നീച ജാതിയില്‍പ്പെട്ട പെണ്ണിനെ ഞാനെങ്ങനെ വണങ്ങും?
ഉമ ചക്രവര്‍ത്തി
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ, ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലെ അഭിപ്രായ സമ്മതിയുടെ പ്രതിനിധാനങ്ങളെ തകര്‍ത്തുകളഞ്ഞിരുന്നു. അംബേദ്കറുടെയും ഒരതിര്‍ത്തിവരെ പെരിയാറിന്റെയും സാന്നിധ്യമൊഴിച്ചാല്‍, ഗാന്ധിജിയുടെ നേതൃത്വത്തിന് വെല്ലുവിളികളുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്ന ദലിത് വീക്ഷണം, ഗാന്ധിയുടെയും അംബേദ്കറുടെയും വീക്ഷണങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായി. രണ്ടുപേരും ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ തന്നെ, അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. ജാതിവ്യത്യാസത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജി ശ്രദ്ധ കേന്ദ്രീകരിച്ചത് ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിലാണ്. അംബേദ്കറാകട്ടെ, ജലം പോലെയുള്ള ജീവത്ദായക വസ്തുക്കളില്‍ നിന്നും ദലിതരെ ഒഴിച്ചുനിര്‍ത്തുന്നതിനെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രമേയമായി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, ഗാന്ധിജിയുടെ ക്ഷേത്രപ്രവേശന സമരങ്ങളേക്കാള്‍ ദലിതരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുണ്ടായിരുന്നത് മഹര്‍ സത്യാഗ്രഹമായിരുന്നു. ക്ഷേത്രപ്രവേശനം പ്രധാനമായിരുന്നത് ഒരു പക്ഷേ, ഉയര്‍ന്ന ജാതിക്കാര്‍ക്കായിരുന്നു.
ദൗര്‍ഭാഗ്യവശാല്‍, പൂന ഉടമ്പടി (1932)യുടെ അനന്തര ഫലമെന്ന നിലയില്‍ ജാതി പ്രശ്‌നത്തെ ഗാന്ധിയന്‍ വീക്ഷണത്തിനനുയോജ്യമായ വിധത്തില്‍ മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നു. 1930കളുടെ തുടക്കത്തില്‍ അംബേദ്കര്‍ അവശ്യപ്പെട്ടതനുസരിച്ച് വ്യത്യസ്ത നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചതിനെതിരെ ഗാന്ധി നടത്തിയ ഉപവാസത്തിന്റെ ഫലമായിരുന്നു, ഉടമ്പടി. വൈകാരിക ചൂഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഉടമ്പടി, ദലിതുകള്‍ക്ക് സ്വീകാര്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാതിപ്രശ്‌നത്തെ പരിഹരിക്കുകയുണ്ടായില്ല. കൊടിയ വഞ്ചനയായിട്ടാണ് പൂന ഉടമ്പടിയെ ദലിതര്‍ വിലയിരുത്തുന്നത്. ദലിതുകള്‍ക്ക് ആ ഉടമ്പടിയെന്താണെന്ന്, ഇന്നും ദലിത് സ്ത്രീകള്‍ പാടുന്നുണ്ട്. ഒരു പെണ്‍ പാട്ടുകാരി ചിട്ടപ്പെടുത്തിയ ഗാനത്തില്‍, കസ്തൂര്‍ബ ഗാന്ധി അംബേദ്കര്‍ക്കു മുന്നിലെത്തി ഗാന്ധിയുടെ ജീവനുവേണ്ടി യാചിക്കുന്നതായി ചിത്രീകരിച്ചിരുന്നു. അവരുടെ അപേക്ഷ തിരസ്‌കരിക്കുക പ്രയാസമുള്ള കാര്യമായിരുന്നു. അങ്ങിനെ പൂന സഖ്യം രൂപപ്പെട്ടു
എന്നാണ് പാട്ട് പറയുന്നത്. ഗാന്ധിജിയുടെ അജണ്ടകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, ഖാദി. അത് ധരിച്ചുകൊണ്ട് ഖാദിയെ എങ്ങിനെയാണദ്ദേഹം പ്രചരിപ്പിച്ചതെന്നും അവര്‍ പാടുന്നുണ്ട്. അതുപോലെ അസ്പൃശ്യതയ്ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദലിതര്‍ക്ക് ഇന്നുള്ള അവരുടെ അധഃസ്ഥിതത്വത്തില്‍ തുടരേണ്ടിവരില്ലായിരുന്നുവെന്നും ഗാനം പറയുന്നു.1
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണഘടന രൂപപ്പെട്ടപ്പോള്‍, അതിന്റെ മുഖ്യശില്പികളിലൊരാള്‍ അംബേദ്ക്കറായിരുന്നു. അങ്ങിനെ, ഭരണഘടനയുടെ വകുപ്പുകളെ രൂപപ്പെടുത്തുന്നതില്‍ ജാതിപ്രശ്‌നവും സ്വാധീനമുളവാക്കി. അസ്പൃശ്യത നിരോധിച്ചു. അതുപോലെത്തന്നെ, പൊതുമണ്ഡലത്തില്‍ നിന്നും എല്ലാ രൂപത്തിലുമുള്ള വിവേചന നടപടികളെയും ഇല്ലായ്മ ചെയ്തു. അംബേദ്കര്‍ നിര്‍ദ്ദേശിച്ച മറ്റൊരു വകുപ്പ് ഉള്‍ച്ചേര്‍ക്കപ്പെട്ടില്ല. 'പദവി, ജനനം, വ്യക്തി, കുടുംബം, മതമോ മതത്തിന്റെ ഉപയോഗമോ, ആചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്നും രൂപപ്പെടുന്ന അവകാശങ്ങളോ പരാധീനതകളോ നിരോധിക്കപ്പെടും' എന്ന വ്യവസ്ഥയാണ് ഒഴിവാക്കപ്പെട്ടത്. അതു പക്ഷേ, നിത്യജീവിതത്തില്‍ ജാതി ചെലുത്തുന്ന സ്വാധീനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വിപ്ലവകരമായ ഒരു വ്യവസ്ഥയാകുമായിരുന്നു. ഒറ്റയടിക്ക് ജാതിവ്യവസ്ഥയെ നിരോധിക്കാനാവില്ലെന്ന മനോഭാവത്തോടെയാണ് ഒരര്‍ത്ഥത്തില്‍ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട്, സ്വകാര്യ ഇടങ്ങളില്‍ ജാത്യാചാരങ്ങളെ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കണമെന്നാണവര്‍ ആവശ്യപ്പെട്ടത്. തീര്‍ച്ചയായും, അത് ഒരര്‍ത്ഥത്തിലും യഥാര്‍ത്ഥ വിജയമായിത്തീര്‍ന്നില്ല. പൊതു മണ്ഡലങ്ങളില്‍ പോലും അസ്പൃശ്യത അടക്കമുള്ള ജാത്യാചാരങ്ങളും ജാതിവിവേചനങ്ങളും യാഥാര്‍ത്ഥ്യമായിത്തന്നെ നിലനില്‍ക്കുന്നു. അതിന്നൊരുദാഹരണമാണ് വളരെ വ്യാപകമായി കാണപ്പെടുന്ന 'രണ്ടുഗ്ലാസ് രീതി'. (ഒന്ന് അസ്പൃശ്യര്‍ക്കും മറ്റൊന്ന് മറ്റുള്ളവര്‍ക്കും). ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ 1990 കളുടെ ആദ്യത്തില്‍ ഈ സമ്പ്രദായത്തെ ചിത്രീകരിച്ചിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ നിന്നുപോലും ജാതിയെ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നുമില്ല. ഇന്ത്യന്‍ സമൂഹത്തില്‍ മറ്റു സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുരിതമനുഭവിക്കുന്ന/ച്ച പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും 'സുരക്ഷാ' വ്യവസ്ഥകള്‍ രൂപപ്പെടുത്തുവാന്‍ ഭരണഘടന അംഗീകാരം നല്‍കുകയും അപ്രകാരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 'സംവരണ'മെന്നു വിളിക്കപ്പെടുന്ന ഈ വ്യവസ്ഥകളെ-അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും വ്യത്യസ്തമായി; അവിടെ സംവരണമെന്ന പദത്തിനുപകരം 'സ്ഥിരീകരണ പ്രവര്‍ത്തന'മെന്നാണ് ഉപയോഗിക്കുന്നത് - മേല്‍ജാതിക്കാര്‍ അംഗീകരിക്കുന്നില്ല. അത്തരം വ്യവസ്ഥകളുടെ സാധുത അവര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. 'അര്‍ഹത'യുടെ തത്ത്വങ്ങള്‍ക്കുള്ള മരണമണിയാണ് സംവരണമെന്നു പറഞ്ഞ് അവരതിനെ തിരസ്‌കരിക്കുകയാണ്.
സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് സാമൂഹ്യ രാഷ്ട്രീയ ഘടനകളിലുണ്ടായ മാറ്റങ്ങള്‍, ഭൂപരിഷ്‌കരണങ്ങളെത്തുടര്‍ന്ന് ഭൂമിയുടെ കൈവശാവകാശത്തിലുണ്ടായ മാറ്റങ്ങള്‍, കുടിയാന്‍ ജാതികളില്‍ പെടുന്നവര്‍ ഭൂവുടമകളായി ഉയര്‍ന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആവിര്‍ഭവിച്ച പുതിയൊരു വര്‍ഗഘടന-ഇവയെല്ലാം പിന്നാക്കജാതി രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തിന് കളമൊരുക്കി. ശ്രേണീഘടനയുടെ കീഴ്ത്തട്ടിലുള്ള ദലിത് ജാതികള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചില്ല. അവരില്‍ ഭൂരിഭാഗവും കഠിനാദ്ധ്വാനികളുടെ വര്‍ഗമായി നിലനിന്നു. ഭൂരഹിതരായിരുന്നതിനാല്‍, അവര്‍ക്കു വില്‍ക്കുവാന്‍ ഉണ്ടായിരുന്നത് അവരുടെ തൊഴില്‍ മാത്രമായിരുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഉപജീവനത്തിനും വഴികളില്ലാതെ അവര്‍ നിലനിന്നു. ഇന്ന് ജാതിവ്യവസ്ഥയില്‍ ഉപരിഗമനം നടത്തുന്ന അന്തരാള ജാതികളും അവര്‍ക്കായി തൊഴിലെടുക്കുന്ന ദലിതരും തമ്മിലാണ് ഗ്രാമീണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നത്. ദലിത് ജാതികള്‍, 'മുന്നോക്ക' 'പിന്നോക്ക' ജാതികളില്‍ നിന്നും, വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തിന്റെ കാര്യത്തിലൊഴികെ, എല്ലാ അര്‍ത്ഥത്തിലും അസമത്വമുള്ളവരാണ്. അതുപോലും നിയമപരമായ അവകാശം മാത്രമാണ് - ഇതു പോലും സ്വതന്ത്രമായി അവര്‍ക്ക് പലപ്പോഴും വിനിയോഗിക്കാന്‍ സാധിക്കാറില്ല. ജനാധിപത്യവും പ്രായപൂര്‍ത്തി വോട്ടവകാശവും മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സംഖ്യാപരമായി ശക്തിയുള്ളതും സാമ്പത്തികമായി മുന്നാക്കം നില്ക്കുന്നതുമായ ചില ജാതികള്‍, ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന പദവിയിലുണ്ടായിരുന്നവരും, ആദ്യകാലത്ത് അധികാരം കയ്യാളിയിരുന്നവരുമായ വിഭാഗത്തെ, അവരുടെ അധികാരനഷ്ടം ഭീതിയിലാഴ്ത്തുന്നു.രാഷ്ട്രീയ ഘടനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യകാലത്ത് അവര്‍ക്കുണ്ടായിരുന്ന വ്യവസ്ഥചെയ്യപ്പെടാത്ത സംവരണങ്ങളെക്കുറിച്ചോര്‍ത്ത് അവര്‍ ചൂളുന്നു. പുതിയ സാമൂഹിക പ്രക്രിയകള്‍ക്കു കീഴില്‍, വര്‍ഗത്തിന്റെയും ജാതിയുടെയും ബന്ധങ്ങളുടെ മൊത്തം ഘടനയും പുനഃക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, അധിനിവേശകാലഘട്ടം മുന്നോട്ടുവെച്ച സാഹചര്യങ്ങളുപയോഗിച്ച് വിദ്യാഭ്യാസവും സര്‍ക്കാര്‍ തൊഴിലുകളും തേടി ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുണ്ടാക്കിയ ചരിത്രപരമായ മുന്നേറ്റങ്ങള്‍-അതിനു മുമ്പുതന്നെയുള്ള നേട്ടങ്ങളാണ് അവരെ അതിനു പ്രാപ്തരാക്കിയത്-സൂചിപ്പിക്കുന്നത്, വേണ്ടതിലധികം സാമൂഹിക അധികാരം അവര്‍ കൈയാളിയിരുന്നു എന്നാണ്. ഈ നേട്ടങ്ങള്‍ മേല്‍ജാതിക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പങ്കിട്ടതാണ്. മേല്‍ജാതിക്കാരായ സ്ത്രീകളെ അപേക്ഷിച്ച് മേല്‍ജാതിക്കാരായ പുരുഷന്മാര്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നു മാത്രം. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ലഭ്യതയുടെ കാര്യത്തില്‍ കീഴ്ജാതിക്കാരനായ പുരുഷനേക്കാള്‍ എന്തുകൊണ്ടും നല്ലതായിരുന്നു മേല്‍ജാതിയില്‍പ്പെട്ട സ്ത്രീയുടെ അവസ്ഥ. അവള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ സാമ്പത്തിക സാഹചര്യങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്. മറിച്ച് സാംസ്‌കാരിക മൂലധനവും ഉണ്ടായിരുന്നു. അതേസമയം, മധ്യവര്‍ഗത്തിന്റെ പൊതുവിലുള്ള വളര്‍ച്ച, കീഴ്ത്തട്ടിലുള്ള ജാതികള്‍ക്കും ചില തുറവികള്‍ ഒരുക്കുന്നതിനെ സൂചിപ്പിക്കുന്നു. അതു പക്ഷേ, കീഴ്ത്തട്ടിലുള്ളവരും പട്ടിണിക്കാരുമായ ജാതികള്‍ക്ക് എല്ലായ്‌പോഴും അസമമായി മാത്രമേ ലഭിക്കുന്നുള്ളൂ. ആഗോളീകരണം ഇത്തരം സാഹചര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ക്കും. കാരണം, അത് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അവസരങ്ങള്‍ തുറന്നുകൊടുക്കുകയുള്ളൂ. അതുകൊണ്ട്, മറ്റുള്ളവര്‍ക്ക്, ജാതികള്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി അനുഭവപ്പെടും. ജാതികള്‍ തമ്മില്‍ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്ക്കുന്ന മത്സരം അതുകൊണ്ടുതന്നെ, ഒരു ജീവിതയാഥാര്‍ത്ഥ്യമാണ്. ഇതുവരെ നിലനിന്നതുപോലെ, ജാതിവ്യവസ്ഥ തുടരുകയാണെങ്കില്‍, സെന്‍സസില്‍ രേഖപ്പെടുത്തുകയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്യട്ടെ, ജാതികള്‍ തമ്മിലുള്ള സന്ത്രാസങ്ങള്‍ നിലനില്ക്കുകതന്നെ ചെയ്യും.
ദലിത് രാഷ്ട്രീയം ദലിതര്‍ സ്വയം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും സമകാലിക രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. എഴുപതുകളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന കറുത്തവരുടെ പ്രസ്ഥാനം ദലിതരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് - പ്രത്യേകിച്ചും വിപ്ലവോര്‍ജ്ജം പ്രകടിപ്പിച്ച ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനം. സാംസ്‌കാരിക തലത്തില്‍, സാംസ്‌കാരികമായ അടിച്ചമര്‍ത്തലിന്റെ അനുഭവങ്ങളെ ആധാരമാക്കിക്കൊണ്ട്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ രൂപപ്പെട്ട ദലിത് പാന്തര്‍ പ്രസ്ഥാനം ജാതിപ്രശ്‌നത്തെ മുന്നോട്ടു കൊണ്ടുവന്നു. സ്വതന്ത്ര ബുദ്ധിജീവികളുടെയും, അക്കാദമിക് സമൂഹത്തിന്റെയും - പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ - ശ്രദ്ധ പിടിച്ചു പറ്റാന്‍ അതിനു കഴിഞ്ഞു. അവരുന്നയിച്ച പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അത്തരം വിഭാഗങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ജാതീയമായ അടിച്ചമര്‍ത്തലുകളെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ ദലിത് വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളും പുരുഷന്മാരും വളരെ ശക്തമായി എഴുതിയിട്ടുണ്ട്. മദ്ധ്യവര്‍ഗ്ഗക്കാരായ ഉയര്‍ന്ന ജാതിക്കാര്‍ നയിക്കുന്ന പൊതു സംവാദങ്ങള്‍, സംവരണ പ്രശ്‌നങ്ങള്‍ക്കുമേലുള്ള പോരുകളായി ജാതിപ്രശ്‌നത്തെ ലഘൂകരിക്കുന്നു. എന്നാല്‍, ജനകീയ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും ജാത്യധിഷ്ഠിത പീഡനങ്ങള്‍ നിലനില്ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പീഡനങ്ങളെ വിഭാവനം ചെയ്യുന്ന ഘട്ടത്തില്‍, ജാതിയെ ഒരു ഘടകമെന്ന നിലയില്‍ ഇന്ന് സ്വീകരിക്കുന്നുണ്ട്. ഇടതുപക്ഷം - പ്രത്യേകിച്ചും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ - ഇന്ത്യന്‍ സമൂഹത്തിനകത്തു നിലനില്ക്കുന്ന വൈരുദ്ധ്യങ്ങളുടെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ചുള്ള അവരുടെ ധാരണകളെ പുനര്‍വിചിന്തനം ചെയ്യുവാന്‍ തയ്യാറായിട്ടില്ല. അല്ലെങ്കില്‍, ജാത്യധിഷ്ഠിത പീഡനങ്ങളെ വിശകലനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരേണ്ടതെങ്ങിനെയെന്ന് അവര്‍ ചിന്തിക്കുന്നില്ല. ദലിത് സ്ത്രീകള്‍ നേരിടുന്ന പ്രത്യേക തരത്തിലുള്ള പീഡനങ്ങളെ അംഗീകരിക്കുന്നതിലും, ജാതിപ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം നല്കുന്നതില്‍ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കുള്ള കഴിവുകേടിലും താല്പര്യമില്ലായ്മയിലും പ്രതിഷേധിച്ചുകൊണ്ടും, സമകാലിക വേദികള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നില്ലെന്ന് വിശ്വസിച്ചുകൊണ്ടും ദലിത് സ്ത്രീകള്‍ ദലിത് സ്ത്രീകളുടേതായ സംഘടന രൂപീകരിക്കാന്‍ തയ്യാറായി. ഈ നീക്കം, ജാതിപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍, സ്ത്രീ പ്രസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കി. ദലിത് സ്ത്രീകള്‍ മൂന്നു തലങ്ങളിലുള്ള പീഡനത്തിനിരയാവുന്നതായി ദലിത് സ്ത്രീവാദികള്‍ പറയുന്നു :
(ശ) ഉയര്‍ന്ന ജാതിയില്‍ പെട്ടവരില്‍ നിന്നും ജാത്യധിഷ്ഠിതമായ പീഡനം.
(ശശ)തൊഴില്‍ ദായകരെന്ന നിലയില്‍ വര്‍ഗ്ഗാധിഷ്ഠിത പീഡനം - വന്‍ ഭൂവുടമകളെന്ന നിലയില്‍, ഇത്തരം പീഡനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് ഉയര്‍ന്ന ജാതിയില്‍ പെട്ടവരും അന്തരാള ജാതിയില്‍ പെട്ടവരുമാണ്.
(ശശശ)സ്ത്രീകളെന്ന നിലയില്‍ എല്ലാ പുരുഷന്മാരില്‍ നിന്നും - അവരുടെ ജാതിക്കാരായ പുരുഷന്മാരുള്‍പ്പെടെയുള്ളവര്‍ - നേരിടേണ്ടിവരുന്ന പുരുഷാധിപത്യ പീഡനങ്ങള്‍.
ദലിത് സ്ത്രീകളുടെ ശബ്ദം ഇപ്പോള്‍ രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ കേള്‍ക്കാനാവുന്നുണ്ട്. ഒരു പക്ഷേ, ആദ്യമായിട്ടാവാമിത്. എന്നാല്‍, അതുയരേണ്ട രീതിയില്‍ ശക്തമായി ആ ശബ്ദം വേണ്ടത്ര ഗൗരവത്തോടെ കേള്‍ക്കുന്നില്ല.
ജാതി, രാഷ്ട്രീയത്തില്‍ മറ്റൊരു തലത്തിലും ജാതി അതിന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തില്‍ ജാത്യധിഷ്ഠിത രാഷ്ട്രീയ സംഘടനകള്‍ ആവിര്‍ഭവിച്ചതായി നാം കാണുന്നുണ്ട്. മുന്‍ കാലങ്ങളില്‍, കോണ്‍ഗ്രസ്സ് ആധിപത്യത്തിനു കീഴില്‍, അത്യന്തം നിലീനമായ രീതിയില്‍ ജാതിതാല്പര്യങ്ങള്‍ നിലനിന്നിരുന്നു. മത്സരബുദ്ധിയുള്ള താല്പര്യങ്ങളെ വിശാലമായൊരു തലത്തില്‍ അഭിപ്രായഐക്യത്തിലെത്തിക്കുവാനും അതിനു കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ തളര്‍ച്ചയ്ക്കു ശേഷമാണ് ഇന്നുകാണുന്ന തരത്തിലുള്ള തുറന്ന ആഹ്വാനങ്ങള്‍ രൂപം കൊണ്ടത്. ജാതിയുടെ 'പ്രതിലോമകര'മായ ഈ മുഖത്തെ,- തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഘടകമാണ് ഇത്-വളരെ പെട്ടെന്നു തന്നെ, നമ്മുടെ മതേതര - സ്വതന്ത്ര ബുദ്ധിജീവികള്‍ വിമര്‍ശിക്കുകയുണ്ടായി അവരാകട്ടെ, സാമൂഹ്യശാസ്ത്ര രചനകളിലും, ക്ലാസ്സ് മുറികളിലും, മാധ്യമങ്ങളിലും ജാത്യധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഭയാനകതയെ വ്യക്തമാക്കുവാന്‍ ഒരിക്കലും പരാജയപ്പെടാത്തവരുമാണ്. ഒരു തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്കും വിധേയമാകാതെ, ഒരു പക്ഷേ ബോധപൂര്‍വ്വം മായ്ച്ചുകളയപ്പെട്ട ഒരു കാര്യം, വിവാഹനിശ്ചയങ്ങളില്‍ തുടര്‍ന്നുവരുന്ന ജാതിയുടെ സ്വാധീനങ്ങളാണ്. അത്, സാമൂഹിക പുനരുത്പാദനത്തിന്റെ മാറ്റമില്ലാത്ത ഒരു ഘടനയെ ഉറപ്പാക്കുന്നു. ഈ മാറ്റമില്ലായ്മയെ നമ്മുടെ ദിനപത്രങ്ങളിലെ വൈവാഹിക പംക്തികള്‍ വ്യക്തമാക്കുന്നുണ്ട്. നാം ഈ പുസ്തകത്തിന്റെ ആരംഭത്തില്‍ ചര്‍ച്ചചെയ്ത മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്ന കാപട്യങ്ങളെ സാധ്യമാക്കിയത് ജാതിയെക്കുറിച്ചുള്ള ഇത്തരം ഏകമാന വീക്ഷണമാണ്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു വരുന്നുണ്ട്. ലിംഗനിര്‍ണ്ണയങ്ങളെ ആധാരമാക്കി സമകാലിക ജാതിസമൂഹത്തില്‍ രൂപപ്പെടുന്ന മറ്റു മാറ്റങ്ങളെ അതിനുമുമ്പ് നമുക്കന്വേഷിക്കാം.
ജാതിവ്യവസ്ഥയില്‍ സ്ത്രീകളുടെ കുറ്റകരമായ പങ്കാളിത്തം സ്ത്രീധര്‍മ്മത്തിലൂടെയോ അതുപോലെയുള്ള മറ്റ് പെരുമാറ്റച്ചട്ടങ്ങളിലൂടെയോ സ്ത്രീകളിലേക്ക് ചില മൂല്യങ്ങള്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും, അവര്‍ അത്തരം മൂല്യഗണങ്ങള്‍ ആന്തരവത്കരിക്കുന്നതിന്റെ പ്രക്രിയകളെയും പ്രവര്‍ത്തനരീതികളെയും കുറിച്ചും, അങ്ങിനെ ജാതിയും ലിംഗനിര്‍ണ്ണയവും കുരുക്കഴിക്കാനാവാത്ത വിധത്തില്‍ ബന്ധിക്കപ്പെട്ട്, അസമത്വത്തിന്റെ വ്യവസ്ഥയെ മൊത്തത്തില്‍ പുനരുത്പാദിപ്പിക്കുന്നതിനെക്കുറിച്ചും നാലാം അദ്ധ്യായത്തില്‍ നാം ചര്‍ച്ചചെയ്യുകയുണ്ടായി. ഇതില്‍ സ്ത്രീകളുടെ പങ്കാളിത്തമെന്താണെന്ന് കുറച്ചുകൂടി അടുത്തുനിന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. അതെങ്ങിനെയാണ് സമകാലിക സാഹചര്യങ്ങളില്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതെന്നു വിലയിരുത്തുകയും വേണം. തങ്ങളുടെ മേല്‍ പ്രവര്‍ത്തനക്ഷമമാവുന്ന സാമൂഹികശക്തികളുടെ നിഷ്‌ക്രിയ സ്വീകര്‍ത്താക്കളല്ല സ്ത്രീകളെന്ന് വ്യക്തമാണ്. അവര്‍ വ്യത്യസ്തമായ രീതികളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിന്യസിക്കുന്നുണ്ട്.ശൂന്യതയിലല്ല അവര്‍ നിലനില്ക്കുന്നതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. വലിയൊരളവോളം, പ്രത്യയശാസ്ത്രപരവും ഭൗതികവുമായ ഘടനകള്‍ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ പ്രകാശിപ്പിക്കുന്ന രീതികളെ രൂപപ്പെടുത്തുന്നുണ്ട്.
എന്തുകൊണ്ടാണ് തങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു വ്യവസ്ഥയോട് സ്ത്രീകള്‍ വിധേയത്വം പ്രകടിപ്പിക്കുന്നത്? സമകാലിക സാഹചര്യങ്ങളിലെ സ്ത്രീകളെ വിശകലനം ചെയ്യുമ്പോള്‍, അവര്‍ സ്ഥിതിചെയ്യുന്നത് വര്‍ഗ്ഗം, ജാതി, പുരുഷാധിപത്യം/ങ്ങള്‍ തുടങ്ങിയവയുടെ സന്ധിബിന്ദുവിലാണെന്ന് നമുക്കു കാണാം. ദലിത് സ്ത്രീകളുടെ കാര്യത്തിലെന്ന പോലെ, അവരെ പീഡിപ്പിക്കാന്‍ ഈ ഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മറ്റുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും കീഴായ്മയുടെയും ചിലതലങ്ങളിലുള്ള അധികാരം പ്രയോഗിക്കാനാവുന്നതിന്റെയും സന്ധിസ്ഥാനങ്ങളില്‍ നില്ക്കുന്നവരാണ്. ഉയര്‍ന്ന ജാതിയില്‍ ഉള്‍പ്പെടുകയും അവരുടെ പുരുഷന്മാര്‍ വഴി സാമ്പത്തിക സ്രോതസ്സുകളിലേക്കും സാമൂഹിക അധികാരത്തിലേക്കും പ്രവേശം ലഭിക്കുകയും ചെയ്യുന്ന മേല്‍ജാതിക്കാരായ സ്ത്രീകളുടെ കാര്യത്തിലാണിത് ഏറെ പ്രസക്തമാവുന്നത്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍,സ്ത്രീകള്‍ക്ക് പുരുഷാധിപ സാഹചര്യങ്ങളില്‍ നഷ്ടങ്ങളാണുള്ളതെങ്കിലും, അവര്‍ പങ്കാളികളായ വ്യവസ്ഥയില്‍ നിന്നും ചില നേട്ടങ്ങള്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നുണ്ട്. കുടുംബത്തിന്റെയും സമുദായത്തിന്റെയും പുരുഷാധിപത്യനിയമങ്ങള്‍ക്ക് വിധേയത്വം പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ഈ നേട്ടങ്ങളുണ്ടാവുന്നത്. വിധേയത്വം ഭൗതികവും പ്രതീകാത്മകവുമായ നേട്ടങ്ങളാണവര്‍ക്ക് നല്കുന്നത്. മറുവശത്ത്, ധിക്കാരം അവരെ കുടുംബത്തിന്റെ ഭൗതിക വിഭവങ്ങളില്‍ നിന്നും പുറന്തള്ളുവാന്‍ കാരണമാവുന്നു. 'നല്ല' പെരുമാറ്റങ്ങളിലൂടെ മാത്രമേ അവര്‍ക്കതില്‍ അവകാശമുണ്ടാവുകയുള്ളൂ.
സ്ത്രീകളുടെ വിധേയത്വമോ, അവര്‍ മര്‍ദ്ദനസ്വഭാവമുള്ള ഘടനകളോട് പ്രകടിപ്പിക്കുന്ന അനുകൂല ഭാവമോ 'അപ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു'. ഇത് സാധ്യമാകുന്നത്, 'പാരമ്പര്യ'ത്തെ ഉയര്‍ത്തിപ്പിടിക്കുക, കുടുംബങ്ങളുടെയോ സമുദായങ്ങളുടെയോ പ്രത്യേക 'സംസ്‌കാര'ങ്ങളെ നിലനിര്‍ത്തുക തുടങ്ങിയ നിഷ്പക്ഷഭാവമുള്ള സങ്കല്പനങ്ങളിലൂടെയാണ്. അതു പിന്നീട് ഹൈന്ദവ 'നിയമ'ങ്ങളായി പരിണമിക്കുന്നു. എന്തുതന്നെയായാലും, ഇവയുടെയെല്ലാം സാംസ്‌കാരിക ഭണ്ഡാഗാരങ്ങള്‍ എങ്ങിനെയെല്ലാമോ സ്ത്രീകളില്‍ സ്ഥിതിചെയ്യുന്നു. പാരമ്പര്യത്തോട് വിധേയത്വം പ്രകടിപ്പിച്ച്, അതിനെ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് സ്ത്രീകള്‍ എന്നതാണ് പൊതുധാരണ. അതേസമയം, പാരമ്പര്യത്തെ അടിച്ചേല്പിച്ച് അതിനെ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് പുരുഷന്മാര്‍ - അവര്‍ക്കു മേലല്ല, മറിച്ച് സ്ത്രീകള്‍ക്കുമേല്‍ വിവാഹത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും മണ്ഡലങ്ങളിലാണ് അത്തരം നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും/പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെയും ഏറ്റവും വലിയ സ്വാധീനങ്ങള്‍ അനുഭവപ്പെടുന്നത്. ഈ പുസ്തകത്തിലുടനീളം നാം കണ്ടതുപോലെ, ഇവരണ്ടും ജാതി വ്യവസ്ഥയെ നിലനിര്‍ത്തിയതും പുനരുത്പാദിപ്പിച്ചതുമായ പ്രധാനപ്പെട്ട ഉപാധികളാണ്. പൊതുമണ്ഡലത്തിലുണ്ടായ അനേകം മാറ്റങ്ങള്‍ ഇവയെ മാറ്റിത്തീര്‍ത്തില്ല. പരമ്പരാഗത തൊഴിലുകളില്‍ നിന്നും പല ജാതികളും വേര്‍പെട്ടു പോയെങ്കിലും, അവരുടെ യഥാര്‍ത്ഥ വാസസ്ഥലങ്ങളില്‍ നിന്നും അവര്‍ പുറത്തേക്ക് കടന്നുവെങ്കിലും, ഇക്കാലത്ത് ജനങ്ങളുടെ ജീവിതത്തെ ജാതീയമായി ചിട്ടപ്പെടുത്തുന്നത് വിവാഹത്തിലൂടെയാണ്. ഉത്പാദനം, സമ്പത്ത്, തൊഴില്‍, എന്നിവയെ രൂപപ്പെടുത്തുന്നത് ഇന്നും ജാതിതന്നെയാണ് - പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയില്‍. അങ്ങിനെ, ആഴത്തില്‍ ലയിച്ചു ചേര്‍ന്ന അസമത്വത്തിന്റെ ഘടകങ്ങളെ പോഷിപ്പിക്കുവാന്‍ ഒരു ചലനക്രമം ജാതിവ്യവസ്ഥ ആവിഷ്‌കരിക്കുന്നു.
ദിനപത്രത്തിലെ വൈവാഹിക പംക്തികളിലും ഇന്റര്‍നെറ്റിലും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളിലൂടെ യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ ജാതിസ്വത്വങ്ങള്‍ ഘോഷിക്കുന്നതിനെക്കുറിച്ചോര്‍ത്ത് നാം അത്ഭുതപ്പെടേണ്ടതുണ്ടോ? വിദേശവാസികളായ ഇന്ത്യക്കാര്‍ ജാതിയും മറ്റു ബിരുദങ്ങളും സംയോജിപ്പിച്ച് പരസ്യങ്ങള്‍ നല്കുന്നതിനെക്കുറിച്ചോര്‍ത്ത് നാം അത്ഭുതപ്പെടേണ്ടതുണ്ടോ? വൈവാഹിക പംക്തികള്‍ പോലെ 'നിരുപദ്രവകരവും' 'രസദായകവു'മായ ചിലതിനെ ശ്രദ്ധിക്കുമ്പോള്‍ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങളും സ്വത്ത്, പദവി, ഉത്പാദനം, തൊഴില്‍, പ്രത്യുത്പാദനം തുടങ്ങിയവയും തമ്മില്‍ ബന്ധങ്ങള്‍ കണ്ടെത്തി നാമവയെ പെരുപ്പിക്കുകയാണോ? വൈവാഹിക പംക്തിയില്‍ നിന്നുള്ള പട്ടിക ശ്രദ്ധിക്കുക. ജാതി ഇന്നും നമ്മുടെ ജീവിതങ്ങളെ എങ്ങിനെയാണ് നിയന്ത്രിക്കുന്നതെന്ന് നമുക്കതിലൂടെ മനസ്സിലാക്കാം.
നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : ജാതിയെ നിലനിര്‍ത്തുന്നത് സംവരണങ്ങളോ ജാത്യധിഷ്ഠിത തിരഞ്ഞെടുപ്പു രാഷ്ട്രീയമോ മാത്രമല്ല. മറിച്ച് നാമിവിടെ ചര്‍ച്ചാവിഷയമാക്കിയ എല്ലാ ഘടകങ്ങളും അതിനെ സജീവമാക്കുന്നുണ്ട്: സമ്പത്തിന്മേലുള്ള അസമമായ നിയന്ത്രണം, തൊഴില്‍ശേഷിയുടെ അസമമായ പ്രകടനം, ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും സംയോജിപ്പിക്കുന്ന സ്വജാതി വിവാഹ സമ്പ്രദായം.
അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെട്ട ഒരു കൂട്ടത്തിനകത്ത് രക്തശുദ്ധിയെ പിടിച്ചുവെയ്ക്കുന്നതിലും, ഒരു ഗണത്തെ മറ്റൊരു ഗണത്തില്‍ നിന്നും വ്യതിരിക്തമാക്കുന്നതിലും, നിലനിര്‍ത്തുന്നതിലും സ്വജാതി വിവാഹങ്ങള്‍ക്കുള്ള പ്രാധാന്യം അംബേദ്കര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 'ജാതിയെ തകര്‍ക്കുന്നതിനുള്ള യഥാര്‍ത്ഥ ഉപാധി വിജാതീയ വിവാഹമാണ്. ജാതിയെ നേര്‍പ്പിക്കുവാന്‍ ഇതിലേറെ സഹായകമായ മറ്റൊരു ഉപാധിയും നിലവിലില്ല.' അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യമാണിത്. അങ്ങിനെ സ്ത്രീകളെ നിയന്ത്രിത രീതിയില്‍ വിനിമയം ചെയ്യുന്നു എന്നതാണ് ജാതിയുടെ രൂപീകരണത്തിലും നിലനില്പിലും ഏറ്റവും സഹായകമായി വര്‍ത്തിക്കുന്ന ഘടകം.
കുടുംബ സംസ്‌കാരത്തിന്റെ വലിയൊരു മണ്ഡലത്തെയും അഭിസംബോധനചെയ്യേണ്ടതുണ്ട്. കാരണം ഈ ഒരു പ്രത്യേക പരിധിക്കകത്തു നിന്നുകൊണ്ടാണ് ഒരോ ജാതിയും അവരുടെ ദൈനംദിന ആചാരങ്ങള്‍ - അത് ആരാധനയാകട്ടെ, വിവാഹച്ചടങ്ങുകളാകട്ടെ, ഭക്ഷണമാകട്ടെ- തുടര്‍ന്നുകൊണ്ടുപോകുന്നത്. ഭക്ഷണം പാചകം ചെയ്തും, ശുദ്ധി പരിരക്ഷിച്ചും ജാതിയെ നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് സുപ്രസിദ്ധ നരവംശശാസ്ത്രജ്ഞയായ ലീല ദുബെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉള്ളിലേക്കെടുക്കുന്നതിനും- അതുകൊണ്ടുതന്നെ ആഹരിക്കുന്നതിനും-
അതിന്റെ പാചകത്തിനും അതിന്റെ വിതരണത്തിനും ഉയര്‍ന്ന ജാതിക്കാരുടെ ശാരീരിക ശുദ്ധിയുമായി ബന്ധമുണ്ട്. അവ കുടുംബത്തിലെയും ജാതിയിലെയും പുരുഷന്മാരുടെ ശുദ്ധിയെ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ദുബെ പറയുന്നു.
ശുദ്ധിയുടെയും അയിത്തത്തിന്റെയും അനുഷ്ഠാന പരികല്പനകളില്‍ ഭക്ഷണം ഒരു പ്രധാന ഘടകമായി നില്ക്കുന്നു... സാമൂഹ്യവത്കരണ പ്രക്രിയയിലെ പ്രധാന കഥാപാത്രങ്ങളായ സ്ത്രീകള്‍, ഈ മണ്ഡലത്തിലെയും മുഖ്യ അഭിനേതാക്കളാണ്. ഭക്ഷണത്തെ സംരക്ഷിക്കുവാനും, അപകടം ഒഴിവാക്കുവാനും, വിശാലമായ അര്‍ത്ഥത്തില്‍ ഭക്ഷണത്തെക്കുറിച്ചുള്ള താരതമ്യപരികല്പനകളെ നിര്‍ണയിക്കുന്നതില്‍ വ്യാകരണ നിയമങ്ങളെ ശ്രദ്ധിക്കാനുമുള്ള ഉത്തരവാദിത്വങ്ങള്‍, സ്ത്രീകള്‍ക്കുമേല്‍ പതിക്കുന്നു. ഭക്ഷണത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ശുദ്ധാശുദ്ധങ്ങളുടേതായ ഉത്കണ്ഠകള്‍ കുടുംബത്തിലാണ് തുടങ്ങുന്നത്. ജാതി തത്ത്വങ്ങളില്‍, ഗാര്‍ഹിക ഇടവും/വീടും പുറംലോകവും തമ്മില്‍ വ്യക്തമായൊരു വേര്‍തിരിവ് നിലനില്ക്കുന്നുണ്ട്... ഭക്ഷണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജാതിയുടെ ശ്രേണീഘടനയെ ചിട്ടപ്പെടുത്തുന്നതില്‍ സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. ഭക്ഷണത്തിന്റെയും അനുഷ്ഠാനങ്ങളുടെയും മണ്ഡലത്തില്‍ സക്രിയ പ്രവര്‍ത്തകരും നിര്‍ദ്ദേശകരുമായി സ്ത്രീകള്‍ നിലനില്ക്കുന്നു. അത്തരം നിയമങ്ങളുടെ ശേഖരങ്ങളെക്കുറിച്ച് അറിവുള്ള സ്ത്രീകള്‍ക്ക് ആദരവുനേടാനാവുന്നു എന്നതിന്റെ സൂചനയുമാണത്...2
പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കുകയോ, കുടുംബപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയോ, കൂടുതല്‍ വ്യക്തമായി അടുക്കളയില്‍ ശുദ്ധിയുടെ നിയമങ്ങള്‍ നിലനിര്‍ത്തുകയോ ചെയ്യട്ടെ,- അനുശാസനങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന സ്ത്രീകള്‍ ആദരിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നു. അതേസമയം തന്നെ നിത്യജീവിതങ്ങളില്‍ അവര്‍ ജാതിയെയും അതിന്റെ നിയന്ത്രണങ്ങ
ളെയും ശാശ്വതീകരിക്കുകയും ചെയ്യുന്നു.
കുടുംബങ്ങളുടെയും സമുദായങ്ങളുടെയും വ്യവസ്ഥകള്‍ക്കനുസരിച്ച് വിവാഹിതരാവുന്നതിലോ ഭക്ഷണത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ശുദ്ധി പരിരക്ഷിക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ല, ജാതിവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം. ഇവ രണ്ടും, കുടുംബത്തിന്റെ ആന്തരഘടനയും അതിന്റെ പുനരുത്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതുപോലെതന്നെ, സാമ്പത്തിക മണ്ഡലത്തിലും പൊതുമണ്ഡലത്തിലും അധികാരം നിലനിര്‍ത്തുവാനും അവ സഹായകമാവുന്നുണ്ട്. ഒരു ജാതി എന്ന നിലയില്‍ തങ്ങളനുഭവിക്കുന്ന അധികാരത്തിന് ഭീഷണി ഉയരുമ്പോള്‍, ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകളുടെ പ്രതികരണത്തിന്റെ ഒറ്റപ്പെട്ട ഒരു പ്രകാശനമായി വിദ്യാര്‍ത്ഥിനികളുടെ മണ്ഡല്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ കാണേണ്ടതില്ല. ജാതിയും പുരുഷാധിപത്യവും തമ്മിലെ ബന്ധങ്ങളുമായി, വളരെ വിസ്തൃതമായൊരു സൂചന നല്കുന്നുണ്ട്, ആ മുദ്രാവാക്യങ്ങള്‍. അതുപോലെത്തന്നെ, സ്ത്രീകളില്‍ നിന്നും വിധേയത്വം പ്രതീക്ഷിക്കുകയും അവര്‍ക്ക് അധികാരത്തില്‍ ചില തലങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന, സങ്കീര്‍ണമായ ഒരു ഘടനയിലെ സ്ത്രീകളുടെ ഭൗതിക സാഹചര്യങ്ങളെ അത് സൂചിപ്പിക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ജാതി- വര്‍ഗ വൈരുദ്ധ്യങ്ങള്‍ക്കകത്താണ് ഈ ഘടകങ്ങള്‍ വ്യക്തമാകുന്നതെന്ന് നമുക്ക് കാണാനാവുന്നു. ജാതിയുടെയും വര്‍ഗത്തിന്റെയും ഘടനകളോടുള്ള സ്ത്രീകളുടെ വിധേയത്വം തികച്ചും നിഷ്‌ക്രിയമായ ഒന്നല്ലെന്ന കാര്യം ശ്രദ്ധേയമാണ്. അടുത്ത കാലം വരെ, ആരാലും വെല്ലുവിളിക്കപ്പെടാതെ അവര്‍ കൈകാര്യം ചെയ്ത സാമൂഹികാധികാരങ്ങളെ മുറുകെപ്പിടിക്കാന്‍, അവരുടെ പുരുഷന്മാരെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ അത് രൂപപ്പെട്ടേക്കാം.
1. Sharmila Rege, 'Dalit Counter publics', unpublished manuscript.
2. Leela Dube, 'Caste and Women'. In Castes : Its Twentieth Centuary Avatar, edited by M.N. Srinivas (Delhi : Viking, 1996), PP. 6-9.
(ജാതിയെ ലിംഗവത്കരിക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment