മലയാള സിനിമയില്‍ ആരവങ്ങളുയര്‍ത്തിയ ഭരതന്‍ വിടപറഞ്ഞിട്ട് ജൂലായ് 30-ന് 16 വര്‍ഷം... ഭരതന്‍സ്പര്‍ശത്തില്‍ അവിസ്മരണീയരായ സ്ത്രീ കഥാപാത്രങ്ങളെപ്പറ്റി ഒരു അവലോകനം.
സമാന്തര സിനിമകള്‍ക്കും കച്ചവടസിനിമകള്‍ക്കും ഇടയില്‍ മറ്റൊരു ചലച്ചിത്രഭാഷ്യമൊരുക്കിയ പ്രതിഭ, കാല്പനികതകള്‍ക്കു പിറകേ പായാതെ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ച് അവയെ തന്മയത്വത്തോടെ വെളളിത്തിരയില്‍ വരച്ചിട്ട സംവിധായകന്‍, സിനിമയിലെ അതിഭാവുകത്വങ്ങളെ അതിജീവിച്ച കലാകാരന്‍ - ഇതെല്ലാമായിരുന്നു ഭരതന്‍.
താരമൂല്യത്തേക്കാള്‍ കഥാഗതിക്കു യോജിച്ച അഭിനേതാക്കളെ അഭിനയിപ്പിക്കാന്‍ ധൈര്യം കാണിച്ച അപൂര്‍വ്വം സംവിധായകരിലൊരാളാണ് ഭരതന്‍. നായകനു ചുറ്റും ഒരു ഉപഗ്രഹം പോലെ അവനു പാടാനും ആടാനും കളിയാക്കാനും മാത്രം സൃഷ്ടിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വം സൃഷ്ടിച്ചു നല്‍കിയതും അവരെ സ്വതന്ത്രരാക്കിയതും ഭരതനായിരുന്നു.
നായികക്കു മാത്രമല്ല ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തത നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വ്യക്തിപ്രഭാവത്താല്‍ അതിമാനുഷികരായ സ്ത്രീ കഥാപാത്രങ്ങളെയല്ല ഭരതന്‍ സൃഷ്ടിച്ചത്. മറിച്ച് എല്ലാ പോരായ്മകളേയും തുറന്നു കാണിച്ചുകൊണ്ടു തന്നെ അവരെ ശക്തരാക്കി. കെ.പി.എ.സി ലളിതയ്ക്കു ഭരതന്‍ സിനിമകളില്‍ ലഭിച്ച കഥാപാത്രങ്ങള്‍ അതിനുളള ശക്തമായ തെളിവുകളാണ്. വെങ്കലത്തിലെയും അമരത്തിലെയും കഥാപാത്രങ്ങള്‍ അവരുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് എടുത്തു പറയാവുന്ന കഥാപാത്രങ്ങളാണ്.
വെങ്കലത്തില്‍ കെ.പി.എ.സി.ലളിത അവതരിപ്പിച്ച കുഞ്ഞിപ്പെണ്ണും വൈശാലിയില്‍ ഗീത അവതരിപ്പിച്ച മാലിനിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര ചിന്തകള്‍ക്കെതിരെ ചോദ്യചിഹ്നമുയര്‍ത്തുന്ന കഥാപാത്രങ്ങളാണ്. തന്റെ രണ്ടാണ്‍മക്കളും ഒരുവളെ തന്നെ വേളി കഴിക്കണമെന്നാഗ്രഹിക്കുന്ന കുഞ്ഞിപ്പെണ്ണും, സ്വന്തം മകളെ ഋഷിശൃംഗനടുത്തേക്ക് ഒരുക്കി വിടുന്ന മാലിനിയും ആത്യന്തികമായി നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും അവരുടെ പ്രവര്‍ത്തികളെ കുറച്ച് വൈമനസ്യത്തോടെയാണ് നമുക്ക് ഉള്‍ക്കൊളളാനാവുക.
നിറങ്ങളുടെ ധാരാളിത്തവും നയനമനോഹരമായ വിഷ്വലുകളും ഭരതന്‍ ചിത്രങ്ങളുടെ പ്രത്യേകതകളായിരുന്നു. വിടര്‍ന്ന കണ്ണുകളും നീണ്ടമുടിയും വലിയപൊട്ടും ഭരതന്‍ നായികമാരെ കൂടുതന്‍ സൗന്ദര്യവതികളാക്കി.രതിനിര്‍വേദത്തില്‍ നാം കണ്ട ജയഭാരതിയും വെങ്കലത്തില്‍ കണ്ട ഉര്‍വശിയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ കണ്ട പച്ചമഞ്ഞളിന്റെ മുഖകാന്തിയുളള പാര്‍വ്വതിയും മറ്റേതെങ്കിലും ചിത്രങ്ങളില്‍ ഇത്രയും സുന്ദരികളായിരുന്നോ എന്നകാര്യം സംശയമാണ്. ഭരതനിലുളള ചിത്രകാരന്റെ മനസ്സാകാം ഒരുപക്ഷേ നായികമാര്‍ക്ക് ഇത്ര അഴകും ആഴവും നല്‍കിയത്.
സ്ത്രീകളുടെ വികാര-വിചാരങ്ങള്‍ക്കും ഭരതന്‍ ബഹുമാനം കല്‍പ്പിച്ചിരുന്നു.ഭരതന്‍ സിനിമകളിലെ സ്ത്രീകള്‍ പൂര്‍ണ്ണരായിരുന്നു. മാതൃത്വത്തിന്റെ പൂര്‍ണരൂപമെടുത്ത അമ്മയായോ, പ്രണയത്തിന്റെ പാരമ്യതയില്‍ എത്തിചേര്‍ന്ന കാമുകിയായോ, സഹോദരിയായോ, മകളായോ അവര്‍ ആ സിനിമകളില്‍ ജീവിച്ചു.
പ്രണയത്തിന്റെ വിവിധഭാവങ്ങളാണ് ഭരതന്‍ സിനിമകളില്‍ പലപ്പോഴും പ്രമേയമായിരുന്നത്. പ്രണയത്തിനപ്പുറം ആണ്‍പെണ്‍ ബന്ധങ്ങളിലെ തീക്ഷണതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ചിത്രീകരിക്കാനും ഭരതന് സാധിച്ചു.
രതിനിര്‍വേദം യൗവനത്തിലേക്കു കാലെടുത്തു വെക്കുന്ന കൗമാരക്കാരന്റെ മനസ്സിലെ വിഹ്വലതകളും പതറിപ്പോയ നായികയേയും പരിചയപ്പെടുത്തുമ്പോള്‍ ചാമരത്തില്‍ കൗമാരക്കാരനായ ഒരു വിദ്യാര്‍ത്ഥിയേയും അവന്‍ സ്‌നേഹിക്കുന്ന അവന്റെ ടീച്ചറേയും നാം കാണുന്നു. എന്നാല്‍ കാറ്റത്തെ കിളിക്കൂടില്‍ എത്തുമ്പോള്‍ തന്റെ ശിഷ്യനോട് പ്രണയം തോന്നുന്ന നായികയോയാണ് നാം ദര്‍ശിക്കുന്നത്. കാതോടുകാതോരം പ്രണയത്തിന്റെ മറ്റൊരു പരിചിതമല്ലാത്ത പക്വതയുടെ അന്തരീക്ഷം നമുക്കു കാട്ടിത്തരുന്നു.
അമരത്തില്‍ അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ തീക്ഷ്ണതക്കു പ്രാമുഖ്യം നല്‍കുമ്പോഴും പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍ ആ ബന്ധത്തിനുണ്ടാകുന്ന വിളളലും പ്രായഭേദങ്ങളെ മറന്ന് നായക കഥാപാത്രമായ അച്ചൂട്ടിയെ പ്രണയിക്കുന്ന ചന്ദ്രികയേയും നാം കാണുന്നു.ശാരീരികവൈകല്യങ്ങള്‍ക്കുമപ്പുറത്ത് മാനുഷികവികാരങ്ങള്‍ക്ക്് മുന്‍ഗണന നല്‍കുന്ന കേളിയിലെ ശ്രീദേവി ടീച്ചറും വലിയൊരു ദൗത്യവുമായി ഋഷിശൃംഗന്റെ സമീപമെത്തുന്ന വൈശാലിയും മാനസിക വിധ്രാന്തിയുളള രാജുവിനെ സ്‌നേഹിക്കുന്ന നിദ്രയിലെ അശ്വതിയും പ്രണയത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങളാണ്.
സ്വന്തം വികാരങ്ങളെ മറ്റുളളവര്‍ക്ക് മുന്നില്‍ അടിയറവു പറയാത്ത സ്ത്രീത്വത്തിന്റെ പ്രതീകങ്ങളാണ് ഭരതന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍.മറ്റുളളവരെ ശാസിച്ചോ സ്‌നേഹിച്ചോ മുന്നോട്ട് നടത്താന്‍ കെല്‍പുളളവര്‍.പാഥേയത്തിലേയും ദേവരാഗത്തിലേയും ചമയത്തിലേയും സ്ത്രീകഥാപാത്രങ്ങള്‍ക്കുളള മാനസികധൈര്യം പലപ്പോഴും ആ ചിത്രങ്ങളിലെ നായകന്മാര്‍ക്ക് കാണാത്തത് അതുകൊണ്ടായിരിക്കാം.ഒരുവേള സ്ത്രീ കഥാപാത്രങ്ങളുടെ കൈയിലേക്ക് കഥയുടെ രസച്ചരട് ഏല്‍പ്പിക്കാനും ഭരതനെന്ന സംവിധായകന്‍ മടിക്കുന്നില്ല.
വീണ്ടും വീണ്ടും കേള്‍ക്കാനും മൂളാനും കൊതിക്കുന്ന ഗാനങ്ങളിലൂടെ ഭരതന്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോള്‍, കഥയുടെ ഗതിക്ക് സ്വാഭാവികത നല്‍കുമ്പോള്‍ ഭരതന്‍സ്പര്‍ശത്തിന്റെ മറ്റൊരു തലം കൂടി കാണികള്‍ക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു.എണ്‍പതുകളെ മലയാളസിനിമയുടെ കാല്‍പനിക കാലഘട്ടമാക്കിയതില്‍ ഭരതന്‍സിനിമകള്‍ക്കുളള പങ്ക് ചെറുതല്ല.യാഥാസ്ഥിതികരായ കേരളീയ പ്രേകഷകര്‍ കണ്ടു പരിചയിച്ച ആഖ്യാനശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ആയിരിന്നിട്ടുകൂടി ഭരതന്‍ സിനിമകള്‍ ഇന്നും ചലച്ചിത്രപ്രേമികള്‍ക്കുളള പാഠപുസ്തകമായി നിലകൊളളുന്നത് അതുകൊണ്ടെല്ലാമായിരിക്കാം.
No comments:
Post a Comment