'പാട്ടുപാടി ഉറക്കാം ഞാന്‍....' ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ താരാട്ടുപാട്ട് കേട്ടുകേട്ട് ഉറങ്ങിയവരാണ് നമ്മള്‍. കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്ത അദ്ദേഹം ഓര്‍മ്മയായിട്ട് ആഗസ്റ്റ് രണ്ടിന് ഒരു വര്‍ഷം തികയുകയാണ്.
'ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല, എല്ലാം ഈശ്വരനിശ്ചയം പോലെ സംഭവിച്ചു '..... പല തലമുറകളെ പാട്ടുപഠിപ്പിച്ച ദക്ഷിണമൂര്‍ത്തിസ്വാമി തന്റെ സംഭാവനകളെ കുറിച്ച് പറഞ്ഞുതുടങ്ങുക ഇങ്ങനെയാണ്. അദ്ദേഹത്തിന് എല്ലാ ഈശ്വരകല്‍പ്പിതമായിരുന്നു.
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ കഴിയുന്നത് സരസ്വതീകടാക്ഷം കൊണ്ടാണ്. ആ ദൈവാനുഗ്രഹത്തിലായിരുന്നു അദ്ദേഹത്തിന് വിശ്വാസമത്രയും.
നെറ്റിയില്‍ നീട്ടിവരച്ച കുറിയും കഴുത്തില്‍ രുദ്രാക്ഷഹാരങ്ങളും മുട്ടോളമെത്തുന്ന ജുബ്ബയുമിട്ട് 90- വയസ്സു പിന്നിട്ടിട്ടും അമ്പലങ്ങളിലും സംഗീതസദസ്സുകളിലുമായി അദ്ദേഹം യാത്ര ചെയ്തു. ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിലെ ഗുരുസ്ഥാനീയനായിരുന്ന ദക്ഷിണാമൂര്‍ത്തി ഇമ്പമുള്ള ഒരുപിടി പാട്ടുകളിലൂടെ മലയാളികളില്‍ ഇന്നും മറക്കാനാവാത്ത സാന്നിധ്യമാണ്.
''ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലി ചുംബന ലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തുവന്നു''
സ്ത്രീ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്‌കരന്‍ രചിച്ച മനോഹരമായ ഈ കവിതക്ക് സ്വാമി നല്‍കിയ മധുരമായ ഈണം മതി അദ്ദേഹത്തിന്റെ സംഭാവനകളെ മുഴുവന്‍ അളന്നെടുക്കാന്‍. അഗസ്റ്റിന്‍ ജോസഫിനെയും മകന്‍ യേശുദാസിനെയും അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസിനെയും പാടിച്ചിട്ടുള്ള ദക്ഷിണാമൂര്‍ത്തി മലയാള സിനിമാസംഗീതത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന സംഗീതസംവിധായകന്‍ കൂടിയാണ്.
1950 മുതല്‍ സ്വാമിയുടെ സംഗീതം സിനിമയിലുണ്ട്. ''പാട്ടുപാടി ഉറക്കാം ഞാന്‍...''- സ്വാമിയുടെ വിരലുകളില്‍ നിന്നുതിര്‍ന്ന ഈ ഗാനം കേട്ടുകേട്ടു നാമുറങ്ങിയിട്ടുണ്ട്. എത്ര കേട്ടാലും മതിവരാതെ ഓരോ ഗാനവും ഇപ്പോഴും നമ്മള്‍ കേള്‍ക്കുന്നു.
മലയാള സിനിമക്ക് സ്വന്തമായി ഒരു ഗാനശാഖ ഇല്ലാത്ത കാലത്താണ് സ്വാമിയുടെ രംഗപ്രവേശം. തമിഴ്, ഹിന്ദി സിനിമകളിലെ പോപ്പുലര്‍ ഗാനങ്ങളുടെ ഈണങ്ങള്‍ക്ക് മലയാളത്തില്‍ മൊഴിമാറ്റം നടത്തുന്ന രീതിയായിരുന്നു അക്കാലത്ത്. 'നല്ല തങ്ക' എന്ന ചിത്രത്തിലാണ് സ്വാമി ആദ്യമായി സംഗീതം ചെയ്തത്. അഭയദേവായിരുന്നു പാട്ടുകള്‍ രചിച്ചത്.
അഭയദേവിന്റെ ഗാനങ്ങളില്‍ 'സ്‌നേഹസീമ'യിലെ 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍..' ,'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍...' എന്നീ താരാട്ടുപാട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ മറ്റൊന്ന് മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടാവില്ല.
വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന പാട്ടുകളില്‍ 'ചിത്രശിലാപാളികള്‍ .' (ബ്രഹ്മചാരി), 'കാക്കത്തമ്പുരാട്ടി കറുത്തമണവാട്ടി..' (ഇണപ്രാവുകള്‍), 'സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍..' (കാവ്യമേള), 'ജനിച്ചുപോയി മനുഷ്യനായ് ഞാന്‍..' (കുറ്റവാളി), 'ഉത്തരമധുരാപുരിയില്‍..' (ഇന്റര്‍വ്യൂ), തുടങ്ങിയവ ഏറെ ശ്രദ്ധേയങ്ങളാണ്.
പി.ഭാസ്‌കരന്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ഗാനങ്ങളില്‍ 'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ .' (സ്ത്രീ), 'കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും...' (വിലയ്ക്കു വാങ്ങിയ വീണ), 'ഹര്‍ഷബാഷ്പം തൂകി...', 'പ്രേമകൗമുദി വാനിലുയര്‍ന്നു.. '(മുത്തശ്ശി), 'പുലയനാര്‍ മണിയമ്മ..' (പ്രസാദം), 'നിന്റെ മിഴിയില്‍ നീലോല്‍പ്പലം..', 'മുല്ലപ്പൂമ്പല്ലിലോ മുക്കുറ്റി കവിളിലോ...', 'കനകസിംഹാസനത്തില്‍ കയറിയിരിപ്പതു...' (അരക്കള്ളന്‍ മുക്കാല്‍കള്ളന്‍), 'വൃശ്ചികപ്പൂനിലാവേ...' (തച്ചോളി മരുമകന്‍ ചന്തു) 'കാവ്യപുസ്തകമല്ലോ ജീവിതം...' (അശ്വതി), 'കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ...' (ഭര്‍ത്താവ്) തുടങ്ങിയവ ഏറെ ജനപ്രിയങ്ങളായി.
പക്ഷെ ശ്രീകുമാരന്‍ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വയലാര്‍-ദേവരാജന്‍, പി.ഭാസകരന്‍- ബാബുരാജ്, പി.ഭാസ്‌കരന്‍- കെ.രാഘവന്‍ എന്നതുപോലെ ശ്രീകുമാരന്‍തമ്പി-ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ട് വര്‍ഷങ്ങളോളം മലയാള സിനിമയില്‍ ഗാനമാല തന്നെ തീര്‍ത്തു.
'ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ.' (പാടുന്ന പുഴ), 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..', 'മരുഭൂമിയില്‍ മലര്‍ വിരിയുകയോ..', 'വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു...' , 'ആകാശം ഭൂമിയെ വിളിക്കുന്നു...' (ഭാര്യമാര്‍ സൂക്ഷിക്കുക), 'മനോഹരി നിന്‍ മനോരഥത്തില്‍...'(ലോട്ടറി ടിക്കറ്റ്), 'സന്ധ്യക്കെന്തിനു സിന്ദൂരം..', 'വലംപിരിശംഖില്‍ തീര്‍ഥവുമായി...', 'ചെന്തെങ്ങു കുലച്ച പോലേ...' (മായ), 'പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു..' (നൃത്തശാല), 'മനസ്സിലുണരൂ ഉഷസ്സന്ധ്യയായ...്', 'ഗോവര്‍ധനഗിരി കൈയിലുയര്‍ത്തിയ...'(മറുനാട്ടില്‍ ഒരു മലയാളി), 'സുഖമെവിടെ ദു:ഖമെവിടെ. ..', 'അവള്‍ ചിരിച്ചാല്‍' (വിലയ്ക്കുവാങ്ങിയ വീണ), 'ഗോപീചന്ദനക്കുറിയണിഞ്ഞു... '(ഫുട്‌ബോള്‍ ചാമ്പ്യന്‍), 'ചന്ദനത്തില്‍ കടഞ്ഞടുത്തൊരു..', 'താരകരൂപിണി നീയെന്നുമെന്നുടെ...' (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു), 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍... '(ഉദയം), 'സ്വാതിതിരുനാളിന്‍ കാമിനി...' (സപ്തസ്വരങ്ങള്‍), 'ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍..' (ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്), 'പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും പ്രണയ രാജശില്‍പ്പി... '(അമ്പലവിളക്ക്), തുടങ്ങിയവ ശ്രീകുമാരന്‍തമ്പിയുമൊത്തുള്ള കൂട്ടുകെട്ടില്‍ പിറന്നതാണ്. സംഗീതപ്രാധാന്യത്തോടെ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയത 'ഗാനം' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയതും ദക്ഷിണാമൂര്‍ത്തിയാണ്.
തിക്കുറിശ്ശി സുകുമാരന്‍ നായരുടെ രചനയായ 'കാര്‍കൂന്തല്‍ കെട്ടിനെന്തിനു വാസനത്തൈലം..' (ഉര്‍വശിഭാരതി), 'കസ്തൂരിപ്പൊട്ടു മാഞ്ഞു...' (പൂജാപുഷ്പം) എന്നിവയും ബിച്ചു തിരുമലയുടെ വരികളില്‍ 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു' എന്ന ചിത്രത്തിലെ 'നനഞ്ഞ നേരിയ പട്ടുറുമാല്‍ സുവര്‍ണ നൂലിലെ അക്ഷരങ്ങള്‍..', 'തംബുരു താനേ ശ്രുതി മീട്ടി..' എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
1987 ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തിനു സംഗീതം ചെയ്ത ശേഷം രണ്ടു പതിറ്റാണ്ട് സിനിമയില്‍ നിന്നും വിട്ടുനിന്നു. സിനിമയ്ക്ക് സംഗീതം ചെയ്തില്ലെങ്കിലും കച്ചേരികളും മറ്റുമൊക്കയായി അദ്ദേഹം ഇവിടെത്തന്നെ ഉണ്ടായിരുന്നു. 'മിഴികള്‍ സാക്ഷി' എന്ന ചിത്രത്തിലൂടെ 2007 ലാണ് സിനിമക്കു വേണ്ടി വീണ്ടും സംഗീതമൊരുക്കിയത്. സിനിമയില്‍ നിന്നു വിട്ടുനിന്നതും പിന്നീട് തിരിച്ചുവന്നതും ദൈവനിശ്ചയമായിത്തന്നെയാണ് അദ്ദേഹം കണ്ടത്.
സംഗീതമൊരുക്കുന്നതില്‍ ദക്ഷിണൂര്‍ത്തിക്ക് ചില നിഷ്ഠകളൊക്കെയുണ്ടായിരുന്നു. പാട്ടെഴുതി കിട്ടിയ ശേഷമേ ട്യൂണ്‍ ചെയ്തിട്ടുള്ളൂ. വരികള്‍ വായിച്ച് അതിലെ സാഹിത്യം ആദ്യ ഉള്‍ക്കൊള്ളണം. ആ സാഹിത്യത്തിനാണ് സംഗീതം നല്‍കാറെന്നും ട്യൂണ്‍ ചെയ്ത ശേഷം പാട്ട് എഴുതുന്നരീതി എനിക്ക് വഴങ്ങില്ലെന്നും തന്നെ സമീപിക്കുന്നവരോട് തറപ്പിച്ചുപറഞ്ഞു. എന്നാല്‍ തന്റെ രീതി മാത്രമാണ് ശരിയെന്ന ശാഠ്യമൊന്നും അദ്ദേഹത്തിനുണ്ടായില്ല. ''എനിക്ക് ഇതേ കഴിയൂ. മറിച്ചുള്ള രീതി അറിയാവുന്നവര്‍ അങ്ങിനെ ചെയ്യട്ടെ''-അദ്ദേഹം പറയുമായിരുന്നു.
ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ദക്ഷിണാമൂര്‍ത്തി കണിശത കാണിച്ചു. കുറച്ചുമാത്രം ഉപകരണങ്ങളേ അദ്ദേഹം ഉപയോഗിച്ചുള്ളൂ. ശബ്ദബഹളമല്ല സംഗീതമെന്ന് തെളിയിച്ച അദ്ദേഹം നല്ല മെലഡികള്‍ തീര്‍ത്തു. 350 ലേറെ ചിത്രങ്ങള്‍ക്കായി രണ്ടായിരത്തിലേറെ പാട്ടുകള്‍. ഹൃദയസരസ്സിലെ ഒരിക്കലും വാടാത്ത സംഗീതപുഷ്പങ്ങളായി ആ പാട്ടുകള്‍ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡിനു പുറമെ മലയാളസിനിമക്കു നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന ജെ.സി ഡാനിയല്‍ പുരസ്‌കാരവുമൊക്കെ സ്വാമിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതും തന്റെ നേട്ടമല്ല ഈശ്വരകല്‍പ്പിതം തന്നെ എന്നും അദ്ദേഹം കരുതി.
പഴയതൊക്കെ മനോഹരം പുതിയതെല്ലാം മോശം എന്ന കാഴ്ചപ്പാടൊന്നും സ്വാമിക്കുണ്ടായിരുന്നില്ല. താളവും രാഗവുമില്ലാതെ പാട്ടുണ്ടാവില്ല. പുതിയതും പഴയതുമൊക്കെ സംഗീതം തന്നെ. വ്യക്തികള്‍ക്കു മാറ്റമുണ്ടാവാം. പക്ഷെ സംഗീതം എന്നും സംഗീതം തന്നെയാണൈന്ന് അദ്ദേഹം വിശ്വസിച്ചു.
ടി വി ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളെ പുച്ഛത്തോടെ കാണാനും സ്വാമി കൂട്ടാക്കിയില്ല. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ. മോശമെന്നു കരുതി ചിന്തിക്കുമ്പോഴാണ് മോശമായ നിഗമനങ്ങളിലെത്തുക, നല്ല മനസ്സോടെ ഇതിനൊയൊക്കെ കാണാന്‍ ശ്രമിച്ചുകൂടെയെന്നാണ് അദ്ദേഹം ചോദിച്ചത്.
സ്റ്റേജില്‍ പാട്ടിനൊപ്പം ഗായകരുടെ പ്രകടനത്തിനും പ്രാധാന്യം വരുന്ന പുതിയ കാലത്തെ കുറിച്ചും സ്വാമി ആശങ്കപ്പെട്ടിില്ല. ''ഒരിടത്ത് തൂണുപോലെ ഉറച്ചുനിന്ന് പാടിയാലേ സംഗീതം വരൂ എന്നില്ല. ഗായകനും ഗായികയും നില്‍ക്കുന്നിടത്തു നിന്ന് ഒന്നു ചലിച്ചാല്‍ പാട്ട് മോശമായി പോവുകയുമില്ലെ''ന്നും അദ്ദേഹം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.
എല്ലാ തലമുറകളെയും ഉള്‍ക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഉദാരമായ മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനെല്ലാം മറ്റാരെക്കാളും ആ ശബ്ദത്തിന് സംഗീതലോകം വലിയ വില കല്‍പ്പിച്ചു. ആരോടും പരാതിയില്ലാതെ എല്ലാം ഈശ്വരനിശ്ചയമെനന്നും നിനച്ച് ഒരായുസ്സുമുഴുവന്‍ സംഗീതത്തിനു സമര്‍പ്പിച്ചാണ് സ്വാമി യാത്രയായത്.
No comments:
Post a Comment