മധുരമുള്ള ഫലം ഭക്ഷിക്കുമ്പോള്‍ ഉള്ളില്‍ അതിനോടു പറയുക - നിന്റെ മാധുര്യം ഞാനെടുക്കുന്നു. പക്ഷേ നീ ഇല്ലാതാവുന്നില്ല. മാധുര്യമുള്ള വാക്കായി ഞാന്‍ അത് എല്ലാവര്‍ക്കും നല്‍കും. ഇത് സമര്‍പ്പണമാണ്, ഉപാസനയാണ്, പ്രേമമാണ്. പ്രേമത്തില്‍ മരണമില്ല, സ്വന്തമാക്കലോ, കൊടുക്കലോ വാങ്ങലോ ഇല്ല. ഒളിച്ചോട്ടവും വിവാഹവുമില്ല. നാം കാമത്തെ പ്രേമമായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതില്‍ നാശമാണ്. പ്രേമം ഭക്തിയാണ്. സ്നേഹത്തില്‍ നിന്നാണ് ശ്രദ്ധയുണ്ടാകുന്നത്. അടുക്കളയില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് ഉമ്മറത്ത് കളിക്കുന്ന കൊച്ചുകുട്ടിയോടുള്ള ഭാവമാണ് ശ്രദ്ധ. ശ്രദ്ധയില്‍ നിന്ന് അന്വേഷണമുണ്ടാകും. ഈശ്വരാന്വേഷകരാണ്, ഈശ്വരവിശ്വാസികളല്ല ഉണ്ടാകേണ്ടത്. അന്വേഷി എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും.
പ്രകൃതിയില്‍ ഏതിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം. കല്ലോ, മരമോ, അഗ്നിയോ, വെള്ളമോ, സൂര്യനോ മണ്ണോ എന്തും. ഈശ്വരനിലേക്കെത്താന്‍ നാം തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമേത് എന്നതല്ല അതിലെത്ര ശ്രദ്ധയുണ്ട് എന്നതാണ് കാര്യം. നമുക്ക് തത്ത്വത്തെ നന്നായി ബോധിപ്പിച്ചു തരുന്നതാണ് വിഗ്രഹം. ഈശ്വരനെന്ന പൂട്ട് തുറക്കാനുള്ള താക്കോലാണ് ക്ഷേത്രം. മനുഷ്യാവബോധത്തിന്റെ അടിത്തത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണത്. അതിനെ നിഷേധിക്കാന്‍ ആരുമായിട്ടില്ല. ഉച്ചരിക്കുന്ന മന്ത്രങ്ങളെ പ്രതിധ്വനിപ്പിച്ച് പരിസരമാകെ ശബ്ദപൂരിതമാക്കി ചിന്തയെ ഇല്ലാതാക്കി ഏകാഗ്രതയിലേക്ക് നയിക്കാനാണ് ക്ഷേത്രം. പണ്ട് ഇങ്ങനെ ഈശ്വരസാക്ഷാത്കാരത്തിനാണ് ക്ഷേത്രത്തില്‍ പോയിരുന്നത്. ഇന്ന് ജോലി കിട്ടാനും കല്ല്യാണം നടക്കാനും രോഗം മാറാനുമൊക്കെയാണ്. അത് ശ്രദ്ധയില്ലായ്മയാണ്.
ഏതെങ്കിലും ഭാവത്തില്‍ (വിഗ്രഹത്തില്‍) ഈശ്വരനെ ആരാധിക്കുന്നത് സഗുണാരാധനയാണ്. ഇങ്ങനെ വിഗ്രഹാരാധകരല്ലാത്തവരായി ലോകത്ത് ആരുമില്ല. ദേശീയ പതാകയില്‍ ദേശത്തെ ഉള്‍ക്കൊള്ളിക്കുന്നു, കൊടിയില്‍ പാര്‍ട്ടിയെ കാണുന്നു, പ്രാര്‍ത്ഥനക്കു പകരം മുദ്രാവാക്യവും ക്ഷേത്രങ്ങള്‍ക്കു പകരം രക്തസാക്ഷി മണ്ഡപങ്ങളുമുണ്ടാക്കുന്നു. ക്ഷേത്രങ്ങള്‍ നശിച്ചാലെന്താ എന്നുചോദിക്കുന്നവര്‍ കൊടികീറിയാല്‍ തുണിയല്ലേ എന്നു കരുതുന്നില്ല. ശുഭയാത്ര, സുപ്രഭാതം എന്നൊക്കെ പറയുന്നതു പോലും മതപരമാണ്. ഒരു ആശിര്‍വാദത്തെ ആവാഹിക്കുന്നു. എല്ലാം സ്വവിശ്വാസത്തെ ഒന്നില്‍ ആരോപിച്ച് ആരാധിക്കുന്നതാണ്. ഒന്ന് അന്ധവിശ്വാസമാണെങ്കില്‍ എല്ലാം അന്ധവിശ്വാസമാണ്. കാണുന്നതിനെ വിശ്വസിക്കാന്‍ യുക്തിവേണ്ട. കണ്ടതിലൂടെ കാണാത്തതിനെ അറിയാനാണ് യുക്തിവേണ്ടത്. ഈശ്വരസാക്ഷാത്കാരം നിര്‍ഗുണമായോ സഗുണമായോ ചെയ്യാം. സാക്ഷാത്കാരത്തിന് ക്ഷേത്രത്തിന്റെയോ സങ്കേതത്തിന്റെയോ ആവശ്യമില്ല. അതുപയോഗിച്ചാലും കുഴപ്പവുമില്ല. ഇവ തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. രണ്ടും ശ്രേഷ്ഠമാണ്.
No comments:
Post a Comment