Saturday 15 June 2013

[www.keralites.net] വയനാട്: ഗാഡ്ഗില്‍ പറയുന്നതാണ് ശരി

 

വയനാട്: ഗാഡ്ഗില്‍ പറയുന്നതാണ് ശരി

പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മ്റ്റി ശുപാര്‍ശകളാണ് ഒടുവില്‍ വയനാടിന്റെ കാര്‍ഷിക ഭൂമിയില്‍ സംസാരവിഷയം. ജനജീവിതത്തെ തകര്‍ത്തുകൊണ്ട് വികസന സ്വപ്നങ്ങളെ മാധവ് ഗാഡ്ഗില്‍ പിഴുതെറിയുമെന്നാണ് വയനാട്ടില്‍ പ്രചരണം. വനനിയമങ്ങളുടെ കാര്‍ക്കശ്യത്തില്‍ ഒറ്റപ്പടുന്ന വയനാടിന് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകളിലുളള ഇളവുകളിലേക്കാണ് ഇനി ഉറ്റുനോട്ടം. സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ ടി.എന്‍.പ്രതാപന്‍ സമിതിയും ഗാഡ്ഗില്‍ ശുപാര്‍ശകളിലെ പഠനം നടത്തുന്ന ഉന്നതതല സമിതി അദ്ധ്യക്ഷന്‍ ഡോ.കസ്തൂരിരംഗനും വയനാട്ടില്‍ വന്നു മടങ്ങി. ഹരിത വനങ്ങള്‍ കുടചൂടിനില്‍ക്കുന്ന വയനാടിനെ സംരക്ഷിക്കാന്‍ മാധവ് ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ അതേ പടി നടപ്പാക്കണമെന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരേ സ്വരത്തില്‍ പ്രതിഷേധവും ജില്ലയില്‍ ശക്തി പ്രാപിക്കുകയാണ്.

'നിങ്ങള്‍ സ്വസ്ഥമായി ഉറങ്ങൂ നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു …എന്നാണ് ഡോ.കസ്തൂരിരംഗന്‍ വയനാടിന്റെ ജനങ്ങളോടായി പറഞ്ഞത്. ഈ ആശ്വാസ വാക്കുകളിലൊന്നും വയനാടന്‍ ജനതയ്ക്ക് വിശ്വാസമില്ല. രാത്രിയാത്ര നിരോധനമടക്കം പരിസ്ഥിതി നിയമങ്ങള്‍ ഈ നാടിനെ ചെറുതായൊന്നുമല്ല ബാധിച്ചത്.ഇത്തരം അനുഭവങ്ങള്‍ക്കിടയില്‍ നിന്നാണ് ജനവികാരം ഉണരുന്നത്.വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും പരിസ്ഥിതിക്കും ഒപ്പം മനുഷ്യര്‍ക്കും ഈ ആവാസ വ്യവസ്ഥയില്‍ പരിഗണന നല്‍കണമെന്ന ആവശ്യം പരിഗണിക്കപ്പെടണമെന്നില്ല. ലോകത്തെ അതീവ പരിസ്ഥിതി സംരക്ഷണം ആവശ്യമായ എട്ടു മേഖലകളില്‍ ഒന്നാണിത്.അന്താരാഷ്ട്ര പരിസ്ഥിതി സംഘടനാ നിര്‍ദ്ദേശങ്ങള്‍ വരും തലമുറയ്ക്കായി സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് ഇവിടെ നിറവേറ്റപ്പെടുന്നത്.

മാധവ് ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ച പതിമൂന്ന് ശുപാര്‍ശകളില്‍ എട്ടെണ്ണത്തെ കേരള സംസ്ഥാനം സ്വീകരിക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ സാരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നീക്കണമെന്നാണ് ടി.എന്‍.പ്രതാപന്‍ സമിതിയും ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ വനത്താല്‍ ചുറ്റപ്പെട്ട വയനാട് പോലുളള ജില്ലയില്‍ മാധവ് ഗാഡ്ഗില്‍ പ്രത്യേക പഠനം നടത്തണമെന്നാണ് ആവശ്യം. റോഡ് മാത്രം ഗതാഗത മാര്‍ഗ്ഗമായിട്ടുളള വയനാട്ടില്‍ വനത്തിലൂടെ റോഡ് അനുവദിക്കുകയില്ല എന്ന നിര്‍ദ്ദേശത്തെ സ്വീകരിക്കാന്‍ കഴിയില്ല. ഏറെ കാലമായി കാത്തിരിക്കുന്ന റെയില്‍ സ്വപ്നങ്ങളും ഇതോടെ വൃഥാവിലാവും. മറുഭാഗത്ത് വയനാടിന്റെ തനതു കാലാവസ്ഥയും ഭൂപ്രകൃതിയും അനുദിനം കടുത്ത ചൂഷണത്താല്‍ മാറുകയാണ്.

വയനാട് മായുന്ന ഒരു മനോഹരചിത്രം

Fun & Info @ Keralites.net


പശ്ചിമഘട്ടത്തിന് അതിരുനില്ക്കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഡി. ഏതു വേനലിലും കുളിരു പകര്‍ന്നൊഴുകിയിരുന്ന അരുവികളും ശീതളമായ കാലാവസ്ഥയും പതിറ്റാണ്ടുകളോളം വയനാടിനെ മറ്റു നാടുകളില്‍ നിന്ന് വേര്‍തിരിച്ചു. ശരാശരി താപനില 15 ഡിഗ്രി സെന്റീഗ്രേഡില് നിന്നും വേനല്‍ച്ചൂട് 25 ഡിഗ്രിയായി കുതിച്ചുയര്‍ന്നു. സദാ സമയവും ഉറവവറ്റാതെ പാപനാശിനിയിലൂടെ ഒഴുകിയിരുന്ന കാളിന്ദിയും ജനവരി പിന്നിട്ടതോടെ വരണ്ടു തുടങ്ങി. നഷ്ടമാകുന്ന ഹരിത വനങ്ങളുടെ കണക്കുകളാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കബനിയുടെ ഉത്ഭവസ്ഥാനമായ തൊണ്ടാര്‍മുടി തുടങ്ങി വയനാടിനെ വളഞ്ഞുനില്ക്കുന്ന മലനിരകളാണ് കാട്ടരുവികളുടെ ജലസ്രോതസ്സ്. അതിരുകടന്ന വനം കൊള്ളയും കാട്ടുതീയുമാണ് മലനിരകളെ മൊട്ടക്കുന്നുകളാക്കുന്നത്.

വിസ്തൃതിയില്‍ ഏറെയുള്ള സ്വാഭാവിക വനഭൂമി സംരക്ഷിക്കാന്‍ പദ്ധതികള്‍ വര്‍ഷം തോറും വരുമ്പോഴും ചോലവന സംരക്ഷണത്തിന് യാതൊരു നടപടിയുമില്ല. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള ബാണാസുര മലനിരകളില്‍ ചോലവനങ്ങള്‍ ധാരാളമുണ്ടായിരുന്നു. ചെമ്പ്രമലനിരകളും ചോലവനസമൃദ്ധമായിരുന്നു. സമ്പന്നവും ജൈവസമ്പുഷ്ടവുമായിരുന്നു ഈ കാടുകള്‍
വന്യജീവി പരിപാലനത്തിനായി കോടിക്കണക്കിന് രൂപയാണ് പ്രതിവര്ഷം വന്നെത്തുന്നത്. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് ആസൂത്രിത പദ്ധതികളാണ് ഇതിനാവശ്യം. യൂക്കാലിപ്റ്റസ്, തേക്ക് തുടങ്ങിയവയുടെ വ്യാപനം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്തത്. കാടിനെ കൂടുതല്‍ വരള്‍ച്ചയിലാഴ്ത്തുന്ന തേക്കിന്‍ കാടുകള്‍ കാട്ടുതീയെ ക്ഷണിച്ചു വരുത്തുന്നു.

കാട്ടരുവികള്‍ വേനല്‍ തുടങ്ങുന്നതോടെ കണ്ണടയ്ക്കുന്നതിനാല്‍ വയനാട്ടിലെ തോടുകളും പുഴകളും പതിവിലധികം വരണ്ടുണങ്ങുന്നു. ഭൂവിസ്തൃതിയുടെ 13 ശതമാനമാണ് വയനാട്ടില്‍ നിബിഡവനമുണ്ടായിരുന്നത്. 1677 ചതുരശ്രകിലോമീറ്റര്‍ വനവിസ്തൃതിയുള്ള വയനാട് ജില്ലയാണ് കേരളത്തില്‍ വനമേഖലയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. 79 ശതമാനം വന മേഖലയുള്ള ഈ ജില്ലയില് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവാസ വ്യവസ്ഥയാണ് നിലനിന്നിരുന്നത്.

നീലഗിരി ബയോസ്ഫിയറില്‍ അപൂര്‍വമായി കണ്ടുവരുന്ന ഒട്ടനവധി ജന്തുജാലങ്ങള്‍ ഇവിടെ താമസമാക്കിയിരുന്നു. പക്ഷിപാതാളമടക്കമുള്ള ഗിരിനിരകള്‍ എന്നും വിസ്മയമായിരുന്നു. ഇതെല്ലാം ഇനിയെത്ര നാള്‍ ശേഷിക്കും.
കര്ണാടകയില്‍ നിന്നുമുള്ള ഉഷ്ണക്കാറ്റിനെ തടഞ്ഞു നിര്‍ത്താന്‍ കാടുകള്‍ക്ക് കഴിയുന്നില്ല. ഊഷരകാലാവസ്ഥയാണ് ഇന്ന് വയനാട്ടില്‍ അനുഭവപ്പെടുന്നത്. പൊടിക്കാറ്റുകള്‍ കര്‍ണ്ണാടകയിലേതുപോലെ വയനാട്ടിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

പരിസ്ഥിതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്ന പുതിയ തലമുറയാണ് ഇനി വയനാടിന്റെ ഭാവി സംരക്ഷണം ഏറ്റെടുക്കേണ്ടത്. വനനശീകരണവും മണ്ണൊലിപ്പും വന്തോതില്‍ ഏറിവരികയാണ്. മഴക്കാലത്ത് ഇവ ദുരന്തങ്ങള്ക്ക് വഴിയൊരുക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിനുള്ള പ്രവര്ത്തനങ്ങള്‍ പണം പാഴാക്കുന്നതാവുമ്പോള്‍ ദുരന്തസാധ്യതകളിരട്ടിക്കുന്നു.

മാറുന്ന കാലാവസ്ഥയ്ക്ക് വനസമ്പത്ത് ചൂഷണവും മറ്റൊരു കാരണമാണ്. വനം കൈയേറ്റം തടയുന്നതിനും പരിപാലനത്തിനും സത്വരനടപടികളാണ് ആവശ്യം.

വറ്റുന്ന അരുവികള്‍ പുഴകള്‍

Fun & Info @ Keralites.net


കുംഭച്ചൂടിലും മറുകരതാണ്ടാന്‍ കടത്തുതോണി വേണ്ടി വന്നിരുന്ന കാലം പിന്നിലായി. സ്വാഭാവിക ജലസ്‌ത്രോതസ്സുകളെ ഇല്ലാതാക്കി നടത്തുന്ന പരിസ്ഥിതി ചൂഷണവും വയനാടിനെ മരുഭൂമിയാക്കിയതില്‍ പങ്കുണ്ട്.

ജലസാക്ഷരതയുടെ പാഠങ്ങള്‍ വയനാടിന് എന്നേ അന്യമായി. അമ്പലക്കുളങ്ങളും ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള കുളങ്ങളും ഇന്ന് ശുഷ്‌കമാണ്. ഇതിന് തുല്യമായി വയനാടിന്റെ തനതു സംസ്‌കാരമായിരുന്നു വീടുകള്‍ക്ക് സമീപവും വലിയ കുളങ്ങള്‍ പരിപാലിക്കുകയെന്നത്. അലക്കാനും കുളിക്കാനും എന്നതിലുപരി ജലസ്‌ത്രോതസ്സുകളെ തലമുറകള്‍ക്ക് വേണ്ടി പരിപാലിക്കുക എന്നത് കൂടിയാണ് ഇതിലൂടെ ഗതകാല വയനാട് ഉയര്‍ത്തിപ്പിടിച്ചത്.

പനങ്കുറ്റിയിലും കേണിയിലുമായി തെളിനീരുറവകള്‍ സൂക്ഷിക്കുന്ന ഗ്രാമങ്ങള്‍ വയനാട്ടിള്‍ പതിവായിരുന്നു. ഏതു വേനലിലും നീര് ചുരത്തുന്ന ഈ ജലസ്‌ത്രോതസ്സുകള്‍ കാലങ്ങളോളം ഉറവ വറ്റാതെ നിലനിന്നു. വയലുകളില്‍ സ്ഥാനമുറപ്പിച്ച ഈ പരമ്പരാഗത ജലസ്രേണികളെല്ലാം നികത്തപ്പെട്ടു. നെല്ലിന് പകരം വാഴക്കൃഷിയായതോടെ ചതുപ്പ് നിലങ്ങള്‍ മരുഭൂമിക്ക് സമാനമായി. വേനലാവുന്നതോടെ വാഴത്തോട്ടത്തിലേക്ക് വെള്ളമെത്തിക്കാന്‍ അടുത്തുള്ള ജലാശയങ്ങള്‍ പോലും കൈയേറുന്ന അവസ്ഥയാണുള്ളത്.
ചെറിയതോടുകളെയും തടഞ്ഞുനിര്‍ത്തി ഒഴുക്കിന്റെ ഗതിമാറ്റുന്നു. കുഴികളിലും മറ്റും തടഞ്ഞുനിര്‍ത്തുന്ന ജലമാകട്ടെ മലിനവുമാണ്. വിഷം കലക്കി മീന്‍ പിടിക്കുന്നത് നിമിത്തം കന്നുകാലികള്‍ക്ക് വരെ ഈ ജലാശയങ്ങളെ ഉപയോഗിക്കാന്‍ കഴിയുന്നില്ല.

കുടിവെള്ളത്തിന് വീടുകളില്‍ കിണറുകള്‍ മതിയായിരുന്ന കാലമുണ്ടായിരുന്നു. പതിനഞ്ചടി മുതല്‍ ഇരുപതടി വരെ താഴ്ചയില്‍ ഒരു കുഴിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. എന്നാലിന്ന് കുഴല്‍ക്കിണറുകളുടെ സ്വന്തം നാടായി വയനാട് മാറുന്നു. ജില്ലയിലെ ജലവിതാനം ഭൂനിരപ്പില്‍ നിന്ന് എട്ടടിയോളം താഴ്ചയിലേക്ക് പോയതായി ഭൗമശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനായി ഇന്ന് നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളില്‍പ്പോലും കുഴല്‍ക്കിണറിന്റെ എണ്ണം വര്‍ധിച്ചുവരികയാണ്.

ജലക്ഷാമം പരിധി വിട്ട് ഉയര്‍ന്നതോടെ ഗ്രാമീണര്‍പോലും നെട്ടോട്ടത്തിലാണ്. സ്വാഭാവിക ജലസ്‌ത്രോതസ്സുകള്‍ കൂടുതല്‍ നാശത്തിന് കീഴടങ്ങിയതും ഈ മേഖലകളിലാണ്. കാട്ടരുവിയില്‍ നിന്ന് വെള്ളം ശേഖരിച്ചു കഴിയുന്ന ഒട്ടേറെ ഗ്രാമീണര്‍ ജില്ലയിലെ വിവിധ കോണുകളില്‍ ധാരാളമുണ്ടായിരുന്നു. മുളമ്പാത്തികള്‍ ചേര്‍ത്തുവെച്ച് കോളനികളിലേക്ക് വെള്ളമെത്തിക്കുന്ന സംവിധാനം ആദിവാസി കോളനികളിലെ സ്ഥിരം കാഴ്ചയായിരുന്നു. തിരുനെല്ലിയിലെ കല്പ്പാത്തി വഴിയുള്ള തീര്‍ത്ഥ ജലപ്രവാഹം കാലത്തിന് സാക്ഷിയായി ഇന്നും നില്ക്കുന്നതൊഴിച്ചാല്‍ ശേഷിക്കുന്നതെല്ലാം വിസ്മൃതിയിലാണ്.

കാട്ടരുവികളൊക്കെ സര്‍വ നാശത്തിലാണ്. മഴക്കാലം പിന്നിടുന്നതോടെ ഇവയ്‌ക്കെല്ലാം മരണമണിയായി. വയനാടിനെ ചുറ്റി നില്ക്കുന്ന മലനിരകളില്‍ മഴക്കാലത്ത് സംഭരിക്കുന്ന പ്രകൃതി ജലം ഇടമുറിയാതെ ഒരു കാലത്ത് ഒഴുകിയിരുന്നു. ഇവയായിരുന്നു പുഴകളെയും തോടുകളെയും സമൃദ്ധിയാക്കിയിരുന്നത്.

പുഴകളുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്ന തടയണകള്‍ പണിതിട്ടും വെള്ളം തികയാത്ത സാഹചര്യമാണ് ഇന്നുള്ളത്. അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണകള്‍ വര്‍ഷകാലത്ത് പുഴയുടെ ഗതി തന്നെ ആകെ മാറ്റുന്നു. സംരക്ഷണ ഭിത്തിയുടെ അഭാവമാണ് മിക്ക തടയണകളെയും തകര്‍ത്തത്. കോടിക്കണക്കിന് രൂപയാണ് ഈ പദ്ധതികള്‍ നിമിത്തം വര്‍ഷം തോറും പാഴാവുന്നത്. ജലസ്‌ത്രോതസ്സുകളെ സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കുന്നതിനാണ് ഭൂരിപക്ഷം പേരും മുന്‍ഗണന നല്കുന്നതെന്ന് ആരോപണമുണ്ട്.

പുഴയോര വനവത്കരണം എങ്ങുമെത്തിയിട്ടില്ല. പുഴകളുടെ തീരത്തെ അവേശഷിക്കുന്ന മരങ്ങള്‍ പോലും മുറിച്ചുമാറ്റപ്പെട്ടു. ഇരുമ്പകങ്ങളും കരുത്താര്‍ന്ന മറ്റ് വന്‍ മരങ്ങളും പുഴയോരത്ത് ഇന്നുകാണാനില്ല. തീര സംരക്ഷണത്തിന്റെ നേരടയാളങ്ങളായ ഈ മരങ്ങള്‍ നൂറ്റാണ്ടുകള്‍ ആയുസ്സുള്ളവയായിരുന്നു. പുഴയോരങ്ങള്‍ ഇടിഞ്ഞമരുന്നത് സംരക്ഷിക്കാന്‍ ഇവയ്ക്ക് സാധിക്കുമായിരുന്നു. മഴക്കാലത്ത് പെയ്തുനിറയുന്ന വെള്ളം മുഴുവന്‍ കര്‍ണ്ണാടകയിലെ ബീച്ചിനഹള്ളി അണക്കെട്ടിലേക്കാണ് ഒഴുകിനിറയുന്നത്. ഈ ജലശേഖരം കര്‍ണ്ണാടകയിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയെ ഹരിതാഭമാക്കുന്നു. വയനാട്ടില്‍ നല്ല അളവില്‍ മഴ പെയ്യണമെന്നാണ് ഇവരുടെ പ്രാര്‍ത്ഥന.

കാടിന്റെ നിലവിളികള്‍

Fun & Info @ Keralites.net


ജൈവവൈവിധ്യത്തിനന്റെ വിസ്മയത്തുമ്പത്തായിരുന്നു വയനാടിന്റെ ഹരിതവനങ്ങള്‍. ജൈവവംശാവലിയുടെ അത്ഭുതങ്ങള്‍ കാത്തുവെക്കുന്ന ജീന്‍പൂള്‍ മേഖലയില്‍ അന്തരീക്ഷ താപനിലയിലെ വര്‍ധനവ ്ആശങ്ക പരത്തുന്നു.. അപൂര്‍വസസ്യങ്ങളും സൂക്ഷ്മ ജന്തുജാലങ്ങളും ഇന്ന് നിലനില്പിനായുള്ള പോരാട്ടത്തിലാണ്. ലോകത്ത് അതിജീവനം തേടുന്ന അഞ്ഞൂറോളം സസ്യവര്ഗങ്ങളില്‍ 128 ജനുസ്സുകള്‍ വയനാടിന്റെ സംഭാവനയായിരുന്നു. 186274 കാലഘട്ടത്തില്‍ കേണല്‍ ആര്‍.എച്ച്.ബസോമാണ് പെരിയ ചന്ദനത്തോപ്പില്‍ നിന്ന് ജൈവവൈവിധ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുന്നത്.

കേസലി മരങ്ങള്‍ കുടചൂടുന്ന ഈ കാടുകളിലെ ആര്‍ദ്രതകള്‍ നഷ്ടമാവുകയാണ്. ഇലപൊഴിയാത്ത നിത്യഹരിതമരങ്ങള്‍ തിങ്ങിവളര്‍ന്ന് ഗിരിനിരകള്‍ ജന്തുലോകത്തിന്റെയും ആവാസസ്ഥലമായിരുന്നു. 130 വര്‍ഷത്തിനുശേഷം ജീന്‍പൂള്‍ കണ്‍വെന്‍ഷന് ഏരിയ ടീം ഇവിടം സന്ദര്‍ശിച്ചച്‌പ്പോള്‍ പലതും അപ്രത്യക്ഷമായികഴിഞ്ഞിരുന്നു. നദീതീരങ്ങള്‍ തേടിപ്പോകുന്ന റോയല്‍ ഫേണ്‍, വെള്ളക്കാശാവ് എന്ന നാട്ടുപേരില്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

വെമിസിലോണ്‍ സിസ്പാറെന്‌സി, ഒസ്ബതിയ, വയനാടന്‍ സിസ്, ഗോണിയോത്തലമാവ്, മെറ്റ റോമിര്‍ട്ടന്‍, തോട്ടിയശിവരാജിനി എന്ന അല്പം എന്നിവയൊക്കെ ജീന്‍ പൂളിന്റെ ആകര്‍ഷണമായിരുന്നു.

ഇതിനുമുമ്പ് അഗസ്ത്യവനത്തില്‍മാത്രം കണ്ടെത്തിയ ഇക്‌സോറോ അഗസ്ത്യമലയാനയും കുറിഞ്ഞി ഇനത്തില്‍പ്പെട്ട സ്ട്രബിലാന്തസ്ബാര്‍ ബേറ്റ്‌സ് എന്നിവയെല്ലാം ഈ കാടിന്റെ തണലില്‍ പതിറ്റാണ്ടുകളോളം സുരക്ഷിതമായ ജീവിതചക്രം പൂര്‍ത്തിയാക്കിയിരുന്നു.

പാമ്പുവിഷത്തിന് പ്രതിവിധിയായി ആദിവാസികള്‍ വംശീയവൈദ്യത്തില്‍ ഉപയോഗിക്കുന്ന അല്പം 2001 വരെ വയനാടന്‍ കാടുകളില്‍ സുലഭമായിരുന്നു. നാട്ടുമരുന്നായി ഉപയോഗിക്കുന്ന ഔഷധച്ചെടികളില്‍ പലതിനെയും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല എന്നാണ് വംശീയചികിത്സ നടത്തുന്നവര്‍ പറയുന്നത്. ഒരുദിവസംകൊണ്ട് ആയുസ്സ് പൂര്‍ത്തിയാക്കുന്ന ഓര്‍ക്കിഡ്, ഒറ്റക്കൊടി ചൂരല്‍ എന്നിവയെല്ലാം ഒരുകാലത്ത് വയനാടന്‍ വനസങ്കേതത്തില്‍ സുലഭമായിരുന്നു.

സമ്പുഷ്ട ജൈവവൈവിധ്യ കലവറയില്‍ റിച്ചാര്‍ഡ് ഹെന്റി ബസോം, സിഇസി ഫിഷര്‍, ഇബോര്ണി എന്നിവരെല്ലാം മാസങ്ങളോളം പഠനംനടത്തി ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയില്‍ ഈ സസ്യലോകത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്

ചിത്രശലഭങ്ങളുടെ ദേശാടനവഴികൂടിയാണ് ചന്ദനത്തോട് വനതാഴ്വാരം. കണ്ണൂര്‍ ജില്ലയിലെ ആറളത്തുനിന്ന് ഇവിടേക്ക് നീളുന്ന സഞ്ചാരപാതയില്‍ ശലഭങ്ങളുടെ ദേശാടനം മറ്റൊരു വിസ്മയമാണ്. 313ഓളം ശലഭങ്ങളാണ് ഋതുഭേദങ്ങളുടെ വരവറിയിച്ച് വയനാട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്. ഈ ഹരിത വനത്തിന്റെ സൂക്ഷ്മസംരക്ഷണം ഇനിയും പരിസ്ഥിതിമന്ത്രാലയം ഏറ്റെടുത്തിട്ടില്ല.
നീലഗിരി ബയോസ്ഫിയറില്‍ അപൂര്‍വമായി കണ്ടുവരുന്ന ഒട്ടനവധി ജന്തുക്കള്‍ ഇവിടെ താവളമാക്കിയിരുന്നു. പ്രകൃതിദത്തവനങ്ങള്‍ നിറഞ്ഞ വയനാടന് മലനിരകള്‍ തദ്ദേശീയമായ പക്ഷി സമ്പുഷ്ടമായ പ്രധാന മേഖലയാണിത്. ദേശാടനപ്പക്ഷികളും ഈ ആവാസവ്യവസ്ഥയിലേക്ക് കടല്‍കടന്ന് പതിവായി വരാറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം ലോകത്തിലെത്തന്നെ അറിയപ്പെടുന്ന പക്ഷികളുടെ താവളമാണ്. വയനാട്, തോല്‌പ്പെട്ടി വന്യജിവിസങ്കേതങ്ങള്‍ അപൂര്‍വയിനം പക്ഷികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്. കാബിനറ്റ് കഴുകന്‍, ചുട്ടിക്കഴുകന്‍, ഇന്ത്യന്‍ ബെറ്റ് ബാക്‌സ്, തുടങ്ങിയ ഇനം കഴുകന്‍മാരുടെ സാന്നിധ്യം ഇവിടെയുണ്ട്.

നിലക്കോഴികള്‍ ധാരാളമുള്ള കൊറ്റില്ലങ്ങളും വയനാട്ടിലുണ്ട്. അരിവാള്‍ കൊക്കിന്റെയും കാലിമുണ്ടിയുടെയും അപൂര്‍വമായ പ്രജനനകേന്ദ്രവും പനമരം കൊറ്റില്ലത്തില്‍ കണ്ടെത്തിയിരുന്നു. വയനാടന്‍ കാലാവസ്ഥതേടി മറുനാട്ടില്‍ നിന്ന് പറന്നുവരുന്ന ദേശാടനപ്പക്ഷികളുടെ താവളമായിരുന്നു ഈ കൊറ്റില്ലങ്ങള്‍. കുറുവാദ്വീപിലും ദേശാടനപ്പക്ഷികള്‍ പതിവായി പറന്നെത്തിയിരുന്നു. കാലാവസ്ഥ തകിടം മറിഞ്ഞതോടെ ഇവയുടെ വരവില്‍ കുറവുണ്ടായി. മറ്റ് തീരങ്ങള്‍തേടി ഇവ പറന്നകലുകയായിരുന്നു. സമയത്തിന് മഴപോലും കാണാത്തതിനാല്‍ ദേശാന്തര ഗമനത്തിന് വേറിട്ട വഴിയൊരുങ്ങി.

കുമരകം കഴിഞ്ഞാല്‍ അരിവാള്‍കൊക്കിന്റെ പ്രജനന കേന്ദ്രവും വയനാടാണ്. തത്തവര്‍ഗത്തില്‍പ്പെട്ട അപക്‌സാന്ഡ്രിയന്‍ പരുന്ത് കാണപ്പെടുന്നതും വയനാട്ടിലെ തോല്‌പ്പെട്ടി വന്യജീവി സങ്കേതത്തിലാണ്. ജില്ലയിലെ കാടുകളില്‍ എണ്‍പതില്‍പരം പക്ഷിവര്‍ഗങ്ങളെയാണ് കണ്ടെത്തിയത്.

ഷാമ, മലബാര്‍ട്രഗണ്‍, ബോത്തോലിസ്പരുന്ത്, കാതിലകഴുകന്‍, എന്നിവയെല്ലാംകൂടി 46 എണ്ണം വയനാടന്‍കാടുകളിലുണ്ട്. കുറിച്ച്യാട്, കുറിച്യാര്‍മല തുടങ്ങിയ വനമേഖലയില്‍ അവശേഷിക്കുന്ന ജൈവ സമ്പത്തുകൂടിയാണ് നഷ്ടമാകുന്നത്.

മഴക്കാലത്തിന്റെ വരവറിയിച്ച് വയലുകളില്‍ ഒരു കാലത്ത് ബഹളംകൂട്ടിയ തവളകളും വശംനാശഭീഷണിയിലായി. വയനാട്ടിലെ നെല്പ്പാടങ്ങളില്‍ നിന്ന് കൂട്ടത്തോടെ മഴത്തവളകള്‍ അപ്രത്യക്ഷമാവുന്നു. പുതുമഴ പെയ്ത് നിറയുന്ന പാടങ്ങളില്‍ രാത്രികാലങ്ങളില്‍ തവളകള്‍ കൂട്ടമായി ഇറങ്ങിയിരുന്നു. വര്‍ഷകാലത്തായിരുന്നു ഇവയുടെ പ്രജനനം. സൈലോഫ്രിന് സിദ്ധാകടില വംശത്തില്‌പ്പെട്ട ചെറുതവളകള്‍ മുതല്‍ ക്വാണറുവഗോളിയത്ത് വംശത്തിലെ വലിയ തവളകള്‍ എന്നിവയും പശ്ചിമഘട്ട മേഖലയില്‍ പ്രധാനമായും കണ്ടുവരുന്നു. ഇവയില്‍ പലതും ഇതിനിടയില്‍ വംശനാശത്തിന് കീഴടങ്ങി. വയനാട് നൈറ്റ് ഫ്രോഗ് എന്നറിയപ്പെടുന്ന നിക്റ്റിബട്രാക്കസ് ഗ്രാന്‌സിദ്ധ് എന്ന ഇനവും നാമാവശേഷമായതില്‍ പെടുന്നു.

കുറിച്യാര്‍ മലയിലായിരുന്നു ചെറുതവളകളുടെ ഏറ്റവുംവലിയ സാമ്രാജ്യം ഇന്ത്യയില്‍ത്തന്നെ പുതുതായി കണ്ടെത്തിയ പന്ത്രണ്ടിനം തവളകളില്‍ രണ്ടെണ്ണം ഈ മഴക്കാടുകളില്‍ നിന്നാണ്. അന്താരാഷ്ട്ര ഖ്യാതിയുള്ള സൂടാക്‌സാ ജേണലില്‍ ഇവ ഇടംനേടിയിട്ടുണ്ട്. അറുപതോളം തവളകളും നൂറിലധികം സൂക്ഷ്മജന്തുജാലവും വയനാടന്‍ സമതലത്തില്‍ നിന്നും ഇതിനകം മാഞ്ഞുപോയിട്ടുണ്ട്. സംരക്ഷിത ലിസ്റ്റിലെ 168ഇനം ജീവികള്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവയാണ്. മാറുന്നകാലത്തില്‍ മാറുന്ന കാലാവസ്ഥയില്‍ മായുന്നതും വയനാടിന്റെ ജൈവസമ്പത്താണ്.

മാഫിയകള്‍ അടിച്ചമര്‍ത്തുന്ന നാടിനെ മോചിപ്പിക്കാന്‍ ഗാഡ്ഗില്‍ പറയുന്നത് തന്നെയാണ് ശരിയെന്ന് ഏവരും പറയുന്ന കാലം അതിവിദൂരമല്ല.കീടനാശികളുടെ അമിത ഉപയോഗവും അതിരുവിട്ട ഖനനവും ഈ നാടിനെ ചെറുതായല്ല തകര്‍ക്കുന്നത്.ഒരോ പഞ്ചായത്തിനും പശ്ചിമഘട്ട സംരക്ഷണനത്തിനായി പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാം. പശ്ചിമഘട്ട സംരക്ഷണനത്തിനായി ഏറ്റവും പ്രാധാന്യമുളള റിപ്പോര്‍ട്ടിനെ തളളിക്കളയാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലന്നാണ് വിലയിരുത്തല്‍.ഗാഡ്ഗില്‍ സമിതിയിലെ അംഗങ്ങള്‍ക്കെല്ലാം സുപരിചിതമായ വയനാടന്‍ വനമേഖലകള്‍ വരും തലമുറയ്ക്കായി വീണ്ടെടുക്കാന്‍ കഴുയുമെന്നാണ് പ്രത്യാശ.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment