ഗര്‍ഭിണി അറിഞ്ഞിരിക്കേണ്ടത് ബന്ധുക്കളും
ഗര്‍ഭിണിയാണെന്ന് തിരിച്ചറിയപ്പെടുന്ന ആദ്യ പരിശോധന മുതല്‍ ലേബര്‍ റൂം വരെ അവര്‍ പിന്‍തുടരേണ്ട ചില മര്യാദകള്‍. ഗര്‍ഭിണി മാത്രമല്ല ലേബര്‍ റൂമിന് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കളും ആ മര്യാദകള്‍ പാലിക്കണം
ലേബര്‍ റൂം എന്ന് കേള്‍ക്കുമ്പോഴേ ഒരു ചങ്കിടിപ്പ്. എന്തെന്നറിയാത്ത ആധി. അത് സ്വാഭാവികമാണ്. ഒരു പുതിയ അതിഥിയെ സ്വീകരിക്കാനുള്ള മനസൊരുക്കത്തോടെ വേണം ലേബര്‍ റൂമില്‍ പ്രവേശിക്കാന്‍. അപ്പോള്‍ വേദനയുടെ തീവ്രത ആ സന്തോഷത്തില്‍ അലിഞ്ഞില്ലാതാകും. ലേബര്‍ റൂമില്‍ ഗര്‍ഭിണിയും അറിഞ്ഞിരിക്കേണ്ട ചില പെരുമാറ്റ രീതികള്‍ ഉണ്ട്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയപ്പെടുന്ന ആദ്യ പരിശോധന മുതല്‍ ലേബര്‍ റൂം വരെ അവര്‍ പിന്‍തുടരേണ്ട ചില മര്യാദകള്‍. ഗര്‍ഭിണി മാത്രമല്ല ലേബര്‍ റൂമിന് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കളും ആ മര്യാദകള്‍ പാലിക്കണം.
ഡോക്‌ടറെ കാണുമ്പോള്‍
പരിശോധനയ്‌ക്കായി ആദ്യമായി ഡോക്‌ടറുടെ മുന്നിലെത്തുമ്പോള്‍ വസ്‌തുനിഷ്‌ഠമായ വിവരങ്ങള്‍ വേണം നല്‍കാന്‍. ഗര്‍ഭാവസ്‌ഥയില്‍ എന്തെങ്കിലും അസ്വഭാവികതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വിശദമായി പറയണം. ഗര്‍ഭിണിക്ക് മറ്റെന്തെങ്കിലും രോഗങ്ങളുണ്ടോ കുടുംബാംഗങ്ങള്‍ക്ക് പാരമ്പര്യമായി എന്തെങ്കിലും അസുഖങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഡോക്‌ടര്‍ക്ക് ആവശ്യം.
വീട്ടില്‍വച്ചു തന്നെ ഡോക്‌ടറോടു പറയേണ്ട വിവരങ്ങള്‍ ഓര്‍ത്തെടുത്തു വന്നാല്‍ അത് എളുപ്പമായിരിക്കും. ചികിത്സയെക്കുറിച്ചുള്ള മുന്‍വിധികളോടെഡോക്‌ടറെ കാണാന്‍ പോകരുത്. വിവരങ്ങളും അസ്വസ്‌ഥതകളും ഡോക്‌ടറോടു പറഞ്ഞശേഷം ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ചികിത്സയാണ് അനുവര്‍ത്തിക്കേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ പറഞ്ഞു തരുന്ന അശാസ്‌ത്രീയമായ വിവരങ്ങള്‍ക്കു പുറകേ പോകരുത്. മറ്റു ആശുപത്രിയില്‍നിന്നും പുതിയ ഡോക്‌ടറെ കാണാന്‍ വരുമ്പോള്‍ അതുവരെ ചികിത്സിച്ച രേഖകളെല്ലാം നിര്‍ബന്ധമായും കൊണ്ടുവരണം. ഡോക്‌ടറെ കാണാന്‍ വരുമ്പോള്‍ അന്ന് അപ്പോയിന്‍മെന്റ് ഉണ്ടോ ഒ.പി സമയം എപ്പോഴാണ് ഇതെല്ലാം നേരത്തെ വിളിച്ച് മനസിലാക്കണം. ചിലപ്പോള്‍ ഡോക്‌ടര്‍ പറഞ്ഞ സമയത്തുതന്നെ കൃത്യമായി കാണാന്‍ പറ്റിയെന്നു വരില്ല. കാരണം അത്യാവശ്യ കേസുകള്‍ അതിനിടയ്‌ക്ക് ഡോക്‌ടര്‍ക്ക് നോക്കേണ്ടതായും വരാം. ഇത്തരം കാര്യങ്ങള്‍ മനസിലാക്കി വേണം ആശുപത്രിയിലേക്ക് പുറപ്പെടാന്‍.
മരുന്നിന്റെ അലര്‍ജി ഉണ്ടോ മുന്‍മ്പ് എന്തെങ്കിലും അസുഖങ്ങള്‍ വന്നിട്ടുണ്ടോ ഇപ്പോഴും മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്തെങ്കിലും ശസ്‌ത്രക്രിയകള്‍ ചെയ്‌തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഡോക്‌ടര്‍ ചോദിച്ചു മനസിലാക്കാറുണ്ട്. എന്തെങ്കിലും കാരണവശാല്‍ ഈ കാര്യങ്ങള്‍ ചോദിക്കാന്‍ വിട്ടുപോയാല്‍ ആ വിവരങ്ങള്‍ ഡോക്‌ടറെ ധരിപ്പിക്കേണ്ടത് ഗര്‍ഭിണിയുടെ കടമയാണ്. അപസ്‌മാരം, മനോരോഗം തുടങ്ങിയ പ്രശ്‌നങ്ങളുള്ള സ്‌ത്രീകള്‍ ചിലപ്പോള്‍ ആ കാര്യങ്ങള്‍ മറച്ചുവച്ചായിരിക്കും കല്യാണം കഴിച്ചത്. ഡോക്‌ടറോടു ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കുടുംബജീവിതം തകരുമെന്ന പേടിയില്‍ വിവരങ്ങള്‍ മറച്ചുവയ്‌ക്കരുത്. ഇത് ഗര്‍ഭിണിയുടെ ജീവനുതന്നെ ഭീക്ഷണിയാണ്. വീട്ടുകാരുടെ മുമ്പില്‍വച്ചു പറയുന്നത് കുടുംബജീവിതത്തെ ബാധിക്കുമെങ്കില്‍ ഡോക്‌ടറെ തനിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കണം.
പ്രസവവേദന തിരിച്ചറിയാം
ഓരോ ചെറിയ വേദനയും പ്രസവവേദനയാണോയെന്ന് തെറ്റിദ്ധരിക്കപ്പെടാം. പ്രസവവേദനയാണോ അല്ലയോ എന്നറിയാന്‍ ചില പ്രാഥമിക പാഠങ്ങള്‍ ഗര്‍ഭിണിയും വീട്ടുകാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ചില ക്ലാസുകള്‍ മിക്ക ആശുപത്രികളിലും ഗര്‍ഭിണിക്ക് നല്‍കാറുണ്ട്. ഈ സമയത്ത് ഗര്‍ഭിണി മടികൂടാതെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം. വേദനയുടെ ലക്ഷണം കണ്ടാലും അധികം ഉത്‌കണ്‌ഠപ്പെടാതെ ഒരു മണിക്കൂര്‍ നിരീക്ഷിക്കുക. പ്രസവവേദനയാണെങ്കില്‍ ഒരിക്കലും അതിന്റെ കാഠിന്യം കുറയില്ല. പതുക്കെ പതുക്കെ കൂടിവരും. ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാം.
പ്രസവവേദനയാണെന്ന് മനസിലായാല്‍ ഭക്ഷണം കഴിപ്പിച്ച് വയറുനിറയ്‌ക്കുന്ന രീതി തെറ്റാണ്. കാരണം സാധാരണ പ്രസവമാണോ അതോ സിസേറിയന്‍ വേണ്ടിവരുമോ എന്ന് ആശുപത്രിയിലെത്തിയാലേ അറിയാന്‍ കഴിയൂ. സാധാരണ പ്രസവമായിരിക്കുമെന്ന് ഡോക്‌ടര്‍ നേരത്തെ പറഞ്ഞാലും അടിയന്തിരമായി ശസ്‌ത്രക്രിയ വേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ട്.
പ്രഗ്നന്‍സി കിറ്റ് തയാറാക്കുക
എട്ടുമാസം കഴിയുമ്പോള്‍ തന്നെ ഒരു പ്രഗ്നന്‍സി കിറ്റ് വീട്ടില്‍ തയാറാക്കി വയ്‌ക്കണം. അതിന് ആദ്യം അറിയേണ്ടത് ഓരോ ആശുപത്രിയുടെയും നിയമങ്ങളാണ്. കുഞ്ഞിനു വേണ്ടി എന്തെല്ലാം കരുതണം, നിങ്ങള്‍ പോകുന്ന ആശുപത്രിയില്‍ ഗര്‍ഭിണിക്കുള്ള വസ്‌ത്രം കൊടുക്കുമോ അതോ വീട്ടില്‍നിന്നു കൊണ്ടുവരണമോ എന്നൊക്കെ മൂന്‍കൂട്ടി ചോദിച്ച് മനസിലാക്കണം. കുഞ്ഞിനെ പൊതിയാനുള്ള തുണി, അമ്മയുടെ വസ്‌ത്രങ്ങള്‍ ഇതൊക്കെ കൈയില്‍ കരുതിയിരിക്കണം.
കുഞ്ഞിനെ പൊതിയാന്‍ മൃദുവായ കോട്ടണ്‍തുണികളാണ് നല്ലത്. വടിപോലെയുള്ള തുണികള്‍ വേണ്ട. വൃത്തിയായി കഴുകി ഉണക്കിയ വലുതായി മുറിച്ച വെള്ള തുണികളാണ് കുഞ്ഞിന് ആവശ്യം. പ്രസവശേഷം അമ്മയ്‌ക്ക് ഉടുക്കാനുള്ള തുണികളും വൃത്തിയുള്ള ആയിരിക്കണം. കുഞ്ഞിന് പാല് കൊടുക്കാവുന്നതരം മുന്‍വശം തുറന്ന കോട്ടണ്‍ വസ്‌ത്രങ്ങള്‍ വേണം അമ്മയ്‌ക്ക്.
- See more at: http://www.mangalam.com/health/family-health/153260#sthash.cYdbPRlG.dpuf
ആശുപത്രിയില്‍ പോകുമ്പോള്‍
പ്രസവവേദന തുടങ്ങി ആശുപത്രിയില്‍ പോകുമ്പോള്‍ ഗര്‍ഭിണിക്കൊപ്പം അച്‌ഛനോ അമ്മയോ ഭര്‍ത്താവോ മാത്രം മതി. അവര്‍ക്കു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യപ്രാപ്‌തിയുള്ള അടുത്ത ബന്ധുക്കളെ കൂടെകൂട്ടാം. കാരണം ആശുപത്രിയില്‍ കൊണ്ടുവന്നാലും അപ്പോള്‍തന്നെ പ്രസവം നടക്കണമെന്നില്ല. ആളുകള്‍ കൂടുമ്പോള്‍ ഉത്‌കണ്‌ഠ വര്‍ധിക്കുമെന്നു മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും. കാര്യങ്ങള്‍ ഒരാളോടു പറഞ്ഞു മനസിലാക്കുന്നതിനേക്കാള്‍ പ്രയാസമാണ് പത്തുപേരോടു പറഞ്ഞ് മനസിലാക്കാന്‍. നേരത്തെതന്നെ എത്രപേര്‍ ആശുപത്രിയില്‍ പോകണമെന്ന് കണകാക്കി വയ്‌ക്കുക. വാഹന സൗകര്യം, ഡ്രൈവര്‍ എവിടെയുണ്ട് തുടങ്ങിയ കാര്യങ്ങളും മനസിലാക്കണം.
രക്‌തം വേണ്ടിവന്നാല്‍
പ്രസവ സമയത്ത് എന്തെങ്കിലും കാരണവശാല്‍ ഗര്‍ഭിണിക്ക് രക്‌തം ആവശ്യംവന്നാല്‍ എത്രത്തോളം രക്‌തം വേണ്ടിവരുമെന്ന് മുന്‍കൂട്ടി ഡോക്‌ടറോടു ചോദിച്ചു വയ്‌ക്കാവുന്നതാണ്. സ്വീകര്‍ത്താവിനെ കരുതണോ അതോ ബ്ലഡ് ബാങ്കില്‍നിന്ന് എടുക്കാമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധനാവേളയില്‍ തന്നെ അറിഞ്ഞു വയ്‌ക്കണം. ഇനി ഡോക്‌ടര്‍ മൂന്‍കൂട്ടി രക്‌തം കരുതണം എന്നു പറഞ്ഞാല്‍ പ്രസവവേദന തുടങ്ങട്ടെ എന്നിട്ട് അന്വേഷിക്കാമെന്ന് വിചാരിച്ചിരിക്കാതെ അപ്പോള്‍തന്നെ അതിനായുള്ള ഒരുക്കങ്ങള്‍ നടത്തണം. ഗര്‍ഭിണിയുടെ അതേ രക്‌തഗ്രൂപ്പിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതെങ്കിലും സന്നദ്ധ സംഘടനുമായി ബന്ധപ്പെടുക.
ക്ഷമയോടെ കാത്തിരിക്കണം
ഗൈനക്കോളജിസ്‌റ്റ് വന്ന് നോക്കിയാലേ പ്രസവവേദനയാണോ, ലേബര്‍റൂമില്‍ കിടത്തണമോ, സാധാരണ പ്രസവമാണോയെന്നൊക്കെ മനസിലാക്കാന്‍ കഴിയൂ. ഡോക്‌ടര്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം. പ്രസവത്തിന് എത്ര സമയം പ്രതീക്ഷിക്കുന്നുണ്ട്, സാധാരണ പ്രസവമാണോ എന്നൊക്കെ അറിയുക. പ്രസവസമയം കൃത്യമായി പറയാന്‍ കഴിഞ്ഞില്ലെങ്കിലും അനുഭവസമ്പത്തുള്ള ഒരു ഗൈനക്കോളജിസ്‌റ്റിന് ഏകദേശ സമയം പറയാന്‍ കഴിയും. ഈ കാര്യങ്ങള്‍ ഗര്‍ഭിണിയും ബന്ധുക്കളും ഡോക്‌ടറുമായി സംസാരിച്ച ശേഷം കൂടെയുള്ളവര്‍ ക്ഷമയോടെ പുറത്തു കാത്തിരിക്കണം.
എല്ലാ 2 മണിക്കൂര്‍ കൂടുമ്പോഴും ഗര്‍ഭിണിയുടെ വിവരങ്ങള്‍ ഡോക്‌ടര്‍ അല്ലെങ്കില്‍ സീനിയര്‍ നഴ്‌സ് പുറത്തുവന്നു ബന്ധുക്കളോട് വിശദമായി പറയും. അത് മനസിലാക്കി സമാധാനത്തോടെ പെരുമാറുക. എപ്പോഴെങ്കിലും അടിയന്തിരമായി സിസേറിയന്‍ വേണ്ടിവന്നാല്‍ ഉടന്‍ സംശയത്തിന്റെ ദൃഷ്‌ടിയിലൂടെ കാണാന്‍ ശ്രമിക്കരുത്.
പ്രസവവേദന കുറയ്‌ക്കാം
പ്രസവവേദന വരുമ്പോള്‍ കരയുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ പ്രസവവേദന സമചിത്തതയോടെ നേരിടുന്നതാണ് പൊതുവേ കണ്ടുവരുന്നത്. ചിലര്‍ നേരെ തിരിച്ചായിരിക്കും. ഓരോരുത്തരും വളര്‍ന്നരീതി, സ്വഭാവം, ജീവിതചുറ്റുപാട് ഇതെല്ലമാണ് പെരുമാറ്റ രീതിയുടെ അടിസ്‌ഥാനം. എല്ലാവരും ഒരുപോലെ ആകണമെന്നു പറയുന്നില്ല. എന്നാല്‍ സുഖകരമായ പ്രസവം നടക്കണമെങ്കില്‍ ഗര്‍ഭിണിയുടെ ഭാഗത്തുനിന്നും ബന്ധുക്കളുടെ ഭാഗത്തുനിന്നും സഹകരണം ആവശ്യമാണ്. പേറ്റുനോവിനു പകരമായി മറ്റൊരുവേദനയുമില്ല. എന്നാല്‍ വേദന കുറക്കാനുള്ള മരുന്നുകളും നഴ്‌സുമാരുടെയും ഡോക്‌ടറുടെയും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റവും വേദനയുടെ കാഠിന്യം കുറയ്‌ക്കും.
ലേബര്‍റൂമില്‍ ഗര്‍ഭിണിക്കൊപ്പം ഒരു നഴ്‌സ് എപ്പോഴും ഉണ്ടാവും. ഇവര്‍ എന്നെ നന്നായി നോക്കുമെന്ന ആത്മവിശ്വാസമാണ് ഗര്‍ഭിണിക്ക് വേണ്ടത്. ആ ആത്മവിശ്വാസമാണ് സുഖകരമായ പ്രസവത്തിനുള്ള വഴി. തലക്കിട്ടടിക്കുക, കിടന്നുരുളുക, ഓടാന്‍ നോക്കുക എന്നിങ്ങനെ ആനാവശ്യമായ ചേഷ്‌ടകള്‍ ലേബര്‍റൂമില്‍ വേണ്ട. മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് പ്രസവമടുക്കുന്നതുവരെ ലേബര്‍റൂമില്‍ കൂടി നടക്കാവുന്നാണ്.
നല്ല വേദന വരുന്നതുവരെ ഗര്‍ഭിണിയെ ലേബര്‍ റൂമിനു പുറത്ത് ബന്ധുക്കളുടെ അടുത്തിരിത്തുകയാണ് പതിവ്. ഏകദേശം പ്രസവത്തോട് അടുക്കുമ്പോഴായിരിക്കും ലേബര്‍ റൂമിലേക്ക് കയറ്റുന്നത്. അല്ലെങ്കില്‍ ചുറ്റുമുള്ളവരുടെ വിഷമങ്ങള്‍ കാണുമ്പോള്‍ ടെന്‍ഷന്‍ കൂടാന്‍ സാധ്യതയുണ്ട്. പ്രസവസമയത്ത് ഭര്‍ത്താവിന്റെ സാമീപ്യം ഗര്‍ഭിണിക്ക് ആശ്വാസമാകുമെന്ന് പറയാറുണ്ട്. അത്തരം സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ഭര്‍ത്താവിനെയും ഒപ്പം നിര്‍ത്താവുന്നതാണ്.
ആശുപത്രിയില്‍ പോകണ്ട
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാണാന്‍ എല്ലാവരും കൂടി ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമില്ല. അത് പ്രസവിച്ച സ്‌ത്രീക്കും കുഞ്ഞിനുംഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. പ്രസവത്തിന്റെ വിഷമതകളും വിശ്രമവും ഒക്കെ വേണ്ട സമയത്ത് അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള മര്യാദ നമ്മള്‍ കാണിക്കണം. വരണമെന്ന് അത്രയ്‌ക്കു നിര്‍ബന്ധമുള്ളവര്‍ കുഞ്ഞിനെ കണ്ട് എത്രയും വേഗം മുറിയില്‍നിന്ന് ഇറങ്ങുക.
എന്തെല്ലാം രോഗാണുക്കളെ വഹിക്കുന്നവരായിരിക്കും ഓരോരുത്തരും. നമ്മള്‍ അറിയാതെതന്നെ യാത്രയില്‍ ശരീരത്തു കയറിക്കുടുന്നവ വേറെയും. രോഗപ്രതിരോധശക്‌തി കുറവുള്ള നവജാതശിശുവിനെ എടുക്കുകയും ഉമ്മ വയ്‌ക്കുകയും ചെയ്യുമ്പോള്‍ കുഞ്ഞിലേക്ക് ഈ രോഗാണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്.
- See more at: http://www.mangalam.com/health/family-health/153260?page=0,1#sthash.NInR5TlG.dpuf
No comments:
Post a Comment