മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അതൃപ്തിയും ആശങ്കയും പ്രകടിപ്പിച്ചതോടെ സമിതിയിലെ സാങ്കേതിക വിദഗ്ധനായിരുന്ന സി.ഡി. തട്ടെയുടെധാ ര്‍ഷ്ട്യം പൊളിയുകയാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയെന്നതിന്റെ പേരില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണു ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്.
ഉന്നതാധികാരസമിതി റിപ്പോര്‍ട്ടും ജലനിരപ്പു 142 അടിയാക്കാമെന്ന സുപ്രീംകോടതിയുടെ വിധിയുമാണു തമിഴ്നാട് ഇക്കാലമത്രയും കേരളത്തിനെതിരേയുള്ള ആയുധമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇത് ഇപ്പോള്‍ 'ബൂമറാംഗ്' ആയ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണു കോടതിയുടെ പരാമര്‍ശങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഉന്നതാധികാര സമിതിയുടെ അധ്യക്ഷന്‍ ജസ്റീസ് എ.എസ്. ആനന്ദ് ആയിരുന്നെങ്കിലും സാങ്കേതികവിഭാഗം മേധാവിയെന്ന നിലയില്‍ കാര്യങ്ങളുടെ ചുക്കാന്‍ സി.ഡി. തട്ടെയുടെ കൈയിലായിരുന്നു.
സി.ഡി. തട്ടെ പരിശോധനയുടെ ആദ്യംമുതല്‍ അവസാനംവരെ തമിഴ്നാടിന്റെ പക്ഷത്ത് ഒട്ടിനിന്നുകൊണ്ടുള്ള ജോലികളാണു ചെയ്തിട്ടുള്ളത്. ഇത് അന്നുതന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതുമാണ്. തമിഴ്നാട് എന്തുപറഞ്ഞാലും ശരിവയ്ക്കും, കേരള പ്രതിനിധികള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഒന്നുകില്‍ തട്ടെ അതു തട്ടിക്കളയുകയോ അല്ലെങ്കില്‍ തട്ടിക്കയറുകയോ ചെയ്യുകയായിരുന്നു പതിവ്. ഏകാധിപത്യം, പക്ഷപാതം, ധാര്‍ഷ്ട്യം എന്ന നയമാണു മുല്ലപ്പെരിയാറില്‍ തട്ടെ സ്വീകരിച്ചത്. ഇതു കേരളത്തോടു മാത്രമാണ്.
സുപ്രീംകോടതി നേരിട്ട് അണക്കെട്ടില്‍ സിറ്റിംഗ് നടത്തുന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു ഉന്നതാധികാരസമിതിയുടെ പ്രവര്‍ത്തനം. കേരള പ്രതിനിധികള്‍ക്ക് അഭിപ്രായപ്രകടനം നടത്തുന്നതിനോ വിയോജിപ്പ് പറയുന്നതിനോ, പരിശോധനാസമയത്ത് ഒപ്പം നില്‍ക്കുന്നതിനുപോലുമോ അവസമുണ്ടായിരുന്നില്ല. എന്നാല്‍, ഈ അവസരത്തിലെല്ലാം തമിഴ്നാടിന്റെ പ്രതിനിധികള്‍ ഉന്നതാധികാര സമിതിയുടെ ചുറ്റിലുമുണ്ടാകും.
തമിഴ്നാട് ചൊല്ലിക്കൊടുത്ത വാചകം അതേനിലയില്‍ സാങ്കേതികജ്ഞാനം എന്ന നിലയില്‍ തട്ടെ വിളമ്പുകയായിരുന്നു. സാങ്കേതിക ജ്ഞാനത്തിന്റെ ഈ വഴിമാറ്റമാണു സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇപ്പോള്‍ ഇടയാക്കിയിരിക്കുന്നത്. അണക്കെട്ടിന്റെ ബലപരിശോധനയും വെള്ളത്തിനടിയിലെ അണക്കെട്ടിന്റെ പരിശോധനയുമാണു പ്രധാനമായും ഉന്നതാധികാര സമിതി ചെയ്തത്. ഇതിനായി അണക്കെട്ടിന്റെ മുകള്‍ഭാഗത്തുനിന്നു താഴേക്കു വിവിധ സ്ഥലങ്ങളില്‍ ബോര്‍ഹോളുകള്‍ നിര്‍മിച്ചു സാമ്പിള്‍ ശേഖരിച്ചു. ഈ സാമ്പിളുകള്‍ പരിശോധിച്ചാണു ബലം തിട്ടപ്പെടുത്തേണ്ടത്. ബോര്‍ഹോള്‍ അടിത്തട്ടുവരെയുണ്ട്. ബോര്‍ഹോള്‍ കുഴിക്കുമ്പോള്‍ പല സ്ഥലത്തും ഉപകരണം പൊള്ളയായ സ്ഥലങ്ങളില്‍ പതിക്കുകയും ഉടക്കുകയും ചെയ്തിട്ടുണ്ട്. പ ലപ്പോഴും കോണ്‍ക്രീറ്റ് സാമ്പിളുകള്‍ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഉണ്ടക്കല്ലുകളും കല്ലുപൊടികളുമാണു കിട്ടിയിരുന്നത്. സിലിണ്ടര്‍ രൂപത്തിലുള്ള കോണ്‍ക്രീറ്റ് സാമ്പിളുകളാണു യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത്. ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ കേരള പ്രതിനിധികളെ തട്ടെ ശാസിക്കുകയും അവരെ ആട്ടിമാറ്റുകയുമാണു ചെയ്തിരുന്നത്. കുഴല്‍ക്കിണര്‍ കുഴിക്കുന്ന ഒരു തൊഴിലാളിക്കുപോലും നിസാരമായി മനസിലാക്കാവുന്ന ദുര്‍ബലത പക്ഷേ, തട്ടെക്കു മാത്രം 'മനസിലാകാതെപോയി'.
അണ്ടര്‍വാട്ടര്‍ കാമറ ഉപയോഗിച്ചു വെള്ളത്തിനടിയിലെ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമവും അദ്ദേഹം പരാജയപ്പെടുത്തി. അണ്ടര്‍വാട്ടര്‍ കാമറയ്ക്കു വേണ്ടത്ര അളവില്‍ വൈദ്യുതി നല്കാതെ കാമറ ഓപ്പറേഷന്‍ പരാജയപ്പെടുത്തുകയായിരുന്നു. തമിഴ്നാടിന്റെ ശേഷികുറഞ്ഞ ജനറേറ്ററിനെയാണു തട്ടെ ആശ്രയിച്ചത്.
ഉത്തരവുകള്‍ പറപ്പെടുവിക്കുകയായിരുന്നു തട്ടെയുടെ മറ്റൊരു രീതി. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയായതിനാ ല്‍ കേരള പ്രതിനിധികള്‍ മുട്ടുമടക്കുമെന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍. കേരളത്തിന്റെ പ്രതിനിധിയായി പരിശോധനാവേളകളില്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന കേരള ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ വി. ലതികയ്ക്ക് ഉത്തരവുകള്‍ നല്കാനായിരുന്നു തട്ടെ എപ്പോഴും ശ്രമിച്ചിരുന്നത്. സംസ്ഥാനത്തിന്റെ ഒരു ചീഫ് എന്‍ജിനിയര്‍ക്ക് ഉത്തരവ് നല്കാന്‍ നിയമപരമായി സുപ്രീംകോടതിയുടെ ഒരു സമിതിക്ക് അധികാരം നിഷ്കര്‍ഷിക്കുന്നില്ല.
ബോര്‍ഹോളുകള്‍ ഉടന്‍ അടയ്ക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ ലതിക വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതു തട്ടെയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. തട്ടെയുടെ ഇത്തരം നിലപാടുകളാണ് ഇപ്പോള്‍ കേരളത്തിന് അനുകൂലമായി ഭവിച്ചിരിക്കുന്നതെന്നുവേണം കരുതാന്‍. |
No comments:
Post a Comment