2010 ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി സിദ്ധാറാം സത്ലിംഗപ്പ മേത്രേ versus സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര (2010(4) ഗഘഠ ുമഴല 930) എന്ന കേസില്‍ പ്രസ്താവിച്ച സുപ്രധാനമായ വിധി ഭരണകൂടവും പൊലീസും ശ്രദ്ധിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമാണ്. സുപ്രീംകോടതി പറഞ്ഞത് ഒരു കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പേ അറസ്റ്റ് അനിവാര്യമാണോ എന്ന് തീരുമാനിക്കണം എന്നാണ്. പ്രതിയുടെ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്നും ക്രിമിനല്‍ കേസിലെ പ്രതികള്‍ അവസാന വിധി വരുന്നതുവരെ കോടതിയുടെ കണ്ണില്‍ നിരപരാധിയാണെന്നും സുപ്രീംകോടതി ഓര്‍മിപ്പിക്കുന്നു. ക്രിമിനല്‍ കേസുകളില്‍ 60%ശതമാനത്തോളം അറസ്റ്റുകള്‍ അനാവശ്യവും അന്യായവുമാണ് എന്നും ഇത്തരം അന്യായമായ പൊലീസ് അറസ്റ്റുകളാണ് ജയിലുകളിലെ 43.23% ചെലവുകള്‍ക്കും കാരണമെന്നും നാഷണല്‍ പൊലീസ് കമീഷന്‍ മൂന്നാം റിപ്പോര്‍ട്ടില്‍ പറയുന്നു.. 2002 ജൂലൈ മാസത്തിലെ ലോ കമീഷന്‍ റിപ്പോര്‍ട്ടില്‍ നിശിതമായി പൊലീസിനെ വിമര്‍ശിച്ചത്, അവര്‍ അറസ്റ്റ് എന്ന അധികാരം ദുരുപയോഗംചെയ്യുന്നതുകൊണ്ടാണ്. ലോ കമീഷന്‍ പറഞ്ഞത് പൊലീസ് വകുപ്പില്‍ ഇത്തരം അറസ്റ്റുകളെ നിയന്ത്രിക്കുന്നതിന് നിയമവ്യവസ്ഥ ഇല്ല എന്നാണ്. ലോ കമീഷന്‍ ക്രിമിനല്‍ നടപടി നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു. വ്യക്തി അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയോ സ്ഥലംവിട്ട് പോവുകയോ ചെയ്യില്ല എന്നുറപ്പുണ്ടെങ്കില്‍ ആ വ്യക്തിയെ കേസില്‍ പ്രതി എന്ന നിലയില്‍ ജയിലിലടയ്ക്കുകയോ പൊലീസ് കസ്റ്റഡിയില്‍ വിടുകയോ അതിനുശേഷം ജാമ്യത്തില്‍ വിടുകയോ വേണ്ടതില്ല എന്നാണ് ലോ കമീഷന്‍ കാണുന്നത്. ലോ കമീഷന്‍ റിപ്പോര്‍ട്ടും നാഷണല്‍ പൊലീസ് കമീഷന്‍ റിപ്പോര്‍ട്ടും അടക്കം പ്രതിപാദിച്ചാണ് സിദ്ധാറാം സത്ലിംഗപ്പ കേസിലെ സുപ്രീംകോടതി ഉത്തരവ്. സിദ്ധാറാം സത്ലിംഗപ്പ മേത്രേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. ഭാരതീയ ജനതാ പാര്‍ടിയുടെ അസംബ്ലി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായിരുന്നു സിദ്ധാരാമ പാട്ടീല്‍. അദ്ദേഹത്തെ 2009 സെപ്തംബര്‍ 26ന് ഒരുകൂട്ടം ആള്‍ക്കാര്‍ വധിച്ചു. ഈ വധത്തിന് പ്രേരണ നല്‍കിയത് സിദ്ധാറാം സത്ലിംഗപ്പ മേത്രേ ആണെന്നാരോപിച്ച് മഹാരാഷ്ട്ര പൊലീസ് അദ്ദേഹത്തെ പ്രതിയാക്കി. അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. സുപ്രീംകോടതി സിദ്ധാറാം സത്ലിംഗപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് പ്രസ്താവിച്ചതാണ് നേരത്തെ പരാമര്‍ശിച്ച വിധി. ഒരു കേസില്‍ ജാമ്യം നല്‍കുമ്പോള്‍, വ്യക്തിസ്വാതന്ത്ര്യവും സമൂഹത്തിന്റെ താല്‍പ്പര്യവും കോടതികള്‍ നോക്കേണ്ടതാണെന്ന് ഈ വിധിയില്‍ സുപ്രീംകോടതി ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയവിരോധംവച്ചും മറ്റും നിരപരാധികളെ പ്രതികളാക്കുന്ന നടപടികള്‍, സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥ ക്രിമിനല്‍ നടപടി നിയമത്തില്‍ അത്യാവശ്യമാണെന്ന് ലോ കമീഷന്‍ പറഞ്ഞത് സുപ്രീംകോടതി ഓര്‍മിപ്പിക്കുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കല്‍ എന്ന വ്യവസ്ഥ വകുപ്പ് 438 പ്രകാരം ക്രിമിനല്‍ നടപടി നിയമത്തില്‍ ഉള്‍പ്പെടുത്തിയത് വ്യക്തിസ്വാതന്ത്ര്യം ജനാധിപത്യ രാജ്യത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് എന്നതുകൊണ്ടാണ്. മുന്‍കൂര്‍ ജാമ്യം യുക്തമായ കേസുകളില്‍ നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന വ്യക്തിസ്വാതന്ത്ര്യനിഷേധങ്ങളെപ്പറ്റി വിശദമായി വിധിയില്‍ പ്രതിപാദിക്കുന്നു. മുന്‍കൂര്‍ ജാമ്യം എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍മാത്രം കൊടുക്കാന്‍ പാടുള്ളതാണ് എന്ന വാദം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ 1980ല്‍ വന്ന വിധിയുടെ വെളിച്ചത്തില്‍ സുപ്രിംകോടതി പ്രഖ്യാപിക്കുന്നത്, മുന്‍കൂര്‍ ജാമ്യം എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ കൊടുക്കേണ്ട വ്യവസ്ഥയല്ല എന്നാണ്. അസാധാരണ അധികാരം ഹൈക്കോടതികള്‍ക്കും സെഷന്‍സ് കോടതികള്‍ക്കും നല്‍കിയത്, അസാധാരണമായ അവസ്ഥയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നല്ല ഉദ്ദേശിക്കുന്നത്. മൊത്തം ക്രിമിനല്‍ കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തുമ്പോള്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ ശിക്ഷ വിധിക്കാറുള്ളൂ എന്നതുകൊണ്ട് ജാമ്യഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി ഓര്‍മപ്പെടുത്തുന്നു. സിദ്ധറാം സത്ലിംഗപ്പ കേസില്‍ സുപ്രീംകോടതി ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മുമ്പില്‍വയ്ക്കുന്നു. അവ ഖണ്ഡിക 128ല്‍ പറയുന്നു.
അറസ്റ്റ് ഒഴിവാക്കി മറ്റു വ്യവസ്ഥകള്‍പ്രകാരം ക്രിമിനല്‍ കേസുകളുടെ അന്വേഷണം ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയാണ് ഈ നിര്‍ദേശങ്ങളില്‍ പറയുന്നത്.
1. കേസിലെ പ്രതിയോട് അന്വേഷണവുമായി സഹകരിക്കാന്‍ പറയുക. സഹകരിക്കാത്ത പ്രതികളെ മാത്രം അറസ്റ്റ് ചെയ്യുക.
2. പ്രതിയുടെ പാസ്പോര്‍ട്ട് അല്ലെങ്കില്‍ പ്രതിയുടെ പേരിലുള്ള വസ്തുവിന്റെ ആധാരങ്ങള്‍, പ്രതിയുടെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് റസീപ്റ്റ്സ്/ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കണ്ടെടുക്കുക.
3. പ്രതിയോട് ഒരു ബോണ്ടിലെ വ്യവസ്ഥയില്‍ ഒപ്പിടാന്‍ പറയുക.
4. പ്രതിയോട്, പ്രോസിക്യൂഷന് കേസിന്റെ പ്രാധാന്യത്തിനുസരിച്ച് ആവശ്യമുള്ള ജാമ്യക്കാരെ ഹാജരാക്കാന്‍ പറയുക.
5. പ്രതിയോട്, കേസിലെ സാക്ഷികള്‍ താമസിക്കുന്ന സ്ഥലത്ത് പോകില്ല എന്ന വ്യവസ്ഥ എഴുതി വാങ്ങിക്കുക.
6. കുറച്ചുകാലത്തേക്ക് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക.
സുപ്രീംകോടതി നിര്‍ദേശിച്ച ഈ ആറു വ്യവസ്ഥയും സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ല എന്നു മാത്രമല്ല, സര്‍ക്കാരുകള്‍ അവരുടെ പൊലീസ് സേനയെക്കൊണ്ട് രാഷ്ട്രീയലാഭത്തിനായി അറസ്റ്റുകള്‍ തുടരുകയും ചെയ്യുന്നു. സിദ്ധാറാം സത്ലിംഗപ്പ കേസിലെ ഖണ്ഡിക 129 പറയുന്നത്, അഥവാ ഒരു ക്രിമിനല്‍ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കില്‍ കേസ് ഡയറിയില്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ വിശദമായി പറയണം എന്നാണ്. ഈ കേസ് ഡയറി വിവരങ്ങളാണ്, കോടതികള്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നോക്കേണ്ടതെന്നും സുപ്രീംകോടതി പറയുന്നു.
ഇപ്പോള്‍, അറസ്റ്റ് കഴിഞ്ഞശേഷം, പ്രോസിക്യൂട്ടര്‍മാര്‍ പറയുന്ന വാദങ്ങള്‍ നോക്കിയാണ് ജാമ്യാപേക്ഷകളില്‍ കോടതികള്‍ കല്‍പ്പിക്കുന്നത്. സിദ്ധാറാം സത്ലിംഗപ്പ കേസിലെ ഖണ്ഡിക 129 പ്രകാരം, അറസ്റ്റിനുള്ള കാരണങ്ങള്‍ കേസ് ഡയറിയില്‍ പ്രതിപാദിച്ചിട്ടുണ്ടോ എന്നുപോലും ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ പരിശോധിച്ചുകാണുന്നില്ല. സിദ്ധാറാം സത്ലിംഗപ്പ കേസിലെ ഖണ്ഡിക 130 മുതല്‍ 132 വരെ പറഞ്ഞത് പ്രധാനപ്പെട്ട കാര്യങ്ങളാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത്, കഴിവും പരിചയവുമുള്ള ജുഡീഷ്യല്‍
ഓഫീസര്‍മാരായിരിക്കണം. മാത്രവുമല്ല, അവര്‍ നല്ല രീതിയില്‍ ജുഡീഷ്യല്‍ പ്രവര്‍ത്തനം നടത്തിയ ആളുകളുമായിരിക്കണം. 131-ാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത്, ഹൈക്കോടതികള്‍ അതിന്റെ ജുഡീഷ്യല്‍ അക്കാദമി മുഖാന്തരം വ്യക്തിസ്വാതന്ത്ര്യത്തെയും സമൂഹ താല്‍പ്പര്യത്തെപ്പറ്റിയും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പൊലീസ് ഓഫീസര്‍മാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുംവേണ്ടി വര്‍ക്ഷോപ്, സിമ്പോസിയം, സെമിനാര്‍, പ്രഭാഷണങ്ങള്‍ എന്നിവ അതത് മേഖലകളിലുള്ള പ്രഗത്ഭ വ്യക്തികളെക്കൊണ്ട് നടത്തിക്കണമെന്നാണ്. 2010 ഡിസംബര്‍ രണ്ടിലെ വിധി സമൂഹത്തില്‍ ചര്‍ച്ചചെയ്യേണ്ടതും അതിനെപ്പറ്റിയുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍നിന്നുതന്നെ ഉണ്ടാകേണ്ടതുമാണ്.
ഇപ്പോള്‍ പല രാഷ്ട്രീയ കൊലപാതക കേസുകളിലും കള്ളക്കേസുകളിലും ധാരാളം ജനങ്ങള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇന്നത്തെ ജുഡീഷ്യല്‍ സംവിധാനത്തില്‍ ഒരു കേസ് കോടതി പരിഗണിച്ച്, അതിന്റെ അവസാന വിധി വരുന്നത് മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കാം. അതുവരെ നിരപരാധികള്‍ ജയിലില്‍ കിടക്കുക എന്നത്, അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ മാത്രമല്ല, ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റംകൂടിയാണ്. കോടതികളില്‍ കേസുകള്‍ വാദിക്കുമ്പോള്‍, പ്രത്യേകിച്ച് ജാമ്യാപേക്ഷകള്‍ വാദിക്കുമ്പോള്‍, സുപ്രീംകോടതി വിധികള്‍ വച്ച് വാദം നടത്തിയാല്‍ പല ജഡ്ജിമാരും അസ്വസ്ഥരാകുന്നു എന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നിലവിലുണ്ട്. അതില്‍ ജഡ്ജിമാരെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു ദിവസം പരിഗണിക്കേണ്ട ജാമ്യാപേക്ഷകളും മറ്റുകേസുകളും നോക്കുമ്പോള്‍, അത്തരം വിശദവാദങ്ങള്‍ കേള്‍ക്കുന്നതിനുള്ള സമയക്കുറവ് അവര്‍ക്കുണ്ടാകാം.
പക്ഷേ, സിദ്ധാറാം സത്ലിംഗപ്പ കേസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസും സര്‍ക്കാരും ചെയ്യേണ്ട കാര്യങ്ങളും അഥവാ അറസ്റ്റ് ചെയ്യുകയാണെങ്കില്‍, കോടതികള്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സര്‍ക്കാരും പൊലീസും ജുഡീഷ്യറിയും സിദ്ധാറാം സത്ലിംഗപ്പ കേസ് മനസ്സില്‍വച്ച് കാര്യങ്ങള്‍ ചെയ്യേണ്ടത് സമൂഹത്തിന്റെ താല്‍പ്പര്യത്തിനും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അത്യാവശ്യമാണ്.
No comments:
Post a Comment