ന്യൂഡല്‍ഹി: സബ്‌സിഡിത്തുക ഗുണഭോക്താവിന്റെ കൈകളില്‍ നേരിട്ടെത്തിക്കാനുള്ള പദ്ധതി 2014-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നു.
''ആപ് കാ പൈസ, ആപ് കേ ഹാത്ത് മേം'' (നിങ്ങളുടെ പണം നിങ്ങളുടെ കൈകളില്‍) എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. 2009-ല്‍ തൊഴിലുറപ്പു പദ്ധതി യു.പി.എ. സര്‍ക്കാറിന്റെ തിരിച്ചുവരവിന് വഴിവെച്ചുവെങ്കില്‍, 2014-ല്‍ ഹാട്രിക്ക് വിജയത്തിന് പുതിയ പദ്ധതിയിലാണ് അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
''ആം ആദ്മി കാ ഹാത്ത് കോണ്‍ഗ്രസ് കെ സാത്ത്'' (സാധാരണക്കാരന്റെ കൈ, കോണ്‍ഗ്രസ്സിനൊപ്പം)-2004-ല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറാന്‍ സഹായിച്ച പല ഘടകങ്ങളിലൊന്ന് ഈ മുദ്രാവാക്യമായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന ബി.ജെ.പി.യുടെയും എന്‍.ഡി.എ.യുടെയും മുദ്രാവാക്യത്തെ കോണ്‍ഗ്രസ് നേരിട്ടത് സാധാരണക്കാരനെ കൂട്ടുപിടിച്ചായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയതും 2009-ല്‍ വീണ്ടും ഭരണത്തിലേറുന്നതും. സബ്‌സിഡിത്തുക നേരിട്ട് പണമായി നല്‍കുന്ന പദ്ധതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്ന് പറയുമ്പോഴും 2009-ലെ പൊതുതിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ഇത് വാഗ്ദാനമായിരുന്നുവെന്ന് പാര്‍ട്ടി സമ്മതിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ഗുണഭോക്താവിന്റെ കൈവശം എത്തുന്നതെന്ന രാജീവ് ഗാന്ധിയുടെ പ്രശസ്തമായ പരാമര്‍ശവും ഇതോടൊപ്പം കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ ആ വീഴ്ചയാണ് പരിഹരിക്കുന്നതെന്ന പ്രചാരണമാണ് അവര്‍ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭക്ഷ്യ-വളം സബ്‌സിഡികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, അവകൂടി വന്നാല്‍ പല ഇനങ്ങളിലായി ഒരു ബി.പി.എല്‍. കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു കൊല്ലം കുറഞ്ഞത് 32,000 രൂപ ലഭിക്കുമെന്ന് കണക്കാക്കുന്നു. കൈയില്‍ പണമെത്തിക്കുന്നതിലൂടെ വോട്ടും ഉറപ്പാക്കാമെന്ന കണക്കുകൂട്ടല്‍ പിഴയ്ക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെയും പണം നേരിട്ട് സാധാരണക്കാരന്റെ കൈകളില്‍ ലഭ്യമായപ്പോള്‍ ഗുണം ചെയ്തുവെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment