Saturday, 28 December 2013

[www.keralites.net] ?????????????? ??? ?????

 

നടന്‍ അഗസ്റ്റിന്റെ ഓര്‍മകളില്‍ ഹൃദയം നിറഞ്ഞ് മകള്‍ ആന്‍

 

അഗസ്റ്റിന് വലിയൊരു സൗഹൃദവലയമുണ്ടായിരുന്നു?
സൗഹൃദമായിരുന്നു എന്നും അച്ഛന്റെ ബലം. സ്വപ്നങ്ങളും താത്പര്യങ്ങളും ഗന്ധവും എല്ലാം ഒന്നായതുകൊണ്ടാണ് തന്റെ സൗഹൃദങ്ങളില്‍ ഒരിക്കലും വിള്ളല്‍ വീഴാതിരുന്നതെന്ന് അച്ഛന്‍ പറയാറുണ്ട്. അച്ഛന്റെ സുഹൃത്തുക്കള്‍ എന്നു പറയാന്‍ രഞ്ജിത്തങ്കിള്‍ തൊട്ടിങ്ങോട്ട് കുറേ പേരുണ്ട്. രഞ്ജിത്തങ്കിളിനെ അച്ഛന്‍ രഞ്ജിയെന്നും അങ്കിള്‍ അച്ഛനെ ബേബി എന്നുമാണ് വിളിച്ചിരുന്നത്. അങ്കിളിനോട് സംസാരിക്കുന്നതുപോലും വേദനകള്‍ മറക്കാനുള്ള മരുന്നാണ് എന്നാണച്ഛന്‍ പറയാറ്. അച്ഛന്റെ ജീവിതാവസാനംവരെ നിഴലെന്നപോലെ രഞ്ജിത്തങ്കിള്‍ ഉണ്ടായിരുന്നു. ഒടുവില്‍ അങ്കിള്‍ കൊടുത്ത വെള്ളം കുടിച്ചാണ് അച്ഛന്‍ മരിച്ചതും. അച്ഛന്‍ മരിച്ചശേഷം എന്നെ ആശ്വസിപ്പിക്കാന്‍ വന്ന രഞ്ജിത്തങ്കിളിനോട് ഞാന്‍ പറഞ്ഞു, ''ഇനിയെനിക്ക് അച്ഛനില്ല. എന്റെ വിവാഹവേദിയില്‍ അച്ഛന്റെ റോള്‍ ഇനി ആരു ചെയ്യും'' എന്ന്. അങ്കിള്‍ പറഞ്ഞു. ''നല്ല സ്യൂട്ടൊക്കെയിട്ട് ഞാന്‍ വരും ആ കടമ നിര്‍വഹിക്കാന്‍'' എന്ന്. എന്നെ 'വിക്കി'യെന്ന് ആദ്യം വിളിച്ചതും രഞ്ജിത്തങ്കിളാണ്. അങ്കിളിട്ട പേരായതുകൊണ്ടാകാം അച്ഛനും 'വിക്കി'യെന്ന പേരായിരുന്നു ഇഷ്ടം.

രഞ്ജിത്തങ്കിളിനെ കൂടാതെ ശ്യാമങ്കിള്‍, ശശിയങ്കിള്‍, വി.എം. വിനു ഇവരൊക്കെയായിരുന്നു അച്ഛന്റെ അടുത്ത സുഹൃത്തുക്കള്‍. വീട്ടിലെ കാര്യമാണെങ്കില്‍പോലും ഇവരോടൊക്കെ കൂടിയാലോചിച്ചേ അച്ഛന്‍ ചെയ്യൂ. ഇവരൊക്കെ എപ്പോഴും വീട്ടില്‍ വരും. വന്നാല്‍ എല്ലാവരേയും കൂട്ടി നേരെ മുകളിലെ മുറിയിലേക്ക് പോകും. എന്നിട്ട് എന്നോടു പറയും, മുഹമ്മദ് റാഫിയുടെയും കിഷോര്‍കുമാറിന്റെയുമൊക്കെ പാട്ട് ഉച്ചത്തില്‍ വെക്കാന്‍. താഴത്തെ നിലയില്‍ ഞാന്‍ പാട്ട് വെക്കും, മുകളിലെ നിലയില്‍ അച്ഛനും കൂട്ടുകാരും കൂടി 'യോഗം' കൂടും. ഒടുവില്‍ ആസ്പത്രിയില്‍ മരണക്കിടയ്ക്കയില്‍ കിടക്കുമ്പോഴും അച്ഛന്‍ പറഞ്ഞു, ''മോളാ പാട്ടൊന്നു ഉറക്കെ വെച്ചേ... ഞാനും ഫ്രന്‍സുമൊന്നു കൂടട്ടേ'' എന്ന്. ഫ്രന്‍സൊന്നും അപ്പോള്‍ ഒപ്പമില്ല. പക്ഷേ, അച്ഛന്റെ മോഹമല്ലേ. ഞാന്‍ മൊബൈലില്‍ ആ പാട്ടുകള്‍ കുറേനേരം കേള്‍പ്പിച്ചു.

ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് പറയുമ്പോഴൊക്കെ അഗസ്റ്റിന്‍ കരയുമായിരുന്നു എന്നു കേട്ടിട്ടുണ്ട്?

പുത്തഞ്ചേരി അങ്കിളിനെ 'പുത്തന്‍' എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്. അച്ഛന്‍ ഏറെ വേദനിച്ചു കണ്ടിട്ടുള്ളതും ഗിരീഷ് അങ്കിള്‍ മരിച്ച ദിവസമാണ്. ഗിരീഷങ്കിളിന്റെ കവിതപോലെത്തന്നെ ഇഷ്ടമായിരുന്നു അച്ഛന് അദ്ദേഹത്തിന്റെ പാട്ടും. ദാരിദ്ര്യമാണ് തന്നെയും ഗിരീഷിനെയും അടുപ്പിച്ചതെന്ന് അച്ഛന്‍ പറയാറുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണനങ്കിളുമായും അച്ഛന് നല്ല അടുപ്പമുണ്ടായിരുന്നു. ഒരു ദിവസം നൈറ്റ് ഡ്രൈവിങ്ങിനിടെ അച്ഛന്‍ എന്നോടു ചോദിച്ചു ''മോളെ, മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ നമ്മളൊക്കെ എവിടേക്കാ പോകുക?'' ''അതെന്താ അങ്ങനെ ചോദിക്കാന്‍?'' ഞാന്‍ ചോദിച്ചു. ''അല്ല, ഈ പുത്തനും ഒടുവിലുമൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും എന്നറിയാന്‍ വേണ്ടി ചോദിച്ചതാ''. ഞാനന്ന് മറുപടിയൊന്നും പറഞ്ഞില്ല. ഇപ്പോള്‍ അച്ഛന്‍ പോയശേഷം ഞാനമ്മയോടു പറഞ്ഞു, ''അങ്ങു സ്വര്‍ഗത്തില്‍ അച്ഛനും പഴയ ഫ്രന്‍സുമൊക്കെ കൂടി 'പാര്‍ട്ടി' തുടങ്ങിക്കാണും'' എന്ന്. അവിടെ ഞാനില്ലല്ലോ അച്ഛനെ നിയന്ത്രിക്കാന്‍.

ജീവിതം ആഘോഷിച്ച് തീര്‍ക്കുക എന്നതായിരുന്നു അഗസ്റ്റിന്റെ ഒരു സ്റ്റൈല്‍ അല്ലേ?

അപ്പോള്‍ കിട്ടിയത് അപ്പോള്‍ ചെലവാക്കുക അതായിരുന്നു അച്ഛന്റെ രീതി. ഞങ്ങളുടെ പിറന്നാളൊക്കെ നന്നായി ആഘോഷിക്കും. ഞങ്ങള്‍ക്ക് ചോദിച്ചതെന്തും വാങ്ങിത്തരും. സാമ്പത്തികമായി അത്രയൊന്നും ഇല്ലാത്ത കാലത്താണ് മികച്ച സ്‌കൂളിലയച്ച് എന്നെയും ചേച്ചിയെയും പഠിപ്പിക്കുന്നത്.

മദ്യപിക്കുന്നതു മാത്രമായിരുന്നു ദുശ്ശീലം. സ്‌ട്രോക്ക് വന്നശേഷം അതും നിര്‍ത്തി. എങ്കിലും ഇടയ്‌ക്കൊക്കെ ''മോളേ, ഞാന്‍ അല്പം കഴിച്ചോട്ടെ'' എന്നു ചോദിക്കും. കുറേ കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഞാന്‍ തന്നെ അച്ഛനെകൂട്ടി താജിലോ മറ്റോ പോയി അല്പം വാങ്ങിച്ചുകൊടുക്കും. എന്റെ കല്ല്യാണ നിശ്ചയദിവസം അച്ഛന്‍ പറഞ്ഞു, ''എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു. ഞാനല്പം കഴിച്ചോട്ടെ'' എന്ന്. അന്ന് ഞാന്‍ കുടിച്ചോളാന്‍ പറഞ്ഞു. സത്യത്തില്‍ അല്പം കഴിച്ചിട്ട് എന്നോട് ഗുസ്തി പിടിക്കാന്‍ വരുന്ന അച്ഛനെ എനിക്കും ഇഷ്ടമായിരുന്നു (കരയുന്നു).

മകളുടെ വിവാഹം കാണണമെന്ന് അച്ഛനും ആഗ്രഹിച്ചു കാണില്ലേ?

അച്ഛന്റെ കൂടി ആഗ്രഹമാണ് നിശ്ചയം പെട്ടെന്ന് നടത്തിയത്. കല്യാണം ഒക്‌ടോബര്‍-നവംബര്‍ മാസത്തില്‍ നടത്താനായിരുന്നു തീരുമാനം. അപ്പോഴേക്കും അച്ഛന്‍ ആസ്പത്രിയിലായി. ആസ്പത്രിയില്‍ അനങ്ങാതെ കിടക്കുമ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു. എന്റെ കല്യാണം കാണണോയെന്ന്. അപ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. അച്ഛനത് കൊതിച്ചിരുന്നു. പക്ഷേ, അതിന് ഇനി സാധിക്കില്ലല്ലോ എന്ന സങ്കടമായിരുന്നു അച്ഛന്. ഞാന്‍ സമാധാനിപ്പിച്ചു. 'വേണ്ട അച്ഛാ.. എനിക്ക് ഇപ്പോള്‍ കല്യാണം കഴിക്കേണ്ട. ഇപ്പോള്‍ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ആന്‍ ജോമോനാകും. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ പേരു മാറ്റേണ്ട' എന്ന്. അപ്പോള്‍ അച്ഛന്‍ ചിരിച്ചു.
 

സിനിമാ ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിനെ ആന്‍ തന്നെ കണ്ടെത്തുകയായിരുന്നുവല്ലോ? അച്ഛനറിഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം?
എനിക്കുവേണ്ടി ചെക്കനെയന്വേഷിച്ചു പോകേണ്ടിവരില്ല എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഞാന്‍ പ്രേമിച്ചേ കെട്ടൂ എന്ന് അച്ഛനത്രയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനോടിക്കാര്യം പറയാന്‍ പ്രയാസമൊന്നും തോന്നേണ്ട കാര്യമില്ല. പക്ഷേ, ഒരു പ്രശ്‌നം. ഞാന്‍ ആദ്യ സിനിമ ചെയ്യാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞ ഒരു കാര്യം, 'നീ ഒരിക്കലും സിനിമാക്കാരനെ കല്യാണം കഴിക്കരുത്' എന്നാണ്. 'ഇല്ലച്ഛാ. ഞാന്‍ വല്ല സ്‌കൂള്‍ അധ്യാപകനേയും കെട്ടിക്കോളാം' എന്നാണ് ഞാനപ്പോള്‍ പറഞ്ഞത്. എന്നിട്ടും ഞാന്‍ സിനിമാക്കാരനെ തന്നെ പ്രണയിച്ചു. അച്ഛനെ ധിക്കരിച്ചതില്‍ അദ്ദേഹത്തിന് വേദന കാണും. അതുകൊണ്ട് ജോയുമായുള്ള പ്രണയകാര്യം അച്ഛനോട് പറയാന്‍ ഞാന്‍ പേടിച്ചു. ഒരു ദുബായ് യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ചാണ് ഞാനിക്കാര്യം അച്ഛനോടു പറയുന്നത്. വിമാനത്തില്‍ ഇരിക്കുമ്പോള്‍ പേടി തോന്നുന്നു എന്നു പറഞ്ഞതുകൊണ്ടുമാത്രം മദ്യം വിളമ്പിയപ്പോള്‍ അല്പം കുടിക്കാന്‍ ഞാന്‍ അച്ഛനെ അനുവദിച്ചു. എന്നിട്ട് അച്ഛന്റെ കൈകള്‍ എന്റെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ പറഞ്ഞു 'എനിക്കൊരാളെ ഇഷ്ടമാണ്. പേര് ജോമോന്‍.' അച്ഛന്‍ പെട്ടെന്ന് നിശ്ശബ്ദനായി. കണ്ണുകള്‍ നിറഞ്ഞു. അച്ഛനെ കൂടുതല്‍ വിഷമിപ്പിക്കേണ്ട എന്നു കരുതി ഞാന്‍ പിന്നെയൊന്നും പറഞ്ഞില്ല. രണ്ടുനാള്‍ കഴിഞ്ഞ് ദുബായില്‍ ഞാനും അച്ഛനും ഷോപ്പിങ്ങിനു പോയി. വലിയൊരു മാളില്‍ അച്ഛനെ വീല്‍ച്ചെയറിലിരുത്തി ചുറ്റിനടന്നു. ഞാന്‍ പലതും ഷോപ്പ് ചെയ്തു. ഇതിനിടെ അച്ഛന്റെ ചോദ്യം. 'ജോയ്ക്ക് ഒന്നും വാങ്ങുന്നില്ലേ?' അതായിരുന്നു അച്ഛന്റെ സമ്മതം മൂളല്‍. അച്ഛന്‍ തന്നെ ഒരു വാച്ച് സെലക്ട് ചെയ്ത് ജോക്കായി വാങ്ങിച്ചു. ജോയോട് അച്ഛന് ഇഷ്ടക്കുറവൊന്നുമില്ല എന്നു മനസ്സിലായപ്പോള്‍ ഞാന്‍ ചോദിച്ചു 'വിമാനത്തില്‍ വെച്ച് ജോയുടെ കാര്യം പറഞ്ഞപ്പോള്‍ എന്തേ കണ്ണു നിറഞ്ഞത്?' 'നീ കല്യാണം കഴിച്ചുപോയാല്‍ എനിക്കുപിന്നെ ആരാ ഉള്ളത്' അച്ഛന്‍ സങ്കടത്തോടെ പറഞ്ഞു. 'നീ ഒരു കാര്യം മനസ്സിലാക്കണം. ഒരു ക്യാമറാമാനും ഞാന്‍ സ്‌നേഹിച്ചപോലെ നിന്നെ സ്‌നേഹിക്കില്ല.' അച്ഛന്‍ പറഞ്ഞുകൊണ്ടേയിരുന്നു. 'അച്ഛനോളം ഞാന്‍ ഒരു ക്യാമറമാനേയും സ്‌നേഹിക്കുകയുമില്ല.' ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചുകരഞ്ഞു.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment