Saturday, 5 April 2014

[www.keralites.net] കുളി

 

ദേവകി നിലയങ്ങോട്‌

 
അച്ഛന്റെ മൂന്നാമത്തെ ഭാര്യയാണ് എന്റെ അമ്മ. ആദ്യഭാര്യയിലുണ്ടായ മകന്‍ നാരായണന്‍ എന്ന വല്യേട്ടന് എന്റെ അമ്മയേക്കാള്‍ വയസ്സു കൂടും. വല്യേട്ടന്റെ മൂത്തമകന്‍ ഉണ്ണിക്കു തന്നെയും എന്റെ മൂത്തജ്യേഷ്ഠന്റെ പ്രായമാണ്. ഉണ്ണിയുടെ അമ്മയും എന്റെ സഹോദരീസ്ഥാനീയയുമായ പാര്‍വതിയെ ഞങ്ങളെല്ലാവരും ഉണ്ണീടമ്മ എന്നാണ് വിളിച്ചുപോന്നത്.

 


അഞ്ചാറുമാസം ദണ്ണം പിടിച്ചു കിടന്നാണ് വല്യേട്ടന്‍ മരിച്ചത്. ദണ്ണം എന്തായിരുന്നു എന്ന് നിശ്ചയമില്ല. രോഗത്തിന്റെ പേര് അന്വേഷിക്കുക അന്നൊന്നും പതിവില്ല എന്നു തോന്നുന്നു. ആയുര്‍വേദ ചികിത്സകള്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍ കൃഷ്ണയ്യരാണ് വല്യേട്ടനെ ചികിത്സിച്ചത്. രോഗം കഠിനമായിരുന്നിരിക്കണം. ഏട്ടന് അറുപതു തികഞ്ഞിരുന്നു. ആ പ്രായത്തില്‍ അദ്ദേഹം മരിച്ചു. ഉണ്ണീടമ്മയ്ക്ക് അമ്പത്തിരണ്ടു വയസ്സായിരുന്നു.

വിധവയായ ഉണ്ണീടമ്മയെ കുറിച്ച് എന്റെ മനസ്സില്‍ ഇപ്പോഴും ഒരു ചിത്രമുണ്ട്. കുളത്തില്‍ പോയി കുളിച്ച്, തുവര്‍ത്താതെ, മുങ്ങി ഒഴുകാലെ വന്ന് വടക്കേ അറയില്‍ ഇരിക്കുന്ന ഇരിപ്പാണത്. വടക്കേ അറയില്‍ സ്വതേ തന്നെ വെളിച്ചം കുറവാണ്. അല്പം വെളിച്ചം തരുന്ന അഴിക്കൂടിന്റെ വാതില്‍ ചാരി ഇരുട്ടത്താണ് ഇരിപ്പ്.വിധവകള്‍പുലക്കാലത്ത് അങ്ങനെ ഇരിക്കണമത്രെ. വെളിച്ചം കാണരുത്. സംസാരിക്കാനും പാടില്ല. കഴുത്തില്‍ ചരട് (മംഗല്യസൂത്രം) അഴിച്ച ആ അവസ്ഥയില്‍ വിധവകളെ കാണാന്‍ പൊതുവെ എല്ലാവരും മടിക്കും. അതുകൊണ്ട് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം വടക്കേ അറയുടെ വാതില്‍ക്കല്‍വന്ന് ഉണ്ണീടമ്മയെ കണ്ടു പോരും.
കുളിച്ച് ഈറനായി വന്ന് അതേ മുണ്ടിന്റെ ഒരു ഭാഗം വിരിച്ചാണ് കിടപ്പ്. ഈറന്‍ മാറാന്‍ പാടില്ല. ശരീരത്തിന്റെ ചൂടുതട്ടി വസ്ത്രം ഒന്ന് ഉണങ്ങിയേക്കാം, അത്രമാത്രം. കുളിയാകട്ടെ ഒരു തവണ പോര താനും. മൂന്നു കുളിവേണം. രാവിലെ പ്രകാശമായാല്‍ കുളത്തില്‍ പോയി ആദ്യത്തെ കുളി. തോര്‍ത്താറില്ല. ഉടുവസ്ത്രം ഒന്നു പിഴിയും. നടുമുറ്റത്ത് മകന്‍ ബലിയിടുന്നുണ്ട്. അതുകഴിഞ്ഞതായി അറിയിച്ചാല്‍ വീണ്ടും മുങ്ങി വരണം. അപ്പോഴും തുവര്‍ത്തലില്ല. പിന്നത്തെ കുളി വൈകുന്നേരമാണ്. രാത്രി ആ മുണ്ടിന്റെ തല വിരിച്ചു കിടക്കും.
ഉണ്ണീടമ്മ പുലപോയി പിണ്ഡം കഴിഞ്ഞു മകന്റെ കൂടെ ഒരു വര്‍ഷം ദീക്ഷ ആചരിച്ചു. ആ ഒരു കൊല്ലം മുഴുവന്‍ ദിവസം രണ്ടുതവണയായിരുന്നു കുളി.

കുളിയാണ് നമ്പൂതിരിമാരുടെയും അന്തര്‍ജനങ്ങളുടെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള അനുഷ്ഠാനം. എന്ത് അശുദ്ധിക്കുമുള്ള പ്രായശ്ചിത്തമാണ് കുളി. പുലകേട്ടാല്‍ കുളിക്കണം, മരണം കേട്ടാല്‍ കുളിക്കണം, മരിച്ച ഇല്ലത്തുപോയാല്‍ കുളിക്കണം. ഇതൊന്നും ഇല്ലെങ്കിലും നിത്യജീവിതത്തില്‍ ഒരു ദിവസം പലതവണ കുളി വേണ്ടിവന്നേക്കും. അതുകൊണ്ട് ഇല്ലങ്ങളിലൊക്കെ രണ്ടു കുളങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാവും. കിഴക്ക് വടക്കു ഭാഗത്തായി സ്ത്രീകള്‍ക്ക് കുളിക്കാന്‍ ഒരു അടുക്കളക്കുളം. തെക്കുഭാഗത്തായി നമ്പൂതിരിമാര്‍ക്കു കുളിക്കാന്‍ വേറൊരു കുളവും. ഇല്ലത്തോടു ചേര്‍ന്ന് അമ്പലമുണ്ടെങ്കില്‍ അമ്പലക്കുളവും ഉണ്ടാകും. അത് പൊതുവാണ്.
പുലരുന്നതിനു മുന്‍പേ സ്ത്രീകള്‍ അടുക്കളക്കുളത്തിലേക്കു പുറപ്പെടും. വെളിച്ചം കുറവാണെങ്കില്‍ കോലുവിളക്കുമായി ഇരിക്കണമ്മ മുന്‍പേ നടക്കും. കുളത്തില്‍ തന്നെയാണ് പല്ലുതേപ്പ്. ഉമിക്കരിയും മാവിലയുമാണ് പല്ലുതേക്കാന്‍. മാവില നാവുവടിക്കാനും ഉപയോഗിക്കും. പല്ലുതേച്ചു കഴിഞ്ഞാല്‍ സുമംഗലികള്‍ മൂന്നും കൂട്ടി മുറുക്കണം എന്നുണ്ട്. പുകയില കൂട്ടാത്ത വെറ്റില മുറുക്കാണ് മൂന്നും കൂട്ടല്‍. സ്ത്രീകള്‍ പുകയില ഉപയോഗിക്കാറില്ല. മുറുക്കിക്കഴിഞ്ഞാല്‍ കുളത്തിലേക്കു തന്നെ അതു തുപ്പും. പിന്നെ വെള്ളത്തിലേക്കിറങ്ങലാണ്. മേല്‍ തേക്കാന്‍ വാകയുണ്ട്. എണ്ണതേക്കല്‍ എല്ലാദിവസവും ഇല്ല. ചൊവ്വയും വെള്ളിയുമാണ് എണ്ണതേച്ചു കുളിക്കാനുള്ള ദിവസങ്ങള്‍. എന്നാല്‍ ആണ്‍മക്കളുടേയോ ഭര്‍ത്താവിന്റേയോ ജന്മനക്ഷത്രം അന്നുവരുന്നുണ്ടെങ്കില്‍ എണ്ണതേക്കരുത്. എണ്ണതേച്ച ദിവസമാണെങ്കില്‍ ഇരിക്കണമ്മ താളി പിഴിഞ്ഞുതരും. വാകകൊണ്ട് പുറം തേപ്പിച്ചു തരും. വാക തേച്ചാല്‍ അതിന്റെ ഉരംകൊണ്ട് ശരീരത്തിനു നല്ല സുഖമുണ്ടാകും. വെള്ളത്തില്‍ മുങ്ങി വന്നാല്‍ പടവിലിരുന്ന് ആവണക്കിന്‍ കുരുവും മഞ്ഞളും അരച്ചത് നെറ്റിയില്‍ തൊടും. പിന്നെ മുങ്ങിക്കയറി തോര്‍ത്തും.

കുളി കഴിഞ്ഞ് അകത്തു ചെന്നാല്‍ ചെയ്യേണ്ട നമസ്‌കാരങ്ങള്‍ ചിലര്‍ കുളത്തില്‍ തന്നെ നിര്‍വഹിക്കും. അരയോളം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് വെള്ളത്തില്‍ തലമുട്ടിച്ചു കൊണ്ടുള്ള ഈ നമസ്‌കാരം. നിലത്തു നമസ്‌കരിക്കുന്നതിനേക്കാള്‍ ക്ലേശം കുറയും വെള്ളത്തിലെ ഈ നമസ്‌കാരത്തിന്. ഇത് ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കും. നമ്പൂതിരിമാര്‍ നമസ്‌കരിക്കുമ്പോള്‍ വേദത്തില്‍ നിന്നും മറ്റുമുള്ള മന്ത്രങ്ങള്‍ ചൊല്ലും. സ്ത്രീകള്‍ക്ക് വേദപഠനം അരുതാത്തതിനാല്‍ ചില ശ്ലോകങ്ങളാണ് ചൊല്ലുക. മുടി കെട്ടിത്തിരുകിയാണ് നമസ്‌കാരം.
അതിനിടയ്ക്ക് കുളികഴിയാത്തവരോ ശൂദ്ര ജനങ്ങളിലാരെങ്കിലുമോ കുളിക്കുകയോ നനച്ചിടുകയോ ചെയ്യുമ്പോള്‍ ദേഹത്തേക്കു വെള്ളം തെറിച്ചാല്‍ അന്തര്‍ജനം വീണ്ടും കുളിക്കണം. പടവില്‍ തലനാര് ചവിട്ടിയാലും കുളി നിര്‍ബന്ധം. അതുകൊണ്ട് കുളക്കടവ് വൃത്തിയായി വെക്കാന്‍ ഇരിക്കണമ്മമാരുടെ പെണ്‍മക്കളെ ഉത്സാഹിപ്പിക്കാറുണ്ട്. 'കുളക്കടവ് വൃത്തിയാക്കിയാല്‍ അടുത്ത ജന്മം സുന്ദരിയായി ജനിക്കും' എന്ന് പ്രലോഭിപ്പിച്ചാണ് അന്തര്‍ജനങ്ങള്‍ ആ പെണ്‍കുട്ടികളെക്കൊണ്ട് ഈ കാര്യം സാധിക്കാറുള്ളത്. കുളികഴിഞ്ഞ് അമ്പലത്തിലേക്ക് പോകുമ്പോള്‍, നൂല്, തലനാര്, തുപ്പല്‍ എന്നിവ ചവിട്ടിയാല്‍ വീണ്ടും വന്ന് മുങ്ങണം. ക്ഷേത്രത്തിലേക്കോ തിരിച്ചോ ഉള്ള യാത്രയില്‍ അയിത്ത ജാതിക്കാര്‍ തീണ്ടിയോ എന്ന് സംശയം വന്നാലും കുളിയാണ് പരിഹാരം.

കുളിക്കുള്ള സാധ്യതകള്‍ ഇല്ലത്തിനകത്തും ധാരാളമുണ്ട്. അമ്പലത്തില്‍ നിന്നു വന്ന് അടുക്കളപ്പണി തുടങ്ങുമ്പോള്‍ തലേന്നാള്‍ ഇരിക്കണമ്മ കഴുകിക്കമഴ്ത്തിയ പാത്രങ്ങളില്‍ വറ്റോ മറ്റു ഭക്ഷണാവശിഷ്ടങ്ങളോ കണ്ടാല്‍ ആ പാത്രം തൊട്ടവരെല്ലാം കുളിക്കണം. മറ്റുള്ളവര്‍ ഊണുകഴിച്ച സ്ഥലം ചാണകം തളിച്ച് ശുദ്ധമാക്കിയിട്ടില്ലെങ്കില്‍ അവിടെ ചവിട്ടിയാല്‍, ജോലിക്കിടയില്‍ അറിയാതെ പണിക്കാരെ തൊട്ടാല്‍, അവരുടെ വസ്ത്രം മേല്‍ പാറിവീണാല്‍ അങ്ങനെ കുളിയുടെ കാരണങ്ങള്‍ നീണ്ടുപോവുന്നു. രജസ്വലയായിരിക്കുന്ന ആള്‍ നാലാം ദിവസം ആചാരപ്രകാരം കുളിക്കണം.

എന്നാല്‍ ഏറ്റവും ക്ലേശകരമായ ഒരു കുളിയുണ്ട്. പ്രസവിച്ച ഉടനെയുള്ള കുളി. പ്രസവം കഴിഞ്ഞ് മറുപിള്ള വീഴുമ്പോഴേക്കും എന്തെങ്കിലും കുടിക്കണമെന്ന് കഠിനമായ ദാഹം തോന്നും. പക്ഷേ, പ്രസവമെടുക്കാന്‍ വന്ന വിളക്കത്തല നായര്‍ സ്ത്രീ തൊട്ട് ശുദ്ധം മാറിയ അവസ്ഥയില്‍ വെള്ളം കുടിക്കാന്‍ പാടില്ല. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് പ്രസവിച്ച സ്ത്രീ നടന്നുപോയി അടുക്കളക്കുളത്തിലിറങ്ങി കുളിച്ചുവരികയാണ്. ചിലപ്പോള്‍ കുളം കുറച്ച് ദൂരെയാകും. വേനല്‍ക്കാലമാണെങ്കില്‍ വെള്ളം ഏറെ താഴെയും ചണ്ടിയുമായിരിക്കും. അതൊന്നും പ്രശ്‌നമല്ല. കുളത്തിലേക്കു പോകുമ്പോള്‍ സഹായിക്കാന്‍ ആളുണ്ടാവുമെങ്കിലും കുളികഴിഞ്ഞ് കല്‍പ്പടവുകള്‍ കയറി പ്രസവമുറിയില്‍ തിരിച്ചെത്തുന്നത് ആരെയും തൊടാതെ ഒറ്റയ്ക്കുതന്നെ വേണം. ഇങ്ങനെ പ്രസവിച്ച ഉടനെ ചണ്ടിവെള്ളത്തില്‍ കുളിക്കുന്നത് അണുബാധക്കു കാരണമാവുമോ എന്നൊന്നും ആരും ചിന്തിച്ചിട്ടില്ലെന്നു തോന്നുന്നു. കുളികഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും സ്ത്രീ ആകെ തളര്‍ന്ന് വിവശയായിരിക്കും; ആര്‍ത്തിയോടെയാണ് വെള്ളം വാങ്ങി കുടിക്കുക.

പ്രസവത്തിന്റെ പുല കഴിഞ്ഞ് പതിനൊന്നാം ദിവസം പുണ്യാഹം തളിക്കണം. അതോടെ സ്ത്രീ ശുദ്ധയായി. പിന്നെ ദേഹരക്ഷയ്ക്കുള്ള കുളി ആരംഭിക്കുകയായി. ഉല്ലാസപ്രദമാണ് അത്. തൊണ്ണൂറു കഴിയുംവരെ അതു തുടരും. ദിവസം രണ്ടുനേരമുണ്ട് ഈ കുളി. പുല്ലാനി, പ്ലാവ്, മാവ്, ആവണക്ക്, ഉങ്ങ് എന്നീ മരങ്ങളുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചാണ് കുളി. ഇതിനായി വടക്കുപുറത്ത് ഒരു ചാലുകീറി അതിന്റെ അറ്റത്ത് പ്രസവിച്ച സ്ത്രീക്ക് ഇരിക്കാന്‍ ഉള്ള പാത്തിവെക്കും. കുളിപ്പിക്കാന്‍ നില്‍ക്കുന്ന അന്തര്‍ജനം മേലാസകലം നല്ലപോലെ എണ്ണതേപ്പിച്ച് അമര്‍ത്തി ഉഴിയും. ചൂടുവെള്ളം ആകാവുന്നത്ര ചൂടില്‍ കൈക്കുന്നടയിലെടുത്ത് വെന്ത ഇലകളോടൊപ്പം ശരീരത്തില്‍ ഉഴിയും. പിന്നെ ഇഞ്ച പതപ്പിച്ച് മെഴുക്കിളക്കും. ഒരു മരത്തിന്റെ തൊലിയാണ് ഇഞ്ച. അത് ഇടിച്ച് ചകിരിപോലെയാക്കി വെച്ചിട്ടുണ്ടാവും. വെള്ളം കൂട്ടുമ്പോള്‍ അതില്‍നിന്ന് നല്ല പത വരും. മെഴുക്ക് പോവാന്‍ വിശേഷമാണത്. പരുപരുത്ത ഇഞ്ചകൊണ്ട് തേക്കുമ്പോള്‍ തൊലിയില്‍ നല്ല ചോരയോട്ടം ഉണ്ടാകും.
അതിനുശേഷം മേല്‍പ്പറഞ്ഞ പച്ചിലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി മേലൊഴിക്കും. പിന്നീട് പച്ച മഞ്ഞള്‍ അരച്ചത് മേലാസകലം തേപ്പിക്കും. വീണ്ടും വെള്ളം വീഴ്ത്തി തോര്‍ത്തിക്കും. ഈ കുളിയുടെ പരിസമാപ്തി ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന നാല്പാമര ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടുള്ള കുളിയോടുകൂടിയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുവാണ് നാല്പാമര.

ശരീരത്തിലല്ലാതെ തലയില്‍ എന്നും വെള്ളമൊഴിക്കാറില്ല. തലയില്‍ നല്ലെണ്ണ തേച്ചുനിര്‍ത്തുകയാണ് പതിവ്. നല്ലെണ്ണ തേക്കുന്നത് തലയില്‍ തണുപ്പു നിലനിര്‍ത്തും. മുലപ്പാലുണ്ടാകാന്‍ അതു വിശേഷമാണത്രെ.

തൊണ്ണൂറു കഴിയും വരെയുള്ള ഈ കുളിയുടെ കാലമാണ് അന്തര്‍ജനങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം. ദൈനംദിന ജോലികളുടെ ക്ലേശം വേണ്ട. രണ്ടുനേരവും ആരോഗ്യദായകമായ കുളി. പരിചരണത്തിന് ആളുള്ളതിനാല്‍ കിട്ടുന്ന പ്രത്യേക ശ്രദ്ധ. ഇല്ലത്ത് തനിക്കൊരു പ്രാധാന്യം വന്നപോലെ അവര്‍ക്ക് തോന്നും.

പ്രസവത്തിനുശേഷമുള്ള കുളി പോലെ മരണത്തെ തുടര്‍ന്നും അനുഷ്ഠാന സ്വഭാവമുള്ള കുളികള്‍ പലതുമുണ്ട്. മരിച്ചു കഴിഞ്ഞ ശരീരം ശുദ്ധമാവണം. നിലത്തിറക്കിയ ജഡത്തില്‍ വെള്ളമൊഴിക്കുന്ന പതിവുണ്ട്. തുടര്‍ന്ന് മൂന്നുപേര്‍ മൃതദേഹത്തെ തൊട്ട് കുളത്തില്‍ പോയി മുങ്ങിവരണം. ഇത് മൂന്നുതവണ ആവര്‍ത്തിക്കുന്നു. അതോടെ ജഡം (പ്രേതം എന്നാണ് ജഡത്തിനുള്ള ഭാഷ) ശുദ്ധമാവും. ഈ പ്രേതശുദ്ധിക്കു ശേഷമാണ് ജഡം സംസ്‌കരിക്കുന്നത്.
ഞാന്‍ വിവാഹം കഴിഞ്ഞ് നിലയങ്ങോട്ട് എത്തുന്നത് 1943-ലാണ്. അതിന് രണ്ടു കൊല്ലം മുന്‍പുതന്നെ ഭര്‍തൃപിതാവ് രവി സോമയാജിപ്പാട് മരണപ്പെട്ടിരുന്നു. കഥകളി നടന്‍ എന്ന നിലയ്ക്ക് യൗവനത്തില്‍ പ്രസിദ്ധനായിരുന്ന അദ്ദേഹം പിന്നീട് ഗൃഹസ്ഥനായി യാഗം ചെയ്ത് ഇല്ലത്തിരിക്കുകയാണ് ഉണ്ടായത്. മരണത്തിനു മുന്‍പ് അദ്ദേഹത്തെ കുളിപ്പിച്ചതിനെപ്പറ്റി നിലയങ്ങോട്ടെ പാപ്തി വല്യമ്മ പലതവണ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഒരത്ഭുതകഥയുടെ പരിവേഷം ആ വിവരണത്തിനുണ്ടായിരുന്നു.

മരിക്കുമ്പോള്‍ അച്ഛന് അറുപതു വയസ്സിനടുത്തായിരിക്കണം പ്രായം. സോമയാജിപ്പാടാകയാല്‍ നിത്യവും ഇല്ലത്തിന്റെ വടുക്കിനിയില്‍ അഗ്‌നിഹോത്ര ഹോമം ചെയ്യേണ്ടതുണ്ട്. അദ്ദേഹം തന്റെ അന്ത്യാഭിലാഷമായി പറഞ്ഞത് ''എനിക്ക് വടുക്കിനിയില്‍ ഹോമകുണ്ഡങ്ങളുടെ സമീപം കിടന്ന് മരിക്കണം'' എന്നാണ്. മരണകര്‍മങ്ങള്‍ വിധിയാംവണ്ണം ചെയ്യണം എന്നര്‍ഥം. അഗ്‌നിഹോത്ര കുണ്ഡങ്ങള്‍ക്കിടയില്‍ ആണ് സോമയാജിമാരെ മരണാസന്ന നിലയില്‍ നിലത്തിറക്കി കിടത്തുക.

വടുക്കിനിക്ക് ഒരു പ്രത്യേകതയുണ്ട്. ഔപാസന കുണ്ഡങ്ങളുള്ള ആ സ്ഥലത്തേക്ക് കുളിക്കാതെ ആര്‍ക്കും പ്രവേശനമില്ല. പുറത്തളത്തില്‍ കിടക്കുന്ന അച്ഛനെ വടുക്കിനിയിലേക്ക് മാറ്റുന്നതെങ്ങനെ? അതിനു മുന്‍പ് കുളത്തില്‍ കൊണ്ടുപോയി എങ്ങനെ കുളിപ്പിക്കും? മരണം ഉറപ്പായി, ഊര്‍ദ്ധ്വശ്വാസം കാണുമ്പോഴേ വടുക്കിനിയിലേക്കു മാറ്റാവൂ. ആ സമയത്ത് കുളത്തില്‍ കൊണ്ടുപോയി കുളിപ്പിച്ചാല്‍ മുക്കിക്കൊന്നു എന്ന കുറ്റവും ആവും. എന്തു വേണമെന്ന് ആര്‍ക്കും ഉറപ്പുപോരാതായി.

അപ്പോഴേക്കും പുറത്തളത്തില്‍ കിടക്കുന്ന അച്ഛന്റെ അവസാന ശ്വാസംവലിയായെന്ന് തോന്നി. വടുക്കിനിയില്‍ അന്തര്‍ജനങ്ങള്‍ ഹോമകുണ്ഡങ്ങള്‍ക്കടുത്ത് പുല്ലും മണലും വിരിച്ചു. മൂന്നു കുണ്ഡങ്ങളിലും തീ ജ്വലിപ്പിച്ചു. നിലവിളക്കുകള്‍ വടുക്കിനിയിലെങ്ങും കൊളുത്തിവെച്ചു. അച്ഛനെ നിലത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. ചെവിയിലോത്ത് ചൊല്ലാനായി നമ്പൂതിരിമാര്‍ ഒരുങ്ങിനിന്നു. ഇനി ചര്‍ച്ചക്കു സമയമില്ല. വടുക്കിനിയില്‍ വെച്ചുവേണം മരണമെങ്കില്‍ അച്ഛനെ കുളിപ്പിച്ചുകൊണ്ടു വന്നേ തീരൂ. ഒരു നീണ്ട പലകയിലേക്ക് അദ്ദേഹത്തെ മാറ്റിക്കിടത്തി. കുളത്തിലേക്കെടുത്തു. അവസാനത്തെ കല്‍പ്പടയില്‍ അതു കൊണ്ടുവന്നു വെച്ചു. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനും പിന്നീട് എന്റെ ഭര്‍ത്താവായ ആളുമായ രവി നമ്പൂതിരി അച്ഛനെ പലകയില്‍നിന്ന് ഒറ്റയ്‌ക്കെടുത്ത് സ്വന്തം ഒക്കത്തുവെച്ച് കല്‍പ്പടവിലിറങ്ങി വെള്ളത്തിലേക്കാഴ്ന്നു കുട്ടികളെ എടുത്ത് മുങ്ങുന്നപോലെ. അദ്ദേഹത്തെ എടുത്തുകൊണ്ടുവന്ന എല്ലാ നമ്പൂതിരിമാരും ഒരുമിച്ചു മുങ്ങി. ഭാഗ്യം, അച്ഛന് അപ്പോഴും ശ്വാസം ബാക്കിയുണ്ട്. വടുക്കിനിയിലേക്ക് ആ പലകയില്‍ വെച്ചുതന്നെ കൊണ്ടുപോയി. അവിടെ ദര്‍ഭ വിരിപ്പില്‍ കിടത്തി ചെവിയിലോത്തു തുടങ്ങി. യാത്രാദാനം നടത്തി. അച്ഛന്‍ സമാധാനത്തോടെ മരിച്ചു. അസാധാരണമായ കുളിയായതുകൊണ്ടാവണം നിലയങ്ങോട്ടെ അംഗങ്ങള്‍ എന്നോടിത് ഒന്നിലധികം തവണ പറയുകയുണ്ടായി.

(കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment