1907 സെപ്തംബര്‍ 28'ന് ലയല്‍പൂരിലെ ബങ്ക ഗ്രാമത്തില്‍ മാതാ വിദ്യാവതിയുടേയും സര്‍ദാര്‍ കിഷന്‍ സിങ്ങിന്റേയും മകനായി ഭഗത് സിങ്ങ് ജനിച്ചു. അച്ഛനു പുറമെ അമ്മാവന്‍ സര്‍ദാര്‍ അജിത് സിങ്ങും സ്വാതന്ത്രസമരപ്പോരാളികളായിരുന്നത് കൊണ്ട് ഭഗത് സിങ്ങും ദേശസ്നേഹം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ചെനാബ് കനാല്‍ കോളനി ബില്ലിനെതിരായി കര്‍ഷകരെ സംഘടിപ്പിക്കുവാന്‍ സയ്യദ് ഹൈദര്‍ റാസയുമൊത്ത് ഇന്ത്യന്‍ പാട്രിയറ്റ്സ് അസോസിയേഷന്‍ എന്ന സംഘം രൂപീകരിച്ച ആളാണ് അമ്മാവന്‍ അജിത് സിങ്ങ്. ഭാരത് മാതാ സൊസൈറ്റി എന്ന രഹസ്യ സംഘടനക്കും ഇദ്ദേഹം രൂപം നല്‍കി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയുന്നത് ചെറുപ്രായത്തില്‍ത്തന്നെ ഭഗത് സിങ്ങ് സ്വപ്നം കണ്ടിരുന്നു. "പാടങ്ങളില്‍ തോക്കുകള്‍ പൂക്കുന്നത്" ഈ നിര്‍ഭയനായ പോരാളിയുടെ ചിന്തകളില്‍ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ ബ്രിട്ടീഷുകാരുമായി പോരാടാന്‍ എളുപ്പമായിരിക്കുമല്ലോ. ഭാരതീയര്‍ ഇത്രയധികം പേര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് വിരലിലെണ്ണാവുന്ന അതിക്രമികളെ തുരത്താന്‍ കഴിയുന്നില്ല, എന്നായിരുന്നു ഭഗത് സിങ്ങിന്റെ ചിന്ത.
വിപ്ലവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത് സിങ്ങ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.
'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'.
ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു.
'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഞാന്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.
കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത് സിങ്ങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത് സിങ്ങ് തന്നെ ഇങ്ങനെ പറഞ്ഞു.
'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമരഖഡ്‌ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു'.
1919 ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ലാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചു കയറിയത്. ഭഗത് സിങ്ങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ലാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്തപഥികനായി ആ സമര ഭൂവിലേക്ക് ഭഗത് നടന്നുപോയി. രക്തസാക്ഷികളുടെ ചോരവീണ് പുണ്യമായ മണ്ണില്‍ ചുംബിച്ചു. എന്നിട്ട് ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.
'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.
പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് ഭഗത്തിന് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത് സിങ്ങ് ഉറച്ചു വിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത് സിങിനെ വിപ്ലവപാതയിലേക്ക് നയിച്ചു.
ഈ സന്ദേശമാണ് ഭഗത് സിങ്ങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (HRA) എന്ന വിപ്ലവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'HRA'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത് സിങ്ങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്യവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാകളിലുള്ള പ്രാവീണ്യവും, കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ലവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.
'HRA'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചനക്കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ലവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'HRA' യെ തകര്‍ക്കുക കൂടിയായിരുന്നു സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലിനും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'HRA'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത് സിങ്ങ് നിരോധിക്കപ്പെട്ട 'HRA'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാം കിഷന്‍ പ്രസിഡന്റും ഭഗത് സിങ്ങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.
എന്നാല്‍ ഭഗത് സിങ്ങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ലവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത് സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'HRA'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കാണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത് സിങ്ങ്, രാജഗുരു, സുഖദേവ്, യശ്‌പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസിയേഷന്‍ എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. ' (HSRA) വിപ്ലവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട HSRA യുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.
ഭഗത് സിങ്ങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ് പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത് സിങ്ങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു.
ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത് സിങ്ങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്' HSRA' യുടെ കൊടിക്കീഴില്‍ വിപ്ലവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ HSRAതീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത് സിങ്ങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.
1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത് സിങ്ങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.
നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ലവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത് സിങ്ങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.
1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത് സിങ്ങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യേച്ഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിഴുതെറിയുന്നതിനു പുറകെ ഒരു സോഷ്യലിസ്റ്റ് ഭാരതീയ സമൂഹത്തിന്റെ നിര്‍മ്മാണം ആവശ്യമാണെന്നും അതിന് രാഷ്ട്രീയാധികാരം തൊഴിലാളി വര്‍ഗം പിടിച്ചെടുക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.. 1929 ജൂണ്‍ 6ന് അസംബ്ലി ബോംബ് കേസുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനയില്‍ ഭഗത് സിങ്ങും ബി.കെ. ദത്തും വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകള്‍ പ്രഖ്യാപിച്ചു.
ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ലവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത് സിങ്ങ് പറഞ്ഞു.
'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.
മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത് സിങ്ങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത് സിങ്ങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്.
'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'
തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത് സിങ്ങ് ഇങ്ങനെ രേഖപ്പെടുത്തി.
'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ലവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.
ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത് സിങ്ങ് പുസ്തക വായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ലവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പു മുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.
1931 മാര്‍ച്ച് 23 നാണ് ഭഗത് സിങ്ങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ലവകാരി ലെനിന്റെ 'ഭരണകൂടവും വിപ്ലവവും' എന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. കുറച്ച് പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത് സിങ്ങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരി തൂകി അദ്ദേഹം മജിസ്ട്രേട്ടിനോട് പറഞ്ഞു.
'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ!'
യുദ്ധത്തടവുകാര്‍ എന്ന നിലയില്‍ തങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് ഭഗത് സിങ്ങും കൂട്ടുകാരും ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.
ഭഗത് സിങ്ങും സുഖദേവും രാജ് ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു.
"ഭാരത് മാതാകീ ജെയ്… ഇന്‍ക്വിലാബ് സിന്ദാബാദ്."
ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.
രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ലവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസരണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത് സിങ്ങ് ലോകത്തിന് നല്‍കുന്നു.
ഭഗത് സിംഗിന്റെ വിപ്ലവ സങ്കല്പങ്ങള്‍
കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ ജീവത്യാഗം ചെയ്ത ഇന്ത്യന്‍ ധീരരക്തസാക്ഷികളില്‍ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു ഭഗത് സിങ്ങ്. അദ്ദേഹം അടിമുടി വിപ്ലവകാരിയായിരുന്നു. ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളില്‍ അസംതൃപ്തരായി വിപ്ലവകരമായ ബദലുകള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തെ അനാര്‍ക്കിസത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും ആകര്‍ഷിച്ചു. സവധാനം അദ്ദേഹം ഒരു തികഞ്ഞ നീരീശ്വരവാദിയും, സോഷ്യലിസ്റ്റും കമ്യൂണിസ്റ്റും ആയിത്തീര്‍ന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിഴുതെറിയുന്നതിനു പുറകെ ഒരു സോഷ്യലിസ്റ്റ് ഭാരതീയ സമൂഹത്തിന്റെ നിര്‍മ്മാണവും ആവശ്യമാണെന്നും അതിന് രാഷ്ട്രീയാധികാരം തൊഴിലാളി വര്‍ഗം പിടിച്ചെടുക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. 1929 ജൂണ്‍ 6ന് അസംബ്ലി ബോംബ് കേസുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനയില്‍ ഭഗത് സിങ്ങും ബി.കെ. ദത്തും വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകള്‍ പ്രഖ്യാപിച്ചു.
"വിപ്ലവം എന്നത് കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത് അനീതിയില്‍ അധിഷ്ഠിതമായ ഇന്നത്തെ വ്യവസ്ഥ മാറണം എന്നാണ്. സമൂഹത്തിലെ ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കില്‍പ്പോലും ഉല്പാദകരും തൊഴിലാളികളും ചൂഷകരാല്‍ കൊള്ളയടിക്കപ്പെടുകയും പ്രാഥമികമായ അവകാശങ്ങള്‍പ്പോലും നിഷേധിക്കപ്പെട്ടവരാകുകയും ചെയ്യുകയാണ്. എല്ലാവര്‍ക്കും വേണ്ടി ചോളം വിതക്കുന്ന കൃഷിക്കാരന്‍ അവന്റെ കുടുംബവുമൊത്ത് പട്ടിണി കിടക്കുകയാണ്; ലോകത്തിനുവേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന നെയ്ത്തുകാരന് അവന്റെയും അവന്റെ കുട്ടികളുടേയും നഗ്നത് മറക്കുവാനുള്ളതു പോലും ലഭിക്കുന്നില്ല; രാജകീയ പ്രൌഡിയുള്ള കൊട്ടാരങ്ങള്‍ നിമ്മിക്കുന്ന കല്‍പ്പണിക്കാരനും, കൊല്ലനും, ആശാരിയും ചേരികളിലാണ് ജീവിക്കുന്നത്. തങ്ങളുടെ ഇച്ഛക്കനുസരിച്ച് കോടികള്‍ ധൂര്‍ത്തടിക്കുന്ന മുതലാളിമാരും ചൂഷകരും സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളാണ്."
"സമൂലമായ മാറ്റം" ആവശ്യമാണെന്നും " സോഷ്യലിസം അടിസ്ഥാനമാക്കി സമൂഹത്തെ പുന:സ്സംഘടിപ്പിക്കുക" എന്നത് ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും അവര്‍ വാദിച്ചു. ഇതിനായി തൊഴിലാളിവര്‍ഗത്തിന്റേതായ ഒരു സര്‍വാധിപത്യം ആവശ്യമാണെന്ന് അവര്‍ വിശ്വസിച്ചു. ( ഭഗത് സിങ്ങിന്റെ തിരഞ്ഞെടുത്ത കൃതികള്‍, പേജ് 74-75, എഡിറ്റര്‍: ശിവ വര്‍മ്മ)
1930 ജനുവരി 21ന് ലാഹോര്‍ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് അവര്‍ പുറത്തിറക്കിയ ലഘുലേഖകളും അവരുടെ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിസ്റ്റ് നിലപാടുകളിലേക്ക് ഭഗത് സിങ്ങും കൂട്ടുകാരും എത്തിയിരുന്നു എന്നതിനു തെളിവാണ്. ചുവന്ന ഒരു സ്കാര്‍ഫും ധരിച്ചുകൊണ്ടാണ് അവര്‍ കോടതിയില്‍ എത്തിയത്. മജിസ്ട്രേറ്റ് തന്റെ ഇരിപ്പിടത്തില്‍ ആസനസ്ഥനായ ഉടന്‍ തന്നെ ' സോഷലിസ്റ്റ് വിപ്ലവം നീണാള്‍ വാഴട്ടെ', ' ജനകീയത നീണാല്‍ വാഴട്ടെ', 'ലെനിന്റെ നാമം ഒരിക്കലും മരിക്കുകയില്ല', 'സാമ്രാജ്യത്വം തുലയട്ടെ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. തുടര്‍ന്ന് ഭഗത് സിങ്ങ് താഴെപ്പറയുന്ന രീതിയിലുള്ള ഒരു പ്രസ്താവന വായിക്കുകയും അത് മൂന്നാം ഇന്റര്‍നാഷണലിനു അയച്ചുകൊടുക്കണമെന്ന് മജിസ്ട്രേട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.
'' ലെനിന്‍ ദിനത്തില്‍, ലെനിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. റഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന മഹത്തായ പരീക്ഷണത്തിന് ഞങ്ങള്‍ എല്ലാ വിജയവും നേരുന്നു. അഖില ലോക തൊഴിലാളി പ്രസ്ഥാനങ്ങളോടുള്ള പിന്‍തുണ ഞങ്ങള്‍ അറിയിക്കുന്നു. തൊഴിലാളിവര്‍ഗം വിജയിക്കുക തന്നെ ചെയ്യും. മുതലാളിത്തം തുലയും. സാമ്രാജ്യത്വത്തിന് അന്ത്യം'. (പേജ് 82)
പക്ഷെ, അക്കാലത്തെ യുവജനതക്കിടയില്‍ പ്രബലമായിരുന്ന വ്യക്തിയധിഷ്ഠിത ഭീകരവാദത്തിന് ഭഗത് സിങ്ങ് എതിരായിരുന്നു എന്നു മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനുമായിരുന്നു. തൊഴിലാളികളേയും കര്‍ഷകരേയും പാര്‍ട്ടി സംഘടിപ്പിക്കണമെന്ന് തന്റെ അവസാന രചനകളില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരങ്ങളാണ് , രാഷ്ട്രീയാധികാരം പിടിച്ചടക്കുന്നതിനുള്ള അന്തിമ പോരാട്ടത്തിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും, ഈ കടമക്കു പുറമെ സൈനികരേയും സംഘടിപ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
" ഒരിക്കലും ഞാനൊരു ഭീകരവാദിയല്ല; എന്റെ വിപ്ലവപ്രവര്‍ത്തനത്തിന്റെ ആദ്യകാലത്തെ ചില പ്രവര്‍ത്തനങ്ങളൊഴിച്ചാല്‍ ഒരിക്കലും ആയിരുന്നിട്ടുമില്ല. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ചരിത്രം നോക്കിയാല്‍ ആര്‍ക്കും ഇത് വ്യക്തമാകും. ഒരു വലിയ മുന്നേറ്റത്തിന്റെ സൈനിക വിഭാഗവുമായി താദാത്മ്യം പ്രാപിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഞങ്ങളുടെ ഓരോ പ്രവര്‍ത്തനവും. ആര്‍ക്കെങ്കിലും എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അവര്‍ അത് തിരുത്തട്ടെ. ബോംബുകളും തോക്കുകളും ഉപയോഗമില്ല്ലാത്തവയാണെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല; മറിച്ചാണ് താനും. പക്ഷെ, വെറുതെ എറിയുന്ന ബോബുകള്‍ ഉപയോഗശൂന്യമാണെന്നു മാത്രമല്ല ദോഷകരം കൂടിയാണ് എന്ന് ഞാനിതില്‍ക്കൂടി അര്‍ത്ഥമാക്കുന്നുണ്ട്. പാര്‍ട്ടിയുടെ സൈനിക വിഭാഗം തങ്ങളുടെ അധീനതയിലുള്ള എല്ലാ യുദ്ധ സാമഗ്രികളും അടിയന്തിരഘട്ടത്തില്‍ ഉപയോഗപ്പെടുന്ന തരത്തില്‍ തയ്യാറാക്കി വെക്കണം. ഇത് പാര്‍ട്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനു ഒരു താങ്ങായിരിക്കണം എന്നു മാത്രമല്ല അതൊരിക്കലും ഒറ്റപ്പെട്ട പ്രവര്‍ത്തനമാകരുത്, ആകുവാന്‍ സാധ്യവുമല്ല."
ഭഗത് സിങ്ങിന്റെ ജീവിതത്തിലെ ഏകലക്ഷ്യം ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നും സ്വന്തം നാടിനെ മോചിപ്പിക്കുക എന്നതായിരുന്നു. തന്നാലാവുന്നതെല്ലാം ഇതിനായി ചെയ്ത ഭഗത് സിങ്ങ് അവസാനം തൂക്കുമരത്തിലേക്ക് നയിക്കപ്പെട്ടപ്പോള്‍, പ്രത്യാഘാതങ്ങള്‍ കൂസാതെ തന്റെ ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനായതില്‍ സംതൃപ്തനായിരുന്നു അദ്ദേഹം. നാടിനുവേണ്ടി കൂടുതല്‍ ചെയ്യുവാന്‍ കഴിഞ്ഞില്ലല്ലോ എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദു:ഖം.
ഇരുപതാം നൂറ്റാണ്ട് ഇന്ത്യക്കു സംഭാവന ചെയ്ത ആ ധീരവിപ്ലവകാരിയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പുനര്‍കോളനിവല്‍ക്കരണ ശ്രമങ്ങളെ ചെറുത്ത്തോല്‍പ്പിക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും കടമയാണ്.
(കടപ്പാട്: മലപ്പട്ടം പ്രഭാകരന്‍, ദേശാഭിമാനി വാരിക)
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment