Sunday 22 September 2013

[www.keralites.net] =?utf-8?B?4LSa4LWG4LSV4LWB4LSk4LWN4LSk4LS+4LSo4LWN4LSx4LWGIOC0u

 

ചെകുത്താന്റെ സ്വന്തം ക്ലീറ്റസ്

ഇ.വി ഷിബു

അനന്തരം കര്‍ത്താവായ ക്ലീറ്റസിനെ അവര്‍ കുരിശില്‍ തറയ്ക്കുകയും മുള്‍ക്കിരീടം അണിയിക്കുകയും മുറിവുകളില്‍ കുന്തം കൊണ്ടു കുത്തിനോവിക്കുകയും ചെയ്തു. എന്നിട്ട്.....എന്നിട്ടെന്താ കര്‍ത്താവ് മൂന്നാം പക്കം ഐ.സി.യുവില്‍നിന്ന് കൂളായിട്ടു നടന്നുപോയി. കുരിശുമരണം കണ്ട് കര്‍ത്താവേ ഇതെന്നാ എടപാടാണെന്നോര്‍ത്ത് അമ്പരന്നിരുന്നവര്‍ വടിയായും പോയി.

ഇതെന്താ സംഭവമെന്നോര്‍ത്ത് അന്തംവിടുന്നവരുടെ അറിവിലേയ്ക്ക്; 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' കണ്ട ഷോക്കില്‍ എഴുതിപ്പോയതാണ്. മമ്മൂട്ടിക്ക് ഇതിലും വലുതേതാണ്ടു വരാനിരുന്നതാണ്. അതു 'പാഷന്‍ ഓഫ് ദി ക്ലീറ്റസിന്റെ' പരുവത്തില്‍ ഒതുങ്ങിയതില്‍ ആശ്വസിക്കാം.

കാരക്കാമുറി ഷണ്‍മുഖന്റെ കഥ പറഞ്ഞ രഞ്ജിത്തിന്റെ ബ്ലാക് നമ്മുടെ ആമേന്റെ തിരക്കഥയില്‍ മുക്കി തൊടുപുഴ പശ്ചാത്തലമാക്കി പറഞ്ഞാല്‍ എങ്ങനിരിക്കും. അതാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്'. ഒരു ടിപ്പിക്കല്‍ ബെന്നി പി. നായരമ്പലം തിരക്കഥ. എന്നുവച്ചാല്‍ ബെന്നിച്ചായന്‍ തിരക്കിട്ട് എഴുതിയ ഒരു കഥ. എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന മമ്മൂട്ടിച്ചിത്രമാണു 'ക്ലീറ്റസ്'. അടിക്ക് അടി, പാട്ടിനു പാട്ട്, ഫ്‌ളാഷ്ബാക്കിന് ഫ്‌ളാഷ് ബാക്ക്, അശ്‌ളീലത്തിന് അശ്‌ളീലം, ദ്വയാര്‍ഥത്തിന് ദ്വയാര്‍ഥവും. പിന്നെ ന്യൂജനറേഷന്‍ കാലമല്ലേ, ഏതു മമ്മൂട്ടിയും '' കൂട്ടി തെറിയും പറയും.(അണിയറക്കാരാണോ സെന്‍സര്‍ ബോര്‍ഡിലെ സദാചാരക്കമ്മറ്റിക്കാരാണോ എന്നറിയില്ല; ന്യൂ ജനറേഷന്‍കാര്‍ക്കു വിധിക്കാത്ത നീണ്ട ബീപ് ബീപ് മ്യൂട്ടിംഗ് ചിത്രത്തിലുടനീളമുണ്ട്) എങ്കിലും നമ്മുടെ കടലില്‍ മുങ്ങിച്ചത്ത മാത്തുക്കുട്ടി പറഞ്ഞപോലെ ക്ലീറ്റസിനേ 'ഒരു ഇതില്ല'. ഇതില്ലാത്തതു വേറൊന്നും കൊണ്ടല്ല; കണ്ടുമടുത്ത പ്രമേയം പ്രത്യേകതകളും ട്വിസ്റ്റുകളും ഒന്നുമില്ലാതെ അവിടേം സുഖം ഇവിടേം സുഖം പിന്നെ ഞങ്ങള്‍ക്കാണോ സൂക്കേട് എന്നു കണ്ടിരിക്കുന്നവരെകൊണ്ടു പറയിപ്പിക്കുന്ന മാതിരി ഒരു പ്ലോട്ട് ആയിപ്പോയതുകൊണ്ടാണ്.

നവാഗതനായ മാര്‍ത്തണ്ഡന്‍ സംവിധാനം ചെയ്ത ' ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ എല്ലാ സ്റ്റാറ്റസോടും കൂടിത്തന്നെയാണു അണിയിച്ചൊരുക്കിയത്. നല്ല കാസ്റ്റിംഗ്; മികച്ച ഛായാഗ്രഹണം, അത്യാവശ്യം തമാശകള്‍.. എങ്കിലും മായാബസാറും ഡബിള്‍സും ബാവൂട്ടിയും മാത്തുക്കുട്ടിയുമൊക്കെ കണ്ടുകഴിഞ്ഞ്, ശോ വേണ്ടായിരുന്നു എന്നു തോന്നിയപോലെ തോന്നല്‍ ഒടുവില്‍ ഉണ്ടാകുമെന്നു മാത്രം.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നാണു ടൈറ്റിലെങ്കിലും ആളു ചെകുത്താന്റെ ടീമാണ്. ക്ലീറ്റസ്(മമ്മൂട്ടി) ആളു ബലാത്സംഗിയും ക്വട്ടേഷന്‍കാരനും മദ്യപാനിയും ആണെങ്കിലും മുടിഞ്ഞ ചൈതന്യമാണ് ആ മുഖത്ത്. ചൈതന്യമെന്നുവച്ചാല്‍ നമ്മളീ ശിവകാശി കലണ്ടറുകളില്‍ ദൈവത്തിന്റെ തലയ്ക്കുചുറ്റും കാണുന്ന മഞ്ഞപ്രകാശമില്ലേ
; ആ ഒരു ലൈന്‍ ചൈതന്യം ആ മുഖത്ത് വഴിഞ്ഞൊഴുകുന്നുണ്ടത്രേ. ക്ലീറ്റസിനെ കാണുന്ന മാത്രയില്‍ ഭയഭക്ത്യാദരങ്ങളോടെ നോക്കിനില്‍ക്കുന്നവരില്‍ നിന്ന് നമ്മള്‍ക്കീകാര്യങ്ങള്‍ മനസിലാകും.
അതുകൊണ്ടാണു വണ്ണംപ്പുറം പള്ളിയിലെ മിശിഹാചരിത്രം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ കര്‍ത്താവിനെ അവതരിപ്പിക്കാനുള്ള നടനെ നോക്കി കറങ്ങിയ വടക്കുംതല അച്ചന്റെയും(സിദ്ധിഖ്) കുഞ്ഞച്ചന്റേയും( സുരാജ് വെഞ്ഞാമൂട്) ക്ലീറ്റസ് പ്രത്യക്ഷപ്പെടുന്നത്. അടി കഴിഞ്ഞു കടലില്‍ കുളിച്ചുവന്ന ക്ലീറ്റസിന്റെ വരവുകണ്ട് കര്‍ത്താവു കടലില്‍ കുളിച്ചിട്ടുവരുന്നപോലെ തോന്നിയ അച്ചനും കുഞ്ഞച്ചനും നേരെ ചെന്നങ്ങു ബുക്ക് ചെയ്തു. പക്ഷേ നാടകത്തട്ടിലെത്തിച്ചപ്പോഴാണു കുഞ്ഞച്ചന്റെ തനിഗുണം നാട്ടുകാരും അച്ചനുമറിഞ്ഞത്. പറഞ്ഞുവിടാന്‍ വയ്യാത്ത സാഹചര്യമാകുകയും മനുഷ്യനല്ലേ ഉപദേശിച്ചു നന്നാക്കാമെന്ന അച്ചന്റെ ആത്മവിശ്വാസംമൂലവും ക്ലീറ്റസ് കര്‍ത്താവിന്റെ വേഷമണിയുന്നു. പക്ഷേ ക്ലീറ്റസ് കള്ളുകുടി
, അടിപിടി, അത്യാവശ്യം പെണ്ണുപിടി എന്നിവയൊക്കെയായി മൊത്തം പുലിവാലാക്കുന്നു. ഭര്‍ത്താവ് മരിച്ച, ഒരു കുട്ടിയുള്ള ലക്ഷ്മി എന്ന തയ്യല്‍ക്കാരിയുമായി(ഹണി റോസ്) ക്ലീറ്റസിന്റെ ഇടപെടല്‍ ദൂരൂഹമായ ഒരു ഫളാഷ് ബാക്കിലേക്ക് വാതില്‍ തുറക്കുന്നു. ഇനി പറഞ്ഞു ബാക്കി സസ്‌പെന്‍സ് കളയാന്‍ നമ്മളില്ലേ.... എങ്കിലും ഒരു കാര്യം പറയാം ഇത്രയും പറഞ്ഞപ്പം മുന്നോട്ടുള്ള വഴിയേതെന്ന് നിങ്ങള്‍ ഊഹിച്ചുകാണുമല്ലോ? അതു വിട്ടുള്ള വല്ലാത്ത ട്വിസ്റ്റിനും സസ്‌പെന്‍സിനും ഒന്നും ബെന്നിച്ചായന്‍ മെനക്കെടുന്നുമില്ല. ബാക്കിയൊക്കെ നേരില്‍ക്കണ്ട് അനുഭവിക്കുക.

നാടകകുടുംബത്തിന്റേയും പള്ളിനാടകത്തിന്റേയും പശ്ചാത്തലത്തില്‍ പറയുന്ന ഒന്നാം പകുതി രസകരമാണ്. സുരാജ് വെഞ്ഞാറമ്മൂടും പി. ബാലചന്ദ്രനും തമ്മിലുള്ള തമാശകളിലൂടെ ചിത്രത്തിന് ഒഴുക്കുമുണ്ട്. ക്ലീറ്റസിനെ അവതരിപ്പിക്കുന്ന രീതിയും ക്ലീറ്റസ് ഗുണ്ടയാണെന്നറിയിപ്പിക്കുന്ന രീതിയും രസകരമായിത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ കണ്ടുമടുത്ത ഫ്‌ളാഷ്ബാക്കുകളുടേയും ട്വിസ്റ്റുകളുടേയും രണ്ടാംപകുതി സിനിമയെ തിരിച്ചടിക്കുന്നു. പ്രതീക്ഷിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമ ക്‌ളൈമാക്‌സിലെ അതിനാടകീയത കൂടിയായതോടെ മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യത്തിലും നിരാശയുളവാക്കി. ബൈബിള്‍ പുരാണത്തെ ക്ലീറ്റസ് എന്ന ഗുണ്ടയുടെ ജീവിതവുമായി മിക്‌സ് ചെയ്ത് യേശുവിന്റേയും ക്ലീറ്റസ് എന്ന മുടിയനായ പുത്രന്റേയും ജീവിതം സാമ്യപ്പെടുത്തുക എന്ന സാഹസമാണ് ബെന്നി പി. നായരമ്പലത്തിന്റെ സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. അത് എത്രകണ്ട് ആളുകള്‍ക്കു ദഹിക്കും എന്നതു സംശയമാണ്. ഫുള്‍ടൈം ക്രിമിനലായ ക്ലീറ്റസിന്റെ നാടകത്തിലെ പ്രകടനത്തെ യേശുവിന്റെ കുരിശുമരണത്തോടു സാമ്യപ്പെടുത്തി ആകെ ഒരു വല്ലായ്മ സിനിമ സൃഷ്ടിക്കുന്നുണ്ട്.

ബാവൂട്ടിയുടെ നാമത്തില്‍, കടല്‍കടന്ന് മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദേ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും.. ഈ ടൈറ്റില്‍ കഥാപാത്രങ്ങളെല്ലാം കൂടി മെഗാസ്റ്റാറിനെ ഏതുപരുവത്തിലാക്കുമോ.? നല്ല ബി.ജി.എമ്മിന്റെ മുഴക്കത്തില്‍ സ്ലോ മോഷനില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുക എന്നല്ലാതെ മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സിനിമയാണ് ക്ലീറ്റസ്. തുടര്‍പരാജയങ്ങളുടെ ക്ഷീണത്തില്‍ നില്‍ക്കുന്ന മെഗാസ്റ്റാറിന് ഈ ഓണക്കാലത്തും രക്ഷയില്ല എന്ന തോന്നല്‍ തന്നെയാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങളും സൃഷ്ടിക്കുന്നത്. ഒരു നാലഞ്ചുവര്‍ഷം മുമ്പായിരുന്നെങ്കില്‍ തിയറ്ററില്‍ വലിയ കുഴപ്പമില്ലാതെ ചിത്രം ഓടുമായിരുന്നു എന്നു പ്രതീക്ഷിക്കാമായിരുന്നു. നിലവില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ കാര്യം ചെകുത്താന്‍ ഏറ്റെടുക്കാനാണു സാധ്യത.

വേണ്ടിയിരുന്നില്ല ഈ വരവ്

എം.ടി. എന്ന രണ്ടക്ഷരത്തിനു മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്നുകൂടി അര്‍ഥമുണ്ട്. ഹരിഹരനുമായി ചേര്‍ന്ന് എം.ടി. സൃഷ്ടിച്ചിട്ടുള്ളതു നിത്യഹരിതങ്ങളായ ഒരുപിടി സിനിമകളും. പക്ഷേ ഈ കൂട്ടുകെട്ടില്‍ പിറന്ന 'ഏഴാമത്തെ വരവ്' എന്ന പുതിയ ചിത്രം ഒരു വേണ്ടാത്ത വരവായിപ്പോയി എന്നു പറയാതിരിക്കാന്‍ വയ്യ.

സാങ്കേതികപരമായും സൗന്ദര്യപരമായും മികച്ചുനില്‍ക്കുമ്പോള്‍ തന്നെ വലിച്ചുനീട്ടിയ ആഖ്യാനവും തിരുകിക്കയറ്റിയ ഗാനങ്ങളും കൊണ്ടു സിനിമ ഒരു പീഡനമാകുന്നുണ്ട്. ആവോളം ക്ഷമയും സമയവുമുള്ളവര്‍ക്ക് ആസ്വദിക്കാം; എല്ലാം പെട്ടെന്നു വേണമെന്നുള്ളവര്‍ ടിക്കറ്റെടുക്കരുത്; തിയറ്ററിലിരുന്നു ശപിക്കും.

എണ്‍പതുകളില്‍ എടുത്ത എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിന്റെ പുറത്തിറങ്ങാത്ത ചിത്രം 'എവിടെയോ ഒരു ശത്രു' ആണ് പുതിയ രൂപത്തില്‍ വന്നത് എന്നാണു ശ്രുതി. എന്തുകൊണ്ടായിരുന്നു ഒരു എം.ടി-ഹരിഹരന്‍ ചിത്രം പുറത്തിറങ്ങാതിരുന്നത് എന്ന് ഈ സിനിമ കണ്ടുകഴിയുമ്പോള്‍ മനസിലാകും. എണ്‍പതുകളുടെ സ്‌റ്റെല്‍ ആണു സിനിമയുടെ പ്രശ്‌നമെന്നാണു പൊതുവേയുള്ള ആരോപണം. മലയാളസിനിമയുടെ അടിസ്ഥാന ആഖ്യാന ശൈലിയില്‍ എണ്‍പതുകളില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലാത്ത സ്ഥിതിക്ക് ആ ആരോപണത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല; മാത്രമല്ല, പല ന്യൂജനറേഷന്‍ വിവരക്കേടുകളേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ് ഹരിഹരന്‍ ഇപ്പോഴും എന്നതു സിനിമ കാണുന്നവര്‍ക്ക് ആരും പറഞ്ഞുകൊടുക്കാതെ ബോധ്യപ്പെടും. എസ്. കുമാറിന്റെ കാമറ, ഗംഭീരമായ ശബ്ദമിശ്രണം, മികച്ച ക്‌ളൈമാക്‌സ്, അതിതീവ്രമായ ചില രംഗങ്ങള്‍ എന്നിവ കൊണ്ടു സിനിമ പല സന്ദര്‍ഭങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ട്. സിനിമയുടെ പ്രധാനപ്രശ്‌നം കൃത്യമായി ഒന്നും പറയാനില്ലാത്ത സ്‌ക്രിപ്റ്റും കഥ വലിച്ചുനീട്ടി രണ്ടരമണിക്കൂറാക്കിയതുമാണ്. കാടിന്റെ പശ്ചാത്തലത്തില്‍ ഭയവും പ്രതികാരവും പ്രണയവും കൂട്ടിയണിക്കിയ പ്രമേയം ആവശ്യപ്പെടുന്ന തീവ്രത നല്‍കാന്‍ ഹരിഹരന്റെ ട്രീറ്റ്‌മെന്റിനു കഴിയുന്നില്ല.

പുരാവസ്തുഗവേഷകനായ ഡോ. പ്രസാദ്(വിനീത്) വയനാടിലെ കാട്ടില്‍ ചോളസാമാജ്ര്യകാലത്ത് ഉണ്ടായി എന്നു പറയപ്പെടുന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ തേടിയെത്തുന്നതാണ്. പ്രസാദിന് താമസമൊരുക്കുന്നത് പ്ലാന്ററും ഹണ്ടറുമായ ഗോപിനാഥന്‍മേനോന്റെ(ഇന്ദ്രജിത്ത്) എസ്‌റ്റേറ്റ് ബംഗ്‌ളാവിലാണ്. ഗോപിയുടെ ഭാര്യ ഭാനുമതി( ഭാവന) പ്രസാദിന്റെ കോളജ്‌മേറ്റും പൂര്‍വകാമുകിയുമാണ്. ഇതിനിടയില്‍ കാട്ടില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു കടുവ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു.

പ്രസാദിന്റേയും ഭാനുവിന്റേയും പുനസമാഗമം സൃഷ്ടിക്കുന്ന വൈകാരികത ഒരുവശത്ത്, മറുവശത്ത് കടുവാവേട്ടയ്ക്കിറങ്ങുന്ന ഗോപിയുടെ ഇടപെടലുകളും ക്രൂരതകളും. വ്യത്യസ്തമായ ഈ സംഘര്‍ഷങ്ങള്‍ ഒരു പോയിന്റില്‍ സംഗമിക്കുന്നു. പശ്ചാത്തലം കൊണ്ടു വ്യത്യസ്തമായ പ്രമേയമാണെങ്കിലും കാടിന്റേയും, കാടിന്റെ കാഴ്ചകളുടേയും അനാവശ്യ വിവരണങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ആദിവാസികളെക്കൊണ്ട് പക്കാ സിനിമാനൃത്തം ഒരുക്കിയും ഫ്‌ളാഷ്ബാക്ക് കാട്ടിയുമുള്ള പാട്ടുകള്‍ തിരുകിക്കയറ്റുകയും ചെയ്തതോടെ സിനിമ ഇഴയുകയും മുടന്തുകയും ചെയ്യുന്നു. (പാട്ടുകള്‍ എഴുതിയതും ട്യൂണിട്ടതും ഹരിഹരന്‍, ഇതാണു ശരിക്കും പീഡനം). പഴശിരാജ പോലെ കാടിനുള്ളിലാണ് ഏറിയപങ്കും ചിത്രീകരിച്ചിട്ടുള്ളത്. ക്‌ളൈമാക്‌സിലെ കടുവയുടെ വരവും ശ്രദ്ധേയം. ഇന്ദ്രജിത്തിന് ലഭിച്ച മികച്ച സാധ്യതകളിലൊന്നാണ് ഗോപി. ഒരു ചെറുകഥയ്ക്ക് അപ്പുറം വികസിക്കാന്‍ പ്രമേയത്തിന് സാധ്യത ഇല്ല. ഡയലോഗുകളില്‍ എം.ടി. പുലര്‍ത്തിയിട്ടുള്ള ആ മാജിക്കല്‍ ക്ലാസിന്റെ നിഴല്‍പോലും ഏഴാമത്തെ വരവില്‍ കാണാനില്ല.

എം.ടി-ഹരിഹരന്‍ എന്ന ബ്രാന്‍ഡ് ഇനി സിനിമകള്‍ ചെയ്യുമോ എന്നത് സംശയമാണ്. അതുകൊണ്ട് എം.ടിയുടെ എല്ലാ സിനിമകളും കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്കായി ഈ ഏഴാം വരവ് റെക്കമെന്റ് ചെയ്യുന്നു. അല്ലാത്തവര്‍ ഈ വരവിനു പോകാതിരിക്കുകയാകും നല്ലത്.

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment