1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഓട്ടുപുലാക്കല്‍ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ഒ.വി.വിജയന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം മലപ്പുറത്ത് തുടങ്ങി മദിരാശിയിലെ താംബരം വരെ നീണ്ടു. പാലക്കാട് വിക്ടോറിയാ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും ബി.എയും, മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും നേടി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് 1958ല്‍ ശങ്കേഴ്‌സ് വീക്കിലിയിലും 1963ല്‍ പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.
1960ലാണ് മലയാളസാഹിത്യത്തില്‍ ആധുനികതയുടെ നവോദയം വിളംബരം ചെയ്തുകൊണ്ട് ഖസാക്കിന്റെ ഇതിഹാസം പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ തുടങ്ങിയ നോവലുകളും ഒട്ടേറെ ചെറുകഥാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളും കുറിപ്പുകളുടെ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചതിനൊപ്പം കാര്‍ട്ടൂണുകളുടെ സമാഹരവും പുറത്തിറങ്ങി. നോവലുകളും കഥകളും സ്വയം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തും അദ്ദേഹം വ്യത്യസ്തനായി.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, എം.പി.പോള്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ അന്തരിച്ചു.
വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.
ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.
വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.
മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.
പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ് ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.
"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)
ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."
ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...
"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല.
എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...
വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.
www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment