Sunday, 29 December 2013

[www.keralites.net] ?????????? ??????? ?????????

 

മോഹന്‍ലാലിനെപ്പോലെ മകന്‍ പ്രണവും സഞ്ചാരപ്രിയനാണ്.  സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച്  യാത്രകള്‍ ചെയ്യുകയാണ് പ്രണവ്. തനിയെ. തീവണ്ടിയിലും ബസ്സിലും ലോറിയിലും കയറി ഹിമാലയം വരെ സഞ്ചരിച്ച  പ്രണവിന്റെ യാത്രാനുഭവങ്ങള്‍

ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. കര്‍ശനമായ ചിട്ടകള്‍ക്കൊപ്പം ആഹഌദകരമായ ഒഴിവു സമയങ്ങളും സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. നല്ല സൗഹൃദങ്ങളും ആ സ്‌കൂള്‍ എനിക്കു തന്നു. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പല പല യാത്രകള്‍ നടത്തി. ട്രെക്കിങ്ങിന് പോയി. കാഴ്ചകള്‍ കാണുകയും കയറ്റിറക്കങ്ങള്‍ താണ്ടുകയും ചെയ്തു. യാത്രയും ട്രെക്കിങ്ങും എന്റെ ഹരമായി മാറുന്നത് ഈ കാലത്താണ്.

ഈ വര്‍ഷം ഞാന്‍ സ്‌കൂളിനോട് വിട പറഞ്ഞു. സൗഹൃദങ്ങള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ ശേഷിപ്പിച്ച് പിരിഞ്ഞു.

ഇനി എന്ത് ? എന്ന വലിയ ചോദ്യം എന്റെ മുന്നില്‍ വന്നു. ഒരു കാര്യത്തിലും നിര്‍ബന്ധിക്കാത്ത പ്രകൃതമാണ് അച്ഛന്റെത്. എല്ലാ സ്വാതന്ത്രങ്ങളും അദ്ദേഹം എനിക്ക് തന്നു. അച്ഛനെന്ന പോലെ സുഹൃത്തായും കൂടെ നിന്നു.

എന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടെയും ഇഷ്ടങ്ങളായിരുന്നു. രണ്ട് കാര്യത്തില്‍ മാത്രം അമ്മ എന്റെ കയ്യില്‍ നിന്നും വാക്ക് വാങ്ങിയിരുന്നു: ബൈക്ക് ഓടിക്കരുത്. സിഗരറ്റ് വലിക്കരുത്. രണ്ടും ഞാന്‍ ചെയ്യാറില്ല.

ഇത്രയും സ്വാതന്ത്രം നല്‍കിയതുകൊണ്ട് എനിക്ക് ഏതു വഴിയും തിരഞ്ഞെടുക്കാമായിരുന്നു. ഒരു വര്‍ഷം ഒരിടത്തും പഠിക്കാന്‍ പോകുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചത് അതു കൊണ്ടാണ്. ഒരു ഗ്യാപ് ഇയര്‍.

പഠന ഭാരങ്ങളൊഴിഞ്ഞ ഈ ദിവസങ്ങളിലൊന്നിലെപ്പെഴോ എന്നില്‍ ട്രെക്കിങ്ങിനുള്ള ആവേശം തിരയടിച്ചുയര്‍ന്നു. എന്റെ ആത്മസുഹൃത്തും ഒപ്പം വരാം എന്നു പറഞ്ഞു. യാത്ര പോവാനുള്ള ആവേശവും എന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.

അച്ഛന്റെ ഏറ്റവും വലിയ പാഷനാണ് യാത്ര. എപ്പോഴും അച്ഛന്‍ പറയും : ഇന്ത്യ കാണുക എന്നത് ഏറ്റവും വലിയ വിദ്യാഭ്യാസമാണ്. ഞാന്‍ ഹിമാലയത്തിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു :

'എന്നാണ് നീ തിരിച്ചു വരിക ?'

'എനിക്കറിയില്ല.' എന്റെ മറുപടിയുടെ സ്പിരിറ്റ് അച്ഛന് പിടികിട്ടിയെന്ന് തോന്നുന്നു. അച്ഛന്‍ പറഞ്ഞു: 'ശരിയാണ്, ഹിമാലയത്തിലേക്കുളള യാത്രയില്‍ എങ്ങിനെയാണ് ദിവസങ്ങള്‍ കണക്കാക്കുക?'

രണ്ടു ഘട്ടങ്ങളായി കാഠ്മണ്ഡു വരെ നീളുന്ന യാത്രയായിരുന്നു എന്റേത്. ട്രെക്കിങ്ങിനുള്ള ഉപകരണങ്ങളും അത്യാവശ്യ ചെലവിനുള്ള പണവും മാത്രമായി ഞങ്ങള്‍ യാത്ര തുടങ്ങി. ഹിമാലയത്തിന്റെ നിറങ്ങളും നിഗൂഢതകളും വിസ്മയങ്ങളും വെല്ലുവിളികളും തേടി...

ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലേക്കാണ് യാത്ര തുടങ്ങിയത്. മുസാഫര്‍ നഗര്‍, മീററ്റ്, റൂര്‍ക്കി വഴി ആറു മണിക്കൂറോളമുണ്ട് ഈ ട്രെയിന്‍ സഞ്ചാരം. വയലുകളും തണല്‍മരങ്ങളും നിറഞ്ഞവഴികള്‍. ദേവഭൂമിയിലേക്കുള്ള കവാടമാണ് ഹരിദ്വാര്‍. ഹരിദ്വാറില്‍ വച്ച് ഞാന്‍ ഗംഗാനദി കണ്ടു, ആദ്യമായി. തീരത്ത് നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും. എങ്ങും ഭക്തജനങ്ങള്‍.
ഹരിദ്വാറില്‍ തങ്ങിയില്ല. ഋഷികേശായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബസില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര. വഴിയില്‍ വനങ്ങളും ഗംഗയും. ഹരിദ്വാറിനേക്കാള്‍ തിരക്കാണ് ഋഷികേശില്‍. ആശ്രമങ്ങളും ക്ഷേത്രങ്ങളും നിറഞ്ഞ വ്യാപാര സ്ഥലം.
ഗംഗയുടെ തീരത്ത് ശിവന്റെ ഒരു കൂറ്റന്‍ പ്രതിമ കണ്ടു. വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചത്. അച്ഛന് ശിവന്റെ ശില്‍പ്പങ്ങള്‍ ഏറെ ഇഷ്ടമാണ്. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു വലിയ നടരാജനൃത്ത ശില്‍പ്പം അച്ഛന്‍ വെച്ചിട്ടുണ്ട്. എനിക്ക് അതാണ് ഓര്‍മ്മ വന്നത്.

ഗീതോപദേശത്തിന്റെ വലിയൊരു ശില്‍പ്പവും ഋഷികേശില്‍ കണ്ടു. സുന്ദരന്‍മാരായ അര്‍ജുനനും ശ്രീകൃഷ്ണനും. ഞരമ്പുകള്‍ പോലും തുടിച്ചു നില്‍ക്കുന്ന കുതിരകള്‍... ആരാവാം ഇതു നിര്‍മ്മിച്ചത്?

രണ്ട് ദിവസം ഞങ്ങള്‍ ഋഷികേശില്‍ കഴിഞ്ഞു. ഒരു ഇടത്തരം ഹോട്ടലില്‍. തീരനഗരം നിറയെ കാവിയണിഞ്ഞ് ജട കെട്ടിയവരാണ്. മന്ത്രങ്ങളും പൂജകളും. ഗംഗാനദി ഇവിടെ വച്ചാണ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവഹിച്ചു തുടങ്ങുന്നത് എന്ന് ഗൈഡ് പറഞ്ഞു തന്നു. സന്ധ്യയ്ക്ക് ദീപങ്ങളാലും മറ്റു വെളിച്ചങ്ങളാലും ഋഷികേശ് തിളങ്ങും. ഹിമാലയ ശൃംഗങ്ങള്‍ ഇരുട്ടില്‍ മറയും.

ഋഷികേശില്‍ നിന്നും ഹിമാലയ യാത്ര വഴി പിരിയുന്നു: കിഴക്കോട്ടും വടക്കോട്ടും. ഞങ്ങള്‍ കിഴക്കോട്ടാണ് പോയത്. ദേവപ്രയാഗ്, കര്‍ണ്ണപ്രയാഗ്, നന്ദപ്രയാഗ്, ചമോളി, പിപ്പല്‍കോട്ടി വഴി ജോഷിമഠിലേക്ക്. പുലര്‍ച്ചെ പുറപ്പെട്ടെങ്കിലും വൈകുന്നേരമാണ് ജോഷിമഠിലെത്തിയത്. ഇതും ഒരു ചെറു നഗരമാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ജ്യോതിര്‍ മഠത്തില്‍ നിന്നാണ് ജോഷിമഠ് എന്ന പേര്‍ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു. ചൈനയുമായി ഇവിടെ ഇന്ത്യ അതിര്‍ത്തി പങ്കിടുന്നു.

വഴിയില്‍ നിന്നും വിട്ട് ഒരു കൊച്ചു കുന്നിന്‍ മുകളിലാണ് മഠം. ചുറ്റും പൂന്തോട്ടമുണ്ട്. ആരാധനയ്ക്ക് വലിയ മുറി. അവിടെ നിന്നാല്‍ ഹിമാലയത്തിന്റെ താഴ്‌വരകളും ശൃംഗങ്ങളും കാണാം. നല്ല തണുപ്പ്. പര്‍വ്വതങ്ങളെ തൊട്ടുകൊണ്ട് പാറുന്ന മഞ്ഞുപുക. ഊട്ടിയിലെ തണുപ്പു മാത്രം അറിഞ്ഞ എനിക്ക് ഹിമാലയത്തിലെ ഉന്നതിയിലുള്ള ഈ തണുപ്പ് വ്യത്യസ്തമായ അനുഭവമായി. ഒരു പരിധി കഴിഞ്ഞാല്‍ തണുപ്പും അത്ര സുഖകരമല്ല.

പിറ്റേന്ന്‌യാത്ര തുടര്‍ന്നു. ജോഷിമഠിലെ രാത്രിയ്ക്കു ശേഷം ഗോവിന്ദഘട്ടായിരുന്നു ലക്ഷ്യം. ഇരുപത്തിരണ്ട് കിലോമീറ്ററുണ്ട്. ഷെയര്‍ ടാക്‌സിയിലായിരുന്നു യാത്ര. വഴിയില്‍ ആകാശം മുട്ടുന്ന പര്‍വ്വതവും മഞ്ഞും വനവും മാത്രം...
പച്ചപ്പു നിറഞ്ഞ മരക്കൊമ്പില്‍ അള്ളി പിടിച്ചിരിക്കുന്ന ഒരു കുരങ്ങന്‍. ഇരുണ്ട മുഖം. ചുറ്റിലും വെളുത്ത രോമങ്ങള്‍. അവന്‍ ക്യാമറയിലേക്കു തന്നെ കണ്ണും നട്ട് ഇരുന്നു. ഇരുണ്ടതായതുകൊണ്ട്് മുഖത്തെ ഭാവം മനസിലാവുന്നേയില്ല. പക്ഷേ അലേര്‍ട്ടാണ്. ആരും ശല്യപ്പെടുത്തുന്നത് അവന് ഇഷ്ടമല്ല.

വലിയ ഒരു പാറയുടെ തണലില്‍ ഒരു യുവ സംന്യാസി. കറുത്തിട തൂര്‍ന്ന മുടി, കഴുത്തില്‍ നിറയെ മാല, കൈയില്‍ ചെമ്പുവള, കാലില്‍ വള്ളിച്ചെരുപ്പ് ,ലോഹത്തിന്റെ ഭിക്ഷാപാത്രം. എവിടെ നിന്നോ പറിച്ചെടുത്ത കഞ്ചാവുചെടി. പേരു ചോദിച്ചപ്പോള്‍ മറുപടി ചിരി മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു, ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍ക്കിടയിലൂടെ മഞ്ഞുപുക ഒഴുകിവരുന്ന കാഴ്ച. ചിലപ്പോള്‍ നേര്‍മ്മയില്‍, മറ്റു ചിലപ്പോള്‍ ഒരു കൂട്ടമായി വന്ന് ഒട്ടാകെ മൂടുന്നു. വീണ്ടും തെന്നി നീങ്ങുമ്പോള്‍ കാഴ്ച തെളിയുന്നു. വല്ലപ്പോഴും വന്നുവീഴുന്ന വെയില്‍. ക്യാമറയ്ക്ക് ഉത്സവം.

ഹേമകുണ്ഡിലേക്കും പൂക്കളുടെ താഴവരയിലേക്കുമുള്ള യാത്ര തുടങ്ങുന്നത് ഗോവിന്ദ്ഘട്ടില്‍ നിന്നാണ്. സിക്ക് മതക്കാരുടെ ഗുരുദ്വാരയുണ്ട് ഗോവിന്ദ്ഘട്ടില്‍. വരുന്നവര്‍ക്കെല്ലാം ഭക്ഷണമുണ്ട്. ചപ്പാത്തിയും ചായയും സബ്ജിയും.

ഗോവിന്ദ്ഘട്ടില്‍ നിന്നും ഞങ്ങള്‍ ഗംഗാരിയാ ഗ്രാമത്തിലേക്ക് നടന്നു. 15 കിലോമീറ്റര്‍. വഴിയരികിലൂടെ ഒഴുകി നീങ്ങുന്ന ലക്ഷ്മണഗംഗ. വനം. സ്വാദുള്ള ഭക്ഷണവുമായി ധാബകള്‍. ഗംഗാരിയ ഗ്രാമത്തിലെത്തുമ്പോള്‍ രാത്രിയായി. തുറസ്സായ ഒരു സ്ഥലത്ത് ടെന്റടിച്ച് കിടന്നു. കൊടും തണുപ്പായിരുന്നു. രാത്രി ടെന്റിന്റെ മേല്‍പ്പാളി മാറ്റി നോക്കുമ്പോള്‍ മേലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. മഞ്ഞ് നിറഞ്ഞ് നരച്ചുകിടക്കുന്ന കൊടുമുടിയുടെ നേര്‍ത്ത ദൃശ്യങ്ങള്‍. വിറച്ചുകിടക്കുമ്പോള്‍ ഞാന്‍ അച്ഛനെയും അമ്മയേയും അനുജത്തിയേയും ഓര്‍ത്തു. എത്ര ദൂരയാണവര്‍!

പുലര്‍ച്ചെ പൂക്കളുടെ താഴ്‌വരയിലേക്കു നടന്നു. ചുറ്റും വനങ്ങള്‍. കുതിച്ചൊഴുകിവരുന്ന അരുവികള്‍. മഞ്ഞുമൂടി, നനഞ്ഞ ശിലാ ശിഖരങ്ങള്‍. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ താഴ്‌വാരങ്ങള്‍. വെയില്‍ മാറി മാറി വീഴുന്ന പച്ചപ്പുകള്‍. കടുംനീല നിറത്തില്‍ തിളങ്ങുന്ന ആകാശം. വഴിയില്‍ പുഷ്പവാടി ഗംഗ ഒഴുകിവരുന്നു. അത് മുറിച്ചു കടന്നു നടന്നു. ഒടുവില്‍ ഒരു ഗ്ലേസിയറും കടന്നാല്‍ പൂക്കളുടെ താഴ്‌വരയിലെത്തി.

ഊട്ടിയിലെ ഫ്ലവര്‍ഷോയാണ് ലോകത്തിലെ ഏറ്റവും വലിയ പുഷ്പലോകം എന്നു വിചാരിച്ചിരുന്ന എന്നെ ഢമാാവള്‍ ്ശ ശാ്‌നവ്രിീ ഞെട്ടിച്ചുകളഞ്ഞു. അഞ്ഞൂറിലധിം സ്പീഷീസില്‍പ്പെട്ട പുഷ്പങ്ങള്‍ ഇവിടെയുണ്ട്. കണ്ണെത്തുന്നിടത്തോളം അത് പരന്നുകിടക്കുന്നു. പലനിറങ്ങളില്‍, പല ഗന്ധങ്ങളില്‍. രാത്രിയില്‍ പ്രകാശിക്കുന്ന ചെടികള്‍ ഇക്കൂട്ടത്തിലുണ്ട്. ഗന്ധം വരുമ്പോള്‍ തന്നെ മോഹാലസ്യപ്പെട്ടു പോകുന്ന ചില പുഷ്പങ്ങള്‍ ഈ താഴവരയിലുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.

ഏപ്രിലില്‍ മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള്‍ വിടര്‍ന്നു തുടങ്ങുന്നു. ജൂലായ് - ആഗസ്ത് ആവുമ്പോള്‍ പുഷ്പങ്ങളുടെ ഉത്സവമായി. 1931-ല്‍ (ഫാങ്ക്‌സ്മിത്തും ആര്‍.എല്‍. ഹോര്‍ഡ്‌സ് വര്‍ത്തും ചേര്‍ന്നുള്ള പര്യടനത്തിനുശേഷമാണ് പൂക്കളുടെ താഴ്‌വരയെക്കുറിച്ച് പുറംലോകം അറിഞ്ഞത്. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഈ പൂക്കടല്‍.

താഴ്‌വരയുടെ ഒരു ഭാഗത്ത് ഒരു ശവകുടീരം. ജൊവാന്‍ മാര്‍ഗരറ്റ് ലെഗ്ഗെ. താഴ്‌വരയെക്കുറിച്ചു പഠിക്കാന്‍ ലണ്ടനിലെ ബൊട്ടാണിക്കല്‍ സൊസൈറ്റിയില്‍ നിന്നും വന്നതായിരുന്നു അവള്‍. സ്മാരകശിലയില്‍ ബൈബിളിലെ ഒരു വാക്യം എഴുതിയിരിക്കുന്നു. ''ഞാന്‍ എന്റെ കണ്ണുകളെ മലമുകളിലേക്കുയര്‍ത്തും. അവിടെ നിന്നാണ് എനിക്ക് ചൈതന്യവും സഹായവും വരുന്നത്.'' ഒരിക്കലും കാണാത്ത ആ അമ്മയെ ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു.

പൂക്കളുടെ താഴ്‌വരയില്‍ നിന്നും ഗംഗാരിയാ ഗ്രാമത്തിലെത്തി ആറു കിലോമീറ്റര്‍ പോയാല്‍ ഹേമകുണ്ഡ് സാഹിബ്ബിലെത്തും. ചിലര്‍ കുതിരപ്പുറത്താണ്. പതിമൂവായിരം അടി ഉയരത്തിലാണ് ഹേമകുണ്ഡ്.

സിഖ് മതക്കാരുടെ തീര്‍ഥാടനകേന്ദ്രമാണിത്. ഗുരുഗോവിന്ദ്‌സിംഗ് ഇവിടെ തപസുചെയ്തിരുന്നു. ഏഴ് ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ക്കു നടുവില്‍ ഒരു നീലത്തടാകം. അടുത്ത് ഗുരുദ്വാര. മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും. അന്ന് ഞങ്ങള്‍ അവിടെ ടെന്റടിച്ചുകിടന്നു. കൊടുമുടികള്‍ക്കിടയിലേക്ക് രാത്രി ഇറങ്ങിവന്നു. കൂടെ കൊടുംതണുപ്പും.

ഹേമകുണ്ഡ് സാഹിബ്ബില്‍ വച്ച് എന്റെ ഹിമാലയയാത്രയുടെ ആദ്യഘട്ടം തീര്‍ന്നു.

കാഠ്മണ്ഡുവിലേക്കായിരുന്നു രണ്ടാംഘട്ട യാത്ര. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലെ റക്‌സോള്‍ വരെ ട്രെയിനില്‍. 26 മണിക്കൂര്‍. സാധാരണ കംപാര്‍ട്ട്്‌മെന്റിലായിരുന്നു ഞങ്ങള്‍. ജീവിതത്തിലെ എല്ലാ തരക്കാരും ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നു. പൊടിയും ചൂടും പലതരം ഗന്ധങ്ങളും.

റക്‌സോളില്‍ നിന്ന് വലിയ കമാനം കടന്ന് ബീര്‍ഗഞ്ചിലേക്ക്. അവിടെ നിന്നാണ് കാഠ്മണ്ഡുവിലേക്കുള്ള ബസ്. ഒരു രാത്രി മുഴുവന്‍ യാത്ര. പുലര്‍ച്ചെ കാഠ്മണ്ഡുവില്‍. പഴയക്ഷേത്രങ്ങളും ഉയരം കുറഞ്ഞ മനുഷ്യരുമുള്ള നഗരം.

കാഠ്മണ്ഡുവിനേക്കാള്‍ പൊഖാറയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാഠ്മണ്ഡുവില്‍ നിന്നും 198 കിലോമീറ്റര്‍. ബസിലായിരുന്നുയാത്ര. മനോഹരമായ ഹിമാലയന്‍ വഴികള്‍ കണ്ടുകൊണ്ട് മുന്നോട്ട്. 6 മണിക്കൂറെടുത്തു പൊഖാറയില്‍ എത്താന്‍.

നെല്‍വയലിനു സമീപം മനോഹരമായ ഒരു നീലത്തടാകം. പൊഖാറ. ചുറ്റും മലനിരകള്‍. ഒഴുകി നീങ്ങുന്ന കൊച്ചുതോണികള്‍. വീടുകളും കൃഷിയിടങ്ങളും. നേപ്പാളിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൊഖാറ. ഇന്ത്യക്കും ടിബറ്റിനുമിടയിലെ പഴയകാല വ്യാപാരപാതയായിരുന്നു ഇത്. 'യോദ്ധാ'സിനിമയില്‍ 'അമ്മാവനും അമ്മായിയും' പോക്രയിലേക്കു പോയി എന്ന് ജഗതിയങ്കിള്‍ അച്ഛനോട് പറയുന്നുണ്ട്.

പൊഖാറയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞങ്ങളുടെ ബസ് അപകടത്തില്‍പ്പെട്ടു. മറ്റൊരു ബസ് വന്ന് പിറകിലിടിച്ചതാണ്. പിറകില്‍ വരുന്ന ബസില്‍ കയറുകയേ നിവൃത്തിയുള്ളു. പക്ഷേ, അതിനുള്ളില്‍ നില്‍ക്കാന്‍ തന്നെ ഇടമില്ല.

'വേണമെങ്കില്‍ മുകളില്‍ കയറിക്കോ' കണ്ടക്ടര്‍ പറഞ്ഞു. ഞങ്ങള്‍ കയറി. പിന്നെ അഞ്ച് മണിക്കൂറോളം ബസിന്റെ പുറത്തായിരുന്നു യാത്ര. അത് വല്ലാത്ത ഒരനുഭവമായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന വഴിയിലൂടെ ഇത്തിരി അപകടകരമായി ബസ് പാഞ്ഞു. തെറിച്ചു പോകാതിരിക്കാന്‍ ഞങ്ങള്‍ അള്ളിപ്പിടിച്ചിരുന്നു. പലപ്പോഴും മലര്‍ന്നുകിടന്നു. ഹൃദ്യമായ ഹിമാലയന്‍ വെയില്‍ ശരീരത്തിലേക്കു വീണു കൊണ്ടിരുന്നു. മുകളില്‍ പറന്നു പോകുന്ന ആകാശം. ചിലയിടങ്ങള്‍ കുത്തിയൊഴുകുന്ന ഗണ്ഡകീ നദി. എന്റെ യാത്രയില്‍ ഞാന്‍ ഏറ്റവും ത്രില്ലടിച്ച സമയം ഇതായിരുന്നു. ആ അപകടം നടന്നില്ലെങ്കില്‍ ഈ അവസരം എനിക്ക് ലഭിക്കില്ലായിരുന്നു. അപ്രതീക്ഷിതമായത് സംഭവിപ്പിച്ചുകൊണ്ട് യാത്രകള്‍ എപ്പോഴും വിസ്മയിപ്പിക്കുന്നു.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment