Wednesday, 14 May 2014

[www.keralites.net] തെരുവില്‍നിന്ന് ഈ കുടുംബം പറയുന് നു;

 


കോഴിക്കോട്:
ജീവിതം ചിലപ്പോള്‍ മനുഷ്യന്‍ അതേക്കുറിച്ച് ഉണ്ടാക്കിയ എല്ലാ വ്യാഖ്യാനങ്ങളും വ്യാകരണങ്ങളും മറികടന്ന് മുന്നോട്ടുപോകും.

അല്ലെങ്കില്‍, പാതിവെന്ത് വികൃതമായ ശരീരവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന സുനി എന്ന പെണ്‍കുട്ടിയെ അനാഥനായി തെരുവിലലയുന്ന ബാലകൃഷ്ണന്‍ തെരുവില്‍ത്തന്നെ കണ്ടുമുട്ടില്ലായിരുന്നു, അവര്‍ വിവാഹിതരാവില്ലായിരുന്നു, അവര്‍ ഒരുനാള്‍ മതം മാറി സുബൈറും സുഹ്‌റയുമാവേണ്ടിവരികയും ചെയ്യില്ലായിരുന്നു, മക്കളില്‍ രണ്ടുപേരെ രണ്ട് അനാഥമന്ദിരത്തിലാക്കി ഒരു കുഞ്ഞിനേയും കൂട്ടി ഒരേ നഗരത്തില്‍ രണ്ട് തെരുവുകളില്‍ ജീവിതം നയിക്കേണ്ടിവരില്ലായിരുന്നു....

ഇപ്പോള്‍ സുബൈറായ ബാലകൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്. 12-ാം വയസ്സില്‍ അനാഥനായി അലഞ്ഞ് കോഴിക്കോട് നഗരത്തിലെത്തി. ജീവിക്കാനായി ഹോട്ടലുകളില്‍ പാത്രം കഴുകുന്നതുമുതല്‍ അറിയുന്നതും അറിയാത്തതുമായ പല ജോലികളും ചെയ്തു. പിന്നീട് ചെരിപ്പ് തുന്നാന്‍ പഠിച്ചു. കോഴിക്കോട് അപ്‌സര തിയേറ്ററിനടുത്ത് തെരുവിലിരുന്ന് ചെരുപ്പ് തുന്നാന്‍ തുടങ്ങി.

അപ്പോഴാണ്, പാതി പൊള്ളി വെന്ത മുഖവും ശരീരവുമായി ഒരു സ്ത്രീ അതേ തെരുവില്‍ക്കഴിയുന്നത് അയാള്‍ കണ്ടത്. അവര്‍ തമ്മില്‍ പരിചയിച്ചു. സുനി എന്നായിരുന്നു അവളുടെ പേര്. മലപ്പുറം ജില്ലക്കാരി. അച്ഛനമ്മമാരുടെ ഒന്‍പത് മക്കളില്‍ ഒരാള്‍. അന്യവീടുകളില്‍ അടുക്കളപ്പണി ചെയ്താണ് പഠിച്ചിരുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വീട്ടുജോലിക്കിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അവരുടെ മുഖമടക്കം ശരീരത്തിന്റെ പാതിയിലധികവും പൊള്ളുന്നത്.

കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ മാസങ്ങളോളം കിടന്നു. പുറത്തിറങ്ങിയത് വികൃതമായ മുഖവും ശരീരവുമായി. അവള്‍ പിന്നെ ഒന്നോ രണ്ടോ തവണയേ വീട്ടിലേക്കുപോയുള്ളൂ. കാഴ്ചയില്‍ത്തന്നെ എല്ലാവരും കണ്‍തിരിച്ചുതുടങ്ങി. അവള്‍ കോഴിക്കോട് നഗരത്തിലെത്തി. ഭിക്ഷാടനം തുടങ്ങി. ഈ സമയത്ത് തന്നെയാണ് ബാലകൃഷ്ണനുമായി പരിചയത്തിലാകുന്നതും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതും.
ഇതിനിടെ അവള്‍ പ്രസവിച്ചു - ആണ്‍കുട്ടി. നഗരത്തില്‍നിന്ന് മാറി ഒരിടത്ത് മുറിയെടുത്ത് താമസം തുടങ്ങി. ജീവിതം തുടര്‍ന്നു. വാടക കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒരു ഘട്ടത്തില്‍ വീടൊഴിഞ്ഞുകൊടുക്കേണ്ടിവന്നു .വീണ്ടും തെരുവില്‍. അപ്പോള്‍ ഒരു കുഞ്ഞുകൂടി പിറന്നു-പെണ്‍കുട്ടി.
മുഖം പൊള്ളിയതുകാരണം സാരി തലയിലൂടെയിട്ടാണ് ഭിക്ഷ യാചിക്കുക. അപ്പോള്‍ പലരും വിചാരിച്ചു അവള്‍ മുസ്ലീമാണ് എന്ന്. ഇത് മനസ്സിലായപ്പോള്‍ സുനി പള്ളികള്‍ക്ക് മുന്നില്‍ ചെന്നുനില്‍ക്കാന്‍ തുടങ്ങി. ആളുകള്‍ സഹായിക്കും. ചിലര്‍ ഖുര്‍-ആനിലെ സൂക്തങ്ങളെക്കുറിച്ച് ചോദിക്കും. ഇത് സുനിയെ വിഷമത്തിലാക്കി.

ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ടും നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതും സുനിയും ബാലകൃഷ്ണനും മതം മാറാന്‍ തീരുമാനിച്ചു. സുഹ്‌റയും സുബൈറുമായി. മക്കളേയും മതം മാറ്റി- മൂത്തമകന്‍ ഷാഹിദ്, മകള്‍ ഷാഹിനയും. അപ്പോഴും തെരുവില്‍ ജീവിതം തുടര്‍ന്നു, അതിലേക്ക് മകനായി ഒരാള്‍കൂടി വന്നു- റാഷിക്. സുബൈര്‍ ചെരിപ്പുകുത്തിയും സുഹ്‌റ ലോട്ടറി വിറ്റും കുട്ടികളെപ്പോറ്റി.

മൂന്ന് കുട്ടികളേയും കൊണ്ട് തെരുവില്‍ക്കഴിയുന്നത് ഏറെ ബുദ്ധിമുട്ടായപ്പോള്‍ ഷാഹിദിനെ മാവൂര്‍ യത്തീംഖാനയിലും ഷാഹിനയെ ജെ.ഡി.ടി. ഇസ്ലാം മദ്രസ്സയിലും ചേര്‍ത്തു. സുബൈര്‍ ഇപ്പോള്‍ കോഴിക്കോട് പുതിയബസ് സ്റ്റാന്‍ഡിനടുത്ത് ചെരുപ്പ് നന്നാക്കി അവിടെത്തന്നെ കിടന്നുറങ്ങുന്നു. സുഹ്‌റ നഗരത്തിന്റെ മറ്റൊരു തെരുവില്‍ക്കഴിയുന്നു. ദിവസത്തില്‍ പലതവണ കണ്ടുമുട്ടും, വൈകുന്നേരം ചിലപ്പോള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കും. റാഷിക് അവര്‍ക്കൊപ്പം കഴിയുന്നു. ഷാഹിദും ഷാഹിനയും ഇടയ്ക്ക് വരും എല്ലാവരേയും കാണാന്‍.
സുബൈറിന് ജന്മനാട്ടില്‍ ആരുമില്ലാത്തതുകൊണ്ട് എവിടെയും പോകാനില്ല. തന്റെ സാന്നിധ്യം അനുജത്തിമാരുടെ വിവാഹത്തിന് തടസ്സമാവും എന്നറിഞ്ഞപ്പോള്‍ സുഹ്‌റയും വീട്ടിലേക്ക് പോകാറില്ല. പക്ഷേ, ആഴ്ചയിലൊരിക്കല്‍ അവള്‍ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്യും. എന്നിട്ട് ചോദിക്കും: ''എന്റെ വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ?''

ഈ കുടുംബത്തിന് ഇപ്പോള്‍ വീടില്ല, റേഷന്‍ കാര്‍ഡില്ല, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡില്ല, ആധാരമോ ആധാറോ ഇല്ല, സഹായിക്കാന്‍ ആരുമില്ല. എങ്കിലും ഇവര്‍ ഒരു കുടുംബമായി ജീവിതം തുടരുന്നു, ആരോടും പരാതിയും പരിഭവവുമില്ലാതെ. അതിനുമുന്നില്‍ ജീവിതം തോറ്റുപോകുന്നു.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment