പരിസ്ഥിതി ലോലപ്രദേശമാണോ... എന്നാല്‍ കല്യാണം നടക്കില്ലെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതിന്റെ ആഘാതത്തിലാണ് പൂഞ്ഞാര്‍ തെക്കേക്കര വില്ലേജിലെ പയ്യാനിത്തോട്ടം വലിയപറമ്പില്‍ മാത്യുവിന്റെ കുടുംബം. മാത്യുവിന്റെ മകനു വേണ്ടിയായിരുന്നു വിവാഹാലോചന. പാലായില്‍ നിന്നായിരുന്നു വിവാഹാലോചന വന്നത്. കാര്യങ്ങളെല്ലാം ഇടനിലക്കാരനുമായി സംസാരിച്ച് വിവാഹം നടക്കുമെന്ന ഘട്ടം വന്നപ്പോഴാണ് "കസ്തൂരിരംഗന്‍" ഇടിത്തീ പോലെ വന്നുവീണത്. അതോടെ പെണ്‍വീട്ടുകാര്‍ വീണ്ടുവിചാരത്തിലായി. പിന്നെ, മാത്യുവിന്റെ വീട്ടില്‍ ഇടനിലക്കാരന്‍ എത്തിയത് വിവാഹം നടക്കില്ലെന്ന് അറിയിക്കാനായിരുന്നു.
""പെണ്‍വീട്ടുകാരെ കുറ്റം പറയുന്നില്ല, ഞങ്ങളെപ്പോലെ അവര്‍ക്കും ആശങ്കയുണ്ടാവില്ലേ""- മാത്യു പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി കണ്ടെത്തിയ പ്രദേശങ്ങളില്‍ വിവാഹങ്ങളും മുടങ്ങുകയാണ്. രണ്ടു പെണ്‍മക്കളുടെ കല്യാണം നടത്തിയ വകയില്‍ കുറച്ചു കടമുണ്ട്. പത്തുസെന്റ് സ്ഥലം വിറ്റ് കടംതീര്‍ക്കാന്‍ കുറേ നാളായി ശ്രമിക്കുകയാണ്. പക്ഷെ വാങ്ങാനാളില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന പേര് വീണതിനു ശേഷം ഈ പ്രദേശത്ത് വസ്തുക്കച്ചവടം നടക്കുന്നില്ല. ""സെന്റിന് ഒന്നര ലക്ഷം രൂപയ്ക്ക് ഇവിടെ സ്ഥലം വിറ്റു പോയിരുന്നതാ... ഇപ്പോള്‍, ഞാന്‍ ഒരു ലക്ഷം പറഞ്ഞുനോക്കി...രക്ഷയില്ല...ആരും അടുക്കുന്നില്ല. സ്ഥലം വാങ്ങാന്‍ ആളില്ലെന്നാണ് ബ്രോക്കര്‍മാരും പറയുന്നത്. ഇനി വരുന്നിടത്ത് വെച്ചുകാണാം.""മാത്യു പറയുന്നു.
വിവാഹം മുടങ്ങിയ കാര്യം തുറന്നുപറയാന്‍ ഇദ്ദേഹത്തിന് മടിയില്ല. ""ഇവിടെ ജീവിക്കുന്നവരുടെ അനുഭവം എല്ലാവരും അറിയട്ടെ. മറച്ചു വെച്ചിട്ട് എന്തുകാര്യം?"" ഇടത്തരം കര്‍ഷകനായ ഇദ്ദേഹത്തിന് മൂന്നു പെണ്‍മക്കളും ഒരാണുമാണുള്ളത്. പെണ്‍മക്കളുടെ വിവാഹം നേരത്തെ കഴിഞ്ഞു. ബാധ്യതയും തീര്‍ത്തതാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കോലാഹലങ്ങള്‍ വരുംമുന്‍പായിരുന്നു വിവാഹം. രണ്ടരയേക്കര്‍ സ്ഥലമാണ് ഇപ്പോഴുള്ളത്. നിരവധി വീടുകളുള്ള, കൃഷി പ്രധാനതൊഴിലായി ഉപജീവനം നടത്തുന്നവരാണ് ഈ പ്രദേശത്തേറെയുള്ളത്. പബ്ലിക് സ്കൂളും ആരാധനാലയവും ഐ എച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജു മെല്ലാം തൊട്ടടുത്ത് തന്നെയുണ്ട്. റോഡ്സൗകര്യവുമുണ്ട്. ""സൗകര്യങ്ങള്‍ ഉണ്ടായിട്ട് എന്തുകാര്യം? കസ്തൂരിരംഗന്‍ ഞങ്ങള്‍ക്ക് നല്‍കിയ അനുഭവം ചില്ലറയല്ലല്ലോ...ഇതെന്ന് അവസാനിക്കുമെന്നും അറിയില്ല..."" അദ്ദേഹം പറഞ്ഞു.
No comments:
Post a Comment