വന്‍തോതില്‍ മരണങ്ങള്‍ ഉണ്ടാക്കാതെ രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടാമതൊരു ചുഴലി കൊടുങ്കാറ്റുകൂടി കടന്നു പോയതോടെ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളെപ്പറ്റി ഇന്ത്യയില്‍ ഗുണപരമായ ചര്‍ച്ചകള്‍ നടക്കുകയാണ്. ദുരന്തലഘൂകരണരംഗത്ത് വര്‍ഷങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇത് സന്തോഷത്തിന്റെ അവസരമാണ്. ഒരു പത്തു വര്‍ഷം മുന്‍പുവരെ ചുഴലിക്കാറ്റുപോലുള്ള പ്രകൃതിദുരന്തങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് വല്ല മരത്തിന്റെയൊ വീടിന്റേയോ മുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ആളുകളും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹെലിക്കോപ്ടറിലോ ബോട്ടിലോ ഒക്കെയുള്ള സൈന്യത്തിന്റെ ശ്രമങ്ങളും ഒക്കെയാണ്. കാലാവസ്ഥാ പ്രവചനക്കാര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും ഓരോ ദുരന്തവും കഴിയുമ്പോള്‍ കെടുകാര്യസ്ഥതക്കുള്ള പഴിയും പേരുദോഷവും ആയിരുന്നു ഫലം. ഇതു മാറുകയാണ്. ഇതെങ്ങനെ സംഭവിച്ചു ?. ചുഴലിക്കാറ്റല്ലാതെ സുനാമി മുതല്‍ ഭൂകമ്പം വരെയുള്ള മറ്റു ദുരന്തങ്ങളില്‍ നിന്നും നമുക്ക് മുന്നറിയിപ്പോടെ ഇതുപോലെ രക്ഷപെടാന്‍ സാധിക്കുമോ?
ദുരന്തലഘൂകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ ഒന്നാമത്തെ മുദ്രാവാക്യം 'പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ല' എന്നതാണ്. പ്രകൃതിയില്‍ ചുഴലിക്കാറ്റു പോലെയോ ഭൂമികുലുക്കം പോലെയോ ഉള്ള പ്രതിഭാസങ്ങള്‍ ഉണ്ട്. പക്ഷെ അതുമായി അറിഞ്ഞും അറിയാതെയും മനുഷ്യന്‍ നടത്തുന്ന ഇടപെടല്‍ ആണ് പ്രകൃതി പ്രതിഭാസത്തെ പ്രകൃതിദുരന്തമായി മാറ്റുന്നത്. പ്രകൃതി പ്രതിഭാസത്തെ അറിഞ്ഞ് അതിനുവേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ പ്രകൃതിജന്യമായ ദുരന്തങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം.
കഴിഞ്ഞയാഴ്ച ഇന്ത്യയുടെ കിഴക്കന്‍തീരത്ത് വീശിയടിച്ച ഹുദ്ഹുദ് കൊടുങ്കാറ്റുതന്നെ ഉദാഹരണമായിട്ടെടുക്കാം. കൊടുങ്കാറ്റിന്റെ വരവിനെപ്പറ്റി, അതു വരാനിടയുള്ള വഴികളെപ്പറ്റി, അതിന്റെ ഏകദേശ വേഗതയെപ്പറ്റി എല്ലാം വിശ്വാസയോഗ്യമായ മുന്നറിയിപ്പു കിട്ടിയതുകൊണ്ടാണ് അവിടെനിന്നും ആളുകള്‍ മാറിത്താമസിച്ചതും ദുരന്തം ഒഴിവായതും. ഇത് കാലാവസ്ഥാ പ്രവചനത്തില്‍ നമുക്കുണ്ടായ സാങ്കേതിക പുരോഗതി കൊണ്ടാണെന്നു ഒറ്റയടിക്കു തോന്നാം. അതില്‍ കുറച്ചൊക്കെ സത്യവും ഉണ്ട്. പക്ഷെ അതു പൂര്‍ണ്ണമായ സത്യം അല്ല. കാലാവസ്ഥാ പ്രവചനത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനകത്ത് നാടകീയമായ മാറ്റങ്ങള്‍ വന്നിട്ടില്ല. അപ്പോള്‍ മറ്റ് എന്തു മാറ്റങ്ങളാണ് ഇക്കാലത്ത് വന്നത്. അതിലെന്തൊക്കെയാണ് ദുരന്ത ലഘൂകരണത്തെ സഹായിക്കുന്നത് എന്നു നോക്കാം.
രണ്ടായിരത്തി അഞ്ച് ഡിസംബറില്‍ ആണ് ഇന്ത്യയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പാര്‍ലിമെന്റ് പാസാക്കുന്നത്. ഇന്ത്യയില്‍ ദുരന്തനിവാരണം ബ്രിട്ടീഷുകാരുടെ കാലത്തുതൊട്ടേ ഉള്ളതാണ്. വരള്‍ച്ച മുതല്‍ ഭക്ഷ്യക്ഷാമം വരെ പതുക്കെ വന്നുചേരുന്ന ദുരന്തങ്ങളെ നേരിടാന്‍ ജില്ലാ കളക്ടര്‍മാരേയും, ഭൂകമ്പംതൊട്ട് കൊടുങ്കാറ്റുവരെയുള്ള പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ സൈന്യവിഭാഗങ്ങളേയും നാം പരിശീലിപ്പിക്കുകയും സന്നദ്ധരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യക്ക് മൊത്തം മുതല്‍ ഒരോ ജില്ലക്കു വരെ ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ ഉണ്ടാക്കാന്‍ നിയമം ഉണ്ടായത് 2005ല്‍ ആണ്. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉള്ള ഒരു സ്ഥിരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, അതുപോലെ സംസ്ഥാനത്ത് സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദുരന്തനിവാരണത്തേയും ലഘൂകരണത്തേയും പറ്റി പഠിപ്പിക്കാന്‍ പ്രത്യേകം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിങ്ങനെ അനവധി സ്ഥാപനങ്ങള്‍ ഈ നിയമം മൂലം പ്രാബല്യത്തില്‍ വന്നു. ഈ ഓരോ സ്ഥാപനത്തിലും ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍മാര്‍ (professionals) നിയോഗിക്കപ്പെട്ടു. കേന്ദ്രത്തില്‍ മുതല്‍ പഞ്ചായത്തുതലം വരെയുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ദുരന്തനിവാരണത്തില്‍ പ്രത്യേകിച്ച് ക്ലാസുകള്‍ നല്‍കി. ജില്ല മുതല്‍ കേന്ദ്രം വരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടായി. കേരളത്തിലും ഇപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റിയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടും ഉണ്ട്. കേരളത്തിലെ ദുരന്ത പ്രതിരോധ രംഗത്ത് അവര്‍ ശക്തമായും സക്രിയമായും ഇടപെടുന്നും ഉണ്ട്.
ഈ മുന്‍പറഞ്ഞ എല്ലാ മാറ്റങ്ങളുടേയും പരിണിതഫലമാണ് നാം ആന്ധ്രയിലും ഒറീസ്സയിലും ഒക്കെ കാണുന്നത്. കൊടുങ്കാറ്റിനെപ്പറ്റിയോ സുനാമിയെപ്പറ്റിയോ പ്രവചനം കിട്ടിയാല്‍ ഉടന്‍ കേന്ദ്രത്തിലേയോ സംസ്ഥാനത്തിലേയോ (ചിലപ്പോള്‍ രണ്ടും) ദുരന്തനിവാരണ അതോറിട്ടി ആ വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു. പൊതുജനങ്ങളെ അറിയിക്കാന്‍ ടി.വി., റേഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. മുന്നറിയിപ്പു കിട്ടിയാല്‍ ഉടന്‍ വില്ലേജുതലം മുതല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിക്കുന്ന നടപടികള്‍ ജീവന്‍ രക്ഷപെടുത്തുമെന്ന് അനുഭവങ്ങളില്‍നിന്നും വായിച്ചും അറിഞ്ഞ ആളുകള്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ജീവന്‍ രക്ഷപെടുന്നു. ഓരോ ദുരന്തങ്ങളും വിജയകരമായി നേരിടുന്നതോടെ പൊതുജനങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നു. അതിലേക്ക് കൂടുതല്‍ ശ്രദ്ധയും പണവും മാറ്റിവക്കുന്നു, പ്രൊഫഷണല്‍ ആയുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നു. പ്രകൃതി പ്രതിഭാസങ്ങള്‍ ദുരന്തങ്ങള്‍ അല്ലാതാകുന്നു.
പ്രകൃതിദുരന്തങ്ങളില്‍ മനുഷ്യന്റെ മരണസംഖ്യ കുറയുന്നത് ഭാഗ്യവശാല്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ലോകത്തെമ്പാടും ഉള്ള ദുരന്തങ്ങളുടെ കണക്കെടുത്താലും മരണസംഖ്യ കുറയുകയാണ്. ഇതും കേവലം ആകസ്മികമല്ല. 2004ലെ സുനാമിക്കുശേഷം ലോകരാജ്യങ്ങള്‍ ജപ്പാനിലെ കോബേയില്‍ ഒത്തുചേര്‍ന്ന് ദുരന്തലഘൂകരണത്തിന് ഒരു ആഗോള മാര്‍ഗ്ഗരേഖ ഉണ്ടാക്കി. ദുരന്തപ്രവചനം മുതല്‍ ദുരന്തമുണ്ടായിക്കഴിഞ്ഞുള്ള ഇടപെടല്‍വരെ ഉള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. 'ഹ്വോഗോ ഫ്രെയിംവര്‍ക്ക് ഫോര്‍ ആക്ഷന്‍' എന്ന പേരിലുള്ള ഈ മാര്‍ഗ്ഗരേഖ ലോകത്തിലെ 168 രാജ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ദുരന്തലഘൂകരണത്തിന് ലോകരാജ്യങ്ങളില്‍ എങ്ങും പഴയതിലും കൂടുതല്‍ പ്രാധാന്യവും പണവും ഇപ്പോള്‍ നല്‍കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മരണങ്ങള്‍ കുറയുന്നതും.
ദുരന്തലഘൂകരണ രംഗത്ത് പക്ഷെ എല്ലാ വാര്‍ത്തകളും ഇതുപോലെ ശുഭകരം അല്ല. ദുരന്തങ്ങളുടെ എണ്ണവും അതില്‍ ഉണ്ടാകുന്ന ധനനഷ്ടവും കൂടുകയാണ്. അടുത്ത വര്‍ഷം (2015) ഹ്വോഗോ മാര്‍ഗ്ഗരേഖയുടെ തുടര്‍ച്ചയായിട്ടുള്ള പദ്ധതിക്ക് രൂപം നല്കാന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ലോകരാജ്യങ്ങളുടെ പ്രധാന ശ്രദ്ധ ഈ വിഷയത്തില്‍ ആണ്.
നാലു കാരണങ്ങള്‍ കൊണ്ടാണ് ലോകത്ത് ദുരന്തങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഒന്നാമതായി ലോകത്ത് ആളുകളുടെ എണ്ണവും സമ്പത്തും വര്‍ദ്ധിക്കുന്നതോടെ ദുരന്തസാദ്ധ്യത ഉള്ള സ്ഥലങ്ങളില്‍ വീടു വെക്കുന്നതും മറ്റു സംവിധാനങ്ങള്‍ (റോഡ്, ഫാക്ടറി, ഹോട്ടല്‍) ഉണ്ടാക്കുന്നതും എല്ലാം കൂടിവരുന്നു. ഉദാഹരണത്തിന്, കേരളത്തില്‍ നൂറു കൊല്ലം മുമ്പുവരെ പുഴയുടെ തീരത്ത് വീടു് വെക്കുന്നത് അപൂര്‍വമായിരുന്നു. ഇപ്പോള്‍ അത് സര്‍വസാധാരണം ആയി. ഒരു വെള്ളപ്പൊക്കം ഉണ്ടായാല്‍ നഷ്ടത്തിന്റെ സാധ്യത നൂറു മടങ്ങായി. നഗരങ്ങളില്‍ ജനസംഖ്യ കൂടുന്നതോടെ പണ്ട് ജനവാസം ഇല്ലാതിരുന്നതും ജനവാസയോഗ്യം അല്ല എന്നു കരുതിയിരുന്നതും ഒക്കെയായ സ്ഥലത്തെല്ലാം ആളുകള്‍ വീടുവെച്ചു തുടങ്ങി. ഉത്തരഖണ്ഡ് മുതല്‍ കാശ്മീര്‍ വരെയുള്ള സമീപകാല ദുരന്തങ്ങളുടെ എല്ലാം അടിസ്ഥാനം ദുരന്തസാധ്യത വ്യക്തമായ സ്ഥലത്ത് ജനവാസം കൂടുന്നതുതന്നെ ആണ്.
രണ്ടാമത്തെ കാരണം ആഗോള താപനവും അതിനെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആണ്. ഇത് ചില പ്രകൃതി പ്രതിഭാസങ്ങളുടെ തീവ്രത കൂട്ടുന്നു (ഉദാഹരണം, ചൂട്, മഴ), മറ്റു ചില പ്രകൃതി പ്രതിഭാസങ്ങള്‍ പണ്ട് ഉണ്ടാകാത്ത പ്രദേശങ്ങളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. രണ്ടിന്റേയും ഫലം ഒന്നുതന്നെയാണ്. സാധാരണ ദുരന്തങ്ങള്‍ക്ക് തയ്യാറെടുപ്പുള്ള സ്ഥലങ്ങളില്‍ പോലും കാലാവസ്ഥാ വ്യതിയാനം സംവിധാനത്തെ താറുമാറാക്കുന്നു. പണ്ടു പ്രതീക്ഷിച്ചിരുന്ന മഴക്ക് പറ്റിയ അത്രയും െ്രെഡനേജ് സംവിധാനം ഉള്ള നാടുകളില്‍ പോലും കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. അപ്പോള്‍ ഇപ്പോഴത്തെ മഴക്കുപോലും വേണ്ട സംവിധാനം ഇല്ലാത്ത നമ്മുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മൂന്നാമത്തെ കാരണം പരിസ്ഥിതിയുടെ നാശം ആണ്. പരിസ്ഥിതി നാശം ചില സ്ഥലത്ത് പ്രത്യക്ഷമായി ദുരന്തങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് വനനശീകരണം ഉണ്ടാകുന്ന മലകളില്‍ നിന്നും മണ്ണിടിച്ചിലോ ഹിമപാതമോ (avalanche) ഉണ്ടാകുന്നത് വ്യക്തമാണല്ലോ. മറ്റു ചില സമയത്ത് സാധാരണ ദുരന്തങ്ങളില്‍ നിന്നും പ്രകൃതി നമുക്ക് തന്നുകൊണ്ടിരുന്ന കവചം പരിസ്ഥിതി നാശത്തിലൂടെ നമുക്ക് ഇല്ലാതാകുന്നു. കടലിന്റെ തീരത്തുള്ള കണ്ടല്‍ക്കാടിന്റെ നാശവും പുഴയോരത്തുള്ള തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തുന്നതും കേരളത്തില്‍തന്നെ നാം കാണിക്കുന്ന മണ്ടത്തരങ്ങള്‍ ആണ്. ഇതും ലോകവ്യാപകമായി ദുരന്തങ്ങള്‍ ഉണ്ടാക്കുന്നു.
നാലാമത്തെ കാരണം പ്രകൃതി അല്ലാതെ മനുഷ്യന്‍ ഉണ്ടാക്കുന്ന അപകട സാധ്യതകള്‍ ആണ്. ന്യൂക്ലിയര്‍ പ്ലാന്റുകള്‍ തൊട്ട് റോഡില്‍ക്കൂടെ ഓടുന്ന ടാങ്കറുകള്‍വരെ പണ്ടില്ലാതിരുന്നു. പ്രകൃതിയും ആയി ബന്ധം ഇല്ലാത്ത മനുഷ്യനിര്‍മ്മിതമായ അപകട പ്രതിഭാസങ്ങള്‍ ഇപ്പോള്‍ നമുക്കു ചുറ്റും ഉണ്ട്. പ്രകൃതി പ്രതിഭാസങ്ങളും ആയി ബന്ധപ്പെട്ടും അല്ലാതെയും ഇവ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം.
കൊടുങ്കാറ്റില്‍ നിന്നും ജീവന്‍ രക്ഷിക്കുന്ന നമ്മുടെ സംവിധാനങ്ങള്‍ക്കും അന്താരാഷ്ട്ര മാര്‍ഗ്ഗരേഖകള്‍ക്കും ഇത്തരം ദുരന്തങ്ങള്‍ ഇതുവരെ കുറക്കാന്‍ പറ്റാത്തതെന്താണ്? ഇനി എന്തു ചെയ്താലാണ് ഇത്തരം അപകടങ്ങള്‍ കുറക്കാന്‍ പറ്റുന്നത്?
ദുരന്തസാധ്യതകളെ അടിസ്ഥാനമായി നേരിട്ടാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ പറ്റൂ. ഒരു സുനാമി വരുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനത്തിന് നൂറോ ഇരുന്നൂറോ കോടി രൂപയേ ചെലവുള്ളൂ. അവിടെനിന്നും കിട്ടുന്ന വിവരം നാട്ടുകാരില്‍ എത്തിക്കാനും അവരെ തല്ക്കാലം അവിടെനിന്നു മാറ്റാനും ഒക്കെയുള്ള സംവിധാനത്തിനും ഏറെ ചെലവില്ല. പക്ഷെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പുഴയുടെ തടങ്ങളില്‍ വാന്‍ നഗരങ്ങള്‍ നിര്മിച്ചതിനു ശേഷം അവിടെ നിന്നും ആളുകളെ സ്ഥിരമായി മാറ്റി താമസിപ്പിക്കുന്നതും, ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ വീടുകളും കൂടുതല്‍ ഉറപ്പായി പുനര്‍ നിര്മ്മിക്കുകയോ ബാലപ്പെടുതുകയോ ചെയ്യുന്നതും ഒന്നും രണ്ടു ദിവസം കൊണ്ട് ചെയ്യാവുന്ന കാര്യം അല്ല. ഇതിനു പതിനായിരക്കണക്കിനു കോടി രൂപ ചിലവാകും എന്നു മാത്രമല്ല വീട്ടില്‍നിന്നും രണ്ടു ദിവസം മാറിത്താമസിക്കാനുള്ള നിര്‍ദ്ദേശം പോലെ ജനങ്ങള്‍ അത് എളുപ്പത്തില്‍ അംഗീകരിക്കുകയും ഇല്ല. ജനങ്ങളുടെ പിന്തുണ കിട്ടാടിത്തോളം കാലം ഭരണനേതൃത്വം അത്ര കര്‍ശനമായ ദുരന്തലഘൂകരണ പദ്ധതികള്‍ക്ക് മുന്നിട്ട് ഇറങ്ങുകയും ഇല്ല. ഇത് കൊണ്ടാണ് ഒരു കാലത്ത് ദുരന്തം ഉണ്ടാകും എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടും അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടാകാത്തത്. അത് കൂടാതെ, പല ദുരന്തങ്ങള്‍ക്കു ശേഷവും വീണ്ടും വീണ്ടും നാം അതേ ദുരന്തസാധ്യത കെട്ടി പൊക്കുക കൂടി ചെയ്യുന്നുണ്ട്. ദുരന്തലഘൂകരണ രംഗത്തെ വിദഗ്ധര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയും ഏറ്റവും വലിയ ദുരന്തവും ഇതു തന്നെയാണ്.
ദുരന്തങ്ങളെ അറിഞ്ഞുള്ള സ്ഥലവിനിയോഗം (land use planning), ദുരന്തസാധ്യതകള്‍ കണക്കിലെടുത്തുള്ള കെട്ടിടനിര്‍മ്മാണ നിര്‍ദ്ദേശങ്ങളും നിയമങ്ങളും, ദുരന്തം ഒഴിവാക്കാന്‍ സാധിക്കുന്ന പരിസ്ഥിതി സംരക്ഷണം, അടുത്ത നൂറു വര്‍ഷത്തെ കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടുള്ള ദുരന്തലഘൂകരണ പ്രവര്‍ത്തനം എന്നീ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആണ് ഇനി നാം കൊണ്ടുവരേണ്ടത്. ആന്ധ്രയിലും ഒറീസയിലും നമ്മുടെ മുന്‍കരുതലുകള്‍ ഉണ്ടാക്കിയ വിജയവും ഉത്തരഖണ്ഡിലും കാശ്മീരിലും നമുക്കുണ്ടായ പരാജയവും കൂട്ടി വായിച്ചാല്‍ ദുരന്തങ്ങള്‍ കുറഞ്ഞ ഭാവിയിലേക്കുള്ള വഴി താനേ തെളിഞ്ഞുവരും.
ദുരന്തനിവാരണം, പരിസ്ഥിതി, കാലാവസ്ഥ എന്നീ വിഷയങ്ങളെപ്പറ്റി ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന പുതിയ ഒരു പരിശീലനം തുടങ്ങുന്നുണ്ട്. കേരളത്തില്‍ പുതുതായി സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change Studies) ഇതില്‍ പങ്കാളികള്‍ ആണ്. പൂര്‍ണ്ണമായും സൗജന്യമായതും ലോകത്ത് എവിടെനിന്നും വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാവുന്നതും ആയ ഈ കോഴ്‌സില്‍ താല്പര്യമുള്ളവര്‍ http://www.themooc.net/ എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
--
www.keralites.net |
__._,_.___
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment