Tuesday, 19 August 2014

[www.keralites.net] കഞ്ഞി വെറും കഞ്ഞിയ ല്ല

 

കഞ്ഞി വെറും കഞ്ഞിയല്ല


 

 
പണ്ടു തൊട്ടേ ദരിദ്രനും ആലംബഹീനനും ചാര്‍ത്തിക്കൊടുത്തതായിരുന്നു ആ പദം. പാവത്താനും പേടിക്കൊടലന്‍മാര്‍ക്കും ആ പേര് പലപ്പോഴും പതിച്ചു കിട്ടി. മറ്റൊന്നുമല്ല 'കഞ്ഞി'.

അവന്‍ ആളൊരു കഞ്ഞി, 'കഞ്ഞി കുടിച്ചു പോയ്‌ക്കോട്ടേ മോനെ', 'കഞ്ഞിക്ക് വകയില്ലാത്തവന്‍'.... അങ്ങനെ എത്രയോ പദപ്രയോഗങ്ങള്‍. കഞ്ഞിയുടെ ദുര്‍ബലമായ ഖരദ്രാവക സന്തുലിത രൂപം കൊണ്ടാവാം അത്.

ഒരു പിടിയരിയും ഒരു പാത്രവും കുറച്ച് വെള്ളവും ഉണ്ടെങ്കില്‍ ആര്‍ക്കും അന്റാര്‍ട്ടിക്കയില്‍ പോലും ഉണ്ടാക്കാന്‍ കഴിയുന്ന ആ 'ജലപദാര്‍ത്ഥം' പഴയകാലങ്ങളില്‍ ദരിദ്രകോടികളുടെ വിശപ്പിന് സാക്ഷയിട്ടു. പനിക്കിടക്കയിലെ രോഗികള്‍ക്ക് പൊള്ളുന്ന ഔഷധം പോലെ കഞ്ഞി വെന്തു മലര്‍ന്നു കിടന്നു. പുതിയ 'ബിരിയാണി വേള്‍ഡി'ന്റെ ആസുരരുചി ലഹരികളില്‍ മറന്നും മറഞ്ഞും പോയ കഞ്ഞി ശക്തയായി തിരിച്ചുവരികയാണ്. നഗരങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ക്കൊപ്പം കഞ്ഞിക്കടകളും വളരുന്നു. സമ്പന്നന്റെ വീടുകളില്‍ പോലും ഒരു നേരം കഞ്ഞി എന്നത് ആരോഗ്യത്തിന്റെ പുത്തന്‍ ശീലമാകുന്നു. ഭക്ഷണത്തില്‍ ലാളിത്യം ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതിഭക്ഷണത്തോട് താത്പര്യപ്പെടുന്നവര്‍ക്കും മാത്രമല്ല. കുടവയറന്‍മാരായ ഭക്ഷണപ്രിയരും എല്ലാം ഒരു നേരം കഞ്ഞിയിലേക്ക് തിരിയുന്ന പ്രവണത കൂടി വരികയാണ്.

'കഞ്ഞിയെ കുറിച്ചോര്‍ക്കുമ്പോള്‍ എത്ര പെട്ടെന്നാണ് ഞാന്‍ പഴയ കാലത്തേക്ക് തിരിഞ്ഞോടുന്നത്. വല്ലാത്ത ഓര്‍മയാണത് '- പ്രമുഖ എഴുത്തുകാരനായ എം.മുകുന്ദന്‍ പറയുന്നു. 'ചെറുപ്പത്തില്‍ ഏറെനാള്‍ രോഗക്കിടക്കയിലായിരുന്നു ഞാന്‍. പുറത്ത് മഴ തകര്‍ത്ത പെയ്യുമ്പോള്‍ പൊള്ളുന്ന പനിക്കിടക്കയില്‍ ചുരുണ്ടു കിടക്കുകയാവും. അപ്പോള്‍ അമ്മ കഞ്ഞിയും ഓട്ടു ഗ്ലാസില്‍ ഉപ്പിലിട്ട അരമുറി നാരങ്ങയുമായി വരുന്നതും കിണ്ണം തട്ടുന്ന ശബ്ദവും എന്റെ മനസ്സിലുണ്ട്. അന്നു കടകളില്‍ ഉപ്പിലിട്ട നാരങ്ങ വാങ്ങാന്‍ കിട്ടും. പഴുത്ത പ്ലാവിലക്കോട്ടില്‍ ഊതി ഊതി കഞ്ഞി കോരിക്കുടിച്ചും നാരങ്ങയുടെ ഉപ്പും പുളിയും തൊട്ടു രുചിച്ചും... അപ്പോള്‍ തകര്‍ത്തു പെയ്യുന്ന മഴയിലും ഞാന്‍ വിയര്‍ക്കും. പനിയുടെ തീക്കാറ്റില്‍ ശരീരത്തില്‍ തണുത്ത സുഖമുള്ള വിയര്‍പ്പിന്റെ കുമിളകളുയരും..'

'ഞാന്‍ അന്നും ഇന്നും കഞ്ഞി പ്രിയനാണ്. ഏത് ആധുനികതയെ കുറിച്ച് എഴുതിയാലും കഞ്ഞി വിട്ടൊരു ഫാഷന്‍ എനിക്കില്ല'. അദ്ദേഹം ചിരിക്കുന്നു.

ഇന്നു അതിസമ്പന്നര്‍ പോലും കഞ്ഞിയിലേക്ക് തിരിയുന്നുണ്ട്. സുഖവും ആരോഗ്യവുമുള്ള ഭക്ഷണം എന്നത് കൊണ്ടു തന്നെ. അതിരസങ്ങളും അതിവര്‍ണങ്ങളും ഇടിച്ചുകയറ്റി ജലാംശമില്ലാത്ത വറ്റിവരണ്ട പുത്തന്‍ ഭക്ഷണങ്ങള്‍ പുതിയ തലമുറയുടെ കുടലില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്. നമ്മുടെ ആമാശയങ്ങള്‍ രാസവസ്തുക്കളുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റായി മാറി. പാശ്ചാത്യരുടെ കെന്റക്കി ചിക്കനും അറബികളുടെ ഷവര്‍മയും പൊറോട്ടയും നമ്മള്‍ കൈ മെയ് മറന്നു സ്വീകരിക്കുമ്പോള്‍ അവര്‍ പരമ്പരാഗത ഭക്ഷണത്തിലേക്ക് തിരിയുന്നു. നമ്മളും ആ സ്റ്റൈലിലേക്ക് മാറണം. കഞ്ഞി തിരിച്ചു കൊണ്ടു നമുക്ക് തുടങ്ങാം. കഞ്ഞിക്കൊപ്പം പയറും'- അദ്ദേഹം പറഞ്ഞു.

'കഞ്ഞിയോട് ഒരു വിരോധവുമില്ല. പക്ഷെ പണ്ടത്തെ ദാരിദ്ര്യത്തിന്റെ പ്രതീകമായി എന്റെ മനസ്സില്‍ കഞ്ഞിയില്ല.'- പ്രമുഖ ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. ഇപ്പോഴും എന്റെ മനസ്സില്‍ മറക്കാത്ത ഓര്‍മ ചെറുപ്പത്തില്‍ കഴിച്ച ഉഴുന്നു കഞ്ഞിയാണ്. ഉഴുന്നുപരിപ്പും ഉണക്കലരിയും ചേര്‍ത്തുള്ള കഞ്ഞി. അതില്‍ ഒരു സ്പൂണ്‍ വെണ്ണയും ചേര്‍ന്നു ആവിപറക്കുന്ന കഞ്ഞി. അവനെ കോരിക്കോരി തട്ടാന്‍ ബഹുരസം. സംഗതി പഷ്ണിക്കഞ്ഞിയല്ല കേട്ടോ'- ടി.പത്മനാഭന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരങ്ങളിലെ ഹോട്ടലുകളില്‍ എവിടെയും കഞ്ഞി കിട്ടില്ലായിരുന്നു ആസ്പത്രികളുടെ അരികിലുള്ള ഹോട്ടലുകാരോട് പറഞ്ഞാല്‍ ചോറില്‍ കുറച്ച് കഞ്ഞിവെള്ളം ഒഴിച്ച് 'കഞ്ഞിപ്പരുവ'മാക്കിത്തരും. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം പോലെ വെള്ളവും ചോറും അങ്ങനെ ലയിക്കാതെ കിടക്കും. രൂപത്തില്‍ മാത്രം ഒരു കഞ്ഞി. ഇന്നു ഹോട്ടലുകളില്‍ കഞ്ഞികിട്ടാന്‍ തുടങ്ങി. കഞ്ഞിക്ക് മാത്രമായി കടകള്‍. എവിടെയും തിരക്ക്. ക്യൂ നിന്നാലെ ഇത്തിരി കഞ്ഞി കുടിക്കാന്‍ പറ്റു. 25രൂപ മുതലാണ് വില.

കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് ജവഹര്‍ ലൈബ്രറിക്ക് മുന്നിലുള്ള ഉള്ളോട്ടുള്ള കഞ്ഞിക്കടയില്‍ നല്ല തിരക്കാണ്. മേശയില്‍ ഒരു പ്ലേറ്റു മുഴുവന്‍ വെളിച്ചെണ്ണയില്‍ വറുത്തു വെച്ച മുളക് കൊണ്ടാട്ടമാണ് ആകര്‍ഷണം. കുടുവന്‍ സ്റ്റീല്‍ പാത്രത്തിലാണ് കുത്തരിക്കഞ്ഞി. പിന്നെ ഒരു പുഴുക്ക്, നല്ല നാരങ്ങയോ മാങ്ങയോ ഉള്‍പ്പെട്ട അച്ചാര്‍, അല്ലെങ്കില്‍ തേങ്ങാച്ചമ്മന്തി, മാങ്ങാക്കാലമാണെങ്കില്‍ പച്ചമാങ്ങയുടെ കഷ്ണവും ചേരും. ഒരു വറവ്, ചിലപ്പോള്‍ കൂട്ടുകറി. ദിവസവും കറികളില്‍ മാറ്റം പ്രകടം. ചൂടുള്ള കഞ്ഞിയില്‍ ഒരു ഗ്ലാസ് മോര് ഒഴിച്ചു കഴിക്കുന്നതും ഇവിടത്തെ പ്രത്യേകത. ദിവസേന 60ലധികം പേര്‍ കഞ്ഞി കഴിക്കാനെത്തുന്നു- കടയുടമയായ ഒ.കെ.പ്രഭാകരന്‍ നമ്പ്യാര്‍ പറഞ്ഞു.

കണ്ണൂരില്‍ കഞ്ഞി കിട്ടുന്ന 25-ലധികം കേന്ദ്രങ്ങള്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കുടുതല്‍ കഞ്ഞിക്കടയുള്ളത് കാഞ്ഞങ്ങാട്ടാണ്. പടന്നക്കാട്ടും ചെമ്മട്ടംവയലിലും മാവുങ്കാലിലും രാജപുരത്തും അജാനൂരിലും തീരദേശ ഗ്രാമങ്ങളിലുമെല്ലാം ഒന്നോ അതിലധികമോ കഞ്ഞിക്കടകളുണ്ട്. തുടക്കത്തില്‍ സാധാരണക്കാരും തൊഴിലാളികളും മാത്രമാണ് കഞ്ഞി കുടിക്കാനെത്തിയതെങ്കില്‍ ഇപ്പോള്‍ ആള്‍ക്കാര്‍ കാറുമായി എത്തി കഞ്ഞി കുടിച്ചു പോകുന്നുണ്ടെന്ന് കടക്കാര്‍ പറയുന്നു. ഉണക്കച്ചെമ്മീന്‍ ചമ്മന്തി, മാങ്ങാച്ചമ്മന്തി, എളമ്പക്ക, കൂന്തല്‍ ഫ്രൈ, ഉണക്കസ്രാവ് വറുത്തത് എന്നിവയൊക്കെ പല കഞ്ഞിക്കടകളില്‍ സ്‌പെഷലായുണ്ട്. കണ്ണൂരില്‍ ചില സ്ഥലത്ത് ഉണക്ക് മുള്ളന്‍ വറുത്തത് സ്‌പെഷലാണ്. പിന്നെ മുട്ട ഓംലറ്റ്, ബീഫ് ഫ്രൈ. മത്തി, മത്തിമുട്ട... ഒക്കെ തരം പോലെ ഉണ്ടാവും.

കണ്ണൂര്‍ ടൗണിലെ കച്ചവടക്കാരനായ ബഷീര്‍ കഞ്ഞിയിലേക്ക് മാറാന്‍ കാരണം ആരോഗ്യ പ്രശ്‌നം തന്നെയാണ് പൊരിച്ചതും കൂട്ടിയുള്ള സ്ഥിരമായ ഉച്ചയൂണ് ആളെ നല്ല കുടവയറന്‍ തടിയനാക്കി മാറ്റി. ഉച്ചഭക്ഷണം കഞ്ഞിയിലേക്ക് മാറ്റാന്‍ പറഞ്ഞത് ഡോക്ടര്‍ തന്നെ. ഇപ്പോള്‍ നല്ല സുഖം. തടിയും കുറഞ്ഞു. ഇപ്പോള്‍ ഉച്ചക്ക് കഞ്ഞിയേ പറ്റൂ. കടകള്‍ മാറിമാറി പരീക്ഷിക്കും. അതിലാണ് പുതുമ - ബഷീര്‍ പറയുന്നു.

സമ്പന്നരുടെ മാത്രമല്ല മിക്ക വീടുകളും ഒരു നേരം കഞ്ഞിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കഞ്ഞി, കപ്പ, മീന്‍ തുടങ്ങിയ പാരമ്പര്യ ഭക്ഷണമാണ് പലര്‍ക്കും പ്രിയം. കഞ്ഞി ലളിതം മാത്രമല്ല ചെലവ് കുറവുമാണ്. ഉപ്പിലിട്ട മാങ്ങയോ നാരങ്ങയോ എന്തിനേറെ ഒരു ഉപ്പിലിട്ട നെല്ലിക്കയും കാന്താരിയും കൊണ്ടു കഞ്ഞി കുടിക്കാം. വറുത്ത മുളക് കൊണ്ടാട്ടം കടിച്ചും കഞ്ഞി കുടിക്കാം. വെറും ഉപ്പും ഇത്തിരി ചിരവിയ തേങ്ങയും ഉണ്ടെങ്കിലും കഞ്ഞി കുടുകുടെ കുടിക്കാം. ഇനി നെയ്യുണ്ടെങ്കില്‍ പഷ്ട്. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും നാരങ്ങയും ഒക്കെ ഇപ്പോള്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ തന്നെ ഇഷ്ടം പോലെ.

'എനിക്ക് കഞ്ഞി നിര്‍ബന്ധമല്ല.പക്ഷെ ഉഷ്ണകാലത്ത് എന്റെ രാത്രി ഭക്ഷണം പലപ്പോഴും കഞ്ഞി തന്നെയാണ്. വിഷമയമല്ലാത്ത നമ്മുടെ ഒരേ ഒരു ഭക്ഷണം കഞ്ഞിയാണ്.' - മുന്‍ എം.പി.യായ കെ.സുധാകരന്‍ പറയുന്നു. 'നമ്മുടെ ഭക്ഷണ ശീലം മാറ്റണം. കഞ്ഞിയിലേക്ക് തിരിച്ചു വരണം. കുട്ടികളെ അതിലേക്ക് പ്രോത്സാഹിപ്പിക്കണം' അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി മെല്ലെ മെല്ലെ 'ഉച്ചച്ചോറാ'യി മാറിക്കൊണ്ടിരിക്കുന്നു. വിതരണത്തിന്റെ സൗകര്യത്തിന് വേണ്ടിയാണെന്നാണ് അധ്യാപകര്‍ പറയുന്നത്. അതേ സമയം ചോറും കറിയും ചെലവേറിയതുമാണ്. കഞ്ഞിയും പയറും എന്നത് ഏറ്റവും ആരോഗ്യവും ഉത്തമവുമായ ഭക്ഷണം തന്നെയാണ്. അന്നജവും പ്രോട്ടീനും നിറഞ്ഞ ഭക്ഷണം. ഇതില്‍ കപ്പ കൂടി ചേരുമ്പോള്‍ കൂടുതല്‍ ആരോഗ്യപരമാവുന്നു.

ആയുര്‍വേദത്തില്‍ കഞ്ഞിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കാസര്‍കോട് ജില്ലാ ആയുര്‍വേദാസ്പത്രിയിലെ ഡോ. എം. വിനയകൃഷ്ണന്‍ പറയുന്നു. ലഘുഭക്ഷണ പദാര്‍ത്ഥമാണ് കഞ്ഞി. അന്നജം, വെള്ളം, പിന്നെ ഉപ്പ് എന്നിവ ശരീരത്തിന് വേണ്ടത്ര ലഭിക്കുന്നു.സംസ്‌കൃതത്തില്‍ പേയ എന്നാണ് കഞ്ഞിക്ക് പറയുക.വലിയ ജലനഷ്ടം ഉണ്ടാകുന്ന വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് കഞ്ഞിവെള്ളം. നിര്‍ജ്ജലീകരണത്തിന് ഉത്തമ പരിഹാരം.അന്നജം ഗ്ലൂക്കോസ് എന്നിവ ലഭിക്കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം ഉത്തമം - അദ്ദേഹം പറയുന്നു.

കര്‍ക്കിടകക്കഞ്ഞി ഇപ്പോള്‍ നിരവധി പേര്‍ ഉപയോഗിക്കുന്നു. ഔഷധക്കഞ്ഞിയാണ് അത്. അതിന്റെ ധാന്യക്കൂട്ട് കടകളില്‍ വാങ്ങാനും കിട്ടുന്നുണ്ട്. നവധാന്യം, ഉലുവ ചുക്ക്, തിപ്പലി എന്നിവ ചേര്‍ന്നാണ് കര്‍ക്കിടകക്കഞ്ഞി ഉപയോഗിക്കുന്നത്. ദശപുഷ്പങ്ങള്‍ ചേര്‍ത്ത കഷായക്കഞ്ഞിയും പ്രത്യേകതയുള്ളതാണ്. കാന്‍സര്‍രോഗികള്‍ക്ക് പോലും കഴിക്കാന്‍ ഉത്തമമാണ് കര്‍ക്കിടകക്കഞ്ഞി.

ഏതു കാലാവസ്ഥയിലും കഴിക്കാന്‍ ഉത്തമമാണ് കഞ്ഞി.ചൂടു കാലത്ത് ചുടു കഞ്ഞി ശരീരത്തെ നന്നായി വിയര്‍പ്പിക്കും ദാഹവും വിശപ്പും ഒരേ പോലെ ശമിക്കും. തണുപ്പു കാലത്തും ചൂടു കഞ്ഞി ശരീരത്തിന് ആശ്വാസമാണ്.

പാരമ്പര്യ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ഞിയെ ടൂറിസ്റ്റുവകുപ്പ് വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. കഞ്ഞി, കപ്പ, പയര്‍, മീന്‍ എന്നിവയൊക്കെ ഇതില്‍ പെടും.ഹോം സ്റ്റെ ആയി താമസിക്കാന്‍ എത്തുന്ന വിദേശികം വീടുകളില്‍ നിന്ന് കഞ്ഞിയും പയറും ഉണ്ടാക്കാന്‍ പഠിക്കുന്നു.ആയുര്‍വേദ ചികിത്സക്കായി എത്തുന്ന ചിലര്‍ സാധാരണ കഞ്ഞിയുടെയും ഔഷധക്കഞ്ഞിയുടെയും രുചി അറിയുന്നു. അവര്‍ സ്വന്തം നാട്ടിലേക്കും കഞ്ഞിമഹത്വം പകരുന്നു.

കഥകളിലും കവിതകളിലും നോവലിലും മെല്ലാം നമ്മുടെ കഞ്ഞി നല്ല ഓര്‍മകളായി കടന്നു വരുന്നുണ്ട്. കഷ്ടപ്പാടുകളുടെ മണ്‍കലങ്ങളില്‍ കഞ്ഞി തിളച്ചു മറഞ്ഞു. അതിലും എത്രയോ മുന്‍പ് കഞ്ഞിക്കും മറ്റൊരു രാജകിയ രൂപം ഉണ്ടായിരുന്നു. അതാണ് പാല്‍ക്കഞ്ഞി. വടക്കന്‍ പാട്ടുകളിലെ കഥകളില്‍ ഉണ്ണിയാര്‍ച്ച മാര്‍ വെള്ളിക്കിണ്ണത്തില്‍ പാല്‍ക്കഞ്ഞി കുടിക്കുന്ന കഥകള്‍ കേട്ടിട്ടുണ്ട്.

ഒ.എന്‍.വിയുടെ ഉപ്പ് എന്ന കവിത വായിക്കുമ്പോള്‍ കഞ്ഞി ലാവണ്യത്തിന്റെ ലവണമായി മനസ്സില്‍ മെല്ലെ തിളച്ചു വരും.

'പ്ലാവില കോട്ടിയ കുമ്പിളില്‍
തുമ്പ തന്‍ പൂവുപോലിത്തിരി ഉപ്പുതരിയെടുത്ത്
ആവി പാറുന്ന പൊടിയരിക്കഞ്ഞിയില്‍ തൂവി
പതുക്കെപ്പറയുന്നു മുത്തശ്ശി,
ഉപ്പു ചേര്‍ത്താലെ രുചിയുള്ളു
കഞ്ഞിയിലുപ്പ് തരി വീണലിഞ്ഞു പോം......'

കാലത്തിന് മുന്നില്‍ തോറ്റുപോകാത്ത ഭക്ഷണമാണ് കഞ്ഞി.കഞ്ഞിക്കലങ്ങളില്‍ ഓര്‍മകളുടെ കാലം കൂടി തിളച്ചു കൊണ്ടേയിരിക്കും. ഏതോ കഥയില്‍ അമ്മ കഞ്ഞിയില്‍ നിന്നും അന്നം ഊറ്റിയെടുത്ത് ഏട്ടന് കൊടുത്തു അനിയത്തിക്ക് കഞ്ഞിവെള്ളം മാത്രം കൊടുക്കുന്ന ചിത്രമുണ്ട്. ദാരിദ്ര്യത്തിന്റെ ദയനീയ ചിത്രം. ഏട്ടന്‍ വേഗം വളരാനാണത്രെ അമ്മ അങ്ങിനെ കഞ്ഞിയെ ഖരവും ദ്രാവകവുമായി വീതം വെക്കുന്നത്.ഇത് കഥയേക്കാള്‍ യാഥാര്‍ത്ഥ്യം തന്നെയായിരുന്നു പണ്ടു കാലങ്ങളില്‍. ചോറും കറിയും എന്നത് സ്വപ്നങ്ങളില്‍ മാത്രം പൂക്കുന്ന വെളുത്ത പൂക്കളായി കാത്തിരുന്ന തലമുറ എത്രയോ ഉണ്ടായിരുന്നിരിക്കാം

പുതിയ ഹൈടെക് ലോകം ഉച്ചത്തില്‍ പറയുന്നു, കഞ്ഞീ തിരിച്ചു വരൂ...

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Did You Know?
How to sort, search and print Groups Tables

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment