Wednesday, 24 April 2013

[www.keralites.net] 66 പന്ത്, 175 റണ്‍സ്, 13 ഫോര്‍, 17 സിക്‌സ് - ക്രിസ് ഗെയ്ല്‍

 

66 പന്ത്, 175 റണ്‍സ്, 13 ഫോര്‍, 17 സിക്‌സ്

* ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (175* )
* ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (30 പന്ത്)
* ഐ.പി.എല്ലിലെ അതിവേഗ അര്‍ധസെഞ്ച്വറി (17 പന്ത്)
* ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (17)



ബാംഗ്ലൂര്‍: ഹോ, ഇത് ശരിക്കും ഭ്രാന്തുതന്നെ....ക്രിസ് ഗെയ്ല്‍ 30 പന്തില്‍ സെഞ്ച്വറി തികച്ചപ്പോള്‍, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു വിക്കറ്റ് കീപ്പറാകാനുള്ള എന്റെ തീരുമാനം എത്ര ഉചിതമായി...ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ട്വീറ്റ്.

കളി കണ്ടുകൊണ്ടിരുന്ന, മറ്റുതാരങ്ങള്‍ക്കുപോലും ഗെയ്‌ലിന്റെ താണ്ഡവം എത്രമേല്‍ ഭീതി വിതച്ചുവെന്ന് ഈ ട്വീറ്റുകള്‍ സാക്ഷി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സ്‌ഫോടനാത്മകമായ പ്രകടനമായിരുന്നു അത്. വാക്കുകള്‍ക്ക് അതീതമായ പ്രകടനം.

ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേലാപ്പിനുമേലെ പകര്‍ന്ന സിക്‌സറുകള്‍ മൂളിപ്പറക്കുകയായിരുന്നു ചൊവ്വാഴ്ച. മഴയില്‍ മത്സരം തടസ്സപ്പെടുമോ എന്ന ആശങ്കയ്ക്കുശേഷം ഗെയ്‌ലിന്റെ സിക്‌സര്‍ മഴ. 66 പന്തില്‍, അപരാജിതനായി 175 റണ്‍സുമായി ഗെയ്ല്‍ വിശ്വരൂപം പുറത്തെടുത്തു. 17 അതിഗംഭീര സിക്‌സറുകളും 13 ബൗണ്ടറികളും. സിക്‌സറുകളില്‍നിന്നുമാത്രം സെഞ്ച്വറി. സിക്‌സറും ബൗണ്ടറികളുമായി 154 റണ്‍സ്. ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനെന്ന പോലെ വിശ്രമിച്ച ഓവറുകളില്‍ ഏതാനും സിംഗിളുകള്‍ മേമ്പൊടിക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പൊട്ടിയടര്‍ന്ന മേലാപ്പ് അതിന്റെ നിത്യസ്മാരകം.

ഐ.പി.എല്ലില്‍ മാത്രമൊതുങ്ങുന്നതല്ല ഗെയ്‌ലിന്റെ ഇന്നിങ്‌സിന്റെ പ്രത്യേകത. ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിറന്നത്. 30 പന്തില്‍ എട്ട് ബൗണ്ടറിയും 11 സിക്‌സറും സഹിതം. ക്ലബ് ട്വന്റി 20യില്‍ 34 പന്തില്‍ കെന്റിന്റെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രു സൈമണ്ട്‌സിന്റെ (34 പന്ത്) പ്രകടനവും അന്താരാഷ്ട്ര ട്വന്റി 20യില്‍ നമീബിയന്‍ താരം ലൂയി വാന്‍ ഡെര്‍ വെസ്തൂസിയന്റെ (35 പന്ത്) ഏകദിനത്തില്‍ 37 പന്തില്‍ 102 റണ്‍സ് കുറിച്ച ഷാഹിദ് അഫ്രീഡിയുടെയും ടെസ്റ്റില്‍ 56 പന്തില്‍ സെഞ്ച്വറി തികച്ച വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും പേരുകള്‍, അതിവേഗ സ്‌കോറിങ്ങില്‍ ഗെയ്ല്‍ തന്റെ പിന്നിലാക്കി. ഗെയ്‌ലിന്റെ സെഞ്ച്വറിയില്‍ 98 റണ്‍സും ബൗണ്ടറിയും സിക്‌സറുമായിരുന്നു.

പുണെ ഫീല്‍ഡര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഈശ്വരനെ വിളിച്ചുപോയ പ്രകടനമായിരുന്നു ഗെയ്‌ലിന്റേത്. ഈശ്വര്‍ പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ അഞ്ച് ബൗണ്ടറികളാണ് ഗെയ്ല്‍ പറത്തിയത്. ഓവറിനിടെ അപ്രതീക്ഷിതമായെത്തിയ മഴ, കാണികളെക്കൊണ്ടും ദൈവത്തെ വിളിപ്പിച്ചിരിക്കണം. വരാനിരിക്കുന്ന വലിയ റണ്‍മഴയെക്കരുതി മഴ പെട്ടെന്ന് നിന്നു.

പെരുന്നാളിന് തുടക്കമിട്ടത് മിച്ചല്‍ മാര്‍ഷ് എറിഞ്ഞ അഞ്ചാം ഓവറിലാണ്. നാല് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 28 റണ്‍സ് നേടിയ ഗെയ്ല്‍, 17 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി. അപ്പുറത്ത്, ശ്രീലങ്കയുടെ വമ്പനടിക്കാരന്‍ തിലകരത്‌നെ ദില്‍ഷന്‍ അപ്പോഴും താളം കണ്ടെത്തിയിരുന്നില്ല. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയുടെ അവസാന ഓവറില്‍ ദില്‍ഷന് ഒരു സിംഗിള്‍പോലും നേടാനായില്ല.

ഗെയ്‌ലിനെ അതൊന്നും വേവലാതിപ്പെടുത്തിയില്ല. അലി മൊര്‍ത്താസയെറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും വന്നു. ഗെയ്‌ലിനെ പൂട്ടാനുള്ള ചുമതല സ്വയമേറ്റെടുത്ത് പന്തെറിയാനെത്തിയ പുണെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് ഈ ദിവസം മറക്കാനാവില്ല. നാല് സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെ, ഗെയ്‌ലിന്റെ പിഞ്ച് ഹിറ്റില്‍ ഫിഞ്ച് നിലംപരിശായി. അര്‍ധസെഞ്ച്വറി തികച്ചശേഷം, നേരിട്ട പത്തുപന്തുകളില്‍ 45 റണ്‍സാണ് ഗെയ്ല്‍ കുറിച്ചത്.

ഡിന്‍ഡയുടേതായിരുന്നു അടുത്ത ഊഴം. ഗെയ്ല്‍ ഒരു പന്തില്‍ സിംഗിള്‍പോലുമെടുക്കാന്‍ പരാജയപ്പെടുന്നത് ആ ഓവറില്‍ കണ്ടു. എന്നാല്‍, അഞ്ചാം പന്ത് നോബോളായതോടെ, വേഗമേറിയ സെഞ്ച്വറിക്ക് അവസരമൊരുങ്ങി. ഫ്രീഹിറ്റില്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് പന്ത് പറത്തി ഐ.പി.എല്‍. ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറി ഗെയ്ല്‍ തന്റെ പേരില്‍ കുറിച്ചു. യൂസഫ് പഠാന്‍ മുംബൈയ്‌ക്കെതിരെ കുറിച്ച 37 പന്ത് സെഞ്ച്വറി പഴംകഥയായി. വെറും 42 മിനിറ്റില്‍ ഗെയ്ല്‍ സെഞ്ച്വറി കണ്ടെത്തി. ഗ്രൗണ്ടിലേക്ക് മുട്ടുകുത്തി ഗെയ്ല്‍ വിനയാന്വീതനായപ്പോള്‍, ഡഗ്ഔട്ടില്‍ വിരാട് കോലിയും അവിശ്വസനീയമായ ഇന്നിങ്‌സിനുമുന്നില്‍ നമിച്ചു.

ഫോര്‍മുല വണ്‍ റെയ്‌സില്‍, ലാപ്പ്പൂര്‍ത്തിയാക്കിയശേഷം ഇന്ധനം നിറയ്ക്കാന്‍ വണ്ടി നിര്‍ത്തുന്നതുപോലെ. പിന്നീട് രണ്ടുമൂന്നോവര്‍ സിംഗിളുകളിലൂടെ ഗെയ്ല്‍ മുന്നേറി. 15-ാം ഓവറില്‍, മൊര്‍ത്താസ വീണ്ടും വന്നു. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമായി ഗെയ്‌ലും. 53 പന്തില്‍ ഗെയ്ല്‍ 150 റണ്‍സ് തികച്ചു. ദില്‍ഷനും കോലിയും പുറത്തായശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ്, താനും ഒട്ടും തന്നെ മോശക്കാരനല്ലെന്ന് തെളിയിക്കാനുള്ള വാശിയിലായിരുന്നു. എട്ട് പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും പറത്തി ഡിവില്ലിയേഴ്‌സ് 31 റണ്‍സെടുത്തപ്പോഴേക്കും ഐ.പി.എല്ലിലെ ഉയര്‍ന്ന സ്‌കോര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കണ്ടെത്തിയിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഡിന്‍ഡയെ സിക്‌സറിന് പറത്തി ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും ബാംഗ്ലൂര്‍ സ്വന്തം പേരിലാക്കി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment