മരുഭൂമിയിലെ ചിത്രക്കൊട്ടാരം
In the Eastern Desert of Jordan did Umayyad Caliphs pleasure domes decree, adorned with secular frescos, where they could hunt and hawk, relax in secluded baths, be entertained by musicians, dancers and storytellers, meet with tribal subjects, and occasionally offer hospitality to pilgrims to Mecca and merchant caravans.
ജോര്‍ദാനിലെ മരുഭൂമികളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാചീനമായ നിരവധി കൊട്ടാരങ്ങള്‍ കാണാം. കാലത്തിനും മായ്ക്കാനാവാത്ത ചിത്രപ്പണികള്‍ ചെയ്ത ചരിത്രത്തിന്റെ കുംഭഗോപുരങ്ങള്‍. ഖസ്ര്‍ അംറയെന്ന മണല്‍ക്കാട്ടിലെ ഏകാന്തരാജധാനിയില്‍ ഒരു പകല്‍...
ജോര്‍ദാനിലെ ഏകാന്തമായ മരുഭൂമികളിലൂടെ സഞ്ചരിച്ചാല്‍ ഏറ്റവുമധികം കാണുക തകര്‍ന്ന കോട്ടകളുടെ അസ്ഥിപഞ്ജരങ്ങളാണ്. പുരാതനമായ ഇസ്ലാമിക് സാമ്രാജ്യത്തിലെ, ചരിത്രം തുടിച്ചു നിന്ന സൗധങ്ങള്‍.
മണല്‍ക്കാട്ടിലെ യാത്രകളില്‍ അവ പെട്ടെന്നാണു മുന്നില്‍ പ്രത്യക്ഷപ്പെടുക. ചരിത്രത്തിന്റെ ശവകുടീരങ്ങള്‍ പോലെ ഈ കൊട്ടാരക്കെട്ടുകള്‍ മണല്‍പ്പരപ്പുകളില്‍ ചിതറിക്കിടക്കുന്നു. കൃഷിയിടങ്ങള്‍, കളപ്പുരകള്‍, കോട്ടകള്‍, കിടങ്ങുകള്‍, മൃഗയാ കേന്ദ്രങ്ങള്‍, ഒട്ടകത്താവളങ്ങള്‍ അങ്ങിനെ പലതിന്റെയും അവശിഷ്ടങ്ങള്‍ അതിനു ചുറ്റമുണ്ടാവും. പ്രാചീന റോമന്‍, നബാത്തീയന്‍ നിര്‍മിതികള്‍ക്കു സമീപത്തോ മുകളിലോ ആയിട്ടാണ് മിക്കതും കാണുക.
ദമാസ്‌കസ് തലസ്ഥാനമായി ഭരിച്ചിരുന്ന ആദ്യകാല ഇസ്ലാമിക് രാജവംശമായ ഉമയ്യാദ് ഖലീഫമാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു ഇവയില്‍ മിക്കതും. (എ.ഡി. 661-750). സര്‍ഗാത്മകതയിലും സൗന്ദര്യബോധത്തിലുമുള്ള അവരുടെ മുദ്ര അതില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ഹൃദയം കൊണ്ട് ബദൂയിനുകളായിരുന്നു ആ സുല്‍ത്താന്മാര്‍. സ്‌പെയിന്‍ മുതല്‍ ഹിന്ദുക്കുഷ് വരെ പരന്നു കിടന്നതായിരുന്നു അവരുടെ സാമ്രാജ്യം. എന്നാല്‍ അലയാനുള്ള ബദൂയിനുകളുടെ സഹജചോദന അവരെ വിട്ടൊഴിഞ്ഞില്ല. അതിന്റെ പ്രലോഭനങ്ങളെയും ആഡംബരങ്ങളെയും വാരിപ്പുണരാനായി മണലാരണ്യങ്ങളില്‍ അവര്‍ കോട്ടകള്‍ തീര്‍ത്തു. അവിടെ സുഖിച്ചു ജീവിച്ചു. വേട്ടയാടി. ഇര തേടി. സ്‌നാനഗൃഹങ്ങളില്‍ മദിച്ചുനീന്തി. സംഗീതസദിരുകളില്‍ മതിമറന്നു. നര്‍ത്തകികളില്‍ അഭിരമിച്ചു. സൂതന്മാരുടെ കഥാഖ്യാനങ്ങളില്‍ മുഴുകി. അടിമഗോത്രങ്ങളെ പാലിച്ചു. തീര്‍ഥാടകരെയും സഞ്ചാരികളെയും ആദരിച്ചു. അതിര്‍ത്തികള്‍ താണ്ടി വ്യാപാരം നടത്തി... ചരിത്രം കുഴിച്ചുമൂടിയ അവരുടെ സ്‌നാനഗൃഹങ്ങളും ശയ്യാഗാരങ്ങളും ഇന്നും മണല്‍ക്കാട്ടില്‍ ചിതറിക്കിടക്കുന്നു.
ഉം ക്വായിസില്‍ നിന്ന് അമ്മാനിലേക്കുള്ള ഹൈവേ 40ലൂടെ ഗദാരയില്‍ നിന്നുള്ള മടക്കയാത്രയിലാണ് ഞങ്ങള്‍ ഖ്വാസ്ര്‍ അംറയിലെത്തുന്നത്. മണലാരണ്യത്തിലെ കോട്ടകളില്‍ (ഖ്വാസ്ര്‍ എന്നാല്‍ അറബിയില്‍ കോട്ട) ഏറ്റവും പ്രശസ്തമായത് ഇതാണ്. ആദ്യകാല ഇസ്ലാമിക് കലയുടെയും നിര്‍മാണചാതുരിയുടെയും നിദര്‍ശനം. ലോക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച ജോര്‍ദാനിലെ നാല് പുരാതന ഭൂമികകളില്‍ ഒന്ന്. (പെട്ര, വാദി റും, ഉം അല്‍-റീസാസ് എന്നിവയാണ് മറ്റു മൂന്നു പൈതൃക സ്ഥാനങ്ങള്‍). വാലീദ് രണ്ടാമന്‍ ഖലീഫ എന്ന പേരില്‍ പിന്നീട് പ്രശസ്തനായ വാലിദ് ഇബ്ന്‍ യാസീദ് എട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കേളീഗൃഹം. ജോര്‍ദാനിന്റെ കിഴക്കേ ഭാഗത്തുള്ള മരുഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ഖാസ്ര്‍ അംറയിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുമ്പായി ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു കെട്ടിടം കാണാം. ഇതാണ് സന്ദര്‍ശകര്‍ക്കുള്ള ആദ്യതാവളം. അതു ടിക്കറ്റ് കൗണ്ടര്‍ കൂടിയാണ്. ചില്ലറ റിഫ്രഷ്‌മെന്റും ഇവിടെ കിട്ടും. സന്ദര്‍ശകര്‍ക്കു ടിക്കറ്റ് നിര്‍ബന്ധം. ഞങ്ങളുടെ ഗൈഡ് റാബി അബു ടിക്കറ്റ് വാങ്ങി വന്നു. ഒരു ജോര്‍ദാനി ദിനാറാണ് വില. അകത്തേക്കു നടന്നു പോകണം. കരിമ്പാറക്കഷ്ണങ്ങളും ഉറഞ്ഞു പോയ അഗ്നിപര്‍വതാവശിഷ്ടങ്ങളും പരന്നുകിടക്കുന്ന വഴി. കറുത്ത ആ നിലത്ത് കുട്ടികള്‍ ബഹളം കൂട്ടി ഓടി നടന്നു. ആഡംബരപൂര്‍ണമായ ഒരു സ്‌നാനഗൃഹത്തിലാണ് വഴി ചെന്നവസാനിച്ചത്. പഴയ കോട്ടകളില്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്ന നിര്‍മിതി ഇപ്പോള്‍ ഇതു മാത്രമേയുള്ളൂ.
പോകും വഴിയ്ക്ക് ഒരു വിശദീകരണകേന്ദ്രമുണ്ട്. കോട്ടയെക്കുറിച്ചുള്ള വിവരണവും വിജ്ഞാനവും സന്ദര്‍ശകര്‍ക്ക് നല്‍കുന്ന സ്ഥലം. അച്ഛനെ ആ സ്ഥലം വല്ലാതെ ആകര്‍ഷിച്ചു. ഗഹനമായ ചരിത്രവിജ്ഞാനമാണ് അവര്‍ പങ്കുവെക്കുന്നത്. മനുഷ്യകുലത്തിന്റെ ഈ മഹാപൈതൃകം 1898ല്‍ വീണ്ടെടുക്കപ്പെടുന്നതിനു മുമ്പുള്ള അജ്ഞാതകാലത്തെ കഥകള്‍. സ്‌നാനഗൃഹത്തില്‍ കണ്ടെത്തിയ കുറെ ചുമര്‍ ചിത്രങ്ങളുടെ വ്യാഖ്യാനത്തിലൂടെയാണ് അവരതു പുനര്‍നിര്‍മിക്കുന്നത്. മോറേവിയന്‍ പര്യവേക്ഷകനായ അലോ മ്യൂസില്‍ ആണ് ചിത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് ആ ഇരുണ്ട കാലഭൂമികയെ ആദ്യമായി ചുരുളഴിച്ചത്.
സ്‌നാനഗൃഹത്തിനു പുറത്തെ പ്രധാന കാഴ്ചകളിലൊന്ന് പ്രാചീന കാലത്തെ ജലവിതരണ സംവിധാനമാണ്. പഴയ ഒരു മരത്തുടി, അഗാധമായ ഒരു കിണര്‍, വലിയ ഒരു ചക്ക് എന്നിവ ചേര്‍ന്നതാണ് ഈ സംവിധാനം. കുട്ടികള്‍ -റിഷഭും ഗായത്രിയും അര്‍ജുനും ദേവികയുമെല്ലാം- അതിനു ചുറ്റും കൗതുകത്തോടെ ഓടിച്ചാടി നടന്നു. സ്‌നാനഗൃഹത്തിന്റെ വലുപ്പം കണ്ടാല്‍ നമുക്കു തോന്നുന്ന ആദ്യവികാരം മണ്ണടിഞ്ഞു പോയ ആ കോട്ട അപ്പോള്‍ എത്ര വലുതായിരിക്കും എന്നാണ്. ലോക പൈതൃക നിധിയും ഇറ്റാലിയന്‍ -ജോര്‍ദാനിയന്‍ പുരാവസ്തു വകുപ്പുകളും ചേര്‍ന്ന് നടപ്പാക്കിവരുന്ന സംരക്ഷണ പ്രവൃത്തികള്‍ക്കു നന്ദി. എല്ലാം വൃത്തിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. (അറിയാതെ ഞാന്‍ നാട്ടിലെ എടക്കല്‍ ഗുഹകളെക്കുറിച്ച് ഓര്‍ത്തു പോയി. പ്രൊഫഷനലായ ഒരു സംരക്ഷണ പദ്ധതി നടപ്പാക്കുന്നതില്‍ എത്ര വലിയ പരാജയമാണ് നാമെന്ന് ഇത്തരം ഓരോ സ്ഥലങ്ങളും നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു).
പുനര്‍നിര്‍മിക്കപ്പെട്ട ആ നീരാട്ടുമേടയുടെ അകത്തളത്തിലേക്കു കടന്നാല്‍ ഇവിടെ വാണിരുന്നത് സുഖലോലുപനായ ഒരു ഖലീഫയാണെന്ന് ആ നിമിഷം നമുക്കു ബോധ്യമാകും. യുവാവായ വാലിദ് ഖലീഫയുടെ കലാബോധവും അറിവും മാത്രമല്ല ജീവിതവീക്ഷണവും വെളിപ്പെടുത്തുന്നതാണ് അവിടത്തെ ഓരോ കാഴ്ചകളും. ഭരണത്തില്‍ വലിയ പരാജയമായിരുന്ന അദ്ദേഹം വേവലാതികളില്‍ നിന്ന് മോചനം ആഗ്രഹിച്ച് ഏകാന്തമായ മരുഭൂമിയില്‍ കോട്ട പണിതു താമസിക്കുകയായിരുന്നു. വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും വിലക്കുകളെ മറികടന്നുള്ള ആനന്ദ ജീവിതം നയിക്കാന്‍ വേണ്ടി കുടിയായിരുന്നു അദ്ദേഹത്തിന്റെ ഒളിച്ചോട്ടം. വലിയ സംഗീതജ്ഞനായിരുന്ന അദ്ദേഹം ചുറ്റുമുള്ള കവികളുടെയും അവസരവാദികളുടെയും തടവറയില്‍ സുഖലോലുപനായി ജീവിച്ചു. ഒടുവില്‍ സിറിയന്‍ കലാപകാരികളാല്‍ കൊല്ലപ്പെടുകയും ചെയ്തു.
ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച ഒരു കലാസ്തൂപമാണ് ഈ സ്‌നാനഗൃഹമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. എവിടെയും ചിത്രങ്ങള്‍. പ്രതിമകളും വിഗ്രഹങ്ങളും ഇസ്ലാമില്‍ നിഷിദ്ധമാണെങ്കിലും ഇവിടത്തെ സ്വീകരണ മുറി നിറയെ മനുഷ്യരൂപങ്ങളുള്ള പ്രാചീന ചുമര്‍ചിത്രങ്ങളാണ്. അതിലെന്നെ വല്ലാതെ ആകര്‍ഷിച്ച കാര്യം മതേതരമായ ഒരു കല അതില്‍ തുടിച്ചു നില്‍ക്കുന്നുണ്ട് എന്നതാണ്. സുഖലോലുപതയുടെ ഒരു കണ്‍സെപ്റ്റാണ് അതില്‍ നിറയുന്നത്. നമ്മുടെ ഇന്ദ്രിയങ്ങളെ അതെവിടെയോ സ്പര്‍ശിക്കുന്നുണ്ട്.
പ്രവേശന കവാടത്തിനു നേരെ എതിരെ, നടവഴിയുടെ അങ്ങേയറ്റത്ത്, കിരീടധാരിയായ ഒരു ഖലീഫയുടെ വലിയ ചുമര്‍ ചിത്രം കാണാം. ഉയരത്തില്‍ കയറി നിന്നുകൊണ്ട് അതു നമ്മെ ഉറ്റുനോക്കുന്നതു പോലെ തോന്നും. മറ്റൊരു ചുമര്‍ നിറയെ ഇസ്ലാമിന്റെ ശത്രുക്കളുടെ ഛായാചിത്രങ്ങളാണ്. വിസിഗോത്ത് റോഡറിക്ക്, സസ്സേനിയന്‍ നാടുവാഴി ക്രീസ, അബീസീനിയായിലെ നീജസ് ചക്രവര്‍ത്തി തുടങ്ങിയവര്‍. വേറെ രണ്ടു പേര്‍ കൂടിയുണ്ട്. മുഖഛായ കൊണ്ട് ചൈനയിലെയും തുര്‍ക്കിയിലെയും ഭരണാധികാരികളാണെന്നു തോന്നിപ്പിക്കുന്നവര്‍. മുഖമണ്ഡപത്തിലെ തൂണിലും മച്ചിലും വേറെയുമുണ്ട് ചിത്രങ്ങള്‍. വേട്ടയാടുന്നതിന്റെയും വീഞ്ഞു നുകരുന്നതിന്റെയും ഫലമൂലാദികള്‍ കഴിക്കുന്നതിന്റേയുമൊക്കെ ചിത്രീകരണങ്ങള്‍. ഒപ്പം നഗ്ന കന്യകമാരുടെ രൂപങ്ങളും!
ഇടത്തെ ചുമരില്‍ രസകരമായ ഒരു ചിത്രമുണ്ട്. പുരാതന പേര്‍സ്യയിലെ ഒരു തേര്. അത് നായ്ക്കളാണ് കെട്ടി വലിക്കുന്നത്. മൃഗവേട്ടയ്ക്കായി വിരിച്ച വലകള്‍ക്കരികിലൂടെ അവ കുതിച്ചു പായുകയാണ്. വലത്തെ ചുമരില്‍ ഗുസ്തിക്കാരും ഗോദയും നായാട്ടും നിറഞ്ഞു നില്‍ക്കുന്നു. മുക്കാലും നഗ്നയായ ഒരു സുന്ദരിയുടെ സ്‌നാനരംഗവുമുണ്ട്. തൂണിനു മുകളിലെ കമാനങ്ങളിലും കാണാം അര്‍ധനഗ്നകളായ സുന്ദരിമാരുടെ വിവിധ ഭാവത്തിലും പോസിലുമുള്ള ചിത്രങ്ങള്‍. മൊത്തത്തില്‍ മരുഭൂമിയില്‍ പെട്ടെന്ന് മൈക്കലാഞ്ചലോവിന്റെ കൈയൊപ്പു പതിഞ്ഞ ഒരു ചിത്രശാല ഉയര്‍ന്നു വന്ന അനുഭവം!
മുന്‍വശത്തെ വലിയ ഹാളിന്റെ ചുമരുകള്‍ അവസാനിക്കാത്ത ചിത്രമാലകള്‍ കൊണ്ട് സമൃദ്ധമാണ്. കായികശക്തിയുടെയും മൃഗതൃഷ്ണകളുടെയും വന്യമായ ചിത്രീകരണമാണ് പലതും. മനുഷ്യനെപ്പോലെ പലവിധ ലീലകളിലേര്‍പ്പെട്ടിരിക്കുന്ന മൃഗങ്ങളെ ഈ ചിത്രങ്ങളില്‍ കാണാം. പാട്ടു പാടുന്ന മൃഗങ്ങള്‍ പോലുമുണ്ട്. സ്‌നാനഗൃഹത്തോടു ചേര്‍ന്ന അലങ്കാരമുറിയുടെ ചുമരില്‍ കണ്ട കരടി ചുണ്ടില്‍ വെച്ചിരിക്കുന്നത് വലിയൊരോടക്കുഴലായിരുന്നു!
ഈ സ്‌നാനഗൃഹങ്ങളെക്കുറിച്ച് അറബ് ഭിഷഗ്വരന്മാര്‍ വിശദീകരിക്കുന്നത് ഇതിലൂടെ മനുഷ്യര്‍ ആത്മവിമലീകരണം നേടിയിരുന്നു എന്നാണ്. ശരീരത്തിന് മൂന്നു ഭാവങ്ങളുണ്ടത്രെ. മൃഗീയത, ആത്മീയത, സ്വാഭാവികത. എല്ലാം ഉണര്‍ത്തെപ്പടണം. അതിനാണ് സ്‌നാനഗൃഹഭിത്തികള്‍ മൃഗയാചിത്രങ്ങളും രതിവിനോദങ്ങളും പ്രകൃതിദൃശ്യങ്ങളും കൊണ്ടലങ്കരിക്കുന്നത്. രസകരമായ വ്യാഖ്യാനം തന്നെ!
കോട്ടയില്‍ ചുറ്റി നടക്കുന്നതിനിടെ നിഗൂഢമായ മറ്റൊരു ചിത്രവും കണ്ടു. പാതി മുഖം മൂടി നില്‍ക്കുന്ന ഒരു മാലാഖ! അതു താഴേക്കു സൂക്ഷിച്ചു നോക്കുന്നു. അതൊരു മരണ രംഗം കാണുകയാണെന്നാണ് ചിലരുടെ വ്യാഖ്യാനം. എന്നാല്‍ മറ്റു ചിലരുടെ വിശദീകരണം, ഇണകളായ രണ്ടു മനുഷ്യരൂപങ്ങള്‍ക്കു പിന്നിലാണ് മാലാഖ മറഞ്ഞുനില്‍ക്കുന്നത് എന്നാണ്. വേറൊരിടത്ത് മച്ചില്‍ മൂന്നു കറുത്ത മുഖങ്ങള്‍ കണ്ടു. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളെയാണത്രെ അത് പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് അതില്‍ നടുവിലുള്ള മുഖം ക്രിസ്തുവിന്റേതാണ് എന്നാണ്.
തൊട്ടടുത്തുള്ള ഹമാമിന് (സ്‌നാനഗൃഹം) മൂന്നു നിലയുള്ള മച്ചാണ്. അടിമുടി റോമന്‍ നിര്‍മിതി. അതിലുമുണ്ട് ചിത്രങ്ങളുടെ പ്രളയം. ആവിപ്പുരയുടെ മച്ചില്‍ കാണുന്ന ചിത്രങ്ങളിലൊന്ന് വളരെ കൗതുകമുണര്‍ത്തുന്നതായിരുന്നു. നക്ഷത്രഗോളങ്ങളും താരാമണ്ഡലവും ക്ഷീരപഥവുമൊക്കെയാണ് അതിലെ വിഷയം. തിരിച്ചറിയാവുന്ന 35 നക്ഷത്രസമൂഹങ്ങളെയെങ്കിലും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ, ഇതാവാം, രാത്രിനഭസ്സിന്റെ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഒരു നേര്‍ച്ചിത്രം. അതും പരന്ന പ്രതലത്തിലല്ല വരച്ചിരിക്കുന്നത്, കമാനാകൃതിയില്‍!
മനുഷ്യചരിത്രത്തിന്റെ മുറിഞ്ഞുവീണൊരു കഷ്ണം പോലെ അനാഥമായി മരുഭൂമിയില്‍ കിടക്കുന്ന ആ കോട്ടയെ അവിടെത്തന്നെ ഉപേക്ഷിച്ച് ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. അപ്പോഴേക്കും ആകാശം നിറയെ നക്ഷത്രങ്ങള്‍ മിന്നാന്‍ തുടങ്ങിയിരുന്നു. 85 കിലോ മീറ്റകലെയുള്ള അമ്മാനിലേക്ക് വാഹനം കുതിച്ചു പാഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞു കാണും, ഗൈഡ് റാബി പൊടുന്നനെ വണ്ടി നിര്‍ത്തിച്ചു. മരുഭൂമിയില്‍ മറ്റൊരു കോട്ട പൊടുന്നനെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! റോഡിനപ്പുറം രാവെളിച്ചത്തിലും കാണാം തലയുയര്‍ത്തി നില്‍ക്കുന്ന ആ കുംഭഗോപുരം. ഖ്വാസ്ര്‍ ഖറാന എന്ന മനോഹരമായ ആ കോട്ട രണ്ടു നിലകളിലായി 61 അന്തപ്പുരങ്ങളും നിരവധി കുംഭഗോപുരങ്ങളുമുള്ള പടുകൂറ്റന്‍ നിര്‍മിതിയാണ്. ബൈസാന്റീന്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടതാവണം. റോഡിനിപ്പുറം നിന്നു നോക്കാനല്ലാതെ പാത മുറിച്ചു കടന്ന് അതിനടുത്തേക്കു പോകാന്‍ അപ്പോള്‍ ആവുമായിരുന്നില്ല. പിന്നില്‍ നിന്നു രാജവീഥിയിലൂടെ ചീറി വരുന്ന വാഹനങ്ങള്‍ പ്രളയത്തിരകള്‍ പോലെ അമിതവേഗത്തിലാണ് വരുന്നത്. ആകാശത്തേക്കു പായിക്കുന്ന അവയുടെ പ്രകാശധാരയില്‍ മിന്നിമറയുന്ന കോട്ടയുടെ ഭീമാകാരമായ വിദൂരചിത്രം തന്നെ ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഇതിനകത്ത് ചരിത്രം എന്തൊക്കെ ചിത്രങ്ങളാണാവോ വരച്ചു സൂക്ഷിച്ചിട്ടുള്ളത്!
നേരം വൈകി. അമ്മാനിലെ അവസാനത്തെ രാത്രിയാണ്. മലമുകളിലെ ധവളനഗരം കാത്തിരിക്കുന്നു. മരുഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഓരോ ചിത്രഗോപുരങ്ങളെയും പിന്നിലുപേക്ഷിച്ച് ഞങ്ങള്‍ മുന്നോട്ടു നീങ്ങി... www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment