കൊച്ചി: പന്തളം എന്‍എസ്എസ് കോളേജ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി ഭാവി നശിപ്പിച്ച അധ്യാപകര്‍ നാടിനു നാണക്കേടെന്നു ഹൈക്കോടതി.
ലൈംഗിക വലയില്‍ കുരുക്കി പ്രതിഭാശാലിയായ പെണ്‍കുട്ടിയുടെ ഭാവിയില്ലാതാക്കിയ അധ്യാപകര്‍ എത്രത്തോളം തരംതാഴ്ന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഗുരുക്കന്മാര്‍ക്കു സമൂഹം നല്‍കുന്ന മഹത്വം എടുത്തുകാട്ടാന്‍ ഗുരൂര്‍ ബ്രഹ്മാ ഗുരൂര്‍ വിഷ്ണു എന്ന സംസ്‌കൃത ശ്ലോകം കോടതി ഉദ്ധരിച്ചു.
വിജ്ഞാനവും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്ന ഗുരുവിലൂടെ തന്നെയാണു സത്യത്തെയും ബ്രഹ്മത്തെയും അറിയുന്നത്. മാതാപിതാ ഗുരു ദൈവം എന്ന ചൊല്ലില്‍ തന്നെ ഗുരുവിനു സമൂഹം കല്‍പ്പിക്കുന്ന സ്ഥാനം വ്യക്തമാണ്. അറിവും മൂല്യബോധവും പകര്‍ന്നു വിദ്യാര്‍ഥിയുടെ ഭാവി രൂപപ്പെടുത്തുന്ന ഗുരുക്കള്‍ രാജ്യനിര്‍മാണത്തില്‍ കൂടി പങ്കാളിയാവുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പന്തളം എന്‍എസ്എസ് കോളേജിലെ മലയാളം, ബോട്ടണി, ഇംഗ്ലീഷ് വകുപ്പുകളിലെ നാല് അധ്യാപകരും പുറമേ നാലു പേരും ചേര്‍ന്നു വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണു കേസ്.
1997ല്‍ പന്തളം എന്‍എസ്എസ് കോളജിലെ രണ്ടാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. പഠനത്തിലും കലയിലും അതീവ പ്രാവീണ്യമുള്ള പെണ്‍കുട്ടി കോളജില്‍ ഏവര്‍ക്കും പരിചിതയായിരുന്നു. പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയനും കോളജിലെ ഇംഗ്ലീഷ് അധ്യാപകനുമായ രാധാകൃഷ്ണനായിരുന്നു പീഡനത്തിന്റെ സൂത്രധാരന്‍. ക്ലാസ് നടക്കുമ്പോള്‍ ഇയാള്‍ ക്ലാസില്‍നിന്ന് അറ്റന്‍ഡറെ വിട്ടു പെണ്‍കുട്ടിയെ ഡിപ്പാര്‍ട്ട്‌മെന്റിലേക്കു വിളിപ്പിക്കുമായിരുന്നു.
അധ്യാപകരായ വേണുഗോപാല്‍, രവീന്ദ്രന്‍ പിള്ള, പ്രകാശ് എന്നിവരും ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെത്തി പെണ്‍കുട്ടിയുമായി ദീര്‍ഘനേരം സംസാരിക്കുക പതിവായിരുന്നു. 1996 മുതല്‍ തുടങ്ങിയ അടുപ്പമാണ് ഒടുക്കം വിവാദമായ കേസിനു വഴിവച്ചത്. പല അവസരങ്ങളിലും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒഴിഞ്ഞു മാറി. എങ്കിലും ഇവര്‍ വിടാന്‍ തയാറായിരുന്നില്ല.
പിതാവിന്റെ അസുഖ വിവരം സഹോദരിയെ അറിയിക്കാന്‍ അധ്യാപകന്റെ വീടിനു മുന്നിലൂടെ പോകുംവഴി ഭാര്യയെ പരിചയപ്പെടുത്താമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു കയറ്റിയ അധ്യാപകനായ രാധാകൃഷ്ണന്‍ പുറത്തിറങ്ങി വാതില്‍ പൂട്ടി. ഈ സമയം അകത്തെ മുറിയില്‍നിന്നും മറ്റൊരധ്യാപനായ രവീന്ദ്രനാഥപിള്ള കടന്നുവന്നു പെണ്‍കുട്ടിയെ ബലമായി കീഴ്‌പ്പെടുത്തി. ഒരാഴ്ച കോളേജില്‍നിന്നു വിട്ടുനിന്ന പെണ്‍കുട്ടിയെ കോളേജില്‍ ചെന്ന ദിവസം അറ്റന്‍ഡറെ വിട്ടു അധ്യാപകന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ വിളിപ്പിച്ചു.
തങ്ങള്‍ക്കു വഴങ്ങണമെന്നും ഇല്ലെങ്കില്‍ സംഭവം പുറത്തുപറയുമെന്നും വകുപ്പ് മേധാവിയോടു പറഞ്ഞു പെണ്‍കുട്ടിയെ കോളേജില്‍നിന്നു പുറത്താക്കുമെന്നും പറഞ്ഞു നാല് അധ്യാപകര്‍ ചേര്‍ന്നു ഭീഷണിപ്പെടുത്തി. ഇങ്ങനെ സമ്മര്‍ദത്തിലാക്കി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കി. ഒടുവില്‍ നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു. സഹോദരിയെയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെയും കൂടി നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി തകരുകയായിരുന്നെന്നു വിധിന്യായത്തില്‍ പറയുന്നു.
പെണ്‍കുട്ടി സമ്മതത്തോടെ ലൈംഗികബന്ധത്തിനു വഴങ്ങുകയായിരുന്നെന്ന പ്രതികളുടെ വാദം കോടതി തള്ളി. 1997 ജൂലൈ മുതല്‍ 97 ഒക്‌ടോബര്‍ 21 വരെ ഏഴു പ്രതികളും രാധാകൃഷ്ണനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ വീട്ടില്‍ ഇക്കാര്യം പെണ്‍കുട്ടി അറിയിച്ചു. പിതാവ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയെത്തുടര്‍ന്നു പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതികളെ വിവിധ കാലഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തു. സംഭവം കോളജില്‍ വിവാദമായെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പലോ സ്റ്റാഫ് കൗണ്‍സിലോ തയാറായില്ല. തുടര്‍ന്ന് 1997 ഡിസംബര്‍ 16ന് പെണ്‍കുട്ടി പഠനം മതിയാക്കി ടിസി വാങ്ങി.
ഈ സംഭവത്തോടു സര്‍ക്കാരും കോളജ് മാനേജ്‌മെന്റും അധ്യാപകരും സംഘടനയും വിദ്യാര്‍ഥികളും പ്രതികരിച്ച രീതി ലജ്ജാകരമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. മാനുഷികമൂല്യങ്ങള്‍ക്കു വിലകല്‍പിക്കാത്ത നടപടിയായി ഇതിനെ കാണാം. ചെയ്ത പ്രവര്‍ത്തികള്‍ വിലയിരുത്തുമ്പോള്‍ പ്രതികള്‍ ഒട്ടും ദയ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് കീഴ്‌ക്കോടതി വിധിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
No comments:
Post a Comment