'എയര്‍ ഇന്ത്യ നമ്മുടെ ദേശീയ എയര്‍ കാരിയറാണ്. അതിനെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്യാവുന്നതൊക്കെ ചെയ്യണം. ഇത് നിങ്ങളുടെ സ്വന്തം എയര്‍ കാരിയറല്ലേ. നമ്മുടെ രാജ്യത്തിന്റെ അഭിമാനമല്ലേ?' ഇവിടെ ഗള്‍ഫ് നാടുകളിലെ എയര്‍ ഇന്ത്യയുടെ പ്രധാന മേധാവികളെല്ലാം ഇടയ്ക്കിടെ ഉരുവിടുന്ന പല്ലവിയാണിത്. അവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മാത്രമല്ല, വഴിക്ക് മാധ്യമപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയുമൊക്കെ കണ്ടാലും ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. പറയുന്ന കാര്യത്തില്‍ വസ്തുതാവിരുദ്ധമായി ഒന്നുമില്ലാത്തതിനാല്‍ എല്ലാവരും അതിനോട് യോജിക്കുകയും ചെയ്യും.
പക്ഷേ, വാക്ക് ഒന്ന്, പ്രവൃത്തി മറ്റൊന്ന് എന്നമട്ടിലാണ് ഇടയ്ക്കിടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ കളികള്‍. വിമാനത്തിന്റെ സര്‍വീസുകളില്‍ ഇടയ്ക്കിടെ വരുന്ന താളപ്പിഴകളാണ് അതില്‍ പ്രധാനം. മലയാളിയായ കെ.സി. വേണുഗോപാല്‍ വ്യോമയാനവകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ഏറ്റവും കൂടുതല്‍ നേരിട്ട പരാതികളും ഇതുസംബന്ധിച്ചുള്ളതായിരുന്നു. അതൊക്കെ ഒന്ന് നേരെയായി വരുമ്പോഴിതാ എയര്‍ ഇന്ത്യയുടെ വക പുതിയ ഇരുട്ടടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്രചെയ്യുന്നവരുടെ ബാഗേജിന്റെ തൂക്കം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ ആഘാതം.
ചെലവ് ചുരുങ്ങിയ യാത്ര എന്ന സങ്കല്പത്തിലാണ് എയര്‍ ഇന്ത്യ അവരുടെ ബജറ്റ് എയര്‍ലൈന്‍സ് എന്ന വിശേഷണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനെ അവതരിപ്പിച്ചത്. ചെലവില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ആ വിമാന സര്‍വീസ് പ്രവാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹം തന്നെയായിരുന്നു. പ്രശ്‌നങ്ങളും പരാധീനതകളും പലതുണ്ടായിട്ടും അതിനെ സ്വന്തം വിമാനക്കമ്പനി എന്നപോലെ എല്ലാവരും കണ്ടു. ഗള്‍ഫ് നാടുകളില്‍ ഇത് അവധിക്കാലമാണ്. സ്‌കൂള്‍ അവധി, പെരുന്നാള്‍ അവധി, ഓണം അവധി എന്നിങ്ങനെ നടക്കുന്നതും വരാനിരിക്കുന്നതുമായ ദിവസങ്ങളെല്ലാം പ്രവാസികള്‍ക്ക് യാത്രയുടെ കാലമാണ്. ഒന്നും രണ്ടും വര്‍ഷം കൂടുമ്പോള്‍ ഒരായിരം സ്വപ്നങ്ങളും ഒരുപാട് സാധനങ്ങളുമായി ഉറ്റവരെ കാണാന്‍ പെട്ടിയും മുറുക്കിക്കെട്ടി കാത്തിരിക്കുന്നവരാണ് എല്ലാവരും. അവരുടെ തലയിലാണ് ഇടിത്തീപോലെ ബാഗേജ് മുപ്പത് കിലോയില്‍നിന്ന് ഇരുപതാക്കി കുറച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്വജനപ്രേമം പ്രകടിപ്പിച്ചിരിക്കുന്നത്.
ചെറിയ വേതനത്തിന് ജോലിചെയ്യുന്നവരാണ് ഏറെയും ബജറ്റ് എയര്‍ലൈനുകളെ ആശ്രയിക്കുന്നത്. അവരില്‍ ഏറെയും ആശ്രയിക്കുന്നതാകട്ടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനെയും. ആഗസ്ത് 22 മുതല്‍ ഈ വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ അധികംവരുന്ന ഓരോ കിലോക്കും നാല്പത് ദിര്‍ഹംവെച്ച് പണം അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ. അതായത് പത്ത് കിലോ കൂടിയാല്‍ നാന്നൂറ് ദിര്‍ഹം വരും. ഓഫ് സീസണിലെ വിമാനക്കൂലിയോളം വരും ഇത്. സീസണ്‍ അനുസരിച്ച് യാത്രക്കൂലി കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് പാവം യാത്രക്കാരന്റെ ഇത്തരം പ്രയാസങ്ങളൊന്നും കാണാന്‍ നേരമില്ല. നിരക്ക് എങ്ങനെ കൂട്ടിക്കൊണ്ടേയിരിക്കാം എന്ന ഗവേഷണത്തിലാണ് അവര്‍. ഒന്നോ രണ്ടോ വര്‍ഷം ഈ മണലാരണ്യത്തില്‍ ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ജോലിചെയ്ത്, ഉറുമ്പിനെപ്പോലെ ഓരോന്നായി ശേഖരിച്ച് ഒരുക്കിവെച്ച് യാത്രാദിനവും കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് മുന്നിലാണ് ഈ കാടന്‍നിയമം കൊണ്ടുവരുന്നത്. സീസണിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാനായാണ് ബാഗേജിന്റെ ഭാരം കുറയ്ക്കുന്നതെന്നാണ് പുതിയ വ്യവസ്ഥയ്ക്ക് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇങ്ങനെ ബാഗേജ് കുറച്ചാല്‍ കൂടുതല്‍ പേരെ നാട്ടിലേക്ക് കൊണ്ടുപോകാമെന്നതാണ് ഈ വിശദീകരണത്തിന്റെ പൊരുള്‍.
എന്നാല്‍ ഈ സെക്ടറുകളില്‍ പറക്കുന്ന മറ്റ് വിമാനക്കമ്പനികള്‍ക്കൊന്നും ഇത്രയും വലിയ ബുദ്ധി ഇതുവരെ ഉദിച്ചതായി അറിവില്ല. അവര്‍ ബാഗേജില്‍ ഇന്നുവരെ കൈവെച്ചിട്ടുമില്ല. എമിറേറ്റ്‌സ് പോലെയുള്ള വിമാനക്കമ്പനികളാകട്ടെ ബാഗേജ് ആനുകൂല്യം കൂട്ടുകയാണ് ചെയ്തത്. എമിറേറ്റ്‌സ് അഞ്ച് മുതല്‍ പത്ത് കിലോവരെ അധികം ബാഗേജ് അനുവദിച്ചിട്ടുണ്ട്. അതിന് അവര്‍ നല്‍കിയ ന്യായം ചുരുങ്ങിയപക്ഷം എയര്‍ ഇന്ത്യാ മേധാവികളെങ്കിലും ശ്രദ്ധിക്കണം. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകേണ്ടതിനാലാണ് ഈ സൗകര്യം എന്നായിരുന്നു അവരുടെ വിശദീകരണം. അപ്പോള്‍ എയര്‍ ഇന്ത്യയുടെ ഉള്ളിലിരുപ്പ് എന്താണ് എന്നതാണ് പിടികിട്ടാത്തത്. ചിലര്‍ ആക്ഷേപിക്കുന്നതുപോലെ മറ്റ് സ്വകാര്യവിമാനക്കമ്പനികളിലേക്ക് യാത്രക്കാരെ തള്ളിവിടാനുള്ള ഗൂഢതന്ത്രമാണോ അത്? എയര്‍ ഇന്ത്യയുടെ ചില ഉദ്യോഗസ്ഥര്‍ മറ്റ് സ്വകാര്യവിമാനക്കമ്പനികളെ സഹായിക്കാന്‍ കൈവിട്ടുകളിക്കുന്നു എന്ന ആക്ഷേപം വളരെ നേരത്തേതന്നെയുണ്ട്. ഇപ്പോഴത്തെ ബാഗേജ് തീരുമാനവും അതിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവുമോ? അധികം യാത്രക്കാരെ കൊണ്ടുപോകാനാണ് ബാഗേജ് കുറയ്ക്കുന്നതെന്ന തന്ത്രം ആരുടെ ബുദ്ധിയിലാണ് ഉദിച്ചതെന്നാണ് ഇപ്പോഴും അറിയാത്തത്. മറുപടി പറയേണ്ടവരാകട്ടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ പേരിലുള്ള ചക്കളത്തിപ്പോരാട്ടത്തില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണുതാനും.
തീര്‍ന്നില്ല എയര്‍ ഇന്ത്യയുടെയും വ്യോമയാന വകുപ്പിന്റെയും സ്‌നേഹപ്രകടനങ്ങള്‍. വിദേശത്തുനിന്ന് ഇനിമുതല്‍ മൃതദേഹങ്ങള്‍ വിമാനത്തില്‍ അയയ്ക്കണമെങ്കില്‍ 48 മണിക്കൂര്‍ മുന്‍കൂട്ടി അനുമതിതേടണമെന്ന പുതിയ വ്യവസ്ഥയും എയര്‍ ഇന്ത്യ കൊണ്ടുവന്നിരിക്കുന്നു. ആയതിനാല്‍ ഇനിമുതല്‍ എയര്‍ ഇന്ത്യയില്‍ തന്നെ അന്ത്യയാത്ര നടത്തണമെന്നുള്ള പ്രവാസികള്‍ 48 മണിക്കൂര്‍ മുമ്പെങ്കിലും അനുമതിവാങ്ങിക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കില്‍ പിന്നെയും 48 മണിക്കൂര്‍ ഇവിടെതന്നെ കാത്തുകെട്ടിക്കിടക്കേണ്ടിവരുമെന്ന് ചുരുക്കും.
ഗള്‍ഫ് നാടുകളില്‍നിന്ന് നാട്ടിലേക്ക് മൃതദേഹം വിമാനത്തില്‍ കയറ്റിയയയ്ക്കാന്‍ നാലഞ്ച് ചട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അസ്വാഭാവിക മരണമാണെങ്കില്‍ വ്യവസ്ഥകള്‍ കുറേക്കൂടി സങ്കീര്‍ണവുമാണ്. അതിന്റെ പ്രയാസങ്ങള്‍ ഈ നാട്ടിലെ പൊതുപ്രവര്‍ത്തകര്‍ ഇടയ്ക്കിടെ നേരിടുന്ന കാര്യങ്ങളാണ്. എന്നാല്‍ അതിനേക്കാളൊക്കെ പ്രയാസം ഉണ്ടാക്കുന്നതാണ് വ്യോമയാനവകുപ്പും എയര്‍ ഇന്ത്യയും കൊണ്ടുവന്നിരിക്കുന്ന പുതിയ വ്യവസ്ഥ. പ്രവാസി സംഘടനകളെല്ലാം ഒരേസ്വരത്തില്‍ ഇതിനെതിരെയൊക്കെ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ, ദേശീയ വിമാനക്കമ്പനിക്കുവേണ്ടി നിലകൊള്ളാന്‍ നാട്ടുകാരെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുപോലും അതിനെക്കുറിച്ച് പറയാന്‍ ഒന്നുമില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന മഹാരാജകള്‍ വേറെന്തുചെയ്യാന്‍! പക്ഷേ, ഒരുകാര്യം ഈ മഹാരാജാക്കന്മാരെങ്കിലും തെളിച്ചുപറയണം. ഈ യുദ്ധം ആരോടാണ്? മത്സരിക്കുന്ന മറ്റ് വിമാനക്കമ്പനികളോടോ അതോ പാവം പ്രവാസികളോടോ?
No comments:
Post a Comment