2003 മാര്‍ച്ച് 20ന് ഇറാഖില്‍ അധിനിവേശം നടത്തി, തുടര്‍ന്നിങ്ങോട്ട് ലക്ഷക്കണക്കിന് മനുഷ്യരുടെ ചോര വീഴ്ത്തിയ ആക്രമണത്തിന്‍െറ പ്രധാന സൂത്രധാരന്മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനും വൈസ് പ്രസിഡന്‍റ് ഡിക് ചെനിക്കുമെതിരെ പ്രതിഷേധത്തിന്‍െറ കൂരമ്പുകളുമായൊരു വിമുക്തഭടന്‍. ഇറാഖിനെതിരായ ആക്രമണത്തില്‍ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ് വര്‍ഷങ്ങളായി ശയ്യാവലംബിയായ തോമസ് യങ് എന്ന യു.എസ് സൈനികനാണ്, ഇറാഖ് അധിനിവേശത്തിന്‍െറ 10ാം വാര്‍ഷികത്തില്‍ ഇരുവരെയും രൂക്ഷമായി വിചാരണ ചെയ്ത് തുറന്ന കത്തെഴുതിയിരിക്കുന്നത്. തങ്ങള്‍ കൊന്നു തള്ളിയ ലക്ഷങ്ങളോട് മാപ്പുചോദിക്കാന്‍ മരണസമയത്തെങ്കിലും ബുഷിനും ചെനിക്കും മനസ്സുറപ്പുണ്ടാകട്ടെയെന്ന് തോമസ് കത്തിലൂടെ ആശംസിക്കുന്നു.
അമേരിക്കന്‍ വിമുക്തഭട കൂട്ടായ്മയുടെ വെബ്സൈറ്റായ 'വെറ്ററന്‍സ് ടുഡെ'യില്‍ പ്രസിദ്ധീകരിച്ച കത്തിന്‍െറ പ്രസക്തഭാഗങ്ങള്‍...
ഇറാഖ് യുദ്ധത്തിന്‍െറ 10ാം വാര്‍ഷികത്തില്‍, യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച സൈനികര്‍ക്കു വേണ്ടിയാണ് ഈ കത്ത്; ഇറാഖില്‍ സേവനത്തിനിടെ മരിച്ച 4488 അമേരിക്കന്‍ സൈനികര്‍ക്കു വേണ്ടിയാണ് ഈ കത്ത്; ഇതിനെല്ലാമുപരി അവിടെ മരിച്ചുവീണ 10 ലക്ഷത്തിലേറെ വരുന്ന ഇറാഖികള്‍ക്കുവേണ്ടിയാണ്, പരിക്കേറ്റ എണ്ണമറ്റ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ കത്തെഴുതുന്നത്.
മാരകമായി പരിക്കേറ്റ അനേകം ഭടന്മാരിലൊരാളാണ് ഞാന്‍. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട ഭാര്യമാര്‍ക്കും പിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കും അനാവശ്യമായി വീണ രക്തം കണ്ട് മനസ്സുതകര്‍ന്ന സൈനികര്‍ക്കുമെല്ലാം വേണ്ടിയുള്ളതാണിത്.
നിയമത്തിന്‍െറയും നീതിയുടെയും കണ്ണില്‍നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടേക്കാമെങ്കിലും ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങളിരുവരും നിഷ്ഠുരമായ യുദ്ധക്കുറ്റം ചെയ്ത കുറ്റവാളികളും കവര്‍ച്ചക്കാരും കൊലപാതകികളുമാണ്. ആയിരക്കണക്കിന് അമേരിക്കന്‍യുവാക്കളുടെ ഭാവി കവര്‍ന്നവരും കൂടിയാണ് നിങ്ങള്‍.
മിസ്റ്റര്‍ ബുഷ്, മിസ്റ്റര്‍ ചെനി, നിങ്ങള്‍ പറഞ്ഞുകൂട്ടിയ ഭീകര കളവുകളുടെ മാനുഷികവും ധാര്‍മികവുമായ പ്രത്യാഘാതം നിങ്ങള്‍ മനസ്സിലാക്കുമെന്ന വ്യാമോഹത്തിലല്ല, നിങ്ങള്‍ക്ക് എന്‍െറ അവസാന കത്തെഴുതുന്നത്. എന്‍െറ സഹപ്രവര്‍ത്തകരും എന്‍െ രാജ്യത്തെ പൗരന്മാരും ഇറാഖിലെ ജനലക്ഷങ്ങളും പശ്ചിമേഷ്യന്‍ സമൂഹവുമെല്ലാം നിങ്ങള്‍ ഇരുവരെയും മനസ്സിലാക്കിയത് എങ്ങനെയെന്ന് അറിയിക്കാനാണ് എന്‍െറ മരണത്തിനുമുമ്പ് നിങ്ങള്‍ക്കെഴുതുന്നത്. നിങ്ങളുടെ അധികാരത്തിനും ശതകോടികളുടെ വ്യക്തിഗത സ്വത്തിനും നിങ്ങളുടെ പബ്ളിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്‍റുമാര്‍ക്കുമൊന്നും നിങ്ങളുടെ വ്യക്തിത്വത്തിന്‍െറ ശൂന്യത മറക്കാനാവില്ല. രാഷ്ട്രത്തിനുവേണ്ടി ഒരിക്കലും ഒന്നും ബലികഴിക്കാന്‍ തയാറില്ലാത്ത നിങ്ങള്‍ ഞങ്ങളെ യുദ്ധത്തിലേക്കു തള്ളിവിട്ടു.
സെപ്റ്റംബര്‍ 11നു ശേഷം അമേരിക്കന്‍ പട്ടാളത്തില്‍ ചേര്‍ന്നയാളാണ് ഞാന്‍. എന്‍െറ രാജ്യം ആക്രമിക്കപ്പെട്ടതിന് പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിച്ച് സൈനികനായവന്‍. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ ഒരു നിലക്കും ബന്ധപ്പെടാത്ത ഇറാഖിനെ ആക്രമിക്കാനല്ല ഞാന്‍ സൈനികനായത്. ഇറാഖിനെ 'മോചിപ്പിക്കാനു'മല്ല, കൂട്ടനശീകരണ ആയുധങ്ങള്‍ എന്ന മിഥ്യാ ആയുധം നിര്‍വീര്യമാക്കാനുമല്ല. 'മുന്‍കൂര്‍ ആക്രമണം' എന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ യുദ്ധത്തിനുവേണ്ടിയുമല്ല ഞാന്‍ സൈനികനായത്. ഇറാഖിലേക്ക് ഞങ്ങളെ അയച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞിരുന്നത് ആ രാജ്യത്തിന്‍െറ എണ്ണ വിറ്റുകിട്ടുന്ന പണമാണ് ചെലവഴിക്കുക എന്ന്. എന്നാലിപ്പോള്‍ മൂന്നു ട്രില്യണ്‍ ഡോളറിന്‍െറ പാഴ്ച്ചെലവ് നിങ്ങള്‍ അമേരിക്കക്ക് വരുത്തിവെച്ചു.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഇറാഖ് യുദ്ധം. തന്ത്രപരമായും ധാര്‍മികമായും സൈനികമായും സാമ്പത്തികമായും ഇറാഖ് യുദ്ധം പരാജയമായിരുന്നു. അതുകൊണ്ട്, ഈ യുദ്ധം ആരംഭിച്ച നിങ്ങള്‍തന്നെ ഇതിന്‍െറ വില നല്‍കണം.
മിസ്റ്റര്‍ ബുഷ്, ഒരു ക്രൈസ്തവനെന്ന് നടിക്കുന്ന നിങ്ങള്‍ പറയൂ, കളവു പറയുന്നത് പാപമല്ലേ?, കൊല്ലുന്നത് പാപമല്ലേ? കൊള്ളയും വ്യക്തിതാല്‍പര്യവും പാപങ്ങളല്ലേ?
എന്‍െറ വിധിദിനമാണ് എന്നിലേക്കെത്തിയിരിക്കുന്നത്. നിങ്ങളുടേത് ഉടന്‍ വരും. നിങ്ങള്‍ വിചാരണക്ക് വിധേയമാക്കപ്പെടുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എനിക്കെതിരെയും പിന്നെ ജീവിക്കാനര്‍ഹതയുള്ള അനേകര്‍ക്കുമെതിരെയും നിങ്ങള്‍ ചെയ്തുകൂട്ടിയതിനെ സംബന്ധിച്ച് മറുപടി പറയാന്‍ ധാര്‍മിക ധൈര്യം കണ്ടെത്തിക്കോളൂ.
എന്‍െറ ജീവിതം അവസാനത്തിലേക്ക് അടുക്കുന്നതുപോലെത്തന്നെ നിങ്ങള്‍ ഇരുവരുടെയും ജീവിതം അവസാനിക്കുന്ന സമയത്ത്, അമേരിക്കന്‍ സമൂഹത്തിനും ആഗോളസമൂഹത്തിനും എല്ലാറ്റിലുമുപരി ഇറാഖി ജനതക്കും മുന്നില്‍ നില്‍ക്കാനും മാപ്പുചോദിക്കാനുമുള്ള മനക്കരുത്ത് നിങ്ങള്‍തന്നെ കണ്ടെത്തണം.
എന്ന്
തോമസ് യങ്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment