| | കുഞ്ഞിന്റെ ആഹാരവും രോഗങ്ങളും എപ്പോഴും അമ്മമാര്‍ക്ക് ടെന്‍ഷനാണ്. പ്രത്യേകിച്ചും പുതിയ തലമുറയിലെ അമ്മമാര്‍ക്ക്. എന്തു കഴിക്കാന്‍ കൊടുക്കണം, ഒന്നു തുമ്മിയാല്‍ ഹോസ്‌പിറ്റലില്‍ കൊണ്ടുപോകണോ... തുടങ്ങി ഓരോ ചെറിയ കാര്യത്തിലും അവര്‍ക്ക് ആശങ്കയാണ്. ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ മനസില്‍ സ്വപ്‌നങ്ങള്‍ വിടരുകയായി. കവിളില്‍ നുണക്കുഴിയും ആരെയും മയക്കുന്ന ചിരിയുമായി വരുന്ന സുന്ദരനെ/സുന്ദരിയെ കാത്തിരിക്കുകയാണ് പിന്നീട്. ഒമ്പതു മാസങ്ങള്‍ക്കു ശേഷം പുതിയ അതിഥി എത്തുന്നതോടെ അതുവരെയില്ലാതിരുന്ന ടെന്‍ഷനാണ് അമ്മമാര്‍ക്ക്. കുഞ്ഞിനെന്തൊക്കെ കഴിക്കാന്‍ കൊടുക്കണം, എത്രസമയം ഉറക്കണം, അസുഖം വന്നാല്‍ എന്തു ചെയ്യണം തുടങ്ങി ഓരോ കാര്യത്തിലും അവര്‍ ശ്രദ്ധവയ്‌ക്കുന്നു. കുഞ്ഞിനെ രാജകുമാരന്‍ അല്ലെങ്കില്‍ രാജകുമാരിയെപ്പോലെ വളര്‍ത്തണം എന്നാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം. ഇതാ അമ്മമാര്‍ക്കൊരു കുഞ്ഞു ഗൈഡ്. മുലപ്പാല്‍ എന്ന അമൃതം കുഞ്ഞിന് ഏറ്റവും ആദ്യം നല്‍കേണ്ടത് മുലപ്പാലാണ്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊടുത്തു തുടങ്ങാം. ആദ്യം ഉല്‌പാദിപ്പിക്കപ്പെട്ട കൊളസ്‌ട്രം എന്ന ഇളം മഞ്ഞ നിറമുള്ള പാല്‍ കുഞ്ഞിനു നല്‍കേണ്ടത് വളരെ ആവശ്യമാണ്. ഇതു കുഞ്ഞിന് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നല്‍കുന്നു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇത് നല്‍കേണ്ടതാണ്. ആദ്യത്തെ ആറുമാസം മുലപ്പാല്‍ അല്ലാതെ മറ്റ് ആഹാരം നല്‍കുന്നത് കുഞ്ഞിന് ദഹനക്കേടുണ്ടാക്കും. രണ്ടുവയസ്സുവരെയെങ്കിലും മുലയൂട്ടാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിക്കു പോകുന്ന അമ്മമാരാണെങ്കില്‍ പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാം. ഒരുദിവസം ഏറ്റവും ചുരുങ്ങിയത് 8-10 തവണ മുലയൂട്ടാന്‍ ശ്രദ്ധിക്കുക. ആറുമാസം കഴിഞ്ഞ് ഏഴാംമാസം മുതല്‍ കുറുക്കും മറ്റ് ആഹാരങ്ങളും കൊടുത്ത് തുടങ്ങാം. കുറുക്ക് അധികം വെള്ളം ചേര്‍ക്കാതെ കുറച്ചു കട്ടിയില്‍ തന്നെ നല്‍കുക. കൂവരക്ക്, ഏത്തയ്‌ക്കാപ്പൊടി, പഞ്ഞപ്പുല്ല് എന്നിവയൊക്കെ കുറുക്കി നല്‍കാം. പത്താംമാസം മുതല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന എല്ലാ ആഹാരങ്ങളും കൊടുത്ത് ശീലിപ്പിക്കണം. നോണ്‍വെജ് കൊടുക്കണമെന്നുള്ളവര്‍ നന്നായി വേവിച്ച ശേഷം ഉടച്ച് നല്‍കാം. പശുവിന്‍ പാല്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു വയസിന് ശേഷമാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അനിമല്‍ പ്രോട്ടീന്‍ ശരീരവുമായി ഒത്തുപോകാന്‍ സമയമെടുക്കും. ആദ്യദിവസങ്ങളില്‍ പശുവിന്‍പാല്‍ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. കുഞ്ഞിന് ദിവസവും മുട്ട നല്‍കാമെങ്കിലും പൊണ്ണത്തടി ഒഴിവാക്കാന്‍ രണ്ടു ദിവസത്തിലൊരിക്കല്‍ മുട്ടയുടെ വെള്ള നല്‍കിയാല്‍ മതിയാവും. കുഞ്ഞിന് പനി വന്നാല്‍ മഴക്കാലം പനിയുടെ കാലമാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്ക്. ഈ സാഹചര്യത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ പനി അകറ്റിനിര്‍ത്താം. തണുപ്പടിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. കുഞ്ഞോമനയ്‌ക്ക് പനി വന്നാല്‍ ഉടനെ ഐസ്‌വെള്ളത്തില്‍ തുണി മുക്കി തുടയ്‌ക്കുന്നത് കാണാറുണ്ട്. ഇത് ശരിയല്ല. കഠിനമായ തണുപ്പേറ്റാല്‍ കുഞ്ഞിന്റെ ശരീരോഷ്‌മാവ് പെട്ടെന്ന് താണുപോകും. ഇളംചൂടുള്ള വെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് ഇടയ്‌ക്കിടയ്‌ക്ക് ശരീരം തുടച്ചെടുക്കാം. അതേപോലെ പനിയുള്ള സമയങ്ങളില്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞുവയ്‌ക്കരുത്. അപ്പോള്‍ പനിയുടെ ചൂട് പുറത്തേക്കു പോകുന്നതിനു പകരം ശരീരത്തില്‍തന്നെ തങ്ങിനില്‍ക്കും. പനിയോ മറ്റ് അസ്വസ്‌ഥതകളോ വരുമ്പോള്‍ കുഞ്ഞ് കരയുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ ശ്വാസം കിട്ടാതെ കുട്ടികളുടെ ശരീരം വിളറി വെളുക്കുകയോ, നീല നിറമാവുകയോ ചെയ്യാറുണ്ട്. ശ്വാസം നിന്നുപോയാല്‍ പുറത്ത് മെല്ലെ തട്ടിക്കൊടുക്കുക. കുറച്ചുകഴിയുമ്പോള്‍ പഴയതുപോലെയായിക്കൊള്ളും. ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ വാശി കാണിക്കുന്നതും സ്വാഭാവികമാണ്. കുഞ്ഞിന്റെ വയറിളക്കം ആറുമാസം മുതല്‍ രണ്ടു വയസിനിടയില്‍ വയറിളക്കം സ്വാഭാവികമാണ്. കട്ടി ആഹാരങ്ങള്‍ കൊടുക്കുന്നതാണ് പ്രശ്‌നമാവുന്നത്. ഇതിന് പരിഭ്രമിക്കേണ്ട കാര്യമില്ല. ഒ.ആര്‍.എസ്, കഞ്ഞിവെള്ളം, മോരുവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ നല്‍കിയാല്‍ നഷ്‌ടപ്പെട്ട ജലവും ലവണങ്ങളും തിരിച്ച് ശരീരത്തിലെത്തിക്കാം. ഒന്നിച്ച് കുടിപ്പിക്കാന്‍ ശ്രമിക്കാതെ അരമണിക്കൂര്‍ ഇടവിട്ട് അല്‌പാല്‌പമായി നല്‍കാം. ഒരു മണിക്കൂറില്‍ നാലോ, അതില്‍ കൂടുതല്‍ തവണയോ വയറിളകിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അയണിന്റെ കുറവ് പരിഹരിക്കാം തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളിലും വിളര്‍ച്ചയുണ്ടാകാറുണ്ട്. കുഞ്ഞിന്റെ കണ്‍പോളയുടെ താഴ്‌ഭാഗം വിളറി വെളുക്കുന്നത് അയണിന്റെ കുറവുകൊണ്ടാണ്. ഇത്തരം കുട്ടികള്‍ കല്ലും മണ്ണുമൊക്കെ കഴിക്കുന്നത് സ്വാഭാവികമാണ്. അയണ്‍ ധാരാളമടങ്ങിയ ചീര, പയര്‍, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ നല്‍കുക. ഓറഞ്ച്, മുസംബി, തക്കാളി തുടങ്ങിയ പഴങ്ങളും ഉള്‍പ്പെടുത്തുക, എന്നിട്ടും പരിഹരിക്കാനായില്ലെങ്കില്‍ അയണ്‍ സപ്ലിമെന്‍റുകള്‍ നല്‍കാം. കുഞ്ഞിക്കണ്ണുകള്‍ സൂക്ഷിക്കാന്‍ കുഞ്ഞിന്റെ കണ്ണില്‍ അടയാളങ്ങളോ, മുറിവുകളോ ഉണ്ടായാല്‍ ശ്രദ്ധിക്കണം. കണ്ണില്‍ അണുബാധയുണ്ടാകുമ്പോഴാണ് കണ്‍പീളയുണ്ടാകുന്നത്.ഇത്തരം സാഹചര്യത്തില്‍ കണ്ണിന്റെ പുറത്ത് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. കുഞ്ഞുങ്ങളുടെ ചര്‍മം വളരെ മൃദുവായതിനാല്‍ കൈകള്‍ നന്നായി വൃത്തിയാക്കി നഖവും മുറിച്ചതിനു ശേഷമേ മസാജ് ചെയ്യാവൂ. ജനിച്ച് രണ്ടു മാസമാവുമ്പോഴേക്കും കുഞ്ഞ് ആളെ കണ്ടാല്‍ ചിരിക്കാന്‍ തുടങ്ങും. അങ്ങനെയല്ലാതെ വന്നാല്‍ ഡോക്‌ടറെ കാണിക്കണം. ജനിക്കുമ്പോള്‍ മുതല്‍ ടി.വി. കണ്ട് വളരുന്നവരാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍. ശരിയായ അകലത്തില്‍, നല്ല വെളിച്ചത്തില്‍ മാത്രം കുഞ്ഞിനെ ടി.വി. കാണിക്കുക, കഴിയുന്നതും കുഞ്ഞുങ്ങളെ കിടത്തിക്കൊണ്ട് ടി.വി. കാണിക്കരുത്. ഇതു കണ്ണിന് സ്‌ട്രെയിന്‍ ഉണ്ടാക്കും. കണ്ണിന്റെ ആരോഗ്യത്തിന് പപ്പായ, പേരയ്‌ക്ക, ഓറഞ്ച് തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്കു നല്‍കാം. വൈറ്റമിന്‍ എ അടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ് കഴിപ്പിക്കേണ്ടത്. പാല്‍പ്പല്ല് വരുമ്പോള്‍ കുഞ്ഞുങ്ങളെ കിടത്തി പാല്‍ കൊടുക്കരുത്, അത് മുലപ്പാലായാലും കുപ്പിപ്പാലായാലും. അപ്പോള്‍ പാല്‍ വായില്‍ കെട്ടി നില്‍ക്കുകയും അണുബാധയുണ്ടാവുകയും ചെയ്യും. ഇരുത്തി പാല്‍ നല്‍കിയ ശേഷം കിടത്താം. മാത്രമല്ല, രണ്ടോ, മൂന്നോ പല്ലുകള്‍ മുളച്ചാല്‍ പല്ല് തേപ്പിക്കാന്‍ തുടങ്ങണം. അതിന് കുട്ടികള്‍ക്കായുള്ള ടൂത്ത്‌ബ്രഷുകള്‍ മാര്‍ക്കറ്റില്‍ കിട്ടും. ഈ സമയത്ത് പേസ്‌റ്റ് ഉപയോഗിക്കേണ്ടതില്ല. മൂന്നുവയസ് കഴിഞ്ഞേ കുഞ്ഞുങ്ങള്‍ തുപ്പാന്‍ പഠിക്കൂ. കഴിവതും ഒരു കണ്ണാടിയുടെ മുമ്പില്‍ നിര്‍ത്തിവേണം പല്ലു തേപ്പിക്കാന്‍. കുഞ്ഞിന് ടങ് ക്ലീനര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ബ്രഷ് ഉപയോഗിച്ച് നാവില്‍ പതിയെ ഉരസുമ്പോള്‍തന്നെ അഴുക്കുകള്‍ വെളിയില്‍ പോകും. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ആഹാരക്രമത്തില്‍ അല്‌പം ശ്രദ്ധിച്ചാല്‍ മതി. നിങ്ങളുടെ ശരീരത്തെ ഗര്‍ഭധാരണത്തിന് തയാറാക്കാം. അത്തരം പത്തുകാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. 1. ദിവസവും ധാരാളം വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തി നിര്‍ജ്‌ജലീകരണം തടയുന്നു. മാത്രമല്ല പ്രത്യുത്‌പാദനാവയവങ്ങളുടെ പ്രവര്‍ത്തനം ശരിയായരീതിയില്‍ നടക്കാനും ആവശ്യമുള്ള ഫ്‌ളൂയിഡുകള്‍ പുറപ്പെടുവിക്കാനും സഹായിക്കുന്നു. 2. ഇലക്കറികള്‍ ധാരാളം ആഹാരത്തിലുള്‍പ്പെടുത്തുക. പ്രത്യേകിച്ചും ചീരപോലെയുള്ള സാധനങ്ങളില്‍ പ്രത്യുത്‌പാദനാവയവങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, ഫോളിക് ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. 3. ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച്, നാരങ്ങ തുടങ്ങിയവ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പരിഹരിക്കാനും ഗര്‍ഭമലസല്‍ തടയാനും ഇത് സഹായിക്കും. 4. ബ്രൊക്കോളി, കാബേജ് തുടങ്ങിയവ ഗര്‍ഭാശയമുഴകള്‍ തടയാനും ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കുന്നു. 5. മധുരക്കിഴങ്ങ്, കാരറ്റ്, പയറുവര്‍ഗങ്ങള്‍ എന്നിവ മാസമുറ കൃത്യമാക്കുകയും പ്രത്യുത്‌പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. |
No comments:
Post a Comment