Tuesday, 9 April 2013

[www.keralites.net] എന്റെ സമ്പാദ്യം

 

എന്റെ സമ്പാദ്യം :-

എന്റെ കൂടെ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വിദേശത്ത് ജോലിക്ക് പോയിട്ട് ലീവിനു വന്നിട്ടുണ്ടെന്നറിഞ്ഞ് ഒന്നു പോയി കണ്ടുകളയാമെന്ന് കരുതി. ഭാഗ്യം, കക്ഷി വീട്ടിലുണ്ട്. ദീര്‍ഘനാള്‍ കാണാതിരുന്നതുകൊണ്ട് ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു. നാട്ടിലുണ്ടായ വിശേഷങ്ങളൊക്കെ വളരെ ചുരുക്കമായി വേഗത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്കറിയേണ്ടത് അദ്ദേഹത്തിന്റെ വിദേശത്തുള്ള ജീവിതാനുഭവങ്ങളായിരുന്നു. അത് അദ്ദേഹം ഒരു യാത്രാവിവരണം പോലെ പറഞ്ഞുതുടങ്ങി.

"ഞാന്‍ ആഫ്രിക്കയിലേക്കാണ് ജോലിക്ക് പോയത്. നമ്മള്‍ ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിക്കുന്നിടത്തേക്ക്. അനേകം യാത്രകള്‍ ചെയ്ത് അവസാനം നൈജീരിയായിലെ 'സിറാലിയോണ്‍‌' എന്ന സ്ഥലത്തെത്തി. അവിടുത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജോലി കിട്ടിയത്. നാം കണ്ടും കേട്ടും പരിചയപ്പെട്ടിട്ടുള്ളതില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജാലങ്ങളും സമൂഹവും. അവിടുത്തെ സ്കൂള്‍ അന്തരീക്ഷവും ആഹാരവും വിദ്യാര്‍ത്ഥികളുമൊക്കെ എന്നില്‍ അത്ഭുതവും ഉല്‍കണ്ഠയും ഉണ്ടാക്കി. അവിടുത്തെ ഭാഷയായ 'സ്വാഹിലി' ഞാന്‍ പഠിക്കാന്‍ തുടങ്ങി. അദ്ധ്യാപകരെ ദൈവത്തെപ്പോലെ കാണുന്ന വിദ്യാര്‍ത്ഥികളുടെ മനോഭാവവും പെരുമാറ്റവും എനിക്ക് പുതിയ അനുഭവമായിരുന്നു.കുട്ടികള്‍ എന്തെങ്കിലും തെറ്റു ചെയ്യുകയോ നാം അവരെ ശകാരിക്കുകയോ ചെയ്താല്‍ അവര്‍ തറയില്‍ സാഷ്ടാംഗം വീണ് കാലുപിടിച്ചു ക്ഷമ ചോദിക്കുന്ന രീതി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും. നല്ല ശമ്പളവും ഉന്നത പദവിയും കിട്ടിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.

ശമ്പളത്തില്‍ നിന്നും ചെറിയ ഒരു സംഖ്യ അടച്ച് വിലകൂടിയ ഒരു കാര്‍ ഞാന്‍ സ്വന്തമാക്കി. വിദേശ അദ്ധ്യാപകര്‍ക്ക് അവിടെ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. പക്ഷേ ഒരു പ്രശ്നമുണ്ട്. അവിടെനിന്നും സമ്പാദിക്കുന്നതൊന്നും രാജ്യത്തിനു പുറത്തുകൊണ്ടുപോകാന്‍ അവിടുത്തെ നിയമം അനുവദിക്കുകയില്ല. എത്ര ഉയര്‍ന്ന ശമ്പളമായാലും വളരെ കുറഞ്ഞ ഒരു തുക മാത്രമേ നാട്ടിലേക്കയയ്ക്കാന്‍ കഴിയൂ. അനേകനാള്‍ അവിടെ ജോലിചെയ്ത് ഉണ്ടാക്കിയ എന്റെ സമ്പാദ്യമൊന്നും എനിക്ക് കൂടെ കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ധനം ഇന്ത്യന്‍ കറന്‍സി ആക്കിയേ കൊണ്ടുവരാന്‍ കഴിയൂ. ചുരുക്കത്തില്‍ സമ്പാദിച്ചതെല്ലാം അവിടെ വച്ച് അനുഭവിച്ചിട്ട് അവിടെത്തന്നെ ഉപേക്ഷിച്ചുപോരണം." അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചെറിയ ഒരു ശോകഭാവം എനിക്കനുഭവപ്പെട്ടു. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടറിയാം എന്നു മനസ്സില്‍ കരുതി ഞാന്‍ തിരികെപ്പോന്നു.

വീട്ടിലേക്കുള്ള വഴിയിലുടനീളം അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ എന്റെ മനസ്സ് ഉടക്കിനിന്നു. "ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് അവിടെ ഉപേക്ഷിച്ചിട്ടുവേണം മടങ്ങിപ്പോരാന്‍‌. പിന്നെ കുറച്ചു ധനം ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം!!" എന്റെ ചിന്തകള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി.

ഇതുതന്നെയല്ലേ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്? ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ടല്ലേ എല്ലാവരും അന്ത്യയാത്ര ചെയ്യുന്നത്? ഒരു പൈസ പോലും ആ യാത്രയില്‍ നമുക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ! എന്റെ കൂട്ടുകാരന് സിറാലിയോണിലെ നാണയത്തെ ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം. അതുപോലെ നമ്മുടെ ജീവിത സമ്പാദ്യത്തെ മറ്റൊന്നാക്കി മാറ്റിയാല്‍ അന്ത്യയാത്രയില്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയുമോ? 'കഴിയും' എന്ന് എന്റെ അന്തരംഗം മന്ത്രിച്ചു!! ആഫ്രിക്കന്‍ നാണയത്തെ ഇന്ത്യന്‍ നാണയമാക്കിയതുപോലെ നമ്മുടെ സമ്പാദ്യത്തേയും പുണ്യമാക്കി മാറ്റിയാല്‍ അത് പരലോകത്തേക്ക് കൊണ്ടുപോകാം. പൂക്കളുടെ സുഗന്ധം വായു എപ്രകാരമാണോ വഹിച്ചുകൊണ്ടുപോകുന്നത് അതുപോലെതന്നെ ഈ ജീവന്‍ പുണ്യത്തെ വഹിച്ചുകൊണ്ട് പരലോകത്തേക്ക് പോകുന്നു എന്ന് ഉപനിഷത്തുക്കളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. ധനം സത്പ്രവൃത്തികള്‍ക്കും സന്മാര്‍ഗ്ഗത്തിലും ഉപയോഗിച്ചാല്‍ പുണ്യമാക്കി മാറ്റാം. അല്ലാതെ മറ്റൊരു രീതിയിലും ഒരു പൈസ പോലും അന്ത്യയാത്രയില്‍ ഉപയോഗപ്പെടുകയില്ല. ഈ തത്വം ഗ്രഹിച്ചു ജീവിച്ചാല്‍ ഇന്ന് ലോകത്തുകാണുന്ന എല്ലാം ദുഃഖങ്ങള്‍ക്കും പ്രതിവിധിയാകും എന്നത് സത്യമായിത്തന്നെ ഞാനറിഞ്ഞു. ചിന്തയുടെ തീവ്രതയില്‍ എന്റെ വീടും കടന്ന് ഞാന്‍ മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു. 'എവിടെ പോകുന്നു' എന്ന പരിചയക്കാരന്റെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്. ഞാന്‍ തിരികെ നടന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment