എന്ന സിനിമയിലൂടെ ഇനി അത് ലോകത്തെ കാണിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നടി ക്യാമറയ്ക്കുമുന്നില്‍ പ്രസവിക്കുന്നത് എന്നും വാര്‍ത്തയിലുണ്ടായിരുന്നു. 'ലോകം കാണട്ടെ എന്റെ പ്രസവം' എന്ന് ശ്വേതാമേനോന്‍ എന്ന നടി പ്രഖ്യാപിച്ചപ്പോള്‍ അതൊരു പബ്ളിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് ധരിച്ച മലയാളികള്‍ വാര്‍ത്തയറിഞ്ഞ് മൂക്കത്തു കൈവച്ചുപോയി! സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഞെട്ടിപ്പോയിരിക്കുന്നു. ക്യമാറയ്ക്കുമുന്നിലെ പ്രസവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ഹെല്‍ത്ത് വാച്ച് മലയാളം വിവിധ മേഖലയിലുള്ളവരുമായി സംവദിച്ചു. അവരുടെ പ്രതികരണങ്ങളിലൂടെ....
"കലയ്ക്കുവേണ്ടിയാണെങ്കില്‍ ഇതു വേണ്ടിയിരുന്നില്ല"
കാനായി കുഞ്ഞിരാമന്‍
സിനിമ കലയാണ്. സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യമാണെന്ന് തോന്നിപ്പിക്കുംപോലെ അവതരിപ്പിക്കുന്നിടത്താണ് കലാകാരന്റെ വിജയം. അറിയപ്പെടുന്ന ഒരു നടിയുടെ പ്രസവം ചിത്രീകരിച്ചു സിനിമയെടുക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്കു മനസിലായിട്ടില്ല. ഡോക്യുമെന്ററിയാണെങ്കില്‍ അവിടെ കഥയും കഥാപാത്രവുമല്ല. യാഥാര്‍ത്ഥ്യമാണ് ക്യാമറയില്‍ പകര്‍ത്തുക. എന്നാല്‍ സിനിമ തികച്ചും കലാസൃഷ്ടിയാണ്. പ്രസവം എന്ന പ്രതിഭാസത്തെ സിനിമയുടെ സാങ്കേതിക സാധ്യതകളുപയോഗിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ സംവിധായകന് കഴിയും. പിന്നെ ഇതിന്റെ ഉദ്ദേശം ശാസ്ത്രീയ അവബോധം വളര്‍ത്തുക എന്നതാണെങ്കില്‍ അത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനപ്പെടുക. സാധാരണ പൊതുസമൂഹത്തിന് അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, ഈയൊരു ലക്ഷ്യത്തിന് അറിയപ്പെടുന്ന വ്യക്തിയുടെ പ്രസവംതന്നെ ചിത്രീകരിക്കണമെന്നില്ല. സിനിമ പൊതുജനമാധ്യമമാണ്. സമൂഹത്തിന് ആവശ്യമില്ലാത്തത് ഇത്തരമൊരു മീഡിയയില്‍ക്കൂടി അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമുണ്ടോയെന്ന് കലാകാരന്‍ ചിന്തിക്കേണ്ട കാര്യമാണ്. ഇതിനു സമ്മതംകൊടുത്തതിനെക്കുറിച്ചു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. കാരണം അത് അവരുടെ സ്വാതന്ത്യ്രമാണ്.
"ഭ്രാന്തുള്ളവരാണ് ഇങ്ങനെയൊക്കെ ചെയ്യുക"
സ്വപ്ന നന്ദകുമാര്‍, ഗവേഷകവിദ്യാര്‍ത്ഥി, ബെനശങ്കരി, ബാംഗ്ളൂര്‍
പ്രസവം എന്നത് സ്ത്രീയുടെ സ്വകാര്യതയാണ്. ഇത് ക്യാമറയ്ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല. നമ്മുടെ സാമൂഹ്യചുറ്റുപാടില്‍ ഒരു സ്ത്രീക്കും ഇതുപോലൊരു കാര്യം ചിന്തിക്കാന്‍പോലും പറ്റില്ല. ഭ്രാന്തുള്ളവരാണ് ഇങ്ങനെയൊക്കെ ചെയ്യുക.
"സ്ത്രീകളുടെ സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റം"
മല്ലികാനമ്പൂതിരി, ഫെഡറല്‍ബാങ്ക്, പേരൂര്‍ക്കട ബ്രാഞ്ച്, തിരുവനന്തപുരം
സ്ത്രീ അമ്മയായിക്കൊണ്ടിരിക്കുന്ന അസുലഭമുഹൂര്‍ത്തം കലയ്ക്കുവേണ്ടിയാണെങ്കിലും വിജ്ഞാനത്തിനുവേണ്ടിയാണെങ്കിലും പബ്ളിസിറ്റിക്കുവേണ്ടിയാണെങ്കിലും ക്യാമറയില്‍ പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലവും അനാവശ്യവുമാണ്. ഇതിനെ സ്ത്രീകളുടെ സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റമായേ എനിക്കു കാണാനാവൂ.
"ഒരാളുടെ സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല"
ഡോ.എസ്.കൃഷ്ണന്‍, അസോസിയേറ്റ് പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
എന്തു കാണണം എന്തു കാണേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം ജനത്തിനുണ്ട്. അതുപോലെ ഏതു റോള്‍ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ശ്വേതാമേനോനുമുണ്ട്. ഏതു വേഷവും ചെയ്യാന്‍ മടിയില്ലാത്ത ഒരു അഭിനേത്രിയാണ് ശ്വേതാ മേനോന്‍ എന്ന് അവര്‍ ഇതിനുമുമ്പ് തെളിയിച്ചതുമാണ്. അവരുടെ ആഭാസനൃത്തം കണ്ട് ആസ്വദിച്ചവര്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നതു ശരിയല്ല. അവരുടെ പ്രൊഫഷന്‍ അഭിനയമാണ്. പ്രസവം എന്ന പ്രക്രിയയെ കാശാക്കിമാറ്റാന്‍ അവര്‍ തീരുമാനിച്ചെങ്കില്‍ അത് അവരുടെ സ്വാതന്ത്യ്രം. ചിത്രീകരിച്ച രീതി എങ്ങനെയാണെന്ന് നമുക്കറിയില്ല. അവരുടെ ലൈംഗിക അവയവങ്ങള്‍ കാണാത്ത രീതിയിലാണ് ചിത്രീകരിച്ചതെങ്കില്‍ തെറ്റുപറയാനൊന്നുമില്ല. മാത്രമല്ല, നവജാതശിശുവിന് ദോഷം സംഭവിക്കുന്ന ലൈറ്റുകളൊന്നും ഉപയോഗിക്കാനുള്ള സാധ്യതയില്ല. മെഡിക്കല്‍ എത്തിക്സുമായി യോജിച്ചുകൊണ്ടല്ലാതെ ഇത്തരമൊരു രംഗം ഷൂട്ട് ചെയ്യാനാവില്ല.
"ഒളിക്യാമറാദൃശ്യങ്ങള്‍ക്കു സമം"
കൃഷ്ണകുമാര്‍ പൊതുവാള്‍, എഡിറ്റോറിയല്‍ അസിസ്റന്റ്, ദേശാഭിമാനി, തൃശൂര്‍
മനുഷ്യജീവിതത്തിലെ രണ്ട് നിര്‍ണ്ണായകമുഹൂര്‍ത്തങ്ങളാണ് പ്രസവവും മരണവും. ഇതിനെ ലാഘവത്തോടെ കാണാന്‍ ആര്‍ക്കും കഴിയില്ല. പ്രാര്‍ത്ഥനകളുടെയും നിലവിളികളുടെയുമിടയിലാണ് ഇതു രണ്ടും നടക്കുക. ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല. അങ്ങനെയെങ്കില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ കൊലപാതകവും ക്യാമറയില്‍ പകര്‍ത്താമല്ലോ. പത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥം കുളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കൊലപാതകം ലൈവായി ക്യാമറയില്‍ പകര്‍ത്തിയ സൂര്യാടി.വി.യുടെ റിപ്പോര്‍ട്ടറെക്കുറിച്ച് ജനം പ്രതികരിച്ചത് ഓര്‍ക്കുക. മനുഷ്യത്വത്തിന് നിരക്കാത്തതായിരുന്നു ആ ചിത്രീകരണമെന്ന് വിലയിരുത്തപ്പെട്ടു. അതുപോലെതന്നെ ശ്വേതയും അവരുടെ ഭര്‍ത്താവും സമ്മതിച്ചുവെന്ന് കരുതി ഇതിനെ ന്യായീകരിക്കാനാവില്ല. ഒളിക്യാമറാദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നവരുടെ മുന്നിലേക്ക് വച്ചുനീട്ടേണ്ടതാണ് ഇത്തരം ചിത്രങ്ങള്‍. അല്ലാതെ ജനകീയ മാധ്യമമായ സിനിയിലൂടെ സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതല്ല.
"ഇത് സംവിധായകന്റെ പരാജയം"
സൂരജ് എല്‍.എസ്. പാരാമെഡിക്കല്‍ സ്റ്റാഫ്, തിരുവനന്തപുരം
പബ്ളിക്കായി ഇങ്ങനെ ചെയ്തതുകൊണ്ട് ആര്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന് മനസിലാവുന്നില്ല. പ്രസവം എന്നത് പുതിയ കാര്യമല്ല. പ്രസവത്തിന്റെ ശാസ്ത്രീയവശങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പോപ്പുലാരിറ്റിക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലാണിത്. ഇവിടെ ബ്ളസി എന്ന സംവിധായകന്റെ പരാജയമാണ് സംഭവിക്കുന്നത്. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പച്ചയായി ചിത്രീകരിച്ചല്ലല്ലോ പ്രേക്ഷകരില്‍ വികാരം ജനിപ്പിക്കുന്നത്. കലയുടെ സാധ്യത ഉപയോഗിച്ചാണ്. എത്രയോ സിനിമകളില്‍ എത്രയോ പ്രസവങ്ങള്‍ നാം കണ്ടിരിക്കുന്നു. പ്രസവത്തിന്റെ വേദനയും സങ്കീര്‍ണ്ണതയുമൊക്കെ നമുക്കു മനസിലാവുന്നുമുണ്ട്. പിന്നെയെന്തിനാണ് ശ്വേതാമേനോന്റെ പ്രസവം ക്യാമറയില്‍ പകര്‍ത്തുന്നത്?
No comments:
Post a Comment