വിദ്യാധരന്‍റെ വ്യാകുലചിന്തകള്‍
'എന്‍റെ കുട്ടി നീ വിഷമിക്കാതെ എല്ലാം സുഖമാകും ..ഞങ്ങളെല്ലാം നിന്‍റെ കൂടെയുണ്ട് ..നമുക്കീ രോഗം ഭേധമാക്കേണ്ടേ.... നിനക്ക് പഠിക്കേണ്ടേ... നിന്‍റെ സ്വപ്നങ്ങളിലെ വലിയ ചിത്രകാരിയാകേണ്ടേ..'
ആവണം മാഷേ ..പക്ഷെ എനിക്ക് പേടിയാവണു..എന്‍റെ ഓപ്പറെഷനുള്ള പണം എവിടുന്നു ഉണ്ടാകും..പപ്പായ്ക്ക് അതിനു കഴിയുമോ,,,,,
മോള് വിഷമിക്കേണ്ട ,,പണമൊക്കെ നമുക്ക് ഉണ്ടാക്കാം..അതിനു ഞങ്ങള്‍ എല്ലാവരും നിന്‍റെ പപ്പായുടെ കൂടെയുണ്ട്..
ക്ലാസ്സിലെ കുട്ടികളില്‍ മിടുക്കിയായിരുന്നു അവള്‍..... വലിയൊരു ചിത്രകാരിയാവണം രവിവര്‍മ്മയെപ്പോലെ വന്ഗോഗിനെപ്പോലെ ലോകമറിയണം ........ അവളുടെ എല്ലാ ചിത്രങ്ങളിലും പലനിറങ്ങളില്‍ മങ്ങിയുംതെളിഞ്ഞു വായിച്ചെടുക്കാന്‍ കഴിയുന്ന ഒരു വാക്യമുണ്ടായിരുന്നു """ഒരിക്കല്‍ ലോകം നിങ്ങളെ തിരിച്ചറിയും..അല്പം വൈകിയാല്‍ പോലും.."".
തുടര്‍ച്ചയായി വരുന്ന പനിയും തലവേദനയുമായിരുന്നു ആദ്യലക്ഷണം.... നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും കിട്ടുന്ന കുപ്പിമരുന്നും വേദന സംഹാരിഗുളികകളും എപ്പോഴും ബാഗില്‍ കാണാം..അസുഖം പിന്നെയും കൂടിയപ്പോള്‍ ഒരു വിദഗ്ധപരിശോധന നടത്തി കാരണം കണ്ടുപിടിച്ചു. രോഗം ക്യാന്‍സറാണ് .............
കീമോയ്ക്ക് ശേഷം കിടപ്പിലായ എന്‍റെ വിദ്യാര്‍ഥിയേക്കാണാന്‍ കുറച്ചു പഴങ്ങളുമായി ഞാന്‍ അവളുടെ വീട്ടിലെത്തി....തലയിലെ മുടിയെല്ലാം പോയിരിക്കുന്നു... കണ്‍പീലികളും പുരികവും വളരെ നേര്‍ത്തതായിരിക്കുന്നു.. മുഖത്തെ പുഞ്ചിരിമാത്രം ബാക്കിയുണ്ട്..ഉള്ളില്‍ തോന്നിയ വിഷമം ഒരു കരച്ചിലായി പുറത്തുവന്നെങ്കിലും പാടുപെട്ടത് ഒരു പുഞ്ചിരിയാക്കി മാറ്റി.. എങ്കിലും കണ്ണില്‍നിന്നും ഒരു തുള്ളിക്കകണ്ണൂനീര്‍ പൊടിഞ്ഞു... താഴ്ന്ന വരുമാനക്കാരായ അച്ഛനുവമ്മയും തങ്ങളുടെ വിഷമത്തിനിടയിലും പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു... മകളുടെ ചികല്സയ്ക്ക് പോയതിനാല്‍ ഒരു മാസമായി ജോലിക്ക് പോയിട്ട്.... വേറെ വരുമാനങ്ങള്‍ ഒന്നുമില്ല... വീടുംപറമ്പും ബാങ്കിലാണ്..എല്ലാത്തിനും ഒടുവില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് നിശബ്ദതയില്‍ അവശേഷിച്ചത്...നാളെ മുതല്‍ പണിക്ക് പോകണം..മകളെ എങ്ങനെയും സുഖമാക്കണം....ആ അച്ഛന്‍ പറഞ്ഞു നിറുത്തി... അവളെ ഒരിക്കല്‍ക്കൂടിക്കണ്ടു യാത്രപറഞ്ഞു പോരുമ്പോള്‍ ഉള്ളില്‍ ചില തീരുമാനങ്ങളെടുത്തിരുന്നു..
ചികല്സയ്ക്ക് നല്ലൊരു തുകവേണം ..അധ്യാപകരെല്ലാം തങ്ങളുടെ ഒരു മാസത്തെ ശമ്പളം മാറ്റിവെച്ചു...കുട്ടികള്‍ അവര്‍ക്ക് കിട്ടുന്ന ഓരോ ചില്ലിക്കാശും സൂക്ഷിക്കാന്‍ തുടങ്ങി.. പെട്ടിക്കടക്കാരന്‍ കുട്ടന്‍ കച്ചവടം കുറഞ്ഞതില്‍ പരിഭവം പറഞ്ഞു.. ഓരോ ക്ലാസ്സിലും അവള്‍ക്കായി ഓരോ ചെറിയ കുടുക്കകള്‍ വച്ചു..എല്ലാ രാവിലെകളിലും കുടുക്കകളില്‍ ചില്ലറകള്‍ വീഴുന്നശബ്ദം സ്കൂള്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ കേള്‍ക്കാം ..നാട്ടുകാര്‍ അവള്‍ക്കായി ബാങ്കില്‍ ഒരു അക്കൌണ്ട് തുടങ്ങി..സോഷ്യല്‍ മീഡിയകളിലൂടെ അവള്‍ക്കായി സഹായഭ്യര്‍ഥനകള്‍ പ്രവഹിച്ചു... നിരവധി തവണത്തെ അഭ്യര്‍ഥനപ്രകാരം അധികാരകേന്ദ്രങ്ങളില്‍ നിന്നും അനുവദിക്കപ്പെട്ട സഹായധനം കുട്ടികളുടെ കുടുക്കയില്‍വീണ ചില്ലിക്കാശിനെക്കാള്‍ താഴെയായിരുന്നു.അവര്‍ക്ക് അത്രയേ കൊടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് നിലപാട്. എങ്കിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് ..അവള്‍ക്കു വേണ്ടിയുള്ള പണം എങ്ങനെയും കിട്ടും..അവള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയും..
പത്രമെടുത്ത് നോക്കിയാല്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള നിരവധി അപേക്ഷകളാണ് ദിനംപ്രതി കാണുന്നത്..കുടുംബത്തിന്‍റെ ഏക ആശ്രയങ്ങളും, കുട്ടികളും എല്ലാം ജീവിതത്തിലേക്ക് തിരിച്ചുവരാനാണ് സഹായം അപേക്ഷിക്കുന്നത്.. മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയില്‍ നൂറു കണക്കിനാളുകളാണ് നേരംവെളുക്കുമ്പോള്‍ മുതല്‍ ആംബുലന്‍സും കൂട്ടി കാത്തുകിടക്കുന്നത്.. എല്ലാ മുഖങ്ങളും എന്തെങ്കിലും സഹായം കിട്ടും എന്ന പ്രതീക്ഷയിലാണ് വരുന്നത്.. ചികല്‍സയ്ക്കുചിലവ് വരുന്ന തുകയുടെ പത്തുശതമാനം പോലും സഹായംകിട്ടാതെ വരുമ്പോള്‍ പലരും വിധിയെ പഴിച്ചുകൊണ്ട് മടങ്ങി പോകുന്നു.. ഒരു സഹായവും കിട്ടാത്ത ചിലര്‍ മനംമടുത്ത് ജീവിതം അവസാനിപ്പിച്ചതും കണ്ടതാണ്... എല്ലാ ശാരിരിക അസുഖകങ്ങള്‍ക്കും മുഖ്യമായും പണത്തിന്‍റെ അഭാവമാണ് കാണുന്നത്.. സര്‍ക്കാരിനും പണത്തിന്‍റെ കാര്യത്തില്‍ പരിമിതികള്‍ മാത്രമാണ് പറയാനുള്ളത്.. ശമ്പളം കൊടുക്കാന്‍പോലും പണമില്ല... പെന്‍ഷനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് അതും മുടങ്ങുന്നു... അങ്ങനെ എല്ലാത്തരത്തിലും നാട്ടില്‍ പണത്തിന്‍റെ കുറവ് അനുഭപ്പെടുമ്പോള്‍ നാടുഭരിക്കുന്ന മന്ത്രിമാര്‍ ആര്‍ഭാടത്തിന്‍റെ അങ്ങേയറ്റം കാണിക്കുമ്പോള്‍ എന്തു പറയണം... നട്ടെല്ലോടിഞ്ഞു മലക്കിടപ്പില്‍ക്കിടക്കുന്ന കുടുംബനാഥന് വെറും ആയിരത്തിയഞ്ഞൂര് ഉലുവ സഹായധനം കൊടുക്കുമ്പോള്‍.. നയാപൈസ സഹായം കിട്ടാതെ ആളുകള്‍ അതമഹത്യ ചെയ്യുമ്പോള്‍,, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കുലുക്കം അറിയാതിരിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ കോടികള്‍ വിലമതിക്കുന്ന ആഡംബരക്കാറുകളില്‍ കൊടിവെച്ചു പറക്കുന്നു.. വ്യവസായമന്ത്രി പറക്കുന്ന കാറിനു വില കോടിക്ക് മുകളില്‍... എന്തേ സാറേ; പ്ലാവിലകുത്തി കഞ്ഞികുടിക്കുന്ന ജനങ്ങളുടെ മുന്നില്‍ ഇത്ര ആഡംബരം കാണിക്കണമോയെന്നുള്ളതാണ് ചോദ്യം...ഇക്കാര്യത്തില്‍ ഒരു വന്‍കിടമുതലാളി സഞ്ചരിക്കുന്നതുപോലെ ജനാധിപത്യത്തിലെ മന്ത്രി സഞ്ചരിച്ചാല്‍ അതിലൊരു ശരികേടുണ്ട്..
രാഷ്ട്രീയമെന്നത് രാഷ്ട്രത്തെസംബന്ധിക്കുന്നതില്‍ കവിഞ്ഞ് വ്യക്തികളെ പൂജിക്കാനുള്ള വേദിയായിമാറുമ്പോള്‍ രാഷ്ട്രിയത്തിലെ ആ ഈയം എന്‍റെ ചെവികളില്‍ ഉരുക്കിയൊഴിക്കപ്പെടുന്നു, എന്‍റെ കണ്ണുകളെ അന്ധമാക്കുന്നു... പിന്നെ 'ഞാന്‍' ഇല്ല... പകരം ചെല്ലിത്തരുന്നതെന്തും യാന്ത്രികമായി ഏറ്റുചൊല്ലുന്ന വെറും യന്ത്രംമാത്രം.. അങ്ങനെ വരുമ്പോള്‍ ..മന്ത്രി എന്‍റെ നേതാവാണ്, ദൈവമാണ്..... എന്‍റെ ദൈവം പോര്ഷയില്‍ സഞ്ചരിച്ചാല്‍ ആര്‍ക്കാണ് സൂക്കേട്..? അതിനെതിരെ ചില അലവലാതികള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നുണ്ടെങ്കിലും എനിക്കതില്‍ അഭിമാനമാണ് തോന്നുന്നത്. നമ്മുടെ ഒരു മന്ത്രി ഒരുകോടിയോളം വിലവരുന്ന കാറിലാണ് കക്കൂസ് ഉത്ഘാടനത്തിനു വരുന്നതെന്ന് പറയുമ്പോള്‍; എന്‍റെ വീട്ടില്‍ സ്വര്‍ണ്ണംകറക്കുന്ന ഒരു പശുവുണ്ടെന്നു നാട്ടുകാരോട് പറയുമ്പോള്‍ കിട്ടുന്ന അതേ സംതൃപ്തി തോന്നുന്നുണ്ട്.. കുറച്ചു മുന്പ് മറ്റൊരു മന്ത്രി കേരളത്തിലൂടെ സഞ്ചരിക്കാന്‍ ലണ്ടന്‍ ടാക്സിയാണ് ഇറക്കിയത്.. അങ്ങനെ ജനം കാണാത്ത പുതിയപുതിയ മോഡലുകള്‍ മന്ത്രിമാര്‍ നിരത്തിലിറക്കട്ടെ.. നമുക്കും ഇതൊക്കെയൊന്നു കാണാല്ലോ... ഇതൊക്കെ ഈ നാടിന്‍റെ വികസനത്തിന് ഒരു തടസ്സമാണോ,,?? അല്ലേയല്ല... ഇതൊക്കെകൊണ്ടുതന്നെ കേരളത്തില്‍ ചിലരുടെയൊക്കെ ആമാശയവും കീശയും വ്യാവസായികമായി വളരെയധികം വികസിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട..
നിലവില്‍ സഞ്ചരിക്കാന്‍ ബെന്‍സുകാറുണ്ടായിട്ടും; അതു പഴയഗവര്‍ണ്ണര്‍ സഞ്ചരിച്ചിരുന്നതായിരുന്നതുകൊണ്ട് എനിക്ക് പുതിയ ടയോട്ട കാമ്രിതന്നെ വേണമെന്നുപറഞ്ഞ് നമ്മുടെ പുതിയഗവര്‍ണ്ണര്‍സാര്‍ സര്‍ക്കാരുമായി ഉടക്കിയിരുന്നു.. ഒടുവില്‍ മുപ്പതുലക്ഷം രൂപമുടക്കി പുതിയ കാമ്രിതന്നെ വാങ്ങികൊടുത്താണ് ഉടക്ക് തീര്‍ത്തത് ..ഇല്ലെങ്കില്‍ ഗവര്‍ണ്ണര്‍ ഒപ്പിടേണ്ട പല ബില്ലുകളും പോയപോലെ ഇങ്ങു മടങ്ങിവരും.. ബെന്‍സില്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ തന്നെ തൊണ്ണൂറുലക്ഷത്തിന്‍റെ പുതിയ ഓഡിക്കാര്‍ വേണമെന്നായിരുന്നു പഴയ ഗവര്‍ണ്ണരുടെ ആവശ്യം ...അത് നടക്കാത്തതുകൊണ്ടാണോയെന്നറിയില്ല; എന്തോ, അങ്ങേര് പായും മടക്കി സ്ഥലംവിട്ടു.. ഇങ്ങനെ വര്‍ഷത്തില്‍ നാലു ഗവര്‍ണ്ണര്‍മാര്‍ വന്നാല്‍മതി ഖജനാവ് മുടിക്കാന്‍...മന്ത്രിമാരുടെ വണ്ടിക്കമ്പം വേറെകിടക്കുന്നു.... ഇതിലൊക്കെ എന്തോന്നു കുഴപ്പം; പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നു ജനസേവനം നടത്തുമ്പോള്‍ കുഴിയില്‍വീണു നടുവുളുക്കിയാല്‍ നിന്‍റെ അപ്പന്‍ വന്നു കുഴമ്പ് തിരുമ്മിത്തരുമോയെന്നു ചോദിച്ചാല്‍ എന്തുപറയും...ചോദ്യം ന്യായമല്ലേ... ഒബാമയും എലിസബത്ത് രാജ്ഞിയുമൊക്കെ കോടികളുടെ കാറാണ് ഉപയോഗിക്കുന്നത് പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്കും അത് ഉപയോഗിച്ചുകൂടാ എന്നും ചോദിക്കാം.. എല്ലാം ന്യായമാണ്.. ഒരു പണിയുമിലാതെ വെറുതെ ഊരുചുറ്റുന്ന സോണിയ മാഡത്തിനും മക്കള്‍ക്കും വിമാനംകയറാനും കാറോടിക്കാനും വേണ്ടി എത്രയോ കോടികളാണ് പൊട്ടിക്കുന്നത്. ആര്‍ക്കും ഒരു പരാതിയുമില്ല.. നമ്മളിവിടെ നാടുനീളെ വ്യവസായം ഉണ്ടാക്കുമ്പോള്‍ പോര്ഷയില്‍ പോയെന്നും പറഞ്ഞാണ് ബഹളം .. അതും ന്യായം.. കേരളം പല കാര്യത്തിലും ലോകത്തില്‍ തന്നെ ടോപ് മോസ്റ്റാണ് അപ്പൊപ്പിന്നെ കേരളത്തിലെ മന്ത്രിമാര്‍ ടോപ് മോസ്റ്റ് കാറില്‍ സഞ്ചരിക്കുന്നതില്‍ എന്താണ് കുഴപ്പം..? അതും ന്യായമാണ്..
സ്വയം വികസിക്കുക കൂട്ടത്തില്‍ നാടും വികസിപ്പിക്കുക എന്നതാണ് നമ്മുടെയൊരു ലൈന്‍... സ്വയം വികസിച്ചു പൂര്‍ത്തിയാവാന്‍ അഞ്ചുവര്‍ഷമെടുക്കും അതുകഴിഞ്ഞ് നാടു വികസിപ്പിക്കാന്‍ തുടങ്ങുമ്പോഴേക്കും തിരഞ്ഞെടുപ്പെത്തും ജനംപിടിച്ചു പുറത്താക്കും.. പിന്നെങ്ങനെ നാടു നന്നാക്കും... ഇതിപ്പോ സ്വയം വികസനത്തിന്‍റെ അവസാനഘട്ടത്തിലാണ് പോര്ഷേവരെയെത്തി. ഇനി ലാംബര്‍ഗാനിയും, മര്സിരാട്ടിയുമൊക്കെ അവശേഷിക്കുന്നു... എന്നാല്‍ ഈ കഴുതകള്‍ക്ക് പത്തുവര്‍ഷം അടുപ്പിച്ചു ഭരിക്കാന്‍തന്നാല്‍ എന്താണുകുഴപ്പം; അതുതരില്ല.. അപ്പോപിന്നെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ളത് സമ്പാദിക്കാതിരിക്കാന്‍ പറ്റുമോ... അതുകൊണ്ട് പരമാവധി സുഖിക്കുക എന്നതാണ് ശരിയായ പോളിസി.. ആയിരത്തിയഞ്ഞൂറു ഉലുവായ്ക്കുവേണ്ടി ആംബുലന്‍സ് പിടിച്ചു വന്നവനും, മക്കളെ പഠിപ്പിച്ചു പാപ്പരായവനും, പെണ്മക്കളുടെ കല്യാണം നടത്തി തെണ്ടിയവനും, കൃഷിനശിച്ചു കടം കയറിയവനും ഇഷ്ടംപോലെ കാണും.. ഒക്കേനെയും നന്നാക്കിയിട്ട് പോര്ഷേയില്‍ സഞ്ചരിക്കാമെന്ന് കരുതിയാല്‍ അതീ ജന്മത്ത് നടക്കില്ല.. അതുകൊണ്ട് അലവലാതികള്‍ എന്നും അലവലതികളായി തുടരട്ടെ,,,, കുറ്റം പറയുന്നവന്‍റെ വായടപ്പിക്കാന്‍ വേണ്ടി ഇടയ്ക്കിടെ കുറേശ്ശെ പണംവിതരണം നടത്തണം.. ആവലാതികള്‍ എഴുതി വാങ്ങി ചാക്കില്‍കെട്ടി വല്ല ഞെളിയന്‍പറമ്പിലെ വിളപ്പില്‍ശാലയിലോ കൊണ്ടുപോയി കത്തിച്ചുകളയണം..അല്ലപിന്നെ........ ഒരു ഐസ് ക്രീമില്‍ പെട്ടപ്പോള്‍ ഒരുത്തനുമുണ്ടായിരുന്നില്ലകൂടെ.. ആ വകുപ്പില്‍ അഞ്ചുവര്‍ഷം നിയമസഭകാണാതെ ഈച്ചയാട്ടി ഇരുന്നപ്പോള്‍ ഒരുത്തനും ആ വഴി വന്നില്ല.. പിന്നെയാ ഈ പൊതുജനം... ജാതിയും മതവുമൊക്കെ കളിച്ചാണ് മന്ത്രിയാകുന്നത്.. അതുകൊണ്ട് ആസ്വദിക്കുക യവ്വനം,, ആസ്വദിക്കുക ജീവിതം... ഇന്ന് പോര്ഷേയെങ്കില്‍, നാളെ റെയിഞ്ച് റോവര്‍, മറ്റന്നാള്‍ ഹമ്മര്‍ അതുകഴിഞ്ഞ് ലാംബര്‍ഗാനി............ എന്‍റെ നേതാവ് നീണാന്‍ വാഴട്ടെ....
എന്നാലും എന്‍റെ മന്ത്രിസാറെ ഇതല്‍പ്പം കടന്ന കൈയ്യായിപ്പോയി..താങ്കള്‍ അടക്കമുള്ള മന്ത്രിമാരെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്തതുകൊണ്ടാണ് ആ മുഖ്യമന്ത്രി നേരിട്ടിറങ്ങി നോട്ട് വിതരണം നടത്തി സര്‍ക്കാരിന്‍റെ ഇമേജ് നിലനിറുത്തുന്നത്.. അവിടെ വരുന്നവരുടെ നിലവിളികള്‍ താങ്കളും കാണുന്നില്ലേ,,, ഇത്രയധികം ജനങ്ങള്‍ നിരാലംബരായി ജീവിക്കുന്ന ഈ നാട്ടില്‍ ആ ജനങ്ങളുടെ പ്രതിനിധികളിലൊരാളായ താങ്കള്‍ക്ക് ജനങ്ങളുടെ ഇടയില്‍ സഞ്ചരിക്കാന്‍ ഇത്രയും ആഡംബരം വേണോ ????... തറവാട്ടില്‍ താന്തോന്നിയായി നടക്കുന്ന സന്തതിയ്ക്ക് വീട്ടില്‍ കഞ്ഞിവേച്ചോയെന്നറിയേണ്ട ആവശ്യമില്ല ..അവര്‍ക്ക് കള്ളൂഷാപ്പിലും, വെടിപ്പുരകളിലും കയറിയിറങ്ങി നാടുനീളെ തല്ലുമുണ്ടാക്കി നടന്നാല്‍ മതി.. അതുപോലെയാണോ ജനാധിപത്യത്തിലെ ഒരു മന്ത്രിജീവിക്കേണ്ടത്... നാടു കത്തുമ്പോള്‍ വീണവായിക്കുന്ന രീതി നമുക്ക് വേണോ...?? ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ പോലും കൊടുക്കാന്‍ ഗതിയില്ലാത്ത ഒരു സര്‍ക്കാരില്‍ അംഗമായ മന്ത്രി നിലവിലുള്ള സര്‍ക്കാര്‍ വാഹനത്തിനു പുറമേ കോടികള്‍ വിലമതിക്കുന്ന കാറില്‍ സര്‍ക്കാര്‍ കൊടിയും തൂക്കി നാടുനിരങ്ങുന്നത് ജനങ്ങളുടെ മുഖത്തെയ്ക്കുള്ള കാറിത്തുപ്പാണ്...സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയതായാലും സ്വന്തം ചിലവില്‍ വാങ്ങിയതായാലും താങ്കള്‍ അടക്കമുള്ള മന്ത്രിമാരുടെ ഭരണത്തിന് വിധേയരായി അഷ്ടിക്ക് വകയില്ലാതെ നട്ടംതിരിയുന്ന ജനങ്ങളുടെ മുന്നിലൂടെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറിയുള്ള ഈ യാത്ര; അത്ര ജനകീയമായി തോന്നുന്നില്ല..ഇതിനൊക്കെ എത്രയെത്ര തൊടു ന്യായങ്ങള്‍ നിരത്തിയാലും ഒരു കാര്യം ഉറപ്പാണ്...........ഉണ്ടവന് അറിയില്ല ഇല കിട്ടാത്തവന്‍റെ സങ്കടം..
No comments:
Post a Comment