ഒളിഞ്ഞും തെളിഞ്ഞും അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന കെജ്രിവാളിനോടും ആം ആദ്മിയോടും ഒരു ചോദ്യം… ഇന്ത്യ-യുഎസ് ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ദേവയാനി ഘോബ്രഗഡേ വിഷയത്തില്‍ ആത്മരോഷം പ്രകടിപ്പിക്കാന്‍ പോലും നിങ്ങള്‍ തയാറാകാത്തതെന്തുകൊണ്ടാണ്? അത് അഴിമതിയുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതുകൊണ്ടോ അതോ അമേരിക്കയില്‍ നിന്നു ഫോര്‍ഡ് ഫൗണ്ടേഷന്‍ വഴി ലഭിക്കുന്ന പണം നിന്നുപോകുമെന്ന ഭയം കൊണ്ടോ? അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ള ഫോര്‍ഡ് ഫൗണ്ടേഷന്‍ കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ എന്‍ജിഒകള്‍ക്കും ഇന്ത്യയില്‍ സമരകോലാഹലങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും പണം വാരിയെറിയുകയാണ്. എന്തിന് കോടിക്കണക്കിന് രൂപ ഫോര്‍ഡ് ഫൗണ്ടേഷന്‍ നല്‍കുന്നു? മറ്റു രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രസിക്കുന്ന അമേരിക്കന്‍ കുബുദ്ധി തന്നെയാണ് ഒറ്റ വാക്കില്‍ ഉത്തരം. കൂടാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അവസാനം വില പേശി അമേരിക്കന്‍ വ്യാപാര താല്‍പ്പര്യങ്ങള്‍ വിജയിപ്പിക്കുക എന്ന അന്തിമ ലക്ഷ്യം കൂടിയുണ്ട് ഇത്തരം അപ്പക്കഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതിനു പിന്നില്‍.
അരവിന്ദ് കെജ്രിവാള്‍ എന്ന പ്രതിഭാസത്തെ 2000 മുതല്‍ ചെല്ലും ചെലവും കൊടുത്ത് ഊട്ടിപ്പോറ്റിയത് ഫോര്‍ഡ് ഫൗണ്ടേഷന്‍ ആണ്. 2001ലെയും 2005ലെയും ഫോര്‍ഡ് ഫൗണ്ടേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് അനുസരിച്ച് മൊത്തം 2,52,000 ഡോളര്‍ കെജ്‌രിവാളും കൂട്ടാളി മനീഷ്
സിസോദിയയും നടത്തുന്ന പരിവര്‍ത്തന്‍, കബീര്‍ എന്നീ സംഘടനകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണം, വിവരാവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, മീഡിയാ അവെയര്‍നസ് (വേണമെങ്കില്‍ പെയ്ഡ് ന്യൂസ് എന്നും വായിക്കാം) എന്നീ കാര്യങ്ങള്‍ക്കാണ് കെജ്രിവാളിന്റെ സംഘടനകള്‍ക്ക് പണം നല്‍കിയത്. എന്തിന് പണം നല്‍കി എന്നതിലുപരി എങ്ങനെ കെജ്രിവാള്‍ പണം കൈപ്പറ്റി എന്നതാണ് കാതലായ ചോദ്യം. ഈ പണം കൈപ്പറ്റിയ കാലയളവില്‍ കെജ്രിവാള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോയിന്റ് കമ്മീഷണര്‍ ആയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെ എന്‍ജിഒ പ്രസ്ഥാനം നടത്തി എന്നത് വോറൊരു ചോദ്യം. സാധാരണ ഗതിയില്‍ ജയിലില്‍ കിടക്കേണ്ട കുറ്റം ആണിത്. എങ്ങനെ ആഭ്യന്തര മന്ത്രാലയം ഈ പണം സ്വീകരിക്കാന്‍ അനുമതി നല്‍കി. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. ഇക്കാലയളവില്‍ സോണിയാഗാന്ധിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി അരുണാ റോയിയുടെ അരുമ ശിഷ്യനാണ് കെജ്രിവാള്‍. ശിഷ്യന് കിട്ടിയതിന്റെ പത്തിരട്ടി ഗുരു ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും മേടിച്ചിട്ടുണ്ടാവാമെന്ന് ഇതില്‍ നിന്നു തന്നെ ഊഹിക്കാവുന്നതാണ്. ഏകദേശം നൂറു കോടിയോളം രൂപ പല വിദേശ സംഘടനകളില്‍ നിന്നും കെജ്രിവാള്‍ പറ്റിയിട്ടുണ്ട്. അധികം കിടന്നു കളിച്ചാല്‍ ആഭ്യന്തര മന്ത്രാലയവും ഇന്‍കം ടാക്‌സും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും പിടി മുറുക്കും. ഈ പിടിമുറുക്കലുകള്‍ അവസാനം രാഷ്ട്രീയ വിലപേശലുകളില്‍ കലാശിക്കും. ഫോര്‍ഡ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ 2008 മുതലുള്ള സംഭാവനകളുടെ കണക്ക് ഉണ്ട്. പുറത്തു പറയാന്‍ പറ്റുന്ന കണക്കുകളേ ഇതിലുള്ളൂ. ഫോര്‍ഡ് ഫൗണ്ടേഷനെ കൂടാതെ ഒരുപാട് തരികിട വിദേശ സംഘടനകള്‍ സ്വവര്‍ഗ രതിക്കാരുടെ നിയമ യുദ്ധത്തിനും തെരുവുകളില്‍ നടത്തിയ സമര പേക്കൂത്തുകള്‍ക്കും 100 കോടിയില്‍പരം രൂപ നല്‍കിയിട്ടുണ്ട്. ലോയേഴ്‌സ് കളക്ടീവിന്റെ നടത്തിപ്പുകാരി ഇന്ദിരാ ജയ്‌സിങ് കഴിഞ്ഞ വര്‍ഷം മേടിച്ചത് 12,40,000 ഡോളര്‍ ആണെന്ന് ഫോര്‍ഡ് ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്ങനെ സര്‍ക്കാര്‍ വക്കീല്‍ ( അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍) പണം മേടിക്കുന്നു. ഉത്തരം ഇന്ദിരാ ജയ്‌സിങിന്റെ ഭരണ കേന്ദ്രങ്ങളുമായുള്ള അടുപ്പം തന്നെ. ഇന്ത്യയിലെ മിക്ക പത്രങ്ങളിലും ലേഖനം എഴുതുന്ന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് നടത്തിപ്പുകാരനായ പ്രതാപ് ഭാനു മേത്തക്ക് കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും കിട്ടിയത് 6,87,000 ഡോളര്‍ ആണ്.
ഈയിടെ ആം ആദ്മി പാര്‍ട്ടിയുടെ ഗുരുസ്വാമി ആയി അവതരിച്ച യോഗേന്ദ്ര യാദവ് കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് ഫൊണ്ടേഷനില്‍ നിന്നും കൈപ്പറ്റിയത് 3,50,000 ഡോളര്‍ ആണ്. കുറെക്കാലം മകന് ലോകകാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സോണിയാഗാന്ധി നിയോഗിച്ച അധ്യാപകക്കൂട്ടത്തില്‍ പെട്ടയാളാണ് യോഗേന്ദ്ര യാദവ്. പിന്നെങ്ങനെ ആഭ്യന്തര മന്ത്രാലയത്തിലെയും ഇന്‍കം ടാക്‌സിലെയും ഉദ്യോഗസ്ഥര്‍ യാദവിനെതിരെ നടപടിയെടുക്കും.
ടീസ്ത സെതല്‍വാദ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫോര്‍ഡ് ഫൗണ്ടേഷന്റെ ചെലവിലാണ് കാര്യങ്ങള്‍ കൊണ്ടു പോകുന്നത്. 2008 ല്‍ 2,50,000 ഡോളര്‍ ആണ് ഇവര്‍ കൈപ്പറ്റിയത്. ഫോര്‍ഡ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മതസൗഹാര്‍ദ്ദ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഈ തുക നല്‍കിയിരിക്കുന്നത്. എന്നാല്‍ ടീസ്ത സെതല്‍വാദ് നടത്തുന്നതോ വീണ്ടും വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ രാദാസിന്റെ മകള്‍ കവിതാ രംദാസ് ആണ് ഫോര്‍ഡ് ഫൗണ്ടേഷന്റെ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ മേധാവി. അഡ്മിറല്‍ രാംദാസ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി പരിപാടികളില്‍ സജീവം ആണ്. കൂടാതെ കൂടംകുളം, ജയ്താപൂര്‍ ആണവവിരുദ്ധ സമരങ്ങളിലും നടക്കാന്‍ പറ്റിയില്ലെങ്കിലും ഈ വന്ദ്യവയോധികന്‍ പറന്നെത്തും. കൂടംകുളം നടപ്പാക്കുന്നത് റഷ്യയും ജയ്താപൂര്‍ നടപ്പാക്കുന്നത് ഫ്രാന്‍സും ആണ്. രണ്ടിടത്തും കൂടി ഏകദേശം ഒന്നര ലക്ഷം കോടി രൂപയുടെ റിയാക്ടറുകള്‍ സ്ഥാപിക്കാനിരിക്കുന്നതേയുള്ളൂ. ഇതില്‍ അമേരിക്കന്‍ സ്ഥാപനങ്ങളെ കൂടെ പങ്കാളിയാക്കിയാല്‍ ഈ കൂലിക്കെടുത്ത സമരാഭാസം ഒക്കെ പൊടുന്നനെ അവസാനിക്കും. മേല്‍പറഞ്ഞ മഹദ് വ്യക്തികളില്‍ ആരെങ്കിലും ദേവയാനി പ്രശ്‌നത്തില്‍ ഒരക്ഷരം മിണ്ടിയോ. മിണ്ടിയാല്‍ വിവരം അമേരിക്ക അറിയിക്കും. മാസാമാസം ബാങ്കില്‍ ഡോളര്‍ എത്തില്ല എന്ന് ചുരുക്കം. മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് എത്ര ശരി.
ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം. ആം ആദ്മി ആയാലും അരവിന്ദ് കെജ്രിവാള്‍ ആയാലും പണം കിട്ടാന്‍ വേണ്ടി എന്തു വേഷവും കെട്ടുമെന്നു സാരം.അനില്‍ അംബാനിയുടെ വൈദ്യുത വിതരണ കമ്പനിക്ക് സബ്‌സിഡി നല്‍കുന്നതിനും ഒരു വിഭാഗത്തെ മാത്രം ഡല്‍ഹി നിവാസികളായി കാണാനും … പറഞ്ഞാല്‍ തീരില്ല ഇത്തരത്തില്‍ കെജ്രിവാളിന്റെ മാഹാത്മ്യം. ജന്‍ലോക്പാല്‍ എന്ന ആശയവുമായി കൂടെയുള്ളവരെല്ലാം വിട്ടുപോയപ്പോള്‍ രക്താക്ഷിയായി രാജിവെച്ചൊഴിഞ്ഞു കെജ്രിവാള്‍.
ഇതിനിടയിലാണ് അഴിമതി വിരുദ്ധ സമരത്തിന്റെ നായകന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന വി.എസ്. അച്യുതാനന്ദനെ ആം ആദ്മിയിലേക്ക് കെജ്രിവാള്‍ ക്ഷണിക്കുന്നത്. എന്നാല്‍ അച്യുതാനന്ദന്‍ ആ ക്ഷണത്തെ നിരാകരിക്കുന്ന വിധത്തിലാണ് മറുപടി നല്‍കിയത്. ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നു പണം വാങ്ങി രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന സമരങ്ങള്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കുന്ന ഈ മുന്‍ മുഖ്യനും ജീവിച്ചിരിക്കുമ്പോള്‍ തന്റെ സ്ഥാനം തെറിക്കരുതെന്ന ആഗ്രഹത്തോടെ തന്നെ വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തെ അധിക്ഷേപിച്ചു നില്‍ക്കുന്ന പ്രതിപക്ഷ നേതാവും ഒരേ പാര്‍ട്ടിയില്‍ ഒന്നിക്കുന്നതില്‍ തെറ്റുപറയാന്‍ പറ്റുമോ?
No comments:
Post a Comment