Sunday 19 January 2014

[www.keralites.net] ????-???????-??? ???

 

ചെവി-മൂക്ക്‌-തൊണ്ട പ്രത്യേക ചോദ്യോത്തരം

ചെവിയെയും മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.

ചെവിയും മൂക്കും തൊണ്ടയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഇവ മൂന്നും ഇ.എന്‍.ടി എന്ന ഒറ്റവിഭാഗത്തിനു കീഴില്‍ വരുന്നത്‌. ഈ അവയവങ്ങള്‍ക്കുണ്ടാകുന്ന ചെറിയൊരു തകരാര്‍ പോലും നിത്യജീവിതത്തില്‍ അസ്വസ്‌ഥകള്‍ സൃഷ്‌ടിക്കാം. ചെവിയെയും മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.

ചെവിയിലെ അസ്വസ്‌ഥതകള്‍ക്ക്‌ വെളിച്ചെണ്ണ ചെവിയില്‍ ഒഴിക്കുന്നത്‌ നല്ലതാണോ?

വെളിച്ചെണ്ണ ചൂടാക്കി ഒഴിക്കുമ്പോള്‍ ആശ്വാസം തോന്നാമെങ്കിലും ഇത്‌ യാതൊരു ഗുണവും ചെയ്യുന്നില്ല. ഫംഗസ്‌ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്‌. കര്‍ണപുടം പൊട്ടിപ്പോയവര്‍ ചെവിയില്‍ എണ്ണ ഒഴിക്കുമ്പോള്‍ പാട പിന്നീട്‌ അടയാതിരിക്കാനും മധ്യകര്‍ണത്തില്‍ എത്തിയാല്‍ പഴുപ്പ്‌ ഉണ്ടാകാനുമിടയുണ്ട്‌. വെളിച്ചെണ്ണ എന്നല്ല, ഡോക്‌ടര്‍ നല്‍കുന്ന മരുന്നല്ലാതെ മറ്റൊന്നും ചെവിയില്‍ ഒഴിക്കാന്‍ പാടില്ല.

ചെവിക്ക്‌ ശക്‌തമായ ക്ഷതമേല്‍ക്കുന്നത്‌ ബധിരതയ്‌ക്കു കാരണമാകുമോ?

മധ്യകര്‍ണവും ആന്തരിക കര്‍ണവും സ്‌ഥിതി ചെയ്യുന്നത്‌ ടെമ്പറല്‍ ബോണിനുള്ളിലാണ്‌. നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള എല്ലാണിത്‌. അതിനാല്‍ ശക്‌തമായ ക്ഷതമേല്‍ക്കുമ്പോള്‍ മാത്രമാണ്‌ ഇതിനു പൊട്ടലുണ്ടാകുന്നത്‌. എല്ലുകള്‍ക്കു സ്‌ഥാനമാറ്റമോ പൊട്ടലോ ഉണ്ടായാല്‍ ഒരു പരിധിവരെ ചികിത്സിച്ചു മാറ്റാവുന്നതാണ്‌. പ്രത്യേകിച്ചും മധ്യകര്‍ണത്തിലെ മൂന്ന്‌ എല്ലുകള്‍. ആന്തരിക കര്‍ണത്തിനോ അതില്‍നിന്ന്‌ മുകളിലേക്കുള്ള ഞരമ്പുകള്‍ക്കോ ആണ്‌ ക്ഷതം സംഭവിക്കുന്നതെങ്കില്‍ ചികിത്സ സാധ്യമല്ല. ഇത്‌ ബധിരതയ്‌ക്കു കാരണമാകാം. ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നതിലൂടെ അപകടംമൂലം ചെവിക്കുണ്ടാകുന്ന ക്ഷതങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും.
വെള്ളത്തിലേക്ക്‌ ശക്‌തിയായി വീഴുന്നതും ചെവിയുടെ പാട പൊട്ടിപോകുന്നതിനു കാരണമാകാം. ഇത്‌ ചികിത്സയിലൂടെ ശരിയാക്കാവുന്നതാണ്‌.

സ്‌ഥിരമായി ബഡ്‌സ് ഉപയോഗിക്കുന്നത്‌ ചെവിക്ക്‌ ദോഷമാണോ?

ചെവിക്കായം ചെവിയുടെ ആരോഗ്യത്തിന്‌ ആവശ്യമുള്ളതാണ്‌. അതിനാല്‍ ഇത്‌ ബഡ്‌സ് ഉപയോഗിച്ച്‌ വൃത്തിയാക്കേണ്ടതില്ല. ചെവിയുടെ തൊലിക്ക്‌ മയം ഉണ്ടാക്കാന്‍ സഹായിക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ധര്‍മ്മം. അണുബാധ തടയുവാനും ഇത്‌ സഹായിക്കുന്നു. ബാഹ്യകര്‍ണം ഇതുമൂലം അടഞ്ഞു പോയാല്‍ മാത്രം ഒരു ഇ.എന്‍.ടി ഡോക്‌ടറെ കാണിക്കുക. ബാഹ്യകര്‍ണത്തിലെ ചര്‍മം സംവേദന ക്ഷമത കൂടുതലുള്ളതാണ്‌. അതിനാല്‍ ബഡ്‌സ് സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ കര്‍ണപുടത്തിനും കര്‍ണനാളത്തിനും മുറിവ്‌, കേടുപാടുകള്‍ എന്നിവ ഉണ്ടാകാം.
ബാഹ്യകര്‍ണത്തില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍പോലും അണുബാധയ്‌ക്കു കാരണമാകുന്നു. അതിനാല്‍ ബഡ്‌സും ചെവിതോണ്ടിയും ഉപയോഗിക്കരുത്‌. ബഡ്‌സ് പൂര്‍ണമായും അണുവിമുക്‌തമല്ല.

ചെവിയില്‍ ദശ വളരുന്നത്‌ എന്തുകൊണ്ടാണ്‌?

ചെവിയില്‍ ദശ വളരുന്നത്‌ കേള്‍വിക്കുറവിന്‌ കാരണമാവാം. എന്നാല്‍ ഇത്‌ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന പ്രശ്‌നമാണ്‌. സാധാരണയായി മധ്യകര്‍ണത്തില്‍നിന്നാണ്‌ ഇവ ഉത്ഭവിക്കുന്നത്‌. ചികിത്സയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌.

ഉറുമ്പ്‌, വണ്ട്‌ മുതലായ ജീവികള്‍ ചെവിയില്‍ അകപ്പെട്ടാല്‍ ആല്‍ക്കഹോള്‍ ചെവിയിലൊഴിക്കുന്നത്‌ ഫലപ്രദമാണോ?

ജീവനുള്ള വലിയ പ്രാണികള്‍ ചെവിക്കകത്തു പ്രവേശിക്കുമ്പോള്‍ എത്രയും വേഗം ഡോക്‌ടറെ കാണണം. ആഫ്‌ടര്‍ഷേവ്‌ ലോഷന്‍, വിസ്‌കി, ബ്രാണ്ടി തുടങ്ങിയ ആല്‍ക്കഹോളുകള്‍ 10- 15 തുള്ളി ചെവിയില്‍ ഒഴിക്കുക. ആല്‍ക്കഹോളിന്റെ രൂക്ഷതയില്‍ അവയക്ക്‌ ജീവിക്കാന്‍ കഴിയില്ല. ആല്‍ക്കഹോളാണ്‌ ഒഴിക്കുന്നതെങ്കില്‍ ചിലരില്‍ എഴുന്നേല്‍ക്കുമ്പോള്‍ അല്‌പ സമയത്തേക്ക്‌ തലകറക്കം അനുഭവപ്പെടാം. 5 മിനിറ്റ്‌ ഇരുന്ന ശേഷം തലകറക്കം അനുഭവപ്പെടുന്നില്ലെന്ന്‌ ബോധ്യമായാല്‍ മാത്രം എഴുന്നേറ്റു നടക്കുക. ജീവിയെ ചത്ത്‌ ചെവിക്കുള്ളില്‍ കിടക്കുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി എടുത്തുകളയണം.

കര്‍ണപുടത്തിന്റെ തകരാറുകൊണ്ട്‌ നഷ്‌ടപ്പെട്ട കേള്‍വി തിരികെ ലഭിക്കുമോ?

ശസ്‌ത്രക്രിയയിലൂടെ കര്‍ണപുടത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുകയാണ്‌ ചെയ്യുക. ഇതിലൂടെ കര്‍ണപുടത്തിന്റെ തകരാറുകൊണ്ട്‌ നഷ്‌ടപ്പെട്ട കേള്‍വി തിരികെ ലഭിക്കുന്നതാണ്‌. എന്നാല്‍ 5 - 10 ശതമാനം ആളുകളില്‍ ഈ ശസ്‌ത്രക്രിയ ഫലപ്രദമാകണമെന്നില്ല. എങ്കിലും നിരാശപ്പെടാതെ വീണ്ടും സര്‍ജറിയ്‌ക്കു വിധേയമാവുക. കര്‍ണപുടം പൊട്ടി ആറു മാസത്തിനകം ശരിയായില്ലെങ്കില്‍ ശസ്‌ത്രക്രിയ വേണ്ടിവരും. സാധാരണയായി 15 വയസ്‌ കഴിഞ്ഞവരിലാണ്‌ ഈ ശസ്‌ത്രക്രിയ ചെയ്യുന്നത്‌. ശസ്‌ത്രക്രിയക്കുശേഷം ഒരു മാസത്തേക്ക്‌ വിമാന യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. സര്‍ജറിക്കുശേഷം ജലദോഷം വരാതിരിക്കാനും ശ്രദ്ധിക്കണം.

ചെവിയില്‍ വെള്ളം കയറുന്നത്‌ അണുബാധയ്‌ക്കു കാരണമാകുമോ?

കര്‍ണപുടത്തിലെ പാട പൊട്ടാത്തവരില്‍ ചെവിയില്‍ വെള്ളം കയറി എന്നതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല. എന്നാല്‍ ചെവിയില്‍ വാക്‌സ് ഉണ്ടെങ്കില്‍ ഇത്‌ കുതിര്‍ന്ന്‌ ബധിരത ഉണ്ടാകാം. ഇത്‌ എടുത്തുകളയുന്നതിലൂടെ ഇത്തരം ബധിരത ഒഴിവാക്കാം. മലിന ജലമാണെങ്കില്‍ ബാഹ്യ കര്‍ണത്തില്‍ അണുബാധയും മധ്യകര്‍ണത്തില്‍ പഴുപ്പും ഉണ്ടാകാം. കര്‍ണപുടം പൊട്ടി പോയവര്‍ ഒരിക്കലും മുങ്ങിക്കുളിക്കാതിരിക്കുക.

കുട്ടികളില്‍ ഇടയ്‌ക്കിടയ്‌ക്ക് ചെവിപഴുപ്പ്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

സൈനസൈറ്റിസ്‌, ജലദോഷം, അണുബാധ എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്‌. മൂക്കില്‍നിന്നും മധ്യകര്‍ണത്തിലേക്കു തുറന്നിരിക്കുന്ന നാളിയാണ്‌ യൂസ്‌തേഷ്യന്‍ നാളി. മധ്യ കര്‍ണത്തില്‍ വായുവിന്റെ സമര്‍ദം നിയന്ത്രിക്കുവാന്‍ ഈ നാളി സഹായിക്കുന്നു. എന്നാല്‍ ജലദോഷമുള്ളപ്പോള്‍ ഈ നാളി വഴി മധ്യ കര്‍ണത്തില്‍ അണുബാധ ഉണ്ടാകുകയും സമര്‍ദംകൂടി പാട പൊട്ടി പോകുന്നതിനും സാധ്യതയുണ്ട്‌. ജലദോഷം ചികിത്സിക്കാന്‍ വൈകുന്നതാണ്‌ ഇതിനു മുഖ്യ കാരണം. അതിനാല്‍ ജലദോഷം പഴകാന്‍ അനുവദിക്കരുത്‌. മൂക്ക്‌ രണ്ടും അടച്ച്‌ ശക്‌തമായി ചീറ്റുന്നതും അണുബാധയ്‌ക്കു കാരണമാകും. കുട്ടികളില്‍ മൂക്കിനു പുറകിലായി സ്‌ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ്‌ അഡിനോയിഡ്‌. ഈ ഗ്രന്ഥിയുടെ അണുബാധയും വീക്കവും കുട്ടികളില്‍ ചെവിപഴുപ്പിനു കാരണമാവാം.

ലക്ഷണമാകാറുണ്ടോ?

ഫംഗസ്‌ അണുബാധയാണ്‌ പൂപ്പലിനുള്ള പ്രധാന കാരണം. ചെവി ചൊറിച്ചില്‍, ചെവി അടഞ്ഞിരിക്കുക, കേള്‍വിക്കുറവ്‌, വേദനയോടെയോ അല്ലാതെയോ ഉള്ള സ്രവങ്ങള്‍ എന്നിവയാണ്‌ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ശക്‌തമായ ശബ്‌ദങ്ങള്‍ കര്‍ണപുടത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുമെന്ന്‌ പറയുന്നത്‌ ശരിയാണോ?

അതിഭീകരമായ ശബ്‌ദങ്ങള്‍ മാത്രമേ കര്‍ണപുടത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുകയുള്ളൂ. ശബ്‌ദത്തിന്റെ തോത്‌, ശബ്‌ദത്തിന്റെ ശ്രോതസ്‌ ചെവിയുടെ എത്ര സമീപത്താണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്‌. ചെവിയുടെ അടുത്തിരുന്ന്‌ പടക്കം, ബോംബ്‌ ഇവ പൊട്ടുക, ചെവി ചേര്‍ത്ത്‌ ശക്‌തിയായി അടിക്കുക തുടങ്ങിയവ ഉദാഹരണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്‌ടറെകണ്ട്‌ ചികിത്സ ലഭ്യമാക്കണം. ഇയര്‍ഫോണ്‍ ഉപയോഗിച്ച്‌ ഉയര്‍ന്ന ശബ്‌ദത്തില്‍ കൂടുതല്‍ സമയം പാട്ടുകേള്‍ക്കുക, ഉച്ചത്തിലുള്ള ചെണ്ടമേളം അടുത്തിരുന്നു കേള്‍ക്കുക തുടങ്ങിയവയെല്ലാം ഞരമ്പുകളെ ബാധിക്കാം. ഞരമ്പുകളുടെ പ്രശ്‌നങ്ങള്‍മൂലം ഉണ്ടാകുന്ന കേള്‍വിക്കുറവ്‌ ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല.

മൂക്കിന്റെ തകരാറുകള്‍

മൂക്കില്‍ ദശ വളരുന്നതുകൊണ്ടാണോ വിട്ടുമാറാത്ത ജലദോഷം ഉണ്ടാകുന്നത്‌ ?

ചെറുപ്പത്തിലേ സൈനസൈറ്റിസ്‌ വരുന്നത്‌, മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നത്‌, സ്‌ഥിരമായി ടെന്‍ഷനുണ്ടാകുന്നത്‌, ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത്‌ ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്‌. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും. എന്തുകാരണംകൊണ്ടാണ്‌ ജലദോഷമുണ്ടാകുന്നതെന്ന്‌ കണ്ടെത്തിയിട്ടുവേണം ചികിത്സ ആരംഭിക്കാന്‍.

കുട്ടികള്‍ പഞ്ഞി, ഈര്‍ക്കിലി തുടങ്ങിയ വസ്‌തുക്കള്‍ മൂക്കില്‍ കയറ്റിയാല്‍ എന്തുചെയ്യണം?

ചില കുട്ടികള്‍ക്ക്‌ പഞ്ഞി, ബട്ടന്‍സ്‌, ഈര്‍ക്കിലി മുതലായവ മൂക്കില്‍ കയറ്റുന്ന സ്വഭാവമുണ്ട്‌. ഇത്‌ വളരെ അപകടകരമാണ്‌്. അങ്ങനെ സംഭവിച്ചാല്‍ മൂക്ക്‌ ശക്‌തിയായി ചീറ്റുകയാണ്‌ വേണ്ടത്‌. മൂക്കില്‍ കയറ്റിയ സാധനം വളരെ ശ്രദ്ധിച്ചുവേണം നീക്കം ചെയ്യാന്‍. മൂക്കില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുടുങ്ങിയിട്ടുള്ള വസ്‌തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌. ഇങ്ങനെ നീക്കം ചെയ്യാനുള്ള ശ്രമം വസ്‌തു ഉള്ളിലേക്ക്‌ കൂടുതല്‍ കയറി അപകടം ഉണ്ടാക്കുന്നു.

മൂക്കിലുണ്ടാകുന്ന ദശ കരിച്ചു കളഞ്ഞാലും വീണ്ടു ദശവളര്‍ച്ച ഉണ്ടാകുമോ?

പാപ്പിലോമാ, ഗ്രാനുലോമ, ഹെര്‍മനോമ എന്നിവയാണ്‌ മുക്കിലുണ്ടാകുന്ന ദശകള്‍. ഇവ കരിച്ചു കളയാന്‍ സാധിക്കും. എന്നാല്‍ കരിച്ചു കളഞ്ഞതിനു ശേഷവും ദശയുടെ അംശം മൂക്കില്‍ അവശേഷിച്ചാല്‍ ആ ഭാഗം വീണ്ടും തടിച്ചുവരാന്‍ സാധ്യത കൂടുതലാണ്‌. ജെല്ലി പോലെ മൃദുവായ ദശയും കട്ടികൂടിയ ദശയുമുണ്ട്‌. കട്ടികുറഞ്ഞ ദശ കരിച്ചു കളയുന്നതുകൊണ്ട്‌ പ്രയോജനമുണ്ട്‌. ദശ കരിച്ചു കളഞ്ഞാലും വീണ്ടും വരാം.

മൂക്കിനു ചുറ്റും കറുത്തനിറം കാണപ്പെടുന്നത്‌ അലര്‍ജിയുടെ ലക്ഷണമാണോ?

മൂക്കിനു ചുറ്റും ചൊറി വരാറുണ്ട്‌. മൂക്കിന്‌പുറത്ത്‌ കറുപ്പു നിറവും നീല, തവിട്ട്‌, ചുവപ്പ്‌ , മഞ്ഞ എന്നീ നിറങ്ങളോട്‌ കൂടിയ തടിപ്പും കുരുക്കളും വരാം. ഇവയ്‌ക്ക് ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ആ വെള്ളം വീഴുന്ന ഭാഗത്ത്‌ വീണ്ടും കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഒരു ഇഎന്‍ടി സ്‌പെഷലിസ്‌റ്റിനെ കണ്ട്‌ മരുന്നു വാങ്ങണം. തൊലിപ്പുറത്തു പുരട്ടുവാനുള്ള ക്രീമുകളും ഇന്ന്‌ ലഭ്യമാണ്‌.

അനോസ്‌മിയ എന്ന അവസ്‌ഥ ചികിത്സയിലൂടെ ശരിയാക്കാവുന്ന പ്രശ്‌നമാണോ?

മൂക്കിന്‌ പരിക്കേല്‍ക്കുന്ന അപകടങ്ങള്‍ സംഭവിച്ചശേഷം മണമറിയാന്‍ സാധിക്കാത്ത അവസ്‌ഥ ഉണ്ടാകാവുന്നതാണ്‌. അനോസ്‌മിയ എന്നാണ്‌ ഈ അവസ്‌ഥയ്‌ക്ക്‌ പറയുന്നത്‌. ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവുന്നതാണ്‌. മണം അറിയാവുന്ന രീതിയില്‍ മൂക്കിന്റെ ഘടന മാറ്റിയെടുക്കുകയാണ്‌ ചെയ്യുന്നത്‌.

എപ്പോഴും മൂക്കില്‍നിന്ന്‌ മൂക്കളയും കട്ടകളും വരുന്നത്‌ എന്തുകൊണ്ടാണ്‌. എന്താണ്‌ ഈ രോഗം?

മൂക്കിലെ അസ്‌ഥികളും ശ്ലേഷ്‌മ പടലങ്ങളും ക്ഷയിച്ച്‌ ചെറിയ പൊട്ടലുകളും ദുര്‍ഗന്ധവും സ്രവവും ഉണ്ടാവുന്ന അവസ്‌ഥയാണ്‌ ഒസീന. മൂക്കിന്റെ വീക്കം നീണ്ടുനിന്ന്‌ ഈ അവസ്‌ഥ വരാം. മണം അറിയാനുള്ള കഴിവ്‌ ക്രമേണ നഷ്‌ടപ്പെടുന്നതായി കാണാറുണ്ട്‌. എപ്പോഴും മൂക്കില്‍ നിന്ന്‌ മൂക്കളയും കട്ടകളും വരാറുണ്ട്‌.

മൂക്കിനുള്ളിലെ ശ്ലേഷ്‌മ പടലത്തിനുണ്ടാകുന്ന അണുബാധ സൈനുസൈറ്റിസിന്‌ കാരണമാകുമോ?

മൂക്കിനു ചുറ്റുമുള്ള അസ്‌ഥികളില്‍ കാണപ്പെടുന്ന വായു അറകളാണ്‌ നേസല്‍ സൈനസ്‌. ഈ അറകളുടെ ഉള്‍വശം ശ്ലേഷ്‌മ പടലത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. ജലദോഷം, അലര്‍ജി, മറ്റുരോഗാണുക്കളുടെ സംക്രമണം എന്നിവയാല്‍ ഈ അറകളില്‍ ശ്ലേഷ്‌മ ദ്രവം നിറയുകയും അവ നാസാരധ്രങ്ങള്‍ വഴി പുറത്തേക്ക്‌ ഒഴുകുകയും ചെയ്യുന്നു. ഈ അറകളിലെ ശ്ലേഷ്‌മ പടലത്തിന്‌ നീര്‍വീക്കം ഉണ്ടാകുന്ന അവസ്‌ഥയാണ്‌ സൈനസൈറ്റിസ്‌. ഇതുമൂലം പുറത്തേക്കുള്ള സുഷിരം അടയുകയും തന്മൂലം ഇവയ്‌ക്കുള്ളിലെ ശ്ലേഷ്‌മ ദ്രവം പുറത്തേക്ക്‌ പോകാതെ തടസപ്പെടുകയും ചെയ്യുന്നു. ഇതു കാരണം അറകളിലെ വായു സമ്മര്‍ദം കൂടുകയും തലവേദന ഉണ്ടാവുകയും ചെയ്യുന്നു.

ദുര്‍ഗന്ധത്തോടു കൂടിയ രക്‌തം കലര്‍ന്ന സ്രവം മൂക്കില്‍കൂടി വരുന്നത്‌ എന്തുകൊണ്ടാണ്‌?

മൂക്കിന്റെ പാലത്തിന്‌ സുഷിരങ്ങള്‍ ഉണ്ടാകാറുണ്ട്‌. സുഷിരത്തോടൊപ്പം വ്രണങ്ങളും മൂക്കിന്റെ പാലത്തില്‍ വരാം. ഇങ്ങനെയുണ്ടായാല്‍ ദുര്‍ഗന്ധത്തോടുകൂടിയ രക്‌തം കലര്‍ന്ന സ്രവം മൂക്കില്‍ നിന്നും വരാം. അസ്‌ഥികള്‍ക്ക്‌ അസഹനീയമായ വേദന അനുഭവപ്പെടുന്നത്‌ മൂക്കിന്റെ പാലത്തിന്‌ സുഷിരമുള്ളതുകൊണ്ടാണ്‌. മൂക്കിലെ അസ്‌ഥികളും ശ്ലേഷ്‌മ പടലവും നശിക്കുന്നതും മൂക്കിന്റെ പാലത്തിന്‌ സുഷിരമുണ്ടാകാന്‍ കാരണമാണ്‌. പച്ചനിറത്തില്‍ ദുര്‍ഗന്ധത്തോടു കൂടിയ നാസികാസ്രവവും വരാറുണ്ട്‌.

പ്രായമായവരില്‍ മൂക്കിലെ രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നത്‌ എന്തുകൊണ്ട്‌?

പ്രായമാകുമ്പോള്‍ സാധരണയായി രോമങ്ങള്‍ കൊഴിയാറുണ്ട്‌. രോമത്തിന്റെ വേരുകളുടെ കട്ടികുറയുന്നതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. കാഠിന്യമുള്ള കെമിക്കലുകള്‍ ശ്വസിക്കുന്നതുമൂലം ഏതു പ്രായക്കാരുടെയും മൂക്കിലെ രോമം കൊഴിയാന്‍ സാധ്യതയുണ്ട്‌. വിഷവാതകങ്ങള്‍ ശ്വസിച്ചാലും മൂക്കിലെ രോമങ്ങള്‍ കൊഴിയുന്നതായി കാണാറുണ്ട്‌. ചെറുപ്പത്തിലെ രോമം കൊഴിയുന്നതായി കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്‌.

മൂക്കിലൂടെ രക്‌തസ്രാവമുണ്ടാകുന്നത്‌ അണുബാധയുടെ ലക്ഷണമാണോ?

മൂക്കിലൂടെ രക്‌തം വരുന്നതിന്‌ എപ്പിസ്‌റ്റാക്‌സിസ്‌ എന്നാണ്‌ പറയുന്നത്‌. രാവിലെ ഏഴുന്നേല്‍ക്കുമ്പോഴേ മൂക്കില്‍നിന്ന്‌ രക്‌തസ്രാവം ഉണ്ടാകുന്നവരുണ്ട്‌. മൂക്കില്‍ ദശവളര്‍ന്നു നില്‍ക്കുന്നതിനാലാവാം ഇങ്ങനെ വരുന്നത്‌. അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്നും രക്‌തം വരാവുന്നതാണ്‌. മൂക്കിലുണ്ടാകുന്ന ചെറിയ ചലനം പോലും രക്‌തസ്രാവം വര്‍ധിക്കാനിടയുണ്ട്‌. സൂര്യന്റെ ചൂടടിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ തോത്‌ കൂടാറുണ്ട്‌. മൂക്കില്‍ നിന്ന്‌ രക്‌തസ്രാവമുണ്ടാകുന്നതിനുള്ള കാരണം കണ്ടെത്തി വിദഗ്‌ധ ചികിത്സ തേടുക.

തൊണ്ടയുടെ പ്രശ്‌നങ്ങള്‍

ടോണ്‍സിലൈറ്റിസിന്റെ ലക്ഷണമായ തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?

ജലദോഷത്തെത്തുടര്‍ന്ന്‌ തൊണ്ടവേദന ഉണ്ടാകുന്നത്‌ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇതിന്‌ പ്രധാന കാരണം ടോണ്‍സിലൈറ്റിസാണ്‌. സാധാരണമായി കണ്ടുവരുന്ന രോഗമാണിത്‌. തൊണ്ടയില്‍ നാവിനു പുറകിലായി ഇരുവശങ്ങളിലുമായി സ്‌ഥിതിചെയ്യുന്ന ലിംഫോയ്‌ഡ് ഗ്രന്ഥികളാണ്‌ ടോണ്‍സിലുകള്‍. ജലദോഷമുണ്ടാകുമ്പോള്‍ അണുബാധയും ഉണ്ടാകും. ഈ അണുബാധമൂലം ടോണ്‍സിലുകള്‍ക്ക്‌ നീര്‍ക്കെട്ടുണ്ടാകുന്നു. ഇതിനെയാണ്‌ ടോണ്‍സിലൈറ്റിസ്‌ എന്നു പറയുന്നത്‌.

തൊണ്ടയില്‍ മുഴയുണ്ടാകുന്നത്‌ അയഡിന്റെ അപര്യാപ്‌തതമൂലമാണോ?

തൊണ്ട വീക്കം അഥവാ ഗോയിറ്ററിന്‌ മിക്ക അവസരങ്ങളിലും വ്യക്‌തമായ കാരണം കണ്ടെത്താന്‍ കഴിയാറില്ല. അയഡിന്റെ കുറവ്‌ ഒരു കാരണം മാത്രമാണ്‌. അയഡിന്‍ ചേര്‍ന്ന ഉപ്പ്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഒരു പരിധിവരെ ഗോയിറ്ററില്‍ നിന്നും രക്ഷനേടാവുന്നതാണ്‌. തൊണ്ടയില്‍ മുഴ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം. പരിശോധിച്ച്‌ ഗോയിറ്ററാണോ യെന്ന്‌ ഉറപ്പുവരുത്തണം.

ജലദോഷ സമയത്ത്‌ ശബ്‌ദം നഷ്‌ടമാകുന്നതിനുള്ള കാരണങ്ങള്‍ എന്താണ്‌?

ജലദോഷം മൂലം ശബ്‌ദം നഷ്‌ടമാകാറുണ്ട്‌. ഇത്‌ ഗൗരവമേറിയ പ്രശ്‌നമല്ല. പ്രത്യേക ചികിത്സയുടെ ആവശ്യവുമില്ല. അധികം സംസാരിക്കാന്‍ ശ്രമിക്കാതെ തൊണ്ടയ്‌ക്ക് പരിപൂര്‍ണ വിശ്രമം നല്‍കുക. ജലദോഷത്തിനു കാരണമായ രോഗാണുക്കള്‍ സ്വനപേടകത്തെക്കൂടി ബാധിക്കുമ്പോഴാണ്‌ താല്‍ക്കാലികമായി ശബ്‌ദം നഷ്‌ടമാകുന്നത്‌. തൊണ്ടയിലെ അണുബാധ മാറുന്നതോടെ ശബ്‌ദം തിരികെ ലഭിക്കുകയും ചെയ്യും.

ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌ തൊണ്ടയില്‍ കാന്‍സറിന്റെ ലക്ഷണമാകുമോ?

തൊണ്ടയില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ്‌ കാണുന്നത്‌. മദ്യപാനവും പുകവലിയും പാന്‍പരാഗ്‌ പോലുള്ള ലഹരി വസ്‌തുക്കളുടെ ഉപയോഗവുമാണ്‌ ഇതിനു പ്രധാനകാരണം. ഒച്ചയടപ്പ്‌, ശ്വാസതടസം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്‌ തുടങ്ങിയവയാണ്‌ തൊണ്ടയിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. എന്നു കരുതി ഇതെല്ലാം കാന്‍സര്‍രോഗത്തിന്റെ ലക്ഷണമാകണമെന്ന്‌ നിര്‍ബന്ധമില്ല. സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍ മാത്രമാണിത്‌.

കുട്ടികളുടെ തൊണ്ടയില്‍ അന്യവസ്‌തുക്കള്‍ കുടുങ്ങിയാല്‍ എന്താണ്‌ ചെയ്യുക?

മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടാണ്‌ ഇത്‌ അധികവും സംഭവിക്കുന്നത്‌. കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ കൊടുക്കുമ്പോള്‍ വായിലോ മൂക്കിലോ കയറാന്‍ പാകത്തിലുള്ളത്‌ ആകരുത്‌. തൊണ്ടയില്‍ അന്യവസ്‌തുക്കള്‍ കുടുങ്ങിയാല്‍ പുറത്ത്‌ രണ്ട്‌ തോളെല്ലിനും ഇടയിലായി ശക്‌തിയായി ഇടിക്കുക. സാധാരണ രീതിയില്‍ കുടുങ്ങിയ വസ്‌തു പുറത്തേക്ക്‌ തെറിച്ചു പോകും. തൊണ്ടയില്‍ അന്യവസ്‌തുക്കള്‍ കുടുങ്ങിയാല്‍ അത്‌ ഇറങ്ങിപ്പോകാനായി ഭക്ഷണ സാധാനങ്ങള്‍ കൊടുക്കാറുണ്ട്‌. ഇത്‌ ഒരിക്കലും പാടില്ല. കുട്ടിയെ പറഞ്ഞ്‌ സമാധാനപ്പെടുത്തി എത്രയും വേഗം ഡോക്‌ടറുടെ അടുത്തെത്തിക്കണം.

എന്താണ്‌ വോക്കല്‍ നൊഡ്യൂള്‍?

ശബ്‌ദത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ ശബ്‌ദം നഷ്‌ടമാകുന്നത്‌. ഗായകരുടെയും മറ്റും ശബ്‌ദം നഷ്‌ടമാകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനാവില്ല. ഇങ്ങനെ സംഭവിക്കുന്ന ബഹുഭൂരിപക്ഷം ഗായകരിലും കാണുന്നത്‌ വോക്കല്‍ നൊഡ്യൂള്‍ (ര്‍ഗ്ന്യന്റ മ്മഗ്നഗ്മ്രനു ) എന്ന ഒരു തരം തഴമ്പാണ്‌. ശബ്‌ദ നാളത്തെയാണ്‌ ഇത്‌ പ്രധാനമായും ബാധിക്കുന്നത്‌. കൃത്യമായ പ്രാക്‌ടീസ്‌ ഇല്ലാതെ പാടുന്നവര്‍ക്കാണ്‌ ഈ അവസ്‌ഥ കണ്ടുവരുന്നത്‌. നിരന്തരമായ പരിശീലനത്തിലൂടെ ഇതു ഒഴിവാക്കാനാവും.

ഉമിനീരിന്‌ ദുര്‍ഗന്ധം അനുഭവപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ വായ്‌നാറ്റത്തിനു കാരണമാകില്ലേ?

ഉമിനീര്‍ഗ്രന്ഥിയില്‍ വരുന്ന അണുബാധയാണ്‌ ഇതിനു കാരണം. ഈ പ്രശ്‌നമുള്ളവര്‍ക്ക്‌ വായ്‌നാറ്റം കൂടുതലാവാന്‍ സാധ്യതയുണ്ട്‌. ഔഷധങ്ങള്‍ കഴിക്കുന്നതിലൂടെ അണുബാധ മാറിക്കിട്ടുകയും ദുര്‍ഗന്ധം ഇല്ലാതാവുകയും ചെയ്യും.

ഗ്യാസ്‌ തൊണ്ടയില്‍ തടയുമെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തുകൊണ്ടാണിത്‌?

ഗ്യാസ്‌ട്രോ ഈസോഫേഗസ്‌ റിഫ്‌ളക്‌സ് ഡിസോര്‍ഡര്‍ എന്ന അവസ്‌ഥയിലാണ്‌ ഇങ്ങനെയുണ്ടാകുന്നത്‌. ദഹനരസത്തിലെ ആസിഡിന്റെ അളവ്‌ കൂടി തൊണ്ടയിലെത്തുന്ന അവസ്‌ഥയാണിത്‌. ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാനുള്ള മരുന്നു കഴിക്കുന്നത്‌ രോഗശമനത്തിന്‌ സഹായിക്കും.

പുകവലിക്കാര്‍ക്ക്‌ തൊണ്ടയില്‍ കാന്‍സര്‍ വരുമെന്ന്‌ പറയുന്നത്‌ നേരാണോ?

പുകവലിയും മദ്യപാനവും കൂടുതലായാല്‍ തൊണ്ടയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ശ്വാസനാളത്തിലും അന്നനാളത്തിലും ഇതുമൂലം കാന്‍സര്‍ വരാറുണ്ട്‌. കൂടാതെ പുകവലിക്കുന്നവരിലും മദ്യപാനികളിലും അമിതമായ തൊണ്ടവേദന കണ്ടുവരാറുണ്ട്‌.

ചെറുനാക്ക്‌ നീണ്ട്‌ തൊണ്ടയ്‌ക്ക് നീര്‍വീക്കം ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

ചിലരില്‍ ചെറുനാക്ക്‌ നീണ്ടുവരുന്നതായി കാണാറുണ്ട്‌. ഇതുമൂലം തൊണ്ടവീക്കവും ചെറുനാക്കിന്‌ വീക്കവും ഉണ്ടാകാം. ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര്‍ ഈ പ്രശ്‌നമുള്ളവരില്‍ അമിതമായി ഉണ്ടാകാറുണ്ട്‌. ചെറുനാക്കിന്‌ കൂടുതല്‍ നീര്‍വീക്കമോ വ്രണമോ കാണുന്നു എങ്കില്‍ വിദഗ്‌ധനായ ഡോക്‌ടറുടെ ചികിത്സ തേടേണ്ടതാണ്‌.

 

 

 

Abdul Jaleel
Office Manager


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment