സൈഡിങ് സ്പ്രിങ് ചൊവ്വ കണ്ടു; എല്ലാം പകര്‍ത്തി മംഗള്‍യാന്‍
__by ദിലീപ് മലയാലപ്പുഴ on 21-October-2014
പ്രപഞ്ചത്തിന്റെ ഏതോ കോണില്‍നിന്ന് അത്ഭുതങ്ങള്‍ ഒളിപ്പിച്ച് പാഞ്ഞെത്തിയ അപൂര്‍വ അതിഥിയെ മംഗള്‍യാന്‍ സ്വന്തം ക്യാമറയ്ക്കു ള്ളിലാക്കി.
സൗരയൂഥത്തിന പ്പുറത്തുനിന്ന് കോടാനു കോടിവര്‍ഷംമുമ്പ് യാത്ര തിരിച്ച സൈഡിങ് സ്പ്രിങ് (C/2013 A1) വാല്‍നക്ഷത്രം ചൊവ്വ "കണ്ടു മടങ്ങി'. വാല്‍നക്ഷത്ര ഭീഷണി മംഗള്‍യാന്‍ വിജയകരമായി മറികടക്കുകയുംചെയ്തു.
ആശങ്കയോടും കൗതുകത്തോടും ശാസ്ത്രലോകം കാത്തിരുന്ന അപൂര്‍വസംഗമം ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. കണക്കുകൂട്ടിയതുപോലെ രാത്രി 11.59ന് വാല്‍നക്ഷത്രം ചൊവ്വയുടെ 1.39 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തി.
ഇതിനു മുന്നോടിയായി മംഗള്‍യാനിലെ കളര്‍ ക്യാമറ, മീഥൈന്‍ സെന്‍സര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ടോമീറ്റര്‍ എന്നീ ഉപകരണങ്ങള്‍ വാല്‍നക്ഷത്രത്തിലേക്ക് തിരിച്ചുവച്ചിരുന്നു. നിരീക്ഷിക്കാനും ചിത്രങ്ങളെടുക്കാനുമായിരുന്നു ഇത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാല്‍നക്ഷത്രത്തിന്റെ വാല്‍ഭാഗം 30,000 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോയി. മണിക്കൂറില്‍ 57,000 കിലോമീറ്ററിലേറെ വേഗത്തില്‍ വലിയ അളവില്‍ ജലബാഷ്പം, മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുടങ്ങിയവ ഉറഞ്ഞുകൂടിയ മിശ്രിതവും വഹിച്ചായിരുന്നു ഇത്.
20 മിനിറ്റിലായിരുന്നു ഈ നിര്‍ണായക പിന്‍വാങ്ങല്‍.ഇവ പതിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ മംഗള്‍യാനെയും മറ്റു ചൊവ്വാ ദൗത്യപേടകങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ചൊവ്വയുടെ പിന്നിലേക്ക് നീങ്ങുന്ന രീതിയിലായിരുന്നു ഈ ക്രമീകരണം. മംഗള്‍യാനിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയുംചെയ്തു.
പുലര്‍ച്ചെ നാലോടെ വീണ്ടും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ചുരുങ്ങിയ സമയംമാത്രമാണ് നിരീക്ഷിക്കാന്‍ കഴിഞ്ഞതെങ്കിലും പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റിയടക്കം നിര്‍ണായകവിവരങ്ങള്‍ മംഗള്‍യാന്‍ ശേഖരിച്ചതായി കരുതുന്നു.പേടകം ഭൂമിയിലേക്ക് അയച്ച ചിത്രങ്ങളും മറ്റു വിവരങ്ങളും പഠിച്ച് നിഗമനത്തിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ISRO പറഞ്ഞു.
സൈഡിങ് സ്പ്രിങ് സൗരയൂഥത്തിനു പുറത്തുള്ള ഊര്‍ട്ട് മേഘമേഖലയില്‍നിന്ന് 450 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെട്ടതാകാമെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ വിലപ്പെട്ട വിവരങ്ങളാകും വരുംദിവസങ്ങളില്‍ പുറത്തുവരിക.
മംഗള്‍യാനു പുറമെ ക്യൂരിയോസിറ്റി, ഓപ്പര്‍ച്യൂണിറ്റി, മാഴ്സ്എക്സ്പ്രസ്, മാവന്‍, മാഴ്സ് ഒഡിസി, മാഴ്സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എന്നിവയാണ് നിലവിലുള്ള ചൊവ്വദൗത്യങ്ങള്‍. ഇവയും വാല്‍നക്ഷത്രത്തെ നിരീക്ഷിച്ചിരുന്നു. -
No comments:
Post a Comment