ഇതാ കൊച്ചിയില്‍ നിന്നൊരു സ്‌നേഹപാഠം
Posted on: 12 Aug 2014
വി.പി. ശ്രീലന്‍
തോപ്പുംപടി: ചരിത്രത്തില്‍ നന്മയുടെ പുതിയ പാഠം എഴുതിച്ചേര്‍ക്കുകയാണ് കൊച്ചി നഗരം. വൃക്കകളും കരളും തകരാറിലായതിനെ തുടര്‍ന്ന് ജീവനു വേണ്ടി പൊരുതുന്ന കുമ്പളങ്ങി ഗ്രാമത്തിലെ സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനിക്കു വേണ്ടി, ഈ നഗരം ഹൃദയം തുറന്നപ്പോള്‍ കാരുണ്യ പ്രവാഹമായി ഒഴുകിയെത്തിയത് അര കോടിയിലധികം രൂപ.
നഗരസംസ്‌കാരത്തിന് പരിചിതമല്ലാത്ത കാഴ്ച. കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ ആറാം ക്ലൂസ് വിദ്യാര്‍ത്ഥിനിയായ സ്‌നേഹയുടെ വൃക്കയും കരളും മാറ്റി വെയ്ക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. രോഗം ഹൃദയത്തേയും പിടികൂടുന്നു. ഡയാലിസിസ് ചെയ്തശേഷം, ക്ലൂസിലെത്തുന്ന സ്‌നേഹ കുട്ടുകാരുടെയും അധ്യാപകരുടെും വേദനയായി.
സ്‌നേഹയുടെ ചികിത്സാ ചെലവുകള്‍ക്ക് 50 ലക്ഷം രൂപയാണ് കണക്കാക്കിയത്. ഈ പണം ശേഖരിച്ച് സ്‌നേഹയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് സ്‌കൂള്‍ അധികൃതരാണ് ആദ്യം ഇറങ്ങിയത്.
അവരോടൊപ്പം ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേര്‍ന്നതോടെ അത് വലിയൊരു കൂട്ടായ്മയായി.
സ്‌േനഹയുടെ കഥയറിഞ്ഞ് കൊച്ചി കാരുണ്യത്തിന്റെ പുതിയൊരു വഴി തുറന്നിടുകയായിരുന്നു. നഗരം ഒറ്റ മനസ്സായതുപോലെ. രണ്ടാഴ്ചകൊണ്ട് 50 ലക്ഷത്തോളം രൂപ സ്‌നേഹയുടെ ചികിത്സാ നിധിയിലേക്ക് ഒഴുകിയെത്തി. ബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ ജീവിക്കുന്ന, പരസ്പരം അറിയുക പോലുമില്ലാത്ത, തിരക്ക് പിടിച്ചൊരു നഗരത്തിന്റെ കാരുണ്യമായിരുന്നു അത്.
കൊച്ചി നഗരം ഏറെ വിമര്‍ശിച്ചിട്ടുള്ള സ്വകാര്യ ബസ്സുടമകള്‍, ഈ കാരുണ്യ വഴിയില്‍ വിളക്കുമാടങ്ങളായി.
20ഓളം സ്വകാര്യ ബസ്സുകള്‍ സ്‌നേഹയ്ക്കു വേണ്ടി സര്‍വീസുകള്‍ നടത്തി. ടിക്കറ്റ് നല്‍കാതെ, യാത്രക്കാരില്‍ നിന്ന് ചെറിയ ബക്കറ്റുകളില്‍ ജീവനക്കാര്‍ പണം ശേഖരിച്ചു. ജീവനക്കാര്‍ വേതനം വാങ്ങിയില്ല. ബസ്സുടമകള്‍ സ്വന്തം കീശയില്‍ നിന്ന് ഡീസല്‍ ചെലവ് വഹിച്ചു. ബസ് യാത്രക്കാര്‍ കൈയയച്ച് സഹായിച്ചു.
ഓട്ടോറിക്ഷാതൊഴിലാളികള്‍ ഓട്ടോ ഓടി കിട്ടി വരുമാനം സ്‌നേഹയ്ക്കായി മാറ്റിവെച്ചു. ചുമട്ടുതൊഴിലാളികള്‍, ബാങ്ക് ജീവനക്കാര്‍, ഐ.ടി. പ്രൊഫഷണലുകള്‍, പോലീസുകാര്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍.... അങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സഹായങ്ങളുമായി സ്‌നേഹയെ തേടിയെത്തി.
50 ലക്ഷം കഴിഞ്ഞിട്ടും സഹായപ്രവാഹം തുടരുന്നു.... സ്‌നേഹയ്ക്ക് കരളും വൃക്കയും ദാനം ചെയ്യുവാന്‍ മനസ്സ് കാണിച്ച് ധാരാളം പേര്‍ എത്തി. ഇക്കൂട്ടത്തിലും ഐ.ടി. മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും നാട്ടിലെ അധ്യാപകരും സാധാരണ കൂലിവേലക്കാരുമൊക്കെയുണ്ടായി.
എട്ട് വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണ് 11 കാരിയായ സ്‌നേഹ. സ്‌കൂളിലെ അധ്യാപകരുടെ പ്രത്യേക സഹായത്തോടെയാണ് ക്ലൂസിലെത്തിയതും പഠിച്ചതും.
സ്‌നേഹയുടെ ചികിത്സയ്ക്കു വേണ്ടി കുമ്പളങ്ങി ഗ്രാമത്തിലെ ഓരോ കുടുംബവും സഹായം എത്തിച്ചിരുന്നു. കൊച്ചിയുടെ ചാരത്തുള്ള ഈ ഗ്രാമം ഒറ്റ ദിവസം കൊണ്ട് 13 ലക്ഷത്തോളം രൂപ ശേഖരിച്ചു.
ഒന്നിനു വേണ്ടിയും കാത്തുനില്‍ക്കാത്ത കൊച്ചി നഗരം ഇപ്പോള്‍ ഒരു കൊച്ചുകുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്; അതിലാണ് സ്‌നേഹയുടെ ജീവന്‍ തുടിക്കുന്നതും.
No comments:
Post a Comment