Sunday 25 August 2013

[www.keralites.net] നനഞ്ഞ കണ്ണുകള്‍ , നീളുന്ന പാതകള്‍

 

നനഞ്ഞ കണ്ണുകള്‍ , നീളുന്ന പാതകള്‍

പ്രശസ്ത എഴുത്തുകാരി കെ.എ ബീനയുടെ ആത്മകഥാംശമടങ്ങിയ യാത്രാക്കുറിപ്പുകള്‍ ആരംഭിക്കുന്നു. പേര്: 'ചുവടുകള്‍ '. 'ജീവിതയാത്ര'യിലെ മറക്കാനാകാത്ത യാത്രാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചും വ്യക്തിത്വങ്ങളെക്കുറിച്ചുമുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ .



കഴിഞ്ഞ കുറച്ച് നാളുകളായി ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നതാണ്, ഒരുപാട് തയ്യാറെടുത്തതുമാണ്. എന്നിട്ടും പതറിപ്പോയി.
ട്രെയിന്‍ എറണാകുളത്തെത്തുമ്പോഴാണ് അമ്മയുടെ ഫോണ്‍ . ഇന്ത്യന്‍ റെയില്‍വേയുടെ 'വില്ലേജ് ഓണ്‍ വീല്‍സ് ' പരിപാടിയനുസരിച്ച് ഇന്ത്യ കാണാന്‍ പുറപ്പെട്ടിരിക്കുകയാണ് ഞാന്‍ . കൂട്ടുകാരി ആന്‍സിയും ഒപ്പമുണ്ട്. കാശിയും, അലഹബാദിലെ ത്രിവേണീ സംഗമവും ഗയയും സാരാനാഥും കൊല്‍ക്കത്തയും പുരിയുമൊക്കെ കണ്ട് മടങ്ങിയെത്തുന്ന ഐ.ആര്‍ .സി.ടി.സി.യുടെ ട്രെയിന്‍ വിനോദ സഞ്ചാര പരിപാടി. കടന്നുപോകുന്ന സങ്കടപര്‍വ്വങ്ങളില്‍ നിന്ന് ഒരു ബ്രേക്ക്.

അമ്മ നിര്‍ത്താതെ ചോദിക്കുന്നു:
''മോളേ, അവര് ഒരുപാട് പേടിപ്പിക്കുന്നു. അച്ഛന് കാന്‍സറാണെന്ന്. സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ പറയുന്നു തേര്‍ഡ് സ്റ്റേജ് ആണെന്ന് . ഓപ്പറേഷന്‍ നടത്തുന്നത് അപകടമാണെന്നും രക്ഷപ്പെടാന്‍ ചാന്‍സ് കുറവാണെന്നുമൊക്കെ അച്ഛനോട് തന്നെ പറഞ്ഞു കൊടുത്തിരിക്കുകയാണ്. അച്ഛന്‍ ഒന്നും പറയുന്നില്ല. ആ ഡോക്ടര്‍ പറയുന്നത്, ഓപ്പറേഷന്‍ ചെയ്തുനോക്കാം, ഉള്ള ചാന്‍സ് കളയണ്ട എന്നുമൊക്കെയാ. എന്തു ചെയ്യണം മോളേ?''

ഞാനെന്താണ് പറയുക? എനിക്കെന്താണ് പറയാന്‍ കഴിയുക?

അമ്മ വീണ്ടും:
''അവര് വെറുതെ പേടിപ്പിക്കുകയായിരിക്കും ഇല്ലെ? നീ കൊണ്ടു പോയി കാണിച്ച ഡോക്ടര്‍ ഒരു കുഴപ്പവും ഇല്ലെന്നല്ലേ പറഞ്ഞത്? വൈദ്യനും അങ്ങനെയല്ലേ പറഞ്ഞത്?''

''അത്, അതേന്നേ. അച്ഛനൊന്നുമില്ല, അവര് വെറുതെ പറയുകയാ, വെറും നോഡ്യൂളുകളാ തൊണ്ടയില്‍. ലാരിന്‍ക്‌സിലായതിനാല്‍ ഓപ്പറേഷന്‍ അപകടമാണെന്നാ നമ്മുടെ ഡോക്ടര്‍ പറഞ്ഞത്.''

എന്റെ മറുപടി കേട്ട് ആശ്വാസത്തോടെ അമ്മ പറഞ്ഞു:
''അച്ഛന്റെ ബന്ധു ആ ഡോക്ടറില്ലെ, അയാള് വന്നപ്പോള്‍ ശബ്ദമിടറിയിരിക്കുന്നുവെന്നും പറഞ്ഞ് പിടിച്ചു കൊണ്ട് പോയി ടെസ്റ്റ് ചെയ്യിച്ചതാ. നീ യാത്ര പോയിരിക്കുകയാണ്, വന്നിട്ട് ഡോക്ടറെ കണ്ടാല്‍ മതിയെന്ന് ഞാനും അച്ഛനും ഒരുപാട് പറഞ്ഞതാണ്. നിര്‍ബ്ബന്ധം പിടിച്ച് അങ്ങ് കൊണ്ട് പോയി. വെറുതെ മന:സമാധാനം കളഞ്ഞു. എന്തെങ്കിലുമുണ്ടെങ്കില്‍ വൈദ്യന്‍ പറയില്ലേ.''

''അതേന്നേ, നിങ്ങള്‍ സമാധാനമായിരിക്കൂ. അച്ഛന് അവര് പറയുന്ന ഒരസുഖവും ഇല്ല.''
ഞാന്‍ പറയുന്നത് സത്യമല്ലെന്ന് എനിക്ക് അറിയാമായിരുന്നു, അമ്മയ്‌ക്കോ? അതെനിക്ക് ഇന്നും ഉറപ്പില്ല.

Fun & Info @ Keralites.net

അച്ഛന്റെ ശ്വാസനാളികളെ അര്‍ബുദം അപകടമാംവിധം ആക്രമിച്ച് കഴിഞ്ഞുവെന്നും, അവസാനത്തെ ഈ അവസ്ഥയില്‍ വേദന ഇല്ലാത്ത മരണം അച്ഛന് നല്‍കാനുള്ള വഴികള്‍ തേടുക മാത്രമാണ് വഴിയെന്നുമാണ് ഡോക്ടര്‍ പറഞ്ഞത് എന്ന സത്യം അമ്മയോട് പറയാന്‍ ഫോണിനറ്റത്തും ഞാന്‍ അശക്തയായിരുന്നു.

അച്ഛനൊരിക്കലും ഇതറിയരുതെന്ന് ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ഒരുപാട് ശ്രമങ്ങളും നടത്തി. തളരാതെ, തകരാതെ അച്ഛന്റെ സ്വതസിദ്ധമായ തലയെടുപ്പോടെ മരണത്തിലേക്കും അച്ഛന്‍ നടന്നു ചെല്ലണമെന്ന് ഞാന്‍ കൊതിച്ചിരുന്നു. ഭയാക്രാന്തനായി, രോഗത്തിന്റെ ചിന്തകളില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് നിസ്സഹായനാകുന്ന അച്ഛന്‍ എന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തായിരുന്നു.



പക്ഷെ, ഒക്കെ തെറ്റിയിരിക്കുന്നു, സഹതാപമോ, അമിത സ്‌നേഹമോ, എന്തു കൊണ്ട് തന്നെയായാലും ബന്ധുക്കള്‍ വീണ്ടും കണക്കൂകൂട്ടലുകള്‍ തകിടം മറിച്ചിരിക്കുന്നു.

ഉരുകിത്തീരുകയായിരുന്നു, കുറച്ച് ദിവസങ്ങളായി.

അച്ഛന് കാന്‍സറാണെന്ന നിമിഷത്തില്‍ ഞാനൊറ്റയ്ക്കായിരുന്നു. പുറത്ത് അച്ഛന്‍ കാത്തിരിപ്പുണ്ട്.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഈ ലോകത്തൊരുപാട് പേര്‍ ഡോക്ടര്‍മാരോട് പറഞ്ഞ വാചകം ഞാനും പറഞ്ഞു:
''ലോകത്തെവിടെ വേണമെങ്കിലും കൊണ്ടു പോകാം. എന്തു ചികിത്സയും ചെയ്യാം. അച്ഛനൊന്നും വരുത്തരുത്.''

''ഇത്രയും പ്രായമായ സ്ഥിതിക്ക്, ഈ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ഓപ്പറേഷന്‍ കൊണ്ട് കാര്യമുണ്ടെന്നെനിക്ക് തോന്നുന്നില്ല. റേഡിയേഷന്‍ നോക്കാം.''

''ഞാന്‍ മറ്റുള്ളവരോടും കൂടി ആലോചിച്ചിട്ട് മടങ്ങി വരാം.''

പുറത്തിറങ്ങും മുമ്പ് ഞാനെന്റെ കണ്ണുനീര്‍ ഗ്രന്ഥികളെ ശാസിച്ചു, അച്ചടക്കമുള്ള കുഞ്ഞുങ്ങളെ പോലെ അവ ഉള്ളിലേക്ക് വലിഞ്ഞു.
കസേരയിലിരുന്ന് അച്ഛന്‍ കണ്ണു തുടക്കുന്നു, കണ്ണാടി മാറ്റി ഒരു കൈ കൊണ്ട്.

ഞാന്‍ പാട്‌പെട്ട് എന്റെ കുസൃതിഭാവം വലിച്ചണിഞ്ഞു. ഉത്സാഹം നിറച്ച് അച്ഛനോട് പറഞ്ഞു:
''കരുണാകരന്‍ നായര്‍ പെര്‍ഫക്ട്‌ലി ഓള്‍ റൈറ്റ് ആണെന്നാ ഡോക്ടര്‍ പറഞ്ഞത്. കുറച്ച് മരുന്ന് എഴുതി തന്നിട്ടുണ്ട്.''

അച്ഛന്‍ ചിരിച്ചു. അച്ഛന്‍ ചിരിക്കുന്നത് കൊച്ചു കുഞ്ഞുങ്ങളെപ്പോലെയാണ്. അതു കാണുമ്പോള്‍ എന്നിലെ അമ്മ ഉണരും, വാത്സല്യം കൊണ്ട് ഉമ്മ കൊടുക്കാന്‍ തോന്നും. ഒരുപാട് സ്‌നേഹം തോന്നുമ്പോള്‍ വാത്സല്യം തോന്നുന്നത് എനിക്ക് മാത്രമല്ലല്ലോ. ആ ആശുപത്രി വരാന്തയില്‍ അച്ഛനെ ഒരു കൊച്ചുകുഞ്ഞിനെയെന്നവണ്ണം ഓമനിക്കാന്‍ തോന്നുന്ന മനസ്സിനെ ഞാന്‍ നിയന്ത്രിച്ചു.

''ഞാനൊന്ന് ടോയ്‌ലറ്റില്‍ പോയി വരാം'' എന്ന് പറഞ്ഞച്ഛന്‍ എഴുന്നേറ്റ് നടന്നു.
അച്ഛന്‍ പോയ നേരത്ത് പ്രിയപ്പെട്ടവരെയൊക്കെ വിളിക്കാന്‍ തോന്നി.


Fun & Info @ Keralites.net

സുധ പറഞ്ഞു:
''നീ ധൈര്യമായിരിക്ക്, നമുക്കാലോചിക്കാം.''
രവി ആശ്വസിപ്പിച്ചു.
''ഓപ്പറേഷന്‍ അവസാന ഓപ്ഷന്‍ ആക്കാം, നമുക്ക് മറ്റു വഴികള്‍ നോക്കാം.''
ബൈജു പറഞ്ഞു:
''വിഷമിക്കണ്ട, നമുക്ക് വൈദ്യനുണ്ടല്ലോ.''
അച്ഛന്‍ മടങ്ങി വന്ന് പറഞ്ഞതും അതു തന്നെയായിരുന്നു.
''നമുക്ക് വൈദ്യനെ കണ്ടിട്ട് വീട്ടില്‍ പോകാം.''
മറുത്ത് പറയാനാവാതെ ഞാന്‍ സമ്മതം മൂളി.

വൈദ്യന്‍ നാഡി പിടിച്ച്, വാ പിളര്‍ത്തി കണ്‍പോളകള്‍ മലര്‍ത്തി, തൊണ്ടയില്‍ വിരലമര്‍ത്തി.
എന്നിട്ട് കളിയാക്കുന്നതു പോലെ പറഞ്ഞു:
''ഒരച്ഛനും മകളും. മോള് കൊഞ്ചിക്കാനുള്ളപ്പോള്‍ അച്ഛന് രോഗം വരുന്നതാണിഷ്ടം. ഇതൊന്നുമില്ല, കുറച്ച് കഷായം കുടിച്ചാല്‍ മാറാനുള്ളത് മാത്രം..''
അച്ഛന്റെ തോളത്ത് തട്ടി വൈദ്യന്‍ ഉഷാറാക്കി. അച്ഛന്റെ മുഖം തെളിഞ്ഞു. ആത്മവിശ്വാസം മടങ്ങിവന്നു. അച്ഛന്‍ വൈദ്യനോട് പരിഭവം പറഞ്ഞു:
''ഇവള്‍ക്കാണ് നിര്‍ബ്ബന്ധം, ആശുപത്രിയില്‍ പോകണമെന്ന്.''
വൈദ്യന്‍ അച്ഛന്‍ കേള്‍ക്കാതെ എന്നോട് പറഞ്ഞു:
''സംഗതി രാജാവാണ്.അര്‍ബുദം തന്നെ. പഴക്കമായിരിക്കുന്നു. ഉരുപ്പടി പഴക്കമുള്ളതായതിനാല്‍ അറിയാതെ പോയി. ഇനി ചെയ്യാനുള്ളത് വേദന അറിയിക്കാതിരിക്കുക മാത്രം.''
സപ്തനാഡികളും തകര്‍ന്ന് ഞാന്‍ വൈദ്യന്റെ കയ്യില്‍ മുറുകിപ്പിടിച്ചു. അവസാനത്തെ ആശ്രയമാണിത്!

ചിറ്റാറ്റിന്‍കര കൃഷ്ണപിള്ള വൈദ്യന്‍ ആ നിമിഷത്തില്‍ കളവ് പറഞ്ഞ് എന്നെ വഞ്ചിച്ചില്ല.
ഞാന്‍ പക്ഷേ അച്ഛനോട് കളവ് പറയാന്‍ തീരുമാനിക്കുകയായിരുന്നു.
ഞാന്‍ വൈദ്യനോട് അപേക്ഷിച്ചു:
''അച്ഛനിത് അറിയണ്ട.''
വൈദ്യര്‍ മറുപടി നല്‍കിയതും അതു തന്നെ.
''ഒരിക്കലും അറിയരുത്. മനശ്ശക്തി നഷ്ടമാക്കരുത്. രോഗശമനം മനസ്സില്‍ കൂടിയുമാണ് നടക്കേണ്ടത്.''

അങ്ങനെ അച്ഛനില്‍ നിന്ന് രോഗവിവരം മറച്ച് വച്ച് അച്ഛന്റെ മനസ്സമാധാനം സംരക്ഷിച്ച്, ആരോഗ്യാവസ്ഥ നിലനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളാണ് പൊളിഞ്ഞു പോയിരിക്കുന്നത്.സത്യം മറച്ച് പിടിക്കുന്നത് തെറ്റാണെങ്കില്‍ നല്ല ഉദ്ദേശത്തോടെ ഞാനാ തെറ്റ് ചെയ്തിട്ടുണ്ട്. ട്രെയിനിലിരുന്ന് ശരി തെറ്റുകള്‍ വിലയിരുത്തി ഞാന്‍ തളര്‍ന്നു.


Fun & Info @ Keralites.net

ലോകം മുഴുവന്‍ കണ്ട ആളാണച്ഛന്‍ . മര്‍ച്ചന്റ് നേവി ഉദേ്യാഗസ്ഥനായിരുന്ന അച്ഛന്‍ കടന്നു പോയിട്ടുള്ള അനുഭവങ്ങള്‍ ചെറുതല്ല.
യാത്രയിലേക്ക് എന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ചത് അച്ഛനാണ്, തീരെ ചെറിയ കാലം മുതല്‍ അച്ഛനെഴുതിയ കത്തുകള്‍ വായിച്ചാണ് യാത്രാവിവരണം എങ്ങനെ എഴുതണം എന്ന് ഞാന്‍ പഠിച്ചത്. അച്ഛന്‍ കടന്നുപോയ രാജ്യങ്ങള്‍ , കണ്ട കാഴ്ചകള്‍ , അനുഭവങ്ങള്‍ . എത്ര നിര്‍ബ്ബന്ധിച്ചിട്ടും അച്ഛന്‍ ഒന്നും എഴുതിയില്ല. ഞങ്ങള്‍ക്കുള്ള കത്തുകളില്‍ അവയൊക്കെ കുറിച്ചിട്ട് അച്ഛന്‍ ആ കര്‍മ്മം പൂര്‍ത്തിയാക്കുകയായിരുന്നു.

അച്ഛന്‍ കടന്നുപോയ അപകടങ്ങള്‍ മനസ്സിലേക്കിരമ്പി എത്തി.

ഒരിക്കല്‍ ഫിജി ഐലന്റില്‍ വച്ച് കപ്പല്‍ച്ചൊരുക്കില്‍ മറിഞ്ഞ് വീണ് തലയ്ക്കടിയേറ്റ് രണ്ടാഴ്ചയോളം ബോധരഹിതനായി കിടന്ന അച്ഛന്‍ , അന്ന് ഭ്രാന്തിയെപ്പോലെ അറിയാത്ത ഹിന്ദിയിലും ഇംഗ്ലീഷിലുമായി അച്ഛന്റെ ബോംബെ ഓഫീസിലുള്ളവരെ നിരന്തരം വിളിച്ച് അച്ഛനെ നാട്ടില്‍ കൊണ്ട് വന്ന് ചികിത്സിച്ചത്, തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ അച്ഛന്റെ കപ്പലിന് തീ പിടിച്ചെന്ന് സ്വപ്നം കണ്ട ദിവസം യഥാര്‍ത്ഥത്തില്‍ അതു പോലെ സംഭവിച്ച് അച്ഛന്‍ നീന്തി കരയ്‌ക്കെത്തി എല്ലാം നഷ്ടപ്പെട്ട് വീട്ടിലെത്തിയത്, ബോംബെ കലാപത്തിനിടയില്‍പ്പെട്ടത്, തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്, ബോംബെയിലുണ്ടായ മറ്റൊരു ട്രെയിനപകടത്തില്‍ തൊട്ടടുത്തിരുന്ന ആളുകളൊക്കെ മരിച്ചപ്പോഴും രക്ഷപ്പെട്ടത്.

കുട്ടിക്കാലത്ത് ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ:
''അച്ഛനെ കാത്തോളണേ.''
അമ്മ പഠിപ്പിച്ചതാണത്.




പ്രാര്‍ത്ഥനകള്‍ക്കൊക്കെ മറുപടി നല്‍കി ദൈവമച്ഛനെ ഈ ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ നിന്ന് ഞങ്ങള്‍ക്ക് മടക്കി നല്‍കി. മക്കളെയെല്ലാവരെയും കല്യാണം കഴിപ്പിച്ച്, ചെറുമക്കളെയും വളര്‍ത്തി ജീവിതമാഘോഷിച്ചു തീര്‍ക്കുന്ന നേരത്ത് കടന്നു വന്നിരിക്കുകയാണ്. കടന്നു വരാതെ നിവൃത്തിയില്ലാത്ത ആളാണ് വന്നിരിക്കുന്നത്. കൂടെ പറഞ്ഞു വിടുക മാത്രമാണ് ചെയ്യാനാവുക എന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ അച്ഛനെ സങ്കടപ്പെടുത്താതെ, സമാധാനത്തോടെ പറഞ്ഞു വിടാന്‍ തീരുമാനിച്ചത് തെറ്റാണോ? രോഗവിവരം രോഗിയില്‍ നിന്ന് മറച്ച് വയ്ക്കുന്നത് തെറ്റോ ശരിേയാ?

ഞാനച്ഛനെ വിളിച്ചു: ''അച്ഛന്‍ ക്ഷമിക്കില്ലേ.''

''എന്തിന്? നീയറിഞ്ഞ നിമിഷത്തില്‍ എനിക്കും ഉറപ്പായിരുന്നു. നിന്നെ വിഷമിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ പറയാത്തതാ. എനിക്ക് വൈദ്യന്റെ ആയുര്‍വേദം മതിയെന്ന് തീരുമാനിച്ചത് വെറുതെയല്ല. എനിക്കതാണിഷ്ടം. അതാണ് സ്വസ്ഥത. നീ വെറുതെ സമാധാനം കളയാതിരിക്ക്.''

ട്രെയിന്‍ തൃശ്ശൂര്‍ വിട്ടിരിക്കുന്നു.

''ഞാന്‍ കോഴിക്കോട്ടിറങ്ങി അടുത്ത ട്രെയിനില്‍ കയറി തിരിച്ചു വരട്ടെ? എനിക്ക് യാത്ര പോകാന്‍ തോന്നുന്നില്ല.''
''വിഡ്ഡിത്തം പറയാതെ മോളേ, നീ പോയി എല്ലാം കണ്ട് വരൂ. ഒറ്റയ്ക്കാണെന്നോര്‍ത്തോണം. ട്രെയിനില്‍ നിന്ന് ആവശ്യമില്ലാതെ സ്റ്റേഷനുകളില്‍ ഇറങ്ങി നടക്കരുത്. ഭക്ഷണം ശ്രദ്ധിക്കണം. വഴിയില്‍ നിന്ന് അതുമിതും വാങ്ങി കഴിക്കരുത്. മടങ്ങി വന്ന് എഴുതാനുള്ളതൊക്കെ കുറിച്ചിടണം. സന്തോഷമായിരിക്ക്.''

അച്ഛന്‍ വീണ്ടും വീണ്ടും പറഞ്ഞു:
''എനിക്കൊന്നുമില്ല, എനിക്ക് വൈദ്യനെ പൂര്‍ണ്ണ വിശ്വാസമാണ്. നീ പോയിട്ട് വരൂ. സമാധാനത്തോടെ, സന്തോഷത്തോടെയിരിക്കൂ.''
ട്രെയിനപ്പോള്‍ കോഴിക്കോടെത്തിയിരുന്നു. കമ്പാര്‍ട്ടുമെന്റിലേയ്ക്ക് തിരക്കിട്ടു കടന്നു വരുന്നവരുടെ ബഹളങ്ങള്‍ക്കിടയില്‍ അച്ഛന്‍ പറയുന്നത് അവ്യക്തമായി എങ്കിലും ഞാന്‍ കേട്ടു.

''നീ യാത്ര നിര്‍ത്തി വന്നാല്‍ എനിക്ക് വല്ലാത്ത സങ്കടമാകും..നിന്റെ യാത്ര ഞാനിവിടിരുന്ന് ആസ്വദിക്കുന്നുണ്ട്.''
എനിക്ക് പിന്നീടൊന്നും പറയാന്‍ കഴിഞ്ഞില്ല.. കണ്ണു നിറഞ്ഞൊഴുകി. അങ്ങനെയാണ് ആ യാത്ര തുടങ്ങിയത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment