മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നു ശിപാര്‍ശ ചെയ്ത് ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടകംപള്ളി വില്ലേജിലെ 44 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രധാന കണ്ണി സലിംരാജിന്റെ ബന്ധുവായതിനാല്‍ ഈ വിഷയത്തില്‍ സലിംരാജിനു പങ്കുണ്െടന്നാണ് ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം. ഈ സംഭവത്തില്‍ സലിംരാജിനു പങ്കുണ്െടന്നു നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
വില്ലേജ് ഓഫീസില്‍ നിന്നു തര്‍ക്കഭൂമിയുടെ രേഖകള്‍ കീറിമാറ്റിയതായും നശിപ്പിച്ചതായും ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണു സൂചന.
കടകംപള്ളി വില്ലേജിലെ ചെന്നിലോട്ടുള്ള സര്‍വേ നമ്പര്‍ 1203 ല്‍ തുടങ്ങുന്ന 44 ഏക്കര്‍ ഭൂമിയിലെ 160-ഓളം വരുന്ന ഉടമകളാണ് ഊണും ഉറക്കവും നഷ്ടപ്പെട്ട് പരാതികളുമായി അധികാര സ്ഥാനങ്ങളില്‍ കയറിയിറങ്ങുന്നത്.
നാലു വര്‍ഷം മുമ്പ് ഒരു സംഘം വസ്തുവിന്റെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ടു റവന്യു അധികൃതരുടെ ഒത്താശയോടെ നാട്ടുകാരെ വിരട്ടിയിരുന്നു. അന്നു ചില വ്യാജ രേഖകള്‍ കാട്ടിയായിരുന്നു വിരട്ടലെന്നു നാട്ടുകാര്‍ പറയുന്നു. ഉന്നതതലങ്ങളില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചില റവന്യു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
തര്‍ക്കം ഉന്നയിച്ചുവന്ന സംഘം കഴിഞ്ഞവര്‍ഷം അവസാനത്തോടെ വീണ്ടും രംഗത്തെത്തി. ഇതോടെ വില്ലേജ് ഓഫീസില്‍ കരം സ്വീകരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ വസ്തുഉടമകള്‍ വിഷമത്തിലായി. കരം സ്വീകരിക്കില്ലെന്നു വില്ലേജ് ഓഫീസില്‍ നിന്ന് അറിയിച്ചതിനു പിന്നില്‍ സലിംരാജാണെന്ന് അറിവായതോടെയാണ് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയായത്. ഈ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരിക്കുന്നത്.
|
No comments:
Post a Comment