Wednesday, 16 January 2013

[www.keralites.net] ചന്ദ്രകുമാര്‍ എന്ന വ്യക്‌തിയെ പരിചയപ്പെടാം

 

കഥ തുടരുന്നു

ഷെറിങ്‌ പവിത്രന്‍

 

ഒരു നിര്‍മ്മാതാവിന്റെ ജീവിതകഥയാണിത്‌. സിനിമയിലെ അഭിനയ മുഹൂര്‍ത്തങ്ങളെ കടത്തിവെട്ടുന്ന യഥാര്‍ഥ ജീവിതം. ജീവിക്കാന്‍ പല ജോലികളും ചെയ്‌ത് , വീണുപോയപ്പോള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ്‌ ജീവിതത്തോട്‌ പൊരുതി ജീവിച്ച ചന്ദ്രകുമാര്‍ എന്ന വ്യക്‌തിയെ പരിചയപ്പെടാം....

സിനിമക്കഥയാക്കാന്‍ ജീവിതങ്ങള്‍ ഒരുപാടുണ്ട്‌ നമുക്കുചുറ്റും. അവരിലൊരാളായി, തളര്‍ത്തിക്കളഞ്ഞ ജീവിതത്തിനുമീതെ പിന്നെയും പിന്നെയും പ്രതീക്ഷകള്‍ വച്ച്‌ കിതച്ച്‌ തളര്‍ന്ന്‌ പൊരുതി ഓടിക്കൊണ്ടിരിക്കുകയാണ്‌ ചന്ദ്രകുമാറും.
തണുത്ത്‌ വിറങ്ങലിച്ച അമ്മയുടെ മൃതദേഹം വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോള്‍ കുരുന്നുകളായ അനുജത്തിമാരെ ചേര്‍ത്തുപിടിച്ച്‌ കരഞ്ഞുതളര്‍ന്ന രണ്ടുവയസുകാരന്റെ കണ്ണുനീര്‍ കൂടിനിന്നവരുടെ നെഞ്ചുകൂടി പൊള്ളിച്ചിട്ടുണ്ടാകും. അമ്മ മരണത്തിന്‌ കീഴടങ്ങിയപ്പോഴും
, അച്‌ഛന്‍ ഉപേക്ഷിച്ചപ്പോഴും സഹോദരങ്ങളുടെ വിശപ്പടങ്ങാന്‍ ആ രണ്ടാം ക്ലാസുകാരന്‍ തന്നെക്കൊണ്ട്‌ ആവുന്നതൊക്കെ ചെയ്‌തു. വിശപ്പ്‌ വയറിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയപ്പോള്‍ ചെറിയ പ്രായത്തില്‍ നാടുവിട്ടു. കല്‍പ്പണിക്കാരന്‍, ജയില്‍പ്പുള്ളി, മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്,കോണ്‍ട്രാക്‌ടര്‍, പ്ര?ഡക്ഷന്‍ കണ്‍ട്രോളര്‍, സപ്ലയര്‍, ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്, ഒടുവില്‍ സിനിമ നിര്‍മ്മാതാവിന്റെ വേഷത്തിത്തില്‍ വരെ.
2006 ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്‌ ചിത്രമായ ഡോണിന്റെയും 2012 ല്‍ പുറത്തിറങ്ങിയ ഷാജികൈലാസിന്റെ തന്നെ സിംഹാസനത്തിന്റേയും നിര്‍മ്മാതാവാണ്‌ ഈ കഥയിലെ നായകന്‍. മാളവിക പ്ര
?ഡക്ഷന്‍സ്‌ എന്ന സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമ. ഒരുപാടു ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായി അഭിനയിച്ച ഇദ്ദേഹത്തിന്റെ മുഖവും നമുക്കൊരുപക്ഷേ കണ്ടുപരിചയമുണ്ടാവാം.
പടുകുഴിയിലേക്ക്‌ കൂപ്പുകുത്തുന്ന അവസ്‌ഥയിലാണ്‌ ചന്ദ്രകുമാറിന്റെ മുന്‍പില്‍ ജീവിതം ഇപ്പോഴും. തൊണ്ടുതല്ലിയും കരിങ്കല്ലുചുമന്നും ജീവിക്കുന്ന വിവാഹിതരായ അനുജത്തിമാര്‍. ഇത്രമേല്‍ കഷ്‌ടപ്പാടു നിറഞ്ഞ ജീവിതകഥ കേള്‍ക്കുമ്പോള്‍ സംശയംതോന്നാം
, ഈ കഥ വിധിയുടെ കണക്കുപുസ്‌തകത്തില്‍ എവിടെ എഴുതിച്ചേര്‍ക്കാമെന്ന്‌.

"ജീവന്‍കുരുത്ത നാള്‍മുതലുള്ള ഓര്‍മകളെല്ലാം മനസിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്നവയാണ്‌. തിരുവനന്തപുരത്ത്‌ കഠിനംകുളം ഗ്രാമത്തിലെ കയറുതൊഴിലാളികളായ അച്‌ഛനും അമ്മയ്‌ക്കും ദൈവം ശാപമായി കൊടുത്ത മൂന്ന്‌ മക്കളില്‍ മൂത്തവനാണ്‌ ഞാന്‍. എനിക്ക്‌ താഴെ രണ്ട്‌ പെണ്‍കുട്ടികള്‍. കൂട്ടുകുടുംബത്തില്‍ ജനിച്ചുവീണെങ്കിലും എട്ടാമത്തെ വയസില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌ വീടിന്റെ പടിയിറങ്ങേണ്ടിവന്നു. നിധിപോലെ കാത്തുസൂക്ഷിക്കേണ്ട ദാമ്പത്യം എറിഞ്ഞുടച്ച്‌ മാതാപിതാക്കള്‍ ഞങ്ങളെ അനാഥരാക്കി. "കയറുനിര്‍മ്മാണമായിരുന്നു അച്‌ഛന്റേയും അമ്മയുടേയും തൊഴില്‍. അന്നത്തെ കാലത്ത്‌ നൂറ്‌ ജോലിക്കാരുണ്ടായിരുന്നു, സഹായികളായി. കുടുംബസ്വത്തായി ധാരാളം സ്‌ഥലവും. സമ്പത്ത്‌ ആവോളം ഉണ്ടായിട്ടും അച്‌ഛന്റെയുള്ളില്‍ സ്‌നേഹം ഉണ്ടായിരുന്നില്ല. അച്‌ഛന്‍ അമ്മയെ ഒരുപാട്‌ വേദനിപ്പിക്കുമായിരുന്നു. ഓര്‍മവച്ച കാലംമുതല്‍ അച്‌ഛനും അമ്മയും വഴക്കുകൂടുന്നതും അച്‌ഛന്‍ അമ്മയെ തല്ലുന്നതും, അമ്മ കരയുന്നതും കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. പിന്നെയുള്ള ഓര്‍മ അമ്മയുടെ വറ്റിപ്പോയ സ്‌നേഹത്തിന്റെ ഉറവയാണ്‌്. അമ്മയെക്കുറിച്ചുള്ള ഓര്‍മ അവസാനിക്കുന്നത്‌ പായയില്‍ പൊതിഞ്ഞുകൊണ്ടുവന്ന തണുത്തുവിറച്ച മൃതദേഹത്തിലാണ്‌. കടലില്‍ ചാടി ആത്മഹത്യചെയ്‌ത അമ്മ ഞങ്ങളുടെ മനസില്‍ തീരാനൊമ്പരമായി. അച്‌ഛന്റെ വീട്ടില്‍ പാവം എന്റെ അമ്മ ഒരു അധികപ്പറ്റായിരുന്നു. എന്നും കരഞ്ഞുകലങ്ങിയ കണ്ണുകളോടുകൂടി മാത്രമേ അമ്മയെ ഞാന്‍ കണ്ടിട്ടുള്ളൂ.

"അന്നും അമ്മ കരഞ്ഞു. ഞങ്ങളെ മൂന്നുപേരെയും നെഞ്ചോട്‌ചേര്‍ത്തുപിടിച്ച്‌. നഷ്‌ടപ്പെടുമ്പോള്‍ ചങ്കുപൊട്ടുന്നതുപോലെയായിരുന്നു അമ്മയുടെ ഹൃദയമിടിപ്പിന്റെ താളമെന്ന്‌ അറിയാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അനുജത്തിമാര്‍ക്ക്‌ തെരുതെരെ മുത്തംകൊടുത്ത്‌ വീണ്ടുംവീണ്ടും ചേര്‍ത്തുപിടിച്ച്‌ കരഞ്ഞതും ഒടുവില്‍ എന്റെ കുഞ്ഞു കൈകളില്‍ അവരുടെ കൈകള്‍ ചേര്‍ത്തുവച്ചു തന്നിട്ട്‌ "അമ്മ ആശുപത്രിയില്‍ പോയി വേഗം വരാം, മക്കള്‍ക്ക്‌ കൈനിറയെ മിഠായി കൊണ്ടുവന്നുതരാം." എന്നുപറഞ്ഞ്‌ പോയ അമ്മ തിരികെ വന്നില്ല. ഞങ്ങള്‍ മൂന്നുപേരും കാത്തിരുന്നു. മൂന്നാംനാള്‍ അമ്മയെ വീട്ടില്‍ കൊണ്ടുവന്നു. തണുത്ത്‌ വിറങ്ങലിച്ച അമ്മയുടെ ശവശരീരം വെളുത്ത തുണിയില്‍പൊതിഞ്ഞ്‌ നിലവിളക്ക്‌ സാക്ഷിയാക്കി ഞങ്ങളുടെ മുന്നില്‍ വയ്‌ക്കുമ്പോള്‍ ഇനിയൊരിക്കലും അമ്മയെ തിരിച്ചുകിട്ടില്ലെന്ന്‌ മനസിലാക്കാനുള്ള അറിവ്‌പോലും ഞങ്ങള്‍ക്കില്ലായിരുന്നു. മൂന്നും അഞ്ചും വയസായ അനുജത്തിമാര്‍ അന്നു വാവിട്ട്‌ കരഞ്ഞത്‌ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്‌. "അമ്മ പോയതോടെ ഞങ്ങള്‍ ഒറ്റയ്‌ക്കായി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരായി. ഒരുനേരത്തെ ആഹാരം തരാന്‍ ബന്ധുക്കള്‍ പോലും ഇല്ല. അച്‌ഛന്‍ അദ്ദേഹത്തിന്റെ അനുജനോടുള്ള സ്‌നേഹംകൊണ്ട്‌ സ്വത്തും സമ്പാദ്യവുമെല്ലാം അനുജന്റെ പേരില്‍ എഴുതിവച്ചു. പറക്കമുറ്റാത്ത ഞങ്ങളുടെ കാര്യം ചിന്തിച്ചതുപോലും ഇല്ല. മാത്രമല്ല കുട്ടികളായ ഞങ്ങളെ സ്‌നേഹിക്കാനോ ഒരുനേരത്തെ ആഹാരം തേടി തരാനോ അച്‌ഛന്‍ ശ്രമിച്ചില്ല. അച്‌ഛന്‍ ഏറെ സ്‌നേഹിച്ച കൊച്ചച്‌ഛനും ഞങ്ങളെ കൈവിട്ടു. ഒടുവില്‍ ഞാനും അനുജത്തിമാരും, അച്‌ഛനും തലചായ്‌ക്കാനിടമില്ലാതെ പെരുവഴിയിലിറങ്ങി. അച്‌ഛന്‍ പിന്നെ ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല. മറ്റൊരു വിവാഹം കഴിച്ചു പോയി. അച്‌ഛന്‍ ഉള്ളതും ഇല്ലാത്തതും കണക്കായിരുന്നു.

രണ്ടാംക്ലാസില്‍ വിദ്യാഭ്യാസം അവസാനിച്ച ഞാന്‍ അനുജത്തിമാരെവച്ച്‌ ഒരുപാട്‌ കഷ്‌ടപ്പെട്ടു. വിശപ്പും കഷ്‌ടപ്പാടും സഹിക്കാതായപ്പോള്‍ നാടുവിട്ടു. തിരുവനന്തപുരത്തുനിന്ന്‌ ഒരു ട്രെയിനില്‍ കയറി. ആ യാത്ര അവസാനിച്ചത്‌ കണ്ണൂരില്‍. കല്‍പ്പണിയും കുമ്മായംകൂട്ടും, ഹോട്ടല്‍ ജോലിയും ടാക്‌സികാറ്‌ കഴുകലും ഒക്കെയായി 25 വയസുവരെ ജീവിച്ചു. ജോലിചെയ്‌ത് കൈയിലേയും കാലിലേയും തൊലിവരെ ദ്രവിച്ചു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. കിട്ടുന്ന തുക മൂന്നുപേരുടേയും പട്ടിണി മാറ്റാന്‍ പോലും തികഞ്ഞില്ല. ഒരു പഴം കിട്ടിയാല്‍, രണ്ടായി മുറിച്ച്‌ അനുജത്തിമാര്‍ക്കും കൊടുത്ത്‌ പഴത്തൊലി ഞാനും കഴിച്ച കാലം.കല്‍പ്പണിയില്‍ നിന്നുതുടങ്ങിയ പരിചയംകൊണ്ട്‌ പതുക്കെ കെട്ടിനിര്‍മ്മാണത്തിന്റെ കരാറെടുക്കാന്‍ തുടങ്ങി. കിട്ടുന്ന പണം മിച്ചംവച്ച്‌ ധൈര്യമായി കെട്ടിടനിര്‍മ്മാണ ചുമതല ഏറ്റെടുത്തു. അങ്ങനെ കാലക്രമേണ നേടിയ അനുഭവപരിചയംകൊണ്ട്‌ അത്യാവശ്യം കഞ്ഞികുടിച്ച്‌ പോകാനുള്ള വരുമാനം കിട്ടിത്തുടങ്ങി. എന്റെ മേല്‍നോട്ടത്തില്‍ ധാരാളം വീടുകള്‍ പണിതു. തൊഴിലാളികളുണ്ടായി. ഒരു കണ്ണൂരുകാരനായി അത്യാവശ്യം തരക്കേടില്ലാതെ ജീവിച്ചുവരുമ്പോഴാണ്‌ അവിടെയുള്ള ഒരു അമ്പലത്തില്‍ ഉത്സവത്തിനു പോകുന്നത്‌.

അവിടെ നടന്ന അടിയിലും വഴക്കിലും ഞാനും അകപ്പെട്ടു. എന്നെയും അറസ്‌റ്റ്ചെയ്‌തു. ചെയ്യാത്ത കുറ്റമായിരുന്നെങ്കിലും ആരും സഹായത്തിനില്ലായിരുന്നതുകൊണ്ട്‌ ശിക്ഷ അനുഭവിക്കേണ്ടിവന്നു. മാസങ്ങള്‍ നീണ്ട ശിക്ഷ കഴിഞ്ഞ്‌ പുറത്തുവരുമ്പോള്‍ ഞാന്‍ പാതി പണിത കെട്ടിടങ്ങള്‍ മറ്റാരൊക്കെയോ പൂര്‍ത്തിയാക്കിയിരുന്നു. 25 വര്‍ഷംകൊണ്ട്‌ ഇരുട്ടില്‍നിന്ന്‌ പതുക്കെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവന്ന ജീവിതം വീണ്ടും ഇരുളടഞ്ഞുപോയി. പിന്നെയും സ്വപ്‌നങ്ങള്‍ കെട്ടിപ്പൊക്കിക്കൊണ്ടുവരിക എന്നത്‌ എന്നെ സംബന്ധിച്ച്‌ വലിയ വെല്ലുവിളിയായി.
തകര്‍ന്നടിഞ്ഞ പ്രതീക്ഷകള്‍ ആദ്യം മുതല്‍ അടിത്തറയിട്ട്‌ കൊണ്ടുവരാന്‍ മനസിലുറപ്പിച്ച്‌ ജയിലില്‍ നിന്നിറങ്ങി ലക്ഷ്യമില്ലാതെ നടക്കുമ്പോഴാണ്‌ സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക്‌ വിധി എനിക്കുവേണ്ടി കാത്തുവച്ച വഴി മുന്നില്‍ തെളിഞ്ഞത്‌. ജയിലില്‍നിന്ന്‌ ഇറങ്ങിയപ്പോള്‍ വഴിയില്‍ നടന്നുകൊണ്ടിരുന്ന സിനിമ ഷൂട്ടിംഗാണ്‌ അതിന്‌ നിമിത്തമായത്‌. ബാലചന്ദ്രമേനോന്റെ വിളംബരം എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു അത്‌. അഭിനയമോഹം ചെറുപ്പത്തിലെ ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ട്‌ അദ്ദേഹത്തെ കണ്ടപ്പോള്‍
, എനിക്കും ഒരു വേഷം തരണമെന്ന്‌ പറഞ്ഞ്‌ പിറകെ കൂടി. സഹികെട്ട്‌ പലതവണ അദ്ദേഹം എന്നെ പറഞ്ഞുവിട്ടതാണ്‌. സിനിമയില്‍ വേഷം കിട്ടിയില്ലെങ്കിലും ഞാന്‍ അവിടെത്തന്നെ ചുറ്റിപ്പറ്റിനിന്നു. ഇതുകണ്ട ഒരാള്‍ എന്നെ അടുത്തുവിളിച്ച്‌ മേക്കപ്പ്‌ ചെയ്യാന്‍ ശ്രമിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മേയ്‌ക്കപ്പ്‌മാന്റെ അസിസ്‌റ്റന്റായി. ബാലചന്ദ്രമേനോന്‍ നോക്കിയപ്പോള്‍ ഞാനൊരു സഞ്ചിയൊക്കെ തൂക്കി, തൊപ്പിയൊക്കെ വച്ച്‌ നില്‍ക്കുന്ന രംഗമാണ്‌ കണ്ടത്‌. പുള്ളി ഞെട്ടിപ്പോയി. മേയ്‌ക്കപ്പ്‌ അസിസ്‌റ്റന്റിന്റെ ജോലിയില്‍ നിന്ന്‌ ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റും ഫുഡ്‌ സപ്ലയറും പ്ര?ഡക്ഷന്‍ മാനേജരുമൊക്കെയായി. അങ്ങനെ 366 പടത്തില്‍ ഞാന്‍ ജോലിചെയ്‌തു.

പരീക്ഷണം എന്ന നിലയിലാണ്‌ സിനിമ നിര്‍മ്മാണത്തിലേക്ക്‌ തിരിഞ്ഞത്‌. ആദ്യ സിനിമ ദിലീപ്‌ ചിത്രം ഡോണ്‍ . എന്നെക്കുറിച്ചറിയാത്തവര്‍ പലരും പറയുന്നുണ്ട്‌ കൈയില്‍ പൂത്ത കാശ്‌ വച്ചിട്ടാണ്‌ ഞാന്‍ ഈ പണിക്ക്‌ ഇറങ്ങി തിരിച്ചതെന്ന്‌. സത്യംപറഞ്ഞാല്‍ ഇതൊരു ഭാഗ്യപരീക്ഷണമായിരുന്നു. അതില്‍ പരാജയപ്പെടുകയും ചെയ്‌തു. പലരില്‍നിന്നും വായ്‌പമേടിച്ചതും പലിശയ്‌ക്കെടുത്തതും, ചില സുഹൃത്തുക്കളുടെ സഹായംകൊണ്ടുമൊക്കെയാണ്‌ നിര്‍മ്മാതാവിന്റെ കുപ്പായത്തിനുള്ളില്‍ കയറിപ്പറ്റിയത്‌. സിനിമയില്‍നിന്നു ലഭിച്ച അനുഭവങ്ങള്‍ നല്‍കിയ പാഠം വേദന നിറഞ്ഞതായിരുന്നു. പിടിച്ചുപറിയുടേയും ചതിയുടേയും കാപട്യത്തിന്റേയും പടുകുഴിയാണെന്നും കള്ളത്തരമില്ലാത്തവന്‌ അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സിനിമ ജീവിതം എന്നെ പഠിപ്പിച്ചു. പലരും എന്നെ ചതിച്ചു; വഞ്ചിച്ചു. ഡോണ്‍ നിര്‍മ്മിച്ച സമയത്ത്‌ മറ്റൊരു നിര്‍മ്മാതാവ്‌ എന്നെ സഹായിച്ചിരുന്നു. ചിരിച്ചുകൊണ്ട്‌ കാര്യം നേടുന്നയാള്‍ എന്ന്‌ വിശേഷിപ്പിക്കാനാണ്‌ എനിക്കിഷ്‌ടം. ഷൂട്ടിംഗ്‌ സമയത്ത്‌ മദ്രാസില്‍ അത്യാവശ്യമായി പോകേണ്ടിവന്നപ്പോള്‍ എല്ലാ ചെക്കും എഴുതി ഇദ്ദേഹത്തിന്റെയടുത്ത്‌ കൊടുത്തിട്ടാണ്‌ ഞാന്‍ പോയത്‌. എന്നെ മണ്ടനാക്കിക്കൊണ്ട്‌ ബാങ്കില്‍നിന്ന്‌ എല്ലാം പുള്ളി അങ്ങെടുത്തു. ഒരു നിര്‍മ്മാതാവിനോട്‌ കാണിക്കുന്ന ചതി!

ഞാന്‍ ആരോടും മറുത്തൊന്നും പറയുകയോ ഒന്നിനും നിര്‍ബന്ധംപിടിക്കുകയോ ചെയ്യാത്തതുകൊണ്ടാവണം എല്ലാവരും എന്നോട്‌ ഇങ്ങനെയൊക്കെ പെരുമാറുന്നത്‌. എല്ലാം നേരേ വാ നേരേ പോ എന്ന രീതിയില്‍ വരണമെന്നാഗ്രഹിക്കുന്ന വൃക്‌തിയാണ്‌ ഞാന്‍. സെന്റിമെന്‍സിനൊന്നും എന്നെ കിട്ടില്ല. ഉള്ളത്‌ തുറന്നുപറയും. ഇഷ്‌ടമുളളവര്‍ കൂടെ നിന്നാല്‍ മതി. അല്ലാതെ തല ചൊറിഞ്ഞ്‌ നില്‍ക്കാനോ കള്ള അഭിനയം കാണിക്കാനോ താല്‍പര്യമില്ല. നിര്‍മ്മാതാവെന്നാല്‍ കൈയി ല്‍ എത്ര ചെലവായാലും പിന്നെയും പിന്നെയും പണം വന്നുനിറയുന്നവരാണെന്നാണ്‌ പലരുടേയും ധാരണ.
ആദ്യത്തെ ദുരാനുഭവങ്ങള്‍ കൊണ്ടുതന്നെ കുറേകാലത്തേക്ക്‌ സിനിമയിലേക്കു തിരിഞ്ഞുനോക്കിയില്ല. വീണ്ടുമൊരു ഭാഗ്യപരീക്ഷണമെന്ന നിലയിലാണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സിംഹാസനത്തിന്റെ നിര്‍മ്മാതാവായത്‌. അതും വന്‍ നഷ്‌ടമാണുണ്ടാക്കിയത്‌. ഈ സിനിമ കാരണം എനിക്ക്‌ അറ്റാക്ക്‌ വരെ വന്നു. നായകന്‍ നിന്ന നില്‍പ്പില്‍ പോകുമ്പോള്‍ ഷൂട്ടിംഗ്‌ മുടങ്ങി ഞാന്‍ നഷ്‌ടം സഹിക്കേണ്ടിവരും. പലിശയ്‌ക്ക് പണം എടുത്ത്‌ ഒരു ലക്ഷം രൂപയ്‌ക്ക് 10,000 പലിശകൊടുത്ത അവസരങ്ങളുണ്ട്‌. സിനിമയിലഭിനയിക്കാന്‍ വരുന്ന പരദേശികളുടെ കാര്യം പറയുകയും വേണ്ട. അവര്‌ കാരണം നഷ്‌ടമേ ഉണ്ടായിട്ടുള്ളൂ.ഡബ്ബിംഗിനു വരില്ല. അതിനവരുടെ കാല്‌ പിടിക്കണം. കൂടുതല്‍ പണം ചോദിച്ചും മാനസികമായി പീഡിപ്പിക്കുകയാണ്‌. എത്രയോ ദിവസം ബി.പി കയറി ഞാന്‍ കിടന്നിട്ടുണ്ട്‌. ആര്‍ക്കും സ്‌നേഹവും മനസാക്ഷിയും ഇല്ല. ആകെ സ്‌നേഹം കാട്ടിയത്‌ എന്റെ പടത്തില്‍ അഭിനയിച്ച മിണ്ടാപ്രാണിയായ ആന മാത്രമാണ്‌. ഇനിയൊരു ചിത്രം നിര്‍മ്മിക്കാന്‍ ഞാനില്ല. ആരുടേയും ഔദാര്യത്തിന്‌ കാത്തുനില്‍ക്കുന്നുമില്ല കാരണം.
ഇനി വയ്യ. സാധാരണക്കാരനായ പാവപ്പെട്ട എന്നെ ഇങ്ങനെ ഉപദ്രവിക്കുമ്പോള്‍ മറ്റുള്ളവരുടെ ഗതി എന്തായിരിക്കും. ഏറ്റവും വലിയ അബദ്ധം പറ്റിയത്‌ ഒരു പ്ര
?ഡക്ഷന്‍ കണ്‍ട്രോളറെ വച്ചതാണ്‌. അവിടെയും നില്‍ക്കും ഇവിടെയും നില്‍ക്കും ഇങ്ങനെ ഉരുണ്ടുകളിക്കും. നമ്മുടെ ഭക്ഷണം കഴിച്ചുകൊണ്ട്‌ നമ്മളെ കുറ്റം പറയും.

എന്റെ വിഷമവും കഷ്‌ടപ്പാടും കൊണ്ട്‌ പല സുഹൃത്തുക്കളും എന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്‌. രണ്ട്‌ ലക്ഷം, മൂന്ന്‌ ലക്ഷം, അഞ്ച്‌ ലക്ഷം അങ്ങനെ ഓട്ടോറിക്ഷ ഓടിക്കുന്ന തൊഴിലാളി സുഹൃത്തുക്കള്‍വരെ എനിക്ക്‌ പൈസ തന്നിട്ടുണ്ട്‌്. ഞാന്‍ രക്ഷപ്പെടാന്‍ വേണ്ടി. അവരുടെ അടുത്ത്‌ എനിക്ക്‌ കടപ്പാടുണ്ട്‌. എന്റെ സഹോദരിമാര്‍ ഇപ്പോഴും വാടകയ്‌ക്കാണ്‌ താമസം. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു. ഒരാള്‍ ഒരുത്തന്റെ കൂടെ ഇറങ്ങിപോയതാണ്‌. അയാള്‍ അവളെ ഉപേക്ഷിച്ച്‌ പോയി . ഇപ്പോഴും തൊണ്ട്‌ തല്ലിയാണ്‌ അവള്‍ ജീവിക്കുന്നത്‌. മറ്റെയാളെ കണ്ണൂരാണ്‌ വിവാഹം കഴിച്ചയച്ചത്‌. ഒരിക്കല്‍ ഞാന്‍ കാണാന്‍ ചെല്ലുമ്പോള്‍ അവള്‍ കരിങ്കില്ല്‌ ചുമക്കുകയാണ്‌. വിഷമം കടിച്ചമര്‍ത്തിയാണ്‌ അവളും ജീവിക്കുന്നത്‌.എനിക്കിപ്പോള്‍ 42 വയസായി. രോഗിയായ ഞാന്‍ ഇനി എത്രനാള്‍ ജീവിച്ചിരിക്കുമെന്ന്‌ അറിയില്ല. ഇതുവരെ ആര്‍ക്കുവേണ്ടിയും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒന്നും സമ്പാദിക്കാനും. അന്നന്ന്‌ കഴിഞ്ഞുപോകുന്നു അത്രമാത്രം. ഒരേയൊരു ആഗ്രഹമേയുള്ളൂ. എനിക്ക്‌ എന്തെങ്കിലും പറ്റുന്നതിന്‌ മുന്‍പേ സഹോദരിമാര്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം. ഇതൊരു വിധിയാണ്‌്. ജീവിതത്തില്‍ ഇനി ഒന്നും അനുഭവിക്കാനില്ല. പലപ്പോഴും ഒറ്റക്കിരുന്ന്‌ കരയാറുണ്ട്‌. അമ്മയെ ഓര്‍ക്കാറുണ്ട്‌.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു ഓണക്കാലത്താണ്‌ അമ്മ ഞങ്ങളെ വിട്ട്‌ പോയത്‌. അതുകൊണ്ട്‌ എല്ലാ ഓണവും വേദനയാണ്‌. തിരുവോണത്തിന്റെ്‌ അന്ന്‌ മൊബൈല്‍ ഒക്കെ ഓഫ്‌ചെയ്‌ത് വച്ചിട്ട്‌ എങ്ങോട്ടെങ്കിലും പോകും. നഷ്‌ടപ്പെട്ട സ്‌നേഹവും, കഷ്‌ടപ്പാടുകളും ബാക്കിനിര്‍ത്തി എന്റെ കഥ ഇതുവരെ വന്ന്‌ നില്‍ക്കുകയാണ്‌. ഇനിയും എങ്ങനെ അത്‌ തുടരുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment