39 ഭാര്യമാര്‍, 94 മക്കള്‍, 33 പേരക്കുട്ടികള്‍...
എന്നാല്‍ അതിനപ്പുറം അദ്ദേഹത്തെപ്പറ്റി
വേറേയും ചിലത് അറിയാനുണ്ട്.
വാരാന്തപ്പതിപ്പിനായി മാതൃഭൂമി ലേഖകന്‍
നടത്തിയ യാത്രയും അനുഭവങ്ങളും ഇതാ...
പൂടകളഞ്ഞ് കൂട്ടിയിട്ടിട്ടുണ്ട്. മറ്റ് രണ്ടുപെണ്ണുങ്ങള്‍ കോഴിയിറച്ചി കൊത്തിയരിയുന്ന തിരക്കില്‍.
കല്യാണവിരുന്നിനുള്ള ഒരുക്കങ്ങളൊന്നുമല്ല. സയോണ ചനയുടെ
വീട്ടില്‍ അത്താഴമൊരുങ്ങുകയാണ്.
''വരൂ'', കല്യാണ വീട്ടിലെത്തുന്ന അതിഥികളെയെന്നോണം ചനയുടെ
ഭാര്യ ഹുന്‍ഥര്‍ങ്ങാകി ഞങ്ങളെ സ്വീകരിച്ചിരുത്തി: ''അദ്ദേഹം തോട്ടത്തിലേക്ക് പോയതാണ്. വൈകുന്നേരമേ
തിരിച്ചെത്തൂ.''
വലിയൊരു ഹാളിന്റെ മൂലയാണ് സ്വീകരണമുറി. അവിടെ കല്യാണപ്പുരയിലേതുപോലെ പത്തിരുപത് തീന്‍മേശകളും കസേരകളും. മറ്റൊരു മൂലയിലാണ് അടുക്കള. അവിടെയാണ് തകൃതിയായി പെണ്ണുങ്ങള്‍ പണിയെടുക്കുന്നത്.
''നിങ്ങളാണോ ആദ്യഭാര്യ?'',
എല്ലാം നോക്കി നടത്തുന്ന ഹുന്‍ഥര്‍ങ്ങാകിയോട് ചോദിച്ചു.
''ഹേയ്, ഞാന്‍ ആറാമത്തെയാളാണ്. എനിക്കുതാഴെ 33 ഭാര്യമാര്‍
വേറെയുമുണ്ട് '', അവര്‍ അല്പം
നാണത്തോടെ പറഞ്ഞു.
39 ഭാര്യമാര്‍, 94 മക്കള്‍, 14 മരുമക്കള്‍, 33 പേരക്കുട്ടികള്‍. ലേശം
വലുതാണ് സയോണ ചനയുടെ കുടുംബം. ലോകത്തിലെ ഏറ്റവും വലിയ കുടുംബം!
കുടുംബത്തിന്റെ അംഗബലം
കാണിക്കുന്ന കണക്കുകളും ചിത്രങ്ങളും സ്വീകരണമുറിയില്‍ തൂക്കിയിട്ടിട്ടുണ്ട്. ആ കണക്കിന് ചില ഭേദഗതികള്‍വന്ന കാര്യം ചനയുടെ ഭാര്യ പറഞ്ഞു: ''ആ കണക്ക് രണ്ടുവര്‍ഷം മുമ്പത്തേതാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് ഒരു കുട്ടികൂടിയുണ്ടായി.''
''അപ്പോള്‍ മക്കളുടെ എണ്ണം 95 ആയി അല്ലേ?''
ആറാം ഭാര്യ കണ്ണടച്ച് മനസ്സില്‍ കൂട്ടിനോക്കി. രക്ഷയില്ല: ''ക്ഷമിക്കണം അതെനിക്കറിയില്ല!''
പൊതുവേ, കണക്കില്‍ മോശമാണ് ഇന്നാട്ടുകാര്‍. മിസോറമിന്റെ തലസ്ഥാനമായ അയ്‌സോളില്‍നിന്ന്
നാലു മണിക്കൂര്‍ യാത്രയുണ്ട് മുഖ്യമന്ത്രി ലല്‍തന്‍ഹവ്‌ലയുടെ സെര്‍ചിപ് ജില്ലയിലുള്ള ബാക്‌തോങ് ഗ്രാമത്തിലേക്ക്. മുളങ്കാടിന്റെ പച്ചപുതച്ച മലനിരകളുടെയും അഗാധ ഗര്‍ത്തങ്ങളുടെയും ഇടയിലൂടെ വെട്ടിയുണ്ടാക്കിയ റോഡ് മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതുമായി താരതമ്യംചെയ്യുമ്പോള്‍ എത്രയോ ഭേദമാണ്.
കൊടും കാട്ടില്‍ കിലോമീറ്ററുകള്‍ താണ്ടിയാല്‍ മുളമ്പായകൊണ്ട് മറച്ച് തകരമേല്‍ക്കൂരയിട്ട കുടിലുകളുമായി ബാക് തോങ് ഗ്രാമം. കൂട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നാലുനില കോണ്‍ക്രീറ്റുകെട്ടിടം കണ്ടാലുറപ്പിക്കാം, സയോണയുടെ വീടെന്ന്. 22
കിടപ്പുമുറികളും വിശാലമായ ഹാളുകളുമായി വലിയൊരു ഹോട്ടല്‍ പോലെ കാടിനുനടുവില്‍ മലയുടെ മുകളില്‍ അത് പന്തലിച്ച് കിടക്കുകയാണ്.
സ്വീകരണമുറിയില്‍ സിംഹാസനംപോലെ സയോണയുടെ കസേര.
ചുവരില്‍ ചില്ലുകൂട്ടിലെ കുടുംബചിത്രങ്ങളില്‍ മിക്കതും വിദേശത്തുനിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ എടുത്തുനല്‍കിയതാണ്. ഇന്ത്യയുടെ വടക്കുകിഴക്കേ മുനമ്പില്‍ മ്യാന്‍മറിനും
ബംഗ്ലാദേശിനുമിടയിലായി കിടക്കുന്ന മിസോറമില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്ന പ്രത്യേക അനുമതിപത്രം
വാങ്ങി വിദേശ മാധ്യമപ്രവര്‍ത്തകരെത്തുന്നത് സയോണയെ കാണാന്‍കൂടി വേണ്ടിയാണ്. ലോകാത്ഭുതങ്ങളുടെ കൂട്ടത്തിലാണ് അവര്‍ ഈ കുടുംബത്തെ പെടുത്തിയിരിക്കുന്നത്.
ഇങ്ങനെയെത്തുന്ന സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മിസോയിലും ഇംഗ്ലീഷിലും അച്ചടിച്ച് ചുവരില്‍ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. അതിങ്ങനെ പോകുന്നു: ''ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായതുകൊണ്ട് സയോണ ചനയെ കാണാന്‍ ധാരാളം പേരെത്തുന്നുണ്ട്. വരുന്നവര്‍ കിടപ്പുമുറിയില്‍ അനുമതിയില്ലാതെ പ്രവേശിക്കരുത്. ഭാര്യമാരോട് സംസാരിച്ച് ജോലി തടസ്സപ്പെടുത്തരുത്. കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ എടുക്കരുത്. ആചാര മര്യാദകള്‍ പാലിക്കണം''.
ആചാരമര്യാദകള്‍ പ്രധാനമാണ്. കാരണം, ഈ കുടുംബത്തിന്റെ മാത്രമല്ല, ചനാ പോള്‍ എന്ന ഉപഗോത്രത്തിന്റെകൂടി നാഥനാണ് സയോണ. ചനാവിഭാഗത്തിലുള്ളവര്‍ക്ക് എത്ര കല്യാണവും കഴിക്കാം. അനുയായികള്‍ക്ക് മാതൃകയാവാനാവണം സയോണ 39 കല്യാണം കഴിച്ചത്.
പിന്‍ഭാഗം തുറന്നൊരു ജീപ്പ് വീടിനുമുന്നിലേക്ക് വന്നു. പാന്റും ഷര്‍ട്ടും കോട്ടും കൗബോയ് തൊപ്പിയും ധരിച്ച് ഒരാള്‍ ഇറങ്ങി: കഥാനായകന്‍ സയോണ ചന!
പിന്നില്‍ തോക്കും വടിവാളുമേന്തി കുറേ ചെറുപ്പക്കാര്‍. കാട്ടിനുനടുവിലെ കൃഷിയിടത്തില്‍നിന്നുള്ള വരവാണ്. ഉടുപ്പില്‍ ചെളിപുരണ്ടിട്ടുണ്ട്. വയസ്സ് എഴുപതായെങ്കിലും ആരോഗ്യത്തിന് കുറവൊന്നുമില്ല സയോണയ്ക്ക്. കേരളത്തില്‍നിന്ന് എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ കൈ തന്ന്, ഇരിക്കാന്‍ നിര്‍ദേശിച്ച് അദ്ദേഹം മുകളിലേക്ക് കയറിപ്പോയി. അവിടെയാണ് കിടപ്പുമുറി.
പുറത്തുനിന്ന് കാണുമ്പോള്‍ വമ്പന്‍ വീടാണെങ്കിലും സാധാരണ കര്‍ഷകഭവനത്തിലെ അന്തരീക്ഷമാണ് വീട്ടിനുള്ളില്‍. അകത്ത് സ്ത്രീകള്‍മാത്രമേയുള്ളൂ. ആരും വെറുതെയിരിക്കുന്നില്ല. ഹാളിന്റെ ഒരു മൂലയില്‍ അരമതിലിനപ്പുറത്ത് നാലഞ്ച് ഭാര്യമാര്‍ തുണി കഴുകുന്നു. അവിടന്നുമിവിടന്നുമായി പല പ്രായത്തില്‍, പല വേഷങ്ങളില്‍ പെണ്ണുങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അതില്‍ ഏതൊക്കെയാണ് ഭാര്യമാര്‍? ഏതൊക്കെയാണ് മക്കളും മരുമക്കളും?
പലവിധ ജോലികളില്‍ മുഴുകി,
സന്ദര്‍ശകരെ ശ്രദ്ധിക്കുകപോലും ചെയ്യാതെ, എണ്ണയിട്ട യന്ത്രംപോലെ അവര്‍ പട്ടാളച്ചിട്ടയില്‍ ജോലികളിലാണ്. അയ്‌സോളിലെ ചന്തകളില്‍ ഭര്‍ത്താവിനെ പിന്നില്‍നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്ന ലുഷായ് വനിതകളില്‍ കാണുന്ന അധികാരഭാവമില്ല
ഇവിടത്തെ വീട്ടമ്മമാരുടെ മുഖത്ത്. സയോണയെ അവര്‍ ദൈവത്തെപ്പോലെകണ്ട് ആരാധിക്കുന്നു.
ആറാം ഭാര്യപോയി ആദ്യ ഭാര്യ ജത്തിയാംഗിയെ വിളിച്ചുകൊണ്ടുവന്നു. 73 വയസ്സിന്റെ അവശതകളുണ്ടെങ്കിലും അവര്‍ക്കാണ് വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം. ''ഇവിടെ അധികാരത്തര്‍ക്കങ്ങളോ സൗന്ദര്യപ്പിണക്കങ്ങളോ ഇല്ല, തികഞ്ഞ സ്‌നേഹത്തോടെ ഒത്തൊരുമയോടെ ഞങ്ങളിവിടെ കഴിയുന്നു'' , അവര്‍ പറഞ്ഞു.
പ്രായം കുറഞ്ഞൊരു സുന്ദരി അതിനിടയില്‍ കടന്നുവന്നു. ചനയുടെ
ഇളയ ഭാര്യയാവും എന്ന് ഊഹിച്ചു.
സയോണയുടെ വിശാലമായ കിടപ്പറ പങ്കിടാന്‍ ഊഴക്രമമനുസരിച്ച് എല്ലാ ഭാര്യമാര്‍ക്കും അവസരം ലഭിക്കുന്നു.
ഒരാള്‍ സയോണയ്‌ക്കൊപ്പം കഴിയുമ്പോള്‍ മറ്റുള്ള ഭാര്യമാരെല്ലാം ഡോര്‍മിറ്ററിയില്‍ ഒരുമിച്ച് ഉറങ്ങും. ബാക്കിയുള്ള കിടപ്പുമുറികള്‍ കല്യാണം കഴിച്ച മക്കള്‍ക്കുള്ളതാണ്. അടുക്കള ഒന്നേയുള്ളൂ. പാചകവും ഭക്ഷണവും ഒരുമിച്ച്. ഭാര്യമാരുടെ കഥകള്‍ കേട്ട് കുറേനേരം
കഴിഞ്ഞിട്ടും സയോണയെ താഴേക്ക് കാണുന്നില്ല.
''അദ്ദേഹം കുളികഴിഞ്ഞ് വിശ്രമിക്കുകയാണ്. ഇനി പുറത്തേക്കുവരില്ല'', ക്രമനമ്പറില്‍ പ്രായംകൊണ്ട് ഇരുപത്തിനാലാമത്തേതാവാന്‍ സാധ്യതയുള്ള ഒരു ഭാര്യ പറഞ്ഞു.
''ഞങ്ങള്‍ കാത്തിരിക്കുന്ന കാര്യം പറയാമോ?''
''അയ്യോ, അങ്ങോട്ട് കയറിച്ചെല്ലാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല.''
''ഇനിയെന്തുചെയ്യും?''
''നിങ്ങള്‍ എവിടന്ന് വന്നെന്നാണ് പറഞ്ഞത്?'', ചെറുപ്പക്കാരി ഭാര്യ നല്ല ഇംഗ്ലീഷില്‍ ചോദിച്ചു: ''ഞാനൊന്ന്
പറഞ്ഞുനോക്കാം''.
സയോണയുടെ മുറിയില്‍ കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഇവര്‍
തന്നെയാവണം ഏറ്റവും പുതിയ മണവാട്ടി. ''അല്ലേ?'', ഞാന്‍ ചോദിച്ചു.
''അല്ല, ഞാന്‍ മരുമകളാണ്. ഇളയമ്മ ഇവിടെയില്ല. അവര്‍ക്കിന്ന് തോട്ടത്തിലാണ് പണി'', അവര്‍ പറഞ്ഞു.
മരുമകളുടെ അഭ്യര്‍ഥന ഫലിച്ചു. സയോണ വഴങ്ങി.
''എന്റെ ഇഷ്ടത്തിന് കല്യാണം കഴിച്ചുകൂട്ടുകയല്ല ഞാന്‍. ഇത് ദൈവനിയോഗമാണ് '', സയോണ ചന പറഞ്ഞു. പതിനേഴാം വയസ്സിലായിരുന്നു ആദ്യവിവാഹം. വരനേക്കാള്‍ മൂന്നുവയസ്സ് കൂടുതലുണ്ടായിരുന്നു വധുവിന്. പിന്നെ ഒന്നൊന്നായി ഭാര്യമാര്‍ കടന്നുവന്നു. യൗവനത്തിളപ്പില്‍ ഒരൊറ്റ വര്‍ഷംകൊണ്ട് പത്ത് കല്യാണംവരെ കഴിച്ചിട്ടുണ്ട് അദ്ദേഹം. അതൊക്കെ ഒരു കാലം! ചനാ പോളിന്റെ വികസനത്തിനുവേണ്ടി താന്‍ ഇനിയും കല്യാണത്തിന് തയ്യാര്‍.
സയോണയുടെ അച്ഛന്‍ ചനയാണ് ഈ ഉപഗോത്രത്തിന്റെ സ്ഥാപകന്‍. മിസോ എന്നറിയപ്പെടുന്ന ഇവിടത്തെ
പ്രബലഗോത്രത്തില്‍ 32 ഉപഗോത്രങ്ങളുണ്ട്. 87
ശതമാനം പേരും ക്രിസ്തുമത വിശ്വാസികളാണെങ്കിലും
ഓരോ ഗോത്രവും അവരുടേതായ ആചാരാനുഷ്ഠാനങ്ങള്‍ തുടരുന്നു.
സയോണയുടെ അച്ഛന്‍ ചനായെ തന്നിഷ്ടപ്രകാരം പലവട്ടം കല്യാണം
കഴിച്ചതിന്റെ പേരില്‍ കത്തോലിക്കാസഭ പുറത്താക്കിയതായിരുന്നു.
അപ്പോഴാണ് അദ്ദേഹത്തിന് ദൈവവിളിയുണ്ടായത്. ക്രിസ്തുമാര്‍ഗത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ അദ്ദേഹം
സ്വന്തമായൊരു ഉപഗോത്രത്തിന് രൂപംനല്‍കി. അതാണ് ചനാ പോള്‍. അനുയായികള്‍ക്ക് എത്ര കല്യാണം
കഴിക്കാനും അനുമതിനല്‍കി. ബഹുഭാര്യാത്വം ഗോത്ര നിയമമായി.
400 കുടുംബങ്ങളില്‍നിന്നായി 4,000 അംഗങ്ങളുണ്ട് ചനാ പോളില്‍
ഇപ്പോള്‍. ചനയുടെ കാലശേഷം
മകന്‍ സയോണ ഗോത്രത്തലവനായി. ബഹുഭാര്യാത്വം എന്ന അവകാശത്തിന് അദ്ദേഹം പുതിയ മാനങ്ങള്‍ നല്‍കി.
ഗോത്രത്തിന് സ്വന്തമായി കൃഷിയിടവും പന്നിവളര്‍ത്തുകേന്ദ്രവുമുണ്ട്.
വീട്ടിലേക്കുവേണ്ട ഭക്ഷണം ഇവിടന്ന് കിട്ടും. ഇതിനുപുറമെയാണ് മരംകൊണ്ട് വീട്ടുസാധനങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന ബിസിനസ്. ആണ്‍മക്കള്‍ക്കാണ് അതിന്റെ ചുമതല. ഇതാണ്
കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗം. പ്രാര്‍ഥിക്കാന്‍ വീട്ടുമുറ്റത്തുതന്നെ പള്ളി. തൊട്ടടുത്ത് സ്‌കൂള്‍.
വൈകുന്നേരമായപ്പോള്‍ അവിടെ പ്രാര്‍ഥനഗാനം മുഴങ്ങി. ''അവര്‍ പാടുന്നതെന്താണെന്നറിയുമോ. പു ചനാ പോള്‍ നീണാള്‍ വാഴട്ടെയെന്ന്...''
മിസോ ഭാഷയറിയുന്ന സുഹൃത്ത് പറഞ്ഞുതന്നു. പു എന്നാല്‍ മിസോ ഭാഷയിലെ മിസ്റ്ററാണ്. പോള്‍
എന്നാല്‍ സംഘം എന്നര്‍ഥം. സ്വന്തമായി ലിപിയില്ലാത്തതുകൊണ്ട് റോമന്‍ അക്ഷരങ്ങളിലാണ് എഴുത്തെങ്കിലും മിസോകളെല്ലാം കടുത്ത ഭാഷാഭിമാനികളാണ്.
''ഗ്രാമങ്ങളിലെ പാവപ്പെട്ട പെണ്ണുങ്ങളെയാണ് അച്ഛന്‍ കല്യാണം കഴിക്കുന്നത്. അങ്ങനെ അവര്‍ക്കൊരു
ജീവിതം കൊടുക്കുകയാണദ്ദേഹം'',
മൂത്തമകന്‍ പാര്‍ലിയാന, ഗോത്രത്തിന്റെ ബഹുഭാര്യാശീലത്തിന് പുതിയൊരു വ്യാഖ്യാനം നല്‍കി. മൂത്തമകന് 52 വയസ്സായി. അച്ഛന്റെ ഇളയഭാര്യക്ക് 33 വയസ്സേയുള്ളൂ. പാര്‍ലിയാനയ്ക്ക് ഭാര്യമാര്‍ രണ്ടേ ആയിട്ടുള്ളൂ.
പക്ഷേ, മക്കള്‍ 14 ആയി. അനിയന്‍ മിംഗ്താന്‍സാവ കുറച്ച് മോശമാണ്. ഒരു ഭാര്യയേ ഉള്ളൂ, ഒരു മകനും.
''എനിക്കതുമതി'', മിംഗ് നയം വെളിപ്പെടുത്തി: ''ബഹുഭാര്യത്വം ആകാമെന്നേ ചനാ പോള്‍ പറയുന്നുള്ളൂ. അത് നിര്‍ബന്ധമൊന്നുമല്ല.'' www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment