സൗദിയില്‍ ആറാം മാസത്തില്‍ പിറന്ന കുഞ്ഞിന്റെ പരിചരണം :ഭീമമായ ബില്ലടക്കുവാന്‍ ഉദാരമതികളുടെ സഹായം തേടുന്നു
ദമ്മാം: തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ രാജേഷ്-ഡീന യുവ ദമ്പതികള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ആറാം മാസത്തില്‍ പിറന്ന കുഞ്ഞിന്റെ ആശുപത്രി പരിചരണത്തിനായ് വേണ്ടി വന്ന ഭീമമായ ബില്ലടക്കുവാന്‍ ഉദാരമതികളുടെ സഹായം തേടുന്നു.
ഗര്‍ഭിണിയായ ഭാര്യയെ ഏഴാം മാസം പ്രസവത്തിനായ് നാട്ടിലയക്കുവാന്‍ ടിക്കറ്റുമെടുത്ത് കാത്തിരിക്കവേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നു അല്‍ ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന് ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാത്തതിനാല്‍ ഒരു നിശ്ചിത തുക കെട്ടിവച്ചാല്‍ മാത്രമേ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. അതിനായ് സുഹൃത്തുക്കളില്‍ നിന്നും പണം സ്വരൂപിച്ച് ആശുപത്രി കൗണ്ടറില്‍ പ്രവേശന രേഖകള്‍ ശരിയാക്കുന്നതിനുള്ളില്‍ ഡീന 850 ഗ്രാം മാത്രം തൂക്കമുള്ള ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്കി. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ ഐ സി യുവിലും ,വെന്റിലെറ്ററിലും, ഇന്‍ക്യുബേറ്ററിലുമൊക്കെയായി ചിലവേറിയ പരിചരണമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.
മാതാവിനെ നാലാം ദിവസം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ ക്രമേണ സാധാരണ നിലയിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചപ്പോള്‍ രണ്ട് ലക്ഷത്തി മുപ്പത്തി ഏഴായിരം റിയാലിന്റെ (ഏകദേശം 37 ,92000 രൂപ) ബില്ലായിരുന്നു മാതാപിതാക്കള്‍ക്ക് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി തരപ്പെടുത്തിയ ഇരുപതിനായിരത്തിലധികം റിയാല്‍ രാജേഷ് അടച്ചിരുന്നു. ബാക്കി വരുന്ന രണ്ട് ലക്ഷത്തി പതിനാറായിരം റിയാലിന്റെ ബില്ലടക്കാത്തതിനാല്‍ പരിചരണം കഴിഞ്ഞിട്ടും കുഞ്ഞിനെ വിട്ട് നല്‍കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍ .
ദമ്മാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന രാജേഷ് ഈ തുക എവിടെനിന്ന് കണ്ടെത്തനാകുമെന്നറിയാതെ ഇന്ത്യന്‍ എംബസ്സിയുമായും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവുമായൊക്കെ ബന്ധപ്പെട്ടെങ്കിലും നാളിതുവരെ അനുകൂലമായ ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുമായും കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുമായും രാജേഷിന്റെ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്ന് ദമ്മാമിലെ ഒഐസിസി നേതൃത്വത്തോട് ഇരുവരും ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് ഒഐസിസി നേതാക്കളായ ബിജു കല്ലുമല, ഇ.കെ.സലിം, നൗഷാദ് തഴവ എന്നിവര്‍ ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ഈ ദമ്പതികളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടക്കുവാനുണ്ടായിരുന്ന തുകയില്‍ നിന്നും അന്‍പത് ശതമാനം കിഴിവ് നല്‍കുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. കിഴിവ് കഴിച്ചുള്ള ഒരു ലക്ഷത്തി എണ്ണായിരം റിയാല്‍ ഗഡുക്കളായി ആറുമാസത്തിനുള്ളില്‍ അടച്ച് തീര്‍ക്കാമെന്ന് ആശുപത്രി അധികൃതര്‍ക്ക് ഒ ഐ സി സി നേതാക്കള്‍ ഉറപ്പ് നല്‍കിയെങ്കിലും അത് നിയമപരമായി നില നില്‍ക്കണമെങ്കില്‍ രാജേഷ് ജോലി ചെയ്യുന്ന കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ എഴുതി ചേംബര്‍ ചെയ്ത എഴുത്ത് വേണമെന്ന് ആശുപത്രി മേധാവികള്‍ ആവശ്യപ്പെടുകയുണ്ടായി.
കമ്പനിയുടെ കത്തിനായ് ചെന്നപ്പോള്‍ ഇത്രയും വലിയ തുകയുടെ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കണമെങ്കില്‍ തത്തുല്യ തുകക്കുള്ള ആള്‍ ജാമ്യം വേണമെന്ന് കമ്പനി മേധാവികളും ആവശ്യപ്പെട്ടു. അപ്രകാരം കമ്പനിയിലെ ആറ് സുഹൃത്തുക്കള്‍ ജാമ്യം നല്കിയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടപ്രകാരമുള്ള കത്ത് കമ്പനിയില്‍ നിന്നും നല്‍കുകയുണ്ടായി. ഒ ഐ സി സി നേതാക്കളുടെ അഭ്യര്‍ഥനയും കമ്പനിയുടെ കത്തും കണക്കിലെടുത്ത് പ്രസവിച്ച് എഴുപതാം ദിവസം കുഞ്ഞിനെ മാതാവിന്റെ കൈകളില്‍ നല്‍കുകയുണ്ടായി. ആശുപത്രി അധികൃതര്‍ അനുവദിച്ച ആറുമാസത്തിനുള്ളില്‍ കിഴിവ് കഴിച്ചുള്ള തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കിഴിവ് പിന്‍വലിച്ച് മുഴുവന്‍ തുകയും അടക്കാന്‍ ബാധ്യസ്ഥരാണെന്നും വേണ്ടി വന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് അവകാശമുണ്ടെന്നും സമ്മതിക്കുന്ന കത്താണ് ചേമ്പര്‍ ചെയ്ത് ആശുപത്രിയില്‍ നല്‍കിയത്.
കിഴിവിന് ശേഷം അടക്കാനുള്ള ഒരു ലക്ഷത്തി എണ്ണായിരം റിയാല്‍ സ്വരൂപിക്കുവാന്‍ ഒ ഐ സി സി യോടൊപ്പം കുഞ്ഞിന്റെ പിതാവ് ജോലി ചെയ്യുന്ന കമ്പനിയിലെ സഹപ്രവര്‍ത്തകരും അവരുടെ സംഘടനയായ വെസ്‌കോസ മലയാളി അസോസിയേഷനും മുന്നോട്ട് വന്നു. അവിടെ നിന്നും പതിനയ്യായിരം റിയാല്‍ പിരിച്ച് തരാമെന്ന് പറഞ്ഞ് പിരിവ് തുടങ്ങിയപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്കപ്പുറമായി നാല്‍പ്പത്തി ഒന്‍പതിനായിരം റിയാല്‍ പിരിച്ച് കിട്ടിയത് ആദ്യഗഡുവായി ആശുപത്രിയില്‍ അടച്ചു. ബാക്കി തുകയായ അന്‍പത്തി ഒന്‍പതിനായിരം റിയാല്‍ അടക്കുവാന്‍ ഒ ഐ സി സി ദമ്മാം സോണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഉദാരമതികളുടെ സഹായം തേടുകയാണ്. തികച്ചും നിരാലംബരായ ഈ യുവദമ്പതികളെ സഹായിക്കുവാന്‍ പ്രവാസികളായ മലയാളി സമൂഹം മുന്നോട്ട് വരണമെന്ന് ഒ ഐ സി സി നേതാക്കളായ ഇ.കെ.സലിം (050 29 59 891), നിസാര്‍ ചെമ്പകമംഗലം (050 44 38 564), അഡ്വ.നൈസാം നഗരൂര്‍ (050 91 94 479) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
No comments:
Post a Comment