ചൈനയിലെ രാമായണത്തിന്റെ പേര് ഹിഷിയുച്ചി (Hsi Yu Chi) എന്നാണ്. ഈ കൃതി രചിച്ചത് വ്യു ചെങ്-എന്‍ (Wu Cheng-en) ആണ്. 'ദ മങ്കി' (The Monkey) എന്നത് ഇതിന്റെ ഇംഗ്ലീഷ് ഭാഷ്യം. സണ്‍ വ്യുക്കുങ് (Sun Wukung) എന്ന വാനരനാണ് ഇതിലെ മുഖ്യകഥാപാത്രം. കഥയുടെ കടിഞ്ഞാണ്‍ ഈ കുരങ്ങിന്റെ കൈയിലാണ്. ശരീരവലിപ്പവും ശക്തിയുമുള്ള സണ്‍ വ്യുക്കുങ് തന്റെ അസാമാന്യ ധീരതകൊണ്ട് എന്തും നേരിടുന്ന പ്രകൃതക്കാരനാണ്. ആരെയും രസിപ്പിക്കുന്ന നര്‍മചാതുര്യം സണ്‍ വ്യുക്കുങ്ങിന്റെ പ്രത്യേകതകളില്‍ ഒന്നുമാത്രം. അധാര്‍മികതയ്‌ക്കെതിരേ എപ്പോഴും ഉണര്‍ന്നിരിക്കുന്ന വാനരരൂപം എന്ന് നമുക്കവനെ വിശേഷിപ്പിക്കാം. ദേവസഭാതലത്തില്‍പ്പോലും ഒരു കൂസലുമില്ലാതെ കടന്നുചെന്ന് തമാശ പറയുവാന്‍ ഒട്ടും മടിയില്ലാത്ത സണ്‍ വ്യുക്കുങ് ദേവന്മാര്‍ക്കും പ്രിയങ്കരനാണ്. അവന്റെ അദ്ഭുതകൃത്യങ്ങള്‍ ദേവന്മാരെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്. വാല്മീകിരാമായണത്തിലെ ഹനുമാന്‍തന്നെയാണ് ഈ കൃതിയിലെ സണ്‍ വ്യുക്കുങ്ങെന്ന് നമുക്ക് നിസ്സംശയം പറയാം.
ബുദ്ധസാഹിത്യത്തില്‍ ത്രിപീഠിക എന്ന ഒരു കൃതിയുണ്ട്. ഇത് 'രാമകഥ' തന്നെയാണ് ! ചൈനയില്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. രഘുവീര, ഷിക്കിയോ യമാ മോട്ടോ എന്നിവര്‍ ചൈനയിലെ രാമായണം' (ഞമാമ്യമിമ ശി ഇവശിമ) എന്ന കൃതി രചിച്ചിട്ടുണ്ട്. ത്രിപീഠികയുടെയും ഹിഷിയുച്ചിയുടെയും പ്രചോദനവും ഉദ്ഭവവും വെളിപ്പെടുത്തുന്ന പ്രത്യേക ചരിത്രവസ്തുതകള്‍ ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് ഈ കൃതിയിലെ വിശദീകരണം.
ആറു പാരമിതസൂത്രങ്ങളുടെ സമാഹാരമാണ് ജാതക ഓഫ് ദി അണ്‍ നെയിംഡ് കിങ്. ഇത് ചൈനീസ് ത്രിപീഠികയുടെ ടായ്‌ഷോ പതിപ്പാണ്. സോഡ്ജിയന്‍ മോങ്ക് കാള്‍ സെങ് ഹുയിയാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മറ്റൊരു കൃതി നിദാന ഓഫ് ദി കിങ്് ഓഫ് ടെന്‍ ലക്ഷ്വറീസ് ആണ്. പാലിയിലെ ദശരഥജാതക എന്ന ധര്‍മസിദ്ധാന്തത്തോട് ഇവ കടപ്പെട്ടിരിക്കുന്നു.
ബോധിസത്വന്‍ എന്ന രാജാവിന്റെ കഥയാണ് അണ്‍നെയിംഡ് കിങ്ങിലുള്ളത്. ബോധിസത്വന്‍ സദാചാരിയും ധാര്‍മികനുമാണ്. ബോധിസത്വന്റെ അമ്മാവനാണ് അയല്‍രാജ്യം ഭരിക്കുന്നത്. ഇയാള്‍ ചതിയനാണ്. ബോധിസത്വന്റെ രാജ്യം ആക്രമിച്ച് സ്വന്തമാക്കുകയും ബോധിസത്വനെയും പത്‌നിയെയും മന്ത്രിമാരെയും നാടുകടത്തിയവനുമാണ്. ബോധിസത്വനും പത്‌നിയും മന്ത്രിമാരും ഒരു പര്‍വതപ്രദേശത്തേക്കാണ് പലായനം ചെയ്തത്. ജനങ്ങള്‍ക്കു മേല്‍ ക്രൂരമായ ഏകാധിപത്യം അടിച്ചേല്പിച്ചുകൊണ്ടാണ് ബോധിസത്വന്റെ അമ്മാവന്‍ ഭരണം നടത്തിയത്.
പര്‍വതപ്രദേശത്ത് സ്ഥിരം വിഹരിക്കാറുള്ള നാഗം ബോധിസത്വന്റെ പത്‌നിയെക്കണ്ട് അവളില്‍ ആകൃഷ്ടനായി. ചതിയനും ദുര്‍മാര്‍ഗിയുമായ നാഗം ഒരിക്കല്‍ സന്ന്യാസിയുടെ രൂപത്തില്‍ അവളുടെ അരികില്‍ എത്തി. ആരുംതന്നെ അവള്‍ക്കൊപ്പമില്ലാത്ത സമയമായിരുന്നു നാഗം രൂപം മാറി പ്രത്യക്ഷപ്പെട്ടത്. സന്ന്യാസിയെ കണ്ട അവള്‍ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. നാഗം നല്ല സന്തോഷത്തിലായിരുന്നു. പറ്റിയ സന്ദര്‍ഭമെന്നു കരുതിയ സന്ന്യാസി, അവള്‍ കുടിക്കാന്‍ വെള്ളവുമായി അരികില്‍ വന്നപ്പോള്‍ അവളുടെ കൈയ്ക്ക് കടന്നുപിടിച്ചു. ഇതു ചതിയായിരുന്നെന്ന് അപ്പോഴാണ് അവള്‍ അറിയുന്നത്. കുതറിമാറാന്‍ ശ്രമിച്ച അവളെ നാഗം വിട്ടില്ല. അവന്‍ അവളെയുമെടുത്ത് ഒരു മലഞ്ചരിവിലേക്കു കുതിച്ചു. ഒരു വലിയ പക്ഷി അവളെ രക്ഷപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷിയെ തട്ടിമാറ്റി നാഗം പിന്നീട് ഒരു ദ്വീപിലേക്കു കടന്നു. അവിടെ ആരും കാണാത്ത ഒരിടത്ത് അവളെ ഒളിപ്പിച്ചു.
പക്ഷി അവശതയോടെ ഇതെല്ലാം നോക്കിക്കണ്ടു. ബോധിസത്വന്‍ തിരികെ വന്നപ്പോള്‍ പത്‌നിയെ കാണാതെ വിഷമിച്ചു. മന്ത്രിമാരും ബോധിസത്വനും അവളെത്തേടി പുറപ്പെട്ടു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏകനായി ഇരിക്കുന്ന കുരങ്ങിന്റെ അരികിലാണ് അവര്‍ യാത്രചെയ്ത് എത്തിയത്. ബോധിസത്വന്‍ വാനരനോട് വിഷമങ്ങള്‍ തിരക്കി. രാജ്യം പിടിച്ചടക്കി സ്വന്തം അമ്മാവന്‍ തന്നെ നാടുകടത്തിയതാണ് എന്ന് കുരങ്ങ് അവരോട് പറഞ്ഞു. ബോധിസത്വന്‍ സ്വന്തം അനുഭവം കുരങ്ങിനോടും പറഞ്ഞു. തുല്യ അനുഭവമുള്ള അവര്‍ സൗഹൃദത്തിലായി. പത്‌നിയെ കണ്ടെത്താനുള്ള എല്ലാ സഹായവും എന്നില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് വാനരന്‍ ബോധിസത്വനു വാക്കു നല്കി. ബോധിസത്വനും മന്ത്രിമാരും കുരങ്ങിനു സ്വന്തം രാജ്യം തിരികെ ലഭിക്കാനായി അവന്റെ മാതുലനുമായി യുദ്ധം ചെയ്തു. യുദ്ധത്തില്‍ പരാജയം മുന്നില്‍ക്കണ്ട് മാതുലന്‍ ഓടിമറഞ്ഞു. വാനരന് സ്വരാജ്യം അവര്‍ നേടിക്കൊടുക്കുകയും ചെയ്തു.
രാജ്യം തിരികെ ലഭിച്ച വാനരന്‍ സ്വരാജ്യത്ത് രാജാവായി അവരോധിതനായതിനുശേഷം ബോധിസത്വന്റെ പ്രിയപത്‌നിയെത്തേടി തന്റെ സേനയോടൊപ്പം പുറപ്പെട്ടു. കൂടെ ബോധിസത്വനും മന്ത്രിമാരും ഉണ്ടായിരുന്നു. യാത്രാമധ്യേ അവര്‍ ചിറകിനു പരിക്കു പറ്റിയ ഒരു പക്ഷിയെ കണ്ടു. പക്ഷി നാഗവുമായുണ്ടായ ഏറ്റുമുട്ടലും നാഗം എവിടെയാണ് ബോധിസത്വന്റെ പത്‌നിയെ ഒളിച്ചുവെച്ചിരിക്കുന്നതെന്നും പറഞ്ഞ് അവരെ അവിടേക്ക് യാത്രയാക്കി. സമുദ്രത്തില്‍നിന്നും ആ ദ്വീപിലേക്കെത്താന്‍ വാനരന്മാര്‍ ഒരു പാലവും നിര്‍മിച്ചു. അതുവഴി ദ്വീപിലെത്തിയ അവര്‍ നാഗവുമായി ഉഗ്രപോരാട്ടം നടത്തി. പരാജയം ഉറപ്പായതോടെ നാഗം തന്നിലെ ഉഗ്രവിഷം അവര്‍ക്കുനേരെ ചീറ്റി. വിഷമേറ്റ് വാനരരാജനൊഴികെ മറ്റെല്ലാവരും ബോധരഹിതരായി. വാനരരാജന്‍ അവരെ രക്ഷപ്പെടുത്താന്‍ ഉടനെ ഔഷധച്ചെടി പറിച്ചുകൊണ്ടുവന്നു. മരുന്നരച്ച് എല്ലാവര്‍ക്കും കൊടുത്തു. വിഷബാധയില്‍നിന്നും ശമനമുണ്ടായ അവര്‍ വീണ്ടും നാഗത്തെ ആക്രമിച്ചു. നാഗം കൊടുങ്കാറ്റായും ഇടിമിന്നലായും അവര്‍ക്കു നേരെ അടുത്തു. പക്ഷേ, വാനരരാജന്റെ ചെറുത്തുനില്പില്‍ അതെല്ലാം നിഷ്ഫലമായി. എല്ലാ മാര്‍ഗങ്ങളും നാഗത്തിന് തടസ്സമായി. വാനരരാജന്റെ സഹായസാന്നിധ്യത്തില്‍ ബോധിസത്വന്‍ അവനെ അമ്പെയ്തു വീഴ്ത്തി. നാഗം പിടഞ്ഞുമരിച്ചു. നാടുകടത്തപ്പെട്ടപ്പോഴുണ്ടായ എല്ലാ പീഡനങ്ങളെയും അതിജീവിച്ച ബോധിസത്വന്‍, തന്റെ അമ്മാവന്‍ മരിച്ച വിവരവും അറിഞ്ഞു. അതുകൊണ്ട് ഇനി രാജാവാകേണ്ടത് താന്‍തന്നെയെന്ന് ഉറപ്പിച്ച ബോധിസത്വന്‍, ഇനിയുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വന്നില്ലല്ലോ എന്ന സന്തോഷത്തിലുമായിരുന്നു. ബോധിസത്വനും പത്‌നിയും മന്ത്രിമാരും വാനരപ്പരിവാരങ്ങളും ബോധിസത്വന്റെ രാജ്യത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയ ബോധിസത്വനെ എല്ലാവരും രാജാവായി വാഴ്ത്തി.
രാജാവും രാജ്ഞിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞുവന്നപ്പോള്‍, രാജ്ഞിയുടെ പാതിവ്രത്യത്തെക്കുറിച്ചുള്ള വേണ്ടാക്കഥകള്‍ അവിടെ പ്രചരിക്കാന്‍ തുടങ്ങി. നാഗനുമായി കുറെ കാലത്തോളം ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കഴിഞ്ഞ അവള്‍ അത്രയൊന്നും പതിവ്രത ആയിരിക്കില്ല എന്നായിരുന്നു തദ്ദേശവാസികളുടെ സംസാരം. ഒടുവില്‍ രാജാവിനും അവളെ സംശയമായി. അവള്‍ തന്റെ നിഷ്‌കളങ്കത എത്ര പറഞ്ഞിട്ടും രാജാവ് വിശ്വസിച്ചില്ല. രാജാവും തന്നെ വിശ്വസിക്കുന്നില്ലല്ലോ എന്ന സന്താപത്തില്‍ അവള്‍ ഭൂമീദേവിയെ പ്രാര്‍ഥിച്ചു. ഭൂമി അവള്‍ക്കു മുന്നില്‍ പിളര്‍ന്നുവന്നപ്പോള്‍ അവള്‍ അതിനുള്ളില്‍ ചാടി ജീവത്യാഗം ചെയ്തു. പത്‌നിയുടെ പവിത്രതയുടെ ആഴം മനസ്സിലാക്കിയ രാജാവ,് ഭൂമിദേവിയുടെ കാല്‍പിടിച്ച് മാപ്പിരന്നു. ഒടുവില്‍ എല്ലാം ക്ഷമിച്ച് ഭൂമി അവളെ രാജാവിനു നല്കി. രാജാവ് സ്‌നേഹപൂര്‍വം അവളെ സ്വീകരിച്ചു. തന്റെ സംശയത്തിന് പത്‌നിയോട് ക്ഷമചോദിച്ചു.
ബോധിസത്വന്റെ ഭരണം വന്നതോടെ ആ ദേശം വീണ്ടും അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുവന്നു. പടയാളികള്‍ അവരുടെ ആത്മാര്‍ഥതയും ധീരതയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഉയര്‍ന്ന ജോലിയിലുള്ളവര്‍ കീഴ്ജീവനക്കാരെ അവഗണിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തില്ല. ശക്തിമാന്മാര്‍ അശക്തരെ കളിയാക്കുകയോ ദ്രോഹിക്കുകയോ ചെയ്തില്ല. അവരോട് ദയയും സ്‌നേഹവും കാണിച്ചു. രാജാവിന്റെ മനഃശുദ്ധിയില്‍നിന്നും ഉള്‍ക്കൊണ്ട മൗലികസ്വഭാവങ്ങളും പെരുമാറ്റങ്ങളും ആയിരുന്നു ഇതെല്ലാം.
നിര്‍ദയകളും കുലടകളുമായ സ്ത്രീകള്‍ അവരുടെ ദുഃസ്വഭാവങ്ങള്‍ ഒഴിവാക്കി. സത്പ്രവൃത്തികളിലും പ്രാര്‍ഥനകളിലും മുഴുകി ആത്മശാന്തിക്കായി പ്രയത്‌നിച്ചു. അത്യാഗ്രഹങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത ഒരു മാനവസംസ്‌കാരം അവര്‍ വീണ്ടെടുത്തു. നിത്യജീവിതത്തെ സുഗമമായ ആത്മീയമാര്‍ഗങ്ങളില്‍ അവര്‍ തുറന്നുവിട്ടു. അയോധ്യയില്‍ ഉണ്ടായിരുന്ന രാമഭരണത്തിനു തുല്യംതന്നെയായിരുന്നു ബോധിസത്വന്റെ ഭരണവും.
നിദാന ഓഫ് ദി കിങ് ഓഫ് ടെന്‍ ലക്ഷ്വറീസ് ജാംബുദ്വീപില്‍ ഭരണം നടത്തിയ ദശരഥ മഹാരാജനെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ജാംബുദ്വീപില്‍ ആയിരം വര്‍ഷത്തോളം ദീര്‍ഘിച്ച സന്തുഷ്ടമായ ഒരു ജീവിതം എല്ലാവര്‍ക്കും ലഭിച്ചു.ഭൂമിയില്‍ അവതരിച്ച ഈശ്വരരൂപമായി അവര്‍ ദശരഥനെ വാഴ്ത്തി. ഈ കഥയില്‍ ദശരഥന് നാലു ഭാര്യമാര്‍ ഉണ്ട്. ഓരോ പത്‌നിമാരിലും ഓരോ പുത്രന്മാരും അദ്ദേഹത്തിനുണ്ട്. രാമന്‍, ലോമന്‍ (രാമന്‍ എന്നും ലോമന് പേരുണ്ട്), ലക്ഷ്മണന്‍, ഭരതന്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.
രാജ്ഞിമാരില്‍ മൂന്നാമത്തവളോട് ദശരഥനു കൂടുതല്‍ ഇഷ്ടമായിരുന്നു. കാരണം, രാജാവിന് ഏതു ദുര്‍ഘടസന്ധിയിലും ഉപകാരപ്പെടുന്നവള്‍ അവളായിരുന്നു. നിര്‍ദേശങ്ങളും പരിഹാരങ്ങളും സമയോചിതമായി നല്കാന്‍ കഴിയുന്ന അവള്‍ക്ക് ഏതുസമയത്തും ആവശ്യപ്പെടാവുന്ന വരം അദ്ദേഹം നല്കിയിരുന്നു. രാജാവ് രോഗിയായി കിടപ്പിലായപ്പോള്‍ മൂത്ത മകനെ രാജാവായി വാഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാജാവിന്റെ തീരുമാനമറിഞ്ഞ അവള്‍ക്ക് അതു തീരേ ഇഷ്ടപ്പെട്ടില്ല. അവള്‍ ഭരതനെ രാജാവായി വാഴിക്കണമെന്നു പറഞ്ഞു. രാമനെ പന്ത്രണ്ടു വര്‍ഷം നീണ്ട വനവാസത്തിന് അയയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. പത്‌നിയുടെ ആവശ്യം അംഗീകരിക്കുകയേ രാജാവിനു നിര്‍വാഹമുണ്ടായിരുന്നുള്ളൂ. രാജാവ് തന്റെ മനോവ്യഥ ഉള്ളിലൊതുക്കി രാമനോട് വനയാത്രയ്ക്കു പുറപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. ഭരതനെയാണ് രാജാവായി അഭിഷേകം ചെയ്യുന്നതെന്നും അറിയിച്ചു. രാമന് അവിടെ എന്താണ് നടന്നതെന്ന് തികച്ചും അറിയാമായിരുന്നു. പിതാവിന്റെ പീഡിതമായ മനസ്സിന്റെ ദുഃഖഭാരം അറിഞ്ഞുകൊണ്ടുതന്നെ രാമന്‍ ആ വാക്കുകള്‍ അനുസരിച്ചു.
രാജാവായി അവരോധിതനാകാന്‍ നിയുക്തനായ ഭരതന്‍ ഈ സന്ദര്‍ഭത്തില്‍ അവിടെ ഉണ്ടായിരുന്നില്ല. അയാള്‍ മറ്റൊരു രാജ്യത്തേക്കു പോയ സമയത്തായിരുന്നു കൊട്ടാരത്തില്‍ പരിതാപകരമായ സംഭവങ്ങള്‍ എല്ലാം ഉണ്ടായത്. രാമനോടൊപ്പം ലക്ഷ്മണനും യാത്രയ്‌ക്കൊരുങ്ങി. വാല്മീകിരാമായണത്തിലെ ശ്രീരാമന്റെ അതേ സംസ്‌കാരംതന്നെയാണ് ഈ കൃതിയിലെ രാമനും ഉള്ളത്. വനയാത്രയ്ക്ക് ഒരുങ്ങുന്ന സമയത്ത് രാമന്‍ പറയുന്ന വാക്കുകളും സാന്ത്വനങ്ങളുമെല്ലാം രാമായണത്തിലേതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല.
'പിതാവിന്റെ വാക്കുകളെ അനുസരിക്കാത്തവന്‍ പിതൃഭക്തിയുള്ളവനോ ആദരവ് ഉള്ളവനോ അല്ല. എനിക്കു ജന്മം നല്കിയത് ഈ അമ്മയല്ലെങ്കിലും ഇവര്‍ എനിക്ക് അമ്മയാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് ഞാന്‍ ഒരിക്കലും തടസ്സമാകില്ല. അവര്‍ എന്റെ പിതാവിനെ ആദരിക്കുന്നവളും സംരക്ഷിച്ചവളുമാണ്. അതുകൊണ്ടുതന്നെയാണ് അവര്‍ എനിക്ക് യഥാര്‍ഥ അമ്മയാകുന്നത്. രാജാവാകാനുള്ള ഭരതന്‍, വിനയം നിറഞ്ഞവനും ദയാലുവുമാണ്. സത്യസന്ധത അവന്റെ മുഖമുദ്രയുമാണ്. ഇവര്‍ക്കെല്ലാം വേണ്ടപ്പെട്ടവനായ ഞാന്‍ എന്റെ പ്രിയപിതാവിനെ വണങ്ങി അനുഗ്രഹം വാങ്ങി വനയാത്രയ്ക്കു പുറപ്പെടുകയാണ്. മറ്റുള്ളവരും എന്നെ അനുഗ്രഹിച്ചാലും.' ഇത്രയും പറഞ്ഞാണ് രാമന്‍ ലക്ഷ്മണനോടൊപ്പം യാത്രയാകുന്നത്. രാമായണകഥയിലെ സീതാപഹരണവും സീതയുമില്ലാത്ത ഒരു രാമകഥയാണ് എന്നത് 'നിദാന'യുടെ പ്രത്യേകതയാണ്.
അന്യദേശത്തായിരുന്ന ഭരതന്‍ സ്വരാജ്യത്ത് എത്തിയപ്പോഴാണ് വിവരങ്ങളെല്ലാം അറിയുന്നത്. ഭരതന്‍ ഉടനെ പരിവാരസമേതം രാമനെത്തേടി വനത്തിലേക്കു പുറപ്പെടുകയാണ്. സ്വന്തം അമ്മയെ ശകാരിക്കുകയും രാമന്റെ അമ്മയെ സ്വന്തം അമ്മയായിക്കണ്ട് സാന്ത്വനിപ്പിക്കുന്നുമുണ്ട്. ജ്യേഷ്ഠനെ വനത്തില്‍നിന്നും കൂടെ കൊണ്ടുവന്ന് രാജാവായി അവരോധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
സഹോദരങ്ങളെ അന്വേഷിച്ച് കാട്ടിലെത്തിയ ഭരതന്‍, അവരെ ദൂരെക്കണ്ട് തന്റെ രാജകീയമായ എല്ലാ അലങ്കാരങ്ങളും അഴിച്ചുവെച്ച് ഒരു സാദാമനുഷ്യന്റെ നിലയില്‍ ജ്യേഷ്ഠന്റെ അരികിലെത്തി. ഭരതനെ ദൂരേനിന്നു കണ്ടപ്പോഴേ ലക്ഷ്മണന്‍ കോപിഷ്ഠനായിരുന്നു. പക്ഷേ, രാമന്റെ അനുനയത്തില്‍ അടങ്ങി എന്നുമാത്രം. ഭരതന്‍ തന്റെ ഹൃദയവേദനകള്‍ രാമനോടു പറഞ്ഞു. രാമനെ സ്‌നേഹപൂര്‍വം രാജ്യത്തേക്കു ക്ഷണിക്കുകയും ചെയ്തു. പക്ഷേ, പിതാവിന്റെ വാക്കുകളെ ധിക്കരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് രാമന്‍ ഭരതനെ സമാശ്വസിപ്പിച്ചു. രാമന്‍ പന്ത്രണ്ടു വര്‍ഷം കഴിയാതെ രാജ്യത്തേക്കു വരില്ലെന്ന് മനസ്സിലാക്കിയ ഭരതന്‍, അദ്ദേഹത്തിന്റെ മെതിയടികള്‍ ചോദിച്ചുവാങ്ങി. രാമനെ സങ്കല്പിച്ച് സിംഹാസനത്തില്‍ അതുമാത്രം വെക്കാനുള്ള ആഗ്രഹമായിരുന്നു ഭരതന്. അത്രയ്ക്കു ഭ്രാതൃസ്‌നേഹം ഉള്ളവനായിരുന്നു ഭരതന്‍. ഭരതന്റെ സ്‌നേഹപൂര്‍ണമായ അപേക്ഷ നിരസിക്കാന്‍ രാമനു കഴിയാതായി. രാമന്‍ മെതിയടികള്‍ ഭരതനു കൊടുത്തു. ഭരതന്‍ തേങ്ങുന്ന ഹൃദയവുമായി ജാംബുദ്വീപിലേക്ക് ആ മെതിയടികളുമായി തിരിച്ചുപോയി. ഭരതന്റെ സ്‌നേഹാതിരേകം കണ്ട് ലക്ഷ്മണനും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ലക്ഷ്മണന്റെ പശ്ചാത്താപം ആരുമറിയാതെ സ്‌നേഹത്തിന്റെ ദുഃഖബിന്ദുക്കളാവുകയായിരുന്നു.
വനയാത്രയുടെ നീണ്ട 12 വര്‍ഷം കഴിഞ്ഞ് സ്വരാജ്യത്തെത്തിയിട്ടും രാമന്‍ ഭരതനോടുതന്നെ രാജാവായി തുടരാന്‍ പറയുകയാണ്. അതിനു ഭരതന്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ 12 വര്‍ഷം ജ്യേഷ്ഠനുവേണ്ടി ഉരുകിത്തീര്‍ന്നവനാണ് ഭരതന്‍. അതുകൊണ്ടുതന്നെ ആത്മദുഃഖമെല്ലാം തീര്‍ന്ന് ഇനിയെങ്കിലും ശാന്തമായി രാജ്യത്തു കഴിയണമെന്നാണ് ഭരതന്റെ ആഗ്രഹം. ജ്യേഷ്ഠന്റെ ഭരണത്തിന്റെ സമൃദ്ധിയില്‍ അദ്ദേഹത്തിന്റെ സേവകനായി സന്തോഷിക്കണം എന്നതു മാത്രമായിരുന്നു ഭരതന്റെ പ്രാര്‍ഥനയും. ഭരതന്‍ സ്ഥാനമൊഴിഞ്ഞ് ജ്യേഷ്ഠനെ രാജാവായി വാഴിച്ചു. മെതിയടികള്‍ വെച്ച് പൂജിച്ച് ആ പാവനമായ സിംഹാസനം ഭരതന്‍ രാമനായി സമര്‍പ്പിച്ചു. സാര്‍വത്രികമായ സദാചാരംകൊണ്ട് സമ്പന്നമായ ഒരു രാമരാജ്യത്തിനായി ഭരതന്‍ പ്രാര്‍ഥിച്ചു. അതോടെ നിദാന ഓഫ് ദി കിങ് ഓഫ് ടെന്‍ ലക്ഷ്വറിസ് അവിടെ പൂര്‍ണമാവുകയാണ്.
വാല്മീകിരാമായണത്തെ വിമര്‍ശനാത്മകമായി വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണ് മഹാവിഭാഷ. കനിഷ്‌കന്റെ മേല്‍നോട്ടത്തില്‍ അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്നെഴുതിയതാണ് ഈ കൃതി എന്നു വിശ്വസിക്കപ്പെടുന്നു. യുവാന്‍ ച്വാങ് (ഥൗമി ഇവംമിഴ) ആണ് ഇതു ചൈനയില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
രാമായണത്തില്‍ 1200 ശ്ലോകങ്ങളേ ഉള്ളൂ എന്ന് മഹാവിഭാഷയില്‍ പറയുന്നു. ആ വിശദീകരണം ദുര്‍ബലമാണെന്നത് പ്രത്യക്ഷമാണ്. 24,000 ശ്ലോകങ്ങള്‍ രാമായണത്തില്‍ നിക്ഷിപ്തമാണെന്ന് ഏവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മഹാവിഭാഷയിലെ വിശദീകരണങ്ങള്‍ വെറും വിമര്‍ശനപ്രക്രിയ മാത്രമാണ്.
'പിതാവിന്റെ വാക്കുകളെ അനുസരിക്കാത്തവന്‍ പിതൃഭക്തിയുള്ളവനോ ആദരവ് ഉള്ളവനോ അല്ല. എനിക്കു ജന്മം നല്കിയത് ഈ അമ്മയല്ലെങ്കിലും ഇവര്‍ എനിക്ക് അമ്മയാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് ഞാന്‍ ഒരിക്കലും തടസ്സമാകില്ല. അവര്‍ എന്റെ പിതാവിനെ ആദരിക്കുന്നവളും സംരക്ഷിച്ചവളുമാണ്. അതുകൊണ്ടുതന്നെയാണ് അവര്‍ എനിക്ക് യഥാര്‍ഥ അമ്മയാകുന്നത്. രാജാവാകാനുള്ള ഭരതന്‍, വിനയം നിറഞ്ഞവനും ദയാലുവുമാണ്. സത്യസന്ധത അവന്റെ മുഖമുദ്രയുമാണ്. ഇവര്‍ക്കെല്ലാം വേണ്ടപ്പെട്ടവനായ ഞാന്‍ എന്റെ പ്രിയപിതാവിനെ വണങ്ങി അനുഗ്രഹം വാങ്ങി വനയാത്രയ്ക്കു പുറപ്പെടുകയാണ്. മറ്റുള്ളവരും എന്നെ അനുഗ്രഹിച്ചാലും.'
(വിദേശങ്ങളിലെ വിചിത്ര രാമായണം എന്ന പുസ്തകത്തില്‍ നിന്ന്) www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment