Sunday, 2 December 2012

[www.keralites.net] നാട്ടിലിറങ്ങുന്ന കടുവ, റോഡിലിറങ്ങുന്ന ജനം

 

നാട്ടിലിറങ്ങുന്ന കടുവ, റോഡിലിറങ്ങുന്ന ജനം

വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുന്ന അവസ്ഥ. വന്യജീവികളും മനുഷ്യരും തമ്മില്‍ കാലങ്ങളായി നിലനിന്ന പരസ്പരധാരണ തെറ്റുകയാണ്.


വന്യജീവി സംരക്ഷണത്തിനൊപ്പം കാടുമായി ബന്ധപ്പെട്ട ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്നതാകണം യഥാര്‍ഥ വനസംരക്ഷണം. മനുഷ്യരും വന്യജീവികളും തമ്മില്‍ പരസ്പരധാരണ കൂടിയേ തീരൂ. എന്നാല്‍, വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആ പരസ്പരധാരണയുടെ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

യഥാര്‍ഥത്തില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള 'കലഹങ്ങളു'ടെ കഥ പുതിയതല്ല. മൃഗ ആരാധനയോളം പഴക്കമില്ലെങ്കിലും, ഭാരതത്തില്‍ മനുഷ്യ - മൃഗ കലഹങ്ങളുടെ ഏറ്റവും പുരാതനമായ രേഖ അഞ്ച്-ആറ് നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. അംഗരാജ്യത്ത് ആനകളുടെ ശല്യം ഉണ്ടായതായി ഗജശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നു.

ഗജത്തെ ആരാധിക്കുന്ന, നാഗങ്ങളെ ആരാധിക്കുന്ന, ഗോമാതാവിനെയും, കടുവയെയും വാഹനമാക്കിയ ദൈവങ്ങളെയും, പര്‍വതപുത്രിയെയും, ഭൂമാതാവിനെയും, അഗ്‌നി-വായു-ജല ദേവതകളെയും, കടുവയെ തന്നെയും (മദ്ധ്യ ഇന്ത്യയിലെ ആദിവസിസമൂഹത്തിന് കടുവ ദൈവമാണ്) ആരാധിക്കുന്നവരെ സംബന്ധിച്ച്, പ്രകൃതിശാസ്ത്രം ദൈവഭയത്തിലൂന്നിയ ജൈവസംരക്ഷണമായി മാറിയിരുന്നു.

വന്യമൃഗസംരക്ഷണത്തിന് നമ്മള്‍ പ്രാധാന്യം നല്‍കുന്നതിന് പിന്നില്‍ പല ഘടകങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും പ്രധാനം അതിന്റെ പാരിസ്ഥിതികമായ ഘടകം തന്നെ. സാമ്പത്തികവും സൗന്ദര്യശാസ്ത്രപരവുമായ സംഗതികള്‍ സംരക്ഷണത്തിന് വര്‍ധിതമൂല്യം നല്‍കുന്നു.

മേല്‍പ്പറഞ്ഞവയിലെ പാരിസ്ഥിതിക ഘടകം പരിശോധിച്ചു നോക്കാം. ഉദാഹരണത്തിന് ഇപ്പോള്‍ വയനാട്ടില്‍നിന്നുള്ള വാര്‍ത്തകളില്‍ നിറയുന്ന കടുവ, കാട്ടിലെ പ്രധാനജീവികളിലൊന്നാണ് ('പതാകവാഹകയിനം' എന്നുതന്നെ പറയാം). കടുവകളുടെ എണ്ണം കുറയുന്നത്, കടുവ ഉള്‍പ്പെട്ട ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെയും, അതിലെ ജൈവവൈവിധ്യത്തിന്റെയും ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരു കടുവയ്ക്ക് സൈ്വര്യമായി ജീവിക്കാന്‍ ഏഴ് മുതല്‍ പത്ത് ചതുരശ്ര കിലോമീറ്റര്‍ വരെ കാട് വേണം. കടുവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്രയും വനം നമ്മള്‍ കാക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ചെയ്യുന്നത് ആ കാടിനെയും, അതിലെ മരങ്ങളെയും ചെടികളെയും ജീവികളെയും സൂക്ഷ്മജീവികളെയും മഴയെയുമൊക്കെ വരുംതലമുറകള്‍ക്കായി സംരക്ഷിക്കുകയാണ്! സുസ്ഥിരവികസനം എന്നതിന്റെ ഒരു വേറിട്ട തലമാണിത്.

ഇതിന്റെ സാമ്പത്തികവശം ചിന്തിച്ചുനോക്കാം. വനവിഭവങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം എന്നുമാത്രം അതിനെ കണ്ടാല്‍ പോര. വന്യജീവി ടൂറിസം പോലുള്ള സംഗതികള്‍ പുതിയ കാലത്ത് വരുമാനത്തിന്റെ ഒരു ഖനി തന്നെയാണ്. സൗന്ദര്യശാസ്ത്രപരമായി ചിന്തിച്ചാല്‍, പകൃതിയുടെ തനതുഭംഗി തന്നെയാണ് മനുഷ്യനെ ഏറ്റവും കൂടുതല്‍ ആഹ്ലാദിപ്പിക്കുന്ന ഘടകം.

കാട് നശിക്കുമ്പോള്‍

നഗരവത്ക്കരണത്തിനും കൃഷിക്കും വേണ്ടി കാടു നശിപ്പിച്ചതിന്റെ തിക്തഫലം കാടിന്റെ നാശത്തില്‍ മാത്രം ഒതുങ്ങുന്നില്ല. കാട്ടിലെ ജീവികളെ, മരത്തിനെ, മണ്ണിനെ, മഴയെ ഒക്കെ കാടിന്റെ നാശം മാറ്റിമറിച്ചു. അതിന്റെ ഫലം ഇന്ന് വര്‍ധിച്ചു വരുന്ന മനുഷ്യ -വന്യജീവി സംഘര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു.

'ലിവിങ് വിത്ത് വൈല്‍ഡ്‌ലൈഫ്' എന്ന ലേഖനത്തില്‍
ക്ലാഡിയോ സില്ലെരോ-സുബിരി, രാമന്‍ സുകമാര്‍, ആഡ്രിയന്‍ ട്രെവിസ് എന്നിവര്‍ നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. വിഭവങ്ങള്‍ക്കു വേണ്ടിയുള്ള മത്സരം (ഡാര്‍വിന്‍ പറഞ്ഞ അതിജീവനത്തിനായുള്ള പോരാട്ടം) ആണ് മനുഷ്യ-വന്യമൃഗ കലഹങ്ങള്‍ക്ക് പ്രധാന കാരണം.


ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സസിലെ ഗവേഷകനായ സുകുമാര്‍, ആനകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. കാടിന്റെ വെട്ടിമുറിക്കലും, കാട്ടിലേതിന് പകരം കൃഷിയിടങ്ങളിലെ രുചികരമായ വിളകളുടെ ലഭ്യതയുമാണ് കാട്ടാനകളെ പ്രധാമായും നാട്ടിലേക്ക് ആകര്‍ഷിക്കുന്നതെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയിട്ടുള്ളത്. ഒറ്റയാന്‍മാരുടെ 'സാഹസവു' ഇതിന് കാരണമാകാറുണ്ട്. (ആറളം വന്യജീവിസംരക്ഷണ മേഖലയിലെ ആനകളെ ജനവാസകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് കാട്ടിനുള്ളിലെ തെങ്ങുകൃഷിയാണത്രേ!)

കടുവകളുടെ കാര്യം പരിഗണിക്കാം. അവയുടെ സ്വാഭാവിക വാസമേഖലയുടെ ചുരുങ്ങല്‍, ഇരകളുടെ ലഭ്യതക്കുറവ്, അംഗസംശ്യയിലെ വര്‍ധന, ഭക്ഷണത്തിനും വാസമേഖലയ്ക്കും വേണ്ടിയുള്ള മത്സരം ഒക്കെ നാട്ടിലേക്കിറിങ്ങാന്‍ അവയെ പ്രേരിപ്പിക്കുന്നു. ഒറ്റ ദിവസം തന്നെ കിലോമീറ്ററുകള്‍ താണ്ടുന്ന മൃഗമാണ് കടുവ. സ്വാഭാവിക ആവാസവ്യവസ്ഥ ശോഷിക്കുമ്പോള്‍ അവ ഏങ്ങോട്ടാണ് പോവുക?

മധ്യ ഇന്ത്യന്‍ മേഖലകളിലെ 'നാട്ടിന്‍പുറങ്ങളിലെ പുലികളെ'ക്കുറിച്ച് പ്രമുഖ വന്യജീവി ഗവേഷക വിദ്യ ആത്രേയ പഠനം നടത്തിയിട്ടുണ്ട്. പകല്‍ മനുഷ്യര്‍ നടക്കുന്ന വഴികള്‍ ഒഴിവാക്കുന്ന പുലികള്‍, ശരിക്കുപറഞ്ഞാല്‍ അവര്‍ക്കിടയില്‍ തന്നെയാണ് കഴിയുന്നതെന്ന് ആത്രേയ പറയുന്നു. ചുറ്റുമുള്ള കാടുകളെക്കാള്‍ നാട്ടിലാണ് അവ കഴിയുന്നത്. അവയെ സംരക്ഷിക്കാന്‍ മനുഷ്യരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അവര്‍ പറയുന്നു.

കടുവ സംരക്ഷണം

ഭാരതത്തിന്റെ ദേശീയമൃഗമാണ് കടുവ. 'പാന്തെര ടൈഗ്രിസ്' (Panthera tigris) എന്ന് ശാസ്ത്രീയനാമം. കടുത്ത ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ നടപ്പാക്കിയ ബൃഹത് പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍.

1973 ഏപ്രിലില്‍ 'പ്രോജക്ട് ടൈഗര്‍്' പദ്ധതി ഉത്ഘാടനം ചെയ്യവെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പറഞ്ഞ വാക്കുകള്‍ കടുവാ സംരക്ഷണത്തിന്റെ നയം വ്യക്തമാക്കുന്നു. 'കടുവകളെ ഒറ്റപ്പെട്ട തുരുത്തുകളില്‍ സംരക്ഷിക്കാനാവില്ല' -ഇന്ദിരാ ഗാന്ധി പറഞ്ഞു. വിസ്തൃതവും സങ്കീര്‍ണവുമായ ഒരു ആവാസവ്യവസ്ഥ ആവശ്യമുള്ള ജീവിയാണത്. മനുഷ്യന്റെ നുഴഞ്ഞുകയറ്റവും, വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഫോറസ്ട്രി പ്രവര്‍ത്തനവും, കാലിമേയ്ക്കലുമെല്ലാം കടുവയുടെ വാസമേഖലകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു, അവര്‍ ചൂണ്ടിക്കാട്ടി.

Fun & Info @ Keralites.netപതിനൊന്നാം പദ്ധതി പ്രകാരം 2010-2011 കാലയളവില്‍ കടുവാ സംരക്ഷണത്തിന് കേന്ദ്രം കേരളത്തിന് അനുവദിച്ചത് 323.46 ലക്ഷം രൂപയാണ്. വനങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇക്കോ-ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, പുനരധിവാസപദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ളതാണ് ഈ തുക പ്രധാനമായും എന്ന് വിദഗ്ധര്‍ പറയുന്നു.

1972 ലെ വന്യജീവി സംരക്ഷണ നിയമം, 2003 ജനവരിയില്‍ ഭേദഗതി വരുത്തി പരിഷ്‌ക്കരിക്കുകയുണ്ടായി. നിയമത്തില്‍ ഒന്നാം ഷെഡ്യൂളില്‍ പെടുത്തിയിട്ടുള്ള ജീവിയാണ് കടുവ. അതിന്റെ വിശദാംശങ്ങള്‍ പ്രോജക്ട് ടൈഗര്‍ സൈറ്റില്‍ ലഭ്യമാണ്. പതിനായിരം രൂപ പിഴയും മുന്നു മുതല്‍ ഏഴു വര്‍ഷംവരെ ജയില്‍വാസവും ലഭിക്കാവുന്ന കുറ്റമാണ് കടുവ വേട്ട. വംശനാശഭീഷണി നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്‍. അതിന്റെ ചുവപ്പുപട്ടികയില്‍ 1986 ല്‍ തന്നെ കടുവയെ ഉള്‍പ്പെടുത്തിയിരുന്നു.

'ജനപങ്കാളിത്തം' അനിവാര്യം

ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഇന്ത്യന്‍ കാടുകളില്‍ 40,000 കടുവകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. 2010 ലെ ടൈഗര്‍ സെന്‍സസ് പ്രകാരം ദയനീയമായ ഒരു ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. കടുവകളുടെ എണ്ണം വെറും 1706 ആയി ചുരുങ്ങിയിരിക്കുന്നു.

വനംവകുപ്പും ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയും സംയുക്തമായി നടത്തിയ കണക്കെടുപ്പ് അനുസരിച്ച്, ഇപ്പോള്‍ പ്രശ്‌നബാധിത പ്രദേശമായി മാറിയിട്ടുള്ള വയനാട് വന്യജീവിമേഖലയില്‍ ആകെയുള്ളത് ഏതാണ്ട് 80 കടുവകളാണ്. ഇത്രകാലവും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത്രയും കടുവകളെ സംരക്ഷിക്കാന്‍ കഴിഞ്ഞു. നാളെയോ?


കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, നമ്മുടെ വനസംരക്ഷണപ്രദേശങ്ങള്‍ ഇന്ത്യയുടെ മൊത്തം പ്രദേശത്തിന്റെ വെറും നാലു ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ ജനപങ്കാളിത്തത്തില്‍ ഊന്നിയ വനസംരക്ഷണപ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യം നല്‍കണമെന്ന് 2002 ലോ 'നാഷണല്‍ വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാന്‍' നിഷ്‌ക്കര്‍ഷിക്കുന്നു.

പൊതുജനപങ്കാളിത്തത്തോടെയുള്ള കടുവ സംരക്ഷണ പ്രവര്‍ത്തനത്തിന് ഏറ്റവും മികച്ച ഉദാഹരണം കേരളത്തില്‍ തന്നെയുണ്ട്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വാണ് ഒരു മികച്ച ഉദാഹരണം. മറ്റൊന്ന് പെരിയാര്‍ കടുവാ സങ്കേതം. പെരിയാര്‍ കടുവാസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഏതാണ്ട് 40,000 പേരെ 72 ഇക്കോ-ഡെവലപ്‌മെന്റ് കമ്മറ്റികളിള്‍ ഉള്‍പ്പെടുത്തിയാണ് സംരക്ഷണ പ്രവര്‍ത്തനം നടക്കുന്നത് (അവലംബം: http://projecttiger.nic.in/wildlifeprotection.asp). പെരിയാര്‍ ഫൗണ്ടേഷന്റെ വരുമാനത്തില്‍ 40 ശതമാനവും ചുറ്റുമുള്ള ഗ്രാമങ്ങളുടെ ഉന്നമനത്തിനാണ് ഉപയോഗിക്കുന്നത്.

പീച്ചിയിലെ സംസ്ഥാന വനഗവേഷണകേന്ദ്രത്തിലെ ഡോ.എസ്.ശങ്കര്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 2010 ല്‍ ഒരു പഠനം നടത്തുകയുണ്ടായി. പഠനമനുസരിച്ച്, ആ വന്യജീവി മേഖലയില്‍ ആദിവാസികളും അല്ലാത്തവരുമായ ആളുകള്‍ കഴിയുന്ന 110 സെറ്റില്‍മെന്റുകള്‍ സ്ഥിതിചെയ്യുന്നു. കോര്‍ ഏര്യയില്‍ മാത്രം 20 സെറ്റില്‍മെന്റുകളുണ്ട്.

ആ സെറ്റില്‍മെന്റില്‍ കഴിയുന്ന ജനങ്ങളും വനംവകുപ്പും എപ്പോള്‍ കൈകോര്‍ക്കുന്നുവോ, അപ്പോള്‍ മാത്രമേ വയനാട്ടില്‍ യഥാര്‍ഥ സംരക്ഷണം മൃഗങ്ങള്‍ക്കും, യഥാര്‍ഥ ജീവിതസാഹചര്യം മനുഷ്യര്‍ക്കും ലഭിക്കൂ എന്നതാണ് വാസ്തവം.

(സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കോഴിക്കോട് 'വെസ്റ്റേണ്‍ ഗാട്ട് റീജണല്‍ സെന്ററി'ല്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ ആണ് ലേഖിക)
 Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment