന്റെ ഒരു പ്രളയമാണ്. മസാലപാലിനുള്ള മസാല അരച്ചു കൊടുക്കുന്നത് എന്റേയും ഏട്ടന്റേയും ജോലിയായിരുന്നു. ഇതങ്ങനെ അരച്ച്, ബദാം, പിസ്റ്റ, കുങ്കുമപ്പൂ, എല്ലാം കൂടി പാലില്‍ ചേര്‍ത്ത് വലിയ ഗ്ലാസില്‍ പകര്‍ത്തിക്കൊണ്ടു കൊടുക്കും. ചേട്ടന്‍ ഒരു ആജാനുബാഹു ആയിരുന്നു. പക്ഷേ നന്നായി പാടും. സ്വരം അതിലും മധുരമാണ്. വലിയ മീശയുണ്ട്. എനിക്കാണെങ്കില്‍ ഗുലാം അലിഖാന്‍ എന്നുപോലും പറയാന്‍ അറിയില്ല. എനിക്ക് ഗുലാബ് ജാമുന്‍ വളരെ ഇഷ്ടമാണ്. അപ്പോള്‍ 'യെ ലോ ബഡേ ഗുലാബ് ജാമുന്‍' എന്നു പറഞ്ഞ് മീശയും പിരിച്ച് എനിക്ക് തരും. എന്നെ വലിയ ഇഷ്ടമായിരുന്നു പുള്ളിക്ക്. കാരണം പുള്ളി ഏത് സ്വരസ്ഥാനം പറഞ്ഞാലും ഞാനത് കൃത്യമായിട്ട് പിടിക്കും. അങ്ങനെ വലിയ വലിയ സംഗീതജ്ഞര്‍ എല്ലാം പുള്ളിയെ കാണാന്‍ വരും. ബാലസുബ്രഹ്മണ്യം, ശെമ്മാങ്കുടി, മഹാരാജപുരം വിശ്വനാഥ അയ്യര്‍ ഇവരൊക്കെ അതികായന്മാര്‍ അല്ലേ സംഗീതത്തില്‍. അവരൊക്കെ ഇങ്ങോട്ടുവന്ന് പാടും. അതെല്ലാം കേട്ട് സംഗീതത്തിന്റെ സത്ത എന്റെ മനസ്സില്‍ ഉണ്ടായി. എന്റെ അപ്പൂപ്പന്‍ എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ വരെയേ ജീവിച്ചിരുന്നുള്ളൂ. പിന്നെ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചുപോയി.
അതോടെ എന്റെ ജീവിതം ഇരുളടഞ്ഞു. എന്റെ ഒരു ലോകം എന്റെ കാലില്‍നിന്നും വഴുതിപ്പോയി. എനിക്കതു വീണ്ടെടുക്കാനായില്ല. എല്ലാം ശൂന്യമായിത്തീര്‍ന്നു. ഇനിയെന്താണെന്നുള്ളതെന്നായി ചിന്ത. പിന്നെയാണ് എന്റെ അരങ്ങേറ്റം. അമ്മ പറഞ്ഞു എല്ലാ വിദ്വാന്മാരും വരും. നീ നന്നായി പഠിച്ചിട്ട് ഇറങ്ങിയാല്‍ മതി. അല്ലാതെ ചില്ലറ ചില്ലറയായി വേണ്ട. അപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയി. അങ്ങനെ അവസാനത്തെ ആറുമാസം ഞാന്‍ സ്‌കൂളില്‍ പോയില്ല. രാവിലെ ആറുമണിക്ക് മാസ്റ്റര്‍ വരും. ആറരയ്ക്ക് റിഹേഷ്‌സല്‍ തുടങ്ങിയാല്‍ എട്ടരയ്ക്ക് ഒരു ടിഫിന്‍ ബ്രേക്ക്. പിന്നെ പന്ത്രണ്ടര വരെയാണ് ഡാന്‍സ്. പിന്നെ അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ക്കൊണ്ടു പോകും. അവിടെ പോയിട്ട് അവിടത്തെ വീട്ടുജോലിയൊക്കെ ചെയ്യാന്‍ പറയും. ഗ്ലാസും പാത്രങ്ങളുമെല്ലാം കഴുകാന്‍ പറയും. പാത്രങ്ങളെല്ലാം ഒരുക്കിവെച്ച് നാലരയാവുമ്പോള്‍ ജോലി കഴിഞ്ഞ് മാഷും വരും. പിന്നെ രാത്രി ഒമ്പത് മണിവരെ ഡാന്‍സ്. അങ്ങനെ എട്ടു മുതല്‍ ഒമ്പത് മണിക്കൂര്‍ ഒരു ദിവസം ഞാന്‍ നൃത്തത്തിനായി ചെലവഴിച്ചു. പെര്‍ഫെക്ട് ആയിട്ടാണ് പതിനൊന്ന് വയസ്സില്‍ എന്നെ സ്റ്റേജില്‍ കയറ്റിയത്. അങ്ങനെ ആ അരങ്ങേറ്റം ഹിറ്റായി. പാലക്കാട് മണിയൊഴികെ എല്ലാ വിദ്വാന്മാരും വന്നിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും തൃപ്തിയായി. ഇത്രയും ചെറുപ്രായത്തില്‍ പ്രയാസമായിട്ടുള്ള ഇനങ്ങള്‍ ഈ കുട്ടി ചെയ്തല്ലോ എന്നതായിരുന്നു പൊതുവേ അഭിപ്രായം. പത്തു വയസ്സായ കുട്ടിയെക്കൊണ്ട് ശൃംഗാരം ചെയ്യിക്കുന്നതില്‍ എന്റെ മാസ്റ്റര്‍ എതിരായിരുന്നു. അതുകൊണ്ട് ത്യാഗരാജ കീര്‍ത്തനത്തില്‍ പഞ്ചരത്‌നകീര്‍ത്തനം എടുത്തിട്ട് അദ്ദേഹം അത് ഒരു വര്‍ണമാക്കി, മുഴുവന്‍ തെലുങ്ക്-വര്‍ണങ്ങളും മുദ്രകളും മാത്രമായി അവതരിപ്പിച്ച ആ ഇനം എനിക്കോര്‍മയുണ്ട്. വളരെ ബുദ്ധിമുട്ടി അത് പഠിച്ചു. ഭയങ്കര ഹിറ്റായി. ആറുമാസത്തിനകം ഞാന്‍ ഇരുപത്-ഇരുപത്തിയഞ്ച് പരിപാടികള്‍ നടത്തി. കല്‍ക്കത്തയില്‍നിന്നും വിളിക്കുന്നു, ഡല്‍ഹിയില്‍ നിന്നും വിളിക്കുന്നു....

അമ്മയാഗ്രഹിച്ചത് ഒരു നര്‍ത്തകിയാക്കാനായിരുന്നോ?

അമ്മയ്ക്ക് ആഗ്രഹം ഞാന്‍ പാടുന്നതിനേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യാനായിരുന്നു. എന്റെ അമ്മൂമ്മയുടെ ആഗ്രഹമായിരുന്നു അത്. അമ്മൂമ്മയും ഒരു സംഗീതജ്ഞയായിരുന്നു. അവര്‍ വളരെ നേരത്തേ മരിച്ചു. എനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍. എനിക്ക് അവരെ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഊണൊക്കെക്കൊടുത്ത് ഊഞ്ഞാലാട്ടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നെഞ്ചുവേദന വന്നു മരിക്കുകയായിരുന്നു. പിന്നീട് ഒരു പത്രപ്രവര്‍ത്തകന്‍ മിസ്റ്റര്‍. രങ്കറാവു-He gifted me a EP of hers. അതില്‍ക്കൂടിയാണ് ഞാന്‍ അമ്മൂമ്മയുടെ വോയ്‌സ് കേള്‍ക്കുന്നത്.

ഒരു നര്‍ത്തകിയാക്കണമെന്നുള്ളതായിരുന്നോ അമ്മൂമ്മയുടെ ആഗ്രഹം?

അമ്മൂമ്മ പറഞ്ഞു - ഈ കുട്ടിക്ക് നല്ല കണ്ണും (അപ്പോള്‍ മൂക്കേ ഇല്ല എനിക്ക്, രണ്ട് ഹോള്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ) ചുണ്ടും തന്നിട്ട് മൂക്ക് ഇങ്ങനെയാക്കിക്കളഞ്ഞല്ലോയെന്ന്. അപ്പോള്‍ ആവണക്ക് എണ്ണയെടുത്ത് ദിവസവും മൂക്ക് ഉഴിഞ്ഞ് വലിച്ചുകൊണ്ടിരിക്കും. എന്റെ മൂക്ക് മാത്രം എന്റെ ഫാമിലിയിലുള്ള ആരുടേയും പോലെ ആയിരുന്നില്ല. പ്രത്യേക ടൈപ്പ് ആണ്. അപ്പോള്‍ അവര്‍ ഡിസൈന്‍ ചെയ്ത മൂക്കാണ് നമ്മുടേത്. ഒരുപാട് കാലത്തെ ശ്രമഫലമായിട്ട് ഉണ്ടാക്കിയെടുത്തതാണ്. അവര്‍ പോയശേഷം അമ്മയ്ക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. കുറേക്കൂടി കഴിഞ്ഞ് ഞങ്ങള്‍ സ്‌കൂളിലൊക്കെ പോയിവരുമ്പോള്‍ എന്നും വഴക്കും ബഹളവും. അമ്മ അങ്ങോട്ട് തിരിയണോ ഇങ്ങോട്ട് തിരിയണോ എന്ന ആശങ്കയിലായിരുന്നു. അമ്മയുടെ യൗവനകാലത്ത്, അപ്പൂപ്പന്‍ ഉണ്ടായിരുന്നതുവരെ അവര്‍ക്ക് അദ്ദേഹത്തെ നല്ലപോലെ ആവശ്യമുണ്ടായിരുന്നു.

അമ്മയുടെ സമ്പത്തിനെച്ചൊല്ലിയുള്ള ഒരു തര്‍ക്കമായിരുന്നോ അത്?

അല്ല. പതിനൊന്നു വയസ്സു മുതല്‍ അമ്മ കുടുംബത്തിലെ അന്നദാതാവായിരുന്നു. അവരുടെ കുടുംബമെന്നു പറയുന്നത് അച്ഛന്‍, അമ്മ. അച്ഛന്റെ ആദ്യത്തെ ഭാര്യയുടെ മകള്‍ (അവരെ അമ്മ സംരക്ഷിച്ചു) അവര്‍ മെന്റലി ശരിയല്ലായിരുന്നു. പിന്നെ അമ്മൂമ്മയുടെ അതായത് എന്റെ അമ്മയുടെ അമ്മയുടെ സഹോദരിമാര്‍ മൂന്നുപേര്‍ - എല്ലാം കൂട്ടുകുടുംബമായിട്ടായിരുന്നു. അപ്പോള്‍ പിരിഞ്ഞ് വേറെ വീട് പണിത് പോരുമ്പോള്‍ എല്ലാവരെയും വിട്ടിട്ട് വരാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് അമ്മ അവരെയെല്ലാം സ്വന്തം ചിറകിനടിയില്‍ നിര്‍ത്തി. ഇത്രയും കുട്ടികളേയും പഠിപ്പിച്ച് കല്യാണവും കഴിപ്പിച്ച്-ഒരു പത്തുമുപ്പത് കല്യാണം കഴിപ്പിക്കുകയെന്നു പറഞ്ഞാല്‍.... ഒരു സ്ത്രീ ഇരുപത്തിനാലു വയസ്സാകുമ്പോള്‍. അവര്‍ വളരെ സൗന്ദര്യമുള്ള സ്ത്രീയായിരുന്നു. പശ്ചാത്തലസംഗീതം പാടുന്നതിന് അയ്യായിരം രൂപയായിരുന്നു. അപ്പോള്‍ സമ്പാദ്യത്തിലെല്ലാം ഒരു പുരുഷന്റെ മനോഭാവമായിരുന്നു അമ്മയ്ക്കും. എന്നുവെച്ചാല്‍ അഹങ്കാരം കൊണ്ടല്ല. എല്ലാം കൊണ്ടും ഒരു സ്ത്രീ എങ്ങനെ ചിന്തിക്കണമോ അങ്ങനെ ചിന്തിച്ചില്ല. അന്ന് കല്യാണം കഴിക്കാന്‍ പാടില്ല ആര്‍ട്ടിസ്റ്റ്.
 

ഈ കുടുംബാന്തരീക്ഷം വല്ലാതെ ബാധിച്ചിട്ടുണ്ടോ?
ഒരുപാട് ബാധിച്ചിട്ടുണ്ട്. ഒഴിയാബാധയാകാന്‍ ഞാന്‍ അനുവദിച്ചില്ല. എന്റെ ചേട്ടനെ അത് ബാധിച്ചു. അതുകൊണ്ട് പുള്ളിക്ക് കാര്യമായ തകരാറുണ്ടായി. എപ്പോഴും മൂഡിയായിരിക്കുക. കലാപരമായിട്ടൊന്നും മുഴുകാന്‍ അദ്ദേഹം തയ്യാറായില്ല. പഠിച്ചു. ബിസ്സിനസ്, ബാങ്ക് ഉദ്യോഗം അങ്ങനെ വേറെ ട്രാക്കിലേക്ക് പോയി. എന്തിനാണ് ഞാനിതൊക്കെ പറയുന്നതെന്നുവെച്ചാല്‍- തിരക്കുള്ള അച്ഛനമ്മമാരായാലും നമ്മുടെ കുട്ടികള്‍ നമ്മള്‍ പ്രസവിച്ചതുകൊണ്ടുതന്നെ, നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മള്‍ അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കണം. അപ്പോള്‍ ഞാന്‍ പഠിച്ചത് എന്താണെന്നറിയില്ല, എങ്ങനെ പഠിക്കുന്നുവെന്ന് അറിയില്ല. എനിക്ക് പട്ടുപാവാട എപ്പോഴും കൊണ്ടുതരും. വൈരക്കമ്മലായിരിക്കും, ജിമിക്കിയായിരിക്കും. ഞാനൊരു പാണ്ടിയാ കാറിലായിരുന്നു യാത്രചെയ്തിരുന്നത്. ഒന്നിനും യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ നിങ്ങള്‍ക്കറിയുമോ, അതൊന്നും നിലനില്‍ക്കുന്നില്ല. ഒന്നുമില്ല. ഒരു ശൂന്യത. ഞാന്‍ സന്തോഷവതിയായിരുന്നില്ല. I was not enjoying it. ഇതെല്ലാം ഒരു കടമായിട്ടാണ് നമ്മള്‍ ചെയ്തുപോകുന്നത്. പിന്നെ പന്ത്രണ്ട്-പതിമ്മൂന്ന് വയസ്സില്‍ യുവകലാകാരികള്‍ക്കിടയില്‍ ഞാന്‍ ഏറ്റവും റെയ്ഞ്ചുള്ള ഒരു നര്‍ത്തകിയായിരുന്നു. പതിനാലാമത്തെ വയസ്സില്‍ ഞാന്‍ പടത്തില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ത്തന്നെ എന്റെ ഡാന്‍സ് മാസ്റ്റര്‍ ഉടക്കി. അദ്ദേഹം പറഞ്ഞു, 'you must become a Balasaraswathy. അങ്ങനെയാണ് മനസ്സില്‍ വിചാരിക്കുന്നത്. നീ എന്റെ സിംഹക്കുട്ടിയാണ്. നിന്നെ വിട്ടൊഴിഞ്ഞുള്ള ഒരു ക്ലാസ്സുപോലും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. നീ എന്താ കാട്ടിക്കൂട്ടുന്നത്. എന്തിനാണ് നിനക്ക് സിനിമ.' ഞാന്‍ പറഞ്ഞു, 'മാഷെ രണ്ടു സിനിമ - എന്റെ ഒരാഗ്രഹമാണ്. ഞാന്‍ ഡാന്‍സ് മാത്രമേ ചെയ്യുന്നുള്ളൂ.' ഞാന്‍ എട്ടിലോ ഒമ്പതിലോ മറ്റോ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ സ്‌കൂളില്‍ പോകുന്നുണ്ടല്ലോ. മുഴുവനും സിനിമയിലേക്ക് കടക്കുകയല്ലല്ലോ എന്നൊക്കെ മാഷോട് പറഞ്ഞു. നിന്റെയൊരാഗ്രഹം. ഡാന്‍സെല്ലാം കഴിഞ്ഞു. അത്രയേ എനിക്ക് പറയാനുള്ളൂ എന്ന് മാഷും പറഞ്ഞു. പുള്ളിക്ക് കണ്ണുനിറഞ്ഞു.

തമിഴ് സിനിമയിലായിരുന്നോ?

അതെ, ഒരു ഡാന്‍സായിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പോയി. പിന്നെ, ഞാന്‍ എന്റെ നൃത്തപരിപാടികള്‍ തുടര്‍ന്നു. അപ്പോള്‍ ആദ്യം അഭിനയിക്കുമ്പോഴൊക്കെ പുതിയൊരന്തരീക്ഷത്തിലേക്ക് കടക്കുന്നുവെന്ന ഫീലിങ്ങ് എനിക്കില്ല. എപ്പോഴും പപ്പിച്ചേച്ചിയുടെ കൂടെ (പത്മിനി) സ്റ്റുഡിയോയിലായിരിക്കും. അവര്‍ മേക്കപ്പ് ചെയ്യുന്നതും മുടികെട്ടുന്നതും കണ്ടാണ് വളര്‍ന്നത്.

അവര്‍ മുന്‍കൈയെടുത്താണോ അഭിനയിക്കാന്‍ തുടങ്ങിയത്?

അതെ. എന്റെ രഹസ്യ ആഗ്രഹങ്ങളെല്ലാം അവരോട് ഞാന്‍ പറയും. ചേച്ചി ചേച്ചിയുടെ ട്രൂപ്പില്‍ എന്നെയും ചേര്‍ക്കണമെന്നൊക്കെ. അവിടെ അവരുടെ ട്രൂപ്പായ 'റോസി'ല്‍ ഡാന്‍സ് ചെയ്യാന്‍ പോയി. അങ്ങനെ കണ്ടിട്ടാണ് പറഞ്ഞത്. നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട് നീ. നന്നായി ബേസിക്ക് ഒക്കെ പഠിക്കണം. പിന്നെ മാഷുടെ അടുത്ത് കൊണ്ടാക്കുന്നതൊക്കെ പപ്പിച്ചേച്ചിയാണ്. അങ്ങനെ പപ്പിച്ചേച്ചിയോടു പറഞ്ഞു, ചേച്ചി ചെറിയ കൃഷ്ണനായിട്ടോ ചെറിയ മുരുകനായിട്ടോ സിനിമയിലൊക്കെ വരുമ്പോള്‍ എന്നെ വിളിക്കാന്‍ പറയണം.

അന്ന് മൂക്ക് നന്നായിട്ടുണ്ടാവും അല്ലേ?

അപ്പോഴേക്കും മൂക്കെല്ലാം ശരിയായിരുന്നു. കണ്ണുമാത്രമങ്ങനെ വലുതായി നിന്നിരുന്നു. ചട്ടമ്പിക്കവലയില്‍ നിങ്ങള്‍ക്കതു കാണാന്‍ കഴിയും.അങ്ങനെ ഈ പടമെല്ലാം അഭിനയിച്ചു കഴിഞ്ഞ് കാര്യങ്ങള്‍ നീങ്ങവെ അമ്മയ്ക്ക് ഒരു വലിയ അപകടം സംഭവിച്ചു. അതുകഴിഞ്ഞ് ഒരു എട്ടു മാസം അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് സ്വന്തമായി ഓര്‍ക്കസ്ട്രാ ട്രൂപ്പുണ്ടായിരുന്നു. വേറെ ആര്‍ട്ടിസ്റ്റുകളുടെ കൂടെ പെര്‍ഫോം ചെയ്യാന്‍ അവര്‍ പോയില്ല. അവരുടേയും കുടുംബത്തെ പോറ്റേണ്ട ഒരു ബാധ്യത വന്നുപോയി. ആ ബാധ്യത ഏറ്റെടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അവര്‍ക്കെല്ലാം ആറും ഏഴും കുട്ടികളാണ്. അങ്ങനെയുള്ള ചെലവുകള്‍. പിന്നെ ഉരുണ്ടുകളിക്കുക എന്നു പറയുന്നത് അമ്മയ്ക്ക് അറിയില്ല. She was straight forward. പിന്നെ അവര്‍ എല്ലാം വില്‍ക്കാന്‍ തുടങ്ങി. ഞങ്ങളുടെ വീട്ടില്‍ നൂറുപേര്‍ക്ക് ആഹാരം കൊടുക്കുക എന്നു പറഞ്ഞാല്‍ നൂറുപേര്‍ക്കും അവിടെ വെള്ളിപ്പാത്രമുണ്ടായിരുന്നു. ശരിക്കും വെള്ളി. അങ്ങനെ ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ചിലതൊന്നും കാണാനില്ല. അപ്പോള്‍ ഞങ്ങളുടെ ആയ ജയാമ്മയെന്ന വയസ്സായ സ്ത്രീയുണ്ട്. അവര്‍ക്ക് എപ്പോഴും കരച്ചിലാണ്. ഇതൊക്കെ ഇങ്ങനെ പോയ്‌ക്കൊണ്ടിരിക്കുക എന്നു പറഞ്ഞാല്‍.

അതൊക്കെ അന്നേരം അറിയാമായിരുന്നോ?

ഒന്നുമറിയില്ല. ഒന്നും പറയില്ല. പിന്നെ വേറെ രണ്ടുമൂന്നു പടങ്ങള്‍ വന്നു. ഞാന്‍ തുടരുകതന്നെ ചെയ്തു. മാഷ് ഭയങ്കരമായി പ്രശ്‌നമുണ്ടാക്കിയ കാരണം പ്രോഗ്രാം കൂടുതല്‍ എടുക്കാന്‍ പറ്റിയില്ല. പിന്നെ ഡാന്‍സെന്നു പറയുന്നത് വളരെ ചെലവുള്ള കാര്യമാണ്. ഒരു നാലു പ്രോഗ്രാം കഴിയുമ്പോള്‍ ഡ്രസ്സെല്ലാം പാഴാവും. പിന്നെ ഒരു പട്ടുസാരി എടുക്കാന്‍ പോകണം. ഇന്നത്തെപ്പോലെ ചോയ്‌സ് ഒന്നുമില്ല. അന്ന് പട്ടേ ഉടുക്കാവൂ. ഇന്ന് എണ്ണായിരം രൂപ വിലയുള്ള പട്ടുസാരിക്ക് അന്ന് ഏതാണ്ട് രണ്ടായിരം-രണ്ടായിരത്തഞ്ഞൂറ് രൂപ വിലയുണ്ട്. അങ്ങനെയുള്ള സാരികള്‍ ഉടുത്താലേ സ്റ്റേജില്‍ നന്നാവുകയുള്ളൂ. പിന്നെ, ഓര്‍ക്കസ്ട്രക്കാര്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങി. ട്രെയിന്‍ടിക്കറ്റ് വളരെ ചെലവുള്ളതായി. അതുകൊണ്ട് ചില പ്രോഗ്രാം ഏറ്റെടുക്കാന്‍ പറ്റാതായി. അങ്ങനെ ഞാന്‍ സിനിമയില്‍ വരാന്‍ നിര്‍ബന്ധിതയായി.

മനസ്സിലും സിനിമ തന്നെ ആയിരുന്നില്ലേ നേരത്തെ ആഗ്രഹം?

എനിക്കിഷ്ടമായിരുന്നു. പിന്നെ ഡാന്‍സ് മാസ്റ്റര്‍-അദ്ദേഹത്തിന്റെ ഭാര്യയുടെ കൈകൊണ്ടാണ് ചോറൊക്കെ ഉരുട്ടിക്കഴിച്ചിട്ടുള്ളത്. അതൊന്നും എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ അവിടെ പോകുന്നതുതന്നെ ഇഷ്ടപ്പെട്ട ശാപ്പാടിനും കൂടിയാണ്. എന്റെ അമ്മയ്ക്കു പകരം അവരായിരുന്നു മിക്ക കാര്യങ്ങളും ചെയ്തിരുന്നത്. ഡാന്‍സിന്റെ കൂടെ സ്‌നേഹം എന്താണെന്ന് അറിഞ്ഞുവരുന്നത് ഇവരുടെ വീട്ടിലെ കൂടെക്കൂടെയുള്ള സന്ദര്‍ശനങ്ങളിലൂടെയാണ്. അതിനൊക്കെ കടപ്പാടും ഉണ്ട്. അതുപോലെത്തന്നെ പാട്ട് മാസ്റ്ററിന്റെ വീട്ടില്‍ പോകുമ്പോഴും. ഇപ്പോഴും അവര്‍ എന്നെ പിടിച്ചിരുത്തി സ്‌നേഹപൂര്‍വം ആഹാരമെല്ലാം തരും. അവിടെ നിന്നൊക്കെയാണ് എനിക്ക് കൂടുതല്‍ സ്‌നേഹം കിട്ടിക്കൊണ്ടിരുന്നത്. മാഷിന്റെ മോള്‍ ഉമ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. എന്റെ കുട്ടിക്കാലത്ത് എനിക്ക് നഷ്ടപ്പെടാത്തതെന്താണെന്നു വെച്ചാല്‍ കൂട്ടുകാരെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കൂടെയുള്ളവര്‍ അവരുടെകൂട്ടത്തിലൊരാളെപ്പോലെ എന്നെ കണ്ടിരുന്നില്ല. കാരണം അപ്പോഴേ ഞാന്‍ ആര്‍ട്ടിസ്റ്റാണ്.

തമിഴ് പടത്തിലാണോ ആദ്യം തുടങ്ങിയത്?

ഒന്നുരണ്ടു പടങ്ങള്‍ തമിഴായിരുന്നു. എന്റെ വീട് വാങ്ങാനായിട്ട് വന്നവര്‍ കണ്ടിട്ടാണ് ആദ്യമായി തമിഴ് പടത്തിന് വിളിച്ചത്.
ഞാന്‍ കേട്ടിരിക്കുന്നത് വീട് വിറ്റ് വാടക വീട്ടിലേക്ക് കുടുംബം മാറുന്ന ഒരു സന്ദര്‍ഭമുണ്ടായി എന്നാണ്. ശരിയാണോ?
നോ,നോ. അങ്ങനെയുണ്ടായിട്ടില്ല.

ഒരു തകര്‍ച്ച കണ്ടുവല്ലേ?

അമ്മ പറഞ്ഞു ഈ വീട്ടില്‍ ഒരുപാട് ഹാളുകള്‍ ഉണ്ട്. ആവശ്യത്തിലേറെ സൗകര്യം. ഈ വീട് വിറ്റ് വേറെ ഏതെങ്കിലും പുതിയ വീട് നിങ്ങളുടെ സൗകര്യത്തിനൊത്ത് പണിതിട്ട് മാറാമെന്നു പറഞ്ഞു. അങ്ങനെയാണ് ആ വീട് വില്‍ക്കാന്‍ തീരുമാനിക്കുന്നതും വേറെ വീട് പണിയുന്നതും. അതിനായിട്ട് എല്‍.ഐ.സിയില്‍ നിന്ന് പണം കടം വാങ്ങിക്കാന്‍ പോയിട്ടാണ് ഇങ്ങനെ വര്‍ധിച്ചു വന്നത്. ആക്‌സിഡന്റ് കാരണം ഒരു വലിയ ഗ്യാപ്പ് വന്നില്ലേ. അതാണ് സാമ്പത്തികത്തകര്‍ച്ചയുടെ തുടക്കം. അപ്പോഴും ഇതൊന്നും ഞാനറിയുന്നില്ല. എനിക്ക് കിട്ടേണ്ടതൊക്കെ രാജകീയമായി കിട്ടിക്കൊണ്ടിരുന്നു. ഒന്ന് രണ്ട് കാറുകള്‍ അപ്രത്യക്ഷമാവുന്നു. ഒരു ദിവസം ഒരു പുതിയ അംബാസഡര്‍ കാര്‍ വരുന്നു. 565-നമ്പര്‍ കൃത്യമായി ഓര്‍ക്കുന്നു. ആ കാറാണ് ആക്‌സിഡന്റ് ആയത്. അതില്‍ പിന്നീട് കാറ് വാങ്ങിയിട്ടില്ല അമ്മ. ഞങ്ങള്‍ വേറെ വീട്ടിലേക്ക് പോയതിനുശേഷം ടാക്‌സിയായി. പുതിയ വീടുപണി വിചാരിച്ച ബഡ്ജറ്റില്‍ ഒതുങ്ങിയില്ല. കുറേ കടം വാങ്ങിക്കേണ്ടി വന്നു. വാങ്ങിച്ച കടം എങ്ങനെ തിരിച്ചടയ്ക്കണമെന്നതില്‍ അമ്മയും അച്ഛനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അപ്പൂപ്പന്‍ മരിച്ചതിനുശേഷം അച്ഛന്‍ കുടുംബത്തിന്റെ സാമ്പത്തിക കാര്യം കൈകാര്യം ചെയ്തില്ല. അമ്മയുടെ ബ്രദര്‍ ഉണ്ടായിരുന്നു. ഒരാള്‍ ക്യാമറാമാനായിട്ട് വീട്ടില്‍നിന്നുപോയി. വിവാഹശേഷം അയാള്‍ സ്വന്തം കുടുംബവുമായി ജീവിച്ചു. ശ്രീലങ്കയിലായിരുന്നു അയാളുടെ വിവാഹം. ഞാനും പോയിരുന്നു. ഈ അമ്മാവനായിരുന്നു കൂടുതലും ടിക്കറ്റുകളും മറ്റും വാങ്ങിക്കാന്‍ പോയിരുന്നത്. എല്ലാ മനുഷ്യര്‍ക്കുമിടയില്‍ ഒരു ഈഗോ പ്രശ്‌നം ഉണ്ട്. എന്റെ അമ്മ ഒരു കേള്‍വിക്കാരിയായിരുന്നു. അക്കാലത്തെല്ലാം അമ്മ ഒരു ഷോക്ക് ഒബ്‌സര്‍വര്‍ ആയിരുന്നു. എന്തു പറഞ്ഞാലും ഒരു പ്രതികരണം ഇല്ല. ഞാന്‍ ചിലപ്പോഴൊക്കെ ചോദിക്കും അച്ഛന്‍ ഇത്രയും വഴക്കു പറഞ്ഞിട്ടും അമ്മയ്ക്ക് ഒന്നും തോന്നുന്നില്ലേ? അമ്മയെന്താ കരയാത്തത്? അപ്പോള്‍ അമ്മ പറയും, കരയാനൊന്നും പാടില്ല. കരഞ്ഞാല്‍ വൈകുന്നേരം പോയി പാടാനൊന്നും പറ്റില്ല. തൊണ്ട ചീത്തയാവും. നമ്മള്‍ ആര്‍ട്ടിസ്റ്റ് എന്നു പറയുന്നവര്‍ പൊതുമുതലാണ്. നമ്മുടെ ജീവിതം അവര്‍ക്കുവേണ്ടി അര്‍പ്പിക്കാനുള്ളതാണ്. അതിനുശേഷമേ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാവൂ. നമ്മുടെ പ്രധാനമായ കടമയെന്നു പറയുന്നത് ജനങ്ങളെ സന്തോഷിപ്പിക്കലാണ്.

കുടുംബത്തിന്റെ താഴേക്കുള്ള ഈ പോക്കിനിടയിലാണ് നിങ്ങള്‍ ഒരു അഭിനേത്രി ആയി വരുന്നതല്ലേ?

അതെ. അവിടെ പുതിയ വീട്ടില്‍ പോയപ്പോള്‍ പെട്ടെന്ന് എനിക്ക് ഒരു വിവാഹാലോചന വന്നു. എന്റെ എസ്.എസ്.എല്‍.സി. കഴിഞ്ഞിട്ട്. അമേരിക്കയില്‍ നിന്നോ മറ്റോ. അപ്പോഴാണ് അമ്മ പറയുന്നത,് നീ ഇപ്പോള്‍ കല്യാണത്തെപ്പറ്റിയൊന്നും ചിന്തിക്കേണ്ട. രണ്ടുമൂന്നു വര്‍ഷംകൂടി അഭിനയിച്ചിട്ടു മതിയെന്ന്. അതുകൊണ്ട് ഞാന്‍ പയ്യനോട് പറഞ്ഞു, ഇത് അവസരങ്ങളുടെ സമയമാണ്. നിങ്ങള്‍ക്ക് ഉറപ്പിച്ചിടണമെന്നുണ്ടെങ്കില്‍ അങ്ങനെയാവാം. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് കല്യാണം കഴിക്കാം. പക്ഷേ, അവര്‍ തയ്യാറല്ല.

ഇപ്പോള്‍ ഓര്‍മയുണ്ടോ ആ മുഖങ്ങളൊക്കെ? ഇടയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാറുണ്ടോ?

അവര്‍ ഒരു യാഥാസ്ഥിതിക കുടുംബമൊന്നുമായിരുന്നില്ല. അയാള്‍ തനിച്ചു വന്നു. കാരണം എനിക്കയാളോട് സംസാരിക്കണമായിരുന്നു. നമക്കല്‍ കവിജ്ഞന്‍ എന്ന ദേശസ്‌നേഹിയായ കവിയുടെ പൗത്രനാണ് അയാള്‍. എന്റെ അച്ഛന് താത്പര്യമുണ്ടായിരുന്നു. പയ്യന്‍ പറഞ്ഞു ഒരുമാസമേ ലീവുള്ളൂ. എന്നെ കല്യാണം കഴിച്ചുകൊണ്ടുപോകാനായിരുന്നിരിക്കണം കക്ഷിയുടെ ആഗ്രഹം. അത് ഞാന്‍ സമ്മതിച്ചില്ല. 1976-ന് ശേഷം ഞാന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിചാരിതമായി ഒരു പാര്‍ട്ടിയില്‍വെച്ച് അയാളെ കണ്ടു. ഞാന്‍ അങ്ങോട്ട് ചോദിച്ചു. എന്നെ ഓര്‍മയുണ്ടോ? എന്നെ പെണ്ണുകാണാന്‍ വന്നിരുന്നു. അമ്മ പറഞ്ഞു മിണ്ടാതിരിയെന്ന്. ഞാന്‍ ചെന്ന് അവരോട് സംസാരിച്ചു. അയാള്‍ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തിത്തന്നു.

അതിനുശേഷം പിന്നെ വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ?

ഇല്ല.

പക്ഷേ നല്ലൊരു തമാശയായിരുന്നുവല്ലേ?

തമാശയെന്നു പറയാന്‍ പറ്റില്ല. ഇങ്ങനെ നിങ്ങള്‍ക്ക് പരിചയമുള്ള ഒരാളെ കണ്ടുമുട്ടുകയെന്നുവെച്ചാല്‍ അതൊരു രസകരമായ അനുഭവമാണ്. പിന്നെ ഞാനാണെങ്കില്‍ സെന്‍സ് ഓഫ് ഹ്യൂമറിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. മരിച്ച വീട്ടിലും പോയി ആള്‍ക്കാരെ ചിരിപ്പിച്ചിട്ടുണ്ട്. ചിരിക്കാതിരിക്കാനൊന്നും എനിക്ക് പറ്റുകയേയില്ല.

അന്നു കണ്ടുമുട്ടുമ്പോള്‍ അയാള്‍ ചമ്മിപ്പോയിട്ടുണ്ടാവും?

നോ. ഇല്ല. അയാള്‍ ഒരു വലിയ ശാസ്ത്രജ്ഞനായി മാറിക്കഴിഞ്ഞിരുന്നു. പിന്നെ സിനിമയില്‍ വന്നതിനുശേഷം ഞാന്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. എസ്.എസ്.എല്‍.സിയും കഴിഞ്ഞു. പിന്നെ കോളേജില്‍ പോകണം. ദൈവമേ എനിക്ക് ഒരു പടം കൊണ്ടുത്തരണമെന്ന് പ്രാര്‍ഥിക്കുമ്പോഴാണ് 'ചെണ്ട'യെന്ന പടം വരുന്നത്.ആ 'ചെണ്ട'യാണ് എന്റെ ഏറ്റവും വലിയ ഒരു വഴിത്തിരിവായത്.

ആദ്യം സത്യന്റെയൊക്കെ പടത്തിലല്ലേ-'ചട്ടമ്പിക്കവല'യില്‍?

അതെ, ചട്ടമ്പിക്കവല കഴിഞ്ഞപ്പോള്‍ 'കുമാരസംഭവം'. അവര്‍ തന്നെ 'സ്വപ്നം' എന്നൊരു പടമെടുത്തു. മെറിലാന്റില്‍. അത് ശരിയാംവണ്ണം ഓടിയില്ല.

പിന്നെ സിനിമകളുടെ പ്രളയമായിരുന്നുവല്ലേ?

ചെണ്ട റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവസരങ്ങളുടെ ഒഴുക്കുണ്ടായത്. അത് എന്റെ ഏറ്റവും വലിയ ഒരു ബ്രേക്ക് ആയിരുന്നു. ഇന്നും എന്റെ ഏറ്റവും നല്ല ഒന്നാണ് ആ സിനിമ. ആ കഥാപാത്രവുമായി ഞാന്‍ അങ്ങേയറ്റം ഇഴുകിച്ചേര്‍ന്നിരുന്നു. അങ്ങനെ വിന്‍സെന്റ് മാഷുടെ പടത്തില്‍ക്കൂടിയാണ് നമ്മള്‍ സിനിമയുടെ സാങ്കേതികവശത്തിലേക്ക് കടക്കുന്നത്. എന്നുവെച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റിന് എന്തെല്ലാം അറിഞ്ഞിരിക്കണം. മേക്കപ്പ് എങ്ങനെ ചെയ്യണം. എങ്ങനെ ഒരു ക്യാമറയ്ക്കു മുന്‍പില്‍ നില്‍ക്കണം. നിങ്ങളുടെ ഏറ്റവും നല്ല ആങ്കിള്‍ ഏതാണെന്ന് നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം. അത് ഞങ്ങളറിയാതെ പ്രൊജക്ട് ചെയ്യുന്നതാണ് നിങ്ങളുടെ കഴിവ്. ഇതെല്ലാം എന്നെ പഠിപ്പിച്ചുതന്നത് വിന്‍സന്റ് മാഷാണ്. അപ്പോള്‍ എങ്ങനെ വെച്ചാലാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ പ്ലസ്‌പോയിന്റ് കിട്ടുക എന്നെല്ലാം. അന്നത്തെ ടെക്‌നീഷ്യന്‍സ് ആര്‍ട്ടിസ്റ്റിനെ ഹൈലൈറ്റ് ചെയ്യുന്നവരായിരുന്നു. ആദ്യമായി അവതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റിനെ മാത്രമല്ല എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റിന്റെ ബെസ്റ്റ്ഫീച്ചര്‍, ബെസ്റ്റ് ആംഗിള്‍, ബെസ്റ്റ് ഡയലോഗ് ഡെലിവറി ഇതിലെല്ലാം ഒരു നിരീക്ഷണമുണ്ടായിരുന്നു. അതായിരുന്നു വീണ്ടും വീണ്ടും കൊടുത്തുകൊണ്ടിരുന്നത്. എന്തുകൊണ്ടാണെന്നുവെച്ചാല്‍ അവര്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം കോളേജ് വിദ്യാര്‍ഥികളായി വര്‍ക്ക് ചെയ്തിരുന്നു

മലയാളം സിനിമയുടെ ഒരു തിരക്ക് - ഞാന്‍ താങ്കള്‍ അഭിനയിച്ച സിനിമയില്‍ക്കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ശ്രീവിദ്യ എന്നൊരു ആര്‍ട്ടിസ്റ്റിന്റെ പരിണാമം. പക്ഷേ ഈ പരിണാമങ്ങള്‍ക്കിടയിലെല്ലാം ഒരു ഭാവി താങ്കള്‍ക്കുണ്ടായിരുന്നു. അതായത് ഒന്ന് നേരത്തെ പറഞ്ഞതുപോലെ കണ്ണ്, പിന്നെ നീണ്ട മുടി, പിന്നെ ശാലീനത, പിന്നെ ദുഃഖപുത്രി. അത് പല സിനിമകളിലും ഇങ്ങനെ വേട്ടയാടി വന്നിട്ടുണ്ട്. അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

എന്റെ അപ്പൂപ്പന്‍ മരിച്ചതോടുകൂടി എന്നെ എങ്ങനെ വിലയിരുത്തണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ആരാണ്? എന്താണ് എന്റെ സ്വഭാവം? കാരണം എങ്ങനെ വേണമെങ്കിലും ഫ്‌ളക്‌സിബിള്‍ ആകാമായിരുന്നു. എങ്ങനെ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. പിന്നെ അഡ്ജസ്റ്റ്‌മെന്റ് തന്നെയായിരുന്നു. അവര്‍ക്കുവേണ്ടി ഡാന്‍സ് ചെയ്യണം. ഇവര്‍ക്ക് വേണ്ടി ഡാന്‍സ് ചെയ്യണം. എനിക്കുവേണ്ടി അഭിനയിക്കണം. എല്ലാം കടമ കടമയെന്നു പറഞ്ഞിട്ട് എന്റെ മനസ്സിന്റെ യഥാര്‍ഥഭാവം എന്താണെന്ന് കണ്ടുപിടിക്കാന്‍ ഞാന്‍ തന്നെ വിട്ടുപോയി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. എനിക്ക് ഇപ്പോഴും അറിഞ്ഞുകൂട ഞാന്‍ എന്താണ് എന്നുള്ളത്.

ഏത് രൂപത്തില്‍ പെരുമാറണമെന്ന് അറിയില്ലേ?

അറിയില്ല. പിന്നെ open to the court. Honest to the court. In front of all my friends I have been unconditional. എനിക്ക് ഒന്നോ രണ്ടോ ഫ്രണ്ട്‌സ് മാത്രമേയുള്ളൂ. പക്ഷേ അവര്‍ക്ക് രണ്ടുപേര്‍ക്കും തന്നെ അത് ഒരു ഭാരമായി. അവര്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യുന്നു. ഒന്നിലും ഞാന്‍ കുറ്റം കണ്ടുപിടിക്കാറില്ല. അതേ സമയം ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ഉടനെ മുഖം വീര്‍പ്പിക്കും. എന്നെ അങ്ങനെ സമഭാവനയോടെ കാണാന്‍ അവര്‍ക്ക് പറ്റിയില്ല. ഏത് രീതിയിലാണെന്ന് എനിക്ക് അറിയില്ല. ഞാനത് അനലൈസ് ചെയ്യാന്‍ പോയിട്ടില്ല. അങ്ങനെ ആ സൗഹൃദം നിലച്ചു.

ഈ സൗഹൃദത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആദ്യകാലത്ത് എംജിആറിനെയെല്ലാം ഭയങ്കര പ്രേമമായിരുന്നില്ലേ?

ഭയങ്കര പ്രേമമായിരുന്നു. നാലഞ്ചു വയസ്സുള്ളപ്പോഴും എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ എംജിആറിനെ മാത്രമേ കല്യാണം കഴിക്കുകയുള്ളൂവെന്ന് പറയും.

എംജിആറിന് ഇത് അറിയാമായിരുന്നോ?

അറിയാം. എന്റെ ആദ്യമൂവി ടെസ്റ്റ് എടുത്തത് അദ്ദേഹമാണ്. ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ചേട്ടനെ മാത്രമേ ഞാന്‍ കല്യാണം കഴിക്കുകയുള്ളൂവെന്ന് പറയും. രാഗിണിച്ചേച്ചി ഇരുന്ന് ഡയലോഗ് പറഞ്ഞുതരും. തിരക്കഥ അവിടെ നിന്നാണ്. കുസൃതിക്കുടുക്കയുടെ കിരീടം അവര്‍ക്കാണ് വേണ്ടത്. ഏപ്രില്‍ ഫൂളിന്റെ അന്ന് എല്ലാവരേയും ഡിന്നറിന് വിളിക്കും. പായസത്തില്‍ ഉപ്പിട്ട് കൊടുക്കും. എങ്ങനെ കഴിക്കും. പത്ത്-നാല്പത്തഞ്ച് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. ഇത്രയും ആള്‍ക്കാരൊക്കെ വരുമ്പോള്‍ സാത്തുക്കുടി കഴിച്ചിട്ട്, താമരപോലെ കട്ട് ചെയ്ത് അത് ഇറുക്കിയങ്ങ് അടച്ച് ഒട്ടിക്കും. അപ്പോള്‍ അത് ശരിക്കും സാത്തുക്കുടി പോലെത്തന്നെ ഇരിക്കും. അത് വരുന്നവരുടെ കൈയില്‍ കൊടുത്തയയ്ക്കും. ഞാന്‍ ചോദിക്കും ചേച്ചി അവരത്... പോട്ടേ അവര്‍ വീട്ടില്‍ പോയിട്ടല്ലേ നോക്കുകയുള്ളൂ. അപ്പോഴേക്കും അവര്‍ക്ക് ഓര്‍മയുണ്ടാവുമോ ആരാണ് കൊടുത്തതെന്ന്. നൂറുപേര്‍ വന്നുപോയില്ലേ? ഒറ്റയാളായിട്ട് ഇരിക്കുമ്പോള്‍ കൊടുക്കരുത് എന്നൊക്കെ പറയും.

പത്മിനി അങ്ങനെ ആയിരുന്നോ?

പത്മിനിച്ചേച്ചിയുടേത് ശാന്തപ്രകൃതം ആയിരുന്നു. സൗമ്യതയോടെയാണെപ്പോഴും. കുശുമ്പ് മുഴുവനും ഈ രാഗിണിച്ചേച്ചിക്കായിരുന്നു.

എംജിആറിനോട് ഈ ഡയലോഗ് എല്ലാം പറഞ്ഞുതരും അല്ലേ?

ഡയലോഗ് എല്ലാം പറഞ്ഞുതരും. കുക്ക് ചെയ്ത് തരുമെന്ന് പറയും. അപ്പോള്‍ എന്താ കുക്ക് ചെയ്യാന്‍ അറിയുകയെന്ന് ചോദിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് അത്തക്കൊഴമ്പ് തെരിയും ശുട്ട അപ്പളം തെരിയും എന്നൊക്കെ. പുള്ളിക്കങ്ങ് ചിരിവരും. പുള്ളിക്കാരന്റെ സ്വന്തം സ്റ്റുഡിയോവായ സത്യാ സ്റ്റുഡിയോയില്‍ ചെന്നിരിക്കാറുണ്ട്. എന്തോ എന്നെക്കണ്ടാല്‍ എപ്പോഴും മലയാളത്തിലേ സംസാരിക്കുകയുള്ളൂ. നല്ല മലയാളം സംസാരിക്കും. എന്നോട് ചോദിക്കും നീ എങ്ങനെയാണ് ഇത്ര നല്ല മലയാളം പഠിച്ചതെന്ന്. പിന്നെ പറയും നീതന്നെ ഡബ്ബ് ചെയ്യണം കേട്ടോ, വിട്ടുകൊടുക്കരുത്. എല്ലാ ഭാഷയും അറിഞ്ഞിരിക്കണം. ഞാന്‍ തെലുങ്ക് പറഞ്ഞിട്ടുണ്ട്. അതുപോലെ നീയും തെലുങ്ക്ഭാഷ സ്വയം ഡബ്ബ് ചെയ്യണം. പിന്നീട് കാണുമ്പോള്‍ ചോദിക്കും 'ഇപ്പോള്‍ ഓര്‍മയുണ്ടോ എന്നെ-കഴിക്കുമെന്നെല്ലാം പറഞ്ഞത്?'
 

അപ്പോഴൊക്കെ ഒരു ചെറിയ നാണം ഉണ്ടാവുമല്ലേ?
ചമ്മിയിട്ടുണ്ട്. അപ്പോള്‍ കൂടെയിരിക്കുന്ന ആര്‍ട്ടിസ്റ്റ് ചോദിക്കും, ഉവ്വോ അങ്ങനെയൊക്കെപ്പറഞ്ഞോ നീ? കാരണം പുള്ളി സ്റ്റുഡിയോയില്‍ വരുകയെന്നു പറഞ്ഞാല്‍ വലിയ ഒച്ചപ്പാടും ബഹളവുമാണ്. 'അണ്ണന്‍ വരാ, അണ്ണന്‍ വരാ' എന്നെല്ലാം പറഞ്ഞ്. കാറുകളങ്ങനെ വന്ന് നിറയും. പൊളിറ്റീഷന്‍ ആയിരുന്നല്ലോ. ഒരു നീല അംബാസഡര്‍ കാറില്‍ മുഴുവന്‍ കൂളിംഗ് ഗ്ലാസിട്ട് പുള്ളി വന്നിറങ്ങും. നേരെ സെറ്റില്‍ വന്ന് ആരാണ് ഡയറക്ടര്‍ എന്നു ചോദിക്കും. ഡയറക്ടറുടെ അടുത്തു പോയി സംസാരിച്ച് ഞങ്ങളോടും എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് ചോദിക്കും. He was a real hero. Real hero in all sense.

വളരെ ഹ്യൂമറസ് ആയിട്ടായിരുന്നോ ഇടപെട്ടിരുന്നത്?
വളരെ ഹ്യൂമറസ് ആണ് പുള്ളി. നര്‍മബോധം ഭയങ്കരമാണ്. പൊട്ടിച്ചിരിക്കും. അതുപോലെത്തന്നെയാണ് ശിവാജി സാറും.

ശ്രീവിദ്യയില്‍ ഈ രാഗിണിയുടെ സ്വാധീനം ഉണ്ടായിരുന്നോ- ഈ നര്‍മമൊക്കെ ഇടയ്ക്കിടയ്ക്ക്....

ഞാന്‍ സ്‌കൂളില്‍ ഭയങ്കര കുസൃതി ആയിരുന്നു. നല്ലപോലെ കുറുമ്പ് കാണിച്ചിട്ടുണ്ട്.

സിനിമ സെറ്റുകളിലൊക്കെ ഇതിന്റെ പ്രതിഫലനം........

സിനിമാസെറ്റുകളിലൊക്കെ ഭയങ്കര ചിരിയും കളിയും തമാശയുമാണ്. എനിക്ക് തനിച്ച് എവിടെയും നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ ഭയങ്കര ഫ്രണ്ട്‌ലി ആണ്. പക്ഷേ, എനിക്ക് ഒരു സുഹൃത്ത് പോലുമില്ല. കാരണം എന്റെ ഗൗരവവും ആത്മാര്‍ഥതയും... ഇവരെല്ലാം സെറ്റില്‍ കാണുന്നതുപോലെ അല്ലായെന്നുള്ളത് എനിക്ക് മനസ്സിലായി. മിക്കവാറും ആള്‍ക്കാരും അവര്‍ അവരുടെ കാര്യം സാധിക്കാന്‍ പറയുന്നുവെന്നല്ലാതെ പിന്നീട് നമ്മള്‍ വീട്ടിലേക്കൊരു ഫോണ്‍ ചെയ്താല്‍ they are not available. അപ്പോള്‍ ചെറിയ കുട്ടിയല്ലേ ഞാന്‍. പൊട്ടിപ്പോകും. പിന്നെ എനിക്ക് വെറുപ്പായിത്തുടങ്ങി. നമ്മള്‍ പോവുക, ജോലിചെയ്യുക, തമാശ പറയുകയാണെങ്കില്‍ തമാശ പറയുക. അങ്ങനെയായി. എന്നിട്ടും മലയാളസിനിമയില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുപാട് ഗ്രൂപ്പ്‌സ് ഉണ്ടായിരുന്നു. കഥകള്‍ പറഞ്ഞുണ്ടാക്കുക. വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും അന്യോന്യം പറഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെയാണോ അങ്ങനെയാണോ എന്നെല്ലാം ഓരോരുത്തര്‍ വന്ന് ചോദിക്കും. മറ്റൊരാളെപ്പറ്റി ഒരുകാര്യം അറിയുകയാണെങ്കില്‍ ഞാന്‍ അവരോട് പോയി ചോദിക്കില്ല. അവരുടെ കാര്യം നമ്മളറിഞ്ഞു. നമ്മുടെ മനസ്സിലിരിക്കുക.അതല്ലേ അതിന്റെ ഡീസന്‍സി. ഇതങ്ങനെയല്ല. നാലുപേരുടെ മുന്നില്‍വെച്ചൊക്കെ ചോദിച്ചുകളയും.

മനസ്സിനെ ഒരുപാട് ഹര്‍ട്ട് ചെയ്തിട്ടുണ്ടോ?

ഒത്തിരിപ്പേര്‍ എന്നെ ഹര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെയൊന്നും പേര് പറയേണ്ട കാര്യമില്ല. കാരണം ഇനി അതുണ്ടാവില്ല. നിന്നെ ഫീല്‍ഡില്‍നിന്ന് പുറത്താക്കുമെന്ന് ഒരു ആര്‍ട്ടിസ്റ്റ് എല്ലാവരുടേയും മുന്നില്‍വെച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ അതേ ആള്‍ ഞാന്‍ ചോറ്റാനിക്കര ഭഗവതിയുടെ വേഷമിട്ട് പടിയില്‍ നിന്ന് ഇറങ്ങിവരുന്ന ഒരു രംഗം ചെയ്തപ്പോള്‍ പറയുകയാണ്, 'സാക്ഷാല്‍ ഭഗവതിയാണ് കേട്ടോ' എന്ന്. ഇത് പറയേണ്ടിവന്നില്ലേ. അതാണ് ദൈവം. ഒരിക്കലും ആരെയും നോവിക്കരുത് കേട്ടോ എന്നുവരെ എനിക്ക് പറയേണ്ടിവന്നിരിക്കുന്നു.

ഈ ഏകാന്തതയെന്നു പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമാകുന്ന ഒരു അവസ്ഥയല്ലേ?

ആദ്യമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോള്‍ ദൈവം സഹായിച്ച് ഞാന്‍ വളരെ ഭാഗ്യവതിയാണ്. എങ്കിലും ചില സമയങ്ങളില്‍ ഏകാന്തത അനുഭവപ്പെടും. എപ്പോഴുമില്ല. ഇന്ന് എന്റെ ജീവിതരീതി മാറി. ഞാന്‍ ആധ്യാത്മികമായിട്ട് സ്വാമിയില്‍ അടുത്തതിനുശേഷം. എന്റെ മുന്നില്‍ ഒരു അടുത്ത സുഹൃത്തുണ്ട്. അതുകൊണ്ട് ഞാന്‍ വിഷമങ്ങള്‍ അവരോട് പറയുന്നു. എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നു, അങ്ങനെയൊക്കെ തോന്നുന്നു. പിന്നെ ഞാന്‍ ചില കവിതകള്‍, കീര്‍ത്തനങ്ങള്‍ എഴുതിത്തുടങ്ങി. പിന്നെ പാട്ട് പാടാന്‍ വീണ്ടും തുടങ്ങിയതിനുശേഷം ഇതെനിക്കൊരു മഹത്തായ തുടക്കമാണ്. അപ്പോള്‍ ഇത്രയും കൂടുതല്‍ സംഗീതം എന്റെ ഉപബോധമനസ്സില്‍ കടന്നുവന്നിരിക്കുന്നു. അഞ്ചു വയസ്സിലോ എട്ടു വയസ്സിലോ പഠിച്ചതെല്ലാം ഇപ്പോഴും എനിക്ക് ഓര്‍മവരുന്നു. എല്ലാം ഓര്‍മയുണ്ട്.
 

ശ്രീവിദ്യ, ഒരു കാര്യം ചോദിക്കട്ടെ. ഇപ്പോള്‍ നമ്മള്‍ വിശ്വസിച്ച് ഒരാളോട് പെരുമാറുന്നു. പക്ഷേ അതേരീതിയില്‍ നമ്മളോട് പെരുമാറാതെ വരുമ്പോഴുണ്ടാവുന്ന ഒരു ദുഃഖം-സെറ്റിലൊക്കെ നാം ആഹ്ലാദകരമായി ചിരിച്ചും കളിച്ചും പെരുമാറുന്നു. സെറ്റിലെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ ഓരോരുത്തരും അവരവരുടെ ലോകത്തേക്ക് ചേക്കേറുന്നു. അതുപോലെ നമ്മുടെ ജീവിതത്തില്‍ ത്തന്നെ എല്ലാവര്‍ക്കും ഉണ്ടാവുന്നതാണ് സ്‌നേഹം, പ്രണയം എന്നത്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. കമലഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്......
അത് തുറന്നു പറയുന്നതില്‍ ഇപ്പോള്‍ എനിക്ക് മടിയില്ല.

കമലില്‍ മൊത്തം ഹൃദയം സമര്‍പ്പിച്ച ഒരു കാലഘട്ടമായിരുന്നില്ലേ?

തീര്‍ച്ചയായും. ഇന്‍ഡസ്ട്രി മൊത്തമറിഞ്ഞു. രണ്ടു കുടുംബവുമറിഞ്ഞു. അവര്‍ ഞങ്ങളോട് കല്യാണം കഴിക്കാന്‍ പറഞ്ഞു. ആ ഫീലിങ് ഉണ്ടായിരുന്നു. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ആയിരുന്നു ഞാന്‍. അങ്ങനെ കമല്‍സാര്‍ ഒരു വലിയ ഹീറോ ആയി. എന്റെ അമ്മ വിളിച്ച് ഒരിക്കല്‍ ഞങ്ങളെ രണ്ടുപേരേയും ഉപദേശിച്ചിട്ടുണ്ട്, ഒരു തെറ്റിദ്ധാരണയിലേക്കു വന്ന് പുള്ളിവേറെ ഒരാളെ വിവാഹം കഴിക്കുമെന്ന സ്ഥിതി വന്നപ്പോള്‍. ഞങ്ങള്‍ രണ്ടു പേരും ഒരേ പ്രായക്കാരാണ്. എന്നെക്കാള്‍ ആറുമാസം കുറവാണ്. പുള്ളിക്ക് പുള്ളി പറയുന്ന രീതിയില്‍ ഞാന്‍ കാത്തിരിക്കണം എന്നുള്ളതായിരുന്നു. എനിക്കതിന് സമ്മതമല്ലായിരുന്നു. രണ്ടു കുടുംബവും ഇത്രയും അടുത്തിട്ട് ഈ കുടുംബത്തിനെക്കൂടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ല. എന്തായാലും അവരുടെ ആഗ്രഹത്തോടുകൂടി നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്നു കരുതി. അപ്പോള്‍ ഇത്രയൊക്കെ സംസാരിച്ചിട്ടും ഇതാണോ നിന്റെ ഉത്തരം എന്നു ചോദിച്ചു. അപ്പോള്‍ പുള്ളി എന്നോട് ദേഷ്യപ്പെട്ട് കുറെക്കാലം വിളിക്കാതെയൊക്കെയിരുന്നു. അതുകഴിഞ്ഞ് ഒരിക്കല്‍ മഹാബലിപുരത്തുനിന്ന് ഷൂട്ടിങ്് കഴിഞ്ഞ് പോകുന്ന വഴിക്ക് ഞങ്ങളുടെ അഡയാറിലെ വീട്ടില്‍ കയറി. ഒരു ഉച്ചയ്ക്ക്. അപ്പോള്‍ അമ്മ ഉണ്ട്. അവര്‍ വളരെ ഡീസന്റായി പെരുമാറുന്ന കൂട്ടത്തിലാണ്. ഒരു വാക്കുപോലും ഇന്‍ഡീസന്റായി പറയില്ല. ഞങ്ങള്‍ ഹാളില്‍ ഇരുന്ന് സംസാരിക്കുകയാണ്. അപ്പോള്‍ അമ്മ കയറിവന്ന് പറഞ്ഞു. ക്ഷമിക്കണം, എനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്, അവളുടെ അമ്മ എന്ന നിലയ്ക്ക്. സമയമുണ്ടെങ്കില്‍ കേട്ടാല്‍ മതി. അല്ലെങ്കില്‍ പിന്നൊരു ദിവസം ആകാം. അപ്പോള്‍ പറഞ്ഞു, 'അല്ല പറയൂ ആന്റി.' അപ്പോള്‍ അമ്മ ചോദിച്ചു, 'എന്തുകൊണ്ട് നിനക്ക് നാലഞ്ചു വര്‍ഷം കാത്തിരുന്നുകൂട. നിങ്ങളൊരു വലിയ ആര്‍ട്ടിസ്റ്റ് ആയിവരേണ്ട ആളാണ് കമല്‍. ഇന്‍ഡസ്ട്രിയിലെ വലിയ ഹീറോകളില്‍ ഒരാളാവേണ്ട വ്യക്തിയാണ് നീ. ഞാനും ഈ ഫീല്‍ഡിലൂടെ കടന്നുവന്നതാണ്. ഞാനിത് വളരെ പ്രായോഗികമായി ചിന്തിച്ചിട്ടാണ് പറയുന്നത്. അവളും ഒരു വലിയ നടിയാവാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റ് ആണ്. അവള്‍ തീര്‍ച്ചയായും ഒരു വലിയ ആര്‍ട്ടിസ്റ്റ് ആവും. നീ തീര്‍ച്ചയായും അവളേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകളെ കണ്ടുമുട്ടും. അവളും തീര്‍ച്ചയായും നിന്നെക്കാള്‍ ഇന്റലിജന്റായ ആളുകളെ കണ്ടുമുട്ടും. പിന്നീട് അത് വേണ്ടായിരുന്നു എന്നൊരു തോന്നലുണ്ടാവാനുള്ള സാധ്യത മനുഷ്യസഹജമാണ്. അതുകൊണ്ട് ഒരു നാലുവര്‍ഷം. എന്തുകൊണ്ട് നിനക്ക് സ്വയം ചിന്തിച്ച് ഒരു തീരുമാനമെടുത്തുകൂടാ. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സായിട്ടേയുള്ളൂ. എന്റെ അഭിപ്രായത്തില്‍ വിവാഹിതരാകാനുള്ള പ്രായമായിട്ടില്ല. അവള്‍ പറയുന്നതെന്താണോ അത് വളരെ ശരിയാണ്.' ഇതൊന്നും കാതില്‍ക്കൊള്ളാതെ ദേഷ്യപ്പെട്ട് പുള്ളിയങ്ങ് ഇറങ്ങിപ്പോയി. പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്നതാണ്. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് എന്റെ പരാജയമായിരുന്നു. എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. സിനിമയിലാണെങ്കില്‍ ഞാന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു. ഇങ്ങനെയിരിക്കുന്ന സമയത്താണ്

'തീക്കനല്‍' എന്ന പടത്തിന്റെ പ്രൊഡ്യൂസര്‍ ജോര്‍ജുമായി പരിചയപ്പെടുന്നത്.

കമലഹാസനുമായുള്ള ബന്ധം പൊളിഞ്ഞു. പിന്നെ കേട്ടത് ശ്രീവിദ്യയുമായിട്ടുള്ള പ്രണയം തുടരുമ്പോള്‍ത്തന്നെ കമലഹാസന് വേറെ നടികളുമായി ബന്ധമുണ്ടായിരുന്നു.......
അതിനെക്കുറിച്ച് സംസാരിക്കുന്നതിന് ഞാന്‍ ആളല്ല. ഞാന്‍ കപടനാട്യം ആടുന്നയാളല്ല. എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.

കമലുമായിട്ട് പിന്നീട് നല്ല ബന്ധമായിരുന്നുവല്ലേ?

അതെ. നന്മ മാത്രമേ എനിക്ക് മനസ്സിലുണ്ടായിരുന്നുള്ളൂ. എല്ലാവരെക്കുറിച്ചും എപ്പോഴും. എന്നെ ഏറ്റവും വെറുത്ത ആര്‍ട്ടിസ്റ്റുകളുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ ഏറ്റവും വെറുത്ത സംവിധായകരുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് പ്രതികാരം എന്നു പറയുന്നതില്ല. അതുകൊണ്ട് എന്തു നേടാന്‍ പോകുന്നു?

അന്ന് മനസ്സിന്റെ കോണിലെങ്കിലും കമലിനോട് ഒരു വിദ്വേഷം തോന്നിയില്ലേ?

ഇല്ല. എനിക്ക് എന്നോട് ദേഷ്യംതോന്നി. കാരണം ഞാന്‍ എന്നെ പരാജയപ്പെടുത്താന്‍ അനുവദിച്ചു. അന്ന് പിടിച്ചുനിന്നിരുന്നുവെങ്കില്‍ എന്തെങ്കിലും..... പക്ഷേ ഇപ്പോഴും ഒരാളെ ബുദ്ധിമുട്ടിച്ച് ഒന്നും നേടാന്‍ എനിക്കിഷ്ടമില്ല. ഒരു കാര്യത്തിലും എന്റെ ചൊല്‍പ്പടിക്കുതന്നെ നില്‍ക്കണമെന്നു പറഞ്ഞ് ഞാന്‍ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ഞാന്‍ എന്റെ അമ്മയെപ്പോലെയാണ്. അവര്‍ അങ്ങനെ ആയിരുന്നു.

ഈ മാനസിക വിഷമത്തിലൂടെ കടന്നുപോകുമ്പോഴായിരിക്കുമല്ലേ 'തീക്കനല്‍' എന്ന സിനിമ....

ഈ സിനിമയെടുക്കുമ്പോഴാണ് ജോര്‍ജ് വന്ന് സംസാരിക്കുന്നതും വളരെ അന്തസ്സായി എന്നോട് ഇടപെടുന്നതും. കുട്ടിക്കാലത്ത് എനിക്ക് നഷ്ടപ്പെട്ടതായിരുന്നു അതൊക്കെ. വളരെ പ്രായോഗികമായിട്ട് അദ്ദേഹം എന്റെ സംരക്ഷണം ഏറ്റെടുത്തു. അങ്ങനെ അദ്ദേഹം പ്രൊപ്പോസല്‍ മുന്നോട്ടു വെച്ചു. എനിക്ക് സമ്മതമായിരുന്നു. ആ സമയത്ത് എനിക്ക് ഇരുപത്തിമൂന്ന് കഴിഞ്ഞിരുന്നു. എന്റെ കണ്ണിന്റെ മുന്നില്‍ കമലിന്റെ കല്യാണം നടന്നു. അപ്പോള്‍ ഞാനും കല്യാണം കഴിക്കും. എന്താണ് ഇതിലൊരു തെറ്റ്. അദ്ദേഹത്തിന് കല്യാണം കഴിക്കാമെന്നുണ്ടെങ്കില്‍ എനിക്കും കഴിക്കാം. എന്തുകൊണ്ട് പറ്റില്ല. പിന്നെ ഞാന്‍ സ്വയം ഈ വിവാഹത്തിനുവേണ്ടി നിര്‍ബന്ധിക്കപ്പെട്ടു.

പക്ഷേ എല്ലാവരും ഉപദേശിച്ചില്ലേ വേണ്ടാ വേണ്ടായെന്ന്?

എല്ലാവരും പറഞ്ഞു, അയാള്‍ നിങ്ങള്‍ക്ക് യോജിച്ച വ്യക്തിയല്ല.
 

അപ്പോള്‍ ഒരു വാശിയായിരുന്നു കല്യാണം കഴിക്കണമെന്നുള്ളത് അല്ലേ?
അതേ, 1976ല്‍. അതാണ് ഞാന്‍. എന്റെ അമ്മയെ തെറ്റിദ്ധരിച്ചു. അതിന്റെ ഫലമാണ് ഞാനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ കുറ്റം സമ്മതിക്കുന്നതില്‍ ഒരിക്കലും ഞാന്‍ പുറകോട്ടു പോയിട്ടില്ല.കുറ്റബോധം തോന്നുകയാണെങ്കില്‍ ആദ്യം സോറി പറയുന്നത് ഞാനായിരിക്കും. വേറൊരാളെക്കൊണ്ട് എന്നെ വിരല്‍ ചൂണ്ടിക്കുന്നത് എനിക്കിഷ്ടമല്ല. അത് നല്ലതാണോ ചീത്തയാണോ എന്നുപോലും എനിക്കറിയില്ല. ഗുണവും ഉണ്ടായിട്ടുണ്ട് ദോഷവും ഉണ്ടായിട്ടുണ്ട്. പക്ഷേ ആദ്യമേ ഞാനത് സമ്മതിച്ചു. ഈ കല്യാണം തന്നെ വേണമെന്ന് നിര്‍ബന്ധപൂര്‍വം..... വീണ്ടും എല്ലാരും വിലക്കിയെങ്കിലും വിലക്കുംതോറും എനിക്ക് കൂടുതല്‍ വാശിയായി. ഈ കല്യാണം തന്നെ വേണമെന്ന് ഉറപ്പിച്ചു. കല്യാണം കഴിച്ചു. പിന്നീട് എന്ത്? ഞാന്‍ നാലഞ്ചു തമിഴ് പടത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കെയാണ്. ആ സമയത്താണ് ഈ കല്യാണം നടക്കുന്നത്. അപ്പോേഴക്കും ബോംബെയില്‍ പോയി മൂന്നു മാസത്തോളം അവിടെ താമസിച്ചു. അപ്പോള്‍ ഇന്‍കംടാക്‌സിന്റെ റെയിഡുണ്ടായി പുള്ളിക്ക്. അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അയാള്‍ ഒരു നിര്‍മാതാവായിരുന്നില്ല. ഒരു ബിനാമി ആയിരുന്നു. ഈ ബിനാമി എന്നു പറഞ്ഞാല്‍ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ഈ കല്യാണത്തിനു സമ്മതിക്കാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നു. 1976-ല്‍ ഞങ്ങള്‍ അമേരിക്കയിലേക്ക് ഒരു ടൂര്‍ പോയി. അമ്മകൂടി ഉണ്ടായിരുന്നു. അമ്മ എന്റെ മനസ്സുമാറ്റാനായിട്ടാണ് ടൂര്‍ പ്ലാന്‍ ചെയ്തത്. രണ്ടുമാസത്തേക്ക് ഒരു ടൂര്‍. ഒരു മണിക്കൂര്‍ എന്റെ ഡാന്‍സ്, ഒരു മണിക്കൂര്‍ അമ്മ പാടും. അങ്ങനെ ഒരു മുപ്പത് പരിപാടികള്‍. അവിടെവെച്ച് എനിക്ക് നിരവധി വിവാഹാലോചനകള്‍ വന്നു. അവിടെയുള്ള ഉന്നത ബ്രാഹ്മണകുടുംബത്തില്‍നിന്നെല്ലാം ഒരുപാട് ആലോചനകള്‍ വരുന്നു. എന്റെ അമ്മ നിഷേധിക്കുന്നു. അത് ഞാന്‍ തെറ്റിദ്ധരിച്ചു. ഈ സ്ത്രീക്ക് ഞാന്‍ വിവാഹിതയാവണമെന്നില്ലേ? അപ്പോള്‍ എനിക്ക് ഉപദേശം ചോദിക്കാന്‍ ആരുമില്ല. സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ല. സ്വന്തമായി ചിന്തിക്കാനുള്ള ഒരു ശക്തിയും എന്റെ മനസ്സിലേക്ക് വരുന്നില്ല. കാരണം ഞാന്‍ വളരെ ദുര്‍ബലയായിരുന്നു. അമ്മ ഇങ്ങനെ ചെയ്തില്ലേ. എന്റെ ജീവിതം നശിപ്പിച്ചില്ലേ എന്നെല്ലാം ഞാന്‍ പറയുകയും ചെയ്തു. ഇത്രയും ആലോചനകള്‍ വന്നിട്ട് അമ്മ എന്താണ് എല്ലാം നിഷേധിച്ചത് എന്നൊക്കെപ്പറഞ്ഞ് തര്‍ക്കിക്കുമായിരുന്നു. അവര്‍ ശാന്തമായി ഇരുന്നതു മാത്രം. അതിനൊക്കെ ഒരു സമയം വരുമെന്ന് അവര്‍ കരുതി. വിധിയെന്നു പറയാം. ഈ ജന്മം ഇങ്ങനെ ജീവിച്ചുതീര്‍ക്കണമെന്നുള്ളതായിരിക്കും. അതിനെ നിഷേധിക്കാന്‍ പറ്റില്ലല്ലോ. അന്ന് അവര്‍ പറയേണ്ടിയിരുന്നത് ഇത്രയും വലിയ ഒരു ഗായികയുടെ മകളായ നീ, ഇത്രയും വലിയ ഒരു ആര്‍ട്ടിസ്റ്റായ നീ, നിന്റെ നിലയിലുള്ള ഒരു നല്ല കുടുംബത്തില്‍നിന്നുതന്നെ കല്യാണം കഴിക്കണം. ജോര്‍ജുമായി ബന്ധപ്പെട്ടപ്പോള്‍ അന്ന് അങ്ങനെ പറയണമായിരുന്നു.... ഇങ്ങനെ ഒരന്യജാതിയില്‍പ്പെട്ട ഒരു പയ്യനുമായിട്ട് പോകാന്‍ പാടില്ലെന്ന് കുറച്ചുകൂടെ ശക്തമായിട്ട് പറയണമായിരുന്നു. ആ ഒരധികാരം എന്റെ അച്ഛനും കൊടുത്തില്ല അവര്‍. ഇതില്‍ തീരുമാനം ഞാനേ എടുക്കുകയുള്ളൂ, നിങ്ങള്‍ മിണ്ടാതിരിക്കണം. അപ്പോള്‍ അച്ഛന്‍ അതില്‍നിന്നും വീണ്ടും അകലുകയായിരുന്നു. ചേട്ടനാണെങ്കില്‍ അമ്മ എന്തു പറയുന്നു - ശരി. സ്വന്തമായിട്ടൊരു തീരുമാനം എടുക്കാനറിയില്ല. അച്ഛനുമായിട്ട് സംസാരിക്കില്ല. അപ്പോള്‍ എന്നെ വളര്‍ത്തിയ ആയയുടെ അടുത്ത് ഞാന്‍ ചോദിച്ചു. ഞാന്‍ എന്താ വേണ്ടത്, ആയമ്മ പറയൂ. അപ്പോള്‍ അവര്‍ പറഞ്ഞു നീ കല്യാണം കഴിച്ചു പോ - നീ എപ്പടിയാ പോ എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ കരുതി ഇവരും വിചാരിക്കുന്നു ഞാന്‍ എന്തു തീരുമാനിക്കുന്നുവോ, അതു ശരിയാണെന്ന്. അതുകൊണ്ടല്ലേ എന്നോട് പോകാന്‍ പറയുന്നത്. അങ്ങനെ കല്യാണം കഴിച്ചു. പിന്നെ അമ്മ എന്റെ കല്യാണത്തിനു വന്നു. അതായിരുന്നു ഏറ്റവും വലിയ ആനന്ദകരമായ ഒരു ഷോക്ക്. രാവിലെ ഞാന്‍ കല്യാണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒരു ചീട്ടു വന്നു.

എവിടെവെച്ചായിരുന്നു കല്യാണം?

ബോംബെയില്‍. അന്നത്തെക്കാലത്തൊക്കെ ഒരു ബാലതാരം ആയിരുന്ന ഒരു ആര്‍ട്ടിസ്റ്റ് ഉണ്ട്, തമ്പി സരോജ. മുപ്പതുകളില്‍ അവള്‍ വലിയ പ്രശസ്തയായിരുന്നു. 1930-ല്‍. അപ്പോള്‍ അവരുടെ കൂടെ എന്റെ അമ്മ വന്നിരിക്കുന്നു ബോംബെയില്‍. ഹിന്ദുവിന്റെ ചാര്‍ട്ടേഡ് പ്ലെയിനിലോ മറ്റോ കയറ്റി അയച്ചിരിക്കുന്നു അമ്മയെ. 'ഞാന്‍ വന്നിട്ടുണ്ട്, ഞാന്‍ ഒരു അലമ്പും ഉണ്ടാക്കില്ല. എനിക്ക് ചര്‍ച്ചിലേക്കുള്ള വഴി പറഞ്ഞുതരണം. പിന്നെ നിന്റെ ആഭരണം, നിനക്കുള്ള കല്യാണപ്പുടവ എല്ലാം ഞാന്‍ കൊടുത്തിട്ടുണ്ട്. ആശംസകള്‍.' എന്നു പറഞ്ഞായിരുന്നു ചീട്ട്. എനിക്ക് കരച്ചില്‍ വരുന്നു. എന്തു ചെയ്യണമെന്നറിഞ്ഞു കൂട. വരാന്‍ പറയൂ എന്നു പറഞ്ഞ് ആ വന്നയാളോട് വഴി പറഞ്ഞു കൊടുത്തു. കല്യാണം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ കീറിപ്പറിഞ്ഞ സാരിയുടുത്തിരിക്കുന്നു അമ്മ. അതെന്തിനാണെന്നുവെച്ചാല്‍ അവരുടെ ദേഷ്യം കാണിക്കാന്‍. പന്നസാരിയുടുത്ത് വെടിപ്പില്ലാതെ. മുഖം കഴുകിയിട്ടില്ല. അന്ന് വൈകുന്നേരം ബാംഗ്ലൂരില്‍ അമ്മയ്ക്ക് കച്ചേരി. അവരുടെ ഗട്ട്‌സ് എത്രയെന്ന് നോക്കണം. എന്നോടു പറഞ്ഞു, കണ്‍ഗ്രാറ്റ്‌സ് ഞാന്‍ പോകുന്നു, എനിക്ക് വൈകുന്നേരം പരിപാടി ഉണ്ട് കേട്ടോ. Ok all the best. ആരോ കൂള്‍ഡ്രിംഗ്‌സുമായി ചെന്നപ്പോഴേക്കും അവര്‍ സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. ഞാന്‍ അമ്മയുടെ കൂടെ നിര്‍ത്തിയുള്ള ഒന്നു രണ്ടു ഫോട്ടോ എടുത്തു. ഒരു അഞ്ചു മിനിട്ട.് അത്രമാത്രമേ നിന്നുള്ളൂ. അങ്ങനത്തെ ഒരു കല്യാണം.
അതുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു വല്ലായ്മ തോന്നിയില്ലേ? അമ്മയിങ്ങനെ വന്ന് നില്‍ക്കാതെ പോയല്ലോയെന്ന സങ്കടം?
അതുണ്ടായിരുന്നു. അച്ഛനാണെങ്കില്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു. അദ്ദേഹത്തിന് ഒന്നും സാധിക്കില്ല.

ആ സമയത്തൊക്കെ ഒന്ന് കൂടെനില്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ?

ഇല്ല. സ്വന്തമായിട്ടുതന്നെ. അന്നുമുതല്‍ ഞാന്‍ ഒറ്റയ്ക്കാണ്. പിന്നെ വല്ലപ്പോഴും അമ്മ ഒരു സന്ദര്‍ശകയെപ്പോലെ വരും. അല്ലാതെ അങ്ങനെയൊരടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

ഇത്രയും ആളുകളുമായി ഇടപെടുന്ന ഒരു കരിയര്‍ ഉണ്ടായിട്ടും.......

നോക്കൂ, ഇന്‍ഡസ്ട്രി എന്നു പറയുന്നത് നിങ്ങള്‍ക്കു വിജയമുള്ളപ്പോള്‍ നിങ്ങളോടൊപ്പം അവരുണ്ടാകും. നിങ്ങള്‍ക്കു വിജയിക്കാനാകുന്നില്ല, അഥവാ നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു എന്നു വരുമ്പോള്‍ അവരാരും ഇടപെടില്ല. ഒരിക്കലും ഇടപെടില്ല. ജോര്‍ജുമായി പിരിയുന്ന ഘട്ടം. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നസീര്‍ സാര്‍ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പിരിഞ്ഞുവന്നതിന്റെ സമയമായിരുന്നു. 'എന്താ അമ്മാ ഞാനീ കേട്ടത്. ആ കൊച്ചന്‍ വന്നിരുന്ന് ഭയങ്കര കരച്ചിലാണല്ലോ. എന്താ നിങ്ങള്‍ കാട്ടിക്കൂട്ടുന്നത്?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'സാര്‍ ഒരു നാണയത്തിന് രണ്ട് സൈഡുണ്ട്. അപ്പോള്‍ ഞാന്‍ പറയുന്നതു കൂടി കേട്ടിട്ട് ഒരു തീരുമാനം പറഞ്ഞാല്‍ മതി. സാര്‍ എന്തു പറയുന്നോ ഞാന്‍ അനുസരിക്കാം. എന്റെ ഒരു മൂത്ത സഹോദരന്റെ സ്ഥാനത്ത് കണ്ടിട്ടാണ് ഞാന്‍ പറയുന്നത്.' ഉടന്‍ നസീര്‍ സാര്‍ പറഞ്ഞു: 'ഞാന്‍ അങ്ങനെ ഒരു വാക്കുപോലും ചോദിക്കാന്‍ പാടില്ലായിരുന്നു. തെറ്റ് എന്റെ പക്ഷത്താണ്. സോറി. നമുക്ക് എന്താണ് ചെയ്യാന്‍ പറ്റുക. ഇത് എന്നെങ്കിലും ശരിയാവുമോ.' 'നോക്കാം. നമുക്ക് കാണാം' എന്നൊക്കെ പറഞ്ഞ് ഞാന്‍ ഫോണ്‍വെച്ചു. കാരണം അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
 

ഈ റെയ്ഡ് ഒക്കെ നടക്കുമ്പോള്‍ ബിനാമിയാണെന്നറിഞ്ഞപ്പോള്‍ - ഒരു ട്രസ്റ്റ്...
എനിക്കറിയില്ലായിരുന്നു അപ്പോള്‍. വീണ്ടും എന്നെ അദ്ദേഹം അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ മദ്രാസില്‍ പോയി. അദ്ദേഹം വീണ്ടും അന്വേഷണത്തിന് വിധേയനായി. അപ്പോള്‍ ഒരു ഹോട്ടലില്‍ താമസിച്ചു. വീട് നോക്കിക്കൊണ്ടിരിക്കയാണ്. ബാലാജി സര്‍, നമ്മുടെ ലാലിന്റെ അമ്മായി അപ്പന്‍ വന്നിട്ട് എന്തോ ഒരു പടത്തിലഭിനയിക്കാന്‍ ചോദിക്കുന്നു. അങ്ങനെ ഞാനൊരു പുതിയ പടം സ്വീകരിക്കുന്നു. സുകുമാരന്‍ വന്നിട്ട് 'തേന്‍തുള്ളി'യെന്ന മലയാളപടത്തിലഭിനയിക്കാന്‍ ചോദിക്കുന്നു. അത് ഞാന്‍ സ്വീകരിക്കുന്നു. അങ്ങനെ മലയാളത്തില്‍നിന്നും എനിക്ക് ധാരാളം അവസരങ്ങള്‍ വന്നു. അതോടെ അവരുടെ കുടുംബം വന്ന് ഞങ്ങളോടൊപ്പം താമസിച്ചു തുടങ്ങി. അങ്ങനെ വേറൊരു ജീവിതം-തിരക്കുപിടിച്ച വേറൊരു ട്രാക്ക് വീണ്ടും. അവരുടെ കുടുംബത്തിന്റെ ഇഷ്ടത്തിനുവേണ്ടി ഓടിയോടി-അവര്‍ക്ക് ഇഷ്ടപ്പെട്ട ടൂത്ത്‌പേസ്റ്റ് ബ്രാന്റാണ് ഉപയോഗിച്ചിരുന്നത്. അത്രയ്ക്ക് അഡ്ജസ്റ്റ് ചെയ്തിട്ടും നമുക്ക് വേണ്ടതായ സ്‌നേഹം കിട്ടിയില്ല.

ഒടുവില്‍ വഞ്ചിക്കപ്പെടുന്ന ഒരു പ്രതീതി മനസ്സില്‍......

എന്നാലും കുറച്ച് ആരെങ്കിലും സ്‌നേഹം കാണിക്കുമ്പോള്‍-എപ്പോഴും എനിക്ക് കരച്ചില്‍ വരും. ചിലര്‍ എന്നെ ഒരു ഫിക്ഷന്‍പോലെ കരുതുന്നു.ഒരു നായയാണെങ്കില്‍പ്പോലും, ഞാന്‍ വിചാരിക്കും, ഞാന്‍ എന്റെ ജീവിതം കൊടുക്കും. പക്ഷേ, ഇതൊക്കെ വളരെ അപൂര്‍വമാണ്. ആളുകള്‍ ഭയങ്കര സ്വാര്‍ഥരാണ്. ഒരു സത്യം നേരിടാനോ സത്യം പറയാനോ ആരും തയ്യാറല്ല (കണ്ണുനീര്‍ തുടയ്ക്കുന്നു)

ഇങ്ങനെയിരുന്ന് കരയുമോ വല്ലപ്പോഴും?

ഇല്ല. അതൊക്കെ പോയി. ഈ അഭിമുഖത്തില്‍ ഞാന്‍ ഇമോഷണല്‍ ആയതിന് കാരണമുണ്ട്. ഞാന്‍ മനസ്സു തുറന്നിരിക്കുകയാണ്.

പക്ഷേ, മനസ്സു തുറന്നു സംസാരിക്കുമ്പോള്‍ ഒരു ആശ്വാസം കിട്ടാറില്ലേ?

തീര്‍ച്ചയായും. അത് എപ്പോഴും, സെറ്റിലും ഞാന്‍ വളരെ തുറന്ന് സംസാരിക്കാറേ ഉള്ളൂ.

വളരെ സങ്കീര്‍ണമായിട്ടുള്ള സന്ദര്‍ഭങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോയിട്ടുള്ളത്. എന്നുവച്ചാല്‍ നിങ്ങള്‍ സ്‌നേഹിച്ചവരൊക്കെ സ്വയം പിന്‍വാങ്ങുക, മനസ്സിനു വല്ലാത്തൊരു തളര്‍ച്ചയുണ്ടാക്കുന്നതല്ലേ ഇതൊക്കെ?

മനസ്സിന് തളര്‍ച്ച എന്നു പറയുന്നത്....സാമ്പത്തികമായിട്ട് ഒരു പ്രശ്‌നം വരുമ്പോള്‍ നാം തളര്‍ന്നുപോകും. അപ്പോള്‍ എല്ലാവരും പറഞ്ഞു എന്നോട് -നിങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നെങ്കില്‍ നിങ്ങളിങ്ങനെ ചെയ്യുമായിരുന്നോ? നിങ്ങള്‍ ഡൈവോഴ്‌സിന് ആവശ്യപ്പെടില്ലായിരുന്നു. തീര്‍ച്ചയായും ഞാന്‍ ഡൈവോഴ്‌സിന് പോയിരിക്കും. കാരണം അത്തരത്തിലുള്ള ഒരച്ഛന് കുട്ടികളുണ്ടായിക്കൊള്ളണമെന്നില്ല. ഞാന്‍ എന്റെ കുട്ടികളോട് സത്യം തുറന്നു പറയും. നോക്കൂ, ഇതാണ് നിങ്ങളുടെ അച്ഛന്‍. നിങ്ങള്‍ക്ക് ഈ അച്ഛന്റെകൂടെ പോകണമെങ്കില്‍, പൊയ്‌ക്കോളൂ. അമ്മയോടൊപ്പം നില്‍ക്കണമെങ്കില്‍ അങ്ങനെയായിക്കോളൂ. ഞാന്‍ അവരുടെ തീരുമാനത്തിന് വിട്ടുകൊടുക്കും. എന്റെ വിവാഹജീവിതം പരാജയമാണെന്ന് സമ്മതിക്കാന്‍തന്നെ അഞ്ചു വര്‍ഷമെടുത്തു. എന്റെ ഈഗോ കാരണം. കാരണം, ഞാനൊരു പ്രശസ്തയായ അഭിനേത്രിയായിരുന്നല്ലോ. ഞാന്‍ പുറത്തുപോയാല്‍ ആളുകള്‍ എന്തു വിചാരിക്കും? നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കണം. ഒരു മനുഷ്യനെന്ന നിലയില്‍ നിങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കണം. ഇവിടെ എത്രയോ ആളുകള്‍ നിങ്ങളേക്കാള്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ഒരു നേരത്തെ ആഹാരമില്ലാതെ ജനങ്ങള്‍ ജീവിക്കുന്നില്ലേ. പ്ലാറ്റ്‌ഫോമില്‍ക്കിടന്ന് ഉറങ്ങുന്നില്ലേ. അവരൊക്കെ മനുഷ്യരല്ലേ. അവര്‍ ജീവിക്കുന്നില്ലേ. പിന്നെന്തുകൊണ്ട് നിങ്ങള്‍ക്ക് സത്യത്തെ അഭിമുഖീകരിച്ചുകൂടാ. ഇതാണ് നിങ്ങളുടെ തെറ്റ്. ഇതാണ് നിങ്ങളുടെ മണ്ടത്തരം.

ഇടയ്ക്ക് ഈ മണ്ടത്തരം വരുമ്പോള്‍ എങ്ങനെയാണ്?

അങ്ങനെയൊരു തീരമാനമെടുത്തപ്പോഴാണ് ഞാന്‍ കൂടുതല്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയത്. അതുവരെ അവരുടെ വീട്ടുകാരെല്ലാം വന്ന് താമസിച്ചോട്ടെ. അത്രയുമൊരു നിലവരെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പിന്നെ, അദ്ദേഹം പൂര്‍ണമായും പരുക്കനായതോടെ, ഞാന്‍ പൈസയുണ്ടാക്കുന്ന ഒരു മെഷീനായി മാറി. തിരിച്ചൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞാല്‍ ഞാന്‍ എവിടെ നില്‍ക്കുന്നു?

എപ്പോഴെങ്കിലും പൊട്ടിത്തെറിച്ചിട്ടുണ്ടോ? ഇതു മടുത്തു, ഇനി വേണ്ട- അങ്ങനെയൊരു പ്രതികരണം......?

ഇല്ലില്ല. അയാള്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. അയാളെന്നെ അടിച്ചിട്ടുണ്ട്.

നിങ്ങളെ മര്‍ദിച്ചോ അയാള്‍?

അതെ, അയാള്‍ അടിച്ചു. ഞാന്‍ പരിഭ്രമിച്ചുപോയി. എന്തെങ്കിലും സംഭവിച്ചുപോയാല്‍? കാരണം പുതിയ വീട്ടിലേക്ക് അപ്പോള്‍ താമസം മാറി. കടലുപോലെ കിടക്കുന്ന ഈ വീട്ടില്‍ രണ്ടുപേരും ഒരു വാച്ചുമാനും എങ്ങാണ്ട് ദൂരത്തിരിക്കുന്നുണ്ട്. ജോലിക്കാരുപോലും സെറ്റായിട്ടില്ല. തന്നെത്താനെ എല്ലാം ചെയ്യേണ്ട സാഹചര്യത്തില്‍ അബദ്ധത്തില്‍ എന്തെങ്കിലും സംഭവിച്ചുപോയാല്‍. അയാള്‍ എന്തെങ്കിലും ചെയ്യുമെന്ന പേടി എന്നെ വേട്ടയാടി. അപ്പോള്‍, എന്തിനാണ് ആവശ്യമില്ലാതെ ഇത്തരം സന്ദര്‍ഭങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നത്? അപ്പോഴാണ് ഞാന്‍ അമ്മയെ വിളിച്ചത്. അതുവരെ അമ്മയ്ക്കറിയില്ലായിരുന്നു. അങ്ങനെ ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി എന്തെങ്കിലുമൊരു തീരുമാനമുണ്ടാക്കുക. ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും വിളിച്ചു. അവര്‍ പറഞ്ഞു: 'നോക്കൂ, ഇത് ഞങ്ങളായിട്ട് എടുത്ത തീരുമാനമല്ല. നിങ്ങളായിട്ട് തീരുമാനിച്ച കല്യാണമാണ്. അപ്പോള്‍ ഞങ്ങളെങ്ങനെയാണ് ഒരു തീരുമാനം പറയുക.' അപ്പോള്‍ അവരുടെ അച്ഛനേയും അമ്മയേയും പോലും അദ്ദേഹം വകവച്ചില്ല. അവരോടും ഗെറ്റൗട്ട് പറഞ്ഞു. അപ്പോള്‍ എന്റെ അമ്മ വന്ന് എന്തു പറ്റിയെന്നൊക്കെ ചോദിച്ചപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അനുഭവിക്കുന്ന കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു. അവര്‍ സംയമനം പാലിച്ചു. എന്നിട്ട് പറഞ്ഞു: 'നീ എന്തൊരു വിഡ്ഢിയാണ്. നീ അഞ്ചു വര്‍ഷമായിട്ട് എന്നോട് പറയാത്തതെന്ത്? എന്റെ വീട്ടില്‍ വരാമായിരുന്നില്ലേ നിനക്ക്. ഞാന്‍ അമ്മയാടീ നിന്റെ. എനിക്കെങ്ങനെ നിന്നോട് ക്രൂരയാവാന്‍ കഴിയും? നീ എവിടെ പോകാമെന്നാണ് വിചാരിച്ചത്?'

ഇതു പറയുമ്പോള്‍ വിതുമ്പിയോ?

ഇല്ലില്ല. ഞാന്‍ വിതുമ്പിയില്ല. ഞാന്‍ പറഞ്ഞു: 'എന്തെങ്കിലും ചെയ്ത് ഇതൊന്ന് വേര്‍തിരിച്ചു തരണം അമ്മേ. എനിക്ക് ഇനി ജീവിക്കാന്‍ വയ്യ. എനിക്ക് ശ്വാസം മുട്ടുന്നു. എല്ലാം നന്ന് എന്ന് കള്ളം പറഞ്ഞ് ചിരിച്ചുകൊണ്ടു നടക്കാന്‍ എനിക്കു പറ്റില്ല' എന്നൊക്കെ ഞാന്‍ പറഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു: 'ശരി, നമുക്ക് സംസാരിച്ചു തീര്‍ക്കാം.' ഒരു ചര്‍ച്ചയ്ക്കുള്ള മൂഡില്‍ ആയിരുന്നില്ല. അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഞാന്‍ വന്ന് കുറച്ചുനാള്‍ എന്റെ ബ്രദറിന്റെ കൂടെ താമസിച്ചു. എന്റെ നാത്തൂന്‍ പൂര്‍ണഗര്‍ഭിണിയായ സമയമായിരുന്നു അത്. അവര്‍ക്ക് ബുദ്ധിമുട്ടാണ് - നമ്മുടെ സമയവും കാര്യങ്ങളുമൊക്കെ. അങ്ങനെ ഒരു പത്തുപതിനഞ്ചു ദിവസമായപ്പോള്‍ പുറത്തുവന്ന് ഞങ്ങള്‍ വേറൊരു വീടെടുത്തു. പിന്നെ അമ്മ എനിക്കുവേണ്ടി അവിടെ വന്നു താമസിച്ചു.

അമ്മയുടെ ഒരു പിന്‍ബലം ഉണ്ടായിരുന്നുവല്ലേ?

അതെ. ഒരു നാലുവര്‍ഷം അമ്മ എന്നോടൊപ്പം താമസിച്ചു. പക്ഷേ, പെട്ടെന്ന് എന്നെ ഉപേക്ഷിച്ച് അമ്മ പോയപ്പോള്‍, എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നിയമയുദ്ധത്തിനിടയിലല്ലേ അമ്മ.......?

അപ്പോഴൊന്നും തുടങ്ങിയിട്ടില്ല. ഒരു വക്കീല്‍ ഞങ്ങളെ ചതിക്കുകയായിരുന്നു. ഏയ്, ഇതൊന്നും നിയമപരമായി പോകേണ്ട കാര്യമില്ല. നമുക്ക് വീട് ഇന്‍കംടാക്‌സില്‍ സറണ്ടര്‍ ചെയ്യാം. നികുതി ബാക്കി കിട്ടുന്നതിനുവേണ്ടിയിട്ട്. അവര്‍ വിറ്റിട്ട് ബാക്കി തുക തരും. അങ്ങനെ ചെയ്താല്‍ മതി. സിവിലില്‍ കേസിനു പോയാല്‍, പത്തു മുപ്പതു കൊല്ലമാകും എന്നൊക്കെ പറഞ്ഞ് വക്കീല്‍ ഞങ്ങളെ ചതിക്കുകയായിരുന്നു. ഞാനതുംകേട്ട് ഇന്‍കം ടാക്‌സില്‍ വീട് എഴുതിക്കൊടുത്തു. അവര്‍ അവിടെയും പാരവച്ചു. ഒന്നും ചെയ്യാതിരിക്കാന്‍വേണ്ടി. അതിനിടെ 1990-ല്‍ അമ്മ മരിച്ചു. 1993 വരെ ഞാന്‍ ഇതുപോലെ കാത്തിരുന്നു.
 

അമ്മ മരിച്ചപ്പോള്‍ വല്ലാത്തൊരു.....
അതെനിക്കൊരു ഭയങ്കര ഷോക്കായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതല്ല. ക്രമേണ ഒരു ചരിവ് ഇങ്ങനെ വന്നുവന്ന് കുഴിയിലേക്ക് പോയി. അമ്മയ്ക്ക് രണ്ടുമാസം സുഖമില്ലാതിരുന്നു. പിന്നെ പെട്ടെന്ന് അമ്മ മരിച്ചു. എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കാരണം, കഴിഞ്ഞ നാലുവര്‍ഷമായി ഞങ്ങള്‍ കൂട്ടുകാരെപ്പോലെയായിരുന്നു. പുറത്തേക്കൊക്കെ ഒരുമിച്ച് പോവുക. എന്റെ അമ്മയും ഞാനും ഒരുമിച്ച് ഒരു ഹോട്ടലില്‍ പോയിരുന്ന് ആഹാരം കഴിക്കുക. ഞാന്‍ അവര്‍ക്കു വേണ്ടി ഒരു കാര്‍ വാങ്ങി. അമ്മയ്ക്ക് ഒരു സുഖഭോഗവസ്തുക്കളിലും വിശ്വാസമില്ല. വലിയ കൃഷ്ണഭക്തയാണ്. രാത്രിയിലൊക്കെ പൂജാമുറിയിലാണ് കിടന്നുറങ്ങുന്നത്. കൃഷ്ണായെന്നു ജപിച്ചുകൊണ്ട് കിടന്നുറങ്ങും. അവസാനകാലത്തെല്ലാം അങ്ങനെയായിരുന്നു. അപ്പോഴും അച്ഛന്‍ അമ്മയോട് സംസാരിച്ചിരുന്നില്ല. എപ്പോഴും കുത്തിക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഞാനുള്ള സമയത്ത് അച്ഛന്‍ ആ വീട്ടില്‍ വരത്തില്ല. പുള്ളി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കണ്ടുമുട്ടിയാല്‍ വഴക്കാണ്. അപ്പോഴും അമ്മ എല്ലാം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, നിങ്ങള്‍ക്കറിയുമോ? അമ്മ മരിച്ചത് എനിക്ക് ഉള്‍ക്കൊള്ളാനേ പറ്റിയില്ല. ഞാന്‍ കരുതി എന്റെ ജീവിതം കഴിഞ്ഞുവെന്ന്. മരണക്കിടക്കയില്‍ വെച്ച് ചില കാര്യങ്ങള്‍ അവര്‍ എനിക്ക് പറഞ്ഞുതന്നു. അത്ഭുതമായിട്ട് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നിന്ന ജോലിക്കാര്‍ നിന്റെ കൂടെ നില്‍ക്കും. ഇന്നിന്ന മാതിരിയായിരിക്കും നിന്റെ ജീവിതം. നിന്റെ ചേട്ടന്‍ ഇന്നിന്ന രീതിയില്‍ പെരുമാറും. അതെല്ലാം നീ വിട്ടുകൊടുത്തേക്ക്. നീ ജോലി ചെയ്ത് ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു കുട്ടിയാണ്. തുടരുക. ഫാസില്‍ സാറിന്റെ പടം തുടങ്ങുന്നുവെന്ന് നിനക്കറിയാമല്ലോ? അതില്‍ നീ പാട്ടുകാരിയായിട്ടാണ് അഭിനയിക്കുന്നത്. 'എന്റെ സൂര്യപുത്രി'യാണ് തുടങ്ങാനിരിക്കുന്നത്. അപ്പോഴും ആ മേക്കപ്പ് മാന്‍ മണിച്ചേട്ടനെ വിളിച്ച് പറയുകയാണ് സെറ്റെല്ലാം എങ്ങനെ അലങ്കരിക്കണം, വലിയ വലിയ വിദ്വാന്‍മാരുടെ ഫോട്ടോഗ്രാഫ് ഒക്കെ വെക്കണം, നന്നായി എടുക്കാന്‍ പറയൂ ഫാസിലിനോട്, എന്റെ പട്ടുസാരിയെല്ലാം അവളോട് ഉടുക്കാന്‍ പറയണം, പുറത്തുനിന്ന് വാങ്ങിക്കരുത്, ഒത്തിരി വിലയുള്ളതാണ്- ഇതൊക്കെ അമ്മ പറയുകയാണ്.പിന്നെ ഞാന്‍ അമ്മയോടു ചോദിച്ചു, അമ്മയ്‌ക്കെന്താണ് വേണ്ടതെന്ന്?

അവസാനിക്കാറായെന്ന് അവര്‍ അറിഞ്ഞിരുന്നു അല്ലേ?

അതിനുമുന്‍പ് വലിയമ്മ വന്നുകണ്ടു. അവര്‍ക്ക് ഇന്ദിരാഗാന്ധി അവാര്‍ഡാണ് ഒക്‌ടോബര്‍ 31ന്-അക്കൊല്ലത്തെ. അപ്പോള്‍ വളരെ സന്തോഷം അക്ക. 'കുഞ്ചക്ക'യെന്നാണ് വലിയമ്മയെ വിളിക്കുന്നത്. എനിക്ക് വളരെ സന്തോഷമായി. നിന്നെ ഈ ഗതിയില്‍ ഇട്ടിട്ട് ഞാന്‍ പോകുന്നില്ലെടീ-എനിക്ക് അവാര്‍ഡും വേണ്ട ഒന്നും വേണ്ട-വലിയമ്മ പറഞ്ഞു. അവര്‍ തമ്മില്‍ ഭയങ്കര അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. അപ്പോഴും അതിന്റെ ആഴം എനിക്കറിയില്ലായിരുന്നു. ഞാന്‍ പാടിയ സായ് കീര്‍ത്തനങ്ങള്‍ എഴുതിയത് അവരായിരുന്നു. അത് ഒരിക്കല്‍ അവരെ കേള്‍പ്പിക്കാനായി പോയപ്പോഴാണ് എന്റെ അമ്മയുടേയും അവരുടേയും ഡി.കെ. പട്ടമ്മാളുടേയും കൈകോര്‍ത്തു പിടിച്ചിരിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ കാണുന്നത്. അത് ഹാളിലങ്ങനെ പ്രാധാന്യത്തോടെ വെച്ചിരിക്കയാണ്. അന്തംവിട്ടു പോയി ഞാന്‍; ഇത്രയും വലിയ അവരുടെ സ്‌നേഹബന്ധങ്ങളെക്കുറിച്ച് ആലോചിച്ചപ്പോള്‍. പഴയ കഥകളൊക്കെ പറഞ്ഞു കേട്ടപ്പോഴാണ് എനിക്ക് കൂടുതല്‍ മനസ്സിലായത്. അപ്പോള്‍ അവര്‍ പോകുന്നില്ല ഡല്‍ഹിക്ക്. അമ്മ പറഞ്ഞു: 'അക്കാ, പ്രാക്ടിക്കല്‍ ആവുക, ഞാന്‍ എപ്പോള്‍ അബോധാവസ്ഥയിലാവുമെന്ന് അറിയില്ല. അതുകൊണ്ട് നീ പാടുക, എനിക്കുവേണ്ടി പാടുന്നതായിട്ട് വിചാരിച്ചാല്‍ മതി.' അവര്‍ അവിടെ പാടുമ്പോഴാണ് എന്റെ അമ്മ ഇവിടെ മരിക്കുന്നത്. ഒക്‌ടോബര്‍ 31ന് ഉച്ചയ്ക്ക്. അതുപോലെ ഒരാള്‍ മരിക്കുമ്പോള്‍ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പറയുന്നു. ഗംഗാജലം വേണം. കുറച്ച് ഗംഗാജലമുണ്ടെങ്കില്‍ അങ്ങ് ഒഴിച്ചേക്കൂ എന്നു പറഞ്ഞ് വന്ന തമിഴ് ബ്രാഹ്മണരെല്ലാം പിരികേറ്റിപ്പോയി. ഞാനെവിടെപ്പോയി കൊണ്ടുവരാനാണ്. ഷൂട്ടിങ് കഴിഞ്ഞതിനുശേഷം ഞാനാണ് ആസ്​പത്രിയില്‍ വന്നു കിടക്കുന്നത്. അപ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു. ദൈവമേ കുറച്ചു ഗംഗാജലം എവിടെ നിന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍.... അപ്പോള്‍ ആരോ പറഞ്ഞു-ഗുരു ബാലസുബ്രഹ്മണ്യത്തിന്റെ സഹോദരി കാണാന്‍ വരുന്നു, രാത്രി എട്ടരയ്ക്ക്. അവര്‍ക്ക് സുഖമില്ല. പിടിച്ചുകൂട്ടിക്കൊണ്ടു വരട്ടെയെന്നു ചോദിച്ചു സിസ്റ്റര്‍. നീ വരാന്‍ പറയൂ. ഞാന്‍ കാണുന്നത് അവരുടെ കൈയില്‍ കുറച്ച് ഗംഗാജലം. ഇതൊക്കെ നമ്മള്‍ ചെയ്യേണ്ടതല്ലെടീ. അവര്‍ കളിക്കൂട്ടുകാരിയാണ്. അവര്‍ക്ക് വാതം വന്ന് കൈയെല്ലാം ഇങ്ങനെ തളര്‍ന്ന് കിടക്കുകയാണ്. അവര്‍ സ്വയം പറയുകയാണ്-എന്നെയൊന്നും ഈശ്വരന്‍ കൊണ്ടു പോകുന്നില്ലല്ലോ. എന്നെ ഇങ്ങനെ ആക്കിക്കളഞ്ഞല്ലോ ദൈവം. അങ്ങനെ ജലം ഒഴിച്ചു തന്ന് അവര്‍ പോയി. പിന്നെ അമ്മ അബോധാവസ്ഥയിലായിപ്പോയി, മൂന്നു ദിവസം. പിന്നെ അവര്‍ പോയി.

അമ്മ മരിച്ചശേഷം നിങ്ങളുടെ മാനസികാവസ്ഥയെന്തായിരുന്നു?

മരിച്ചതിനുശേഷം ഞാന്‍ എന്റെ സഹോദരന്റെ കുടുംബത്തെ ഏറ്റെടുത്തു. കാരണം എന്റെ ചേട്ടന്‍ ഗുരുതരമായ പ്രമേഹരോഗത്തിലായി. ചില കാരണങ്ങളാല്‍ ചേട്ടന്‍ ജോലി രാജിവെച്ചു. അന്ന് അവിടെയൊരു സ്‌കാം വന്നിരുന്നല്ലോ? അതില്‍ പുള്ളി രാജിവെച്ചു. കാരണം പുള്ളി വളരെ വിനീതനായ മനുഷ്യനായിരുന്നു. ഈ കൃത്രിമമൊന്നും പുള്ളിക്കറിയില്ല. രണ്ട് ആണ്‍മക്കളുണ്ട്. ജോലിയുമില്ല, ഒന്നും സമ്പാദിച്ചിട്ടുമില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങി. വളരെ പെട്ടെന്നുതന്നെ ഞാന്‍ ഷൂട്ടിങ്ങിന് പോയി. സ്വന്തക്കാരൊക്കെ അങ്ങനെ കുറച്ച് പള്‍സ് പിടിച്ചു നോക്കി. ഇവളുടെ കൈയില്‍ പൈസയുണ്ടോ? ഇവള്‍ ഇനി ബ്രദറുമായി എങ്ങനെ ചേരും. സഹോദരനും ഇവളുമായിട്ട് ഒന്നായാല്‍ പിന്നെ നമ്മുടെ ഗതിയെന്താവുമെന്ന അകന്ന ബന്ധുക്കളുടെ മനസ്സിലിരിപ്പ്. എല്ലാം മനസ്സിലായപ്പോള്‍ ഞാന്‍ പച്ചയ്ക്ക് വിളിച്ചു പറഞ്ഞു: 'ഫാസില്‍ സര്‍, ഞാന്‍ ഷൂട്ടിങ്ങിന് ഇതാ വരുന്നു. എനിക്ക് ഇവിടെയിരുന്നാല്‍ ഭ്രാന്ത് പിടിക്കും.' വന്നോളൂ എന്നു പറഞ്ഞു. പിന്നെ ഞാന്‍ പോയി. ഞാന്‍ അഭിനയം തുടര്‍ന്നു. എല്ലാ സന്ദര്‍ഭങ്ങളിലും സിനിമയാണ് എന്നെ രക്ഷിച്ചിട്ടുള്ളത്. ആ മുഹൂര്‍ത്തങ്ങളാണ് എന്നെ സംരക്ഷിച്ചിട്ടുള്ളത്.

പക്ഷേ ഈ അഗ്നിപരീക്ഷയില്‍ക്കൂടി കടന്നുപോകുമ്പോഴും - ഈ വ്യവഹാരം ഇല്ലേ - പ്രത്യേകിച്ചൊരു സഹായഹസ്തമായിട്ട് ആരുമില്ലായിരുന്നോ?

ആരുമില്ലായിരുന്നു. കോടതിയില്‍ ഒറ്റയ്ക്ക് പോയി നില്‍ക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ, എട്ടു മാസം. എന്റെ ജീവനുവരെ ഭീഷണി ഉണ്ടായിരുന്നു.

ഒരാളും സഹായിക്കാമെന്ന് പറഞ്ഞ് വന്നില്ലേ?

ആരും വന്നില്ല. എന്റെ അച്ഛനുണ്ടായിരുന്നു. ചേട്ടനുണ്ടായിരുന്നു. അവര്‍ വന്നില്ല. കാരണം അവര്‍ പരിഭ്രമിച്ച് പോയിരുന്നു. കാരണം ഒരു ഗുണ്ടായിസം പോലെയായിരുന്നു. അടിക്കും, കാറുകേറ്റി കൊല്ലും എന്നൊക്കെ ഭീഷണി ഉണ്ടായിരുന്നു. അങ്ങനെ 1997-ല്‍ ബാബയുമായി ഒരു ബന്ധം ഉണ്ടായിട്ടാണ് ആത്മീയവേദിയിലേക്ക് വരുന്നത്. അപ്പോള്‍ കോടതിയില്‍ സംഭവിച്ചുകൊണ്ടിരുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു. അയാളുടെ നാവില്‍ നിന്ന് ആസിഡാണ് ഒഴുകിയിരുന്നത്. വാക്കുകളെല്ലാം ആസിഡ് തുള്ളികള്‍ പോലെയാണ് വരുന്നത്. ബാക്കിയുള്ളവര്‍ അതിശയിച്ച് പോയി. എന്റെ അടുത്ത് നിന്ന ഒരു വക്കീല്‍ എന്നോട് ചോദിച്ചു - എങ്ങനെ നിങ്ങള്‍ ഈ മനുഷ്യനുമായിട്ട് ഇത്രയും നാള്‍ ജീവിച്ചു? മനുഷ്യനാണോ ഇയാള്‍? ഞാനൊന്നും മിണ്ടിയില്ല. അപ്പോഴും ഞാനിങ്ങനെ ഗായത്രിമന്ത്രം ജപിച്ചുകൊണ്ടിരിക്കുകയാണ് മനസ്സില്‍. അങ്ങനെ ഒരു അവസ്ഥാന്തരത്തിലേക്ക് കടത്തിവിട്ടു ഞാന്‍ എന്നെ. എന്നെ പിടിച്ചു നിര്‍ത്തുന്ന പ്രാഥമിക ശക്തി ഈ അവസ്ഥാന്തരമാണ്. എന്തെല്ലാമായാലും സത്യസന്ധത വിടാന്‍ പാടില്ല. എന്തുചെയ്യുന്നതിലും ഒരു നീതിയും ന്യായവും ഉണ്ടെങ്കില്‍ ദൈവം എന്റെ കൂടെയുണ്ടാവും. ഒന്നിനും ആരേയും പേടിക്കേണ്ട ആവശ്യമില്ല.

നമുക്ക് സിനിമയിലേക്ക് മടങ്ങാം. ശ്രീവിദ്യയെന്ന അഭിനേത്രിയെ കേരളത്തിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. തിരിഞ്ഞുനോക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

ഇല്ല. കുറച്ചുകൂടി നന്നായിട്ട് അഭിനയിക്കാമെന്ന് തോന്നിയിട്ടുള്ള കുറച്ച് പടങ്ങളുണ്ട്. 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'. നിരവധി രംഗങ്ങള്‍ എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

എനിക്കു തോന്നുന്നു ശ്രീകുമാരന്‍ തമ്പിയുടെയാണ് 'ഈയൊരുഗാനം' എന്ന സിനിമ. അതിന്റെ സെറ്റില്‍നിന്നെല്ലാം പിണങ്ങിപ്പോയെന്ന് പറഞ്ഞു കേട്ടു....എന്തോ ചാണകം വാരാന്‍ പറഞ്ഞിട്ട് വാരിയില്ലായെന്നോ മറ്റോ....

പിണങ്ങിയൊന്നും പോയിട്ടില്ല. അതെല്ലാം ബാലിശമാണ്. ഞങ്ങള്‍ ഇന്നും നല്ല സുഹൃത്തുക്കളാണ്. രാധച്ചേച്ചി എപ്പോഴും വിളിക്കും എന്നെ. എനിക്ക് അങ്ങനെയൊന്നും മനസ്സില്‍ വെക്കാനേ പറ്റില്ല. ഇപ്പോള്‍ എന്റെ ഒരു ശത്രു എന്റെ മുന്നില്‍ വന്നിട്ട് ഹലോ ഹൗ ആര്‍യൂ എന്നു ചോദിച്ചാല്‍ ഫൈന്‍ എന്നു പറയും.

വളരെ എളുപ്പത്തില്‍ ദേഷ്യം വരുന്ന സ്വഭാവക്കാരിയാണ് അല്ലേ?

നേരത്തെ. ഇപ്പോള്‍ ഒന്നുമില്ല. ഇപ്പോള്‍ ഞാന്‍ ബാബയുടെ പടത്തിന്റെ മുന്നില്‍നിന്ന് കണ്ടോ സ്വാമി അവര്‍ എന്നെ അങ്ങനെ പറഞ്ഞു. ശരിയല്ല ഇതൊക്കെ. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ എന്നൊക്കെ പറഞ്ഞാല്‍ എന്റെ മനസ്സിന്റെ ഭാരം കുറഞ്ഞു കിട്ടും.

പ്രേംനസീര്‍, സത്യന്‍ തുടങ്ങി മമ്മൂട്ടിവരെയുള്ളവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ മധുവിന്റെ കൂടെ ശ്രീവിദ്യയെ കാണാനാണ് പ്രേക്ഷകര്‍ക്ക് ഏറെ താല്‍പ്പര്യം. എന്തുകൊണ്ടാണത്?

അന്നത്തെ കുറേ കഥകള്‍ അതുപോലെയായിരുന്നു. അവര്‍ രണ്ടുപേരും രണ്ടു തൂണുകളെപ്പോലെ നായകന്മാരാണ്. അവര്‍ക്ക് പക്വതയുള്ള റോളുകള്‍ വേണ്ടിയിരുന്നു. നാല്പത്തിയഞ്ചു വയസ്സുള്ള സോമനെപ്പോലെ മകനായിട്ടും അവര്‍ അച്ഛനായിട്ടും നില്‍ക്കുമ്പോള്‍ അവരുടെ കൂടെ ഒരു ആര്‍ട്ടിസ്റ്റ് വേണം. അമ്മയുടെ കഥാപാത്രം അഭിനയിക്കാന്‍ താല്പര്യമില്ലാത്ത ചിലരുണ്ട്. നരച്ച മേക്കപ്പ് ഇടാന്‍ ഇഷ്ടമില്ലാത്തവര്‍. എന്നാല്‍ ഞാന്‍ ഇരുപത് വയസ്സുമുതല്‍ അമ്മയുടെ വേഷം അഭിനയിക്കുന്നുണ്ട്. റാണിചന്ദ്രയായിരുന്നു 'സപ്തസ്വരങ്ങള്‍' എന്ന പടത്തില്‍ എനിക്ക് മകള്‍. അന്നെനിക്ക് ഇരുപത് വയസ്സേ ഉള്ളൂ. എനിക്കങ്ങനെയൊന്നുമില്ല. അഭിനയിക്കണം. അത്രയേയുള്ളൂ. ആരുടെ കൂടെയായിരുന്നാലും ഞാന്‍ സന്തോഷവതിയാണ്. 'അപൂര്‍വരാഗങ്ങള്‍' കഴിഞ്ഞിട്ട് പത്തൊമ്പത് വര്‍ഷത്തിനുശേഷമാണ് ബാലസുന്ദര്‍ സാര്‍ എന്നെ വീണ്ടും വിളിക്കുന്നത്. കമല്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. 'പുന്നകൈമന്നന്‍' എന്ന പടം.1986-ല്‍. കമല്‍ സാര്‍ എം.എസ്. സരികയെ കല്യാണം കഴിച്ച് ഒരു കുഞ്ഞുണ്ടായ സമയം. അപ്പോള്‍ അതില്‍ ഒരു മുതിര്‍ന്ന റോളിലേക്ക് ജോഡിയായിട്ട് എന്നെയും വേറൊരു റോളിന് ജോഡിയായിട്ട് രേവതിയേയും. ആ പടം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതേസമയത്തു തന്നെ കൗണ്ടര്‍മണി നായകനായി അഭിനയിച്ചിട്ട് അതിലും എന്നെ വിളിച്ചു. ഞാന്‍ അതും സ്വീകരിച്ചു. ബാലചന്ദ്രന്‍ സാര്‍ എന്നെ വിളിച്ച് വഴക്ക് പറഞ്ഞു. എന്താ കാണിക്കുന്നത്, ദുഷ്ടത്തരമല്ലേ ഇതൊക്കെ. ഞാന്‍ പറഞ്ഞു, ഞാന്‍ എന്തു ചെയ്യും സാര്‍, ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ്. 'അല്ല ഇങ്ങനെയൊരു പടം ചെയ്തുകൊണ്ടിരിക്കുമ്പോള്‍...' അത് ചിലപ്പോള്‍ നൂറു ദിവസം ഓടുമായിരിക്കും. നമുക്കറിയില്ല. അത് വിജയത്തെ ആശ്രയിച്ചിരിക്കും. എല്ലാം ഒരേ മേക്കപ്പ് അല്ലേ ഇടുന്നത്. ആര്‍ക്കും അതൊന്നും പിടിച്ചില്ലെങ്കിലും ഞാന്‍ അഭിനയം തുടര്‍ന്നു. ആ സിനിമ നൂറു ദിവസം ഓടി. ഈ സിനിമയും നൂറു ദിവസം ഓടി. ഞാന്‍ എന്താണ് പറഞ്ഞു വരുന്നതെന്നുവെച്ചാല്‍, ഒരു ആര്‍ട്ടിസ്റ്റിന് ഇതൊന്നും വേര്‍തിരിച്ച് കാണാനാവില്ല. ചില ജോഡി ഒരു സിനിമയില്‍ കാണാന്‍ നല്ല പൊരുത്തമുള്ളതുകൊണ്ടായിരിക്കാം അവര്‍ ഇഷ്ടപ്പെട്ട ജോഡി എന്നു പറയുന്നത്.

ആരുടെ കൂടെ അഭിനയിക്കാനായിരുന്നു കംഫര്‍ട്ടബിള്‍?

അങ്ങനെയൊന്നുമില്ല. ഞാന്‍ പറയുന്നത് എനിക്ക് എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയുമെന്നല്ലാതെ മനസ്സില്‍ കൊണ്ടുനടക്കില്ല.

നായകന്മാരോടൊക്കെയുള്ള ഒരു സമവായം എങ്ങനെയാണ്?

എല്ലാവരോടും ഒരുപോലെ. എന്റെ തുറന്ന സമീപനം അവരെല്ലാം ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ഞാന്‍ വിചാരിച്ചിരിക്കുന്നത്.

കൂടുതല്‍ തുറന്നു പറയുന്നതില്‍ വിഷമമുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നോ?

ചിലര്‍ക്ക് പിടിക്കില്ല. ഞാനത് കുറ്റമായിട്ട് പറയില്ല. എന്റെ നാവില്‍ നില്‍ക്കില്ല, ഞാനത് പറഞ്ഞുപോകും. അത്രയേയുള്ളൂ. ഉദാഹരണത്തിന് ഞാനിന്നലെയൊരു പടം കണ്ടു. അതിലെന്താ അങ്ങനെയൊരു സീന്‍ ചേട്ടാ എന്ന് ചോദിച്ചു പോകും. അത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല.
 

താങ്കളുടെ ശരീരഭാഷ, ഭാവം-ഒക്കെ ഒരു ഏകാകിയുടെ പതിപ്പാണ്. അത് നിഷേധിക്കാന്‍ പറ്റില്ല. പ്രത്യേകിച്ചും താങ്കളുടെ കണ്ണുകള്‍, എപ്പോഴും ഒരു ശോകഭാവമാണ്......
എന്തോ എനിക്കറിയില്ല. പക്ഷേ, എന്താണോ എന്റെയുള്ളിലുള്ളത് യഥാസമയത്ത് ദൈവം ഞാന്‍ പ്രാര്‍ഥിച്ചതൊക്കെ എനിക്ക് തന്നിട്ടുണ്ട്. അയ്യോ ഇതില്‍നിന്ന് എങ്ങനെയെങ്കിലും ഒരു വിടുതല്‍ ഉണ്ടാക്കിത്തരണമെന്ന് പ്രാര്‍ഥിച്ചപ്പോള്‍ എന്നെ വേര്‍പ്പെടുത്തി. അത് യഥാസമയത്ത് ചെയ്തില്ലായിരുന്നെങ്കില്‍? കാരണം അപ്പോഴാണ് ഞാന്‍ തെരുവിലിറങ്ങി നടന്ന് സാധാരണക്കാരെ കാണുന്നത്. ഈ ഡൈവോഴ്‌സ് കിട്ടാന്‍ പന്ത്രണ്ട് വര്‍ഷം എന്നെ നടത്തിച്ചു അവര്‍. അവസാനം 1999-ലോ മറ്റോ ആണ് ഡൈവോഴ്‌സ് കിട്ടുന്നത്, എന്റെ ഓര്‍മ ശരിയാണെങ്കില്‍. ഞാന്‍ ഈ മധ്യതലത്തിലുള്ള ആള്‍ക്കാരെയാണ് കൂടുതലും കാണുന്നത്. കുറേപ്പേര്‍ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്-ടാക്‌സി ഡ്രൈവര്‍മാര്‍-സിനിമയില്‍ ഡ്രൈവറായിട്ട് വണ്ടിയോടിച്ചവരുണ്ട്. 'ഒന്നും പേടിക്കേണ്ട, ചേച്ചി ധൈര്യമായിട്ട് കിടന്നോ. ഞങ്ങളൊക്കെയുണ്ട് ഇവിടെ' എന്നു പറയും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

താഴെത്തട്ടിലുള്ള ആള്‍ക്കാരായിരുന്നു സപ്പോര്‍ട്ട് ചെയ്തിരുന്നത് അല്ലേ?

അപ്പോഴാണ് മനുഷ്യരെയും മനുഷ്യബന്ധങ്ങളെയും പറ്റി ചിന്തിക്കുന്നത്. കാരണം നമ്മള്‍ അവര്‍ക്ക് എന്താണ് കൊടുത്തത്. സ്‌നേഹം മാത്രം. വേറെ ഒന്നും കൊടുത്തിട്ടില്ല. അവര്‍ വളണ്ടിയര്‍ ആയിട്ട് നമ്മളെ സഹായിക്കാന്‍ എന്തിനാണ് വരുന്നത്? എത്ര മുസ്‌ലിം സഹോദരങ്ങള്‍, എത്ര ക്രിസ്ത്യന്‍ സഹോദരങ്ങള്‍! അവര്‍ പറയുന്നു ഞങ്ങള്‍ ചേച്ചിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. നന്മയേ വരൂ. അവര്‍ എന്നെ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. വ്യക്തിപരമായി അവര്‍ക്ക് എന്നെ അറിയില്ല. പക്ഷേ, അവര്‍ എന്നെ വിലയിരുത്തിയിരിക്കുന്നു. എന്റെ വിനയവും സത്യസന്ധതയുമെല്ലാം കാരണം ഞാന്‍ എപ്പോഴും ഓപ്പണ്‍ ആണ്. ചില ആര്‍ട്ടിസ്റ്റുകള്‍ ചോദിക്കാറുണ്ട്. നിങ്ങളെന്തിനാണ് നിങ്ങളുടെ മഹത്ത്വം ഇങ്ങനെ സ്വയം തകര്‍ക്കുന്നത്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും ഇങ്ങനെ പറയരുത്. നമുക്കൊക്കെ ഒരു സ്റ്റാറ്റസുള്ളതല്ലേ. പക്ഷേ ഒരു ചോദ്യം ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിന് ഭീരുവിനെപ്പോലെ പിന്നിലേക്ക് വലിയണം. നിങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റിയില്ലെങ്കില്‍ അതു പറയുക. മറുപടി പറയാന്‍ ഇഷ്ടപ്പെടുന്നില്ല. ക്ഷമിക്കണം. അങ്ങനെയെങ്കിലും പറയാമല്ലോ. നിങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് അകന്നുപോകാന്‍ ഒരിക്കലും ശ്രമിക്കരുത്. അതുപോലെയാണല്ലോ എല്ലാം.

ഈ മാനസികരോഷത്തോടൊപ്പം ശാരീരികമായിട്ട്- ഒരിക്കല്‍ ശ്രീവിദ്യയ്ക്ക് അസുഖമായിട്ടെല്ലാം....

എന്റെ നട്ടെല്ല് ഒന്ന് സിക്‌സറിലേക്ക് പോയി. നിങ്ങള്‍ക്കറിയുമോ ഞാനൊരു ക്രിക്കറ്റ് പ്രേമിയാണ്. അത് അങ്ങനെയേ വരികയുള്ളൂ. ഇപ്പോള്‍ കുറച്ച് ഭേദമായി വരുന്നുണ്ട്. ദൈവാനുഗ്രഹംകൊണ്ട് ഇപ്പോള്‍ എല്ലാം ശരിയായി. സ്വാമി എനിക്കൊരു പുതിയ ജീവിതം തന്നു.

ഈ ആത്മീയത വരുന്നത് എങ്ങനെയാണ്?

സംഗീതം പോലെ, എന്റെ മുത്തച്ഛന്‍ എല്ലാ വൈകുന്നേരവും എന്നെ പിടിച്ചിരുത്തും. കുറേ ശ്ലോകങ്ങള്‍ വിളക്കു കത്തിച്ചിരുന്ന് ആലപിക്കാന്‍ പറയും. സരസ്വതിയുടെ ശ്ലോകം, മഹാലക്ഷ്മിയുടെ ശ്ലോകം ഇതെല്ലാം പറഞ്ഞുതരും. അത് ഇന്നും ഞാന്‍ എന്റെ വീട്ടില്‍ തുടരുന്നുണ്ട്. അന്ന് മുത്തച്ഛന്‍ ഇട്ടിട്ടുപോയ കണ്ണന്റെ പടം, നൂറു വര്‍ഷം പഴക്കമുള്ളത് ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. ഇന്നും എന്റെ വീട്ടില്‍ വിഷ്ണു സഹസ്രനാമം ജപിക്കും.

മനസ്സിന്റെ അടിത്തട്ടില്‍ ആത്മീയത എപ്പോഴും ഉണ്ടായിരുന്നോ?

അതിനെ ഒന്ന് കത്തിച്ചുവിട്ടു ബാബ. അത്രയേയുള്ളൂ. അത് അവിടെ നിന്നുള്ള വിളിയായിരുന്നു.

ഒരു കണക്കില്‍ താങ്കള്‍ക്കും ഒരു ആശ്വാസം പകരുന്നതിന് ഇത് സഹായിച്ചിരിക്കുമല്ലോ?

തീര്‍ച്ചയായും. അദ്ദേഹം എന്റെ ശക്തിയാണ്.

നൃത്തംപോലെ തന്നെ സംഗീതവും എപ്പോഴും മനസ്സിലുണ്ടാവുന്നതാണോ?

അതെ. അതെനിക്കറിയില്ലായിരുന്നു. 'നീ ഇനിയും പാടും കേട്ടോ, നന്നായിട്ട് പാടും. നീ പാട്ടില്‍ ശ്രദ്ധിക്കൂ' - അതും സ്വാമിയാണ് പറഞ്ഞത്.

ആദ്യകാലത്തൊക്കെ പാടാന്‍ കഴിയാത്തതില്‍ വിഷമം തോന്നാറുണ്ടോ ?

അമ്മയുടെ കൂടെ കുറച്ച് കച്ചേരിയിലെങ്കിലും പോയി പങ്കെടുക്കാതിരുന്നതില്‍ എനിക്കു വിഷമമുണ്ട്. അമ്മയുടെകൂടെ സംഗീതത്തിനുവേണ്ടി കുറച്ചു സമയം ചെലവഴിക്കണമായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട്.

അമ്മയുടെ കൂടെ മകള്‍ ഒരുമിച്ച് പാടുകയെന്നു പറഞ്ഞപോലെയല്ലേ?

അതെ. അങ്ങനെയൊരവസരം അമ്മയുടെ കൂടെ അമേരിക്കയില്‍ പോയപ്പോള്‍ എനിക്ക് കിട്ടി. കൂടെ പാടാന്‍ പോയതില്‍ ഒരാള്‍ക്ക് തൊണ്ടയ്ക്ക് അസുഖമായപ്പോള്‍ പകരം പാടാന്‍. അപ്പോള്‍ ഞാന്‍ പാടാന്‍ നിര്‍ബന്ധിതയായി. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് അമ്മ പാടുന്ന എല്ലാ കീര്‍ത്തനങ്ങളും എനിക്ക് അറിയാമെന്ന്. കാരണം പോകുമ്പോഴും വരുമ്പോഴും പിള്ളേര്‍ പാടുന്നതെല്ലാം ഞാന്‍ കേട്ടുകൊണ്ടിരിക്കയല്ലേ. അപ്പോള്‍ ഇതിന്റെയെല്ലാം ഈണവും നിനക്കറിയാമോടീ എന്നു ചോദിച്ചു. ഈണം അറിയത്തില്ല. വാക്കറിയത്തില്ല. അമ്മ പാടിയാല്‍ ഞാന്‍ റിപ്പീറ്റ് ചെയ്യാമെന്ന് പറഞ്ഞു. അപ്പോള്‍ മുപ്പത്തിയാറു കച്ചേരികളോളം ഞാന്‍ കൂടെപ്പാടി. അമ്മയ്‌ക്കെന്തോ അന്ന് ഞാന്‍ കര്‍ണാട്ടിക് പാടുന്നത് ഇഷ്ടമല്ല. നീ ഇനി ഒരുപകാരം ചെയ്യാമോ? ഈ കര്‍ണാട്ടിക് ഒന്നും പാടരുത്. വല്ല സിനിമാ പാട്ടോ മറ്റോ മൂളിക്കൊണ്ടു നടന്നാല്‍ മതിയെന്ന് അമ്മ പറയും. എനിക്ക് ഭയങ്കര സങ്കടം. എന്നാല്‍ ആരെങ്കിലും വരുമ്പോള്‍ ഇവള്‍ ലളിതസംഗീതം നന്നായി പാടും കേട്ടോയെന്ന് പറയും. നീ ആ മീരാഭജന്‍ ഒന്നു പാടെടീ എന്ന് പറയും. അത്രയ്ക്ക് സമ്മതിച്ച് തന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അവര്‍ എന്നോടൊപ്പമുണ്ട്. എനിക്കത് നല്ലപോലെ അറിയാം. കാരണം ഓരോ കീര്‍ത്തനത്തിനും ഇപ്പോള്‍ ട്യൂണോടുകൂടിത്തന്നെയാണ് എഴുതാന്‍ വരുന്നത്. അത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ചില കീര്‍ത്തനങ്ങള്‍ എഴുതിയതിനുശേഷം ഇത് എന്തു രാഗമാണെന്ന് എനിക്കറിയില്ല. ഞാന്‍ പിന്നീട് ആരോടെങ്കിലും ചോദിക്കും. അതുപോലെ വലിയ വിദ്വാന്മാരെ വിളിച്ച് ചോദിക്കും. ഇപ്പോഴും മഹാരാജപുരം വിശ്വനാഥ അയ്യരുടെ മകന്‍ മരിച്ചുപോയ സന്താനം സാറിന്റെ കുടുംബമായിട്ടും മറ്റ് മ്യൂസിക്ക് വിദ്വാന്മാരുടെ കുടുംബമായിട്ടും നമുക്ക് ബന്ധങ്ങളുണ്ട്. പിന്നെ അമ്മയുടെ ശിഷ്യ പ്രഭാവതിയമ്മ. അവരെ കൂടെക്കൂടെ വിളിച്ച് ഞാന്‍ പാടുന്നത് ശരിയാണോയെന്ന് ചോദിക്കും. അവര്‍ പറയും ശരിയാണ്. ഒന്നും മാറ്റേണ്ട ആവശ്യമില്ല. ഇതാണ് രാഗം.അതിനുശേഷമാണ് ഞാന്‍ എഴുതിവെക്കുന്നത് ഇന്നതാണ് രാഗമെന്ന്.

ഒന്ന് തപ്പിയെടുക്കുകയായിരുന്നുവല്ലേ? നഷ്ടപ്പെട്ടുപോയതെല്ലാം ഒന്ന് വീണ്ടെടുക്കുക. ബോധപൂര്‍വമായിട്ടായിരിക്കണമെന്നില്ലല്ലോ?

ഇല്ല. ഇപ്പോള്‍ ഞാന്‍ സെറ്റില്‍ ഇരിക്കുമ്പോള്‍, കൃഷ്ണന്റെ പടം നോക്കിയിരിക്കുമ്പോള്‍, തോന്നിയാല്‍ അപ്പോള്‍ ഒരു ഭജനം എഴുതും. അഞ്ചു മിനിട്ടിനുള്ളില്‍ സംഗതി തീരും. ട്യൂണുമായി ഭജനം എഴുതിത്തീര്‍ന്നിരിക്കും.

ഈ സംഗതിയെല്ലാം വലിയൊരു ആശ്വാസമായി തോന്നാറുണ്ടല്ലേ?

പിന്നെ.

ഇടയ്ക്ക് മൂളിപ്പാട്ടൊക്കെ പാടുമോ ഒറ്റയ്ക്കിരുന്ന്?

അങ്ങനെയില്ല. പാടാനായിട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്. കാരണം കച്ചേരിക്കൊക്കെ പോകണമെങ്കില്‍ പ്രാക്ടീസ് ചെയ്യാതെ കഴിയില്ല.
മനസ്സില്‍ എപ്പോഴും താലോലിക്കുന്ന പാട്ടുകളുണ്ടാവില്ലേ? അത് ലൈറ്റ്മ്യൂസിക്കായിരിക്കാം, സിനിമാ പാട്ടായിരിക്കാം.......
ഞാന്‍ ഹിന്ദിപാട്ടുകളുടെ വലിയൊരു ഫാന്‍ ആണ്. ഇപ്പോഴത്തെ ഹിന്ദി പാട്ടുകളുടേയല്ല, പഴയത്.
ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഒരു പാട്ടേതാണ്? ഒരു രണ്ടുവരി പാടാമോ? സംഗീതം എന്നു പറയുന്നത് എപ്പോഴും മനസ്സിലുണ്ടാവും.

ഇഷ്ടപ്പെട്ട ഒരു പാട്ട്.....

ഇഷ്ടപ്പെട്ടതെന്നു പറഞ്ഞാല്‍ ഞാനിങ്ങനെ എപ്പോഴും മൂളുന്ന ടൈപ്പല്ല. തുറന്നു പാടാനെന്നു പറഞ്ഞാല്‍-ഇപ്പോള്‍ ടിവിയില്‍ ഒരു പുതിയ രാഗത്തിലൊരു പാട്ട.് ആ രാഗം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ടിവി ഓഫ് ചെയ്തിട്ട് ആ രാഗം ഞാന്‍ കുറച്ച് വിസ്തരിച്ച് പാടിനോക്കും. പിന്നെ ഹിന്ദി സിനിമാസംഗീതം ഒത്തിരി ഇഷ്ടമാണ്. മലയാളത്തില്‍ ഒത്തിരി നല്ല ഗാനങ്ങളുണ്ട്. പക്ഷേ ഇപ്പോഴത്തെ സംഗീതത്തില്‍ എന്തോ ഒരു പോരായ്മ. പുതിയ പാട്ടുകളെല്ലാംകൂടെ ഒരു ഘോഷം തന്നെയാണ്. ഭയങ്കര ശബ്ദത്തിന്റെ ബഹളമാണെന്നല്ലാതെ കവിതാമൂല്യമൊക്കെ പോയി. അന്ന് പ്രേമമായിരുന്നു. ഇന്ന് ലൈംഗികതയാണ്. അത് സ്ഥാപിക്കാന്‍ വേണ്ടിയിട്ടാണ്. ശരീരവും ശരീരവും തമ്മിലാണ് ഇപ്പോള്‍ പാട്ടുകളെല്ലാം. മനസ്സും മനസ്സുമായിട്ടല്ല. മനസ്സില്‍ തട്ടിനില്‍ക്കുന്ന ഒരുപാട് പഴയ പാട്ടുകളുണ്ട്.

മനസ്സ് വളരെ ദുര്‍ബലമായിരിക്കുമ്പോഴാണ് ആത്മീയതയില്‍ മുഴുകാന്‍ ഒരു പ്രവണത ഉണ്ടാവുന്നത്. അത് ദൗര്‍ബല്യത്തിന്റെ ഒരു പ്രതിഫലനമാണോ?

അല്ല. അങ്ങനെയല്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ കേസ് ഒറ്റയ്ക്ക് അഭിമുഖീകരിച്ചു. ഒരിക്കലും ഒരു ദിവസം പോലും എനിക്കൊന്ന് കരയാന്‍ പോലും സമയമുണ്ടായിരുന്നില്ല. കാരണം കോടതിയില്‍ രാവിലെ പോയിട്ട് അവര്‍ വിസ്തരിച്ചുകഴിയുമ്പോള്‍ അയാള്‍ പറഞ്ഞത് സത്യമാണോ കള്ളമാണോ എന്ന് എനിക്കേ അറിയൂ. ഉടനെത്തന്നെ വക്കീലിന്റെ വീട്ടില്‍ പോയി, തിരിച്ച് പത്തു മണിക്ക് ഒരു ഡിസ്‌കഷനില്‍ ഇരുന്നിട്ട്, കിടന്നുറങ്ങി, രാവിലെ ഷൂട്ടിങ്ങിന് പോയി, ഉച്ചവരെ അഭിനയിച്ചിട്ട,് ഉച്ചയ്ക്കുശേഷം വണ്ടിക്കകത്തിരുന്നുതന്നെ കുറച്ച് സാന്റ്‌വിച്ചും കഴിച്ചുകൊണ്ട,് വിസ്തരിക്കാന്‍ പോകുന്ന കാര്യങ്ങളെല്ലാം എന്താണ് പറയേണ്ടതെന്ന് നോക്കിപ്പഠിക്കും. നേരെ കോടതിയില്‍ പോകും. ഇങ്ങനെയൊരു എട്ടു മാസത്തെ ഓട്ടമായിരുന്നു. അപ്പോള്‍ ഏറ്റവും തകര്‍ന്നുപോകേണ്ട സമയമാണ് ഞാന്‍ ഏറ്റവും ശക്തയായി നില്‍ക്കുന്നത്. ആ ശക്തി എനിക്ക് എവിടെനിന്ന് കിട്ടി. ജീവിതത്തില്‍നിന്നാണ്.

കാരണം വിടാതെ ഞാന്‍ ജപിച്ചുകൊണ്ടിരിക്കയാണ്, ദൈവമേ എനിക്ക് ശക്തി തരണേ, എനിക്ക് ശക്തി തരണേ, സത്യമെന്താണെന്ന് തെളിയിക്കണേ, ധര്‍മ്മം തന്നെ ജയിക്കണേ. ഇങ്ങനെ വിടാതെ ദൈവത്തെ മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. അപ്പോള്‍ നമുക്ക് ശക്തിയല്ലേ കിട്ടുക. എങ്ങനെയാണ് ആത്മീയത നമ്മുടെ ദൗര്‍ബല്യമാകുന്നത്? ദൈവത്തിന്റെ ഭക്തനാവുന്നതിനായി നിങ്ങളെ തിരഞ്ഞെടുക്കുന്നു. ആ സമയത്ത് ദൈവം ഒരു നിഴല്‍പോലെ നിങ്ങളുടെ വളരെ അടുത്തുണ്ടാവും. ആ സമയത്താണ് നിങ്ങള്‍ ദൈവമെന്ന യാഥാര്‍ഥ്യത്തെ അറിയുക. അപ്പോഴാണ് നമ്മള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ദൈവത്തെ മനസ്സിലാക്കുക.
 

ഒരുപാട് സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. രണ്ടുമൂന്നുവട്ടം സംസ്ഥാന ബഹുമതികള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ ഒരു ദേശീയ ബഹുമതിക്ക് ഇതേവരെ പാത്രമാകാന്‍ കഴിഞ്ഞിട്ടില്ല.....
എന്താണെന്നറിയില്ല. ഞാന്‍ അതിനെപ്പറ്റി ചിന്തിക്കാറില്ല. ഇന്നുവരെ ചിന്തിച്ചിട്ടില്ല. പിന്നെ നമ്മള്‍ ഒരു റോളിനെപ്പറ്റി കേള്‍ക്കുന്നു, കഥ നമുക്ക് പറഞ്ഞു തരുന്നു, എന്റെ കഥാപാത്രം ഇതാണ്. ഇന്നുവരെ ഞാന്‍ കഥ എന്താണെന്ന് ചോദിച്ചിട്ടില്ല. കാരണം അത്രയും നമ്മള്‍ അറിഞ്ഞാല്‍ മതി. മര്യാദയ്ക്കു ജോലി ചെയ്താല്‍ മതി. പിന്നെ ഡയറക്ടറും എഴുത്തുകാരനും ആവശ്യം പോലെ സമയം ഇരുന്ന് ആലോചിച്ച് ചര്‍ച്ച ചെയ്തിട്ടാണല്ലോ നമ്മുടെ അടുത്ത് വരുന്നത്. അപ്പോള്‍, അവര്‍ക്ക് നമ്മളെക്കാളും കൂടുതലറിയുമെന്ന് കരുതുക. സെറ്റിലേക്കു വരുമ്പോള്‍ എന്റെ ഭാഗത്തുനിന്നും മേമ്പൊടിയായി എന്തെങ്കിലും സംഭാവന മാത്രമേ ചെയ്യാനുള്ളൂ. ഇതിനുപകരം ഇത് കുറച്ചുകൂടി ചെയ്താല്‍ എങ്ങനെയിരിക്കും എന്നൊക്കെ ചോദിക്കുന്ന ആ സമയത്തേക്ക് മാത്രമേ കഥാപാത്രത്തിന്റെ പങ്കിനെക്കുറിച്ചും അത് ഭംഗിയായിട്ട് നിര്‍വഹിക്കപ്പെടുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുള്ളൂ. അപ്പോഴും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. ഞാന്‍ ഇന്നേവരെ ഒരു കാരണവശാലും ഒരു അവാര്‍ഡും പ്രതീക്ഷിച്ചിട്ടില്ല. കിട്ടിയത് വളരെ സന്തോഷം. 'അപൂര്‍വരാഗങ്ങള്‍' അഭിനയിക്കുമ്പോള്‍-അന്ന് ശ്രീനാരായണമേനോനായിരുന്നു അവിടത്തെ സംഗീതനാടകവുമായി ബന്ധപ്പെട്ട ചെയര്‍മാന്‍. അദ്ദേഹത്തിന്റെ മിസ്സിസാണ് വീട്ടില്‍ വിളിച്ചിട്ട് അമ്മയോട് പറഞ്ഞത്, വാസന്തീ, ഒരു അവാര്‍ഡിനായി തയ്യാറായിക്കൊള്ളൂ. ചിലപ്പോള്‍ ശ്രീവിദ്യയ്ക്കായിരിക്കും അവാര്‍ഡ്. ഒരു ശക്തമായ സ്ഥാനാര്‍ഥി നില്‍ക്കുകയാണ്. ഒരു വോട്ടിന്റെ വ്യത്യാസം ഉണ്ട് കേട്ടോ. നോക്കുമ്പോള്‍ ഋഷികേശ് മുഖര്‍ജിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. കുറ്റം പറയുകയല്ല. അദ്ദേഹം തന്റെ വോട്ട് ഷര്‍മ്മിളാ ടാഗോറിന് നല്‍കി.

വിഷമം തോന്നിയോ മനസ്സില്‍?

അച്ഛനും അമ്മയും വളരെ ബഹളമുണ്ടാക്കി. അച്ഛന്‍, അദ്ദേഹം എപ്പോഴും വേദിയുടെ മധ്യത്തില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ആളാണ്. അത് കിട്ടാത്തതായിരുന്നു അദ്ദേഹത്തിന് ജീവിതകാലം മുഴുവന്‍ ഉണ്ടായിരുന്ന ഒരു പരിഭവം. പുള്ളി പറഞ്ഞു, എങ്ങനെയിതു സംഭവിച്ചു, ദ്രോഹമായിപ്പോയില്ലേ, അതായില്ലേ ഇതായില്ലേ എന്നെല്ലാം. ഋഷികേശ് മുഖര്‍ജിയെ വിളിച്ച് സംസാരിച്ചു. കാരണം ഞാന്‍ അദ്ദേഹത്തിന്റെ ഹിന്ദിപടത്തില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛനോടാണ് സംസാരിച്ചത്. ഞാന്‍ സംസാരിച്ചില്ല. അദ്ദേഹം പറഞ്ഞു. ഇല്ലില്ല. അവിടെ വലിയ സമ്മര്‍ദ്ദമുണ്ടായി. പ്ലീസ്, ഇതെന്റെ തെറ്റല്ല, അദ്ദേഹം പറഞ്ഞു. അച്ഛന്‍ എന്തൊക്കെയോ തിരിച്ച് പറയുന്നുണ്ടായിരുന്നു.

അഭിനയിച്ച കഥാപാത്രങ്ങളില്‍ മനസ്സിന് നല്ലൊരു സംതൃപ്തി തോന്നിയ കഥാപാത്രം ഏതായിരുന്നു?

'ചെണ്ട'. പിന്നെ 'സപ്തസ്വരങ്ങള്‍'-അതൊരു നല്ല കഥാപാത്രമായിരുന്നു. ഒരു കോളേജ് പെണ്ണ്. ഡാന്‍സറാണ്. സിനിമാഭ്രാന്തിയാണ്. സിനിമയിലഭിനയിച്ച് ഹീറോയിനാവണം. അതുകൊണ്ട് ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടി പോവുകയാണ്. വേറൊരു സംഗീതജ്ഞന്റെ കൂടെ. ആ സ്റ്റേജു മുതല്‍ അമ്മയാവുന്നു. മകള്‍ വളര്‍ന്നു. അച്ഛന്‍ ഉടക്കിപ്പിരിയുന്നു. അവസാനം മകളുടെ കല്യാണം വരെയുള്ളത് ഗ്രാഫാണ്. ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ഇരുപത് വയസ്സേ ഉള്ളൂ. ഇതില്‍ എനിക്ക് എല്ലാത്തരം വേഷങ്ങളുമുണ്ട്. എല്ലാത്തരം ഗെറ്റപ്പുകളുമുണ്ട്. സിനിമാ നടിയായിട്ട് സെറ്റിലിരിക്കുമ്പോഴുള്ള ആര്‍ഭാടപൂര്‍വമായിട്ടുള്ള ഗെറ്റപ്പുകളും ഉണ്ട്. ഗ്രാമത്തിലുള്ളപ്പോള്‍ ഗ്രാമത്തിലെപ്പോലെ-ഡാന്‍സര്‍-അത് ഇത്-എല്ലാം. പൂര്‍ണരൂപം ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്. ബേബിയാണ് അത് ഡയറക്ട് ചെയ്തിരുന്നത്. അപ്പോള്‍ എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നിരിക്കുന്ന ഒരു പടമാണ്. തീര്‍ച്ചയായും 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച', 'അപൂര്‍വരാഗങ്ങള്‍'. പിന്നെ ഞാന്‍ അത്ഭുതകരമായ ഒരു സിനിമ ചെയ്തു, 'ഉണര്‍ച്ചുക്കള്‍'. ഞാനൊരു പ്രോസ്റ്റിട്യൂട്ടിന്റെ റോളാണ് ചെയ്തത്. എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. പിന്നെ 'സൊല്ലത്താന്‍ നിനക്കറേന്‍' എന്ന പടം ബാലചന്ദ്രന്‍ സാറിന്റെ ഡയറക്ഷനില്‍. മൂന്ന് സിസ്റ്റേഴസ്, രണ്ടാമത്തെ സിസ്റ്ററാണ് ഞാന്‍. വിദ്യാഭ്യാസമില്ല. അതുകൊണ്ട് അടുക്കളയിലാണ്. പുറത്തൊന്നും വരില്ല. ഏതുനേരവും അകത്തുതന്നെ. ഒന്നിനും സമയമില്ല. ഏതുനേരവും ഒരു ചീപ്പ് കയ്യിലുണ്ടായിരിക്കും. ഇളയ സിസ്റ്റര്‍ വരുമ്പോള്‍ മുടി ചീകിക്കൊടുക്കാന്‍. അങ്ങനെ എണ്ണയും കരിയും പുരണ്ട ഒരു കഥാപാത്രം. ഒരു മൂന്നു ദിവസത്തേക്കുവേണ്ടി എന്നെ വിളിച്ചു. പടം മുഴുവനും കഥാപാത്രരൂപീകരണം നടത്തി.എനിക്ക് അവാര്‍ഡും കിട്ടി.

പിന്നെ അവര്‍ തിരക്കഥയൊക്കെ മാറ്റിയല്ലേ?

അതെ. മുഴുവനും മാറ്റി. അതുപോലെ ഒരുപാട് ചെറിയ ചെറിയ പടങ്ങള്‍- 'പിന്‍നിലാവ്' 'എന്നെ സ്‌നേഹിക്കൂ എന്നെമാത്രം' 'ജീവിതമൊരു ഗാനം' എന്താ കാരക്ടര്‍. ഭയങ്കര കഥാപാത്രങ്ങളായിരുന്നു.

അങ്ങനെ രണ്ട് സിനിമയ്ക്ക് ഒരുമിച്ച് സംസ്ഥാന അവാര്‍ഡ് കിട്ടിയതല്ലേ?

അതെ. ജോര്‍ജ് സാറിന്റെ ഓരോ പടത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ആണ്. എനിക്ക് അത്രയ്ക്കും ഒന്നിനൊന്ന് ബന്ധമില്ലാത്ത കഥാപാത്രങ്ങള്‍ തന്നതും എന്നെ വിശ്വസിച്ചതും ജോര്‍ജ്‌സാര്‍ മാത്രമേയുള്ളൂ. 'പഞ്ചവടിപ്പാല'ത്തിനും 'ഇരകള്‍'ക്കും എന്താ ബന്ധം? ഒരു ബന്ധവുമില്ല. അതേപോലെ നമ്മുടെ രാജേന്ദ്രന്റെ 'ദൈവത്തിന്റെ വികൃതികള്‍' അതിന് വീണ്ടും അവാര്‍ഡ് കിട്ടി.

മൂന്നാമത്തെ ബഹുമതിയായിരുന്നുവല്ലേ?

അതെ. 'ഇരകള്‍'ക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് കിട്ടിയതിനുശേഷമാണ്. മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടുന്നത്. പക്ഷേ ഒരു താരതമ്യമില്ലാത്ത കാഴ്ചപ്പാട് പ്രേക്ഷകരില്‍ കേരളത്തില്‍ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാവരും ഒരിക്കല്‍ സഹനടിമാര്‍ ആണെങ്കില്‍ എന്നും സഹനടിമാര്‍ ആണ്. പിന്നെ എത്ര നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാലും എന്നും മികച്ച നടി എന്ന പദവിയിലേക്ക് നമ്മളെ കടത്തി വിടില്ല.

പഞ്ചവടിപ്പാലത്തില്‍ വളരെ രസികമായ റോള്‍ ആയിരുന്നുവല്ലേ?

അതേ. ഒരു പിക്‌നിക് പോലെയായിരുന്നു ആ പടം. എന്താണെന്നുവെച്ചാല്‍ എല്ലാവരും തമാശ പറയുന്ന ആര്‍ട്ടിസ്റ്റുകളാണ്. ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്നങ്ങനെ വെള്ളം വരും. നെടുമുടി വേണു, ഗോപി, ജഗതി എല്ലാവരുമുണ്ട്. എന്നും രാവിലെ പത്തുപതിനഞ്ച് ആര്‍ട്ടിസ്റ്റുകള്‍ വണ്ടിയില്‍ കയറുക, പോവുക, ടിഫിന്‍ കഴിക്കുക, മേക്കപ്പ് ചെയ്യുന്നതുവരെ ചിരിച്ച്-ഷൂട്ടിങ്ങിന് പോകുന്നതുവരെ തമാശ തന്നെ. 'ആദാമിന്റെ വാരിയെല്ല്'. അത് മറ്റൊരു ഉഗ്രന്‍ കാരക്ടര്‍ ആയിരുന്നു. ഒരു മദ്യപാനി ആയിട്ട്. എനിക്ക് ഒരു വൈരുധ്യമുള്ള കഥാപാത്രം അഭിനയിച്ച് അതില്‍ വിജയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു നേരത്തേ. 'വസുന്ധരാ മെഡിക്കല്‍സ്' എന്ന ടിവി സീരിയല്‍ ഞാന്‍ ചെയ്തു. അത് വളരെ നെഗറ്റീവ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. പക്ഷേ, എയര്‍പോര്‍ട്ടില്‍ രണ്ട് വലിയ താരങ്ങള്‍ നില്‍ക്കുമ്പോള്‍ത്തന്നെ ഒരു ട്രാന്‍സിറ്റ് ഫ്‌ളൈറ്റില്‍ വന്ന രണ്ടുമൂന്നുപേര്‍ വന്നു പറഞ്ഞു 'ചേച്ചിക്ക് ഈ ടിവി സീരിയലിനുവേണ്ടിയിട്ടാണ് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങേണ്ടത്. അത്രയും മനോഹരമായിരിക്കുന്നു. നല്ല പെര്‍ഫോമന്‍സ്'. അതുകൊണ്ട് നമുക്ക് വളരെ മനോഹരമായിട്ടുള്ള റോളുകള്‍ കിട്ടിയിട്ട് അതില്‍ നമ്മള്‍ ഇംപ്രസ്സ് ചെയ്യുന്നതിനേക്കാള്‍ കുറച്ചുകൂടി ബുദ്ധിമുട്ടുള്ള കഥാപാത്രം അഭിനയിച്ചിട്ട് ഒരു സ്വാഭാവികത ഉണ്ടാക്കണം. ഒരു കൊല്ലം ഞാന്‍ നായിക ആയിട്ട് ഇരുപത്തിരണ്ട് പടം വരെ അഭിനയിച്ചിട്ടുണ്ട.് പക്ഷേ, ഇന്ന് ചോദിച്ചാല്‍ കുടുംബിനിയുടെ റോളുകളാണ്. കഥാപാത്രസ്വഭാവം വളരെ വ്യത്യസ്തമായിരിക്കും. ഒന്നില്‍ സംശയിക്കുന്ന ഭാര്യയായിരിക്കും. ഒന്നില്‍ വളരെ ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരിക്കും. ഒന്നില്‍ വളരെ പാവത്താനായിരിക്കും. ഇങ്ങനെ കഥാപാത്രസ്വഭാവങ്ങള്‍ വ്യത്യസ്തമാകുമ്പോള്‍ നമ്മുടെ പെര്‍ഫോര്‍മന്‍സ് വ്യത്യസ്തമായിരിക്കും. നമ്മുടെ ഭാവങ്ങള്‍, ശരീരഭാഷ, ചലനങ്ങള്‍ വരെ എല്ലാം വ്യത്യസ്തമായിരിക്കും.

സിനിമാലോകത്തുനിന്ന് സീരിയലിലേക്ക് പോയപ്പോള്‍ എന്തെങ്കിലും വ്യത്യാസം തോന്നിയോ?

എനിക്കൊന്നും തോന്നിയില്ല. കാരണം എല്ലാം ഓരോ റോള്‍ ആണ്. ഞാന്‍ സിനിമയില്‍ ചെയ്തിട്ടില്ലാത്ത റോളുകള്‍ ആണ്. അതുകൊണ്ട് എനിക്ക് ഭയങ്കര താല്പര്യമാണ്.

ഒരു കണക്കിന് ഈ പരമ്പരകളൊക്കെ ഉണ്ടായത് നല്ലൊരു......

പിന്നെ. ഞാന്‍ തമിഴ് സീരിയലില്‍ 1986 ലൊക്കെ അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ എല്ലാവരും എന്നെ കളിയാക്കും. ഈ രാധികയൊക്കെ എന്നെ കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ രാധികയാണ് സീരിയലിന്റെ ഏറ്റവും വലിയ നിര്‍മാതാവ്. ജോലിയൊന്നും ഇല്ലാത്ത ആര്‍ട്ടിസ്റ്റാണ് സീരിയലില്‍ അഭിനയിക്കുക എന്നു പറയും. നീ ഇത്രയും തിരക്കുള്ള നടി ആയിരുന്നിട്ട് എന്തിനാണ് സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിക്കും.

എഴുപതുകളില്‍ അന്നത്തെ ചെറുപ്പക്കാരൊക്കെ മനസ്സിലൊരു പ്രേയസി അല്ലെങ്കില്‍ പങ്കാളിയെ വിഭാവനം ചെയ്യുമ്പോള്‍ ശ്രീവിദ്യയെ വിഭാവനം ചെയ്യുമായിരുന്നു. എനിക്കറിയാവുന്ന ചില ആള്‍ക്കാരുണ്ട്. ശ്രീവിദ്യയെപ്പോലെ കണ്ണുകളുള്ള ആളായിരിക്കണം, മുടിയുള്ള ആളായിരിക്കണം. ഒരു അഹങ്കാരം ഉണ്ടായിരുന്നോ?

ഏയ്. എനിക്കൊന്നും അറിയില്ലായിരുന്നു. എന്റെ പടം എപ്പോള്‍ റിലീസ് ആവുമെന്നുപോലും എനിക്കറിയത്തില്ല. നന്നായി ഓടിയോ ഇല്ലയോ എന്നും അറിയുമായിരുന്നില്ല.

എനിക്കറിയാവുന്ന ഒരു കവിയുണ്ട്. പ്രശസ്ത കവിയാണ് പേരു പറയുന്നില്ല....

ചുള്ളിക്കാട്. പുള്ളി കവിത വരെ എഴുതിയില്ലേ. പുള്ളി ഓപ്പണായി പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ ഇടയ്ക്ക് ഒരുമിച്ച് സീരിയലില്‍ അഭിനയിക്കാറുണ്ടല്ലോ?

ഇല്ല. ഒരുമിച്ച് വന്നിട്ടില്ല. എനിക്കറിയാം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എപ്പോഴും വിളിക്കും എന്നെ. പിന്നെ എന്റെ 'വേനല്‍മഴ' എന്ന സീരിയലിന് പുള്ളിക്കാരന്റെ മിസിസ്സ് ആണ് ഒരു പാട്ടെഴുതിയത്. അതൊരു സൂപ്പര്‍ഗാനമായിരുന്നു. നല്ല ഹിറ്റ് പാട്ടായിരുന്നു.

സാധാരണ സുന്ദരികള്‍ക്കൊക്കെ ഉണ്ടാവേണ്ട ഒരു അഹങ്കാരമുണ്ടല്ലോ....

മി. ജോണ്‍, ആദ്യമായിട്ട് എനിക്കെന്താണെന്നുവെച്ചാല്‍, എന്റെ പ്ലസ്‌പോയിന്റ്, മൈനസ് പോയിന്റ് എന്താണ് എന്ന് ഞാന്‍ ചിന്തിക്കാറില്ല. ഇപ്പോള്‍ ഒരു ബോധം ഉണ്ട്. ഇപ്പോള്‍ ഞാന്‍ എന്റെ ചര്‍മ്മത്തിന് നല്ല ശ്രദ്ധ കൊടുക്കുന്നുണ്ട്.

അന്നൊക്കെ ഇതൊന്നും ശ്രദ്ധിക്കുമായിരുന്നില്ലേ?

ഇല്ല. അമ്മയും അച്ഛനും എണ്ണ തേച്ച് കുളിക്കാന്‍ പറഞ്ഞാല്‍ത്തന്നെ എന്ത് പ്രയാസമായിരുന്നെന്നോ. ഇത്രയും മുടിയും വെച്ച് എണ്ണയില്ലാതെയായാല്‍ കൊഴിഞ്ഞുപോകില്ലേ. കേള്‍ക്കില്ല ഞാന്‍. അവസാനം ഞാന്‍ അതിനെക്കുറിച്ച് ബോധവതിയായി. പിന്നെ ഔട്ട്‌ഡോര്‍ മലയാള പടങ്ങള്‍ കുറെ മേക്കപ്പ് ഇല്ലാതെ ചെയ്തപ്പോള്‍ കറുത്തുപോയി. കറുക്കുക എന്നത് ആനുപാതികമായിട്ടല്ലല്ലോ. ഇപ്പോള്‍ നമ്മളിങ്ങനെ ഒരു സാരി ഉടുത്തിരിക്കുകയാണെന്നുവെച്ചാല്‍ ഇവിടെ വരെ കറുക്കും. ഈ ബ്ലൗസ് ഇങ്ങനെ കാണുന്നുവെന്നു പറഞ്ഞാല്‍ ഇവിടെവരെ കറുക്കും. ഈ കൈ വെളുത്തിരിക്കും. അപ്പോഴേക്കുമാണ് നമ്മള്‍ ബ്ലീച്ചിങ്ങ്, പാര്‍ലര്‍ എന്നൊക്കെ പറഞ്ഞ് അതിലേക്ക് കടക്കുന്നത്. അപ്പൂപ്പന്‍ മരിച്ചതിനുശേഷവും ഒരു നര്‍ത്തകിയെന്ന നിലയ്ക്ക് എന്റെ ഡാന്‍സ് മാസ്റ്റര്‍ മരിച്ചതിനുശേഷവും വല്ലാത്തൊരു വിഷമമായിരുന്നു. പിന്നെ ഞാന്‍ ആരുടെയടുത്തും പഠിക്കാന്‍ പോയിട്ടില്ല. അപ്പോഴൊക്കെ ഞാന്‍ എന്റെ ശരീരം ശ്രദ്ധിക്കണമായിരുന്നു.

എക്‌സര്‍സൈസ് ചെയ്യാം. ഞാന്‍ ഡാന്‍സ് ചെയ്ത് തുടങ്ങി. അതാണ് എനിക്ക് ഏറ്റവും ശല്യം ചെയ്ത സംഗതിയെന്ന് തോന്നുന്നു. ഞാന്‍ ഒന്ന് പാടാന്‍ പോലും തയ്യാറായില്ല. തല നിറച്ച് പൂവെല്ലാം വെച്ച് പട്ടുസാരിയൊക്കെ ഉടുക്കുന്നതൊന്നും അങ്ങേര്‍ക്ക് ഇഷ്ടമല്ല. അപ്പോള്‍
അങ്ങനത്തെ ഒരു സന്ദര്‍ഭം ആയപ്പോള്‍ അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനിന്നു.

സാധാരണ ജനങ്ങള്‍ വിചാരിക്കും ഈ സിനിമാ താരങ്ങളെല്ലാം വളരെ കണക്കുകൂട്ടിയാണ് അവരുടെ കര്യങ്ങള്‍ നടത്തുന്നതെന്ന്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു കണക്കുണ്ട്. ഇപ്പോള്‍ ശ്രീവിദ്യ പറയുന്നു വെറും ബ്ലാങ്ക് ആയിരുന്നു ഞാന്‍....

എനിക്ക് ഒരു പ്ലാനും ഇല്ല. സിനിമപോലെ ഒരു പാലം എന്റെ ജീവിതത്തിനു മുന്നില്‍ വന്നപ്പോള്‍ അതു ഞാന്‍ സ്വീകരിച്ചു. അത്രയേയുള്ളു. അല്ലാതെ, ഞാന്‍ ഒരിക്കലും എന്റെ ജീവിതം പ്ലാന്‍ ചെയ്തിട്ടില്ല. രണ്ട് മൂന്ന് വ്യക്തിപരമായിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട്. അത് എനിക്ക് ദൈവം തന്നിട്ടുണ്ട്. കൃത്യ സമയത്ത് കൊണ്ട് മടിയില്‍ വെച്ചുതന്നിട്ടുണ്ട്. യെസ്.

വളരെ കലാപരമായ ഒരു പാരമ്പര്യത്തില്‍നിന്നാണ് ശ്രീവിദ്യ സിനിമയിലേക്ക് വരുന്നത്. ഇത്രത്തോളം വളരെ സമ്പുഷ്ടമായ പാരമ്പര്യമുള്ള നടി ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് തോന്നുന്നില്ല......

കാരണം ഒരു കലാകുടുംബത്തിലെ നാലാം തലമുറയിലെ അംഗമാണ് ഞാന്‍. കാരണം എന്റെ അമ്മൂമ്മയുടെ അമ്മയും ഒരു പാട്ടുകാരിയായിരുന്നു. അമ്മൂമ്മ പാട്ടുകാരി, അമ്മ പാട്ടുകാരി, അപ്പൂപ്പന്‍ പാട്ടുകാരന്‍. അച്ഛന്‍ സിനിമാ നടനായിരുന്നു, മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു. വീണ്ടും ഞാന്‍ ഒരു അഭിനേത്രിയാണ്.

ഇത്രയും സമ്പുഷ്ടമായ ഒരു പശ്ചാത്തലമുണ്ടായിട്ടും എത്തേണ്ടയിടത്ത് എത്തിയില്ല........

എത്തിയില്ല. ഇപ്പോഴത്തെപ്പോലെ ഒരു ആര്‍ട്ടിസ്റ്റിന് മാനേജര്‍ എന്നിങ്ങനെയുള്ള വര്‍ക്കുകളൊന്നും അന്നില്ല.നമുക്ക് കിട്ടുന്നത് കിട്ടുന്നു. കിട്ടാത്തത് കിട്ടുന്നില്ല. ഞാന്‍ ഇതുവരെ ഒരു പത്രസമ്മേളനം വിളിച്ചിട്ടില്ല. തിരുവനന്തപുരത്ത് ആദ്യമായി പ്രസ്സ്‌ക്ലബില്‍ എന്നെ വിളിച്ചപ്പോള്‍ അവിടെ പോയി സംസാരിച്ചുവെന്നല്ലാതെ. ഞാനൊരു പ്രസ് കോണ്‍ഫ്രന്‍സും വിളിച്ചിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ലായിരുന്നു. എന്റെ പ്രശ്‌നമെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ എല്ലാവരും പറയും നിങ്ങളത് ക്ലിയറാക്കണം. തമിഴ് മാധ്യമങ്ങളിലെല്ലാം ഒരുതരം മോശം എഴുത്ത് ഉണ്ടായിരുന്നു. ആധ്യാത്മികമായിട്ട് ഞാന്‍ പോയതിനെപ്പറ്റിയും വളരെ മോശമായി എഴുതിയിരുന്നു. ഞാനെന്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ ആശങ്കപ്പെടണം. പിന്നെ അവരുമായി അതേ ലെവലിലൊക്കെ നമ്മള്‍ ഇറങ്ങി സംസാരിക്കേണ്ടിവരില്ലേ. അതിന്റെ ആവശ്യമില്ല. നമ്മളതൊക്കെ മറക്കണം.

പലപ്പോഴും ഈ പരദൂഷണങ്ങളൊക്കെ മനസ്സിനെ ഇടയ്ക്ക്....

കേള്‍ക്കുമ്പോള്‍ അവരുടെ സ്വഭാവം അറിയാമല്ലോ. അവരിതേ പറയൂ. ഇതിലും നല്ലത് പറഞ്ഞാലേ അത്ഭുതമുള്ളൂ. കാരണം മറ്റുള്ളവരെപ്പറ്റി അവര്‍ സംസാരിക്കുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ നമ്മളെപ്പറ്റി പറയുന്നു. അത്രയേയുള്ളൂ.

എല്ലാം ലളിതമായി എടുക്കാനുള്ള ഒരു പക്വത വന്നുവല്ലേ?

ചിലപ്പോള്‍ ഞാന്‍ വളരെ സ്‌നേഹിക്കുന്ന എന്റെ സ്റ്റാഫും ആയിരിക്കാം. ഞാന്‍ വളരെ സ്‌നേഹിക്കുന്ന ആളുകളോട് ചിലപ്പോള്‍ ദേഷ്യപ്പെടും. ചില പരാതികളൊക്കെ പറയും. അതെന്താ അങ്ങനെയെന്തെങ്കിലും ചിലപ്പോള്‍ ചൂടാകും. ഉള്ളുതുറന്ന് ചിലപ്പോള്‍ ശകാരിക്കും. അതവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നറിയുമ്പോള്‍ ഞാന്‍ പിന്നെയും തണുക്കും. നിങ്ങള്‍ക്കെന്താണു വേണ്ടതെന്നുവെച്ചാല്‍, എല്ലാം ഫൈന്‍-ഓ.കെ. ഇതാണ് എവിടെയും മനുഷ്യന്റെ പൊതുസ്വഭാവം. ചിലതൊക്കെ എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ജീവിതത്തില്‍ വല്ലാതെ ആത്മാര്‍ഥത കാണിച്ചാല്‍, അവര്‍ക്കറിയാം-അവരെ നാം എന്തെല്ലാം രീതിയില്‍ സഹായിക്കുന്നു. എന്നിട്ടും നമ്മളറിയാതെ എന്തെങ്കിലും ഒരു വാക്കെങ്ങാന്‍ പറയുമ്പോള്‍ മിണ്ടാതെ മുഖം വീര്‍പ്പിച്ചുകൊണ്ടു നടക്കുക. അവര്‍ അവരെക്കുറിച്ച് മാത്രമേ എപ്പോഴും ചിന്തിക്കൂ. സായിയുടെ അടുത്ത് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു. സ്വാമീ, എനിക്ക് സ്വര്‍ഗം വേണം, സമാധാനം വേണം. അപ്പോള്‍ സ്വാമി പറഞ്ഞു. ഞാനെന്നുള്ളത് മാറ്റുക. ആവശ്യം ഉണ്ടല്ലോ. ആഗ്രഹം-അതും മാറ്റുക. പിന്നെ അവിടെ സമാധാനമാണ്.

ജീവിതം അങ്ങ് ജീവിച്ചു തീര്‍ന്നുവെന്ന ഒരു ധാരണയുണ്ടോ?

ഇല്ല. എന്നും ഈ ജീവിതം സജീവമാണ്.

ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന ഒരു ധാരണ?

അങ്ങനെയൊന്നുമില്ല. ഞാന്‍ പഠിച്ച ഭരതനാട്യം-അത് നാലഞ്ചുപേരെയെങ്കിലും ട്രെയിന്‍ ചെയ്ത് ആ കല നന്നായിട്ട് പെര്‍ഫോം ചെയ്യുന്നത് കാണണമെന്നുണ്ട്. അത് സ്വാമി എന്നാണാവോ സാധിച്ചുതരികയെന്നറിയില്ല. പിന്നെ സ്വാമിയെപ്പറ്റി മാത്രം കുറച്ച് കീര്‍ത്തനങ്ങള്‍ എഴുതിയിട്ടുണ്ട്. കൂടെ പാടണമെന്നുണ്ട്. അത് കൊമേഴ്‌സ്യല്‍ ആയി പാടിയിട്ട്, അങ്ങനെയാവണം ഇങ്ങനെയാവണം എന്നൊന്നും -
എനിക്ക് സ്വപ്നങ്ങളൊന്നുമില്ല.

പഴയ ആരാധകരൊക്കെ ഇടയ്ക്ക് വിളിക്കാറുണ്ടോ?

ഇല്ല. അങ്ങനെയൊന്നുമില്ല.

പണ്ടൊക്കെ ഒരുപാട് കത്തുകളൊക്കെ വന്നിട്ടുണ്ടാവില്ലേ?

ഇപ്പോഴും കത്തുകള്‍ വരുന്നുണ്ട്. ധാരാളം കത്തുകള്‍. കാരണം ഈ പഴയ പടങ്ങളെല്ലാം ടി.വിയില്‍ ഇപ്പോഴത്തെ തലമുറ കാണുകയാണ്. അങ്ങനെ അവര്‍ ആസ്വദിക്കുന്നുണ്ട്.

ആരാധകരുടെ കത്തെല്ലാം വായിക്കാറുണ്ടോ? എന്താണ് മനസ്സില്‍ തോന്നാറ്?

വായിച്ചു കേള്‍പ്പിക്കാറുണ്ട്. മലയാളം വായിക്കാനറിയില്ലായിരുന്നു.

പ്രേമാഭ്യര്‍ഥനയുമായിട്ടൊക്കെ ആള്‍ക്കാര്‍ എഴുതുമ്പോള്‍ എന്താണ് മനസ്സില്‍ തോന്നുക?

സ്‌നേഹപൂര്‍വമായ കത്തുകള്‍ ആണ് എനിക്ക് കൂടുതലും വന്നിട്ടുള്ളത്. ഒരുപക്ഷേ, വളരെ ചെറുപ്രായത്തില്‍ ഈ അമ്മറോളിലേക്ക് ചാഞ്ഞതുകൊണ്ടായിരിക്കാം. പക്ഷേ, വളരെ സ്‌നേഹപൂര്‍വമുള്ള കത്തുകളാണ്. പിന്നെ എന്നെ ഒരമ്മയായി സങ്കല്‍പ്പിച്ചിട്ടുള്ള ഒരുപാട് കത്തുകള്‍. എനിക്കൊരമ്മയാവാന്‍ അങ്ങനെ ഭാഗ്യമില്ലാതെ പോയാലും അങ്ങനെയൊരു കുറവായിട്ട് എനിക്ക് തോന്നുന്നില്ല. കാരണം എന്നെക്കാള്‍ ഒരുപാട് പ്രയാസപ്പെടുന്ന ആളുകളുണ്ട്. നമ്മളെപ്പോഴും ലോകത്തിനെ അങ്ങനെയല്ലേ കാണാറുള്ളത്. പിന്നെ എന്നേക്കാള്‍ കഴിവുള്ള ആര്‍ട്ടിസ്റ്റിനെ കാണുമ്പോള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മഞ്ജുവാര്യരുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്താ പറയുക-നല്ലൊരു അനുഭവമായിരുന്നു ആ കുട്ടിയുടെ കൂടെ അഭിനയിക്കുന്നത്. പത്മിനിയോ സാവിത്രിയോ-അവരുടെ കൂടെ അഭിനയിക്കുന്നതിന് തുല്യമായിരുന്നു. അവള്‍ ഒരു സര്‍ഗപ്രതിഭയാണ്. അതൊക്കെയാണ് എന്റെ സന്തോഷം.

പുതിയ പുതിയ നടികളെ കാണുമ്പോള്‍ അവരുടെ അഭിനയപാടവം സൂക്ഷ്മമായി വീക്ഷിക്കാറുണ്ടോ? പഴയകാല അഭിനയത്തില്‍നിന്ന് എത്ര വ്യത്യാസമുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

പഴയരീതിയല്ല ഇപ്പോഴത്തെ രീതി. ഇപ്പോള്‍ കാര്യമായി അഭിനയിക്കുകയൊന്നും വേണ്ട. അഭിനയം വലിയൊരു ആവശ്യമൊന്നുമല്ല. അന്നത്തെ പ്രധാനകാര്യം യഥാര്‍ഥ ശബ്ദം ആയിരുന്നു. ശബ്ദത്തിന് നൂറുശതമാനം പെര്‍ഫെക്ഷന്‍ വേണം. ഭാഷാപരമായിട്ട് നിങ്ങള്‍ നൂറുശതമാനം പെര്‍ഫെക്ട് ആവണം. പഠിച്ചതുതന്നെ പറയണം. എത്രനേരമായാലും തലേദിവസംതന്നെ ഡയലോഗ് കൊണ്ടുത്തരും. ഇപ്പോള്‍ കഥയെന്താണെന്നറിയില്ല. ഇപ്പോള്‍ സ്‌പോട്ടില്‍ വന്നിട്ടാണ് സീന്‍ എഴുതുന്നത്. അതങ്ങ് ചുമ്മാ 2,3,4, എന്നു പറഞ്ഞാലും മതിയമ്മ, ഞങ്ങള്‍ ഡബ്ബ് ചെയ്ത് അഡ്ജസ്റ്റ് ചെയ്‌തോളാം എന്നു പറയുന്ന കാലമായി. പിന്നെ നോര്‍ത്ത് ഇന്ത്യയില്‍നിന്നോ വേറെ ഭാഷയില്‍നിന്നോ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരുന്നു. അവര്‍ എന്തു പറഞ്ഞാലും ഡബ്ബ് ചെയ്തുകൊള്ളും. അവര്‍ക്ക് ഗ്ലാമര്‍ മാത്രം മതി. ആകപ്പാടെ കഥയൊക്കെ സെലക്ട് ചെയ്ത് ഇപ്പോള്‍ വന്ന രണ്ടുമൂന്ന് ഹീറോസ് ആണ്- വിജയ്, സൂര്യ, വിക്രം, ഇവരൊക്കെ. അവര്‍ വളരെ നല്ല പ്രത്യേകതയുള്ളവരാണ്-ഓരോ വെറൈറ്റിയിലും. അങ്ങനെയുള്ളപ്പോള്‍ നായികമാരും കഴിവുള്ളവര്‍ ആയിരിക്കണം. ജ്യോതിയൊക്കെ എത്ര നന്നായിട്ടാണ് അഭിനയിക്കുക.

ഒരുകാലത്ത് നായികയ്ക്ക് റോള്‍ ഇല്ലാതിരുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഉണ്ടായിരുന്നു. ഇപ്പോള്‍ മലയാളത്തിലും വളരെ പ്രാധാന്യമുള്ള സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ വരുമ്പോഴല്ലേ പ്രാധാന്യം വരുന്നുള്ളൂ. അതല്ലെങ്കില്‍ എല്ലാ കഥാപാത്രങ്ങളും എല്ലാ രീതിയിലും അഭിനയിക്കാം. അത്രയേയുള്ളൂ.

ഒരു സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കണമെന്നുണ്ടെങ്കില്‍ ഏതു റോളില്‍ ആയിരിക്കും ശ്രീവിദ്യ അഭിനയിക്കുക?

എനിക്കൊരു കോമഡി ചെയ്യാനാണ് താല്പര്യം.

റിയലി?

എനിക്ക് ഭയങ്കര ഇഷ്ടമുള്ളതാണ്. ഞാന്‍ ഇത് ആസ്വദിക്കുന്നു. 'ആരാന്റെ മുല്ല കൊച്ചുമുല്ല' എനിക്ക് വളരെ ഇഷ്ടപ്പെട്ട പടമാണ്. കാരണം ലക്ഷ്മിയിങ്ങനെ പടപടാന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാനിങ്ങനെ ഒരു സ്വിച്ച് മാത്രം ഓഫ് ചെയ്ത് ചിരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമാണ്. ചെറിയൊരു ക്രൂരതയുള്ള കോമഡിയാണ്. എന്നാലും വളരെ ഇഷ്ടപ്പെട്ടു ആ ഒരു ചേര്‍ച്ച. അതിനുശേഷം നല്ലൊരു കോമഡി പടം ഒന്നും നമുക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല.

ഇനിയൊരു സിനിമ കിട്ടുകയാണെങ്കില്‍ നല്ലൊരു കോമഡി ചെയ്യും?

ചെയ്യും. എന്തുകൊണ്ട് പറ്റില്ല.

മിമിക്രി വശമുണ്ടോ?

ചെറുപ്പത്തിലൊക്കെ.

ആരെയൊക്കെ അനുകരിക്കാറുണ്ടായിരുന്നു ചെറുപ്പത്തില്‍?

ചെറുപ്പത്തില്‍ ഞാന്‍ ആണുങ്ങളെപ്പോലെയൊക്കെ പറയും. ടി.എം. സുന്ദരരാജനെപ്പോലെ പാടും. ശീര്‍ഗാഴി ഗോവിന്ദരാജിനെപ്പോലെ പാടും. എ.പി. സുന്ദരാംബാളിനെപ്പോലെ പാടും. ഇപ്പോഴൊന്നും ചിന്തിക്കാന്‍ പറ്റത്തില്ല. പക്ഷേ, മിമിക്രി ചെയ്യുന്ന ജയറാമിനെപ്പോലുള്ള കലാകാരനെക്കണ്ടാല്‍ എനിക്ക് ഭയങ്കര ആരാധനയാണ്. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍ ഇവരൊക്കെ. ഒരു ജഗതിക്കു മാത്രമേ അങ്ങനെയാവാന്‍ കഴിയൂ. ഒരു കലാഭവന്‍ മണിക്കു മാത്രമേ അങ്ങനെ കഴിയൂ. ഒരു ജയറാമിനു മാത്രമേ കഴിയൂ. ലാല്‍, മമ്മൂട്ടി- ഇവരൊക്കെ ഈശ്വരന്റെ അടുത്തുനിന്ന് വരവും വാങ്ങിക്കൊണ്ട് വരികയാണ്. കേരളത്തിലായതുകൊണ്ട് എനിക്ക് സന്തോഷമുണ്ട്.

മമ്മൂട്ടി പിന്നെ ഹാര്‍ഡ് വര്‍ക്കിലൂടെയാണ് മുന്നിലേക്ക് വന്നത്.........

എന്നാലും ഈ മുഖത്തുനിന്ന് വരണ്ടേ. പാരമ്പര്യമായിട്ട് ഒരു ആര്‍ട്ടിസ്റ്റ് അല്ല. നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന ഒരു എക്‌സ്​പീരിയന്‍സ് ഉണ്ടെന്നല്ലാതെ ബാക്കിയൊക്കെ ദൈവം കൂട്ടിച്ചേര്‍ത്ത് കൊടുത്തതാണ്. അപ്പോഴാണ് ഈ ആര്‍ട്ടിസ്റ്റിന്റെ ഫുള്‍ പവര്‍ എന്താണെന്നുള്ളത് നമുക്കെല്ലാം മനസ്സിലാകുന്നത്. അല്ലെങ്കില്‍ നമ്മളൊരു കെട്ടുകഥ മാത്രം എടുക്കും.

ലാല്‍ പിന്നെ ഒരു സ്വതസിദ്ധമായിട്ടുള്ള.
.......
അതാണ് പറഞ്ഞത്. അതുതന്നെയാണ് മമ്മൂട്ടിയും. ലാലിന്റെ അച്ഛനും അമ്മയും ആരും കലാപ്രതിഭകള്‍ അല്ലല്ലോ. അവര്‍ക്കെങ്ങനെ ഇത്രയും ഭംഗിയായി അഭിനയിക്കാന്‍ കഴിയുന്നു. അവര്‍ അതിനായി നിയോഗിക്കപ്പെട്ടവരാണ്. അവര്‍ ആ ലക്ഷ്യത്തിനുവേണ്ടി ജനിച്ചവരാണ്.

ജഗതിയുടെയൊക്കെ റോള്‍ കണ്ട് ചിരിക്കാറുണ്ടോ?

അയ്യോ. ജഗതി. പത്തു-മുപ്പത്തഞ്ചു കൊല്ലമായിട്ട് വിവിധ വേഷങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിക്കുക എന്നു പറഞ്ഞാല്‍. കരയിക്കാന്‍ വളരെ എളുപ്പമാണ്. ചിരിപ്പിക്കാന്‍ ഭയങ്കര പാടാണ്. അതില്‍ വിജയിച്ചുനില്‍ക്കുകയെന്നു പറഞ്ഞാല്‍......

മലയാള സിനിമയില്‍ മാത്രമാണ് ഇത്രയും വ്യത്യസ്തതയുള്ളതല്ലേ?

അതേ. വേണു, ഗോപി ഇവര്‍ക്കൊന്നും ബദല്‍ ഇല്ല. ഗോപിച്ചേട്ടന് ബദല്‍ ഉണ്ടോ? ഗോപിച്ചേട്ടന്‍ ചെയ്ത കാരക്ടര്‍ ഒന്നു ചിന്തിച്ചുനോക്കൂ. 'കാറ്റത്തെ കിളിക്കൂടാകട്ടെ' 'രജനി'യാകട്ടെ. തിലകന്‍ സാര്‍. തിലകന്‍ സാറിനെപ്പോലൊരു മഹാവ്യക്തിയുണ്ടോ? പകരം നിര്‍ത്താന്‍ പറ്റുമോ തിലകന്‍ സാറിനെ?

ഗ്ലാമര്‍ ഇല്ലെങ്കിലും അഭിനയസിദ്ധി കൊണ്ട് നില്‍ക്കാന്‍ പറ്റുമെന്നാണോ?

പിന്നെ. നമുക്കു മാത്രമേയുള്ളു ഈ വ്യത്യസ്തമായ മുഖങ്ങള്‍ കിട്ടിയിട്ടുള്ളത്. എനിക്ക് നല്ല ഓര്‍മയുണ്ട്. ശിവാജി സാര്‍ ഒരിക്കല്‍ സെറ്റില്‍വെച്ച് 'ഇതിഹാസം' എന്ന പടം തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍. എന്റെ കാരക്ടര്‍ ഞാന്‍ തന്നെ ചെയ്തു. മധുസാറിന്റെ ശിവജി സാറും. നസീര്‍ സാറിന്റെ റോള്‍ ജയശങ്കര്‍ ചെയ്തു. അതില്‍ രണ്ടുമൂന്നു സീനിലേയുള്ളൂ ശങ്കരാടി സാര്‍. അതിന് ബദല്‍ ഇല്ല. അപ്പോള്‍ സെറ്റില്‍ ഇരുന്ന് ഇങ്ങനെ ചര്‍ച്ചചെയ്യുകയാണ്. ശങ്കരാടിയുടെ സീനിന് ആരെ കൊണ്ടുവരും. ശിവാജി സാര്‍ ആ രണ്ടുമൂന്നു സീനുകള്‍ പലപ്രാവശ്യം റീപ്ലേ ചെയ്തുകണ്ടു. അത്രയും നന്നായിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പകരം ആരെയും കൊണ്ടുവന്നാല്‍ മതിയാവില്ലെന്നായിരുന്നു. പിന്നീട് ഒരു ഒത്തുതീര്‍പ്പായി-തേങ്കായി ശ്രീനിവാസനെക്കൊണ്ട് ചെയ്യിപ്പിച്ചു. പുള്ളി ഓപ്പണായിട്ട് പറഞ്ഞു, അതൊന്നും ശങ്കരാടി സാര്‍ നിക്കെ മുടിയാത് എന്ന്. അതുപോലെ ഒരു അരമണിക്കൂര്‍ അവര്‍ ആ സീനിനെപ്പറ്റി സംസാരിച്ചു. അത്രയും ഒരു ആരാധനയോടുകൂടി. അതുപോലെ ഒരു വെറൈറ്റി അന്നും ഇന്നും.....

ഇവരെ കാണുമ്പോള്‍ ഇവരോടൊക്കെ ഇങ്ങനെയുള്ള കാര്യങ്ങള്‍-പഴയ റോളുകളൊക്കെ സംസാരിച്ച്......

അയ്യോ. ഭയങ്കര രസമാണ്. ഇപ്പോഴും ഞാന്‍, ജഗതി ശ്രീകുമാര്‍, മണി, ശോഭന, നെടുമുടി വേണു - ഞങ്ങളൊക്കെ സെറ്റിലുണ്ടെങ്കില്‍ പാട്ടുതന്നെയാണ്. അപ്പോേഴക്കും ഒരാള്‍ എന്തെങ്കിലും കൊണ്ടുവന്ന് കൊട്ടാന്‍ തുടങ്ങും. മൃദംഗമായി, സ്വരമായി, പാട്ടായി - ബഹളം തന്നെ.

ഒരു തരത്തില്‍ മനസ്സിന് ഒരു ഉണര്‍വ് ആയിരിക്കും ഇങ്ങനെയുള്ള ഒത്തുചേരല്‍ അല്ലേ?

ഉണര്‍വ് അല്ല. എന്റെ അഭിപ്രായത്തില്‍ സെറ്റില്‍ സ്വയം ട്രീറ്റ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണത്. ജോളി ആയിട്ട്. ഇപ്പോള്‍, ഏതുതരത്തില്‍ എത്ര പദവിയിലുള്ള ആളായാലും അടിസ്ഥാനപരമായി, ഒരു നടനോ നടിയോ ആവട്ടെ അവര്‍ക്ക് ആ അന്തരീക്ഷത്തില്‍ വന്നുകൂടുമ്പോള്‍ മാനസികമായി ആശ്വാസമാണ്.

ഒരു ഫാമിലി ഇല്ലെങ്കിലും ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടാവുമല്ലോ?

തീര്‍ച്ചയായും. ഏതൊരാര്‍ട്ടിസ്റ്റായാലും എന്നെ വിളിച്ച് എന്തെങ്കിലും സഹായം ചോദിക്കുകയാണെങ്കില്‍ എന്നെക്കൊണ്ട് കഴിയാവുന്നതാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. പിന്നെ ഞാന്‍ ഒരു തുറന്ന മനഃസ്ഥിതിയുള്ള ആളും സ്‌നേഹസമ്പന്നയുമാണ്. പലപ്പോഴും പലരും തെറ്റിദ്ധരിക്കും. ഈ പെണ്ണുങ്ങളോട് പെരുമാറുന്നതുപോലെത്തന്നെയാണ് ഞാന്‍ ആണുങ്ങളോടും പെരുമാറുക. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നവും ഏറ്റവും വലിയ പ്ലസ് പോയിന്റും. ഒരു സ്ത്രീക്ക് ഒരു ഫോണ്‍ ചെയ്ത് എന്താണ് ബുദ്ധിമുട്ട് എന്നു ചോദിക്കുന്നതുപോലെത്തന്നെ ഒരു കലാകാരനോടും ഞാന്‍ ചോദിക്കും. പലപ്പോഴും അവരുടെ കുടുംബക്കാര്‍ക്ക് ഇഷ്ടപ്പെടില്ല. അതുപോലെ എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എനിക്ക് ആരോടെങ്കിലും ഉപദേശം ചോദിക്കണമെങ്കില്‍ ചോദിക്കും. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും. അതൊക്കെ പിന്നീട് മാറിക്കൊള്ളും.

ക്രമേണ ശ്രീവിദ്യയെ തിരിച്ചറിയുന്ന ഒരു അവസ്ഥയിലേക്ക് എല്ലാവരും എത്തിയിട്ടുണ്ടാവും അല്ലേ?

ഉണ്ടാവണം. അത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ ശ്രദ്ധിക്കാറില്ല. ഇതൊക്കെ മനസ്സില്‍ കൊണ്ടുനടക്കുകയാണെങ്കില്‍ ഇങ്ങനെയിരുന്ന് ഏങ്ങിക്കരയാനേ നേരമുണ്ടാവൂ. എനിക്കത് ആവശ്യമില്ല. ഞാന്‍ ഇഷ്ടംപോലെ കരഞ്ഞിട്ടുള്ളതാണ്.

ഒരുപാട് കരഞ്ഞിരിക്കുന്നു. ഇനി കരച്ചിലിന്റെ ആവശ്യമില്ലാ അല്ലേ?

അതെ. വളരെ അപൂര്‍വമായിട്ടാണ്. ഇപ്പോള്‍ എന്റെ കണ്ണൊക്കെ കലങ്ങിപ്പോയത് ഒഴിച്ചാല്‍ വളരെ അടുപ്പമുള്ള ഒന്നുരണ്ടുപേരുടെ അടുത്താണ് കരച്ചിലിന്റെ വക്കത്ത് എത്തുന്നത്.

അതുവരെ പിടിച്ചുനില്‍ക്കുമല്ലേ?

പിടിച്ചു നില്‍ക്കുകയല്ല. മൈന്റ് ചെയ്യില്ല.

സങ്കടം വരുമ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ എന്തു വിദ്യയാണ് ഉപയോഗിക്കുന്നത്?

സ്വാമി. ഞാന്‍ സ്വാമിയോട് പ്രാര്‍ഥിക്കും. പേര്‍സണലായ ഒരു ലെറ്റര്‍ എഴുതുന്നു-ഇന്ന പ്രശ്‌നമാണ് എനിക്കുള്ളത്, എന്താണ് പ്രതിവിധി. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ എന്തുചെയ്യണം. കാരണം എന്റെ അച്ഛനും അമ്മയും ഡോക്ടറും സുഹൃത്തുക്കളും എല്ലാമായിരുന്നു. ഞാന്‍ എന്റെ അമ്മയ്ക്ക് എഴുതുന്നതുപോലെ, അല്ലെങ്കില്‍ ഒരു സതീര്‍ഥ്യന്‍ - അയാള്‍ക്കെഴുതുംപോലെ. എന്റെ പ്രശ്‌നം സോള്‍വാകും. കത്ത് തിരിച്ചുവരില്ല. പക്ഷേ എന്റെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിരിക്കും.

മനസ്സിന്റെ ഒരു സുഖമായിരിക്കും അതല്ലേ.

അദ്ദേഹം എന്റെ കുടുംബത്തിലേതാണ്. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിലേതും.

അതിനകത്ത് ഒരു കാരണം ഉണ്ടാവണമെന്നില്ല, യുക്തിപൂര്‍വം ആയിരിക്കണമെന്നില്ല. അല്ലേ?

അല്ല. അങ്ങനെയല്ല. എനിക്ക് ഇപ്പോള്‍ നല്ലത് സംഭവിച്ചാലും ഞാന്‍ നന്ദി പറഞ്ഞ് കത്ത് എഴുതും. Thank you sir for doing this for me.

എന്താണ് ഹോബിയൊക്കെ?

എനിക്കങ്ങനെയൊന്നുമില്ല. ഇപ്പോള്‍ സിനിമാഭ്രാന്തിയാണ്. നല്ല ഇംഗ്ലീഷ് പടങ്ങള്‍ കാണുന്നത് ഭയങ്കര ഇഷ്ടമാണ്.

ഒരുപാട് സിനിമകള്‍ കാണുമോ?

ക്രിക്കറ്റാണ് ഭയങ്കര വീക്ക്‌നസ്സ്. ആകെക്കൂടി കള്ളം പറഞ്ഞ് ഷൂട്ടിങ്് കാന്‍സല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്രിക്കറ്റ് മാച്ച് കാണാനായിരിക്കും.

ഇന്ന് ടി.വിയില്‍ ക്രിക്കറ്റ് മാച്ചുണ്ടെങ്കില്‍ അത് കണ്ടുകൊണ്ടിരിക്കും അല്ലേ?

അതെ. ഇപ്പോഴും ശ്രീശാന്ത് കളിക്കുകയെന്നു പറഞ്ഞാല്‍ എനിക്കാണ് ടെന്‍ഷന്‍. ശ്രീശാന്തിന് അവസാനത്തെ രണ്ടുവിക്കറ്റ് കിട്ടിയപ്പോള്‍ വളരെ സന്തോഷമായിരുന്നു.

കളി മുഴുവനും കാണും?

കളി മുഴുവനും കാണും.

ശരിക്ക് ഒരു ഹോബിയെന്നു പറഞ്ഞാല്‍ ക്രിക്കറ്റ് കളി കാണുക, സിനിമ കാണുക ഇതൊക്കെയാണല്ലേ?

കുറച്ചൊക്കെ വായിക്കും. എന്നുവെച്ചാല്‍ വലിയ വായനക്കാരി അല്ല. ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കും.

ഏതൊക്കെ പുസ്തകങ്ങള്‍ ആണ്? നോവല്‍, കഥ.....

എന്തെങ്കിലും, whatever it is.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 'മറയില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്)

--
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment